ഉഗ്രശാസനനും കഠിനമായി മർദ്ദിക്കുന്നവനുമായിരുന്നു കിം കി ഡുക്കിന്റെ പിതാവ്. കിമിന് ഒൻപതു വയസ്സുള്ളപ്പോൾ കുടുംബം ബോങ് ഹുവാ എന്ന തെക്കൻ പ്രവിശ്യയിൽനിന്ന് സിയോളിന്റെ പുറമ്പോക്കായ ഇൽസാനിലേക്ക് മാറി താമസിച്ചു. നിഷ്ഠുരമായ വിവേചനവും പീഡനവും കുട്ടിക്കാലം മുതൽ അദ്ദേഹം അനുഭവിച്ചിരുന്നു. കൃഷി പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുനന്തിനിടയിൽ അച്ഛന്റെ ശാസനയെ തുടർന്ന് പഠിത്തം നിർത്തി ചില്ലറപണികൾക്കായി പോയി തുടങ്ങി. 1976 മുതൽ തുടർന്നുള്ള ആറുവർഷം കെട്ടിടം പണിയിലും ബട്ടൺ ഫാക്ടറിയിലും ഇലക്ട്രോണിക് നിർമ്മാണ ശാലകളിലും ഉപയോഗശൂന്യമായ വണ്ടികളുടെ ശവപ്പറമ്പിലും പണിയെടുത്തു നടന്നു. അതിനിടയ്ക്ക് 2300 ട്രാൻസിസ്റ്ററുകൾ ഒരു ദിവസം ഉണ്ടാക്കാൻ കഴിയുന്ന ഒരു യന്ത്രവും ഉണ്ടാക്കി പരീക്ഷിച്ചു. എന്നാൽ കൈത്തോക്കുണ്ടാക്കി വിറ്റു എന്നതിന്റെ പേരിൽ ഇതിനിടയ്ക്ക് പോലീസ് പിടിച്ച് കുറേക്കാലം ജയിലിട്ടു. കഠിനമായ ഉപദ്രവമാണ് അവരിൽനിന്ന് ഇക്കാലത്ത് ഏറ്റുവാങ്ങിയത്.
അച്ഛന്റെ ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടാനാണ് നേവിയിൽ ചേർന്നത്. അതു കഴിഞ്ഞ് സുവിശേഷപ്രവാചകനാകാൻ പോയി. ബധിരരായ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ചിത്രകലയോടുള്ള അഭിനിവേശത്തെ അപ്പോഴൊക്കെയും കൂടെകൊണ്ടു നടന്നു. പണിയെടുത്തു കൂട്ടിവച്ച പണവുമായി കിം 1990 -ൽ പാരീസിലേക്ക് പറന്നു. അവിടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു നടക്കുന്നതിനിടയിൽ ചെന്നെത്താനിടയായ സിനിമാസംഘങ്ങളും തിയേറ്ററുകളുമാണ് അമൂർത്തമായ ആശയങ്ങളുടെയും നിറങ്ങളുടെയും ലോകത്തിൽനിന്ന് അദ്ദേഹത്തെ പ്രകാശത്തിന്റെയും നിഴലിന്റെയും മറ്റൊരു ലോകത്തിലേക്ക് ക്ഷണിച്ചുകൊണ്ടു പോയത്. കിം കി ഡുക്കിന്റെ ജീവചരിത്രകാരനായ ഹൈ സ്യൂങ് ചുങ്, രണ്ടു സിനിമകളുടെ കാര്യം എടുത്തെഴുതുന്നുണ്ട്. 1991 ൽ പുറത്തിറങ്ങിയവയാണ് രണ്ടും. ജോനാഥൻ ഡെമ്മിന്റെ ‘ദ സൈലൻസ് ഓഫ് ദ ലാമ്പും’ ലിയോ കറാക്സിന്റെ ‘ദ ലവേഴ്സ് ഓൺ ദ ബ്രിഡ്ജും’. തന്റെ പ്രകാശനമാർഗം എന്താണെന്നും എങ്ങനെയാണത് വേണ്ടതെന്നും വ്യക്തമായ ദിശാബോധം കിം കി ഡുക്കിനു നൽകിയത് ഈ ചിത്രങ്ങളായിരുന്നു.
