June 1, 2009

ആ രാത്രി
സ്വന്തം വീടും നാടും വിട്ട് ബന്ധുക്കളെ പിരിഞ്ഞ് ദൂരെ പോകേണ്ടി വന്ന മകന് അമ്മ നല്‍കിയത് ഒരു തലയണയാണ്. അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരുടെ കൈയ്യില്‍. എവിടെയായാലും അവന്‍ സുഖമായി ഉറങ്ങട്ടേയെന്ന് അവര്‍ കരുതികാണും. ദുരിതങ്ങളുടെ ഭൂമിയില്‍ എല്ലാം മറന്നുള്ള ഒരുറക്കമാണ് ഏറ്റവും മിച്ചമായ സുഖം. തലയണയും വാങ്ങി യാത്രയായ അവന്‍, ദൂരെ, അമ്മയുടെ മടിയിലെന്നപോലെ അതില്‍മുഖമണച്ച് ഉറങ്ങിയ ഒരു രാത്രിയിലാണ് ജെറുസലേം കത്തിയെരിഞ്ഞത്. കൂടെ അവന്റെ തലയണയും.

-ഏലീ വീസല്‍ പറഞ്ഞ കഥയാണിത്. ജോണ്‍ എസ് ഫ്രീഡ്മാനുമായുള്ള അഭിമുഖത്തില്‍ ഏലീ തന്റെ രചനാലോകത്തെ കത്തുന്ന തലയണയുടെ പാട്ടായി വിലയിരുത്തുന്നുണ്ട്. പൊറുതിയില്ലാത്തതും നീണ്ടു നീണ്ടു പോകുന്നതുമായ ജീവിതം. പൊറുക്കാന്‍ വയ്യാത്ത ഓര്‍മ്മകള്‍ക്കു പിന്നാലെ കിതച്ചും കൊണ്ടോടുന്ന അത് ഒരിക്കലും പ്രഭാതമുദിക്കാത്ത രാത്രി കൂടിയാണ് എന്നോര്‍മ്മിപ്പിക്കുന്നു ആ രചനകള്‍. ഓര്‍മ്മക്കുറിപ്പുകളും കവിതകളും നാടകവും ദൈവശാസ്ത്രവും ആത്മീയതയുമൊക്കെയായി 57 ‌ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്, വീസല്‍. ജനനം റുമേനിയയില്‍. 1928-ല്‍. യാഥാസ്ഥിതിക യഹൂദ മതവിശ്വാസിയായ അച്ഛന്റെയും (ഷോലോമോ വീസല്‍) കഠിനാദ്ധ്വാനിയായ അമ്മയുടെയും (സാറാ ഫ്രിഗ്) മൂന്നാമത്തെ മകനായി. ഒരിക്കല്‍ ജോലിയുടെ ഭാഗമായി വീസല്‍ പ്രസിദ്ധ ഫ്രഞ്ചു സാഹിത്യകാരനായ ഫ്രാന്‍സ് മോറിയാക്കിനെ കാണാന്‍ പോയിരുന്നു. ടെല്‍ അവീവിലെ ഒരു പത്രത്തിനുവേണ്ടി ഒരു അഭിമുഖം സംഘടിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. മോറിയാക്കിന് ഇസ്രയേലി പയ്യനെ ഇഷ്ടപ്പെട്ടു. അന്ന് വീസലിന് 24 വയസ്സുണ്ട്. പല കഥകളും പറഞ്ഞിരുന്ന കൂട്ടത്തില്‍ ഓഷ്‌വിറ്റ്സിലെ തീവണ്ടിനിലയത്തില്‍ നിരാലംബരായി നിന്ന ലക്ഷക്കണക്കിനു ജൂതക്കുട്ടികളെക്കുറിച്ച് ഫ്രഞ്ച് എഴുത്തുകാരന്‍ സൂചിപ്പിച്ചു. അവരെ എന്തിനുവേണ്ടിയാണങ്ങനെ നിര്‍ത്തിയിരുന്നതെന്ന് അന്ന് ജനം വേണ്ട രീതിയില്‍ അറിഞ്ഞിരുന്നില്ല. മോറിയാക്കും. പിന്നീട് നാസികളുടെ ക്രൂരതകളൊന്നൊന്നായി പുറത്തു വരുന്ന സമയത്താണ് ഗ്യാസ് ചേംബറുകളില്‍ വിറകുക്കഷ്ണങ്ങള്‍ക്കു പകരം എരിഞ്ഞത് ഇതുപോലുള്ള തീവണ്ടിനിലയങ്ങളില്‍ പലയിടത്തും പറ്റങ്ങളായി കാത്തു നിന്ന ബാല്യങ്ങളായിരുന്നു എന്ന വിവരം നടുക്കത്തോടെ ലോകമറിയുന്നത്.

