June 8, 2010

നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*


ആരോ വാതിലിൽ മുട്ടി
‘ആരാണത്?’ അവൾ ചോദിച്ചു
‘ഇത് ഞാൻ തന്നെ’ അവൻ പറഞ്ഞു
‘സമയമായില്ല’ അവൾ അറിയിച്ചു.
കാലത്തിന്റെ ചിറകിൽ പറന്ന് പറന്ന് അവൻ വീണ്ടും വന്നു
‘ആരാണത്?’ അവൾ ചോദിച്ചു
‘ഇതു നീ തന്നെ’ അവൻ പറഞ്ഞു.
അവൾ പറഞ്ഞു, ‘വരൂ’.

- സൂഫി കവിത

സെലിനെ യാത്രയാക്കിയ ശേഷം അവരിരുവരും - ജൂലി ഡെല്പിയുടെ സെലിനും ഏതാൻ ഹാക്കിന്റെ ജെസ്സി എന്ന ജെയിംസും - തലേന്ന് രാത്രി കഴിച്ചുകൂട്ടിയ സ്ഥലങ്ങൾ ഒന്നുകൂടി കാണിച്ചു തന്നശേഷമാണ് ‘സൂര്യോദയത്തിനു മുൻപ്’ (Before Sunrise) അവസാനിക്കുന്നത്. അപ്പോൾ വല്ലാത്തൊരു ശൂന്യത അവിടങ്ങളിൽ നിന്ന് വന്നു നിറയുന്നത് നാമറിയും. പ്രണയം പശ്ചാത്തലങ്ങളെ എത്രയേറെ ജീവസ്സുള്ളതാക്കുന്നുവെന്ന് ഒന്നു കൂടി നാം ഓർത്തുപോകും. പ്രഭാതത്തിൽ തമ്മിൽ പിരിയുന്നതിനു കുറച്ച് നാഴികകൾക്കു മുൻപ്, കവലയിലെ ഒരു പ്രതിമയ്യ്ക്കു കീഴെ അവന്റെ മടിയിൽ അവൾ തലചായ്ച്ചു കിടക്കെ ഓർക്കാപ്പുറത്ത് ഓർമ്മവന്ന ഒരു കവിത അവൻ ഉറക്കെ ചൊല്ലിയിരുന്നു. ഡബ്യു എച്ച് ഓഡന്റെ കവിത, ഡിലൻ തോമസിന്റെ ശബ്ദത്തെ അനുകരിച്ചുകൊണ്ട്. അതിങ്ങനെ : സമയം മുയൽക്കുഞ്ഞുങ്ങളെപ്പോലെ പാഞ്ഞു പോകുന്നു. നഗരത്തിലെ എല്ലാ ഘടികാരങ്ങളും ഒരേ താളത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ട് മുഴങ്ങുന്നു. അത് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. തലക്കുത്തുകൾക്കും വേവലാതികൾക്കുമിടയിലൂടെ ജീവിതം ചോർന്നു പോവുകയാണ്. കാലത്തിന് അവന്റേതായ ഭാവനകളുണ്ടല്ലോ...” ഒരൊറ്റ രാത്രി അവരെ വല്ലാതെ അടുപ്പിച്ചിരുന്നു. എങ്കിലും അവർ വ്യത്യസ്ത ദിശകളിലേയ്ക്ക് ഒഴുകി. വഴിവക്കിൽ വച്ചു കണ്ട കവി എഴുതി നൽകിയ കവിതയിലെ വരികളിൽ കണ്ട നദിയുടെ ശാഖകൾ പോലെ. അവൾ അവനെ വഹിച്ചുകൊണ്ട്, അവൻ അവളെയും ..

