December 21, 2018

പിതൃരൂപങ്ങളുടെ ഉള്ളടക്കം :


Picture : Asian Age

കുരീപ്പുഴ ശ്രീകുമാറിന്റെ ഉപ്പ എന്ന കവിതയെപ്പറ്റി.

1
          കുമാരനാശാൻ അച്ഛൻ എന്ന പേരിൽ 1912 -ൽ ഒരു കവിത എഴുതിയിട്ടുണ്ട്. 1 പള്ളിക്കൂടം വിട്ടു തുള്ളിച്ചാടി വരുന്ന കുട്ടിയെ മറ്റെല്ലാ ജോലിയും മാറ്റിവച്ച് കൃപാർദ്രമായി നോക്കുകയും ബാലനല്ലെങ്കിലും കുട്ടിയോടൊപ്പം കളിക്കുകയും കുട്ടിയ്ക്കാവശ്യമായ വസ്തുക്കൾ (ജോട്, മുണ്ട്, പുസ്തകം, പന്ത്) വാങ്ങി നൽകുകയും ചെയ്യുന്ന സ്നേഹസമ്പന്നനാണ് കവിതയിലെ അച്ഛൻ. കുട്ടിയ്ക്കും അച്ഛനും തമ്മിൽ സ്വരൂപത്തിൽ സാമ്യമുണ്ട്. വലിപ്പവും മുഖരോമങ്ങളുമാണ് മുഖച്ഛായയിൽ അല്പം വ്യത്യാസം വരുത്തുന്നത്. എന്തു ചോദിച്ചാലും നൽകുന്ന ഉദാരമനഃസ്ഥിതിക്കാരനാണദ്ദേഹം. കുട്ടിയുടെ മുഖം ഏതു ദുഃഖത്തിനിടയിലും അച്ഛനു സന്തോഷം നൽകുന്നു. വീടിനും സ്വത്തിനും അമ്മയ്ക്കും മുകളിലാണ് കുട്ടി. അവർ ഇരു ശരീരമാണെങ്കിലും ഒന്നാണ്. ഇത്തരത്തിൽ പിതൃ-പുത്രബന്ധത്തിന്റെ വൈകാരികതയെ സ്പർശിക്കുന്ന കവിത അവസാന ഖണ്ഡത്തിൽ ഒരു സ്വപ്നമായി മാറുകയാണ് ചെയ്യുന്നത്.
അച്ഛനെപ്പറ്റിയുള്ള സങ്കല്പങ്ങളെല്ലാം കൂട്ടുകാരോട് പറയുന്നതായി കുട്ടി സ്വപ്നം കാണുന്ന തരത്തിൽ ആഖ്യാനപരമായ ഒരു ഗതിമാറ്റം ഈ കവിതയ്ക്കുണ്ട്. പക്ഷേ അപ്പോഴും കുമാരനാശാന്റെ യാഥാർത്ഥ്യബോധം അച്ഛന്റെ രൂപത്തിൽ കുട്ടിയുടെ സമീപം വന്ന് അവന്റെ കിനാവുറങ്ങുന്ന ശിരസ്സിനെ തലോടുന്നു. ഈ കവിത രചിക്കുന്ന സമയത്ത് കുമാരനാശാൻ വിവാഹിതനല്ല. 12 വർഷങ്ങൾക്കു ശേഷമാണ് ഈ കവിതയുൾപ്പെട്ട സമാഹാരം ‘വനമാല’ പുറത്തിറങ്ങുന്നത്. 1924 -ൽ. വൈവാഹിക ജീവിതത്തിന്റെ തുടർച്ചയെന്നോണമുള്ള മക്കൾ വാത്സല്യാനുഭൂതിയിൽ അധിഷ്ഠിതമായ വ്യക്തിയനുഭവമല്ല കവിതയ്ക്ക് അടിസ്ഥാനം. മറിച്ച് കരുണാമയനും ഉദാരനും എന്നാൽ ഗംഭീരനുമായ ഒരു പിതൃസ്വരൂപത്തെക്കുറിച്ചുള്ള വിഭാവനയാണ്. അവിടെ വാത്സല്യത്തിനു വിധേയമാവുന്നത് കവി ചേതനതന്നെയാണ്. പിതാവെന്ന സങ്കല്പത്തിന് കൃത്യമായ കമ്മട്ടങ്ങൾ രൂപപ്പെടാതിരുന്ന തായവഴികളുടെ സാമൂഹികസംക്രമണകാലത്താണ് ഈ കവിത രചിക്കപ്പെടുന്നത്. ആ വഴിക്കും സാമൂഹികമായ രക്ഷാകർത്തൃസ്വരൂപങ്ങളെക്കുറിച്ചുള്ള ആലോചനകളെ ഇത് സമ്പന്നമാക്കുന്നുണ്ട്. 