പ്രണയവും ഹിംസയും പ്രമേയങ്ങളായ, മനുഷ്യന്റെ അസാധാരണ ഭാവങ്ങളെ ഒപ്പിയെടുത്ത ഈ സിനിമകളോട് കിം കി ഡുക്കിനുണ്ടായ താത്പര്യം സ്വാഭാവികമാണ്. നീറ്റ്ഷേയുടെ ഒരു സങ്കല്പനം കടമെടുത്തുകൊണ്ട് കിമിന്റെ സിനിമകളെ, ‘റിസെന്റിമെന്റ് സിനിമ’ എന്നു വിശേഷിപ്പിക്കാറുണ്ട്. നിരാശ, വെറുപ്പ്, ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങൾ പല തലങ്ങളായി സ്ഥിതിചെയ്യുന്ന പ്രത്യേക മാനസികാവസ്ഥയ്ക്ക് തത്ത്വശാസ്ത്രവും മനഃശാസ്ത്രവും ചേർന്നു നൽകിയ പേരാണ് റിസ്സെന്റിമെന്റ്സ്. വ്യക്തിമനസ്സിൽ ഇളകിമറിയുന്ന വികാരങ്ങൾ, നിർണ്ണായക സന്ദർഭത്തിൽ വസ്തുക്കൾക്കോ ബന്ധങ്ങൾക്കോ വ്യക്തികൾക്കോ വ്യവസ്ഥയ്ക്കോ നേരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ ഭാവന്തരീക്ഷത്തിന്റെ അടിസ്ഥാനശിലകളെ രൂപപ്പെടുത്തുന്നത്.
കിം, മാനുഷികമായ വികാരങ്ങളെ അതിന്റെ പാരമ്യത്തിലേക്ക് കൊണ്ടുപോയി. ചൂണ്ടക്കൊളുത്ത് വിഴുങ്ങുന്നവരും, ലിംഗത്തെ വെടിവച്ചു തകർക്കുന്നവരും ആത്മഹത്യ ചെയ്യാൻ നദിയിൽ ചാടുന്ന പെൺ കുട്ടിയെ ബലാത്സംഗം ചെയ്യാനായി രക്ഷപ്പെടുത്തുന്നവനും മൃഗങ്ങളെ പീഡിപ്പിച്ചു കൊല്ലുന്നവരും മനുഷ്യമാംസം തിന്നുന്നവരും മൃതശരീരത്തിൽ ചെടിനട്ടു വളർത്തുന്നവരും കരിങ്കല്ലു കയ്യിലുരസ്സി ചോരതെറിപ്പിച്ച് സ്വയംഭോഗത്തിന്റെ രതിമൂർച്ഛ അനുഭവിക്കുന്നവരുമൊക്കെ അദ്ദേഹത്തിന്റെ ദൃശ്യലോകത്ത് ഭ്രമകല്പനകളല്ല. അമൂർത്ത ഛായാചിത്രകാരനായിരുന്നു കിം. ചലച്ചിത്രകലയിലേക്ക് കൂടുമാറിയപ്പോൾ ആശയങ്ങളെയും വികാരങ്ങളെയും പരൽരൂപത്തിലാക്കുക (ക്രിസ്റ്റലൈസ്) എന്ന ചിത്രകലയിലെ സമീപന രീതിയെ ചലച്ചിത്രത്തിലും പരീക്ഷിച്ചു. അർദ്ധ-അമൂർത്തചലച്ചിത്രം (സെമി-അബ്സ്ട്രാക്ട് ഫിലിം) എന്നാണ് തന്റെ ചിത്രങ്ങളുടെ പരിചരണരീതിക്ക് അദ്ദേഹം നൽകിയ പേര്. കിം സോ ഹീയുമായുള്ള അഭിമുഖത്തിൽ സ്വന്തം ചിത്രങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാനുള്ള കാരണം, ചലച്ചിത്രങ്ങളുടെ അടിസ്ഥാനപരമായ വൈരുദ്ധ്യത്തെ എടുത്തു കാണിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.