സെലിന്റെ ട്രയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് തലേന്ന് രാത്രി മുതൽ കൃത്യം ആറുമാസങ്ങൾക്കു ശേഷം ഇതേ റയിൽ‌വേ സ്റ്റേഷനിൽ വച്ചു വീണ്ടും കണ്ടുമുട്ടാം എന്ന ഉടമ്പടി വാക്കാൽ ഒപ്പിടുന്നത്. അപ്പോഴേയ്ക്കും നഗരം തണുത്തു മരവിക്കുന്ന കാലമായിരിക്കും. പക്ഷേ പ്രണയത്തെ സ്പർശിക്കാനുണ്ടോ ഋതുഭേദങ്ങൾക്കു കരുത്ത്? മുത്തശ്ശിയുടെ അടുത്തേയ്ക്കാണ്, അവളുടെ യാത്ര. തീവണ്ടിയിൽ വച്ചു കണ്ടുമുട്ടിയ അമേരിക്കക്കാരനായ അപരിചിതനോടൊപ്പം -ജെസ്സിയോടൊപ്പം- വിയന്ന നഗരത്തിലെ വിശാലമായ ആകാശത്തിനു കീഴെ ഒരു രാത്രിയാണവിടെ കഴിഞ്ഞുപോയത്. അമ്മൂമ്മയുടെ കഥ ഇടയ്ക്ക് അവൾ ജെസ്സിയുമായി പങ്കുവയ്ക്കുന്നുണ്ട്. സ്നേഹിച്ച ഒരാളിന്റെ ഓർമ്മയുമായി ജീവിതകാലം മുഴുവൻ മറ്റൊരാളുടെ ഭാര്യയായി കഴിഞ്ഞ സ്ത്രീയാണവർ. ആറുമാസങ്ങൾക്കുശേഷം വിയന്നയിലെ സ്റ്റേഷനിൽ അവൾക്ക് വന്നു നിൽക്കാൻ കഴിയാതെ വന്നത്, ഒരു രാത്രിയിലെ കൂട്ടുകാരന് നൽകിയ വാക്കുപാലിക്കാൻ കഴിയാതെ വന്നത് ഇതേ മുത്തശ്ശി മരിച്ചതിനാലാണെന്ന് നാം അറിയുന്നത് 9 വർഷങ്ങൾക്കു ശേഷമാണ്. അത് സിനിമയുടെ കാലം മാത്രമല്ല, യഥാർത്ഥകാലം കൂടിയാണ്. ‘സൂര്യോദയത്തിനു മുൻപ്’ എന്ന സിനിമപുറത്തിറങ്ങുന്നത് 1995-ൽ. അതിന്റെ രണ്ടാം ഭാഗം ‘പകലറുതിയ്ക്കു മുൻപ്’ (Before Sunset) പുറത്തിറങ്ങുന്നത് 2004-ൽ. കഥാപാത്രങ്ങളുടെ മേക്കപ്പ് അക്ഷരാർത്ഥത്തിൽ കാലം തന്നെ ഏറ്റെടുത്തിരിക്കുന്ന തരത്തിൽ ഒരു പരിണതി. ( സംവിധായകൻ റിച്ചാർഡ്ലിങ്ൿലാറ്റർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന പണി 13 വർഷം കൊണ്ടു പൂർത്തിയാവുന്ന സിനിമയാണത്രേ) ചലച്ചിത്രത്തെ ‘കാലത്തിൽ കൊത്തിയ ശില്പം’ എന്നു നിർവചിച്ചവർ ഇത്രയും ആലോചിച്ചിരിക്കുമോ എന്തോ?