‘തോലുരിച്ചൊരു പോത്തിൻ മുതുകിൽ കുരുക്കുമായാരു നിൽക്കുന്നു പിന്നിൽ! – അച്ഛനോ ആരാച്ചാരോ?’ എന്ന് ‘അമാവാസി’യിൽ (1981) അസ്വസ്ഥപ്പെട്ട ബാലചന്ദ്രൻ ചുള്ളിക്കാട് അച്ഛന്റെ രൂപത്തെ അഭിമുഖം നിർത്തുന്നത് 1992 -ൽ രചിച്ച താതവാക്യത്തിലാണ്. കുറ്റബോധം ഉണ്ടാക്കുകയും ശപിക്കുകയും ചെയ്യുന്ന ഉഗ്രരൂപിയായ നിഴൽ രൂപത്തെ മനസിൽ നിന്ന് എന്നേയ്ക്കുമായി ഉച്ചാടനം ചെയ്യാനുള്ള ആഭിചാരവും കൂടിയായിരുന്നു ചുള്ളിക്കാടിന് ‘താതവാക്യം’ എന്ന കവിത. കരാളരൂപിയായ താതഭൂതം മകനെ അധിക്ഷേപിച്ചും ആക്ഷേപിച്ചും ഇതുവരെ ജീവിച്ച ജീവിതത്തിന്റെ സംക്ഷേപം അവതരിപ്പിച്ചു മറയുമ്പോൾ മാർത്താണ്ഡയാമം വരികയും അബോധ തമസ്സമുദ്രത്തിന്റെ മുകളിൽ പൊന്നിൻ കിരീടം പൊങ്ങുകയും ജീവചൈതന്യപൂർണ്ണമായ ജനിതകനടനം വ്യക്തമാവുകയും ചെയ്തുകൊണ്ട് ഒരു ദുഃസ്വപ്നം അവസാനിക്കുകയാണ്.  ഓർമ്മയായോ ബാധയായോ നിന്നുകൊണ്ട് ജീവിതത്തിനുമേൽ രക്ഷപ്പെടാൻ ആവാത്ത വിധത്തിൽ പിടിമുറുക്കുന്ന അനുഭവങ്ങളാണ് ചുള്ളിക്കാടിന്റെ വൈകാരിക തലം.
കുഞ്ഞിരാമൻ നായരുടേതായാലും (കളിയച്ഛൻ) ഇടശ്ശേരിയുടേതായാലും (പള്ളിക്കൂടത്തിലേക്കു വീണ്ടും) അച്ഛൻ സങ്കല്പങ്ങളിൽ, അവ വളരെ വ്യത്യസ്തമായിരിക്കുമ്പോഴും പ്രബോധനത്തിന്റെ ഒരു ധാര ഒഴുകി നടക്കുന്നതുകാണാം. ‘കളിയച്ഛനി’ൽ ഗുരുവായ അച്ഛന്റെ (ഗുരു എന്ന വാക്കിന് പിതാവെന്നും അർത്ഥം ഉണ്ട്) സാന്നിദ്ധ്യത്തിലാണ് ഭൂതകാലത്തിന്റെ പിഴകൾ മൂളിയൊഴിച്ച്, ശാപവിമുക്തമായ പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ ആഖ്യാതാവ് സന്നദ്ധനാവുന്നത്. ‘താതവാക്യ’ത്തിന്റെ മുൻമാതൃക എന്നപോലെ കളിയച്ഛനിൽ ഒട്ടാകെ വീണു കിടക്കുന്നത് കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും നിഴലാണ്. ആഖ്യാനത്തിന്റെ കോണുകൾക്കൊപ്പം വ്യവഹാരമേഖലകളും  രണ്ടു കവിതയിലും തീർത്തും വ്യത്യസ്തമാണെന്ന പ്രത്യേകതയുണ്ട്. ഈ ഇരുണ്ട മാനസികലോകങ്ങളിൽനിന്നും മാറിയാണ് ‘പള്ളിക്കൂടത്തിലേക്കു വീണ്ടു’മെന്ന കവിതയിലെ അച്ഛൻ മുന്നിലെത്തുന്നത്. അദ്ദേഹം കൂടുതൽ ശരിയായ ഒരു ലോകത്തെ തിരിച്ചറിയുന്ന ഒരാളാണ്. ആഖ്യാതാവുമാണ്. കാലപരിണാമത്താൽ ചീത്തയാവാത്ത ഒരാദർശലോകം അദ്ദേഹത്തിലുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം വാചാലനുമാണ്. എന്നാൽ മാറിയ കാലം ഏറെ സമ്മർദ്ദം പുതുതലമുറയ്ക്കുമേൽ ചെലുത്തുന്നുണ്ടെന്നും അവരെ പിടിച്ചു വയ്ക്കാനോ പരിണാമിയായ കാലത്തോട് മല്ലിടാനോ തനിക്കാവതില്ലെന്നോ നന്നായി അറിയാവുന്ന മനുഷ്യനുമാണ്. അതുകൊണ്ടാണ് തികച്ചും ആധുനികമായ സ്കൂൾ എന്ന സങ്കല്പത്തിൽ നഷ്ടപ്പെടാൻ പോകുന്നതെന്തെല്ലാം എന്ന കാര്യം ചൂണ്ടിക്കാട്ടി മകനുവേണ്ടി അദ്ദേഹം ചിന്താമഗ്നനാവുന്നത്. ഇതുവരെ ചൂണ്ടിക്കാട്ടിയ മറ്റ് ആവിഷ്കാരങ്ങളിലെല്ലാം മകൻ, ഒളിഞ്ഞും തെളിഞ്ഞും വക്താവായിരിക്കുമ്പോൾ ‘പള്ളിക്കൂടത്തിലേക്കു വീണ്ടും’ എന്ന കവിതയിൽ അച്ഛൻതന്നെയാണ് തന്റെ ലോകത്തെപ്പറ്റി വിചാരപ്പെടുന്നത്.
