December 17, 2007

നമ്മുടെ മുറ്റത്ത് ആരാണ്?കുറച്ച് ഗൌരവമുള്ള കാര്യമാണ്.

ദേശീയപാഠ്യപദ്ധതി ചട്ടക്കൂട്-2005 (NCF 2005) ന്റെ ചുവടു പിടിച്ച് തയാറാക്കിയ കേരളപാഠ്യപദ്ധതി ചട്ടക്കൂട് -2007 (KCF 2007) -ഉം കേരളവിദ്യാഭ്യാസനിയമ (KER)പരിഷ്കാരവും ഇതിനകം വിവാദമായി തീര്‍ന്നിട്ടുണ്ടെങ്കിലും ധര്‍ണ്ണകള്‍, പ്രതിഷേധപ്രകടനങ്ങള്‍, നിവേദനങ്ങള്‍ സമര്‍പ്പിക്കല്‍, രാജി തുടങ്ങിയവ, സര്‍ക്കാരു കാര്യം പോലെ തന്നെ മുറയ്ക്കു ഇങ്ങേവശത്തു നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി തന്നെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടു പോയെന്ന അശുഭചിന്ത ഈ മേഖലയിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്. എങ്കിലുമൊന്നിനും കഴിയാത്ത അവസ്ഥ. ഇനിയും കാലാവധി നീട്ടിയില്ലെങ്കില്‍ ഡിസംബര്‍ 31-ന് സി പി നായര്‍ അദ്ധ്യക്ഷനായുള്ള കെ ഇ ആര്‍ പരിഷ്കരണ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിക്കും. പൊതുവിദ്യാഭ്യാസരംഗത്തെ ഭാവിനീക്കങ്ങള്‍ക്ക് അതോടെ തീരുമാനമാവും. സമൂല പരിഷ്കരണമാണ് ഈ രംഗത്ത് വരാന്‍ പോകുന്നത്. പ്രധാനമാറ്റങ്ങള്‍ ഇവയാണ് :

1) മൈനസ് ടു മുതല്‍ പ്ലസ് ടു വരെ ഒരു കുടക്കീഴിലാവുന്നു.അതോടെ ‘പ്രീഡിഗ്രി’ ഡിലിങ്കിംഗ് പൂര്‍ണ്ണമാവും. സ്കൂള്‍ വിദ്യാഭ്യാസം 12 വര്‍ഷം എന്നു നിജപ്പെടും. നമ്മളൊക്കെ ഓമനിച്ചു നടന്ന പത്താംക്ലാസ് പരീക്ഷ അപ്രത്യക്ഷമാവുകയും പകരം ‘12‘ പ്രാധാന്യത്തോടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യും.

2) വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും കുട്ടി പരിശീലിക്കണം. അതിന് പ്രാദേശികമായി കിട്ടുന്ന വിദഗ്ധരെ ഉപയോഗപ്പെടുത്തിയാല്‍ മതിയാകും.

3) സ്കൂള്‍ സമയം രാവിലെ ഏഴുമണിമുതലാവും. ഉച്ചവരെ പഠനം. അതു കഴിഞ്ഞ് പ്രാദേശികമായ അറിവുകള്‍ നേടല്‍, കലാകായിക പരിശീലനം, ലാബ് വര്‍ക്ക്, ഗൃഹപാഠങ്ങള്‍ ചെയ്യല്‍, തൊഴില്‍ പരിശീലനം. അങ്ങനെ സ്കൂള്‍ പാഠങ്ങള്‍ വീട്ടിലേയ്ക്കു വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കപ്പെടും. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹികമാറ്റങ്ങള്‍ അറിയാനും അവയുമായി ഇടപഴകാനും അവസരം ലഭിക്കും. ആറുമണിക്കൂര്‍ മാത്രം ജോലി ചെയ്ത് ഭീമമായ ശമ്പളവും പറ്റി വീട്ടിലേയ്ക്കോടുന്ന അദ്ധ്യാപ(ഹയ)കര്‍ക്ക് മറ്റു തൊഴിലാളികളെ പോലെ എട്ടു മണിക്കൂറും ജോലി ചെയ്യേണ്ടി വരും. അനാവശ്യ അവധികള്‍ കുറയും. അദ്ധ്യാപകപരിശീലനം (inservice) നിര്‍ബന്ധിതമാക്കും.