അതൊരു വശം. പ്രണയത്തിന് ദുരന്തത്തിന്റെ കൈത്താങ്ങോടെയൊരു വശ്യത വന്നു കലശലായി ചുഴറ്റിപ്പിടിക്കുന്നതു മനസ്സിലാക്കാം. ആലവാരങ്ങളുടെ കുഞ്ചലങ്ങളൊന്നുമില്ലാത്ത ദൈനംദിനവ്യവഹാരം പോലെയുള്ളൊരു പ്രണയം എങ്ങനെ ഇത്രവശ്യമാവുന്നു എന്ന അന്വേഷണത്തിന്റെ പ്രധാന ഉത്തരം നൽകുന്നത് കലാനിർമ്മിതിയുടെ തച്ചുവൈദഗ്ദ്ധ്യം ആയിരിക്കും. എങ്കിലും അങ്ങനെ വിടാൻ വയ്യ. തികച്ചും താത്കാലികമായ സമാഗമങ്ങളെ ഇത്ര പ്രലോഭനീയവും ആകർഷണീയവുമാക്കാൻ സഹായിച്ച വസ്തുവകകൾ ഒന്നുഴിഞ്ഞു നോക്കണമല്ലോ. ടൈറ്റാനിക്കിലെ ‘വൺ നൈറ്റ് സ്റ്റാൻഡിനെ’ കേറ്റ് വിൻ‌സ്ലറ്റിന്റെ ചരിഞ്ഞു കിടക്കുന്ന നഗ്നത കാര്യമായി തന്നെ സഹായിച്ചിട്ടുണ്ട്. രാത്രി നഗരത്തിനുമേൽ ചാഞ്ഞുപെയ്ത മഴ, കാഴ്ചക്കാരുടെ ശിരസ്സിനു മേലെ കൂടി പെയ്തിറങ്ങിയ രതിയുടെയും കൂടി മഴയായിരുന്നു. അങ്ങനെയൊന്നും പാത്തു വച്ചിട്ടില്ല ഇതിൽ. വീണു കിട്ടിയ രാത്രി അനശ്വരമാക്കാൻ ഒപ്പിച്ചെടുത്ത രണ്ടു വൈൻ ഗ്ലാസുകളും വീഞ്ഞുകുപ്പിയുമായി പാർക്കിൽ ആകാശം നോക്കി കിടന്ന മിഥുനങ്ങൾ ഇണച്ചേർന്നിരുന്നു. പിന്നീട് സെലിൻ ഓർത്തെടുത്തപോലെ രണ്ടു പ്രാവശ്യം! പക്ഷേ അതൊക്കെ അവരുടെ സ്വകാര്യം തന്നെയായി നിലനിൽക്കുന്നു സിനിമയിൽ. നമ്മെ വികാരതരളിതമാക്കാൻ പോന്നവയല്ല അത്. പ്രകർഷേണയുള്ള നയം (പ്രണയം) ശാരീരികസാഫല്യങ്ങളുടെ അരങ്ങിലെത്താനുള്ള വാസനകളുടെ കോലം തുള്ളലാണെന്ന് പറഞ്ഞുകേൾക്കാനല്ലല്ലോ നമ്മൾ - ഇച്ഛാഭംഗങ്ങളുടെ തമ്പുരാക്കന്മാർ -വാ പൊളിച്ചിരിക്കുന്നത് ! സത്യം പറയാമല്ലോ രതിയേക്കാൾ പ്രിയതരമാക്കുന്ന ചിലതെല്ലാം സിനിമയിലുണ്ട്. അതിലൊന്ന് അവളുടെ -ജൂലി ഡെല്പി-യുടെ ഇടയ്ക്കിടയ്ക്ക് വഴുതി മാറുന്ന അതീവ കാതരമായ നോട്ടമാണ്. അങ്ങനെയൊരു പെണ്ണിന്റെ, ആ തരത്തിലുള്ള നോട്ടം കൂടെകൂടെയേൽക്കാൻ എന്തൊക്കെയോ ഭാഗ്യം കൂടെ നടക്കേണ്ടതുണ്ട്, ഒരാണിന്. ആശ്ചര്യമതല്ല. 9 വർഷം പിന്നിട്ടിട്ടും അവളുടെ നോട്ടത്തിന്റെ കാതരത അതേ അളവിൽ നിൽക്കുന്നത് നാം ‘പകലറുതിയ്ക്ക് മുൻപെ’ന്ന സിനിമയിൽ കാണുന്നു. ഇടയ്ക്കവൾ അങ്ങേയറ്റം ആർദ്രയായി അവനെ തലോടാൻ കൈകളുയർത്തുന്ന ഒരു രംഗമുണ്ട് അതിൽ. അത്രതന്നെ സൌ‌മ്യമായി കൈകൾ പിൻ‌വലിക്കുന്നതും. ഒന്നിൽ വിയന്നയിലെ തെരുവുകളും ശില്പങ്ങളുമാണ്. മറ്റൊന്നിൽ പാരിസിന്റെ ഇടനാഴികൾ. ഒന്നിൽ സന്ധ്യയുടെയും രാത്രിയുടെയും സ്ത്രൈണത. മറ്റൊന്നിൽ പകൽ വെളിച്ചതിന്റെ സൌ‌മ്യ കാമുകത്വം. പിന്നെയുള്ളത് പ്രേമത്തിനു മാമു കൊടുക്കുന്ന സംഗീതവും കവിതയുമൊക്കെയാണ്. രാവിലെ റയിൽ‌വേ സ്റ്റേഷനിലേയ്ക്കുള്ള നടത്തയ്ക്കിടയിൽ ഒരു പിയാനോ വാദനം കേട്ട് ആളൊഴിഞ്ഞ തെരുവിൽ നിന്ന് മെല്ലെ ചുവടുവയ്ക്കുന്നുണ്ട്, സെലിനും ജെസ്സിയും. ഒരു രാത്രിയുടെ ഓർമ്മയെ ജെസ്സി വാലസ് അനശ്വരമാക്കുന്നത് ഒരു നോവൽ പുസ്തകം കൊണ്ടാണെങ്കിൽ സെലിൻ ഒരു ഗാനം കൊണ്ടാണ്. അവനു വേണ്ടിയൊരു ഗാനം. അവൾക്ക് കള്ളം പറയുന്ന സ്വഭാവമുണ്ട്. അതുകൊണ്ട് അവൾ പറയുന്നത്, അവിടെ വന്ന എല്ലാ പുരുഷന്മാരുടെയും പേരു തരം പോലെ ചേർത്താണ് ആ ഗാനം അവൾ ആലപിക്കാറുള്ളത് എന്നാണ്. അതവൻ വിശ്വസിച്ചോ എന്തോ? ‘പകലറുതിയ്ക്കു മുൻപെ’ന്ന രണ്ടാമത്തെ സിനിമയിൽ അവസാനം നിനാ സൈമണിന്റെ ‘ജസ്റ്റ് ഇൻ ടൈം’ എന്ന ഗാനമാണ്. അതു രണ്ടുപേർക്കും ഇഷ്ടപ്പെട്ട പാട്ടാണ്. സിനിമ തീരുമ്പോഴും നിനാ പിയാനോയിൽ താളം കൊട്ടുകയാണ്. സ്റ്റേജിൽ നിന്ന് എതിർവശത്തേയ്ക്ക് നടക്കുകയും കേൾവിക്കാരോട് കച്ചേരിക്കിടയിൽ സംസാരിക്കുകയും ഒരു പാട്ടിനിടയ്ക്കു വച്ച് മറ്റൊരു പാട്ട് ക്രമമില്ലാതെ ആരംഭിക്കുകയും ചെയ്യുന്ന നിന എന്ന പാട്ടുകാരിയോട് ഒരു നിർണ്ണായക നിമിഷത്തിൽ താദാത്മ്യം പ്രാപിച്ചുകൊണ്ട് സെലിൻ പറയുന്നു. “ബേബി, നിനക്ക് നിന്റെ വിമാനം നഷ്ടപ്പെടാൻ പോവുകയാണ്.” ഒട്ടും ആത്മവിശ്വാസമില്ലാത്ത ചിരി ചിരിച്ചുകൊണ്ട് ജെസ്സി പറയുന്നു : “ എനിക്കറിയാം”.