ജനിതകബന്ധങ്ങളിലെ ഊഷ്മളതയെ ഉള്ളറിഞ്ഞ  വൈലോപ്പിള്ളിയുടെ പല കവിതകളിലും കൊച്ചുമകനോടുള്ള സവിശേഷമായ വാത്സല്യം കടന്നു വന്നിട്ടുണ്ട്. വാതിലിൽ മുട്ടാൻ പത്രങ്ങളില്ലാത്ത, ഒരു സ്വാതന്ത്ര്യദിനപ്പുലരിയിൽ താളിൽ പിച്ച നടക്കുന്ന കൈയക്ഷരങ്ങളോടുകൂടിയ മകന്റെ എഴുത്തു വായിക്കാനെടുക്കുന്ന അച്ഛനെഓണക്കിനാവിൽകാണാം. അദ്ദേഹത്തിന്റെഅച്ഛൻഎന്ന കവിത, പിതാവിന്റെ സുരക്ഷിതത്വത്തിലും ശ്രദ്ധയിലും വിശ്വാസമർപ്പിച്ചു ഉറങ്ങുന്ന മകനെ മൂന്നുതലങ്ങളിലായി അവതരിപ്പിക്കുന്ന കവിതയാണ്. മഴ പെയ്തു കുളിർന്ന ഒരു രാത്രിയിൽ മകനോടൊപ്പം ഉറങ്ങാൻ കിടക്കുന്ന അച്ഛനാണ് കവിതയിൽ. ഏതു കിളിയാണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിലും മുറ്റത്തെ ചെമ്പകശാഖയിൽ  ആ രാത്രിയിൽ ഒരു കിളിയച്ഛന്റെ ചോദ്യവും അതിന് അതിന്റെ കുഞ്ഞിന്റെ നേർത്ത മറുപടിയും കവി വ്യക്തമായി ശ്രവിക്കുന്നുണ്ട്. തന്റെ അരികത്ത് അച്ഛന്റെ മാറിൽ കൊച്ചുകൈ പതിപ്പിച്ച് വിശ്വാസമർപ്പിച്ചുറങ്ങുന്ന മകന് തന്റെ ആ സാന്നിദ്ധ്യമല്ലാതെ മറ്റൊരു പുതപ്പും ആവശ്യമില്ലെന്നിടത്തെ പരസ്പരവിശ്വാസത്തിലാണ് കവിതയുടെ ഊന്നൽ. അടുത്ത ഘട്ടത്തിൽ വിശ്വവിശാലവും നിഗൂഢവുമായ മാറിടത്തിൽ വിശ്വാസമർപ്പിച്ച് ഉറങ്ങിയെണീക്കുന്ന കുഞ്ഞായി കവി തന്നെ വിഭാവന ചെയ്യുകയും ചെയ്യുന്നു. വ്യക്തിനിഷ്ഠമായ അനുഭവത്തെ ഭൗതികവും ആത്മീയവുമായ തലത്തിലേക്ക് ഉയർത്തിവച്ച് പരിശോധിക്കുകയാണ് വൈലോപ്പിള്ളി ഈ കവിതയിലും ചെയ്യുന്നത്. പിതാ-പുതൃബന്ധത്തെ അനുസ്യൂതമായ ജീവതാളത്തിന്റെ അടിസ്ഥാനമായി നോക്കിക്കാണുകയാണ് കവി. ശാസകനും ഉഗ്രരൂപിയും കുറ്റബോധ നിർമ്മാതാവുമായ പിതാവിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഈ പിതൃസങ്കല്പം.
കാഫ്കയുടെ രചനകളിലെ ഒഴിയാബാധയായിരുന്നു പിതാവായ ഹെർമ്മൻ കാഫ്ക. വ്യക്തിയും സമൂഹവും തമ്മിലും പൗരത്വവും അധികാരവും തമ്മിലുമുള്ള ഇടപെടലുകളുടെ സൂക്ഷ്മവും അപഗ്രഥനാത്മകവുമായ ചിത്രീകരണങ്ങൾക്ക് കാഫ്കയ്ക്ക് വഴിയൊരുക്കിയത്, സ്വസ്ഥമായ ഒരു മാനസികജീവിതത്തിന് ഒരിക്കലും നിർവാഹമില്ലാത്തവിധം ആയുഷ്കാലം മുഴുവൻ എഴുന്നുനിന്ന പിതൃരൂപമാണ്. കേവലമായ വ്യക്തി അനുഭവത്തിൽനിന്ന് മാറി, അച്ഛൻ സ്വരൂപങ്ങൾക്ക് രചനകളിൽ സാമൂഹികമായ അവസ്ഥാന്തരങ്ങളുമായി നീക്കുപോക്കുണ്ടെന്ന പാഠവും കാഫ്കയിൽനിന്നാണ് ധ്വനികളാർജ്ജിക്കുന്നത്. 1919 -ൽ സാനറ്റോറിയത്തിൽവച്ച് കാഫ്ക അച്ഛനായി എഴുതിയ കത്തിൽ (എത്രയും പ്രിയപ്പെട്ട അച്ഛന് ’) വാദങ്ങളും എതിർവാദങ്ങളുമായി അദ്ദേഹംതന്നെ തന്റെയുള്ളിലെ  അച്ഛനോട് സംവദിക്കുന്നതു കാണാം. തനിക്ക് അച്ഛനെ ഭയമാണെന്ന വിചാരം മനസിൽകൊണ്ടുനടക്കുന്നതെന്തിനെന്ന അച്ഛന്റെ ചോദ്യത്തിനുള്ള മറുപടി തയാറാക്കുകയായിരുന്നു കാഫ്ക. അച്ഛന്റെ സ്വാധീനത്താൽ താൻ കൂടുതൽ ദുർബലനും ഉത്കണ്ഠാകുലനും സംശയാത്മാവും അസ്വസ്ഥനുമായതിനെപ്പറ്റി എഴുതുന്ന കാഫ്ക, ഒരു കൂട്ടുകാരനായി, മാനേജറായി, അമ്മാവനായി, മുത്തശ്ശനായി, അല്പം വിസ്സമ്മതത്തോടെയാണെങ്കിലും അമ്മായിയച്ഛനായും കാണാൻ കഴിയുമായിരുന്ന അച്ഛനെ വിഭാവന ചെയ്യുന്നുണ്ട്.
