August 12, 2025

സിനിമയും വിലക്കുകളും

 


എൻ പി സജീഷിന്റെ ലേഖനം ‘മുറിവേറ്റ നവലോകം’ (103 : 19) സ്വാതന്ത്ര്യം ലഭിച്ചു കുറച്ചു വർഷങ്ങൾക്കുള്ളിൽത്തന്നെ ബ്രിട്ടീഷുകാർ വാർത്തെടുത്ത മേൽക്കോയ്മാ-നിരീക്ഷണ സംവിധാനത്തിന്റെ സ്വാധീനം കൂടുതൽ കാർക്കശ്യത്തോടെ നമ്മുടെ സാംസ്കാരിക മേഖലയെയും കീഴടക്കാൻ തുടങ്ങിയതിന്റെ  ഫലപ്രാപ്തിയെ വ്യക്തമായി വരച്ചു കാണി ക്കുന്നു. ‘തിരമാല’യെ വെട്ടിമുറിക്കാനുള്ള കാരണം ‘രാഷ്ട്രീയപര’മായിരുന്നെങ്കിൽ അധികം താമസിക്കാതെ ചലച്ചിത്രങ്ങൾക്ക്  സദാചാരപരമായ വിലക്കുകളും വീണുതുടങ്ങി.  
    വമ്പിച്ച വ്യാപാരവിജയമുണ്ടായ ‘ജീവിതനൗക’, മലയാള സിനിമയ്ക്ക് വഴിത്തിരിവുണ്ടായ അതേ വർഷം (1951 -ൽ) പുറത്തിറങ്ങിയ ‘നവലോക’ത്തിനു ‘അർഹി ക്കുന്ന സ്ഥാനം ചരിത്രത്തിൽ കിട്ടാതെ പോയതിനും വാണിജ്യവിജയം ഉണ്ടാകാതെ പോയതിനു’മുള്ള മുഖ്യകാരണങ്ങളിലൊന്നായി ഔചിത്യമില്ലാത്തതും പകപോക്കൽ സ്വഭാവമുള്ളതുമായ വിലക്കിനെയും വെട്ടിമാറ്റലുകളെയും കാണണം.  തിയേറ്ററിൽ പരാജ യമായിരുന്ന ചിത്രത്തെപ്പറ്റി അന്നത്തെ മുഖ്യ നിരൂപകർക്കും നല്ല അഭിപ്രായ മുണ്ടായിരുന്നില്ല.  മലയാളത്തിലെ പ്രസിദ്ധ ചലച്ചിത്രനിരൂപകനായ സിനിക് എഴുതി : “മാതൃഭാഷാസ്നേഹംമാത്രം പ്രലോഭനമായി ഇനി ഇത്തരം സിനിമ കാണാൻ സാഹസ പ്പെട്ടുകൂടാ. ആശയം കുത്തിച്ചെലുത്തിയതുകൊണ്ടോ സാഹിത്യകാരൻ കഥയെഴുതി യതുകൊണ്ടോ സിനിമ സിനിമയാവുകയില്ല എന്ന സത്യത്തിലേക്ക് നമ്മുടെ അറിവു കടന്നു ചെല്ലുന്നു.”  മലയാളചിത്രങ്ങളിൽ മലയാളത്തനിമയില്ലെന്ന് അക്കാലത്തെ ആനുകാലിക ങ്ങളിൽ  വർഷങ്ങളായി നിരൂപകർ മുറവിളി കൂട്ടിയിരുന്നതിനെ അനുസ്മരിപ്പിച്ചുകൊ ണ്ടാണ് സിനിക്, മാതൃഭാഷാസ്നേഹത്തെ പ്രത്യേകമായി പരാമർശിക്കുന്നത്.  മലയാളി യായ സാഹിത്യകാരൻ കഥയും സംഭാഷഷണവു മെഴുതിയാലും അവതരിപ്പിക്കപ്പെടുന്ന ആശയങ്ങൾക്ക് കലാപരമായ പരിണാമം സംഭവിക്കാതിരുന്നാൽ ചിത്രം പരാജയപ്പെടും എന്ന കാര്യത്തിലാണ് സിനിക്കിന്റെ ഊന്നൽ. 