4) പഠനം മാതൃഭാഷയില്‍. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒന്നു മുതല്‍ ഇംഗ്ലീഷു പഠിപ്പിക്കാന്‍ തുടങ്ങും.

5) ഹയര്‍ സെക്കണ്ടറി തലത്തില്‍ ഭാഷാപഠനം ഒന്നു മാത്രം മലയാളം അല്ലെങ്കില്‍ ഇംഗ്ലീഷ് (ഹിന്ദി, സംസ്കൃതം, റഷ്യന്‍, അറബിക്....തുടങ്ങിയവയുടെ കാര്യം ആലോചിക്കാവുന്നതാണ്)

6) സ്കൂള്‍ കാര്യങ്ങള്‍ പ്രാദേശികഭരണസമിതികള്‍ (പഞ്ചായത്തുകള്‍ തന്നെ!) ഇടപെട്ടുതുടങ്ങും. അതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടും. നോക്കാനാരുമില്ലെന്ന മട്ടില്‍ പല സ്കൂളുകളും തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്ന രീതിയ്ക്ക് അറുതിയാവും. അദ്ധ്യാപകരെ ലഘുവായി ശിക്ഷിക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ടാവും. ശമ്പളം, അലവന്‍സ് തുടങ്ങിയ കാര്യങ്ങളും പഞ്ചായത്തു വഴി നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ അദ്ധ്യാപകരുടെ അലസതയും മടിയും മാറ്റി അവരെ നേര്‍വഴിയ്ക്ക് കൊണ്ടുവരാന്‍ പറ്റും. പഞ്ചായത്തുകളുടെ ഇടപെടലോടെ പ്രാദേശികമായ വിഭവശേഖരണത്തിനും സ്കൂളുകള്‍ക്ക് വഴി തുറന്നു കിട്ടും.

7) സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ വെള്ളം ചേരാത്ത അറകളിലുള്ള കൂട്ടുക്കെട്ടുകളെ പൊളിച്ച് പുതിയക്രമം ആരംഭിക്കും.

8) ആദ്യം ഇന്ത്യയ്ക്കും പിന്നെ ലോകത്തിനും മാതൃകയാവുന്ന തരത്തില്‍ പുതിയ പാഠ്യപദ്ധതിക്രമം തന്നെ കേരളത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടും.

ചില നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റുക പാഠപുസ്തകങ്ങളുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങി ചില്ലറ കളികള്‍ മാത്രം നടന്നു വന്നിരുന്ന മേഖലയാണ് പൊതുവിദ്യാഭ്യാസരംഗം. ഇവിടെ സമൂല പരിവര്‍ത്തനം വരുത്തിയേ അടങ്ങൂ എന്ന് വാശിപിടിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത് എന്നറിയില്ല. സാക്ഷരതയൊക്കെ ഇത്ര ഉയര്‍ന്നിരിക്കുന്ന കേരളത്തില്‍ എടുത്തു പിടിച്ചുള്ള പരിഷ്കരണവും അതിനുവേണ്ടി ചെലവഴിക്കുന്ന കോടികളും ചില രഹസ്യങ്ങള്‍ പൊത്തിപ്പിടിക്കുന്നില്ലേ എന്ന് ദോഷൈകദൃക്‌കുകള്‍ക്ക് ന്യായമായും സംശയിക്കാം. കാരണം ചര്‍ച്ചകളൊക്കെ പ്രഹസനങ്ങളാണ്. അദ്ധ്യാപകസംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, പഞ്ചായത്ത്, സ്കൂള്‍ എന്നിവിടങ്ങളിലൊക്കെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടന്നു. എന്താണ് ചട്ടക്കൂടിലും കെ ഇ ആറിലും ഉള്ളതെന്ന് സര്‍ക്കാര്‍ പ്രതിനിധി പറയും, കേട്ടിരിക്കുന്നവര്‍ എന്തെങ്കിലുമൊക്കെ പറയും. അയാളത് എഴുതിയെടുക്കും. അത്രതന്നെ. വിശദീകരണയോഗങ്ങളില്‍ ചര്‍ച്ചയുടെ എണ്ണം അക്കമിട്ടു നിരത്താന്‍ ഇത്രയൊക്കെ മതി. കൊക്കെത്ര കുളം കണ്ടിരിക്കുന്നു!

