December 20, 2007

എത്തും പിടിയും അഥവാ എനിക്കൊന്നും മനസിലായില്ല

തനിക്ക് ഒരു കാര്യം അറിയില്ല എന്നോ മനസ്സിലായില്ല എന്നോ തുറന്നു സമ്മതിക്കുന്നത് വിനയത്തിന്റെ ലക്ഷണമാണെന്നോ ഒരു മാന്യതയാണെന്നോ ഒരു വിശ്വാസം പരമ്പരാഗതമായി നമ്മെ ഭരിച്ചു വരുന്നുണ്ട്. പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞ കുട്ടികളോട് അച്ഛനമ്മമാരുടെ ഉപദേശം ‘അറിഞ്ഞൂടാത്ത കാര്യം സാറിനോട് നിനക്ക് തുറന്നു പറഞ്ഞാലെന്താ’ എന്നാണ്. കുട്ടികളാവുമ്പോള്‍ തങ്ങള്‍ക്ക് ചിലതൊക്കെ അറിഞ്ഞുകൂടായെന്നു സമ്മതിക്കണം എന്ന് മുതിര്‍ന്ന സമൂഹത്തിനു വാശിയുണ്ട്. എന്നാലേ അവരെ ഉപദേശിച്ച് തങ്ങള്‍ പാകപ്പെട്ട ഒരു മൂശയില്‍ അവരെയും വളച്ചൊടിച്ച് കയറ്റി തങ്കക്കമ്പികളാക്കി വാര്‍ത്തെടുക്കാന്‍ പറ്റൂ. ഏതുപദേശത്തിനുമുള്ള കാണാപ്പുറം ഇതാണ്. കുട്ടികളുടെ ഈ വിനയം തന്നെയാണൊ മുതിര്‍ന്നു പാകമായി മൂപ്പെത്തിയതിനുശേഷവും ‘എനിക്കതു മനസിലായില്ല’ എന്നു പറയുന്ന ഒരാളിന്റെ വാക്കുകള്‍ക്കു പിന്നിലുള്ളത്?

ആവാന്‍ തരമില്ല. ‘എനിക്ക് അക്കാര്യം അറിഞ്ഞുകൂടാ‘ എന്ന് വേദികളിലും അഭിമുഖങ്ങളിലും പലപ്പോഴും തുറന്നു സമ്മതിച്ചയാളാണ് ഇ എം എസ്സ്. അദ്ദേഹത്തിന്റെ ഈ ആധികാരികമായ അജ്ഞതയെപ്പറ്റി ടി ടി ശ്രീകുമാര്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട് (പച്ചക്കുതിരയുടെ ഇ എം എസ് പതിപ്പ്). ദീര്‍ഘവീക്ഷണവും കുശാഗ്രബുദ്ധിയും ലാളിത്യവും ഒരു പോലെ ജീവിതത്തില്‍ വച്ചു പുലര്‍ത്തിയിരുന്ന സര്‍വസമ്മതനായ വ്യക്തി, തന്റെ ചില മേഖലയിലുള്ള തന്റെ അജ്ഞതയെ വെളിവാക്കുന്നത് ഒരു ‘പ്രതീകാത്മക മൂലധനം‘ നേടിയെടുക്കലാണ്. കുറേ ഘടകങ്ങള്‍ ഇതില്‍ ഒന്നുച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തുറന്ന് സമ്മതിക്കുന്നതിലെ വിനയമാണ് ഒന്നാമത്തേത്. അറിവുണ്ട് എന്നു പരക്കെ സമ്മതനായ ആളാണ് ഇതു പറയുന്നത്. അത് അദ്ദേഹം (വിനയമോ മറ്റോ വച്ച്) വെറുതേ പറഞ്ഞതായിരിക്കാണു സാദ്ധ്യത എന്ന പൊതുബോധം നല്‍കുന്ന ആനുകൂല്യമാണ് രണ്ടാമത്തേത്. കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്‍ മേക്കപ്പൊന്നുമില്ലാതെ, ഷേവു ചെയ്യാത്ത മുഖവുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴും വിലകുറഞ്ഞ പരുക്കന്‍ ഖദര്‍ ധരിച്ച് സമ്പന്നന്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്തുമ്പോഴും കവി (എഴുത്തുകാരന്‍) രചന ശരിയാക്കാന്‍ ജീവിതത്തെ തെറ്റിക്കുമ്പോഴും ഇതേ മൂലധനം തന്നെയാണ് ജനസമ്മിതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രജനീകാന്തിന്റെ ലാളിത്യവും അയ്യപ്പന്റെ അരാജകത്വവും അവരുടെ പ്രശസ്തിയ്ക്ക് അതിശക്തമായ അടിത്തറയാണ് നല്‍കുന്നതെന്നു കാണാം. ബുദ്ധിജീവികളെക്കുറിച്ച് പുസ്തകമെഴുതിയ പോള്‍ ജോണ്‍സനെ ഒരു പത്രപ്രവര്‍ത്തകന്‍ കാണാന്‍ പോയ കഥ ‘ഈ നൂറ്റാണ്ടിലെ സമാഹരിക്കപ്പെട്ട മികച്ച അഭിമുഖങ്ങള്‍‘ എന്ന പുസ്തകത്തിലുണ്ട്. ചോദ്യങ്ങള്‍ക്കൊന്നും ശരിയായ ഉത്തരമില്ല. ‘അത്.. അപ്പോള്‍.. ..’ തുടങ്ങിയ സര്‍വനാമങ്ങള്‍ക്കു ശേഷം നീണ്ട മൌനം, നെടുവീര്‍പ്പ്, അര്‍ദ്ധവിരാമങ്ങള്‍, വിരാമങ്ങള്‍. എഴുതിവച്ചകാര്യങ്ങളില്‍ പോലും തികഞ്ഞ അജ്ഞത ഞാനെന്തു പറയാന്‍ എന്ന മട്ട്. അതോ മറ്റെന്തെങ്കിലുമോ...അതും മികച്ച അഭിമുഖമായി!

