October 15, 2007

ആലിബാബയും നാല്‍പ്പതുകള്ളന്മാരും പിന്നെ ഗണപതിയും

കൊച്ചിയിലെ മഴവില്ല് എന്ന കുട്ടികളുടെ നാടകസംഘം, ഈദ് ദിവസമായ ഒക്ടോബര്‍ 13-ന് തിരുവനന്തപുരത്ത് സൂര്യാ നാടകോത്സവത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടകമാണ്, ‘ആലിബാബയും നാല്പതു കള്ളന്മാരും’. ചന്ദ്രശേഖരകമ്പരുടെ നാടകം മലയാളത്തിലാക്കിയതും സംവിധാനം ചെയ്തതും വിവിധഭാഷകളിലായി മുപ്പതിലധികം നാടകങ്ങള്‍ ചെയ്ത് കൃതഹസ്തനായ ചന്ദ്രപ്രകാശാണ്. വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന നാല്‍പ്പതോളം കുഞ്ഞുകുട്ടികള്‍, അവരുടെ നിറപ്പകിട്ടാര്‍ന്ന വേഷവിതാനങ്ങള്‍, കുട്ടികള്‍ക്ക് സഹജമായ ഓജസ്സും വഴക്കവും, ഓടക്കുഴല്‍, ഡ്രം, എന്നീ വാദ്യോപകരണങ്ങളും ശാസ്ത്രീയവും നാടനും കൂടിക്കലര്‍ന്ന പശ്ചാത്തല സംഗീതം. ഒപ്പം കൊച്ചു വാകളിലെ വലിയ വര്‍ത്തമാനങ്ങള്‍. ഇത്രയും മതി സ്റ്റേജുമാത്രമല്ല കാണികളുടെ കണ്ണും കരളും നിറയാന്‍. പിന്നെ, പാട്ടു പാടുന്ന കഴുതകള്‍. പ്രത്യേകിച്ച് ‘ചെട്ടിക്കുളങ്ങര ഭരണി നാളില്‍‘ പാടുന്ന ആ കുഞ്ഞു പെണ്‍ക്കഴുത. ഗുഹയില്‍ വച്ച് മന്ത്രം മറന്നു പോകുന്ന ആലിബാബയുടെ സഹോദരന്‍ കാസിം ‘സീസേം’ എന്നതിനു പകരം നമ്മെ ചിരിപ്പിച്ചു തല തല്ലിക്കുന്ന പലതും പറഞ്ഞു നോക്കുന്നുണ്ട്. ഒടുവില്‍ ‘സുനാമി‘ വരെ. അങ്ങനെ കാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു തീവണ്ടി പോലെ കമ്പിനു കമ്പിനു ഡയലോഗുകള്‍ ഏതറ്റം വരെ പോയി വന്ന് വര്‍ത്തമാനകാലത്തില്‍ തൊട്ടിട്ട് തിരിച്ചോടുന്നു ! പക്ഷേ ആലോചിക്കാനുള്ളത് മറ്റൊരു കാര്യമാണ്. അതു തന്നെ. ശീര്‍ഷകത്തില്‍ പറഞ്ഞ ആ ഗണപതി.

ഒരു പാത്രത്തില്‍ സംവിധായകന്‍ നല്‍കിയ കുറച്ചു ലഡ്ഡുക്കളും ഗണപതിയുടെ മുഖം മൂടിയുമായി വളരെ മെലിഞ്ഞ ഒരു കുട്ടിയാണ് ആദ്യം വേദിയിലെത്തുന്നത്. നാടകം വിഘ്നം കൂടാതെ അവസാനിക്കാന്‍ സംവിധായകന്റെ ഏര്‍പ്പാടാണിതിക്കെ എന്ന് ‘അദ്ദേഹം‘ പറയുന്നു. ലഡ്ഡു നാടകം കളിക്കുന്ന കുട്ടികള്‍ക്ക് വന്ന് നേദിക്കാനുള്ളതാണ്. നാടകം കഴിഞ്ഞ് കുട്ടികളെല്ലാവരുമായി അതു പങ്കിട്ടെടുക്കണം. അത് കൊള്ളാവുന്ന നയമായി ‘ഗണപതിയ്ക്ക്’ തോന്നുന്നില്ല’ അതുകൊണ്ട് ലഡ്ഡുക്കളെല്ലാമെടുത്ത് അദ്ദേഹം ബനിയനുള്ളില്‍ ഒളിപ്പിച്ചു. പാട്ടുകാര സംഘം വന്നപ്പോള്‍ ലഡ്ഡുകാണാനില്ല. കൂട്ടത്തിലുള്ള പലരെയും സംശയിച്ചു. പക്ഷേ ലഡ്ഡു കിട്ടിയില്ല. പിന്നീട് കള്ളന്മാരുടെ നേതാവാണ് ഗണപതിയെ പിടിച്ചു കുലുക്കി ലഡ്ഡുവെല്ലാം പുറത്തെടുത്തത്. അയാള്‍ ഒരു കള്ളനെ തന്റെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. അങ്ങനെ ഗണപതി കള്ളന്മാരുടെ കൂട്ടത്തിലെത്തുന്നു.

