November 23, 2007

ബ്രാഹ്മണനാകാന്‍...


മീനാകന്തസാമിയുടെ തമിഴ് /ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം

ബ്രാഹ്മണനാകാന്‍...
-മീനാകന്തസാമി

ശൂദ്രന് ബ്രാഹ്മണനാകാനുള്ള നടപടി ക്രമങ്ങള്‍

തുടക്കം
നടപടി 1: സുന്ദരിയായ ശൂദ്ര പെണ്‍കുട്ടിയെ തെരെഞ്ഞെടുക്കുക
നടപടി 2: അവളെ ഒരു ബ്രാഹ്മണന് വിവാഹം ചെയ്തു കൊടുക്കുക
നടപടി 3: അയാളുടെ പെണ്‍കുട്ടിയെ പ്രസവിക്കാനുള്ള സൌകര്യം അവള്‍ക്ക് നല്‍കുക
നടപടി 4: ഈ പെണ്‍കുട്ടി ബ്രാഹ്മണനെ വിവാഹം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക
നടപടി 5: മൂന്നും നാലും നടപടികള്‍ ആറു പ്രാവശ്യം ആവര്‍ത്തിക്കുക
നടപടി 6: അവസാന ഉത്പന്നം പ്രദര്‍ശിപ്പിക്കുക. അത് ഒരു ബ്രാഹ്മണശിശു ആയിരിക്കും.
ശുഭം

രാഷ്ട്ര പിതാവ് തിരുപൂരില്‍ വച്ച് ഉപദേശിച്ച ഈ നടപടിക്രമങ്ങള്‍ 20-09-1947-ല്‍ പെരിയാര്‍
വിവരിച്ചതിന്‍ പ്രകാരം.

ഒരു പരിയയെ ബ്രാഹ്മണനാക്കാനുള്ള നടപടിക്രമങ്ങള്‍.

.............................................മറ്റൊരു രാഷ്ട്രപിതാവിനെ കാത്തിരിക്കുകയാണ്, അതു പൂര്‍ത്തിയാക്കാന്‍...

മുന്‍‌കൂട്ടി സൂചിപ്പിക്കാതെയുള്ള ഈ കാലതാമസം കൊണ്ടുണ്ടായ അസൌകര്യത്തില്‍
ആത്മാര്‍ത്ഥമായി ഖേദിക്കുന്നു.


മീനാകന്തസാമി (ജനനം 1984-ല്‍), കവിയും നോവലിസ്റ്റും വിവര്‍ത്തകയുമാണ്. ഇപ്പോള്‍ ചെന്നൈയില്‍ താമസം. കവിതാപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യ പുസ്തകം ‘സ്പര്‍ശം‘ (Touch) 2006-ല്‍ പ്രസിദ്ധീകരിച്ചു. “ദളിത്” ദ്വൈമാസികയുടെ എഡിറ്ററായിരുന്നു.

10 comments:

ദിലീപ് വിശ്വനാഥ് said...

ഈ പരിചയപ്പെടുത്തലിനു നന്ദി.

അങ്കിള്‍ said...

:)

ടി.പി.വിനോദ് said...

നന്നായി ഈ വിവര്‍ത്തനം..
ഒരു പരാതിയുണ്ട് :) ‘Algorithm’ എന്ന വാക്ക് ‘നടപടി ക്രമങ്ങള്‍’ എന്നായപ്പോള്‍ എന്തോ ചിലത് ചോര്‍ന്നുപോയ പോലെ. ഒരു പക്ഷേ നമുക്ക് മലയാളത്തില്‍ അതിനൊരു നല്ല സബ്‌സ്റ്റിട്യൂട്ട് ഇല്ലായിരിക്കും അല്ലേ ?

യാരിദ്‌|~|Yarid said...

ബ്രാഹ്മണനായാല്‍ പിന്നെ എല്ലാം തികഞ്ഞു...ഇനിയെന്തൊ വേണം ആനന്ദ നിര്‍വൃതിക്ക്...

നിര്‍മ്മല said...