പ്രശസ്തരുടെ കഥയങ്ങനെ. നിത്യജീവിതത്തില്‍ നാം കണ്ടു മുട്ടുന്ന അനേകങ്ങള്‍, പ്രശസ്തരുടെ ചുവടുപിടിച്ചാണോ എന്നു വ്യക്തമല്ല, ഇപ്രകാരം ആധികാരികമായ അജ്ഞതാപ്രകടനം നടത്താറുണ്ട്. ഗള്‍ഫില്‍ പല അവാര്‍ഡുദാനച്ചടങ്ങുകളിലും മുഴങ്ങികേട്ടിട്ടുള്ള വചനഘോഷണമാണത്. നിലമ്പേരൂരാണോ, വി മധുസൂദനനാണോ മുഖ്യാതിഥി എന്നറിയാതെ രണ്ടു പേരുകളും വച്ച് അമ്മാനക്കളി കളിച്ചിട്ട് ഒടുവില്‍ അദ്ധ്യക്ഷന്‍ സമ്മതിച്ചു. “ഞാനീ പുസ്തകങ്ങളൊന്നും കണ്ടിട്ടില്ലാ...” ടി പദ്മനാഭന്‍ ഇരിക്കുന്ന വേദിയില്‍ കയറി നിന്ന് ‘ഞാനിദ്ദേഹത്തിന്റെ കഥകളൊന്നും വായിച്ചിട്ടില്ല എന്നു പറഞ്ഞാണ്‘ മുന്‍പ് ഒരാള്‍ പ്രസംഗം തുടങ്ങിയത്. ‘സക്കറിയയുടെ കൃതികളില്‍ അശ്ലീലം കൂടുതലാണെന്നു കേട്ടു.. അതൊന്നു കുറയ്ക്കണം‘ എന്ന് വേദിയിലിരിക്കുന്ന സക്കറിയയോട് ഒരു പ്രസംഗകന്റെ ആത്മാര്‍ത്ഥമായ നിര്‍ദ്ദേശം. അവാര്‍ഡുകൊടുത്തതിനു ശേഷം മാത്രം ആ പുസ്തകം വായിക്കുക എന്ന പതിവു വര്‍ഷാവര്‍ഷം അരങ്ങേറാറുണ്ട്. (പ്രധാനമായി ഗള്‍ഫില്‍ !) അവാര്‍ഡുലഭിക്കുന്നവ്യക്തിയായിരിക്കും (ആവശ്യപ്പെട്ട പ്രകാരം) പത്തോ പതിനഞ്ചോ കോപ്പി കൊണ്ടുവന്നു സംഘാടകര്‍ക്ക് കൊടുക്കുന്നത്. ഇവരെയൊക്കെ അറിഞ്ഞും മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളൊക്കെയും വായിച്ചുമേ പറ്റുകയുള്ളൂ എന്നല്ല പറഞ്ഞത്. അതൊക്കെ സ്വന്തം ഇഷ്ടം. പക്ഷേ അറിഞ്ഞുകൂടെന്ന കാര്യം മൈക്കു വച്ചു കെട്ടി പറയണോ എന്നതാണ് ചോദ്യം. അറിഞ്ഞുകൂടെന്ന അറിവ് സത്യസന്ധമാണെങ്കില്‍ അറിയാനായി എന്തുചെയ്യണമെന്നല്ലേ ആലോചിക്കേണ്ടത്. മനസിലായില്ല എന്നെഴുതിവയ്ക്കാന്‍ എന്തെങ്കിലും ആലോചന വേണോ? തനിക്ക് ആലോചനയില്ലെന്ന കാര്യം അങ്ങനെ വിളംബരപ്പെടുത്താനുള്ളതാണോ എന്നാലോചിക്കേണ്ടതല്ലേ? ധാരാളം ‘മനസിലായില്ലകള്‍’ ‘ഫ്ലഷ് ചെയ്തിട്ടും പോകാത്ത സിഗററ്റുകുറ്റികള്‍ പോലെ‘ ബ്ലോഗുകളില്‍ കമന്റുകളായി പൊങ്ങിക്കിടക്കുന്നതു കണ്ടിട്ടുണ്ട്. കൂടുതലും കവിതാബ്ലോഗുകളില്‍. ഈ അജ്ഞത ഒരു പ്രതീകാത്മക മൂലധനത്തെയും അവയുടെ കര്‍ത്താക്കള്‍ക്ക് നിര്‍മ്മിച്ചു കൊടുക്കുന്നില്ല. എന്നിട്ടും എന്തു കൊണ്ട് അവയുടെ വലിപ്പം വലുതായിക്കൊണ്ടിരിക്കുന്നു? എനിക്കു തോന്നുന്ന ചില കാരണങ്ങള്‍ ഇവയാണ് 1) സഹജീവിയുടെ ശബ്ദം സംഗീതമായി തോന്നാത്തത്..ഇവനെ/ഇവളെ ഗൌരവമായി കണക്കിലെടുക്കേണ്ടതില്ല എന്ന് മനസ്സില്‍ ആരോ മന്ത്രിക്കുന്നു.. 2) സ്വന്തം നിലപാടു തറയില്‍ നിന്ന് ഇനി ആരു വിളിച്ചാലും താഴേയ്ക്കിറങ്ങുന്ന പ്രശ്നമില്ല എന്ന അതിശക്തമായ മുന്‍‌ധാരണ. 3) താന്‍പോരിമ 4) സ്ഥാപനവത്കരിക്കപ്പെട്ടതിനിട്ടൊന്നു കൊട്ടാനുള്ള ആഗ്രഹം, കാരണമറിയാതെയുള്ള ഒരു നിഷേധത്വം