      ‘പീഡിതരും നിന്ദിതരുമായ അവശജനവിഭാഗത്തിന്റെ മോചനത്തിനായി പോരാടുന്ന ഉത്കൃഷ്ട ആശയമുള്ള ചിത്രം’ പരാജയമാകാൻ കാരണം സെൻസർ ബോർഡി ന്റെ ആക്രമണമായിരുന്നുവെന്നും  വഞ്ചിയൂർ മാധവൻ നായർ അവതരിപ്പിച്ച ഗോപിയെന്ന പ്രധാന കഥാപാത്രത്തിന്റെ വികാരോജ്ജ്വലമായ സംഭാഷണങ്ങളും രംഗങ്ങളും സെൻസർ നിർദ്ദേശം അനുസരിച്ച് വെട്ടി മാറ്റിയപ്പോൾ പടം ഒന്നിനും കൊള്ളാതായി മാറിയതാണ് എന്ന് അഭിപ്രായമുള്ളവരും ഉണ്ടായിരുന്നു.  
    കൗമുദി വാരികയിൽ സിനിമാനിരൂപണം എഴുതിയിരുന്ന ജ്യോതി സിനിമ നല്ലതാണെന്ന് പറയുന്നില്ല (കൗമുദി 1126 മേടം 10). എന്നാൽ   സിനിമയുടെ ഒഴുക്ക് പൂർണ്ണമായും നഷ്ടപ്പെടാനുള്ള കാരണമായി അദ്ദേഹം കണ്ടത്, സെൻസർകാരുടെ കത്രിക പ്രയോഗത്തെയാണ്. നിലവിലിരിക്കുന്ന വ്യവസ്ഥിതിയെയും അതിന്റെ കാവൽഭടന്മാരെയും സഹായിക്കുക, ഇത്തരം (രാഷ്ട്രീയ) ചിത്രങ്ങളെടുത്താൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട് കൈ പൊള്ളും എന്ന് നിർമ്മാതാക്കളെ ബോധ്യപ്പെടുത്തി അവരെ പിന്തിരിപ്പിക്കുക - ഈ രണ്ടു കാര്യങ്ങളാണ് സെൻസർ ബോർഡിന്റെ ഇടപെടലിലൂടെ സംഭവിക്കുന്ന തെന്നായിരുന്നു ജ്യോതിയുടെ വിശകലനം. “കൃഷിഭൂമി കർഷകന് എന്നു സിനിമയിൽ വിളിച്ചുകൂടാ, കർഷകനെ അപമാനിക്കരുത് എന്ന മുദ്രാവാക്യം വർഗസമരത്തെ പോഷിപ്പി ക്കലാണ്” എന്നൊക്കെ വലിയ ശീർഷകം നൽകിയാണ് ആ കുറിപ്പ് ജ്യോതി എഴുതുന്നത്.
    രണ്ടുവർഷം കഴിഞ്ഞ്  1953-ൽ ‘തിരമാല’ എന്ന ചിത്രത്തിനും സെൻസർ ബോർഡിൽനിന്ന് ഇതുപോലെയൊരു ദുർവ്വിധിയുണ്ടായി.  ‘തിരമാല’ സദാചാരത്തിന്റെ പേരിലാണ് അപമാനിക്കപ്പെട്ടത്.  1953 -ൽ പി ആർ എസ് പിള്ളയുടെയും വിമൽ കുമാറിന്റെയും സംവിധാനത്തിൽ പുറത്തിറങ്ങിയ ‘തിരമാല’യുടെ രചന നിർവഹിച്ചത് നാടകകൃത്തും നടനുമായ ടി എൻ ഗോപിനാഥൻ നായരാണ്.  ‘തിരമാല’ നല്ല സിനിമ ആയിരുന്നില്ല, അതിനു ജീവിതഗന്ധമില്ലെന്ന് സംവിധായകരിലൊരാളായ വിമൽകുമാർ പിന്നീട് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. പുതുമയില്ലാത്തതും പല തവണ  ആവർത്തിക്കപ്പെട്ടതുമായ പ്രമേയത്തെ പരാജയകാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെ ങ്കിലും ആ സിനിമയുടെ പരാജയകാരണത്തിലും സെൻസർ ബോർഡിന്റെ അനാവശ്യമായ ഇടപെടൽ ഒരു മുഖ്യകാരണമായിട്ടുണ്ട്. കൗമുദി ബാലകൃഷ്ണന്റെയും സി എൻ ശ്രീകണ്ഠൻ നായരുടെയും നേതൃത്വത്തിലുള്ള താരാപഥം മാസിക 1953 ഏപ്രിലിൽ എഴുതിയ  മുഖപ്രസംഗത്തിൽ പതിനെട്ടു റീലുകളുള്ള ചലച്ചിത്രത്തിന്റെ ആയിരത്തഞ്ഞൂറു അടിയോളം മുറിച്ചു മാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തിയതെന്നും മുറിച്ചു മാറ്റിയ ഭാഗങ്ങൾ പത്രക്കാ ർക്കുമാത്രമായി നിർമ്മാതാക്കൾ പ്രദർശിപ്പിച്ചു എന്നുമുണ്ട്. മുറിച്ചു മാറ്റാൻ പറഞ്ഞവയുടെ കൂട്ടത്തിൽ ചിത്രത്തിൽ പി ഭാസ്കരൻ എഴുതിയ ഒരു ഗാനത്തിന്റെ ഏതാനും വരികൾ കൂടിയുണ്ട്. സെൻസർ ബോർഡിൽ മലയാളിയായി ഒരേയൊരു മെംബറാണുണ്ടായി രുന്നത്.  സെൻസർ ബോർഡ് എന്നൊന്നുണ്ട് എന്ന് നിർമ്മതാക്കളെ ബോധ്യപ്പെടുത്തുക യല്ലാതെ ഗാനത്തിലെ വരികൾ വെട്ടിമാറ്റാൻ പറഞ്ഞതിൽ എന്തു കാര്യമാണുള്ളതെന്ന് പത്രാധിപർ ചോദിക്കുന്നു. 
