April 19, 2021

വിമർശനം ഒരു ജീവിതരീതിയാണ്


 
കുമാരനാശാൻ രചിച്ച ‘ദുരവസ്ഥ’ എന്ന പദ്യകൃതിയിൽ ഇസ്ലാം മതത്തെയും സമുദായത്തെയും അകാരണമായും അടിസ്ഥാനരഹിതമായും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒട്ടനേകം പ്രയോഗങ്ങൾ കാണുന്നതിനാൽ ‘ദുരവസ്ഥയോടു മുസ്ലീങ്ങൾക്കുള്ള വെറുപ്പിനെ രേഖപ്പെടുത്തുകയും പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണത്തെ കുമാരനാശാൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയം 1098 (1923) വൃശ്ചികം 23 ന് ആലപ്പുഴ മുസ്ലീം യുവജനസംഘം അവതരിപ്പിക്കുകയും അത് ആശാന് അയച്ചുകൊടുക്കുകയുംചെയ്തിരുന്നു. 
 
വൃശ്ചികം 28 നു ആശാൻ അതിനൊരു മറുപടി തയ്യാറാക്കി കാര്യദർശിക്കു അയച്ചു. അതിൽ ആശാൻ എഴുതി : “നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവേ സ്പർശിക്കുന്ന സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓർക്കുന്നില്ല. മലബാറിൽ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുൻ നിർത്തിയുള്ള അവരുടെ പൈശാചികപ്രവൃത്തികളെയും അതിൽ കാവ്യയോഗ്യമായ വിധത്തിൽ വർണ്ണിക്കുകയാണ് ചെയ്തത്. ലഹളയെ സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങൾ അവരെയും അവരുടെ പ്രവൃത്തികളെയും മാത്രം കുറിക്കുന്നവയാണ്. ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകൾ വിവക്ഷിക്കുന്നില്ല.” 
 
“സമുദായ പരിഷ്കരണമാണ് ആ കൃതിയുടെ ഉദ്ദേശ്യം തന്നെ. ഒരുകാവ്യത്തിൽ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയിൽനിന്ന് മുക്തമാക്കി വ്യക്തികളെയും സമുദായത്തെയും ശുദ്ധീകരിക്കണമെന്ന സദുദ്ദേശ്യത്തോടുകൂടിയാണ്. ഈ കൃതിയിലും അപ്രകാരമേ ചെയ്തിട്ടുള്ളൂ. പല സംഗതിയിലും എനിക്കു ബഹുമാനമുള്ള മുസ്ലീം മതത്തെയും അനവധി യോഗ്യന്മാരും എനിക്കു തന്നെ മാന്യസ്നേഹിതന്മാരുമുള്ള നിങ്ങളുടെ സമുദായത്തേയും വൃഥാ ആക്ഷേപിച്ച് അതൃപ്തി സമ്പാദിപ്പാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കൃതി എഴുതാൻ ഞാൻ സമയവ്യയം ചെയ്തതെന്ന് തീരുമാനിക്കുന്നതു കഷ്ടമല്ലേ? അതുകൊണ്ട് വൃഥാ തെറ്റിദ്ധരിച്ചു ക്ഷോഭമുണ്ടാക്കാതിരിപ്പാൻ പ്രതിഷേധയോഗക്കാരോടു ഞാൻ സ്നേഹപൂർവം അപേക്ഷിക്കുന്നതായി അറിയിപ്പാൻ താത്പര്യപ്പെടുന്നു” എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. 
 
