September 15, 2009

എസ് എന്ന കത്തി1972-ഏപ്രില്‍ ഒന്നിനിറങ്ങിയ നവാബ് വാരികയില്‍ ഒരു സ്കൂപ്പുണ്ടായിരുന്നു. കാര്‍ഷിക സര്‍വകലാശാലയ്ക്കു വേണ്ടി തൃശൂര്‍ ജില്ലയിലെ തട്ടില്‍ റബര്‍ എസ്റ്റേറ്റിലെ 936 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായ കരുണാകരന്‍ 2 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടെന്നും പറഞ്ഞ്. കൂടെ തെളിവായി ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റുമുണ്ടായിരുന്നു. എസ്റ്റേറ്റു മാനേജരായ വി പി ജോണിനോട് പണം ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു കത്ത്. ശേഷം നടന്ന ഭീകര പീഡനങ്ങളും ഒരു കൊലപാതകവും ചരിത്രത്തിന്റെ ഭാഗമാണ്. കത്തിന്റെ അസ്സല്‍ പിന്നെയൊരിക്കലും കണ്ടെടുക്കപ്പെടുകയുണ്ടായില്ല. പുതിയ സങ്കേതമുപയോഗിച്ചു പറഞ്ഞാല്‍ രാഷ്ട്രീയമായ ദുഷ്ടലാക്കോടെ കെട്ടിച്ചമയ്ക്കപ്പെട്ടതായിരുന്നു ആ വാര്‍ത്ത എന്നായി. വേണ്ടത്ര തെളിവില്ലാതെ! ‘നവാബ്’ അതോടെ നിലച്ചു. രാജേന്ദ്രന്‍ മറ്റൊരാളായി. ശല്യക്കാരനായ വ്യവഹാരിയായി. എന്നെങ്കിലും ഓര്‍ത്തെടുക്കാന്‍ ചില ചോദ്യങ്ങള്‍ മാത്രം മലയാളിക്ക് വിട്ടുകൊടുത്തിട്ട് അവദൂതനെപ്പോലെ മറഞ്ഞു. ഇന്ത്യന്‍ക്രിക്കറ്റിലെ കുപ്രസിദ്ധമായ മാച്ച് ഫിക്സിംഗിനെപ്പറ്റിയോ കാര്‍ഗില്‍ യുദ്ധത്തിലെ നാടകങ്ങളെപ്പറ്റിയോ മണിപ്പൂര്‍ പോലീസ് കമാണ്ടോകള്‍ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന സഞ്ജിത്തിനെ പറ്റിയോ അഹമ്മദാബാദില്‍ കൊലചെയ്യപ്പെട്ട ഇസ്രത്ത് ജഹാനെപ്പറ്റിയോ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഭരണകൂടസമ്മതത്തോടെയുള്ള ആസൂത്രണങ്ങളെപ്പറ്റിയോ ഒന്നും ഒന്നും നാം അറിയാതെ പോയേനേ. ഏതെങ്കിലുമൊരു മാധ്യമം അവയുടെ പിന്നാലെ ആവേശിക്കപ്പെട്ട നീതിബോധവുമായി കൂടിയില്ലായിരുന്നെങ്കില്‍ . കുടത്തില്‍ നിന്നും പുറത്തു ചാടിയ ഈ വാര്‍ത്തകളൊന്നും ഭരണകൂടങ്ങളെ ആനന്ദസാഗരത്തിലാറാടിക്കുന്നവയല്ല. നിര്‍ബന്ധങ്ങള്‍ക്കു വിധേയരായി താത്കാലികമായ ചില കാട്ടിക്കൂട്ടലുകള്‍ നടന്നു. കെട്ടിയൊതുക്കി പരണത്തു വയ്ക്കാന്‍ വേണ്ടി കമ്മീഷന്‍ നിയമനങ്ങള്‍ ഉണ്ടായി. അതിവൈകാരികമായ പദാവലികളാല്‍ ആഗോളമായ ഭീഷണിയെക്കുറിച്ചുള്ള ചില സാധൂകരണങ്ങള്‍ മുറ്യ്ക്കു പുറത്തു വന്നു. വന്നുകൊണ്ടിരിക്കുന്നു.