 സഹോദരന്മാർ ചെറുപ്പത്തിലേ മരിച്ചു പോയതുകൊണ്ടും സഹോദരിമാർ വൈകിയാണ് ജനിച്ചതെന്നതുകൊണ്ടും ഹെർമ്മൻ കാഫ്കയുടെ പ്രബലമായ സാന്നിദ്ധ്യത്തിന്റെ ആഘാതം മുഴുവൻ ഒറ്റയ്ക്ക്, അതിനുള്ള ത്രാണി തീരെയില്ലാതെ താങ്ങേണ്ടിവന്ന, കാഫ്കയുടെ വിലാപമാണ് ഒരു പക്ഷേ കഥയുടെയും എഴുത്തിന്റെയും വ്യവഹാരഘടനകളെ മായ്ചു കളയുന്ന പ്രിയപ്പെട്ട അച്ഛന്എന്ന രചനയുടെ കാതൽ. കവിതകളോ കഥകളോപോലെ സർഗാത്മകവ്യവഹാരികളല്ല, കത്തുകൾ. എന്നാൽ  എഴുത്തുകാരന്റെ ജീവിതത്തിലെ ആശാവഹമല്ലാത്ത നിഴൽപ്രദേശങ്ങളെഅച്ഛനുള്ള ആത്മനിവേദനങ്ങൾ വ്യക്തമായി വരച്ചു വയ്ക്കുന്നു.  
അറുപതുകളുടെ തുടക്കത്തിൽ എഴുതുകയും 1965 - പ്രസിദ്ധീകരിച്ച സമാഹാരത്തിൽ ഉൾപ്പെടുത്തുകയും  ചെയ്ത സിൽവിയാ പ്ലാത്തിന്റെഡാഡിഎന്ന കവിതയിലും വ്യക്തിയും സമൂഹവുമായുള്ള സംഘർഷം പിതൃരൂപത്തിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. സിൽവിയ പിതാവായ ഓട്ടോപ്ലാത്തിനെക്കുറിച്ചെഴുതിയ കവിതയാണ് ഡാഡി. അബോധാത്മകമായി കവിതയിൽ നാസികളും രക്തം കുടിക്കുന്ന വവ്വാലും ഭർത്താവും അച്ഛൻ ബിംബത്തിൽ നിഴലുവീഴ്ത്തുന്നു. വ്യക്തിജീവിതത്തിന്റെ വിവിധ തുറയിലുള്ള അധികാര രൂപങ്ങൾ ഒരു ബിംബത്തിലേക്ക് സമീകരിക്കപ്പെടുന്നത് ചരിത്രത്തിന്റെ ദയാരാഹിത്യങ്ങൾക്കുള്ള ഉത്തരമെന്ന നിലയ്ക്കുകൂടിയാണെന്ന് ഒരു നിരീക്ഷണമുണ്ട്. (Plath weaves together patriarchal figures – a father, Nazis, a vampire, a husband – and then holds them all accountable for history's horrors. Like "The Colossus," "Daddy" imagines a larger-than-life patriarchal figure, but here the figure has a distinctly social, political aspect.)2 വ്യക്തിരൂപങ്ങൾക്ക് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങൾ കൈവരുന്ന ഇടങ്ങളെ ഇതു വ്യക്തമാക്കുന്നുണ്ട്.
സർഗാത്മക ആവിഷ്കാരങ്ങളിലെ അമ്മ രൂപങ്ങളിലെ ഏറിയ വൈകാരികമായ ഉള്ളടക്കങ്ങൾ പിതൃരൂപങ്ങളിൽ കാണുക പ്രയാസമാണ്.3 പലപ്പോഴും അതു ദുരൂഹമായ സത്തയോ, ശിക്ഷകനോ, പ്രാപ്യമല്ലാത്ത ഭാവനാസ്ഥാനമോ, ഒക്കെയാണ്. നെരൂദയുടെ ഒരു കവിതയിൽ, (‘അച്ഛൻ’) തീവണ്ടി ഓടിക്കുന്നയാളും പച്ചമനുഷ്യനും കഠിനാധ്വാനിയുമായ അച്ഛൻ ഒരിക്കൽ മരണത്തിന്റെ തീവണ്ടി കയറി പോകുന്നതിനെപ്പറ്റി പറയുന്നു. നെരൂദയ്ക്ക്, അച്ഛനെപ്പറ്റിയുള്ള ഓർമ്മകൾ ഉണ്ടാക്കുന്നതുകൊണ്ടാവാം,  മഴ നനയുന്ന തീവണ്ടികൾ ലോകത്തിലെ വിഷാദം നിറഞ്ഞ കാഴ്ചയായിരുന്നു. അങ്ങേയറ്റം വ്യക്തിനിഷ്ഠമായിരിക്കുമ്പോഴും നെരൂദയെപ്പോലെയൊരു കവിയ്ക്ക് പുറംലോകത്തിലേക്ക് നോക്കാതിരിക്കാനാവില്ലല്ലോ. ഈ കവിതയിലും രാത്രി തീവണ്ടി നിലയത്തിൽനിന്ന് പരിക്ഷീണനായി മടങ്ങുന്ന അച്ഛനൊപ്പം
ആവിയെഞ്ചിന്റെ ചൂളം
മഴയിൽ തുളച്ചു കേറുന്ന അലയുന്നൊരു രോദനം
രാത്രിയുടെ വിലാപം4
ഇതെല്ലാം കേറി വരുന്നുണ്ട്.