വാക്കുകൾ വളരെ സൂക്ഷ്മമായി ഉപയോഗിച്ചാണ് ആശാൻ മറുപടി കത്ത് തയ്യാറാക്കിയിരിക്കുന്നത്. ശ്രദ്ധിച്ചാൽ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയത്തിന്റെ ഭാഷയും അത്രതന്നെ സൂക്ഷ്മമാണ്. ഒരു കൃതി തങ്ങൾക്ക് അപമാനകരമാണെന്നല്ല, അതിലെ ചില പ്രയോഗങ്ങൾ അധിക്ഷേപകരമാണെന്നാണ് അതിൽ പറയുന്നത്. അതു ഒരു കണക്കിൽ ശരിയുമാണ്. ഭാഷയുടെ ഈ ജാഗ്രതയും കൃത്യതയും ആ കാലത്തിന്റെ പ്രത്യേകതയായിരുന്നിരിക്കണം. ഇപ്പൊഴങ്ങനെയല്ല. 
 
ഇത്തവണത്തെ വീണപൂവ് ജന്മശതാബ്ദി പുരസ്കാരം ലഭിച്ച, ജി പ്രിയദർശനൻ എഴുതിയ ‘ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ’ എന്ന പുസ്തകത്തിൽ, സ്വസമുദായക്കാർ തന്നെ ആശാനു പാതിത്യം കൽപ്പിച്ചതിനെയും ആശാന്റെ എതിരാളികളെപ്പറ്റിയുമെല്ലാം ഉണ്ട്. അവയിൽ എല്ലാം ശ്രദ്ധേയമാണെങ്കിലും താത്പര്യം കൂടുതലായി തോന്നിയത് ആശാന്റെ വിമർശന ബുദ്ധിയെപ്പറ്റിയുള്ള ഉദാഹരണങ്ങളാണ്. ഒരിക്കൽ പ്രജാസഭയിൽ പ്രസംഗിക്കവേ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായ പി രാമസ്വാമി അയ്യരെ ചൂണ്ടി, ഈ ഇരിക്കുന്ന ഒരാൾ മാത്രമാണ് എന്റെ സമുദായത്തിനു ദ്രോഹം ചെയ്തത് എന്ന് സധൈര്യം ദിവാനോട് പറഞ്ഞത്രേ. ഈ രാമസ്വാമി അയ്യരുടെ വകയായിരുന്നു തോന്നയ്ക്കലെ ആശാന്റെ വീടിരിക്കുന്ന സ്ഥലവും സ്മാരകസ്ഥലവും. അതു രാമസ്വാമിയിൽനിന്ന് കുമാരനാശാൻ വാങ്ങിയതാണ്. വിമർശനത്തിനു ശേഷമുള്ള രമ്യതയാണത്. നാരായണ ഗുരുവിന്റെ ആത്മോപദേശശതകത്തെപ്പറ്റി അതിന്റെ വ്യാഖ്യാനത്തിൽ “ഭാഷ ശുദ്ധമലയാളവും രചന അതിമനോഹരവുമാണെങ്കിലും അർത്ഥഗ്രഹണത്തിനുള്ള ദുരവഗാഹതയിൽനിന്ന് ഈ ശതകവും മുക്തമല്ല“ എന്ന് ആശാൻ എഴുതിയിട്ടുണ്ട്. പന്തളം കേരളവർമ്മയും ഉള്ളൂർ പരമേശ്വരയ്യരും ആശാന്റെ കൂട്ടുകാരായിരുന്നുവെന്നും മൂന്നു പേരും മൂസ്സാ എന്നയാളിന്റെ വില്ലുവച്ച കാളവണ്ടിയിൽ തിരുവനന്തപുരം പട്ടണത്തിലെ പലയിടങ്ങളിലും സഞ്ചരിച്ചിരുന്നുവെന്നും ഉള്ളൂരിന്റെ മകൻ എഴുതിയിട്ടുണ്ടത്രേ. പക്ഷേ അതൊന്നും ‘ഉമാകേരളത്തെ’ വിമർശിക്കാൻ ആശാനു തടസ്സമായില്ല. (ഉള്ളൂരത് ഗൗരവമായി എടുത്തുമില്ല. അതായിരുന്നില്ല, ചിത്രയോഗ വിമർശനത്തെ തുടർന്നുള്ള വള്ളത്തോളിന്റെ മനോഭാവം. ബന്ധനസ്ഥനായ അനിരുദ്ധനെയും ആശാൻ കളിയാക്കിയതായി ഇതിൽ പറയുന്നു) അധഃകൃതസമുദായാംഗത്തിന്റെ (ആരാണെന്നില്ല) ഒരു കൃതിയെപ്പറ്റി എഴുതേണ്ടതായി വന്നപ്പോൾ അതിലെ ദോഷങ്ങൾ എടുത്തു പറയാൻ ആശാൻ മടി കാണിച്ചില്ല. സഹോദരൻ അയ്യപ്പൻ, വിട്ടുവീഴ്ച ചെയ്യുകയല്ലേ വേണ്ടതെന്ന് ചോദിച്ചപ്പോൾ “ ഞാൻ കലയെ ആരാധിക്കുന്നത് ജാതി നോക്കിയല്ല” എന്നായിരുന്നു മറുപടി. സ്വദേശാഭിമാനിയെ നാടുകടത്തിയ സംഭവത്തിൽ, ആശാൻ പറഞ്ഞ അഭിപ്രായം, ‘മുഖം നോക്കാതെ കാര്യങ്ങൾ വിളിച്ചു പറയുന്നവരുടെ ആവശ്യകത വാസ്തവം പറഞ്ഞാൽ തിരുവിതാംകൂറിൽ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ അദ്ദേഹത്തിന്റെ (രാമകൃഷ്ണപിള്ള) സ്വരത്തിന്റെ ഒടുവിലത്തെ ഗതിഭേദം നിശ്ചയമായും ആപത്കരമായിരുന്നു. മിസ്റ്റർ രാമകൃഷ്ണപിള്ള തന്റെ വാഗ്സാമർത്ഥ്യത്തെ ദുരുപയോഗം ചെയ്ത് പ്രജാക്ഷേമകാംക്ഷിയായ മഹാരാജാവു തിരുമനസ്സിലെ അപ്രീതിക്ക് പാത്രമായി തീർന്നതിൽ വ്യസനിക്കയല്ലാതെ നിവൃത്തിയില്ല.” എന്നാണ്. സംഭവത്തിൽ ദുഃഖമുണ്ടെങ്കിലും സ്വദേശാഭിമാനിയുടെ ദുരന്തം അദ്ദേഹം സ്വയം വരുത്തിവച്ചതാണെന്ന് വ്യംഗ്യം. 
 