 “വനമുല്ല മാല വാടി- രമണനവനോ- വന്നില്ല സഖീ-
ഇരവിലിരുളുമൂടി - മണിയായിതോ
എന്നും വിജനം സഖീ - മമഹൃദയമുല്ലമാലവാടി
എൻ വീണയിലിവൾ പാടീമധുരമധുരം
പോരുക നീ പോരുക നീ-
ചേരുക നീ ചേരുക നീ ഓമനയായ്
രമണനേ വരൂ നീ വരൂ നീ
പൂവണികയായ് യൗവന വൃന്ദാവനം
മനോജ്ഞമന്ദഹാസ മുന്തിരിപ്പഴങ്ങൾ
വിരിഞ്ഞ ചുണ്ടിൽ  വീണ ചുംബനസുമങ്ങൾ
നിറഞ്ഞ പൂങ്കാവിൽ നാമൊത്തുചേരുക
പ്രേമത്താമരപ്പൊയ്കയിൽ നീന്തിടും.
നല്ലൊരോമനഹംസമാണിന്നു ഞാൻ
രാഗസംഗീതസാന്ദ്രമീവേദിയിൽ 
ഒരു തങ്കക്കിനാവായ് വന്നു ഞാൻ
സൗന്ദര്യവാടിയിൽ സൗഭാഗ്യകോടിയിൽ
മന്ദം വിരിഞ്ഞിടുന്ന മന്ദാരപ്പൂവു ഞാൻ” 
- ഇതാണ് വരികൾ. 
    ഇതിൽ ‘മന്ദം വിരിഞ്ഞിടുന്ന മന്ദാരപ്പൂവിൽ’ എന്ന വരിയിൽ ദ്വയാർത്ഥം കണ്ടാണ് പാട്ടൊഴിവാക്കാൻ സെൻസർ നിർദ്ദേശം നൽകുന്നത്.  താരാപഥത്തിലെ മുഖപ്രസംഗം ഇങ്ങനെ തുടരുന്നു :  “വിവരമില്ലാത്ത ഇത്തരം ആളുകളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങ ളിലേക്കു നിയോഗിക്കുന്നത് മലയാള സിനിമാവ്യവസായത്തിന്റെ കഴുത്തിൽ കത്തി വയ്ക്കുന്ന തിനു തുല്യമായിരിക്കും. മലയാള സിനിമാവ്യവസായത്തെ ഇത്തരക്കാർക്ക് കളിച്ചു പഠിക്കാ നുള്ള പരീക്ഷണശാലയാക്കുന്നതു നല്ലതല്ല.”
    ‘നവലോക’ത്തെ വെട്ടിമുറിക്കാൻ കാരണക്കാരായ സെൻസർ ബോർഡ് അംഗ ങ്ങളിൽ ഒരാളായ അച്യുതമേനോൻ, മദ്രാസ് സർവകലാശാലയിലെ മലയാളം അദ്ധ്യാ പകനായിരുന്ന ഡോ. ചേലനാട്ട് അച്യുതമേനോനാവാമെന്ന അഭ്യൂഹം സജീഷ് അവതരി പ്പിക്കുന്നുണ്ടല്ലോ. ഇതു ശരിയായിരിക്കണം. ഇംഗ്ളണ്ടില്‍ പോയി ഗവേഷണം നടത്തി തിരിച്ചെത്തിയ ചേലാട്ട്,  മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാള വിഭാഗാധ്യക്ഷനായി നിയമി തനായിരുന്നു. 