ചെമ്മീന്റെ ജാപ്പാനീസ് വിവർത്തക ചോദിച്ചതുപോലെയൊരു ചോദ്യം നമുക്കും ഉയർത്താം. കറുത്തമ്മയ്ക്ക് പരീക്കുട്ടിയെവിവാഹം കഴിക്കാൻ എന്തായിരുന്നു തടസ്സം എന്നായിരുന്നു സംസ്കാരനദിയുടെ അക്കരെ നിന്ന് ആയമ്മ തൊടുത്തു വിട്ട ചോദ്യം. ചെമ്മീൻ, വിളക്കുവച്ചു പദാനുപദ ഭാഷാന്തരണം നടത്തിയ ആളാണ് ചോദിച്ചത്. സ്വാതന്ത്ര്യത്തിന്റെ ആൾ രൂപങ്ങൾ എന്ന് നമ്മൾ ധരിച്ചു വശായിരിക്കുന്ന ഒരു ഫ്രഞ്ചു യുവതിയ്ക്കും അമേരിക്കൻ യുവാവിനും തമ്മിൽ ചേരാൻ എന്താണ് തടസ്സം? എന്തിനാണ് സാങ്കേതികതയുടെ ഈ കാലത്ത് അവർ വെമ്പുന്ന മനസ്സുകളുമായി ‘കമ്മ്യൂണിക്കേഷന്റെ’ വാതിൽ 9 വർഷം നിർബന്ധം പോലെ അടച്ചിട്ടിരുന്നത്? ഇത് കലയിലാണെങ്കിലും യുക്തിസഹമാണോ? തിരിച്ചു ചോദിക്കാം, പ്രണയകഥയിൽ എന്താണ് യുക്തിപരമായിട്ടുള്ളത്? പക്ഷേ ഇവിടത്തെ പ്രശ്നം സമയമാണ്. ആ പേരുകളിൽ തന്നെ അതു നിഹിതമല്ലേ? നിനാ സൈമണിന്റെ പാട്ടിൽ അതില്ലേ. ട്രയിൻ, ബസ്സ്, ചങ്ങാടം, ഫ്ലൈറ്റ്.. സമയബന്ധിയായ ചലനങ്ങളുടെ മൂർത്തരൂപങ്ങളിൽ, ആദ്യം ഉദ്ധരിച്ച കവിതയിൽ...? . എന്തൊരു ക്ഷണികത! എന്തൊരു താത്കാലികത! ആൾക്കൂട്ടങ്ങളിലും ക്യൂവുകളിലും ജീവിതം തീർത്ത് ‘ഞാഞ്ഞൂലുകളെ പോലെ ത്രസിക്കുന്ന’ മൂന്നാം ലോക - അവികസിത പരിഷകൾക്ക് മനസ്സിലാവാത്ത ഒരംശം ‘മിസ്സ്’ ചെയ്യാൻ പാടില്ലാത്ത ഗതാഗതങ്ങളിലുണ്ട്. ജീവിതം ഒരൊഴുക്കാണെന്നും അതിനെങ്ങും തടഞ്ഞു നിൽക്കാനാവില്ലെന്നുമുള്ള അറിവാണത്. (പരാജയപ്പെട്ടു പോകുന്നുവെങ്കിലും ഒരു വിവാഹം ജെസ്സി കഴിച്ചിരുന്നു.) അപ്പോൾ വരദാനം പോലെ വീണു കിട്ടുന്ന നിമിഷങ്ങൾ ‘ഒരു മാത്രയെങ്കിൽ ഒരു മാത്ര, വാഴ്വെന്ന സത്യത്തെ’ ജ്വലിപ്പിക്കാനുള്ളതാണ്. അവർക്ക് ജഗത്ത് മിഥ്യയല്ല. അതുകൊണ്ട് അവിടെ അത് വസന്തവും ജീവിതവും സംഗീതവും ഉത്തേജിപ്പിക്കുന്നതരം സാഹസികതയും. വെള്ളിനക്ഷത്രത്തെ നോക്കി വിതുമ്പി കാലം കഴിച്ച ഭ്രാന്തുകളുടെ ആകാശങ്ങളിൽ പ്രണയം ഒരു സമാധാനക്കേടും ചോദ്യചിഹ്നങ്ങളിട്ട പ്രസ്താവനകളും അപരിചിതത്വവും തുളച്ചുകയറുന്ന അമ്പും പിച്ചപ്പാത്രവും ഉപേക്ഷിക്കപ്പെട്ട ഒരു കൃഷ്ണമണിയും ഈണങ്ങളൊക്കെ പിഴച്ച പാട്ടും എരിഞ്ഞടങ്ങലും പൊട്ടിത്തകർന്ന പാലവും....