“ ആ കുട്ടികളെക്കുറിച്ച് പിന്നീടെത്രമാത്രം ഞാന്‍ ചിന്തിച്ചിട്ടുണ്ടെന്നോ..?” മോറിയാക് ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടുകൊണ്ട് പറഞ്ഞു. ആ കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് തന്റെ മുന്നിലിരിക്കുന്ന പത്രപ്രവര്‍ത്തകന്‍ എന്ന് അപ്പോഴാണ് മോറിയാക് അറിയുന്നത്. കോണ്‍സന്റ്രേഷന്‍ ക്യാമ്പുകളെ അതിജീവിച്ച പലരെയും പോലെ വീസലിനും തന്റെ അനുഭവങ്ങള്‍ കുറിച്ചു വയ്ക്കാന്‍ കഴിയുമായിരുന്നില്ല. അതിനു പറ്റിയ പദങ്ങള്‍ തന്റെ പക്കലില്ലെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. മോറിയാക്കുമായുള്ള സൌഹൃദമാണ് വീസലിനെക്കൊണ്ട് എഴുതി തുടങ്ങിപ്പിച്ചത്. യിദ്ദിഷ് ഭാഷയില്‍ എഴുതിയ ‘ലോകം അപ്പോഴും മൌനമായി നിലകൊണ്ടു’ (and the world remain silent) എന്ന പുസ്തകം പകരമില്ലാത്ത നരകയാതനയുടെ നേര്‍സാക്ഷ്യങ്ങളാണ്.

1944-ലാണ് നാസികള്‍ വീസലിനെയും അച്ഛനമ്മമാരെയും അനുജത്തി ടുസിപോറയെയും തടവിലാക്കി പോളണ്ടിലെ ഓഷ്വിറ്റ്സിലേയ്ക്ക് കൊണ്ടു വരുന്നത്. വീസലിനു അന്ന് പതിനഞ്ചുവയസ്സായിരുന്നു. പിന്നെ ബുച്ചന്‍‌വാള്‍ട്ടിലേയ്ക്കു മാറ്റി. മനുഷ്യരെ മൃഗങ്ങളെക്കാള്‍ ദാരുണമായി കൈകാര്യം ചെയ്തു കൊണ്ട് പട്ടാളക്കാര്‍ മുന്നോട്ടു നടക്കാന്‍ ആജ്ഞകള്‍ നല്‍കുമ്പോള്‍ അച്ഛന്‍ കരയുന്നത് താന്‍ ആദ്യമായി കണ്ടു എന്ന് വീസല്‍ എഴുതുന്നു. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കൌമാരക്കാരനായ വീസല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമ്മ ദൃഢമായ മുഖഭാവത്തോടെയാണ് നടന്നിരുന്നത്. ഒരു വാക്കുപോലും പറയാതെ. ‘കുഞ്ഞനുജത്തിയുടെ മുടി നല്ലപോലെ ചീകി കെട്ടി വച്ചിരുന്നത് അതേമാതിരി തന്നെയുണ്ടായിരുന്നു. കൈയില്‍ ചുവന്ന മേല്‍ക്കുപ്പായം. ഏഴുവയസ്സുകാരി പെണ്‍കുട്ടിയ്ക്ക് താങ്ങാന്‍ കഴിയാത്തഭാരമാണ് അവളുടെ മുതുകില്‍ വച്ചുകൊടുത്തിരുന്നത്. “അവള്‍ പല്ലുകടിച്ചു കൊണ്ടാണ് നടന്നിരുന്നത്. പരാതിപ്പെടുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് അവള്‍ക്കു ഇതിനകം മനസ്സിലായിക്കാണും. പട്ടാളക്കാന്‍ നിരന്തരം കൈയ്യിലിരുന്ന വടി വീശി അടിച്ചുകൊണ്ടിരുന്നു.. “വേഗം.... വേഗം..” എനിക്കു ശക്തിയൊട്ടുമില്ലായിരുന്നു. വല്ലാത്ത ക്ഷീണം..യാത്ര ആരംഭിച്ചിട്ടേയുള്ളൂ..” *