“സിനിമ ഫോട്ടോഗ്രാഫിക് ചിത്രങ്ങളെ ആശ്രയിച്ചു നിൽക്കുന്ന കലയാണ്. അതേസമയം ചലച്ചിത്രമാധ്യമം മനസിലാക്കപ്പെടുന്നത് യാഥാർത്ഥ്യത്തിന്റെ മേഖലയായിട്ടുമാണ്. ക്രൂരമായ വിവേചനങ്ങളും ദയാരാഹിത്യവും ജീവിതത്തിനു മേൽ നാൾക്കുനാൾ പരന്നുകൊണ്ടിരിക്കുന്നു. അതൊരു നിത്യസംഭവമാണ്. ഒറ്റ ദിവസം കൊണ്ട് പ്രശ്നങ്ങളെയല്ലാം പരിഹരിച്ചു തീർത്ത് സുന്ദരവും ഗുണാത്മകവുമായ ലോകത്തെ സിനിമയിലൂടെ കാണിക്കാൻ എനിക്കു സാധിക്കില്ല. ആദ്യം യഥാർത്ഥ രോഗം പുറത്തുവരണം, അതാണ് പരിഹാരത്തിനുള്ള ചുവട്. വേദനാഭരിതമായ യാഥാർത്ഥ്യവും ഭാവനയിലുള്ള പരിഹാരവും കണ്ടുമുട്ടുന്ന അതിർത്തിരേഖയെ അവതരിപ്പിക്കാനുള്ള ആഗ്രഹത്തെയാണ് ‘അർദ്ധ അമൂർത്ത ചലച്ചിത്രം’ എന്ന നിർവചനം വെളിപ്പെടുത്തുന്നത്.”
ഡ്രീം (2008) എന്ന സിനിമയെടുക്കുന്നതിനിടയിലുണ്ടായ കുഴപ്പങ്ങളും പ്രിയപ്പെട്ട കൂട്ടുകാരുടെ വേർപാടും ചേർന്നുണ്ടായ മാനസിക പിരിമുറുക്കത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി കിം സ്വയം കൊറിയയിലെ മലമുകളിൽ ഏകാന്തവാസം നടത്തിയിരുന്നു. ആ അനുഭവത്തിന്റെ നേർചിത്രീകരണമാണ് ‘ആരിരംഗ്’ ഡോക്യുമെന്ററി. അഭിനേതാവും ക്യാമറാമാനും എഡിറ്ററും സംവിധായകനും ഗായകനും എല്ലാം ഒരാൾതന്നെ. പാപം ഒരു വൻചുമടായി ആയുഷ്ക്കാലംകാലം മുഴുവൻ നമ്മുടെ ആത്മാവിലിരുന്ന് ഭാരം കൂട്ടും എന്ന് ‘സ്പ്രിങ്, സമ്മർ, ഫാൽ വിന്റർ.. ‘ എന്ന സിനിമ പറഞ്ഞുതരുന്നു. കിം കി ഡുക്ക് ചുമന്നു നടന്നത് ജീവിതാനുഭവങ്ങളുടെ ഭാരവും പശ്ചാത്താപത്തിന്റെ ചുമടുമാണ്. അദ്ദേഹത്തിന്റെ സിനിമ കാണുന്ന ഓരോരുത്തരിലേക്ക് അതിന്റെ ഭാരം ഇറങ്ങി വന്ന് നിറയും. ആ ചലച്ചിത്രങ്ങളുടെ സ്വീകാര്യതയ്ക്കും ഒരു പരിധിവരെ അവയുടെ തിരസ്കാരത്തിനും ആളുകളെ പ്രേരിപ്പിച്ചത് അവ വീതം വച്ച ചുമടുകളുടെ ഭാരം തന്നെയാണ്. ജീവിതത്തിന്റെ യക്ഷപ്രശ്നങ്ങൾക്കുള്ള പരിഹാരം തേടുന്ന മനുഷ്യനോട് പ്രകൃതി പറഞ്ഞു കൊടുക്കുന്ന പാഠം ‘ജീവിതത്തെ അതായിത്തന്നെ ഉൾക്കൊള്ളുക.’ എന്നാണ്.
