
ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം മാതൃഭൂമി തെങ്ങുകളിലെ മണ്ഡരിരോഗത്തെപ്പറ്റിയാണ് എഡിറ്റോറിയലെഴുതിയത്. മറ്റൊരു പത്രം തുകല്‍ വ്യവസായത്തിന്റെ ഭാവിയെപ്പറ്റിയും. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. പിന്നെന്തു ചെയ്യാനാവുമായിരുന്നു, അനുഭവസമ്പത്തുള്ള ഒരു പത്രത്തിന്? ‘ഇന്ദിര ഫാസിസം ആരംഭിച്ചു’ എന്ന് വെണ്ടയ്ക്ക നിരത്താന്‍ ധൈര്യം കാണിച്ച സമാന്തരപത്രവും അന്നുണ്ടായിരുന്നു എന്നതാണ് ഓര്‍ത്തുനോക്കുമ്പോള്‍ പുളകം തോന്നിക്കുന്ന ഒരു കാര്യം. അതും ചെയ്തു കഴിഞ്ഞ് പ്രസാധകന് ഓടിയ ഓട്ടത്തെക്കുറിച്ചും നിലം തൊടാതെ താണ്ടിയ വഴികളെക്കുറിച്ചും 30 വര്‍ഷങ്ങള്‍ക്കു ശേഷം മാധ്യമം ഫീച്ചറെഴുതുമ്പോള്‍ ആക്ഷന്‍ ത്രില്ലര്‍ കാണുന്ന സുഖമൊക്കെയുണ്ട് ക്ഷുഭിതവും അല്ലാത്തതുമൊക്കെയായിരുന്ന ഇന്നത്തെ മദ്ധ്യവയസ്സുകള്ക്ക്.
പക്ഷേ അത് വേറിട്ട കഥയാണ്. അതു വായിച്ചു പുളകം കൊള്ളുന്നത്, സമരതീക്ഷ്ണമായ ഇന്നലെകളുടെ പൈതൃകത്തിനുള്ള മൈലേജിനെക്കുറിച്ച് തിരിച്ചറിയാവുന്ന മദ്ധ്യവര്‍ഗവും. തീയാളുന്നത് കാണാന്‍ ചന്തമൊക്കെയുണ്ട്, പക്ഷേ അതില്‍ തൊട്ടൊരു കളിയില്ല. ആ ഡാവാണ് മുഖ്യധാരാ പത്രങ്ങള്‍ പയറ്റിയത്. യഥാപ്രജാ തഥാ പത്രസ്ഥാപനം! ‘നാവടക്കലിന്റെ കാലത്തെ ഓര്‍ക്കുമ്പോള്‍ ’ അന്നത്തെ പോരാളികളില്‍ ചിലര്‍ കുത്തകപത്രങ്ങളുടെ പഴയ വാലാട്ടലുകളെ ഓര്‍ത്തുപോകുന്നത് സ്വാഭാവികമെന്നേ പറയാവൂ. പറഞ്ഞുവരുമ്പോള്‍ ഇതു മാസം ജൂണാണ് ! അതുകൊണ്ടുമാത്രമല്ല. നമ്മുടെ തൊട്ടയല്പക്കത്തു നിന്ന് ഇടയ്ക്കിടെ ‘അടിയന്തിരാവസ്ഥ‘ എന്നു കേള്‍ക്കുന്നതു കൊണ്ടുകൂടിയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കൈയേറ്റങ്ങളും ഭീഷണികളും ഏറ്റവുമധികം അനുഭവിച്ചു വന്ന രാജ്യമാണ് നേപ്പാള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ പത്ര സെന്‍സര്‍ഷിപ്പും ഏറ്റവും കൂടുതല്‍ നേപ്പാളിലായിരുന്നെന്ന് വാര്‍ത്തകളുണ്ട്. 15 വര്‍ഷം പഴക്കമുള്ള ജനാദേശ് വാരികയുടെ എഡിറ്റര്‍ കൃഷ്ണസെന്നിനെ സൈന്യം മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ജ്ഞാനേന്ദ്രയുടെ അടിച്ചമര്‍ത്തല്‍ നയം മാത്രമല്ല, അധികാരത്തിലെത്തുന്നതുവരെയുള്ള കാലയളവില്‍ മാവൊയിസ്റ്റുകളും തരം പോലെ പത്രപ്രവര്‍ത്തകരെ വേട്ടയാടി. വാര്‍ത്താവിനിമയ സൌകര്യങ്ങളെ വ്യാപകമായി നശിപ്പിക്കുന്നതില്‍ വല്ലാത്ത ഊര്ജ്ജസ്വലത മാവോയിസ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈനികര്‍ പത്രപ്രവര്‍ത്തകരെ ജയിലിടും. പീഡിപ്പിച്ചു കൊല്ലും. ഒളിപ്പോരാളികള്‍ അവരെ തട്ടിക്കൊണ്ടുപോകും. മരത്തില്‍ കെട്ടിവച്ച് മര്‍ദ്ദിക്കും. നേപ്പാളില്‍ 2005 ഫെബ്രുവരി ഒന്നിന് നിലവിലുണ്ടായിരുന്ന ജനകീയസര്‍ക്കാരിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തിട്ട് ജ്ഞാനേന്ദ്ര ആദ്യം ചെയ്ത കാര്യം മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ നിയന്ത്രണമാണ്. തുടര്‍ന്ന് മണ്ഡരിയ്ക്കു സമാനമായ വാര്‍ത്തകള്‍ കൊണ്ട് അന്ന് ‘റേഡിയോ സാഗര്‍മാത’ പൊലിച്ചു. ഔദ്യോഗിക വാര്‍ത്താവിതരണ മാദ്ധ്യമമാണ് ‘സാഗര്‍മാത’. സംശയമുള്ള മാധ്യമപ്രവര്‍ത്തകരെയൊക്കെ സൈനികര്‍ പൊക്കി. കഠിനമായ ഉപദ്രവങ്ങളാണ് അവര്ക്കേല്ക്കേണ്ടി വന്നത്. നേപ്പാളീസ് ജേണലിസ്റ്റ് ഫെഡറേഷന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും സൈന്യം തടവിലടച്ചു.
പീഡനപര്‍വങ്ങളെ അതിജീവിച്ച് തലയുയര്‍ത്തിപ്പിടിച്ച് നിന്ന കുറച്ച് അച്ചടിമാദ്ധ്യമങ്ങളെങ്കിലുമുണ്ടായിരുന്നു അന്ന്. നേപ്പാളില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രം ‘കാഠ്മണ്ഡു പോസ്റ്റ്’ ദ്വാരമില്ലാത്ത സോക്സുകള്‍ എങ്ങനെ നേപ്പാളിന്റെ അന്തസ്സുയര്ത്തുന്നു എന്നു വിവരിച്ചുകൊണ്ടാണ് ഒരു