മദ്രസാപഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് മുസ്ലീം സംഘടനകളും പഞ്ചായത്തിന്റെ ഇടപെടല്‍ കുഴപ്പമാവും എന്നു പേടിച്ച് ചില അദ്ധ്യാപകസംഘടനകളും ന്യൂനപക്ഷാവകാശം പറഞ്ഞ് മറ്റു ചില സമുദായ സംഘടനകളും രംഗത്തെത്തി ചട്ടപ്പടി പ്രതിഷേധങ്ങളുമായി മുന്നേറുന്നുണ്ട്. അദ്ധ്യാപകവിഭാഗം പ്രബലമാണെന്ന് കണ്ട് ചില രാഷ്ട്രീയനീക്കങ്ങളും അണിയറയില്‍ നടക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ അപകടം സ്ഥിതിചെയ്യുന്നത് പാഠപുസ്തകങ്ങള്‍ KCF 2007-ന് അനുഗുണമായി പരിഷ്കരിക്കുന്നതിലാണെന്നതാണ് സത്യം.(തിരിച്ചും പറയാം, KCF തന്നെ പാഠപുസ്തകപരിഷ്കരണത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പടച്ചതാണെന്ന്..) ‘അറിവ് സാമൂഹികമാറ്റത്തിനുള്ള ആയുധ’മാണെന്ന് മാത്രമല്ല അതിലേയ്ക്ക് കുട്ടിയെ നയിക്കുകയാണ് പുതിയ വിദ്യാഭ്യാസം ചെയ്യേണ്ടത് എന്ന് പുതിയ പാഠ്യപദ്ധതി മാര്‍ഗരേഖ പറയുന്നു. സങ്കല്പലോകത്ത് ജീവിതം സാദ്ധ്യമല്ല. അതുകൊണ്ട് തനിക്കു ചുറ്റുമുള്ള ലോകത്തെ കുട്ടി അറിയണം. അതിനെ വിശകലനം ചെയ്യണം. പരിഹാരം കണ്ടെത്തണം. അതു പ്രയോഗിക്കണം. അങ്ങനെ ലഭിച്ച അറിവു മെച്ചപ്പെടുത്തണം. അതു പ്രയോഗിക്കാന്‍ പുതിയ മേഖലകള്‍ അന്വേഷിക്കണം.

ഈ ലക്ഷ്യം സാദ്ധ്യമാക്കാന്‍ പല വിദഗ്ധന്മാര്‍ കൂടി, കേരളം ഇന്നു നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്ത്, വര്‍ഗീകരിച്ചെടുത്തിട്ടുണ്ട്.
ആരോഗ്യം,
കൃഷി,

ജലം,
തൊഴില്‍ മഹത്വം,

സാംസ്കാരികത്തനിമ,
പരിസ്ഥിതിയ്ക്ക് യോജിച്ച വ്യവസായ-നഗര നിര്‍മ്മാണം,
പാര്‍ശ്വവത്കൃതജീവിതം,