മനുഷ്യാവകാശധ്വംസനങ്ങള്‍ -അത് നരഹത്യകളായാലും അഴിമതികളായാലും - എവിടെയും ഇങ്ങനെയൊക്കെ തന്നെയല്ലേ? പത്രങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്നു എന്നു വന്ന ഘട്ടത്തിലാണ് രാജീവ് ഗാന്ധി ‘പത്രമാരണബില്‍ ’ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന നിയമം കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി നോക്കിയത്. (കാലം 1988) അന്നു ബില്ലിനെ പിന്താങ്ങിക്കൊണ്ട് മന്ത്രി ചിദംബരം പറഞ്ഞത്, പത്രസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാനല്ല, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ബില്ലിനു രൂപം നല്‍കിയത് എന്നാണ്. (ഏതു വ്യക്തിയുടെ?) എങ്ങനെയായാലും അതു വിജയിച്ചില്ല. വാര്‍ത്തയ്ക്ക് അടിസ്ഥാനമായ സ്രോതസ്സിനെപ്പറ്റിയുള്ള വിവരം ഭരണകൂടത്തിനു കൈമാറാത്ത മാധ്യമങ്ങളെ കുറ്റവാളികള്‍ക്കൊപ്പം പരിഗണിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു അതില്‍ പ്രധാനം. എന്നിട്ട് ആരുടെയും വരുതിക്ക് നില്‍ക്കാതെ കാലം കുറേ പോയി, ഇന്നിപ്പോള്‍ ‘കിട്ടുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ പോലീസിനു കൈമാറണമെന്നും പ്രതികള്‍ക്കെതിരെ മാധ്യമങ്ങള്‍ക്ക് അമിത താത്പര്യം നല്ലതല്ലെന്നും ആരോപണം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ പരിഗണനയിലാണെന്നും’ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്തു നിന്നും, ഇസങ്ങള്‍ക്ക് അപ്പുറത്തു നിന്നും നോക്കുമ്പോഴും കാര്യങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടാവുന്നില്ലല്ലോ എന്നും പറഞ്ഞ് നമുക്ക് ചിന്തിച്ച് ഒരരുക്കാവാം. നരേന്ദ്ര മോദിയുടെ പോലീസ്, കുറ്റവാളികള്‍ എന്നു തന്നിഷ്ടത്തോടെ വിധിച്ച് വധശിക്ഷ നല്‍കിയവരെപ്പറ്റിയാണ് തെഹല്‍ക്കപോലുള്ള മാധ്യമങ്ങള്‍ അന്വേഷിച്ചത്. അഥവാ ‘അമിതതാത്പര്യം’ പ്രകടിപ്പിച്ചത്. അല്ലേ? അപ്പോള്‍ നടേ പറഞ്ഞ മന്ത്രിപ്രസ്താവനയുടെ പൊരുളെന്താണ്? ഔദ്യോഗികഭാഷ്യങ്ങളോടുള്ള സംശയമാണ് സാമൂഹിക സത്യത്തിലേയ്ക്കുള്ള ആദ്യപടി. അധികാരത്തിന് കസേരയുറപ്പിക്കലാണ്, സത്യമല്ല വിഷയം. പതിനഞ്ചാം നൂറ്റാണ്ടില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ചിത്രകാരന്‍ ആന്ദ്രേ റുബലേവിന്റെ ജീവിതകഥയെ ആസ്പദമാക്കി തര്‍ക്കോവ്സ്കി സംവിധാനം ചെയ്ത സിനിമയ്ക്ക് 5 വര്‍ഷക്കാലം സോവ്യറ്റ് റഷ്യയില്‍ പ്രദര്‍ശനാനുമതി ഉണ്ടായിരുന്നില്ല. പ്രത്യക്ഷത്തില്‍ സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശം പോലും സിനിമയിലില്ല. കലാകാരന് സമൂഹത്തില്‍ സവിശേഷമായ സ്ഥാനമുണ്ടെന്നും തന്റെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ വിമര്‍ശിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നും സിനിമ സ്ഥാപിക്കുന്നുണ്ടെന്ന കാരണമാണ് സെന്‍സര്‍മാര്‍ക്ക് രുചിക്കാതെ പോയത്. സര്‍വാധിപത്യവ്യവസ്ഥയില്‍ വിമര്‍ശനാധികാരം ഭരണകര്‍ത്താക്കള്‍ക്ക് മാത്രമാണ് എന്നതാണതിന്റെ ലളിതയുക്തി.

