പാരഡിയ്ക്ക് മലയാളത്തിൽ പ്രചാരമുള്ള വാക്ക് ഹാസ്യാനുകരണം എന്നാണ്. അനുകരിക്കാനായി ഒരാധാരം അവിടെയുണ്ടാവണം. അപ്പോൾ പാരഡി അതിനെ ചുറ്റിപ്പറ്റിയും ആശ്രയിച്ചും വളരുന്ന പരാദമായി തീരും. മരമില്ലെങ്കിൽ അതിൽനിന്ന് വളമൂറ്റി ഇത്തിളിനു വളരാൻ പറ്റില്ലല്ലോ. പഴയ കാഴ്ചപ്പാടിൽ ഇതാണ് ഹാസ്യാനുകരണത്തിന്റെ പരസ്യജീവിതം. അർത്ഥത്തെ വികൃതമാക്കുക എന്ന മട്ടിലാണ് അതിനു പാരഡി എന്ന പേരുകിട്ടിയതെന്ന് അതിന്റെ നിരുക്തിയും പറയുന്നു. para എന്ന ഗ്രീക്കു വാക്കിന് എതിരെ (പ്രതി) എന്നും oide എന്ന വാക്കിന് പാട്ടെന്നും അർത്ഥം. പാട്ടിന്റെ ഗൗരവത്തെ തകർക്കാൻ ഉണ്ടായ സാധനമാണ് അത്. സഞ്ജയൻ ചങ്ങമ്പുഴയെ പിറകേ നടന്ന് ആക്രമിച്ചത് ഈ ആയുധം വച്ചാണ്. ചങ്ങമ്പുഴയെ അദ്ദേഹം മഹാകവി കോരപ്പുഴയാക്കി. മോഹിനി എന്ന കവിതയെ മോഹിതൻ ആക്കി.
മാമകാഗമ ചിത്രമോർത്തൊരു
പ്രേമഗാനം രചിക്കണം - എന്ന അതിലെ വരിയെ
-ആയതിൻ ശേഷം ഡ്രാമാറ്റിക് ലിറിക്-
പോയട്രിയൊന്നു തീർക്കണം എന്ന് മുള്ളുവച്ച വരിയാക്കി.
സഞ്ജയൻ നെരൂദയെ വായിച്ചിട്ടുണ്ടോ ഇല്ലയോ,
സോമൻ ചെയ്തതുപോലെ ഞാനുമെൻ
ഓമനയെപ്പോയി കാച്ചുവൻ
- എന്ന് അദ്ദേഹം ചങ്ങമ്പുഴെ കളിയാക്കാൻ എഴുതിവച്ചത് മലയാളിയായ നെരൂദയ്ക്കും കൊള്ളും. എഴുത്തച്ഛനെയും ടാഗോറിനെയും (ഗീതാഞ്ജലി) വള്ളത്തോളിനെയും ഉള്ളൂരിനെയും ഒന്നും അദ്ദേഹം വെറുതെ വിട്ടിട്ടില്ല.
ശ്രീ ശുനക ഉവാചഃ
ഞാനൊരു ശ്വാനനശക്തനെന്നാകിലും
ദീനനെന്നാകിലും ദീപാളിയാകിലും
വങ്കനല്ലെന്നു ധരിക്കണം താങ്കളീ
വങ്കത്തമോരോന്നു ചൊല്ലാതിരിക്കണം.. (പി എസിന്റെ രാവണായനം)
ഇത്തരം പാരഡികൾക്കുമേലെ ആരോപിക്കാവുന്ന ദോഷം അത് വ്യക്തികളെ ആക്രമിക്കുന്നതായി തോന്നാമെന്നുള്ളതാണ്. ഇക്കാലത്താണെങ്കിൽ 118 എ കേസാവാൻ പോലീസിനു സകലസാധ്യതകളും നൽകുന്ന ഒന്ന്. അലൻ ടൂറിങ്ങിന്റെ കാര്യം പറഞ്ഞതുപോലെ പിന്നെ പോലീസിന്റെ ഹാർമോൺ ചികിൽസയ്ക്ക് വിധേയമാവാൻ പറ്റിയ സാധനം. ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു വിശേഷാൽ പ്രതിയിറക്കുകയും അതിൽ മിക്ക കവികളും കവിതകളിലൂടെ നവലോകത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നുവത്രേ. സഞ്ജയൻ 'ക്ഷേത്രപ്രവേശകവിതകൾ'എന്നപേരിൽ അതിലുള്ള മിക്ക കവിതകളെയും അദ്ദേഹം കളിയാക്കി. ക്ഷേത്രപ്രവേശം എന്ന സംഭവത്തെയല്ല, അതിനോട് കവികൾ, ഉപമാ- രൂപകാദി ഉപകരണങ്ങൾവച്ചു കാണിക്കുന്ന വൈകാരികവും യുക്തിരഹിതവുമായ പ്രതികരണമായിരുന്നു സഞ്ജയന്റെ ലക്ഷ്യം. വി വാസുദേവൻ എഴുതിയ 'പാരഡി ആധുനികാനതര കവിതയിൽ' എന്ന പുസ്തകത്തിൽ വിശദമായ വിവരങ്ങളുണ്ട്. സീതാരാമൻ, ഇ വി കൃഷ്ണപിള്ള, അയ്യപ്പപ്പണിക്കർ, എം ഗോവിന്ദൻ, ജി കുമാരപിള്ള, കുഞ്ഞുണ്ണി, കെ ജി ശങ്കരപ്പിള്ള എന്നിവരിലൂടെ നീളുന്ന നമ്മുടെ പാരഡി കവിതാപാരമ്പര്യത്തെ ക്രമമായി വിവരിച്ചിട്ടുമുണ്ട്.
കളിയാക്കൽ, കുറ്റം പറച്ചിൽ, അപവാദവ്യവസായം തുടങ്ങിയവ ഉള്ളിലെ അപകർഷത്തെ ഒരു പരിധിവരെ നീക്കുമെന്നുള്ളതിനാൽ കൂട്ടായ താത്പര്യം നമുക്ക് തമാശക്കവിതകളോടുണ്ട്. പക്ഷേ ആധുനികാനന്തര ചുറ്റുപാട് പാരഡിക്കവിതകളെ മറ്റൊരു തലത്തിലാണ് എത്തിച്ചിരിക്കുന്നത്. ഒരു വ്യക്തിയെ പരിഹസിക്കുക എന്ന നിലവിട്ട് ചിത്രീകരിക്കപ്പെട്ട അവസ്ഥയെ കാലികമായ അവസ്ഥയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക, വിലയിരുത്തുക എന്നിടത്തേക്ക് അതു നീങ്ങി. കെ ആർ ടോണി എഴുത്തച്ഛനെ പരിഹസിക്കുകയല്ല ചെയ്തത്, (ജീർണ്ണവസ്ത്രം നീക്കിയമ്പോടു ടിവിയിൽ ലോകൈക സുന്ദരീ നാഭീപ്രദർശനം) എഴുത്തച്ഛന്റെ ആദ്ധ്യാത്മിക പദാവലികൾ തിരിച്ചിട്ടുകൊണ്ട് ഫാഷൻ പരേഡിനെ നോക്കിക്കാണുകയായിരുന്നു. അത് വേറൊരുതരം മൂല്യവിചാരമാണ്. ഒന്നുകൂടി നോക്കിയാൽ എഴുത്തച്ഛൻ ഭഗവദ്ഗീതയെ (അഥവാ ശരീരം നശ്വരമെന്ന ആത്മവിചാരത്തെ) ഗൗരവതരമായി പിൻ പറ്റുകയായിരുന്നല്ലോ. അതു പാരഡിയാണ്.
ജനകീയ ഊർജ്ജത്തിന്റെ സാംസ്കാരിക രൂപങ്ങളിലൊന്നായിട്ടാണ് പാരഡിയെ മിഖായേൽ ബക്തിൻ കണ്ടതത്രേ. വലിയ ആഖ്യാനങ്ങൾ ഉണ്ടെന്നു വിശ്വസിച്ചു നിലനിർത്തുന്ന കാഴ്ചപ്പാടിനു മാത്രമേ പാരഡിയെ പരാദവും ഇത്തിൾക്കണ്ണിയുമാക്കാൻ പറ്റൂ. വ്യത്യസ്തമായ രീതിയിൽ സാമൂഹിക സാഹചര്യങ്ങളോടും സാംസ്കാരിക അനുഭവങ്ങളോടും പ്രതികരിക്കുന്ന രചനകളെ എങ്ങനെ മറ്റൊന്നിന്റെ ആശ്രയമാണെന്ന് പറയാൻ പറ്റും? ആധാരരചന അവിടെ സൂചകം മാത്രമല്ലേ ആവുന്നുള്ളൂ? പലപ്പോഴും അനുകരിക്കപ്പെടുന്ന രചനയും അനുകരിക്കുന്ന രചനയും ലക്ഷ്യം വയ്ക്കുന്നത് ഒരേ കാര്യത്തെത്തന്നെ ആവണമെന്നുമില്ല, പെട്ടെന്ന് നമുക്കങ്ങനെ തോന്നുമെങ്കിലും.
പാരഡിയിൽനിന്നുള്ള വളർച്ചയെ പാസ്റ്റിഷ് എന്നാണ് പറഞ്ഞു വരുന്നത്. മിശ്രശൈലി എന്ന് മലയാളത്തിലെ ഇതിന്റെ പേരിനു അധികം പ്രചാരമില്ല. ടോണി, എ സി ശ്രീഹരി, തോമസുകുട്ടി, ഹരിശങ്കരനശോകൻ, രാം മോഹൻ പാലിയത്ത് അങ്ങനെ ഒഴുകുന്ന സരണിക്ക് പാസ്റ്റിഷെന്ന പേരാണ് കൂടുതൽ ഉചിതം. ഭാഷയുടെ ക്രമമില്ലായ്മകൊണ്ട് ഇത്തരം രചനകളിൽ സ്കീസോഫ്രേനിയയുടെ ഘടകങ്ങൾ നിലീനമാണ്. അതിന്റെതന്നെ ഊർജ്ജവും. സഞ്ജയനിൽ ആളുകൾ അന്ന് ശ്രദ്ധിച്ചത് പരിഹാസമാണെങ്കിൽ ഇന്ന് അത് ഭാഷയുടെ ലക്കും ലഗാനുമില്ലാത്ത പോക്കും ഷിഫ്ടും വിചാരപ്പെടലുമൊക്കെയാണ്. അത് ചെറിയകാര്യമല്ല.
പി പി രാമചന്ദ്രന്റെയും ജോസഫിന്റെയും കവിതകൾ പലപ്രാവശ്യം എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാർക്കുമൊപ്പം പാരഡികൾക്ക് വിധേയമാവുന്നത് കർത്താക്കളെ പരിഹസിക്കുക എന്ന ഉദ്ദേശ്യം വച്ചല്ല. അവ പൂർവ കവികളുപയോഗിച്ച ചട്ടക്കൂടുകൊണ്ട് പുതിയ ചുറ്റുപാടുകളെ നോക്കിക്കാണുകയാണ്. ലളിതത്തെ മനസ്സിൽ വച്ച് രണ്ടു കവിതകളെഴുതിയ രാം മോഹൻ പാലിയാത്ത് അവയിലൊന്നിൽ പി പി രാമചന്ദ്രനോട് ക്ഷമ ചോദിക്കുന്നുണ്ട്. സാങ്കേതിക കാലത്തിലേക്കെടുത്താൽ പിപി ആറിന്റെ 'ലളിതം', ട്വിറ്ററെന്ന സാമൂഹിക മാധ്യമത്തെ ചുറ്റിപ്പറ്റിയ ആത്മരതികളെ ഹാസ്യാത്മകമായി അനുകരിച്ചതാണെന്നും വ്യാഖ്യാനിക്കാം. രാം മോഹന്റെ 'അതീവ ലളിതം' മറ്റാരുടെയോ നോട്ടത്തിനു വിധേയമാവുന്ന സത്തയെയും അസ്തിത്വത്തെയും പറ്റിയാണ്. ഒറ്റനോട്ടത്തിൽ ആ വ്യത്യാസം പ്രകടമാക്കാതിരിക്കുന്നു എന്നതാണ് പാരഡിയുടെ ഗുണം. കൂവൽ, തൂവൽ, പൊരുന്നിരുന്നതിന്റെ ചൂട് എന്നിവയാണ് രാമചന്ദ്രന്റെ ഉപാധികൾ. ടവർ ലൊക്കേഷൻ, സി സി ടി വി, ഇൻസ്റ്റാഗ്രാമിലെ ചിത്രം എന്നിവയാണ് രാം മോഹന്റെ ഉപാധികൾ. അത് അയാൾ ആവിഷ്കരിക്കുന്നതല്ല, അയാളെ ആരോ ആവിഷ്കരിക്കുന്നതിന്റെ കൂടിയൊരു ചിത്രമാണ് നൽകുന്നത്..
ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തെ തോർച്ചയിൽ ഹരിശങ്കരനശോകന്റെ ഒരു കവിതയുണ്ട്. 'ലവണലാവണങ്ങളാകാശകാന്തികൾ' എന്നാണതിന്റെ പേര്. പ്രധാനമായും ഭാഷയാണ് പാരഡി ചെയ്യപ്പെടുന്നതെങ്കിലും സ്വപ്നത്തിനും യഥാർത്ഥ്യത്തിനും ഇടയ്ക്ക് കേറി കുടുക്കിടുന്ന അസ്തിത്വവാദപരമായ സമസ്യകളെ ഒന്നു കുടഞ്ഞുടുക്കാനുള്ള ശ്രമം അതിലുണ്ട്. 'അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖല പൂകാൻ' ഉഴറിയ കാല്പനിക മനസ്സുകളെപ്പറ്റി, ഭൂമിയിൽ തൊട്ടുനിന്നുകൊണ്ടുള്ള വീണ്ടു വിചാരം വൈലോപ്പിള്ളിതൊട്ട് (ഊറക്കള്ളു നാറും തെറിയുടെ കല്ലേറ്റെൻ ഭേദഭാവനാദർപ്പണം പൊട്ടി - കുടിയൊഴിക്കൽ) ഇങ്ങോട്ടുള്ളതാണെങ്കിലും ഓരോ ആവിഷ്കാരത്തിനും വ്യത്യാസങ്ങൾ സ്വഭാവസ്സിദ്ധമായി വരും. പൂവിന്റെ മന്ദസ്മിതത്തിൽ ഒരാവശ്യവുമില്ലാതെ ചുരുണ്ടുകൂടിയ ചങ്ങമ്പുഴക്കവിതയെ വീണ്ടു വിചാരത്തിനെടുക്കുകയാണെന്നും തോന്നും 'ലവണലാവണങ്ങൾ.. വായിക്കുമ്പോൾ. ഹരിശങ്കരനശോകൻ പകരം പൂവിന്റെ മന്ദസ്മിതത്തിനു പകരം 'ഭൂമിയുടെ ഉപ്പിലാണ് കിടന്നുറങ്ങുന്നത്'.
ലളിതം- അതിലളിതം, മനസ്വിനി - ലവണലാവണങ്ങൾ എന്നിങ്ങനെ ആധാരവും ആധേയവുമായ നാലു കവിതകൾ പൊതുവായി സന്ധിക്കുന്ന ഒരു ബിന്ദുവുണ്ട്. അസ്തിത്വം.. കവിതകൾ ഞാൻ എന്നും ജീവൻ എന്നും മായയെന്നും കേവലസത്തയെന്നുമൊക്കെ മാറിമാറി വിളിക്കുന്നു എങ്കിലും തന്നെപ്രതി (അവനവന്മാരെപ്പറ്റി- ഇവിടെ എല്ലാവരും പുരുഷന്മാരാകുന്നു) ഉള്ള ഒരു ഉത്കണ്ഠയാണ് അവയുടെ യഥാർത്ഥ അടിസ്ഥാനം. ചങ്ങമ്പുഴയ്ക്കും വൈലോപ്പിള്ളിയ്ക്കും സ്വയം നോക്കി ചിരിക്കാൻ അത്ര എളുപ്പമായിരുന്നില്ല. വികാരത്തോട് സത്യസന്ധതപുലർത്തുന്നു എന്നു ഭാവിക്കാനേ കഴിയുമായിരുന്നുള്ളൂ. അതേ സമയം രാം മോഹനിലും ഹരിശങ്കരനശോകനിലും എത്തുമ്പോൾ (വികൃതമായ) ചിരിയായി അത് പരിണമിക്കുന്നു. ഇവർ മറ്റാരെയും നോക്കിയിട്ടല്ല അവരവരെ നോക്കിയാണ് ചിരിക്കുന്നത്. അപ്പോൾ പാരഡി കാതലുള്ള ആവിഷ്കാര രീതിയാണോ കട്ടികുറഞ്ഞ വെറും ഉളുപ്പൻ പരാദമാണോ?
November 4, 2020
ലളിതലവണങ്ങൾ പരഭാഗകാന്തികൾ
Subscribe to:
Post Comments (Atom)
1 comment:
ഹാസ്യാനുകരണം വരികളിൽ കൂടി കൊണ്ടുവരിക എന്നതും ഒരു കല തന്നെയാണ് ...
Post a Comment