ആയിരത്തിയൊന്ന് രാവുകളിലെ പ്രസിദ്ധമായ കഥ. കഥ നടക്കുന്നത് അറബിനാട്ടില്‍, ഇസ്ലാമിക സമൂഹത്തില്‍. പരമകാരുണികനായ അല്ലാഹു വിചാരിച്ചാല്‍ ഈ ലോകത്തില്‍ അസാദ്ധ്യമായി ഒന്നുമില്ലെന്ന സന്ദേശം നല്‍കുന്ന കഥയില്‍ ഗണപതിയുടെ പങ്കെന്താണ്? കുട്ടികളുടെ ഗായകസംഘം ആദ്യം തന്നെ അതിനു മറുപടി പറയുന്നുണ്ട്. “നിങ്ങള്‍ ഇങ്ങനെ വിവാദങ്ങളുമായി വരും എന്നു ഞങ്ങള്‍ക്കറിയാം. നിങ്ങടെ വായടയ്ക്കാന്‍ തന്നെയാണ് ഈ പദ്ധതി.” കുട്ടികല്‍ക്കു വേണ്ടിയാവണം ചില മാറ്റങ്ങള്‍ കഥയില്‍ വരുത്തിയിട്ടുണ്ട്. കാസിം കൊല്ലപ്പെടുന്നില്ല ഇവിടെ. മൃതപ്രായനാവുന്നതേയുള്ളൂ. അയാലെ രക്ഷിച്ചുകൊണ്ട് വന്നിട്ട് ചികിത്സിക്കാനാണ് ‘മാര്‍ജാന’ വൈദ്യനെ കണ്ണുകെട്ടി വീട്ടില്‍ കൊണ്ടു വരുന്നത്. മാര്‍ജാന - ആലിബാബയുടെ ആ അടിമപ്പെണ്ണ് ഇതില്‍ ഒരു മന്ത്രി കുമാരിയാണ്. അവള്‍ കാസിമിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയാണ്. അവളുടെ അച്ഛനെ തസ്കര നേതാവാണ് കൊന്നത്. അത് അവളുടെ ദുരന്തം. കള്ളന്മാരുടെ കൂടെ കൂടിയ ഗണപതി ‘ആലിബാബയുടെ അടിമപ്പെണ്ണ് ‘മാര്‍ജാന’യുടെ മുന്നില്‍ ഗണപതിയായി തന്നെ പ്രത്യക്ഷപ്പെടുന്നത് എണ്ണഭരണിയ്ക്കുള്ളില്‍ നിന്നാണ്. നല്ലമനുഷ്യരെ രക്ഷിക്കാന്‍ ദൈവം എപ്പോഴും എത്തുന്ന കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. ‘ഇവിടെയിരിക്കുന്ന എണ്ണഭരണികളില്‍ ഒന്നില്‍ മാത്രമേയുള്ളൂ എണ്ണ, മറ്റേതിലെല്ലാം കള്ളന്മാരാണ്. ഇനി എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. എണ്ണ തിളപ്പിച്ച് മാര്‍ജാന ഓരോ ഭരണികളിലായൊഴിച്ച് കള്ളന്മാരെ കൊല്ലുമ്പോള്‍ അവരുടെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാനായി ചെണ്ട കൊട്ടി ഒച്ച വയ്ക്കുന്നതും ഗണപതിയാണ്. ആലിബാബ്യെയും കുടുംബത്തെയും മാത്രമല്ല, മാര്‍ജാനയുടെ അച്ഛനെക്കൊന്ന് അവളെ അനാഥയാക്കിയവനെ മുച്ചൂടും നശിപ്പിക്കാനും നിമിത്തമാകുന്നത് ഈ ഗണപതിഭഗവനാണ്. അങ്ങനെ കൃത്യസമയത്ത് ഇടപെട്ടുകൊണ്ട് നല്ലവരായ മനുഷ്യരെ ദൈവം രക്ഷിക്കുന്നു. ഭരതവാക്യം ഗണപതിയുടെ വകയാണ്. “കള്ളന്മാരെ ദൈവം ശിക്ഷിക്കുകതന്നെ ചെയ്യും“ അദ്ദേഹം പറയുന്നു - “എന്നാല്‍ ലഡ്ഡു കക്കുന്നവര്‍ക്ക് ചില കണ്‍‌സിഷനൊക്കെയുണ്ട്”.