അദ്ഭുതമില്ല. വിരക്തിയുടെ ആദിപ്രരൂപങ്ങൾ നിറഞ്ഞ വിളറിയ ആകാശത്തിൽ ഓർക്കാപ്പുറത്ത് പൊട്ടിച്ചിതറുന്ന ജീവിതാസക്തിയുടെ ഔറോറകൾ ഇടയ്ക്ക് നമ്മെ സ്വപ്നത്തിനും വാസ്തവത്തിനും ഇടയ്ക്ക് പിടിച്ച് മാനം നോക്കിയിരുത്തിയില്ലെങ്കിൽ നമ്മളെങ്ങനെ അറിയാനാണ്, എല്ലാ അസ്തമയങ്ങളെയും പോലെയല്ലാത്ത ഒരസ്തമയവും എല്ലാ ഉദയങ്ങളെപ്പോലെയുമല്ലാത്ത ഒരു ഉദയവും ഓരോ ജീവിതത്തിലും ഒരിക്കൽ ഉണ്ടാവുമെന്ന്. അന്ന് മൂടിപ്പുതച്ചു കിടക്കാനാവുമോ എന്തോ വിധി? അല്ല, മൂടിപ്പുതച്ചു തിരിഞ്ഞു കിടന്നില്ലെന്ന് എന്താ ഉറപ്പ്?

*പാബ്ലോ നെരൂദ

13 comments:

പ്രേമന്‍ മാഷ്‌ said...

രണ്ടു സിനിമകളും കണ്ടിട്ടില്ലെങ്കിലും പ്രണയത്തെക്കുറിച്ചെഴുതിയത് സത്യമാണെന്നറിയാം . പ്രണയം സര്‍വാംഗം അനുഭവിക്കാന്‍ ഇപ്പോഴും ഭാഗ്യം ലഭിച്ചവരോട് അസൂയപ്പെടുകയല്ലാതെ എന്ത് ചെയ്യാന്‍.

jayanEvoor said...