     ‘തിരമാല’യിലെ ഗാനംവരെ വെട്ടിമുറിച്ച സെൻസർ ബോർഡിലെ ഏക മലയാളി അംഗം, എന്ന് ‘താരാപഥം’ പരാമർശിക്കുന്നത് മദ്രാസ് സർവകലാശാലയുടെ മേധാവിയായിരുന്ന ഡോ. എസ് കെ നായരെയാണ്.  ചേലാട്ടിന്റെ പിന്തുടർച്ചാക്കാരനായി സർവകലാശാലയിലെ മലയാളവിഭാഗം മേധാവിയായി നിയമിതനായ വ്യക്തിയാണ് ഡോ. എസ് കെ നായർ.  മലയാളത്തിലെ പഴയ സാഹിത്യവും അതിന്റെ ഉള്ളടക്കങ്ങളും ഒന്നും അറിയാത്ത ആളല്ല അദ്ദേഹം. മണിപ്രവാളം ഉൾപ്പടെയുള്ള മലയാളസാഹി ത്യവുമായി പരിചയവുമുണ്ട്. പി ഭാസ്കരന്റെ വരികളിൽ ആഭാസകരമായോ ദ്വയാർത്ഥക മായോ ഒന്നും ഇല്ലെന്നു വായിച്ചോ കേട്ടോ മനസ്സിലാക്കാൻ പറ്റാത്ത വ്യക്തിയുമല്ല. ഇത്തരം ഗാനങ്ങൾ ചലച്ചിത്രദൃശ്യങ്ങളെപ്പോലെ നേരിട്ട് ‘നിരക്ഷരരായ‘ മനുഷ്യരെ സ്വാധീ നിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. എന്നിട്ടും ഈ ഗാനത്തിന്റെ പേരിൽ വന്ന വിലക്ക്,  വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങൾ നിയമവും അധികാരപ്രയോഗത്തിനുള്ള ഉപകരണവുമായി മാറുന്നതിനുദാഹരണമാണ്. കുറച്ചു വർഷങ്ങൾക്കുശേഷം ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘മോഹിനിയാട്ട’ത്തിനും (1976) ഇതേ വിധിയുണ്ടായി. പുരുഷന്മാരിൽനിന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ പീഡനങ്ങളെക്കുറിച്ചുള്ള കഥ പറയുന്ന  നായികാപ്രാധാന്യമുള്ള ചിത്രമായിരുന്ന ‘മോഹിനിയാട്ടം’ വിലക്കിനു വിധേയമായത് ‘സ്ത്രീകളെ അപമാനിക്കുന്നതാണെന്നു’ പറഞ്ഞിട്ടാണ്. കമ്മറ്റിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞ് അടിയന്തിരാവസ്ഥക്കാലത്ത് വിലക്ക് ബലപ്പെടു ത്തുകയും ചെയ്തു എന്ന് ശ്രീകുമാരൻ തമ്പി ‘കറുപ്പ് വെളുപ്പ് മായാവർണ്ണങ്ങൾ’ എന്ന പുസ്തക ത്തിൽ എഴുതുന്നു. ഡോ എസ് കെ നായരുടെ പത്നിയായ വിദ്വാൻ സി എൽ മീനാക്ഷിയമ്മയായിരുന്നു ആ കാലത്ത് സെൻസർ ബോർഡിലെ ഏക വനിതാഅംഗം. 