സ്വച്ഛമായ ആത്മീയ പാഠത്തിന്റെ പേരിലാണ് ‘സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ, സ്പ്രിങ്...’ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റിയത്. മനുഷ്യൻ അവന്റെ പ്രവൃത്തികളുടെ ഭാരവും ചുമന്ന് ജീവിതം മുഴുവൻ നടക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്ന ആദേശത്തിൽ ആ സിനിമയിൽ ബുദ്ധനും ക്രിസ്തുവും ഇടകലരുന്നു. അതുവഴി പൗരസ്ത്യ പാശ്ചാത്യ ആത്മീയധാരകളും കൂടിച്ചേരുന്നു. കിമിന്റെ എല്ലാ ചിത്രങ്ങളും രാഷ്ട്രീയം സംസാരിക്കുന്നു എന്നു പറയുമ്പോലെ അവ ഒന്നടങ്കം പല നിലകളിൽ ആത്മീയതയും സംസാരിക്കുന്നുണ്ട്. മതപ്രബോധകനാവാൻ പോയ കിമിന്റെ ഭൂതകാലം അവയിൽ പ്രവർത്തിക്കുന്നു എന്ന് അർത്ഥം.
‘ആരിരംഗി’ൽ കാണുന്നതുപോലെ പാപമോചനം തേടിയുള്ള യാത്ര ‘സ്പ്രിംഗ്, സമ്മർ... ചിത്രത്തിലും കാടിന്റെ ഉള്ളിലേക്കാണ്. അതൊരു തരത്തിൽ മനുഷ്യന്റെ ഉള്ളിലേക്കുള്ള യാത്രയും പ്രശ്നപരിഹാരത്തിനായി ഉള്ളിലേക്കുതന്നെയുള്ള നോട്ടവുമാണ്. സമരിറ്റൻ ഗേളും പിയത്തയും പ്രകടമായ മതദ്ധ്വനികളെ സൂക്ഷിച്ചിരിക്കുന്നതുപോലെ ‘അഡ്രസ് അൺ നോണും’ ‘നെറ്റും’ ‘വൺ ഓൺ വണും’ രാഷ്ട്രീയപ്രമേയം ഉള്ളവയാണ്. എന്നാൽ തന്റെ എല്ലാ ചിത്രങ്ങളും നീക്കുപോക്കുകളില്ലാത്ത രാഷ്ട്രീയ ഉള്ളടക്കങ്ങളെ വഹിക്കുന്നവയാണെന്നാണ് കിമിന്റെ പക്ഷം. സമീപനവ്യത്യാസങ്ങൾ അവയിലെ രാഷ്ട്രീയത്തെ പ്രകടമോ പരോക്ഷമോ ആക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.
1950മുതൽ 53വരെ നീണ്ടുനിന്ന കൊറിയൻ യുദ്ധത്തിന്റെ പശ്ചാത്തലംകൂടിച്ചേർന്നാണ് കിം കി ഡുക്കിന്റെ ചലച്ചിത്രങ്ങളുടെ രാഷ്ട്രീയം പൂർത്തിയാവുന്നത്. യുദ്ധസമയത്ത് കിം ജനിച്ചിട്ടില്ല (1960 ഡിസംബർ 20 നാണ് ജനനം) പക്ഷേ യുദ്ധം ഒരു ദിവസം തുടങ്ങി അതവസാനിക്കുന്ന ദിവസം തീർന്നുപോകുന്ന പ്രതിഭാസമല്ല. അതുണ്ടാക്കിവയ്ക്കുന്ന ബാധ്യതകൾ തലമുറകളോളം നിലനിൽക്കും. ദക്ഷിണകൊറിയയെ സഹായിക്കാൻ താവളമുണ്ടാക്കി കൂടിയ അമേരിക്കൻ സൈനികർ സൃഷ്ടിച്ച പുതിയ സങ്കരവർഗം ചുമ്മി നടക്കുന്ന കൊടിയ അപമാനത്തിന്റെ കഥയാണ് ‘അഡ്രസ് അൺ നോൺ’ പറയുന്നത്. അമരേഷ്യനായ (അമേരിക്കൻ ഏഷ്യൻ സങ്കരസന്തതി) ചാങ് ഗുക് ആർക്കും വേണ്ടാത്തവനായും ദരിദ്രനായും തന്തയില്ലാത്തവനായും