നല്ലെഴുത്ത്.
ഇനി ആ പടങ്ങൾ ഒന്നു കാണാൻ ശ്രമിക്കാം.

വിനയന്‍ said...

എന്റെ പ്രണയം ഞാന്‍ വായനയിലൂടെയും സിനിമകളിലൂടെയും കേള്‍വികളിലൂടെയും അറിഞ്ഞതുമാത്രമാണ്. സിനിമയിലൂടെ ആ വികാരത്തെ അനുഭവിച്ചറിയുന്നുവെന്നു തോന്നിയിട്ടുണ്ട്. സൂര്യോദയത്തിനു മുന്‍പ് അവര്‍ ട്രെയിനില്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ പിന്നീട് ഒരിമിച്ചു ചെന്നിരിക്കുമ്പോള്‍, ഒടുവില്‍ സെലിന്റെ തീവണ്ടി അവളെയും കൊണ്ട് പുറപ്പെടും വരെ പ്രണയത്തിന്റെ ഒരു നല്ല അനുഭവം തന്നെയായിരുന്നു സിനിമ. നല്ല ചില സംഭാഷണങ്ങള്‍ കൂടിയാവുമ്പോള്‍ സമയം എന്റെ മുന്‍പിലൂടെ ഒരു മുയല്ക്കുഞ്ഞിനെപ്പോലെ പാഞ്ഞു പോയത് ഞാന്‍ കണ്ടില്ല. നല്ല രണ്ടു പ്രണയ സിനിമകള്‍. കാണാത്തവരെ കാണാന്‍ പ്രലോഭിപ്പിച്ചെക്കാവുന്ന എഴുത്തും.. :)

'ഔറോറകൾ' ഇതെന്താണ്?

Readers Dais said...

എന്തോ!... വായിച്ചപ്പോള്‍ തൂവാനതുമ്പികള്‍ എന്ന സിനിമയിലെ ക്ലാരയുടെയും ജയക്രിഷ്ണനെയും പ്രണയം ഓര്‍മ വന്നു :)

പങ്കുവെച്ചതിന് നന്ദി

രാജേഷ്‌ ചിത്തിര said...

നല്ലെഴുത്ത്

നന്ദി...:)

എന്‍.ബി.സുരേഷ് said...

സിനിമ കാണാത്തതിനാൽ. എഴുത്തിന്റെ ദാർഡ്യത്തിനു മുൻപിൽ നമിച്ച് പിൻ‌വാങ്ങുന്നു.

prasanth kalathil said...

Before sunset ആണ് ആദ്യം കണ്ടത്, പിന്നെ മറ്റേത് തേടിപ്പിടിച്ച് കാണുകയായിരുന്നു. വൈകാരിക അംശങ്ങളുടെ കൂടെ സംഭാഷണങ്ങളുടെ ഹൃദ്യതകൂടി ഉണ്ട് ഈ ചിത്രങ്ങളെ ആകർഷകമാക്കിയതിൽ.

prasanth kalathil said...

traa

വെള്ളെഴുത്ത് said...

@vinayan
http://en.wikipedia.org/wiki/Aurora_%28astronomy%29

വല്യമ്മായി said...

പോസ്റ്റ് മനോഹരം,സിനിമകള്‍ അതി മനോഹരം,നന്ദി ഈ പരിചയപ്പെടുത്തലിന്.

വിനയന്‍ said...

:)

Pramod.KM said...

ആ പ്രത്യേക ഉദയത്തിലും അസ്തമനത്തിലും ഉറക്കം ഞെട്ടി പുതപ്പില്‍ നിന്നും നാം പുറത്തുവരും വെള്ളെഴുത്തേ..:)

SunilKumar Elamkulam Muthukurussi said...

വെള്ളേ,
ഞാൻ റിച്ചാർഡ്‌ ലിങ്‌ൿലാറ്റർ എന്നത്‌ വായിച്ചത്‌ 'ലിങ്‌ൿ ലേറ്റർ' എന്നാ. അപ്പോ പലതും ലിങ്ക്‌ ചെയ്തു. കണ്ടപ്പോൾ ഒരു സുഖമൊക്കെ ഉണ്ട്‌.
2 സിനിമ അടുപ്പിച്ചിരുന്നു കാണുന്നത്‌ ആദ്യാ. അതും സിനിമ തന്നെ കാണാൻ പോകാത്ത ഞാൻ!
-സു-