“രാഷ്ട്ര പിതാവ് തിരുപൂരില്‍ വച്ച് ഉപദേശിച്ച ഈ നടപടിക്രമങ്ങള്‍ 20-09-1947-ല്‍ പെരിയാര്‍
വിവരിച്ചതിന്‍ പ്രകാരം.
ഒരു പരിയയെ ബ്രാഹ്മണനാക്കാനുള്ള നടപടിക്രമങ്ങള്‍.“
ഇതൊന്നും വിശദീകരിക്കാമൊ? സൂചിത കഥ ? (അറിവുകേടു ക്ഷമിക്കുക)
ലാപുടയോടു യോചിക്കുന്നു, പുതിയ വാക്കുകള്‍ നമുക്കത്യാവശ്യമാണ്. സ്രഷ്ടിച്ചു നോക്കുക കുട്ടികളെ.

നല്ല തൂണുകല്‍ വെള്ളെഴുത്ത്. ഇപ്പോഴാണു വായിക്കുന്നത്. ഇനിയും ഈ വഴി തീര്‍ച്ചയായും വരും.

വെള്ളെഴുത്ത് said...

ലാപുടാ, നിര്‍മ്മല...
കുറേ ആലോചിച്ചു മാറ്റിവച്ചതാണ് ഏതെങ്കിലും കമ്പ്യൂട്ടറ് വിദഗ്ദനോട് ചോദിച്ചു നോക്കാമെന്നു വിചാരിച്ചു അല്‍ഗോരിതം.. പിന്നെ വിവര്‍ത്തനം വായനയുടെ മറ്റൊരു പങ്കായതുകൊണ്ട് മനസ്സ് എങ്ങനെ വിവര്‍ത്തനം ചെയ്തെടുക്കുന്നു എന്നു നോക്കിയാല്‍ മതിയെന്നു വച്ചു..അതിങ്ങനെയാണ് ഞാനിതുവരെ വായിച്ചത് എന്നാണ് നടപടി എന്നതിനര്‍ത്ഥം..പുതിയവാക്കുകളുണ്ടാക്കുക വിവര്‍ത്തനധര്‍മ്മമാ‍ണെന്നു വിചാരിക്കണ്ട..സ്വന്തം ഭാഷയില്‍‍ പോലും ഇങ്ങനെയൊരു അംശമുണ്ട്..ഏതുവാക്ക് പകരം വച്ചു നമ്മള്‍ അതു വായിച്ചെടുത്തു എന്ന്...പകരം ഒരാള്‍ ഒരു വാക്ക് നിര്‍ദ്ദേശിക്കും വരെ അതു സാധുവാണ്.
വഴിപോക്കന്‍
തമിഴ് ദളിത് സ്വത്വസംബന്ധിയായി തീവ്രവാദം എന്നു പറയാവുന്നതരത്തില്‍ കവിതകള്‍ എഴുതുന്നയാളിന്റെ വരികളിലും അര്‍ത്ഥം നേരെ വിപരീതമാവുന്നതെന്ത്..? താങ്കള്‍ പറഞ്ഞത് ശരിയാണ് ഈ കവിതയ്ക്ക് നമ്മുടെ കോണ്ടക്സ്റ്റില്‍ താങ്കള്‍ പറയുന്ന അര്‍ത്ഥമുണ്ട്. ഒരു പദത്തിന് പൊതുബോധം നിശ്ചയിച്ചു വച്ചിരിക്കുന്ന അ‍ത്ഥത്തില്‍ നിന്ന്, കവിതയിലെങ്കിലും മോചനമില്ലേ?

രാജേഷ് ആർ. വർമ്മ said...

ഈ കവിതയ്ക്ക്‌ ആസ്പദമായി പറയപ്പെടുന്ന സംഭവം നടന്നതാണോ? അതോ കല്‍പിതമോ? ഗാന്ധിജിയ്ക്ക്‌ ഇത്തരത്തില്‍ ഒരഭിപ്രായമുണ്ടായിരുന്നെങ്കില്‍ അതു പെരിയാറുമായി നടന്ന ഒരൊറ്റ സംഭാഷണത്തിനു പുറമേ മറ്റവസരങ്ങളിലും പുറത്തുവന്നിരിക്കണമല്ലോ? അദ്ദേഹത്തിന്റെ ഏതെങ്കിലും കൃതികളില്‍ ഇതേ നിര്‍ദ്ദേശക്രമം രേഖപ്പെടുത്തിയതായി വായിച്ചിട്ടുള്ളവരുണ്ടെങ്കില്‍ അറിയാന്‍ താത്‌പര്യമുണ്ട്‌.

pariah എന്ന വാക്കു പറയനില്‍ നിന്നുണ്ടായതല്ലേ? അതങ്ങനെ തന്നെ പരിഭാഷപ്പെടുത്താന്‍ കഴിയില്ലേ?