അതു തന്നെയാവണോ ജനാധിപത്യം എന്നു പറയപ്പെടുന്ന വ്യവസ്ഥയുടെയും യുക്തി? കേരളത്തിലെ മുഖ്യമന്ത്രിയേക്കാള്‍ സ്പെയിസുള്ള ആളാണ് താന്‍ എന്ന് സ്വയം അവകാശപ്പെടുന്ന സുകുമാര്‍ അഴീക്കോട്, കണ്ണൂര്‍ വച്ച് പുരോഗമന കലാസാഹിത്യ സംഘവും പാട്യം ഗോപാലന്‍ സ്മാരകപഠനഗവേഷണ കേന്ദ്രവും സംഘചേതനയും ചേര്‍ന്നു നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞത് ‘പത്രങ്ങള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കരുത്’ എന്നാണ്. അതും ആഭ്യന്തരമന്ത്രിയുടെ ആരോപണം ഉണ്ടായ അതേ ദിവസം. ഉള്ളത് അതുപോലെ കൊടുക്കുകയാണത്രേ പത്രങ്ങള്‍ ചെയ്യേണ്ടത്. സ്ഥാലീപുലാകന്യായേണ ഒരു മാതൃക അദ്ദേഹം എടുത്തുകാട്ടുകയും ചെയ്തു. 25 വര്‍ഷം മുന്‍പു നടന്ന ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ എം ഡി എന്തു ചെയ്യുന്നു ഇപ്പോള്‍ എന്ന് മലയാളത്തിലെ ഏതെങ്കിലും പത്രം അന്വേഷിച്ചോ ?ഇതിനെയാണ് നാം എക്കോ (മാറ്റൊലി) എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. മന്ത്രി ഒന്നു പറയുന്നു. അതേ ദിവസം തന്നെ സാംസ്കാരിക നായകനും അതു തന്നെ പറയുന്നു. അതിഭീകരമായ രാഷ്ട്രീയ അംനീഷ്യയാല്‍ നവാബിനെയും തെഹല്‍ക്കയെയും എന്‍ ഡി ടി വിയെയും ഒക്കെ പാടെ മറന്നുപോകുന്ന മഹാമനീഷയില്‍ നിന്നല്ലാതെ ഇങ്ങനെയൊരു വാചകം ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ. മുന്നില്‍ വെട്ടിനിരത്തേണ്ട ഒരു കരുവിലേയ്ക്ക് മാത്രം ശ്രദ്ധയൂന്നുന്ന കക്ഷിരാഷ്ട്രീയക്കാരന്റെ കണ്ണുകെട്ടിയ കാഴ്ചപ്പാടാണോ വിമര്‍ശനം ജന്മലക്ഷ്യമായെടുത്ത് സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങി പുറപ്പെട്ടയാള്‍ എന്നവകാശപ്പെടുന്ന ഒരു സാംസ്കാരികപ്രവര്‍ത്തകന്റേത്? പക്ഷേ അഴീക്കോടിന് അതിനും ഒരു ന്യായമുണ്ടാവും. ഇതു തന്റെ അഭിപ്രായം. തന്നെ തിരുത്താന്‍ ശ്രമിക്കരുത് എന്ന്. തെരെഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് അച്യുതാനന്ദന്‍ ചിരിച്ച ചിരിയെപ്പറ്റി വര്‍ഗവഞ്ചനയാണെന്ന് പറയരുതായിരുന്നു എന്ന് ആവശ്യപ്പെട്ട ഒരു മനുഷ്യനോട് അദ്ദേഹം അതാണു പറഞ്ഞത്. 1962-ല്‍ തലശ്ശേരിയില്‍ വച്ച് എസ് കെ പൊറ്റെക്കാടിനോട് തോത്ക്കുമ്പോഴും അതേതുടര്‍ന്നും അഴീക്കോട് കോണ്‍ഗ്രസ്സായിരുന്നു. സമീപഭൂതത്തിലുണ്ടായ നയവ്യതിയാനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറയൊന്നുമില്ല. മറിച്ച് വ്യക്തി വിരോധം മാത്രമാണുള്ളത്. കോണ്‍ഗ്രസ്സു പാര്‍ട്ടിയില്‍ നിന്ന് തന്നെ അകറ്റി രാഷ്ട്രീയ ലക്ഷ്യം ഇല്ലാതാക്കിയ ദുഷ്ടന്മാരോട് ഈ ജന്മത്തില്‍ താന്‍ രാജിയാവില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ . എന്നാല്‍ ഈ സൌകര്യം മറ്റാര്‍ക്കും വിട്ടുകൊടുക്കാനും തയ്യാറല്ല. അര്‍ദ്ധരാത്രിമുതല്‍ അരനൂറ്റാണ്ടില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ശശി തരൂരിന് സീറ്റു കൊടുത്ത കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് അദ്ദേഹത്തിനു വലിയ പഥ്യമില്ല. അഭിപ്രായം തനിക്കു മാത്രം ഇരുമ്പുലക്കയല്ല. മറ്റുള്ളവര്‍ക്ക് അതാണ്.