     കലാപ്രവർത്തകരുടെ ഭാവനയുമായി,  കാര്യനിർവാഹകരുടെ താൻപോരിമ സംഘർഷത്തിലേർപ്പെടുന്ന ഇടമാണ് രാഷ്ട്രീയമേഖല. പലപ്പോഴും സംഭവിക്കുന്നത് എക്സിക്യൂട്ടീവുകൾ അവർക്ക് അർഹതപ്പെട്ടിട്ടില്ലാത്ത ഭാരം കൂടിയെടുക്കുന്നു. അവരുടെ വിരൽത്തുമ്പിൽ കിടന്നു ചാഞ്ചാടേണ്ടവയാണ് സാംസ്കാരികരൂപങ്ങൾ എന്ന നിലപാടിൽ ജനാധിപത്യവും പൗരാവകാശവും ആവിഷ്കാരസ്വാതന്ത്ര്യവും അങ്ങനെ പലതും മുൻ-പിൻ വിചാരമില്ലാതെ നിരാകരിക്കപ്പെടുന്നു. പേടിപ്പിക്കുന്ന കഴിഞ്ഞകാലങ്ങളിലെ ഭൂതങ്ങൾ, ‘ധർമ്മസംസ്ഥാപനാർത്ഥം’ പിറവിയെടുക്കാനായി വഴിയൊരുക്കുക തങ്ങളുടെ ഉത്തരവാദി ത്തമാണെന്ന് അവർ ധരിച്ചുവശാവുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും വൈകാരികതയും വിധിതീർപ്പുകളായി മേൽക്കൈ നേടാനുള്ള അവസരം ഒരുക്കിയത്, മാറ്റമില്ലാതെ തുടരുന്ന ഈ അവസ്ഥയാണ്. ജനാധിപത്യപരമായി സാംസ്കാരികതയുടെ ഇടങ്ങൾ പരിഷ്കരി ക്കാനുള്ള സമയം ഏന്നേ അതിക്രമിച്ചുപോയി. എന്നാലും സർട്ടിഫിക്കറ്റുകൾക്കു പകരം സെൻസർഷിപ്പുകൾ വേണമെന്ന മുറവിളിയാണ് ഇപ്പോഴും അന്തരീക്ഷത്തിലുള്ളത്. കുറച്ചുകാലം മുൻപ്, ടി വി സീരിയലുകളുടെ നിലവാരത്തകർച്ചയെപ്പറ്റിയുള്ള പുരസ്കാരസമി തിയുടെ പരാമർശങ്ങൾക്ക്  “ടെലിവിഷൻ സീരിയലുകൾക്കും സെൻസർഷിപ്പു വേണം” എന്ന ശീർഷകം നൽകിയാണ് മാധ്യമങ്ങൾ വാർത്തയാക്കിയത് എന്നോർക്കുന്നു.  സെൻസറിങ് എന്ന പരിപാടി സിനിമയിൽനിന്ന് ഒഴിവാക്കണമെന്നും ജനാധിപത്യ സമൂഹത്തിനുചേർന്ന നയമല്ല അതെന്നും ലോകമെമ്പാടുമുള്ള കലാപ്രേമികളും കലാചിന്തകരും അഭിപ്രായപ്പെട്ടുകൊണ്ടിരിക്കു ന്നതിനിടയിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള വെട്ടിമാറ്റലുകൾക്കും വിലക്കുകൾക്കും ഇടയിലൂടെയാണ് നാം ജനാധിപത്യയുഗത്തിലും ജീവിക്കുന്നത് എന്ന് വീണ്ടും ആലോചിക്കാൻ (ജെ എസ് കെ സിനിമാശീർഷക വിവാദ ത്തെപ്പറ്റി പറയാതെതന്നെ) എൻ പി സജീഷിന്റെ ലേഖനം കാരണമായി.  
    ആദ്യകാല ചലച്ചിത്രവാർത്തകളെയും നിരൂപണങ്ങളെയും അവലോകനം ചെയ്തുകൊണ്ട് എൻ പി സജീഷിന്റെ ലേഖനം പങ്കുവയ്ക്കുന്ന വിവരങ്ങൾ വിലപ്പെട്ടതാണ്.  ‘നവലോക’ത്തിന്റെ റീ സർട്ടിഫൈ ചെയ്ത ഡിജിറ്റൽ പതിപ്പ് നാഷണൽ ഫിലിം ആർക്കൈ വ്സിൽ സൂക്ഷിച്ചിട്ടുണ്ട്  എന്ന വിവരവും അതോടൊപ്പം പ്രാധാന്യമുള്ളതും സന്തോഷി പ്പിക്കുന്നതുമാണ്. പ്രത്യേകിച്ച്, ആദ്യ ചലച്ചിത്രമുൾപ്പടെ സാംസ്കാരിക ഈടുവയ്പ്പുകൾ പലതും നഷ്ടമാക്കി കളഞ്ഞ ജനതയാണ് നമ്മൾ.  ആദ്യകാല ചലച്ചിത്ര ആനുകാലികങ്ങൾ പലതും നശിച്ചുപോയിട്ടുണ്ട്. അതുവഴി ഇരുളടഞ്ഞുപോയത് കേരളത്തിലെ സാംസ്കാരിക ഈടുവയ്പ്പുകളെക്കുറിച്ച് ആലോചിച്ച് വേവാലാതി പ്പെടുന്നവർക്ക് ഇത്തരം വീണ്ടെടുപ്പുകൾ നൽകുന്ന ആഹ്ലാദം ചെറുതല്ല. 

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2025 ഓഗസ്റ്റ് 17-23