അച്ഛനോടൊപ്പം കതകു തള്ളി തുറന്നുവരുന്ന കാറ്റിലും ചുവടുവയ്പ്പിലും കിടുങ്ങുന്ന വീട്, തോക്കുകളുടെ കാസക്കുരയോടെ അടയുന്ന വാതിലുകൾ, കോവണിയുടെ ഞരക്കം, പരിതാപങ്ങളുടെ മുറുമുറുക്കം, പുറത്തെ ഇരുട്ട്, കോരിച്ചൊരിയുന്ന മഴ, കാറ്റിന്റെയും മഴയുടെയും മൽപ്പിടിത്തം ഇതെല്ലാം ചേർന്നാണ് ആ കവിതയെ വ്യക്തിതലത്തിൽനിന്നുയർത്തി രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയുടെ അന്തരീക്ഷത്തിൽ പ്രതിഷ്ഠിക്കുന്നത്.

പട്ടാളക്കാരനായ അച്ഛൻ, തന്റെ പ്രവൃത്തികൾക്ക് ബദലായി മകൻ മാറണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു കവിതയാണ് യഹൂദാ അമിഹായിയുടെ എന്റെ അച്ഛൻ നാലുകൊല്ലം അവരുടെ യുദ്ധം ചെയ്തു. താൻ യുദ്ധം ചെയ്തു കൊന്നവരെ മകൻ സ്നേഹിക്കണമെന്നും അവരെപ്പോലെ അവൻ മരിക്കാതിരിക്കണമെന്നുമാണ് പിതാവിന്റെ ആഗ്രഹം. അതു നിറവേറ്റാൻ മകൻ നിന്നുകൊടുക്കുന്നില്ല. പിതാവ് കൊന്നൊടുക്കിയ ശത്രുക്കളെ സ്നേഹിക്കാൻ നിൽക്കാതെ അയാളെ നിഷേധിച്ച്, സ്വന്തം യുദ്ധങ്ങൾക്കായി പടിയിറങ്ങുകയാണ് കവിതയിലെ മകൻ. വ്യക്തിബന്ധങ്ങളിലെ ലാളിത്യവും സങ്കീർണ്ണതയും ബാഹ്യതലത്തിലോ ആന്തരതലത്തിലോ കവിതകളിൽ ഒരു വടംവലിയിൽ ഏർപ്പെടുന്നുണ്ട്. ഇതാണ് കുടുംബബന്ധങ്ങളെ ആവിഷ്കരിക്കുന്നതിലെ നിറക്കൂട്ടുകൾ. അച്ഛൻ അടിസ്ഥാനപരമായിതന്നെ സാമൂഹികമായ വിവക്ഷകളുള്ള ബിംബമാണ്. പിതാവിന്റെ കരുത്തും ജ്ഞാനവും തണലാക്കി സാമൂഹികമായ സുരക്ഷ അനുഭവിക്കുന്ന തരം മനോഭാവത്തെയും അതേ ബലത്തെയും അറിവിനെയും വെല്ലുവിളിച്ചുകൊണ്ട് സമൂഹവുമായി ഇടയുന്ന നിഷേധാത്മകവും ആക്രാത്മകവുമായ നിലപാടു കൈക്കൊള്ളുന്നതിനും കവിതകൾക്ക് സാധിക്കും. വ്യക്തികൾക്ക് അധികാരത്തോടുള്ള വൈരുദ്ധ്യാത്മകമായ സമീപനങ്ങൾ അവയുടെ വിശകലനം സാധ്യമാക്കുന്നു. ഒപ്പം നിലനിൽക്കുന്ന മൂന്നാമത്തെ വഴിയാണ്,  പിതാവുമായുള്ള ഊഷ്മളമായ ബന്ധത്തെ നിർവചിച്ചുകൊണ്ട് വരും കാലത്തേയ്ക്കുള്ള പ്രതീക്ഷകളെ നിർഭരമാക്കുക എന്നത്. അവയിലെ വൈകാരിക അവസ്ഥകൾ സമൂഹത്തിന്റെ മുന്നിൽ വയ്ക്കുന്ന ഭാവനാത്മക പരിഹാരങ്ങളാണ്. കാലികമായ അസ്വസ്ഥതകളെക്കുറിച്ചുള്ള ഉത്കണ്ഠകൾ പരിണാമവിധേയമായി  അരക്ഷിതമായ അവസ്ഥയുടെ അന്തരീക്ഷത്തെ മറച്ചുവച്ച് മറ്റൊന്നിനെ വിഭാവന ചെയ്യാൻ കവിതയിലെ വൈകാരികാന്തരീക്ഷത്തെ സജ്ജമാക്കുന്നു. ഈ  പുനഃസൃഷ്ടികൾ ധ്വനിതലങ്ങളുടെ പ്രകമ്പനങ്ങൾകൊണ്ട് രാഷ്ട്രീയവും സാംസ്കാരികവുമായ പാഠങ്ങളെ സംഗ്രഹിക്കുകയും ചെയ്യുന്നു.