ആത്മാനുരാഗവും വ്യക്തിവാദവും കേന്ദ്രസ്ഥാനത്തുള്ള വീക്ഷണഗതിക്ക് വര്‍ഗപരമായ കാഴ്ചപ്പാടിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നുള്ളതാണ് സത്യം. പ്രത്യയശാസ്ത്രപരമായി ശത്രുപക്ഷത്തുള്ള ഒരാളിന്റെ വാക്കില്‍ തൂങ്ങി ജയിച്ചെന്നു വരുത്തിത്തീര്‍ക്കേണ്ട ഗതിക്കേടിലേയ്ക്കായിരിക്കും കാര്യങ്ങള്‍ ഫലത്തില്‍ നീങ്ങുക. ബൌദ്ധികമായ നിലപാടുകൊണ്ട് തെറ്റായ സൌഹൃദവാക്യത്തെപ്പോലും തിരുത്തിക്കൊണ്ടു മാത്രമേ അടിസ്ഥാനപരമായി പാര്‍ട്ടിയ്ക്ക് വ്യക്തികളുടെ മേല്‍ മേല്‍ക്കൈ നേടാന്‍ കഴിയൂ. പക്ഷേ അതല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരുദാഹരണം കൂടി പറയാം. ‘SFI യുടെ ദളിത് നിലപാടിനെ’ക്കുറിച്ച് മാധ്യമം വാരിക നടത്തിയ സംവാദത്തില്‍ പഴയൊരു പ്രവര്‍ത്തകനായ വാസുവിന് മറുപടി നല്‍കിക്കൊണ്ട് മഹാരാജാസിലെ പഴയ ചെയര്‍മാനും പുതിയ സംവിധായകനുമായ അമല്‍ നീരദ് നല്‍കിയ മറുപടി മുഴുവന്‍ ‘തല്ല്’ എന്ന രാഷ്ട്രീയ-സാങ്കേതിക പദം കൊണ്ടു മാത്രം അതിസമ്പന്നമാണ്. തല്ലിയതിനെപ്പറ്റിയും തല്ലാതിരുന്നതിനെപ്പറ്റിയും തല്ലുകൊടുക്കേണ്ടിരുന്നതിനെപ്പറ്റിയും. സത്യത്തില്‍ വര്‍ഗശത്രുവിന്റെ വാദങ്ങള്‍ക്കല്ല വര്‍ഗസ്നേഹിതന്റെ വിശദീകരണക്കുറിപ്പുകള്‍ക്കാണ് അടിയന്തിരമായ തിരുത്തുകള്‍ ആവശ്യമായി വരുന്നത്. (ശത്രുക്കളുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം, കൂട്ടുകാരില്‍ നിന്ന് ആരെന്നെ രക്ഷിക്കും.. എന്ന് വോള്‍ട്ടയര്‍ ഇക്കാര്യം നേരത്തേ അറിഞ്ഞായിരിക്കും തമാശ പറഞ്ഞത്) പക്ഷേ തിരുത്തുകളെവിടെ? ഭീഷണി തീര്‍ത്തും അടഞ്ഞ വ്യക്തിവാദമാണ്. സുരേഷ്ഗോപി തോക്കെടുത്തു കൈയ്യില്‍ വച്ചു കൊണ്ടു സംസാരിക്കുന്നതു കാണാന്‍ ആളുകള്‍ കൂടും. നല്ല നാടകമാണത്. അപ്പോള്‍ കൂട്ടില്‍ വിസര്‍ജ്ജിക്കുന്നതല്ല കാതലായ പ്രശ്നം, കൂടു വിട്ട് ‘ജീവി’ പുറത്തിറങ്ങുകയും അതെന്തിനെന്ന് വിശദീകരിക്കാന്‍ കഴിയാതെ അസ്തപ്രജ്ഞനാവുകയും അങ്ങു ഇങ്ങും നോക്കുകയും സ്വയം ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ക്ക് അര്‍ത്ഥം നിര്‍മ്മിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഗതികേടു കണ്ടാണ് മാധ്യമങ്ങള്‍ പാട്ടയും പടക്കവുമായി ആഘോഷത്തോടെ പിന്നാലെ കൂടുന്നത്. അപ്പോള്‍ ദ്വേഷ്യം വരും. മാധ്യമങ്ങള്‍ വീണ്ടും ആര്‍ക്കും...

ചിത്രം : ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍
Post a Comment