ജീവിക്കുകയാണതിൽ. യുദ്ധത്തിന്റെ ആരും അറിയാത്ത കെടുതികളിലൊന്നാണിത്. കൊറിയയിലെ അമേരിക്കൻ ബെയ്സിനു ചുറ്റും ആക്രി പെറുക്കി നടന്ന കാലത്തെ അനുഭവമാണ് അത്. ദേശീയതകൾ വരുത്തിവയ്ക്കുന്ന ദുരന്തങ്ങളും അപമാനവീകരണങ്ങളും യുദ്ധം മാത്രമായി നിർമ്മിക്കുന്നവയല്ല. അതിർത്തി ലംഘിച്ചു എന്ന പേരിൽ വടക്കൻ കൊറിയയിൽ പീഡിപ്പിക്കപ്പെടുന്ന തെക്കൻ കൊറിയക്കാരനായ മീൻപിടിത്തക്കാരന്റെ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന ‘നെറ്റും’ അവലംബിക്കുന്നത് ദേശീയാന്തരതയുടെ (ട്രാൻസ്‌നാഷണലിസം) വീക്ഷണസ്ഥാനമാണ്. കിം കി ഡുക്കിന് 19 വയസ്സുണ്ടായിരുന്ന സമയത്താണ്, പട്ടാളമേധാവിയായ ചുൻ ഡു ഹുവാന്റെ നേതൃത്വത്തിൽ ക്വാങ് ജു കൂട്ടക്കൊല നടക്കുന്നത്. 2000 പേരോളം കൊല ചെയ്യപ്പെട്ട ആ സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയ സമയത്ത്, സമയത്തിനു ജോലിക്കെത്താൻ പറ്റില്ലല്ലോ എന്ന വിഷമത്താൽ സമരക്കാരെ പഴിച്ച കാര്യം കിം അഭിമുഖത്തിൽ ഓർക്കുന്നു. രാജ്യം അതിന്റെ പൗരന്മാരെ (സ്വന്തം സന്തതികളെ) കൊന്നുതിന്നുമ്പോൾ ദേശീയത ശോകപര്യവസായിയായ നാടകമായിത്തീരുന്നു.
ക്രോക്കോഡൈൽ (1996) മുതൽ ഡിസോൾവ് (2019) വരെ 33 ചിത്രങ്ങൾ. അവയിൽ 24 എണ്ണം സംവിധാനം ചെയ്തു. 9 ചിത്രങ്ങളിൽ തിരക്കഥയെഴുതിയും നിർമ്മിച്ചും സഹകരിച്ചു. പാരീസിൽ നിന്ന് കൊറിയയിൽ തിരിച്ചെത്തിയ ശേഷം തിരക്കഥാരചനയിൽ ആറുമാസത്തെ കോഴ്സ് ചെയ്തു. കൊറിയൻ ഫിലിം കൗൺസിലിനു നൽകിയ ഒരു പാട് തിരക്കഥകൾ തള്ളിപ്പോയെങ്കിലും 1995 -ൽ സമർപ്പിച്ച ‘ഇല്ലീഗൽ ക്രോസിങ്’ സ്വീകരിക്കപ്പെട്ടു എന്നു മാത്രമല്ല സമ്മാനം ലഭിക്കുകയും ചെയ്തു. പക്ഷേ ആ തിരക്കഥ സിനിമയായില്ല. കിം കി ഡുക്കിന്റെ പിന്നീടുള്ള സിനിമകളെല്ലാം അതിന്റെ വിഹിതം പറ്റിയ തുടർച്ചകളായിരുന്നു എന്ന് ജീവചരിത്രകാരനായ ഹൈ സ്യൂങ് ചുങ് പറയുന്നു. സവായനക്കാർ മാർക്വേസിനെ എന്നപോലെ സിനിമാപ്രേമികളായ മലയാളികൾ പെട്ടെന്ന് തിരിച്ചറിയുന്ന ഒരാളായിരുന്നു കിം കി ഡുക്ക്. ‘ഹ്യൂമൻ, സ്പെയിസ് ടൈം, ഹ്യൂമൻ’ വരെയുള്ള ചിത്രങ്ങൾ കേരളത്തിലെ മേളയിൽ പ്രദർശിപ്പിച്ചു. കിം കി ഡുക്ക് മൊത്തം ശേഖരം തന്നെ പലരുടെയും കയ്യിലുണ്ട്. ഇനി ഒരുപക്ഷേ റെട്രോസ്പെക്ടീവായി കിം ഒരിക്കൽ കൂടി ഐ എഫ് എഫ് കെയിൽ വരും.