വെള്ളെഴുത്ത് said...

സംഭവം നടന്നതായിരിക്കാനാണ് സാദ്ധ്യത. കൂടുതല്‍ അറിവുള്ളവര്‍ പറയട്ടെ എന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഗാന്ധിജിയും പെരിയോരും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും സംവാദങ്ങളും വള്ളുവര്‍ പബ്ലീഷിംഗ് ഹൌസ് ഭവാനി 1948-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലൊരു അഭിമുഖം മലയാളത്തിലും വന്നിട്ടുണ്ട് “1927-ലെ പെരിയാര്‍-ഗാന്ധി സന്ദര്‍ശനം’ അതില്‍ ബ്രാഹ്മണരെല്ലാം കള്ളന്മാരാണെന്നാണ് പെരിയാറിന്റെ അഭിപ്രായം. ഗാന്ധി തനിക്കറിയാവുന്ന ‘ഗോപാലകൃഷ്ണ ഗോഖലേ‘ ഉത്തമനാണെന്നു പറഞ്ഞപ്പോള്‍, മഹാത്മാവായ താങ്കള്‍ക്കു പോലും കണ്ടെത്താന്‍ കഴിഞ്ഞത് ആകെയൊരു ബ്രാഹ്മണനെയാണെന്നു പറഞ്ഞു മടക്കുന്നുണ്ട്.പെരിയോര്‍ വൈക്കം സത്യാഗ്രഹത്തിന് തമിഴ്നാട്ടില്‍ നിന്നും ജാഥ നയിച്ചെത്തിയിരുന്നു, വഴിയില്‍ കണ്ട എല്ലാ കല്ലു വിഗ്രഹങ്ങളെയും ചെരിപ്പുകൊണ്ട് അടിച്ചായിരുന്നു യാത്ര.
ഇനി സംഭവത്തിന്റെ നിജസ്ഥിതിയെപ്പറ്റി (അത് മറ്റൊരു സ്ഥലത്ത്, കുറച്ച് മുന്‍പ് സംഭവിച്ചതാകയാല്‍ എഴുത്തുകാരിയോടു തന്നെ ചോദിക്കാം. മീനയ്ക്ക് പച്ചമുളക് (green chilli)എന്ന പേരില്‍ ബ്ലോഗുണ്ട്.
http://meenu.wordpress.com/ നോക്കുക

Pramod.KM said...

നല്ല പരിഭാഷ:)
ഓര്‍മ്മ ശരിയാണെങ്കില്‍ ‘അഥര്‍വ്വം’ എന്ന സിനിമയില്‍ 6-ആമത്തെ തലമുറയിലേ, ശൂദ്രന് ബ്രാഹ്മണനാകാന്‍ പറ്റൂ എന്ന തരത്തില്‍ ബ്രാഹ്മണന് ശൂദ്രസ്ത്രീയില്‍ പിറന്ന,മമ്മൂട്ടിയുടെ കഥാപാത്രത്തോട് ചിലര്‍ പറയുന്നതായി ഓര്‍ക്കുന്നുണ്ട്.

Sandeep PM said...

ഈ സ്ഥിതിവിശേഷം മാറി വന്നിരിക്കുന്നു ..ഇപ്പോള്‍ ഒരു ശൂദ്രനും ബ്രാഹ്മണനാകാന്‍ ആഗ്രഹിക്കില്ല. പണമാണ്‌ ജാതിയേക്കാള്‍ വല്ലുത്‌ എന്ന് അറിഞ്ഞു കഴിഞ്ഞു ജനം.