സത്യസന്ധതയുടെ ഒരംശം ഇതിനില്ലേ എന്നൊരു സംശയം വരാം. തനിക്കറിഞ്ഞുകൂടാത്തതു തന്നെയാണ് അറിഞ്ഞുകൂടായെന്നു പറയുന്നത് എന്നു വന്നാലോ? അല്ലെങ്കില്‍ ഒരു മുന്‍‌കൂര്‍ ജാമ്യം? അങ്ങനെയുമാകാം. എന്നാല്‍ ശരിയായ അജ്ഞത, പൊതുവായി പരസ്യപ്പെടുത്താന്‍ അഭിമാനബോധമുള്ള ഒരു മനസ്സ് സമ്മതിക്കില്ല. അപ്പോള്‍ സങ്കീര്‍ണ്ണമായ ഒരു മാനസികപ്രവര്‍ത്തനമാണ് പരസ്യപ്പെടുത്താന്‍ വെമ്പുന്ന അജ്ഞത. സ്റ്റേജിലോ, അഭിമുഖത്തിലോ പ്രശസ്തനായ ഒരു വ്യക്തിയുടെ അതേ മാനസികപശ്ചാത്തലത്തിലല്ല ബ്ലോഗുപോലെയുള്ള സ്ഥലങ്ങളില്‍ ഇതു പ്രവര്‍ത്തിക്കുന്നത്. ‘മനസിലായില്ല’ എന്ന പ്രയോഗം ഒരു പുറംകാലുകൊണ്ടുള്ള തട്ടാണ്. അറിയാനും അറിയിക്കാനുമുള്ള സംവാദത്തിന്റെ വേദിയിലെ സജ്ജീകരണങ്ങളെല്ലാം ആ തട്ടില്‍ വീണുടയും. മനസിലായില്ല എന്നെഴുതി വയ്ക്കുന്നതിനു പകരം ‘ഇങ്ങനെയല്ലേ ഉദ്ദേശിച്ചത് അല്ലെങ്കില്‍ അങ്ങനെയായാല്‍ എങ്ങനെയാണ് ശരിയാവുക‘ എന്നു ചോദിക്കാന്‍ കഴിയാത്തവരല്ല, അവര്‍. പക്ഷേ അതിനു മനസ്സിലെ ആള്‍ത്തിരക്കുവിട്ട് ഒരല്പം ഏകാന്തനായി സഞ്ചരിക്കേണ്ടി വരും. ബ്ലോഗു തുടങ്ങാനുള്ള നാലാമത്തെ സ്റ്റെപ്പായി അത് നമ്മള്‍ ഏറ്റെടുക്കുന്നുണ്ട്. അതോടൊപ്പം മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്കു വേണ്ടിയും സഞ്ചാരം ആവശ്യമാണെന്നു വരുമ്പോള്‍ പേശികള്‍ പിണങ്ങുന്നു. അതാണ് ‘മനസിലായില്ല’യുടെ യഥാര്‍ത്ഥവും അടിസ്ഥാനവുമായ കാരണം. മറ്റുള്ളവ വെറുതെ വെണ്‍ചാമരം പിടിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ.
സാരമില്ല. മനുഷ്യന്‍ സാമൂഹികജീവിയല്ലേ, അപ്പം കൊണ്ടു മാത്രം ജീവിച്ചുപോകാന്‍ പറ്റുമോ?

അനു :
“വെള്ളെഴുത്തു പറഞ്ഞതു് എനിക്കു മനസ്സിലായില്ല....“
Post a Comment