യുദ്ധാനന്തര കൊറിയയിൽ പല തരം വിവേചനങ്ങൾക്കും അപമാനങ്ങൾക്കും പീഡനങ്ങൾക്കും ഇടയിൽകൂടി കടന്നുപോയ ഒരു മനുഷ്യൻ അതിന്റെ ബാഹ്യമായ രാഷ്ട്രീയചട്ടക്കൂടുകൾക്കുള്ളിൽ മുറിവുപറ്റി വേടുകെട്ടി വികൃതമായ സ്വത്വത്തെ കേറ്റിവച്ച് ഉരുവം നൽകിയവയാണ് കിം കി ഡുക്കിന്റെ ചിത്രങ്ങൾ. ‘വികാരപരതയുടെ അങ്ങേയറ്റം’ എന്നും ‘ലൈംഗിക തീവ്രവാദം’ എന്നും ‘നവസ്ത്രീവാദം’ എന്നും ‘ഹിംസയുടെ ആചാരവത്കരണം’ എന്നും ‘ആത്മ-പര പീഡനരതികളുടെ ആഘോഷമെന്നും’ ‘സ്ത്രീവിരുദ്ധ’മെന്നുമൊക്കെ പലതരം വിശേഷണങ്ങൾ ചാർത്തിക്കിട്ടിയിട്ടുണ്ട് ചലച്ചിത്രങ്ങൾക്ക്. ബ്രിട്ടീഷ് നിരൂപകനായ ടോണി റൈൻസ് കിമിന്റെ ചലച്ചിത്രങ്ങളെ ആദ്യകാലത്ത് പുകഴ്ത്തുകയും പിന്നീട് വിമർശിക്കുകയും ചെയ്തു. സംവിധാനത്തിലെ ‘പൂർണ്ണത’യില്ലായ്മയെ മുൻനിർത്തിയാണ് പൊതുവേ പാശ്ചാത്യവിമർശനം ആ ചലച്ചിത്രങ്ങളെ അപലപിച്ചത്. പക്ഷേ ക്യൂബൻ സംവിധായകനായ ജൂലിയോ എസ്പിനോസയുടെ ‘വികലസിനിമ’ (ഇമ്പെർഫെക്ട് സിനിമ) യുമായും അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസിന്റെ ‘മൂന്നാം ലോക’ സിനിമയുമായും സ്വതസ്സിദ്ധചലച്ചിത്രത്തിന്റെ ‘ശുദ്ധവും അസംസ്കൃതവുമായ രൂപത്തെ’ (ഓട്ടെർ ഇൻ ഇറ്റ്സ് മോസ്റ്റ് പ്യുവർ ആൻഡ് അൺ അഡൽറ്ററേറ്റഡ് ഫോം), ചേർത്തുവയ്ക്കാൻ കഴിയുന്നതും അതുകൊണ്ടാണെന്നതാണ് സത്യം. വിമർശിക്കുന്നവർക്കും കിമിന്റെ ദൃശ്യങ്ങളുടെ ആഘാതശേഷിയിൽ അവിശ്വാസമൊന്നും ഇല്ല.