വിശ്വമാനവികത

-ഇവയാണ് പ്രശ്നമേഖലകള്‍. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല. എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചുകൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന ഒരു കുട്ടി ഒടുവില്‍ എന്തായി തീരും എന്നൂഹിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ല. അതു കണ്ടറിയേണ്ട സംഗതിയാണ്. (പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം..) മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് മാത്രം ഭാഷാപുസ്തകങ്ങള്‍ പോലും നിറയുന്ന അവസ്ഥയാണുണ്ടാവുക. (ഇപ്പോഴും അതുണ്ട്, പുതിയ വ്യവഹാരരൂപങ്ങള്‍ എന്ന മട്ടില്‍ സാരമില്ല എന്നു വയ്ക്കാം, എന്നാല്‍ അവകള്‍ മാത്രമായി ഭാഷാപഠനം ചുരുങ്ങുമ്പോഴോ? നമ്മുടെ സര്‍ഗാത്മക സാഹിത്യകാരന്മാരും ശൈലീവല്ലഭന്മാരും പരണത്തിരിക്കും, മുദ്രാവാക്യകവിതകളും ഉപദേശലേഖനങ്ങളുമെഴുതിയ റിപ്പോട്ടര്‍മാര്‍ എഴുത്തുകാരായി കുട്ടികളുടെ മനസ്സില്‍ പൂത്തുലയും.) ‘ഭാഷാപഠനം’ ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായിട്ടുണ്ട് സ്കൂള്‍ ക്ലാസുകളില്‍. പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സോഷ്യല്‍ സയന്‍സ് (സാമൂഹിക പാഠം) പുസ്തകത്തിനും ശാസ്ത്ര പാഠപുസ്തകങ്ങള്‍ക്കും ഭാഷാപുസ്തകങ്ങള്‍ക്കും വലിയ വ്യത്യാസമില്ലാതെയാവും. സൌന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്ന് ഒഴിഞ്ഞുപോകും. ക്ലാസ് മുറികള്‍ പരീക്ഷണശാലകളായി മാറും. കുട്ടികളാണ് പരീക്ഷണവസ്തുക്കള്‍. ഇതു പരീക്ഷിച്ചു നിരീക്ഷിച്ചിട്ടു വേണം ഇന്ത്യയൊട്ടാകെ ഈ ക്രമം നടപ്പില്‍ വരുത്താന്‍, പിന്നെ ലോകത്തും. കൃത്യമായൊരു അജണ്ട ഇതിനു പിന്നിലുണ്ട്. ആരെ സഹായിക്കാനാണിത് എന്ന കാര്യത്തില്‍ മാത്രമാണ് ആശങ്ക. ആരാണിതിന്റെ ശരിയായ പ്രായോജകന്‍ എന്ന കാര്യത്തിലും. പതിനൊന്നാം പദ്ധതി, ദേശീയ വിദ്യാഭ്യാസനയം എന്നൊക്കെ ആളെ പേടിപ്പിക്കാന്‍ ഒച്ചയിടുന്നതാണ്. പദ്ധതി വിഹിതത്തിനു മുന്നേ ഇവിടെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒഴുകി തുടങ്ങി. NCF 2005 ന്റെ ആസൂത്രണത്തില്‍ കേരളത്തിലെ NGO കള്‍ക്ക് വ്യക്തമായും പങ്കുമുണ്ട്.

വിദ്യാഭ്യാസത്തിലെ കാവിവത്കരണത്തെക്കുറിച്ച് ഒരുപാട് ഒച്ചപ്പാട് ഇടതുപക്ഷ സംഘങ്ങളില്‍ നിന്നാണു നാം കേട്ടത്. അവരുടെ തന്നെ നേതൃത്വത്തില്‍ നടക്കുന്നത് എന്തുവത്കരണമാണെന്നറിയാന്‍ കുറച്ചുകാത്തിരിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസം ഒരു ആഭ്യന്തരകാര്യമാണ്. എന്നിട്ടും അതില്‍ ആരോ താത്പര്യമെടുക്കുന്നു, ചുമതലപ്പെട്ടവരെ, ദല്ലാളന്മാരാക്കി കൈകഴുകിക്കുന്നു. സംഘടനകളെ കാര്യസ്ഥന്മാരാക്കി മാറ്റി നിര്‍ത്തുന്നു. കേരളത്തിന്റെ പ്രശ്നമേഖലകള്‍ തീരുമാനിച്ചത് ആരാണെന്നതാണ് കാതലായ ചോദ്യം. വരും വര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികള്‍ ഈ പ്രശ്നമേഖലകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി എന്നു വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് കോടികള്‍ ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നത്. അതിനു തടസ്സമുണ്ടാവാതിരിക്കാനാണ് പഞ്ചായത്തുതല മേല്‍നോട്ടം വരുന്നത്. അങ്ങനെ നോക്കിയാല്‍ എടുത്തുപിടിച്ചുള്ള വിദ്യാഭ്യാസപരിഷ്കരണ നെട്ടോട്ടം എന്തിനെന്നു മനസ്സിലാവും. മനസ്സിലായിട്ടെന്താ എന്ന് അടുത്ത ചോദ്യം.

അനു: ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... ..............സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊന്നും കണ്ടില്ല. പിന്നെ ശബ്ദം എങ്ങനെ കേട്ടു.................?
Post a Comment