2
ശിക്ഷകൻ, രക്ഷകൻ എന്നീ വൈരുദ്ധ്യങ്ങൾക്കു പുറമേ, കവികളുടെ പിതൃസങ്കല്പങ്ങൾ സ്വകാര്യമായ അനുഭവങ്ങളുടെ കേവലാവിഷ്കാരം എന്നതിനപ്പുറം രചനാപരവും നയപരവുമായ ആശയലോകങ്ങളോടും വ്യക്തമായി കെട്ടുപിണയുന്നു എന്നതിന് ഏതാനും പ്രമാണങ്ങളെങ്കിലും മേൽ ചൂണ്ടിക്കാട്ടിയ കവിതകൾ നൽകുന്നുണ്ട്. ലൂയി സോജ രചിച്ച The Father : Historical, Psychological and Cultural Perspectives (പരിഭാഷ : ഹെൻട്രി മാർട്ടിൻ, 2001 By Brunner- Routledge) എന്ന പുസ്തകത്തിൽ അമ്മയിലൂടെ ജനിതകസവിശേഷതകൾ എന്നപോലെ അച്ഛനിൽനിന്ന് സാംസ്കാരിക മൂലകങ്ങൾ സന്തതികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനെവച്ച് സന്തതികളിലുള്ള അച്ഛനമ്മമാരുടെ സ്വാധീനത്തെ ഒറ്റവരിയിൽ സംഗ്രഹിച്ചിട്ടുണ്ട്. ഹെറാക്ലീറ്റസിന്റെ ഒരു വാക്യം അതേ പുസ്തകത്തിന്റെ ആറാം അദ്ധ്യായത്തിൽ ആമുഖമായി ലൂയി ഉദ്ധരിക്കുന്നുണ്ട്. പിതാവ്, പിതാവാകുന്നത് മകന്റെ (മകളുടെ) ജനനത്തോടെ ആയതിനാൽ, പിറവിമുഹൂർത്തത്തിൽ അയാൾ അയാളുടെ മകനും (മകളും) ആകുന്നുണ്ടെന്നാണ് ഹെറാക്ലീറ്റസ് പറയുന്നത്.  അത് സാംസ്കാരികമായ ജനനമാണ്. പിതാവിനെ വിഭാവന ചെയ്തുകൊണ്ടുള്ള രചനകൾ, സാമൂഹികമായ  ഒരാവശ്യത്തെ മുൻനിർത്തിയുള്ള സാംസ്കാരികപ്രവർത്തനമായതുകൊണ്ട് നീഷേ പറഞ്ഞതുപോലെ തന്തയില്ലായ്മകളുടെ പരിഹാരമുഹൂർത്തങ്ങൾ സാക്ഷാത്കരിക്കപ്പെടുകയാണെന്നും മനസിലാക്കേണ്ടതുണ്ട്.5
2014 -ൽ കുരീപ്പുഴ ശ്രീകുമാർ രചിച്ച ഉപ്പ എന്ന കവിതയിയിലെ പിതൃസങ്കല്പവും കവിയും എഴുത്തുകാരനും സാമൂഹികപ്രവർത്തകനും എന്ന നിലയിൽ അദ്ദേഹം എപ്പോഴും കൊണ്ടു നടക്കുന്ന ആദർശലോകത്തെ സാമാന്യവും സവിശേഷവുമായ രീതിയിൽ മുൻനിർത്തുന്ന ബിംബമാണ്. മലയാളത്തിന്റെ കവിതാപാരമ്പര്യത്തിൽ പരതുമ്പോൾ ലഭിക്കുന്ന പിതൃസ്വരൂപങ്ങളുമായി ‘ഉപ്പ’യ്ക്കുള്ള സാമ്യവും വ്യത്യാസവും അതിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ധ്വനികളോളംതന്നെ വേരുകളുള്ളതാണെന്നു മനസിലാക്കാൻ വലിയ പ്രയാസം അനുഭവപ്പെടുകയില്ല. കുരീപ്പുഴയുടെ ഉപ്പ, നിഗ്രഹോൽസുകനായി ശാസകപക്ഷത്തുള്ള ഒരാളല്ല.  അതേസമയം കുമാരനാശാനിൽ നിന്ന് വൈലോപ്പിള്ളിവഴി നീളുന്ന ഒരു സങ്കല്പധാരയെ കാലികമായി വിപുലപ്പെടുത്തുന്ന ഘടന കൈയാളുകയും ചെയ്യുന്നുണ്ട്.
കുരീപ്പുഴയുടെ കവിതകളിൽ അച്ഛൻ ബിംബം അത്ര സാർവത്രികമല്ല.  എന്നാൽ ഉപ്പയിലെ പിതാവിന്റെ ഒരു പൂർവരൂപം,  ‘അസഹ്യനി’ൽ വ്യക്തമായിത്തന്നെ കാണാം.
 ‘ഞാനാണ് സഹ്യൻ 
നദികളുടെ അച്ഛൻ.
സ്നേഹപൂർവം നിനക്കന്നവും വെള്ളവും
ആടലും പാടലും ഔഷധസസ്യവും
തേനും തപസ്സും വൈഡൂര്യവും തന്നവൻ’ 6

- എന്നെഴുതുന്നു കവി. ആഹാരമൂട്ടുക, പരിപാലിക്കുക, സാംസ്കാരികമായ ഈടുവയ്പ്പുകൾ പകർന്നു കൊടുക്കുക, സർഗശക്തിയും ഭൗതികസമ്പത്തും കൈമാറുക തുടങ്ങിയവയിലൂടെ  സർവാശ്ലേഷിയായൊരു പിതൃരൂപമായി സഹ്യൻ മാനുഷികഭാവങ്ങളോടെ അതിൽ ഉയർന്നു നിൽക്കുന്നു. എന്നാൽ ഈ കാഴ്ച മറ്റിടങ്ങളിൽ തീരെ അപൂർവമാണ്. ‘ജെസ്സി’യിലെ പാപബോധം, അഗമ്യഗമനത്തെപ്പറ്റിയുള്ള പൗരാണികമായ ഒരു മിത്താണ്.  പെൺമക്കൾ,  ഉറങ്ങിക്കിടന്ന വൃദ്ധനായ ലോത്തിനെ പ്രാപിച്ച വാർത്തയുണ്ടാക്കിയ കൗമാരഭാരത്തെപ്പറ്റിയാണ് അവിടെയുള്ള സാന്ദർഭികമായ ആശങ്ക. മിത്തിൽ പിതാവെന്ന സ്വരൂപത്തിന് നിർവാഹകത്വം ഇല്ല. ബന്ധമഹത്വം മാത്രമേയുള്ളൂ. മക്കളുടേതാണ് അവിഹിതമായ ചെയ്തി. ‘അമ്മ’ ആദിമാതാവായും വ്യക്തിയായും സഹനമൂർത്തിയായും കടന്നു വരുന്ന ‘മനുഷ്യപ്രദർശന’ത്തിലും (‘പെറ്റമ്മയാണിവൾ, നൂറ്റൊന്നു മക്കളെ തെറ്റാതെ മാർഗം തെളിച്ചു വളർത്തിയോൾ..’) ‘വെളുത്തയുടെ വീടിലു’ (‘പാതിരാപോലെ കറുത്തൊരമ്മ, പേരു വെളുത്ത മനസ്സുപോലെ’) ഒന്നും  അത്രത്തന്നെ തീവ്രതയോടെയല്ല പിതൃബിംബങ്ങൾ കടന്നു വരുന്നത്. ‘മനുഷ്യപ്രദർശന’ത്തിലെ പിതൃസൂചകങ്ങളായ ചിത്രങ്ങളിലൊന്ന്, ലോകം പണിതീർത്ത കരിങ്കൂറ്റനായ പെരുംതച്ചന്റെയാണ്. പിന്നൊന്ന് നഗരപിതാവിന്റേതാണ്. ഊർവരമായ ഉത്പാദനത്തിന്റെ പ്രതീകമായി ഗോത്രരാജാവിന്റെ ലിംഗവും അവിടെയുണ്ട്.   സർഗാത്മകത, രക്ഷാകർതൃത്ത്വം,  ഉത്പാദനശേഷി എന്നീ ജൈവികഗുണങ്ങളുടെ പ്രതീകചിഹ്നങ്ങളായായി പിരിഞ്ഞിരിക്കുകയാണ് പിതാവെന്ന സങ്കല്പം യന്ത്രമനുഷ്യർ വിരാജിക്കുന്ന ഭാവനാലോകത്തിൽ. എന്നാൽ ‘ഉപ്പ’യിലെ പിതാവ് കുരീപ്പുഴയുടെ പിതൃസങ്കല്പങ്ങളിലെ ജൈവികഘടകങ്ങളെ ഉൾക്കൊള്ളുമ്പോൾത്തന്നെ യാഥാർത്ഥ്യങ്ങളുടെ ഭൂമിയിൽ കാലുറപ്പിച്ച ആളാണ്. അദ്ദേഹത്തിന്റെ പരിവേഷം തികച്ചും മാനുഷികവുമാണ്. അന്തരീക്ഷം കാലികവും.

പുരുഷന് വിശേഷമായ ചില അധികാരസൗകര്യങ്ങൾ നിലനിൽക്കുന്ന സമൂഹമാണ് കേരളത്തിലേത്. സ്ത്രീയെന്ന നിലയ്ക്ക് അമ്മയുടെ വേദനയും സഹനവും കദനവും നിരവധി ആവിഷ്കാരങ്ങൾക്ക് കാരണമായിട്ടുണ്ട്. അതു സ്വാഭാവികവുമാണ്. ഭൗതികമായ അനുഭവരാശികൾക്ക് ഭാവനകൊണ്ട് പരിഹാരം  എന്ന നിലയ്ക്കാണ് അത്തരം കവിതകളുടെ വൈകാരികമണ്ഡലങ്ങൾ അനുഭവപരിസരങ്ങളെ നിർവചിക്കുന്നത്. അധികാരത്തിന്റെയും ശാസനയുടെയും ധർമ്മോപദേശത്തിന്റെയും  ബിംബവത്കൃതരൂപം എന്ന നിലയ്ക്കുമാത്രമേ അച്ഛൻ രൂപങ്ങൾക്ക് നിലനിൽക്കാൻ പറ്റുകയുള്ളൂ  എന്ന പൂർവധാരണയെ പൊളിച്ചു കളയുകയാണ് ‘ഉപ്പ’ പ്രാഥമികമായി ചെയ്യുന്നത്. അച്ഛൻ എന്ന സംസ്കൃതീകൃത രൂപത്തെ ഉപ്പയെന്ന് പ്രാദേശികവും എന്നാൽ മതപരവുമായി പരിവർത്തനം ചെയ്യിക്കുന്നതിലൂടെ അരികുജീവിതങ്ങളുടെ രക്ഷാകർതൃത്ത്വം കൂടി ആ നാമകരണത്തിൽ വിശാലമായ അർത്ഥത്തിൽ വന്നിരിക്കുന്നു. കേവലമായ വ്യക്തി ബന്ധത്തിനപ്പുറത്ത് വർത്തമാനാവസ്ഥയിൽ അരക്ഷിതമായ ഒരു മതസമൂഹത്തിന്, സ്നേഹവാത്സല്യങ്ങൾക്കും പരിചരണങ്ങൾക്കും ഒപ്പം പ്രബോധനത്തിന്റെ താങ്ങുകൂടി നൽകികൊണ്ടാണ് ഉപ്പ എന്ന കവിത രാഷ്ട്രീയം സംസാരിക്കുന്നത്. 