അഷ്ടിയ്ക്കു വകയില്ലാത്തവനും നല്ലവനുമായ ആലിബാബയ്ക്ക് വിലപ്പെട്ട സമ്പാദ്യം നല്‍കുന്നത് അല്ലാഹുവാണ്. ഏര്‍പ്പെടുന്ന വിഘ്നങ്ങളെ നീക്കിക്കൊടുക്കുന്നത് ഗണപതിയും. സ്റ്റേജില്‍ രണ്ടു വശത്തായി ‘വാങ്കും‘ ഗണപതിസ്തുതിയും നടത്തി ദൈവാരാധനയെ സമന്വയിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. അരൂപിയായ ഈശ്വരന്റെ പ്രത്യക്ഷത എന്ന നിലയ്ക്കാണോ ഗണപതി? കഥയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയ്ക്കുള്ള കല്പനകള്‍? (നാടകക്കാരുടേതാണ് ഗണപതി പൂജ, കഥയിലെ പാത്രങ്ങളുടെ അനുഗ്രഹദാതാവ് അല്ലാഹുവും) സാസ്കാരിക പഠനരീതിയനുസരിച്ച് തര്‍ക്കിക്കാന്‍ ഇനി കാര്യങ്ങള്‍ ഏറെയാണ്. ഏകദൈവ വിശ്വാസത്തെയും ബഹുദൈവ വിശ്വാസത്തെയും കൂട്ടിയിണക്കുന്നതിലുള്ള വൈരുദ്ധ്യാത്മക ആത്മീയവാദത്തെ നമുക്ക് നീക്കി നിര്‍ത്താം. കുട്ടികളാടുന്ന ഊഞ്ഞാലിന് യുക്തിയുടെ കയറെന്തിന്? അതിലിരുന്നാടാന്‍ നമുക്ക് തത്ത്വ വിചാരങ്ങളുടെ പലകയെന്തിന്?

2 comments:

സു | Su said...

കുട്ടികളിരിക്കുന്ന ഊഞ്ഞാല്‍ ആട്ടുന്നവര്‍, വലിയവര്‍. അവര്‍ക്ക്, യുക്തിയും, തത്വചിന്തയും ഒക്കെ വേണം.

സഹയാത്രികന്‍ said...

മാഷേ... :)

ഓ : ടോ : എന്റടുത്ത് ഒരു ചോദ്യം ചോദിച്ചിരുന്നൂലോ...
ഇനി ഇവിടെ കസ്റ്റമൈസില്‍ പോയി ടെമ്പ്ലേറ്റ് page elements ല്‍
ഹെഡറില്‍ എഡിറ്റ് എന്ന ഭാഗത്തു ചെന്ന് ഈ ചിത്രം അങ്ങ് കാണിച്ചു കൊടുക്കാ... എന്നിട്ട് ' Instead of tiltle & Description' എന്നതും ക്ലിക്കി ഇടാ... അപ്പോ തലക്കെട്ട് വരും... ഈ ടെംബ്ലേറ്റ് ഓട്ടോ അഡ്ജസറ്റ് ആയോണ്ട് തലക്കെട്ട് ഒരു സൈഡിലേ നില്‍ക്കു...

ഇനി എന്തേലും ഉണ്ട്ച്ചാല്‍ ഒരു മെയിലയച്ചാല്‍ മതി... sahayatrikan@yahoo.co.in.