കിം കി ഡുക്ക് സിനിമകളുടെ ലാവണ്യപരമായ വശം ദൃശ്യസംവിധാനത്തിന്റെ മികവാണ്. ഏറ്റവും ക്രൂരമായ ജീവിതഭാഗങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനും അദ്ദേഹം ഏറ്റവും മനോഹരമായ വളച്ചുവാതിലുകൾതന്നെ ഉപയോഗിച്ചു. വിഷ്വലുകളെ മാനസികഭാവങ്ങളുടെ വിശദാംശങ്ങൾക്കായി ധാരാളിത്തതോറ്റെ അദ്ദേഹം ഉപയോഗിച്ചു. അവയിലെ മറ്റൊരു പ്രത്യേകത, ഭാഷയെന്ന നിലയിൽ മൗനത്തിന്റെ വിനിയോഗമാണ്. അതും ഒരുപക്ഷേ ബധിരവിദ്യാർത്ഥികൾക്കായി മതക്ലാസുകൾ കൈകാര്യം ചെയ്തതിന്റെ പരിചയത്തിൽനിന്നുവന്നതായിരിക്കണം. കൊറിയയ്ക്കു പുറത്ത് കിം കി ഡുക്കിനെ പ്രസക്തനാക്കിയ ഘടകങ്ങളിൽ എന്തായാലും മനുഷ്യമനസ്സിന്റെ കാണാക്കയങ്ങളുടെ കാഴ്ചകൾക്കൊപ്പം ഇവയ്ക്കും പങ്കുണ്ട്. അമേരിക്കയിലെ ലിങ്കൻ സെന്ററിൽ ‘സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ –ന്റെ പ്രദർശനം നടന്നു കഴിഞ്ഞ് എൺപതുവയസ്സുള്ള ഒരു ഒരു സ്ത്രീ, സംവിധായകനെ കാണണം എന്നും പറഞ്ഞ് കാത്തുനിന്ന കഥ ഹൈ സ്യൂങ് ചുങ് എഴുതിയ ജീവചരിത്രത്തിൽ കാണാം. അങ്ങേയറ്റം പരസ്പരവിരുദ്ധമായ ലോകങ്ങളിലാണ് കിമിന്റെ ചലച്ചിത്രങ്ങൾ. കൊറിയയിൽ സ്വീകാര്യതയില്ല എന്നാൽ വിദേശങ്ങളിൽ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നു. കിം സോ ഹീയുമായി നടത്തിയ അഭിമുഖത്തിൽ കിം ഇതിനു മറുപടി പറയുന്നത്, ‘വ്യക്തിഗതമായ ധാർമ്മികവിചാരങ്ങൾ വച്ചുകൊണ്ടാണ് ഒരു ചലച്ചിത്രം ഒരു പ്രദേശത്ത് സ്വീകാര്യമാവുന്നതെന്നാണ്. എന്നാൽ പൊതുബോധത്തിന്റെയും ധാർമ്മികമൂല്യങ്ങളുടെയും അതിർത്തികൾക്ക് പുറത്തുനിൽക്കുന്ന ഒരു ലോകത്തെ സൃഷ്ടിക്കാനാണ് കിം വ്യക്തമായും ശ്രമിച്ചത്. സ്വകീയമായ ഒരു കെട്ട് നിയമാവലികളുമായി സിനിമ കാണാനെത്തുന്നവർക്ക് ആ സിനിമകൾ പാഴായും കെട്ടതായും, ചലച്ചിത്രമാവാനുള്ള യോഗ്യതതന്നെ ഇല്ലാത്തതായും അനുഭവപ്പെട്ടേയ്ക്കാം. എന്നാൽ 2000 -ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ കിമിന്റെ ‘ദ ഐസിൽ’ ചലച്ചിത്ര അവതരണത്തെ കാവ്യാത്മകമാക്കുന്നതിൽ അസാമാന്യമായ പ്രതിഭാവിശേഷം പ്രകടിപ്പിക്കുന്ന സംവിധായകന്റെ സൃഷ്ടി എന്ന നിലയിലാണ്.
ആന്ദ്രേ ബസിൻ പറഞ്ഞതുപോലെ ചലച്ചിത്രം സ്വയമേവ സാർവലൗകികമായ ഒരു ഭാഷയാണ്. കിം കി ഡുക്കിൽ ലോകത്തെ അനുരഞ്ജിപ്പിക്കാനുള്ള ചേഷ്ടയായി അതു പ്രവർത്തിക്കുന്നു.
മൂല്യശ്രുതി ജനുവരി 2021
1 comment:
ആന്ദ്രേ ബസിൻ പറഞ്ഞതുപോലെ ചലച്ചിത്രം സ്വയമേവ സാർവലൗകികമായ ഒരു ഭാഷയാണ്. കിം കി ഡുക്കിൽ ലോകത്തെ അനുരഞ്ജിപ്പിക്കാനുള്ള ചേഷ്ടയായി അതു പ്രവർത്തിക്കുന്നു...
Post a Comment