മുഖപ്രസംഗം എഴുതിയത്. വിഷയം ‘സോക്സും സമൂഹവും’. വൃക്ഷങ്ങള്‍ അങ്ങനെ വെട്ടി നശിപ്പിക്കാന്‍ പാടില്ലെന്ന ആശയസന്ദേശവുമായാണ് നേപ്പാളി ടൈംസ് വാരികയുടെ ഒരു എഡിഷന് അക്കാലത്ത് പുറത്തിറങ്ങിയത്. സെന്‍സര്‍ ചെയ്ത സ്ഥലങ്ങളില്‍ മറ്റൊരു വാര്‍ത്തയും ചേര്‍ക്കാതെ ശൂന്യമായിട്ടിട്ടുകൊണ്ട് ചില പത്രങ്ങള്‍ പുറത്തിറങ്ങി. ചിലര്‍ മുഖപ്രസംഗഭാഗങ്ങള് തന്നെ ശൂന്യമാക്കിയിട്ടു. ഭരണകൂടം അത്ര ബുദ്ധിശൂന്യരല്ലല്ലോ. അവര്‍ പത്രത്തിലെ സ്ഥലങ്ങള്‍ വെളുപ്പിച്ചിടാന്‍ ഇടാന്‍ പാടില്ലെന്ന് ഇണ്ടാസിറക്കി. നേപ്പാളി ടൈംസ് അതിനോട് പ്രതികരിച്ചത്, അലറിക്കരയുന്ന ഒരു കുഞ്ഞിന്റെ പടം കൊടുത്തുകൊണ്ടാണ്. ജനിച്ചത് ഫെബ്രുവരി ഒന്നിന്. “പത്തുദിവസം പ്രായം” എന്ന് അടിക്കുറിപ്പ്. ഒരു പത്രാധിപര്‍ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ സ്ഥാനത്തു നിന്നും തന്റെ പേരു നീക്കി. ‘വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്ന പട്ടാളക്കാരാണ് യഥാര്ത്ഥപ്രസാധകര്. അവര്‍ പേരു തന്നാല്‍ ചേര്‍ക്കാം‘ എന്ന് അവിടെ എഴുതി വയ്ക്കുകയും ചെയ്തു. വെറും സോക്സിനെക്കുറിച്ചല്ലായിരുന്നു പത്രത്തിനു പറയാനുണ്ടായിരുന്നതെന്ന് യാസീന്‍ അശ്റഫ്(മീഡിയാസ്കാന്‍) ദ്വാരം വീണ സോക്സ് നേപ്പാളിന്റെ അന്തസ്സു കെടുത്തുന്ന സ്വേച്ഛാധിപത്യം തന്നെ. കുത്തഴിഞ്ഞുപോയ ഭരണക്രമത്തിനുപയുക്തമായ അന്യാപദേശകം. നേപ്പാളീ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളെ കൂട്ടമായി അറസ്റ്റുചെയ്യുന്നതിനെയാണ് വനശീകരണപ്രവണതയ്ക്കെതിരേ മുഖപ്രസംഗമെഴുതുമ്പോള്‍ നേപ്പാളി ടൈംസ് അര്‍ത്ഥമാക്കിയതെന്നും വരാം. വൃക്ഷം കോണ്‍ഗ്രസ്സിന്റെ ചിഹ്നമാണ്. അങ്ങനെയെങ്കില്‍ ഇവിടത്തെ, മണ്ഡരിയ്ക്കെതിരേയുള്ള എഴുത്തും കട്ടിയുള്ള തോലുകളെക്കുറിച്ചുള്ള എഡിറ്റോറിയലും അത്ര നിരുപദ്രവകരമായിരിക്കാന് സാദ്ധ്യതയില്ലല്ലോ !
“ബഹുകക്ഷിജനാധിപത്യമെന്നത് തന്ത്രപരവും ആശയശാസ്ത്രപരവുമായി വികസിച്ച നിലപാടാണെന്നും ബഹുകക്ഷി ജനാധിപത്യത്തില്‍ ജനാധിപത്യ റിപ്പബ്ലിക് അടങ്ങിയിട്ടുണ്ടെന്നും‘ പറഞ്ഞാണ് നേപ്പാളിലെ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ, നേപ്പാളില്‍ സമാധാനത്തിന്റെ സോഫ്ട് ലാന്‍ഡിംഗ് സാദ്ധ്യമാക്കിയത്. 2006-ല്‍. പത്തുവര്‍ഷത്തെ സായുധസമരത്തിനു ശേഷം, ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറുകളിലൂടെ മാവൊയിസ്റ്റുകള്‍ നയരൂപീകരണത്തിലും അധികാരത്തിലും. രാജാധികാരവും ഉദ്യോഗസ്ഥ അഴിമതിയും സാമൂഹികമായ അസ്ഥിരതയും പ്രക്ഷോഭങ്ങളും കുട്ടിച്ചോറാക്കിയ, 71% ജനങ്ങളും നിത്യദാരിദ്ര്യത്തിലായ ഒരു രാജ്യത്തിന് വീണ്ടും സ്വപ്നം കണ്ടു തുടങ്ങാന്‍ അത്രയും മതി. നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക് പ്രചണ്ഡ പ്രിയങ്കരനാവാനും. (മാദ്ധ്യമങ്ങള്‍ക്കു മാത്രമോ മന്മോഹന് സിംഗിനും പ്രണാബ് മുഖര്‍ജിയ്ക്കും പോലും!) പക്ഷേ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. നേപ്പാള്‍, ഫെഡറല്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ വഴിയ്ക്കാണോ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ വഴിയ്ക്കാണോ ഇപ്പോള്‍? ഭരണഘടനയുടെയും മന്ത്രിസഭയുടെയും അമരത്ത് തങ്ങള്‍ തന്നെ വേണമെന്ന മാവോയിസ്റ്റുകളുടെ കടുംപിടിത്തം സഖ്യകക്ഷികളെ ഒരരുക്കാക്കിയിട്ടുണ്ട്. ഒപ്പം വീണ്ടും ബഹുജനസമരത്തെയും രണ്ടാം ഒക്ടോബര്‍ വിപ്ലവത്തെയും കുറിച്ചുള്ള പ്രചണ്ഡയുടെ മുന്നറിയിപ്പും. എങ്ങനെ പോകും കാര്യങ്ങള്‍?
യഥാര്‍ത്ഥപ്രശ്നം പുഷ്പാ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ, പത്രമാദ്ധ്യമങ്ങള്ക്കെതിരെ വിരല്‍ ചൂണ്ടിയ അന്നു തന്നെ 12 പത്രങ്ങള്‍ പൂട്ടിപ്പോയി എന്നുള്ളതാണ്. 2005 ഫെബ്രുവരി ഒന്നിന്റെ ആവര്‍ത്തനം. രാജഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ഭരണഘടനാ അസംബ്ലിയുടെ സമാപന സമ്മേളനം ‘നാവറുക്കല്‍ കാലത്തിന്‘ വീണ്ടും തുടക്കമിട്ടു എന്നത് യാദൃച്ഛികമാവാന്‍ വഴിയില്ല. വാര്‍ത്ത വന്നത് ജൂണ്‍ ഒന്നിന്. മൂന്നുദിവസത്തിനകം പ്രധാനമന്ത്രി രാജിവച്ചൊഴിയേണ്ടതായിരുന്നു. പുതിയ രാഷ്ട്രതലവനും ഭരണതലവനും അധികാരത്തിലെത്തേണ്ടതായിരുന്നു. ദിവസം പത്തു കഴിഞ്ഞു.
നേപ്പാളില്‍ നിന്ന് ഇപ്പോള്‍ വാര്‍ത്തകളൊന്നുമില്ല.
12 comments:
വിപ്ലവം ഏകാധിപത്യത്തിന്റെ അവസാനവും സമ്മഗ്രാധിപത്യത്തിന്റെ തുടക്കവുമാണെന്ന ചരിത്രം എവിടെയെങ്കിലും തെറ്റിയിട്ടുണ്ടോ മാഷേ... എന്നെങ്കിലും ?
രാജ ഭരണത്തില്‍നിന്നും ജനാധിപത്യത്തിലേക്കുള്ള വഴിയില്‍ ആ ജനത എന്തൊക്കെ സഹിക്കേണ്ടി വരുമോ ആവോ !!!
വാര്‍ത്തകള്‍ ഉണ്ടാകുന്നത് മാത്രമല്ലല്ലോ വാര്‍ത്തകള്‍, ചില സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാകാത്തതും വാര്‍ത്തയാണ്. പ്രചണ്ഡ, വേണു, പിണറായി, ജയരാജന്മാര് ഇവരോന്നും പരിണാമത്തിന്റെ നാള്‍വഴികളില്‍ ഒന്നുമല്ല...ജനാധിപത്യം, സോഷ്യലിസം, വിപ്ലവം, ബാലറ്റ് മണ്ണാങ്കട്ട..
ആ “നീലപെന്‍സില്‍” ഇപ്പോള്‍ ആരുടെ കയ്യിലാണ്?
കൂട്ടക്കുരുതികള്‍ നടക്കുമ്പോള്‍, ചരിത്രസ്മാരകങ്ങള്‍ തകര്‍ന്നുവീഴുമ്പോള്‍ പനിയും,വിറയലും,ഛര്‍ദ്ദിലും വരുന്ന ആ “കിഴവന് എഡിറ്റര്‍“ ഇപ്പോള്‍ എവിടെയാണ്?
മാസ്സൈക്കിയുടെ മാസ്മരികതയിലും, അധികാരഗര്‍വ്വിനാല്‍ ഓച്ചാനിക്കുന്ന ശീതളിമയിലും അഭിരമിക്കാത്ത “ബയണറ്റുകളേക്കാള്‍ മൂര്‍ച്ചയുള്ള” ഫോര്‍ത്ത് എസ്റ്റേറ്റ് എവിടെ?
ഓഫ്.ടോ
ഇതുമായി ബന്ധം ഇല്ലെങ്കിലും സമാനമായ ഒന്ന് ഇവിടെ പറഞ്ഞിരുന്നു
ഓടോ.
തിരുത്തിന് മുകളില്‍ നിന്നുള്ള സെന്ഷറിംഗും ആയി ബന്ധം ഇല്ലല്ലോ ഡിങ്കാ? അതായിരുന്നില്ലേ വെള്ളെഴുത്തിന്റെ പോയിന്റ്?
ഒരുപക്ഷെ പൌരാവകാശം എന്നാല്‍ കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിനു പുറത്തുമാത്രം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണെന്ന ഇടതുപക്ഷ ജാഗ്രതയും. അത് വെള്ളെഴുത്ത് ഉദ്ദേശിച്ചില്ലെങ്കില്‍ പോലും.
ഗുപ്താ,
വളച്ചൊടിക്കാതെയും, തമസ്ക്കരിക്കാതെയും വാര്‍ത്തകള്‍ നല്കുന്ന ഒരു സിംബലായാണ് നീല പെന്‍സിലിനെയും, കിളവന് എഡിറ്ററെയും ഇവിടെ പറഞ്ഞത്. അല്ലാതെ കഥാ സന്ദര്ഭത്തൊട് താദാത്മ്യം പ്രാപിക്കുന്ന ഒന്നല്ല വെള്ളെഴുത്ത് പറഞ്ഞതെന്ന് ഏവര്‍ക്കും അറിയാം.
പൌരന് ശരിയായ ഗൂഗിള്‍ സെര്‍ച്ചിന് പോലും വിലക്കുള്ള “മധുരമനോഹരമനോജ്ഞ രാജ്യങ്ങളും” അയല്‍ക്കാരായി നിലവിലുണ്ടെന്ന് മറന്നിട്ടുമല്ല ആ നീല പെന്സിലിനെ കൊണ്ട് കുത്തിവരച്ചത് :)
ഒരു ജനതയുടെ സ്വാതന്ത്ര്യബോധം, ചില യാഥാസ്ഥിതികചുറ്റുപാടുകളില് ഉത്കര്ഷേഛുക്കളും ധീരകളുമായ ചില മഹതികള്‍ പ്രകടിപ്പിച്ച സ്വാതന്ത്ര്യബോധമ്പോലെ, അപകടസാദ്ധ്യതയുള്ളതാണ്. ധീരകളെ പിഴപ്പിക്കാനും ‘കൂട്ടിക്കൊടുക്കാനും’ ശ്രമിക്കുന്നവര്‍ ധാരാളം.