ഇടയ്ക്കു വച്ച് സ്ത്രീകളെയും പുരുഷന്മാരെയും അവര്‍ വേറെ വേറെയാക്കി. അമ്മയും അനുജത്തിയും അകന്നുപോകുന്നത് വീസല്‍ കണ്ടു. അച്ഛന്‍ വീസലിന്റെ കൈയില്‍ മുറുകെ പിടിച്ചു. അവരപ്പോഴും നടന്നുകൊണ്ടിരുന്നു. അച്ഛനെ പട്ടാളക്കാര്‍ അടിച്ച് അടിച്ച് രോഗിയാക്കി. ജീവനോടെ അടുപ്പിലെറിഞ്ഞു. അമ്മയെയും അനുജത്തിയെയും വീസല്‍ പിന്നെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല. നാസികള്‍ അവരെയും ജീവനോടെ അടുപ്പില്‍ ഇട്ടിരിക്കും. ( വീസലിന്റെ മൂത്ത സഹോദരിമാര്‍ ഹില്‍ഡയും ബിയാട്രിസും നാസിപീഡനങ്ങളെ അതിജീവിച്ചു. പിന്നീടവര്‍ ഫ്രഞ്ച് അനാഥാലയത്തില്‍ വച്ച് ഏലിയുമായി കൂടിച്ചേരുന്നുണ്ട്.)

“ഒരിക്കലും എനിക്കാ രാത്രി മറക്കാന്‍ കഴിയില്ല. ക്യാമ്പിലെ ആദ്യത്തെ രാത്രി. അതാണ് എന്റെ ജീവിതത്തെ, ഒരിക്കലും അവസാനിക്കാത്ത രാത്രിയാക്കി മാറ്റിയത്. ഏഴുപ്രാവശ്യം മുദ്ര വച്ച, ശാപങ്ങളേറ്റു വാങ്ങിയ രാത്രി. ആ പുകക്കൂട്ടങ്ങള്‍ ഞാന്‍ മറക്കില്ല. നിശ്ശബ്ദയായ നീലാകാശത്തിനു താഴെ മേഘപടലങ്ങളായി എരിഞ്ഞുയര്‍ന്ന കുഞ്ഞു ശരീരങ്ങളെ, അവയിലെ പേടിച്ചരണ്ട മുഖങ്ങളെ ഒരിക്കലും എനിക്കു മറക്കാന്‍ കഴിയില്ല. വിശ്വാസത്തെ എന്നെന്നേയ്ക്കുമായി കരിച്ചുകളഞ്ഞ ആ തീജ്ജ്വാലകളെ എനിക്കു മറക്കാനാവില്ല. ജീവിക്കാന്‍ വേണ്ടിയുള്ള, ഒരിക്കലും അവസാനിക്കാത്ത ആഗ്രഹത്തെ എന്നില്‍ നിന്ന് അപഹരിച്ചു നശിപ്പിച്ച ആ രാത്രിയുടെ ഭീകരമായ മൌനത്തെ മറക്കുക വയ്യ. എന്റെ ദൈവത്തെയും ആത്മാവിനെയും കൊലപ്പെടുത്തുകയും സ്വപ്നങ്ങളെ ചെളിമണ്ണിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്ത നിമിഷങ്ങളെ എനിക്കു മറക്കാന്‍ കഴിയില്ല. ദൈവമുള്ളിടത്തോളം കാലം ഈ ഭൂമിയില്‍ ജീവിക്കാനായി ഞാന്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഇതൊന്നും എന്നെ ഒഴിഞ്ഞ് പോകില്ല. ഒരിക്കലും ഞാന്‍ മറക്കില്ല. ”

മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന്റെയും അവഹേളിക്കുന്നതിന്റെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും യാതനാ ചരിത്രം ഏലീ വീസല്‍ ഒരു പുസ്തകത്തില്‍ കുറഞ്ഞവാക്കുകളില്‍ കുറിച്ചിട്ടുണ്ട്. “രാത്രി” (Night) എന്ന പേരില്‍. ദുരന്തങ്ങള്‍ക്ക് എന്തിനാണ് ധാരാളം വാചകങ്ങള്‍? 1958-ലാണ് പുസ്തകം പുറത്തു വന്നത്. ‘ലോകം അപ്പോഴും മൌനമായി നിലകൊണ്ടു’ എന്ന പുസ്തകത്തിന്റെ സംഗ്രഹമാണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകം. Night -ല്‍ അദ്ദേഹം എഴുതി :
“ ദൈവം എവിടെ?
ദാ ഇവിടെയുണ്ട് അയാള്‍.
ഈ കഴുമരത്തില്‍. തൂക്കിലേറ്റ നിലയില്‍!”

പ്രഭാതം (Dawn) എന്നും പകല്‍ ‍(Day) എന്നും പേരുള്ള കൃതികള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുറത്തിറങ്ങി. ഇരുട്ടിനു ശേഷമുള്ള വെളിച്ചത്തില്‍ വീസല്‍ കാണിച്ച വിശ്വാസം ചെറിയ കാര്യമല്ലെന്നു തോന്നുന്നു. മതാത്മകവും ആത്മീയമായതുമായ പാരമ്പര്യം വീസലിനെ അഗാധമായ അര്‍ത്ഥത്തില്‍ രാപകലില്ലാതെ വേട്ടയാടുന്ന ദുരന്തബോധങ്ങളില്‍ നിന്ന് കരകയറാന്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ടാവണം. (കത്തുന്നതെങ്കിലും) ‘തലയണ’ എന്ന കല്‍പ്പന തന്നെ ഒരാശ്രയത്തിന്റെ വിദൂരമായ ഛായ പകരുന്ന ചിഹ്നമാണ്. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ‘ദി ട്രൂസും’, ‘ഇതോ മനുഷ്യനും’ എഴുതിയ പ്രിമോ ലെവിയും ഓഷ്‌വിറ്റ്സിലുണ്ടായിരുന്നു.1944-ല്‍. ഉറക്കത്തെ വേട്ടയാടുന്ന ഓര്‍മ്മകള്‍ നിരവധി അഭിമുഖങ്ങളില്‍ പങ്കുവച്ചിട്ടും പുസ്തകങ്ങളില്‍ പകര്‍ത്തിയിട്ടും ‘രാത്രി’ പ്രിമോയുടെ ഉള്ളില്‍ പാടുകെട്ടി കിടന്നിരുന്നിരിക്കണം. ഒരിക്കലും നേരം വെളുക്കാതെ, 1987-ല്‍ കോണിപ്പടിയുടെ മുകളില്‍ നിന്നു ചാടി പ്രിമോ ആത്മഹത്യ ചെയ്തു. 68-മത്തെ വയസ്സില്‍. (അത് അപകടമരണമായിരുന്നു എന്നും പറയപ്പെടുന്നു.) വാക്കുകള്‍ നല്‍കിയാല്‍ പോലും ഓര്‍മ്മകള്‍ ഒഴിഞ്ഞുപോകില്ലെന്ന് അര്‍ത്ഥമുണ്ട്, അതൊരു ആത്മഹത്യയാണെങ്കില്‍. ‘നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഓഷ്‌വിറ്റ്സില്‍ വച്ച് തന്നെ പ്രിമോ മരിച്ചതാണല്ലോ’ എന്നാണ് വീസല്‍ ആ മരണവിവരമറിഞ്ഞപ്പോള്‍ പ്രതികരിച്ചത്.

ദൈവവും മനുഷ്യനുല്ലാത്ത ഒരു ലോകത്തിന്റെ ഏകാന്തമായ ഭീകരതയെക്കുറിച്ച് ഉള്ളുലയ്ക്കുന്ന വിധം എഴുതിയ മനുഷ്യന്, ‘മനുഷ്യവര്‍ഗത്തിന്റെ സന്ദേശവാഹകനായി’ വിലയിരുത്തിക്കൊണ്ട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി, സ്വീഡിഷ് അക്കാദമി,1986-ല്‍.

* ഈ കഥ കൃഷ്ണന്‍ നായര്‍ എഴുതിയിട്ടുണ്ട്, മുന്‍പൊരിക്കല്‍ സാഹിത്യവാരഫലത്തില്‍.
* wikipedia
Post a Comment