മുഖം നോക്കാതെ വാക്കുകൾ പ്രയോഗിക്കുന്നതിൽ ആശാനും സമർത്ഥനായിരുന്നു, പക്ഷേ അവയെ ദുരുപയോഗം ചെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അത്രയുമാണ് ദുരവസ്ഥയിലെ വിമർശനത്തിലും കാണാവുന്നത്. കൊല്ലം പെരിനാടു പ്രദേശങ്ങളിൽ നടന്ന പുലയ- നായർ ലഹളയെപ്പറ്റി മറ്റൊരു അവസരത്തിൽ ആശാൻ എഴുതി, ‘ഒന്നു വിചാരിച്ചാൽ ലഹള ഒരു വലിയ സമുദായ പരിഷ്കാരിയാണ്. ലഹളകൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിനു സിദ്ധിക്കാറുണ്ട്’. അകന്നു നിൽക്കുന്നവരെ കൂട്ടിത്തൊടീക്കുന്നു എന്നതാണതിന്റെ നേട്ടം. ദുരവസ്ഥ മാത്രമായെടുക്കുമ്പോൾ കിട്ടുന്ന, ഒരു സമുദായത്തെ പ്രത്യേകമായി ആശാൻ അപലപിക്കുന്നു എന്ന ചിത്രമല്ല ആശാന്റെ വിമർശസ്വഭാവത്തെ പശ്ചാത്തലമാക്കി മറ്റ് ആവിഷ്കാരങ്ങളിലേക്കുകൂടി നോക്കുമ്പോൾ കിട്ടുന്നത്. 
 
വിമർശനം ആശാന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. അതൊരു ജീവിതരീതിയാണ്.




No comments: