August 20, 2020

ഉംബെർട്ടോ എക്കോ പുസ്തകം

 

ഉംബെർട്ടോ എക്കോയുടെ ആദ്യ നോവൽ ‘റോസാപ്പൂവിന്റെ പേര്’ പ്രസിദ്ധീകരിക്കുന്നത് 1980 -ലാണ്. സാഹിത്യകാരൻ എന്ന നിലയ്ക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുമ്പോൾ എക്കോയ്ക്ക് 51 വയസ്സാണ്. ‘ന്യൂമെറോ സീറോ’ എന്ന ഏഴാമത്തെ നോവൽ ഇറ്റാലിയനിലും ഇംഗ്ലീഷിലുമായി  ഒന്നിച്ചു പുറത്തിറങ്ങിയത് എക്കോയുടെ എൺപത്തി മൂന്നാമത്തെ വയസ്സിലാണ്. 2015-ൽ. മരണത്തിന് ഒരു വർഷം മുൻപ്.  മനുഷ്യന്റെ സൃഷ്ടിപരമായ ശേഷികൾ നാല്പതുകളിൽതന്നെ വറ്റിപ്പോകുമെന്നു വിചാരിക്കുന്ന ഒരു വലിയ വിഭാഗം സാഹിത്യ മൂപ്പന്മാർക്കെതിരെയുള്ള ഗൂഢാലോചനയായിരുന്നു എക്കോയുടെ നോവൽ സംരംഭങ്ങൾ എന്നു വേണമെങ്കിൽ പറയാം.

എക്കോയുടെ എഴുത്തിന്റെ പിന്നിലെ ഒഴിയാബാധകളിലൊന്ന് ഗൂഢാലോചനാപദ്ധതികളായതുകൊണ്ട് ആ വാക്ക് കാവ്യാത്മകമായി പ്രയോഗിച്ചതാണിവിടെ. നോവലുകളുടെ കാര്യത്തിൽ മാത്രമല്ല, എക്കോയുടെ സവിശേഷപഠനമേഖലകളെയെല്ലാം ആകെ ആഗിരണം ചെയ്തുനിൽക്കുന്ന വെളിച്ചം അപസർപ്പകന്റെ കുശാഗ്രബുദ്ധിയോടെയുള്ള അന്വേഷണങ്ങളാണ്.  യൂറോപ്യൻ മധ്യകാലഘട്ടത്തിലേക്കും ആചാരങ്ങളിലേക്കും എന്നപോലെ ആധുനിക സമൂഹങ്ങളുടെ സ്വഭാവത്തിലേക്കും രാഷ്ട്രീയത്തിലേക്കും ജീവിതത്തിലേക്കും  ഒരുപോലെ അത് ഉത്സുകമാവുന്നു. മനുഷ്യരുടെ വിനിമയ സമ്പ്രദായങ്ങളും അവയുടെ യുക്തിവൈചിത്ര്യങ്ങളുമാണ് ഭൂത-വർത്തമാനകാലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിഗൂഢമായ ഇടവഴി. ചരിത്രവും ചിഹ്നശാസ്ത്രവും പരിഭാഷകളുമെല്ലാം ഏകാന്തമായ അന്വേഷണയാത്രകൾക്കുള്ള ഉപാധികളാക്കുകയാണ് എക്കോ ചെയ്തത്. അദ്ദേഹത്തിന്റെ എഴുത്തിൽ, അവയുടെ പരസ്പരാശ്രിതത്വം വ്യാഖ്യാനാത്മകമായി തിളങ്ങുന്നതിനുള്ള കാരണം ഇതാണ്.

1956-ൽ ഇറ്റാലിയനിൽ പുറത്തിറങ്ങിയ ‘തോമസ് അക്വിനാസിന്റെ സൗന്ദര്യശാസ്ത്രം (Il problema estetico in San Tommaso) എന്ന പുസ്തകത്തിൽത്തന്നെ അപസർപ്പകശൈലി ഇടം പിടിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രഫസർമാരിലൊരാൾ കണ്ടുപിടിച്ചിട്ടുണ്ട്. (കൃതിയുടെ പരിഷ്കരിച്ച രൂപം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് 1988-ൽ).  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ലോകത്തെ തങ്ങളുടെ കീഴിലാക്കാനുള്ള ജൂതന്മാരുടെ ഗൂഢാലോചനാ സിദ്ധാന്തത്തെ വിശദീകരിക്കുന്ന വ്യാജരേഖയായ ‘സെഹിയോൺ മൂപ്പന്മാരുടെ ചട്ടങ്ങൾ’ (The Protocols of the Elders of Zion) പ്രേഗ് സിമിത്തേരിയിൽ (2011) കടന്നു വരുന്നുണ്ട്.  ആ നോവലിലെ ഒരേയൊരു കല്പിത കഥാപാത്രമായ സൈമൺ സിമോണിനിയെയാണ് എക്കോ ആ രേഖയുടെ നിർമ്മാതാവായി അവതരിപ്പിക്കുന്നത്. മൂപ്പന്മാരുടെ ചട്ടങ്ങൾ ഒരു ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്കുമേൽ എക്കോ നടത്തിയ സാഹിതീയമായ മറ്റൊരു ഗൂഢാലോചനയാണ് അതിന്റെ പിതൃത്വം സിമോണിനിയിൽ കെട്ടിയേൽപ്പിക്കുന്നത്. 1903-ൽ റഷ്യയിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന്, കല്പിത കഥകളിൽനിന്നാണ് അതിലെ തെളിവുകൾ എന്ന കാര്യംപോലും മറന്ന് ജനം വ്യാപകമായി വായിക്കുകയും സത്യമാണെന്ന് വിശ്വസിക്കുകയും ചെയത രേച്ചകാണ് ‘ചട്ടങ്ങൾ’. അതിനെ ജൂതന്മാർക്കെതിരെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഹിറ്റ്ലറായിരുന്നു. അത് വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഇപ്പോഴും ആ‍ അപവാദവിഷം പൂർണ്ണമായും ശമിച്ചിട്ടില്ല. ചരിത്രത്തിലേ ഏറ്റവും വലിയ ചതിയും നിഗൂഢപ്രമാണവുമായിട്ടാണ് എക്കോ ‘സെഹിയോൺ മൂപ്പന്മാരുടെ ചട്ടങ്ങളെ’ കാണുന്നത്. ലോകത്തെവിടെയും ഫാസിസംപോലെയുള്ള നിന്ദ്യമായ രാഷ്ട്രീയപ്രസ്ഥാനങ്ങൾ  വേരുപിടിക്കുന്നത് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ആവർത്തിച്ചുറപ്പിച്ചുകൊണ്ടാണെന്നതാണ് അവയെക്കുറിച്ചുള്ള പര്യാലോചനകളെ ഇപ്പോഴും പ്രസക്തമാക്കുന്ന ഘടകം.

ഉപജാപങ്ങൾ, രഹസ്യതന്ത്രങ്ങൾ, ഗൂഢാലോചനകൾ തുടങ്ങിയവ പൊതുവെയും നടപടിക്രമങ്ങൾ പ്രത്യേകിച്ചും എക്കോയുടെ രചനകളിൽ ആവർത്തിച്ചു വരുന്ന പ്രമേയങ്ങളാവുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അധികം പ്രയാസമില്ല. ‘ഫൂക്കോയുടെ പെൻഡുലത്തിൽ (1989)  തമാശയെന്ന നിലയിൽ സാധാരണക്കാരായ മൂന്നു പുസ്തക എഡിറ്റർമാർ ഗംഭീരമായ ഉപജാപം കെട്ടിചമയ്ക്കുന്നു, അത് അവസാനം അവരുടെ ജീവൻതന്നെയെടുക്കുന്നു. വിശിഷ്ടമായ ക്രൈസ്തവസാമ്രാജ്യം നിഗൂഢമായ പൗരസ്ത്യനാടുകളിലെവിടെയോ ഉണ്ടായിരുന്നു എന്നു വിവരിക്കുന്ന കത്ത് കണ്ടെടുക്കുന്ന കാര്യം ബോദോലിനോ (2001) എന്ന നോവലിലുണ്ട്. ആ കത്ത് വ്യാജമാണ്. ചതിയും നുണയും ഗൂഢാലോചനകളും മനുഷ്യരാശിക്ക് ഒഴിവാക്കാൻ പറ്റുന്ന കാര്യങ്ങളല്ലെന്ന് ചരിത്രത്തിനുള്ളിൽ വീർപ്പുമുട്ടിക്കഴിഞ്ഞ സമൂഹങ്ങളെ അടുത്തു പരിശോധിച്ചാൽ മനസ്സിലാവുന്ന കാര്യം. എക്കോ ഈ വസ്തുതയെ, ഒളിമ്പസ് മലനിരകൾക്കു മുകളിൽ സദാ മനുഷ്യരുടെ പ്രശ്നങ്ങളിൽ അപകൃഷ്ടമായ താത്പര്യത്തോടെ ഒളിഞ്ഞു നോക്കിയും കരുക്കൾ നീക്കിയും ഗൂഢാലോചനയിലേർപ്പെട്ട ദൈവങ്ങളിലേക്ക് കൊണ്ടുപോകുന്നു. അതുവഴി ആ രഹസ്യപദ്ധതികളുടെ സാക്ഷിയായ എഴുത്തുകാരൻ ഹോമറിലേക്കും.  മനുഷ്യഭാഷയുടെ (മനുഷ്യവിനിമയങ്ങളുടെ എന്നും പറയാം) പ്രധാനപ്പെട്ട ഒരു ഘടകം കള്ളം പറയാനുള്ള സാധ്യതയാണ്. മൃഗങ്ങൾക്ക് കള്ളം പറയാൻ പറ്റില്ല. പട്ടി കുരയ്ക്കുമ്പോൾ അതിനർത്ഥം പുറത്ത് ആരോ പുറത്തുണ്ടെന്നാണ്. കള്ളങ്ങളിൽനിന്ന് ചതിയിലേയ്ക്കുള്ള ചുവട് അത്ര നീണ്ടതല്ല. ചതികളുടെ യുക്തിയിലെ സാങ്കേതിക കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടും ചരിത്രത്തിൽ ചതികളുടെ സ്വാധീനത്തെപ്പറ്റിയും നീണ്ട ലേഖനങ്ങൾ എക്കോ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിനു മരണത്തിനുശേഷം പ്രസിദ്ധീകരിച്ച ‘അതികായരുടെ ചുമലുകളിൽനിന്ന്’ (2019) എന്ന ലേഖനസമാഹാരത്തിൽ അസത്യത്തിനും (untruth) നുണപറച്ചിlലിനും (lying) തമ്മിലുള്ള വ്യത്യാസത്തെ വ്യക്തമാക്കുന്ന ആലോചനകൾ ഗാഢമാണ്. യക്ഷികഥകൾ പറയുന്നതും ഇല്ലാത്ത ലോകങ്ങൾ വിഭാവന ചെയ്യുന്നതും നുണപറഞ്ഞ് ആളുകളെ കുഴിയിൽ ചാടിക്കുന്നതും ഒന്നല്ലല്ലോ.

എക്കോയെ സംബന്ധിച്ചിടത്തോളം ചരിത്രനോവൽ എന്നാൽ യഥാർത്ഥ സംഭവങ്ങളുടെ സാങ്കല്പിക പതിപ്പല്ല, ചരിത്രത്തെ നന്നായി മനസിലാക്കാൻ നമ്മെ സഹായിക്കുന്നവയാണ് കഥകൾ. അനുഭവങ്ങളുടെ പരമ്പരയിലൂടെ വളരുകയും പഠിക്കുകയും തുടർച്ചയായ പരീക്ഷണങ്ങളിൽ കഷ്ടപ്പെടുകയും ചെയ്യുന്ന യുവാവായ കഥാപാത്രം തന്റെ എല്ലാ നോവലുകളിലും ഉണ്ടെന്ന് എക്കോ ലിലാ അസമിനോട് അഭിമുഖത്തിനിടയിൽ പറയുന്നു.  ഒന്നിന്റെ തുടർച്ചയെന്നോണം വളരുന്ന ഈ കഥാപാത്രങ്ങളെ എക്കോയുടെ ആഖ്യാനനിർമ്മിതിയുടെ മൂർത്തരൂപമായും കാണാവുന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അറിവ് അല്ല, അതിന്റെ ആവിഷ്കാരസാധ്യതയാണ് വിഷയം. ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടുപിടിത്തം വിശദീകരിക്കുന്നതുപോലെ. ‘സിദ്ധാന്തങ്ങളിൽപോലും ഞാൻ ആഖ്യാനങ്ങൾ നിർമ്മിക്കുകയാണ്’ എന്ന് എക്കോ പറയുന്നതിന്റെ പൊരുളതാണ്. തികച്ചും അവിശ്വസനീയവും സാങ്കല്പികമെന്നു തോന്നുന്നതുമായ എന്തും നോവലിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങും. അതിനുള്ളിലെ കല്പിതാംശങ്ങൾ പിന്നീട് ഇഴപിരിച്ച് അറിയാൻ വയ്യാതാവുകയും ചെയ്യും. ബോദോലിനോ (2001) എന്ന നോവലിൽ, വിശിഷ്ടമായ ക്രൈസ്തവസാമ്രാജ്യം പൗരസ്ത്യനാടുകളിൽ എവിടെയോ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന പ്രെസ്റ്റർ ജോണിന്റെ കത്ത് ഒരു വ്യാജരേഖയാണ്. നോവലിൽ ആ  കത്ത് റോമൻ ചക്രവർത്തിയായ ബാർബറോസയുടെ കൊട്ടാരത്തിൽ താമസിക്കുന്ന തട്ടിപ്പുകാരൻ ബോദോലിനോയാണ് കണ്ടെടുക്കുന്നത്.  ഗലീലിയോയുടെ എഴുത്തുകളിലുള്ള വിവരണത്തിൽനിന്നാണ് തലേന്നാളത്തെദ്വീപിൽ’ (1995),  വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ നോക്കാൻ ഫാദർ കാസ്പർ നിർമ്മിക്കുന്ന ഉപകരണത്തെപ്പറ്റിയുള്ള ആശയം എക്കോയ്ക്കു ലഭിക്കുന്നത്.  ഗലീലിയോ അത്തരമൊരു ഉപകരണത്തെ വിഭാവന ചെയ്തു. എക്കോ, നോവലിൽ അത് യാഥാർത്ഥ്യമാക്കുന്നു. ഇതിനൊരു മറുപാഠം കൂടിയുണ്ട്. യൂണിവേഴ്സിറ്റി ഓഫ് സതേൺ ഡെന്മാർക്കിൽ ലൈബ്രറിയിൽ 16-17 നൂറ്റാണ്ടുകളിലെ മൂന്ന് പഴയ പുസ്തകങ്ങളുടെ പുറംചട്ടയിലെ പച്ചനിറം പരിശോധിച്ച ഗവേഷകർ, അത് ആഴ്സനിക് വിഷമാണെന്ന് കണ്ടെത്തിയിരുന്നു. പുസ്തകങ്ങളെ നശിപ്പിക്കുന്ന പ്രാണികളെ കൊല്ലാനുള്ള ഉപായമായിരിക്കാം ഒരുപക്ഷേ അത്. എക്കോയുടെ കല്പനാലോകത്ത് മതിമറന്ന് ചുറ്റിത്തിരിഞ്ഞ ഒരാൾക്ക്  ദ നെയിം ഓഫ് ദ റോസിലെ’ ഗൂഢപദ്ധതിയുടെ വാസ്തവപാഠമായും ഈ വാർത്തയെ വായിക്കാമല്ലോ. ഫൂക്കോസ് പെൻഡുല’ (1989) ത്തിന്റെ വിദൂരാനുകരണമാണ് എന്ന ആരോപണമുള്ള ഡാവിഞ്ചിക്കോഡി’ന്റെ കർത്താവായ ഡാൻ ബ്രൗണിനെക്കുറിച്ചുള്ള എക്കോയുടെ നിഗമനം, ‘വാസ്തവത്തിൽ അയാൾ ഇല്ലാത്ത ഒരാളാണ്. തന്റെയൊരു കഥാപാത്രമാണ് അയാൾ എന്നാണ് എന്റെ തോന്നൽ’ എന്നാണ്.   ഭാവന യാഥാർത്ഥ്യമായും യാഥാർത്ഥ്യം ഭാവനയായും തീരുന്ന വിചിത്രമായ അനുഭവത്തെ എക്കോയുടെ നോവലുകൾ മാത്രമല്ല സാക്ഷ്യപ്പെടുത്തുന്നത് !

പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾതന്നെ കഥകളും നോവലുകളുടെ തുടക്കവുമെല്ലാം എഴുതി വയ്ക്കുമായിരുന്ന എക്കോ ഉപന്യാസങ്ങൾ രചിച്ചുകൊണ്ടാണ്  എഴുതാനുള്ള താത്പര്യത്തെ തൃപ്തിപ്പെടുത്തിയതെന്ന് ‘ദ ഗാർഡിയനി’ലെ സ്റ്റീഫൻ മോസ്സിനോട് പറയുന്നു. കുട്ടിയായിരിക്കുന്ന കാലംമുതൽക്ക് തുടങ്ങിയതാണ് പുസ്തകങ്ങളോടുള്ള ആരാധന. വടക്കേ ഇറ്റലിയിലെ അലക്സാൻഡ്രിയപോലെയൊരു നഗരത്തിൽ അത്ര പുസ്തകപ്രേമിയൊന്നുമല്ലാത്ത ഇടത്തരക്കാരായ മാതാപിതാക്കൾക്കൊപ്പമായിരുന്നു വളർച്ചയെങ്കിലും മുത്തശ്ശി വായന ഇഷ്ടപ്പെട്ടിരുന്നു. ആർത്തിപിടിച്ച് വായിച്ചു, വായിച്ചുകൊണ്ടേയിരുന്നു. 1500 അപൂർവപുസ്തകങ്ങളുൾപ്പടെ അൻപതിനായിരത്തോളം വരുന്ന അതിവിപുലമായ പുസ്തകശേഖരമായിരുന്നു അദ്ദേഹത്തിന്റേത്. വായിക്കാൻ ഇടയില്ലാതെ പോകുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള നെടുവീർപ്പ് ലേഖനങ്ങളിലൊന്നിൽ കടന്നു വരുന്നുണ്ടെങ്കിലും  നിരവധി പ്രാവശ്യം മറിച്ചു നോക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത് സജീവവും സാർത്ഥകവുമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന പുസ്തകക്കൂട്ടങ്ങളെയാണ്, എക്കോയുടെ അലമാരിയിൽ   അഭിമുഖകാരിയായ ലില അസം അടുത്തു കാണുന്നത്. മനുഷ്യമനസ്സിന്റെ ഇടനാഴികളായിരുന്നു എക്കോയ്ക്ക് പുസ്തകങ്ങൾ.  വായനയെക്കുറിച്ച് ഉംബെർട്ടോ എക്കോ പറയുന്നു : ‘നിരക്ഷരനായ മനുഷ്യന് ഒരു ജീവിതമേയുള്ളു. അതേസമയം വായന നിരവധി ജന്മങ്ങൾ ഒരു ജന്മത്തിനുള്ളിൽതന്നെ വച്ചു നീട്ടുന്നു’.

          എഴുത്തുകാരൻ എന്ന നിലയ്ക്ക്  സമ്പന്നമാണ് 84 വർഷത്തിനിടയ്ക്കുള്ള സംഭാവനകൾ. ബെലോണ സർവകലാശാലയിലെ ചിഹ്നശാസ്ത്ര പ്രൊഫസ്സറായിരുന്ന അദ്ദേഹം, ഉപന്യാസകാരൻ എന്ന നിലയ്ക്ക് തിരഞ്ഞെടുത്ത വിഷയങ്ങളുടെ വൈപുല്യവും എഴുത്തുരീതികളും അദ്ഭുതാവഹമാണ്. നോവലുകൾ, എങ്ങനെ തീസിസ് എഴുതാം പോലെയുള്ള അക്കാദമിക് രചനകൾ,  അൻപതിൽപ്പരം നോൺ-ഫിക്ഷൻ രചനകൾ, കുട്ടികൾക്കുള്ള മൂന്ന് പുസ്തകങ്ങൾ,  സമാഹാരങ്ങൾ...  ഗൗരവമുള്ള വിഷയങ്ങളും സരസമായ കാര്യങ്ങളും ഒരുപോലെ അദ്ദേഹം കൈകാര്യം ചെയ്തു. കാലിക വിഷയങ്ങളെപ്പറ്റി കോളങ്ങളെഴുതി. സാംസ്കാരികമായ ഈടുവയ്പ്പുകൾ എന്ന നിലയ്ക്ക് മനുഷ്യർ ഉണ്ടാക്കി വയ്ക്കുന്ന പട്ടികകളുടെ സ്വഭാവം (the essential nature of lists) എന്ന വിഷയത്തിൽ  പാരീസിലെ പ്രസിദ്ധമായാ ലൂവ്റ് മ്യൂസിയത്തിൽ  നടന്ന ഒരു പ്രദർശനം ക്യൂറേറ്റ് ചെയ്തു. അലക്സാണ്ടർ ഡ്യൂമ ഉൾപ്പടെ എഴുത്തുകാരെ ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തി. ആളുകളെ കൂടുതൽ ആകർഷിക്കുന്ന വിഷയങ്ങളെയും ഇതിവൃത്തങ്ങളെയും അക്കാദമിക്ക് താത്പര്യത്തോടെ അപഗ്രഥിക്കാനും അതീവ പ്രാധാന്യമുള്ള വിഷയങ്ങളെ ലാഘവത്തോടെ (എന്നാൽ ജ്ഞാനസംബന്ധിയായ ആഴം കുറയാതെ) വിവരിക്കാനും ശ്രമിച്ചു. എക്കോയുടെ ഗൗരവമുള്ള പഠനങ്ങളിലൊന്ന് ജെയിംസ് ബോണ്ട് നോവലുകളുടെ ഇതിവൃത്തവിശകലനമാണ്. (Narrative Structures in Fleming, The Role of the Reader  എന്ന പുസ്തകം) സൗന്ദര്യം എല്ലാവർക്കും ആകർഷകമായിരിക്കുമ്പോൾ എക്കോയുടെ അഭിപ്രായത്തിൽ വൈരൂപ്യമാണ്, ഇഷ്ടവും ആകർഷണവും. പിശാചിന്റെ ചിത്രം സുന്ദരമായിരിക്കും, വൈരൂപ്യത്തെ അത് ശരിയായിത്തന്നെ പ്രതിനിധീകരിക്കുകയാണെങ്കിൽ. സൗന്ദര്യം നേരെ തിരിച്ച്  അകൽച്ചയ്ക്കുള്ള കാരണവും നിസ്സംഗമായ അവസ്ഥയുമാണ്.  കാരണം സൗന്ദര്യത്തോട് പ്രതികരിക്കുന്നതിന് സാർവലൗകികമായ വഴികളില്ല ആളുകൾക്ക്. സൗന്ദര്യത്തെ വിലയിരുത്താൻ കഴിയുന്നു എന്നതിനർത്ഥം അതുമായി നാം അകന്നു നിൽക്കുന്നു എന്നതാണ്. എന്നാൽ വിരൂപതയെ സൗന്ദര്യാത്മകമായി വിലയിരുത്താൻ സാധ്യതയിലലതിരിക്കുന്നത് അതിൽനിന്ന് അകന്നുനിൽക്കാൻ നമുക്ക് കഴിയാത്തതുകൊണ്ടാണ്. (Ugliness, On the Shoulders of Giants) പുതിയ ഒരുതരം ഒട്ടുവിദ്യയിലൂടെ ഒരു പുതിയ ഇനം ആപ്പിൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുന്ന കർഷകനാണ് അദ്ദേഹത്തിന്റെ കണക്കിൽ ബുദ്ധിജീവി, അല്ലാതെ ഹെഡഗറെപ്പറ്റിയുള്ള പ്രഭാഷണം എല്ലാ വർഷവും ആവർത്തിക്കുന്ന കോളെജ് പ്രൊഫസ്സറല്ല. പുതിയ അറിവ് സർഗാത്മകമായി സൃഷ്ടിക്കുന്ന ഏതൊരാളും ബുദ്ധിജീവിയാണെന്ന് അദ്ദേഹം പറയുമ്പോൾ  വിമർശനാത്മകമായ സൃഷ്ടിപരതയാണ്   ബൗദ്ധിക പ്രവർത്തനത്തിന്റെ അടയാളം എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത്. കേവലവിമർശനം മാത്രമല്ല, കാര്യക്ഷമമായി അതു ചെയ്യാനുള്ള വഴി കണ്ടെത്തുകകൂടി എക്കോയുടെ നോട്ടത്തിൽ ധൈഷണികപ്രവർത്തനത്തിന്റെ ലക്ഷ്യം.

നിരന്തരമായ സാമൂഹിക-രാഷ്ട്രീയ വിമർശനത്തിൽ ഏർപ്പെട്ടുകൊണ്ട് ഉംബെർട്ടോ എക്കോ ജീവിതാവസാനംവരെയും പ്രവർത്തനനിരതനായിരുന്നതിന്റെ ഉത്തരം ബുദ്ധിജീവികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണത്തിലുണ്ട്. (സത്യത്തെക്കുറിച്ചുള്ള എല്ലാ പ്രഖ്യാപനങ്ങൾക്കും പിന്നിൽ.. - ലില അസം) ഫാസിസത്തിന്റെ രാഷ്ട്രീയകാലാവസ്ഥയിൽ ജനിച്ചു ജീവിച്ച ആളായതുകൊണ്ട് അദ്ദേഹം ഏറ്റവും അടുത്തറിഞ്ഞതും വിശദീകരിച്ചതുമായ, ഒരർത്ഥത്തിൽ ലോകജനതയ്ക്ക് ശക്തമായി താക്കീതു നൽകിയതുമായ, പ്രത്യയശാസ്ത്രം ഫാസിസത്തിന്റേതാണ്. വിദ്യാർത്ഥിയെന്ന നിലയിൽ മുസ്സോളിനിയുടെ പ്രഭാവലയത്തിൽ ഫാസിസ്റ്റായിട്ടാണ് എക്കോ ഇറ്റലിയിലെ അന്നത്തെ മിക്ക ചെറുപ്പക്കാരെയുംപോലെ ജീവിതമാരംഭിക്കുന്നത്. പക്ഷേ പിന്നീട് ഫാസിസത്തിന്റെ അപകടകരമായ വശങ്ങളെപ്പറ്റിയുള്ള ശക്തമായ ആശയരൂപീകരണം നടത്തുന്നതും എക്കോയാണ്. ഫാസിസ്റ്റുരാഷ്ട്രീയത്തിന്റെ പ്രകടഭാവങ്ങൾക്കൊപ്പം അതിന്റെ പരോക്ഷവും പ്രച്ഛന്നവുമായ ജീവിതത്തെക്കുറിച്ചും അദ്ദേഹം കാര്യമായി ചിന്തിച്ചിരുന്നു. ഈ പുസ്തകത്തിന്റെ സാധുതയെ ഒരർത്ഥത്തിൽ പ്രസക്തമാക്കുന്നതും എക്കോയുടെ വിപുലമായ വൈചാരിക ലോകത്തിന്റെ ആ വശമാണ്. ഫാസിസം അതിന്റെ എല്ലാ ലക്ഷണങ്ങളോടെയും ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നൂറ്റം കൊണ്ടിരുന്ന ഇന്ത്യയെ ആവേശിച്ചു തുടങ്ങിയ അവസ്ഥയിൽ ഉംബെർട്ടോ എക്കോ സൂക്ഷ്മമായ വായന ആവശ്യപ്പെടുന്നുണ്ട്. അപ്രാപ്യമായ ബൗദ്ധികജീവിതത്തിന്റെ ദൂരെയെവിടെയോ ഉള്ള നിഴൽ രൂപമായി ബി മുരളിയുടെ ഒരു കഥയിൽ ഉംബെർട്ടോ എക്കോ ശീർഷകമായി വരുന്നതൊഴിച്ചാൽ നിരൂപകരുടെ വിശേഷണങ്ങൾ പ്രകാരം, മസ്തിഷ്കപ്പെട്ടിയും (Brain box) ചിന്താഭണ്ഡാര (Think Bank) വുമൊക്കെയായ അദ്ദേഹത്തിന് മലയാളത്തിൽ തീരെ വിവർത്തനങ്ങളില്ല. എന്നാൽ ഇത് അദ്ദേഹത്തിന്റെ തീക്ഷ്ണമായ മനീഷ കൂടുതലായി നമ്മുടെ സമൂഹത്തിനു ആവശ്യമുള്ള സമയമാണുതാനും.

   ഉർ-ഫാസിസം എന്ന പേരിൽ എക്കോ ഫാസിസത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള 14 ലക്ഷണങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു ലേഖനമെഴുതിയിട്ടുണ്ട്. ‘ദ ന്യൂയോർക്ക് റിവ്യൂ ഓഫ് ബുക്സിൽ’  ജൂൺ 22 1995 -ൽ വന്ന ആ ലേഖനം, ഇന്ത്യയിൽ തീവ്രഹിന്ദുത്വം  തെരെഞ്ഞെടുപ്പിൽകൂടിത്തന്നെ അധികാരത്തിൽ വന്ന സമയത്ത് വീണ്ടും ചർച്ചയാവുകയുണ്ടായി. ‘ഫൈവ് മോറൽ പീസെസ്’ (2001) എന്ന പുസ്തകത്തിൽ ആ പഠനം ചേർത്തിട്ടുണ്ട്.  എമിലിയോ ജെന്റിൽ, എഫ് എ ഹായേക്, ജോൺ വെയിസ് തുടങ്ങിയ പണ്ഡിതരും ബ്രെഹ്ടിനെയും ട്രോട്സ്കിയെയും  ക്ലാര സെറ്റ്കിനെയും പോലുള്ള മാർക്സിസ്റ്റുകളും  ജോർജ്ജ് ഓർവെലിനെപോലെയുള്ള എഴുത്തുകാരും  ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിനെപോലെയുള്ള  രാഷ്ടത്തലവന്മാരും   ഫാസിസത്തെപ്പറ്റി എഴുതിയിട്ടുണ്ട്.  ‘ഫാസിസമെന്ന പദപ്രയോഗത്തിന്റെ ആവശ്യമില്ലെന്നും ഇന്നത്തെ വലതുപക്ഷത്തിന്റെ വളർച്ച വലിയ ദുഃസൂചനയാണ് നൽകുന്നതെന്നും അതിനെ അതിന്റെ സ്വഭാവവിശേഷങ്ങളോടെ പഠിക്കണമെന്നും’ 2018 -ൽ ഫ്രണ്ട് ലൈനിനു നൽകിയ അഭിമുഖത്തിൽ നോം ചോംസ്കി സൂചിപ്പിക്കുകയുണ്ടായി. ജർമ്മനിയിലെ ഹിറ്റ്‌ലർ, ഇറ്റലിയിലെ മുസ്സോളിനി, സ്പെയിനിലെ ഫ്രാങ്കോ, ഇന്തോനേഷ്യയിലെ സുഹാർത്തോ, ചിലിയിലെ പിനോഷേ എന്നിവരുടെ ഭരണകൂടങ്ങൾക്ക് പൊതുവായ ഫാസിസ്റ്റ് ഘടകങ്ങളെ വിശകലനം ചെയ്ത് ബ്രിട്ടീഷ് രാഷ്ട്രീയചിന്തകനും ബിസിനസുകാരനുമായ ഡോ. ലോറൻസ് ബ്രിറ്റ് 2003 -ൽ കണ്ടെത്തിയ 14  പൊതുഘടകങ്ങൾക്ക് വ്യാപകമായ പ്രചരണം ലഭിച്ചു. (ബ്രിറ്റിന്റെ നിരീക്ഷണങ്ങൾ ന്യായവൈകല്യങ്ങളാണെന്ന വിമർശനവും ഉണ്ട്) വലതുപക്ഷങ്ങളുടെയും പാരമ്പര്യവാദങ്ങളിൽ അമിതമായ ഭ്രമമുള്ള രാഷ്ട്രീയമതത്തിന്റെയും (പൊളിറ്റിക്കൽ റിലീജിയൻ) നവോദയത്തെ ഫാസിസത്തിന്റെ തിരിച്ചുവരവായിത്തന്നെ കാണുന്നതാണ് ഉചിതം. അതിന്റെ കാലികമായ അവതാരരൂപങ്ങളെയെല്ലാം കൃത്യമായി തിരിച്ചറിയാനുള്ള ആന്തരികബലമാണ് കൂട്ടത്തിൽ തലയുയർത്തിപ്പിടിച്ചു നിൽക്കാനുള്ള വ്യത്യസ്തത എക്കോയുടെ ലക്ഷണനിർവചനങ്ങൾക്ക് നൽകുന്നത്. അത് കൂടുതൽ വായിക്കുകയും പടിക്കുകയും വേണം. എക്കോ വിശദീകരിച്ച ഫാസിസത്തിന്റെ ലക്ഷണങ്ങളെപ്പറ്റി മലയാളത്തിൽ ആദ്യമായി എഴുതിയ ബൈസ്റ്റാൻഡറുടെ ലേഖനം മൂലവിവർത്തനത്തോടൊപ്പം ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഗൂഗിൾ പ്ലസിലും, ഫെയിസ് ബുക്കിലുമായിരുന്നു ബൈസ്റ്റാൻഡറുടെ കുറിപ്പുകൾ വന്നത്. സംസ്കാരത്തിലേക്ക് ഒളിച്ചു കടക്കുന്ന ഫാസിസ്റ്റ് മൂലകങ്ങളുടെ വേഷപ്രച്ഛന്നതയെ വിശകലനം ചെയ്യാൻ പി എൻ ഗോപീകൃഷ്ണനും രാഷ്ട്രീയമണ്ഡലത്തിന്റെ അപചയത്തിനു കാരണമാവുന്ന ഫാസിസ്റ്റുപ്രവണതകളെ അപഗ്രഥിക്കാൻ  വിശാഖ് ശങ്കറും ആ‍ധാരമാക്കുന്നത് എക്കോയുടെ ലേഖനത്തെയാണ്. 25 വർഷങ്ങൾക്കിപ്പുറം നിന്നു നോക്കുമ്പോഴും എക്കോ നടത്തിയ നിരീക്ഷണങ്ങളുടെ പ്രവചനസ്വഭാവവും അതിൽ തെളിയുന്ന ഉൾക്കാഴ്ചയും അമ്പരപ്പിക്കുന്നതാണ്.

ഫാസിസ്റ്റ് വിരുദ്ധതയാണ് ‘മലയിടുക്ക്’ (The Gorge) എന്ന കഥയുടെയും പ്രമേയതലം.  വിവരണങ്ങൾ ചിലപ്പോൾ സിദ്ധാന്തങ്ങളേക്കാൾ ഫലപ്രദമായി പ്രവർത്തിക്കും എന്നാണ് എക്കോയുടെ കാഴ്ചപ്പാട്. താൻ അതുവരെ എഴുതിയ കല്പിതകഥകളല്ലാത്ത പുസ്തകങ്ങളിലുള്ളതിനേക്കാൾ മികച്ച ആശയങ്ങൾ ‘ഫൂക്കോയുടെ പെൻഡുല’ത്തിലുണ്ടെന്ന് എക്കോ പറയുന്നുണ്ട്. സിദ്ധാന്തവത്കരിക്കാൻ പറ്റാത്ത ആശയങ്ങളാണ് ചിലപ്പോൾ വിശദീകരിക്കേണ്ടി വരിക. ഫാസിസത്തിന്റെ മുഖലക്ഷണങ്ങൾ വ്യക്തമാക്കാൻ കഴിയുന്നതുപോലെ  അതിന്റെ ആഘാതം ചെന്നു തറയ്ക്കുന്ന സമൂഹത്തിലെ അറ്റത്തെ കണ്ണികളുടെ ജീവിതം ആവിഷ്കരിക്കാൻ കഴിയാതെ വരുന്നിടത്ത് കഥ പറയാനുള്ള ചോദന സഹായിക്കാനെത്തുന്നു. മലയോരപ്രദേശമായ ഒററ്റോറിയോയിൽ, ഏകാധിപത്യത്തിന്റെയും യുദ്ധത്തിന്റെയും കെടുകാലത്തെ കുട്ടികളുടെ ജീവിതം പകർത്തുന്നതിൽ എക്കോ സ്വന്തം ബാല്യകാലാനുഭവത്തിന്റെ നിറംകൂടി ചേർത്തിട്ടുണ്ട്.

സിഗ്മണ്ട് ബോമാന്റെ ആശയത്തെ അധികരിച്ച് സമൂഹത്തിന്റെ അസ്ഥിര സ്വഭാവം വ്യക്തമാക്കുന്ന ദ്രവസമൂഹം (The liquid Society) എന്ന ലേഖനത്തിന്റെ വിവർത്തനവും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. “വോട്ടു മറിക്കാൻ പ്രാപ്തിയുള്ള മൂന്നാംകിട നേതാക്കളോ മാഫിയ തലവൻമാരോ വാടകയ്ക്കെടുത്ത ടാക്സികളെപ്പോലെയായിട്ടുണ്ട് ഇന്ന് രാഷ്ട്രീയ പാർട്ടികൾ” എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം നാൾക്കുനാൾ രാഷ്ട്രീയകുതിരക്കച്ചവടങ്ങൾ  ഏറിവരുന്ന കാലത്ത് കൂടുതൽ പ്രസക്തമാണ്. പ്രത്യയശാസ്ത്രങ്ങളുടെ തകർച്ച സമൂഹത്തെകൊണ്ടെത്തിച്ചിരിക്കുന്ന അപകടകരമായ അവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ പൊതുവായ ജാഗ്രതയിലും തിരിച്ചറിവിലുമാണ് അദ്ദേഹം ഊന്നുന്നു.    അജയ് പി മങ്ങാട്ടിന്റെയും രാഹുൽ രാധാകൃഷ്ണന്റെയും  ലേഖനക്കുറിപ്പുകൾ എക്കോയുടെ പുസ്തകങ്ങൾക്കുള്ള ദേശാന്തര വായനകളാണ്. ‘മലയിടുക്കിന്റെ’ ആസ്വാദനം എന്ന നിലയിൽ പ്രമോദ് കുമാറിന്റെ ലേഖനവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ലേഖനങ്ങൾ പുസ്തകത്തിൽ ചേർക്കാൻ അനുവാദം തന്നെ എഴുത്തുകാർക്കും വിവർത്തകരായ ദിവ്യ ജാഹ്നവി, വിനോദ്കുമാർ, ഷാജി അനിരുദ്ധൻ എന്നിവർക്കും പുസ്തകത്തിന്റെ ലേ ഔട്ടും ഡിസൈനും നിർവഹിച്ച് ഈ പുസ്തകത്തിന്റെ നിർവഹണത്തിനായി കൂടെനിന്ന ഷാജി ബാലമോഹനും പ്രസാധനം സന്തോഷത്തോടെ ഏറ്റെടുത്ത മൈത്രി ബുക്സിനും നന്ദി പറയുന്നു.