നേപ്പാളിനെ ചീനക്കു കൂട്ടിക്കൊടുക്കാന്‍ വന്നവനാണു പ്രചണ്ഡയെന്നു ലോകം മനസ്സിലാക്കുമ്പോള്‍ ഇന്ത്യകാരെന്തു പഠിക്കുമാവോ? പ്രചണ്ഡയും പ്രകാഷും തമ്മിലുള്ള വ്യത്യാസം മാറ്ഗത്തില് മാത്രമാണെന്നു ഇന്നു വിളിച്ചുപറയുന്നവരെ യാഥസ്ഥിതികപിന്തിരിപ്പന്മാരെന്നു മുദ്രകുത്തുന്നതില്‍ ആരും അപാകത കാണുന്നില്ലല്ലോ!
ഇതില്‍നിന്നു നേപ്പാള്‍ പഠിക്കുന്ന പാഠവും ശരിയാകണമെന്നില്ല;കാഫിരിനെ സ്നേഹിക്കാന്‍ റജീന കാണിച്ച ചങ്കൂറ്റത്തെ അഭിസാരികാത്വത്തിലേക്കുള്ള ഒന്നാമത്തെ പടിയായി അവതരിപ്പിക്കുക എന്നതു മതമൌലികവാദിയുടെ ആവശ്യംകൂടിയായിരുന്നു.അവളെ സമൂഹം ഒറ്റപ്പെടുത്തിയപ്പോള്‍, ദാരിദ്ര്യത്തിന്റെ കയത്തിലേക്കെടുത്തെറിഞ്ഞപ്പോള്, സെകുലര്‍ വേഷം കെട്ടിയ പുലികളെ അവിടേക്കു പറഞ്ഞയച്ചതും അവറ്തന്നെയായിരുന്നുവല്ലോ.
കമ്മൂണിസ്റ്റു പാറ്ടിയുടെ അഖിലേന്ത്യാ നേതൃത്വം ചീനയുടെ ചാരന്മാരാണെന്നറിഞ്ഞാലും വിശേഷിച്ചൊരു ഭാവഭേദവും ഉണ്ടാവാത്ത നിലയിലേക്കു ശുദ്ധഗതിക്കാരായ വോട്ടര്‍മാരെ മാറ്റിയെടുക്കുക എന്ന ഒരു ഭാരിച്ച പണി ഇന്ത്യയിലെ ഇടതുമാധ്യമങ്ങള്ക്കു ചെയ്തുതീര്ക്കാന് പറ്റുമെന്നു തോന്നുന്നില്ല- സമയം അത്രയില്ലിനി.
നേപ്പാളിലെ സോഷ്യോ പൊളിറ്റിക്കല്‍ & എക്കണോമിക്കല്‍ മാറ്റത്തിന്റെ സമയത്ത് കുറച്ച് പത്രങ്ങള്‍ പൂട്ടിയിട്ടുണ്ടെങ്കില്‍ അതിനു ടോട്ടല്‍ പിക്ചറില്‍ ചെറിയ ഇമ്പോര്‍ട്ടന്‍സേ ഉള്ളൂ. രാജഭരണം മാറി ഒരു ജനകീയ സര്‍ക്കാര്‍ വരുമ്പോഴുണ്ടാകുന്ന ടീത്തിങ്ങ് പ്രോബ്ലംസ്. കേവലഭൂരിപക്ഷം പോലും കിട്ടിയിട്ടില്ലാത്ത, ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് മാവോയിസ്റ്റുകള്‍. അത് മനസ്സിലാക്കാതെ കോട്ടബിള്‍ കോട്ട്സ് കമന്റാക്കി സമഗ്രാധിപത്യമെന്ന് പരോക്ഷമായി വിമര്‍ശിച്ച സുഹൃത്തിനോട് സഹതാപമുണ്ട്. ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ നേപ്പാളില്‍ നിര്‍ത്തിയിട്ടുള്ളത് രാജാ ബ്രില്യന്റ് ബോയ്, മാവോയിസ്റ്റ്സ് ആര് ഡെര്‍ട്ടി എന്ന മട്ടില്‍ വിലപിച്ച് കലാപമുണ്ടാക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് പ്രാമുഖ്യമുള്ള ടെറൈ പ്രദേശങ്ങളിലാണ്.
"ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ നേപ്പാളില്‍ നിര്‍ത്തിയിട്ടുള്ളത് രാജാ ബ്രില്യന്റ് ബോയ്, മാവോയിസ്റ്റ്സ് ആര് ഡെര്‍ട്ടി എന്ന മട്ടില്‍ വിലപിച്ച് കലാപമുണ്ടാക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് പ്രാമുഖ്യമുള്ള ടെറൈ പ്രദേശങ്ങളിലാണ്.."
ഹഹഹ അതിന്റെ പേരന്നെ ജനാധിപത്യം..
ഇതു പറയാന്‍ എന്തിനാമാഷീ അനോണിമുഖം.. ചെറിയ ലജ്ജയുണ്ട് അല്ലേ യൂസര്‍നെയിം പുറത്തുകാണിക്കാന്‍ :)
ജി.പി.കൊയ് രാളയെ പ്രസിഡണ്ടാക്കുന്നതില്‍ മാവോയിസ്റ്റുകള്‍ക്കുള്ള എതിര്‍പ്പും,പ്രസിഡണ്ടാവാനുള്ള കൊയ് രാളയുടെ മോഹവുമായിരിക്കും ഭരണമാറ്റം വൈകിക്കുന്നത്. ജി.പിക്ക് പ്രായമേറിയെന്നും അയാളുടെ ആരോഗ്യസ്ഥിതി മാനിച്ചാണ് പ്രസിഡണ്ടാക്കാന്‍ വിയോജിപ്പുള്ളതെന്നും പ്രചണ്ട പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍ പൂര്‍ണ്ണാരോഗ്യവാനാണെന്നും പറഞ്ഞ് ജി.പി വന്‍ ജനാവലിക്കു മുന്നില്‍ പ്രസംഗിക്കുന്നത് ടി.വിയില്‍ കണ്ടിരുന്നു.നേപ്പാളി കോണ്‍ഗ്രസ്സിനും രാജാവിനും ചൈനയോടുണ്ടായിരുന്നത്ര ബന്ധം മാവോയിസ്റ്റുകള്ക്കില്ലെന്നാണ് ഒരു നേപ്പാളി സുഹൃത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.
വായിച്ചു.
കുറച്ചുകൂടി കാത്തിരുന്നു കാണാം. അത്ര വലിയ പ്രതീക്ഷയൊന്നും വെക്കേണ്ടതില്ല എന്നു തോന്നുന്നു. ജനായത്ത ഭരണമാണെങ്കില്പ്പോലും, അതിന്റെ വ്യാകരണവും അത്ര എളുപ്പമുള്ളതാകാന്‍ സാദ്ധ്യതയില്ലല്ലോ. ഭരണത്തിന്റെ വ്യാകരണം ഒളിപ്പോരിന്റേതില്നിന്നും വ്യത്യാസമാകാതിരിക്കാന് സാദ്ധ്യതയുമില്ല.
ഗുപ്തന്, ജനായത്തഭരണവും സമഗ്രാധിപത്യവും തമ്മില്‍ വേഴ്ചയായതും അറിഞ്ഞിട്ടില്ല അല്ലേ? അത് ഗുപ്തം.
അഭിവാദ്യങ്ങളോടെ
Dear frindz
I think it’s a good movement in Nepal. May be they will face many huddles between their movement to pure democratic path.
Almost every world countries face this problem on their democratic path.
Post a Comment