ഉപജീവനത്തിനായുള്ള ഉപ്പയുടെ കഠിനമായ ആയോധനത്തിലാണ് കവിതയുടെ ആദ്യഭാഗത്തെ ഊന്നൽ. ‘താതവാക്യ’ത്തിലെ ‘ജനിതക നടനം’ എന്ന സങ്കല്പത്തിന് കനം നൽകുന്ന മട്ടിൽ ഉപ്പയുടെ ജീവിത കഠിനതകൾ അടുത്തതലമുറയിലേക്ക് പകരുന്നതിനെക്കുറിച്ച് സൂചനകൾ കവിത നൽകുന്നു. ‘ഉപ്പ നൽകിയ മുത്തം നെറ്റിയിലെ പാമ്പാ’ണെന്നും ‘മീസാൻ കല്ല് മുദ്രവച്ച വാക്ക് എന്റെ മജ്ജ ഉരുക്കുന്നു’ എന്നും  ‘ഉപ്പ ചിന്ത ചെന്തീകൊണ്ട് പൂട്ടിയതാണെന്നടുപ്പെന്നും’ ഉള്ള വരികൾ, തലമുറയിലേക്ക് പകരുന്ന ഉപരിതലസ്പർശിയല്ലാത്തൊരു ജീവിതത്തെപ്പറ്റിയുള്ള ആലോചനകളാണ്. ചെന്തീ പൂട്ടിയ അടുപ്പെന്ന രൂപകം, എരിയുന്ന അനുഭവങ്ങളുടെ പ്രത്യക്ഷങ്ങൾക്കൊപ്പം സംസ്കാരത്തിനു തീറ്റ കൊടുത്ത പാചകത്തെക്കുറിച്ചുള്ള ചരിത്രപരമായ ഓർമ്മകൂടി ഉണർത്തുന്നുണ്ട്.  അടുപ്പുപൂട്ടുക എന്ന പ്രക്രിയയെ സ്ത്രീയിൽനിന്ന് പുരുഷനിലേക്ക് മാറുന്നത് ആദർശാത്മകമായിട്ടല്ല, മറിച്ച്  അതിന്റെ സാമൂഹികമായ വിവക്ഷകളോടെയാണ്. ഉപ്പ പഠിപ്പിച്ച പാഠങ്ങളുടെ ആകെത്തുകയാണ് കവിതയിലെ ആഖ്യാതാവിന്റെ ജീവിതത്തിന് അർഥം പകരുന്നത്.  നേത്രദാനപത്രികയിൽ ഒപ്പുവയ്ക്കുക, ബൈക്കുമുട്ടി പ്ലാസ്റ്ററിട്ടു കിടക്കുക തുടങ്ങി ആധുനിക ജീവിതവുമായി നീക്കുപോക്കുകൾ നടത്തിക്കൊണ്ട് കവിത പഠിപ്പിക്കുന്ന പാഠം, ഉപ്പ ജീവിച്ച ജീവിതത്തിന്റെ ആദർശപാഠംകൂടിയാകുന്നു.

മതരഹിതനായി ജീവിക്കാനിച്ഛിക്കുകയും അത്തരമൊരു ആദർശലോകം സ്വപ്നം കാണുകയും ചെയ്യുന്ന  കുരീപ്പുഴയുടെ ‘ഉപ്പ’ മതേതരത്വത്തിനും മതനിരപേക്ഷതയ്ക്കും ഇടയിലെ നേർത്ത അതിരുവേലിയെപ്പറ്റി ഉറച്ച ബോധമുള്ളയാളാണ്. മദ്രസവിട്ടോടിവന്നു കരഞ്ഞ നാളിൽ ചിത്രപുസ്തകങ്ങൾ കാട്ടിയാണ് മകന്റെ കരച്ചിൽ മാറ്റുന്നത്. അമൂർത്തതയിൽനിന്ന് ബിംബാത്മകലോകത്തിലേക്കുള്ള വഴിമാറ്റം അദ്ദേഹത്തിനു ബാധ്യതയല്ല, പകരം പ്രായോഗികതയാണ്. മതാഖ്യാനത്തിൽ നിന്നുള്ള നന്മകളെ (തേൻ മഴകൾ) മതപരമായ ജഡത്വങ്ങൾ കഴുകിക്കലഞ്ഞ്, കൈകൊടുത്തു സ്വീകരിക്കാൻ അദ്ദേഹം മടിക്കുന്നുമില്ല. മുത്തുനബി പോർക്കഥകൾമാത്രമല്ല, ബുദ്ധന്റെ സന്ദേഹങ്ങളും കൃഷ്ണദൂതും സീതാവ്യഥയും ക്രിസ്തുവിന്റെ സഞ്ചാരവഴികളും മകന് അദ്ദേഹം പകർന്നുകൊടുക്കുകയും ചെയ്യുന്നു. ഈ അർത്ഥത്തിൽ അദ്ദേഹം കവിതയിൽ മതേതരനാണ്, മതനിരപേക്ഷനല്ലെന്നു വ്യക്തം. ജീവിതഭാവങ്ങളുടെ സൂക്ഷ്മമായ തെരെഞ്ഞെടുപ്പുണ്ട് ഈ കഥാഖ്യാനങ്ങളിൽ. അതേസമയം ഇത്തരം ഭൂതകാലാഖ്യാനങ്ങളിൽനിന്ന് എത്തിച്ചേരേണ്ടത് ഭാവനയുടെ വെളിച്ചത്തിലേക്കാണെന്നും കവി കരുതുന്നു. ‘സ്വപ്നസ്വിച്ചിൽ സ്പർശിച്ചെന്നും വെട്ടമിട്ടെന്നുപ്പ’- എന്ന വരി ആ സൂചനയാണ് നൽകുന്നത്. 

കുരീപ്പുഴയുടെ ഉപ്പ, താളാത്മകവും പ്രാസഭംഗിയുള്ളതുമായ ഒരു ശില്പഘടനയെ പിന്തുടരുന്നു.  ആഖ്യാതാവിന്റെ നിഷ്കളങ്കതയും ശൈശവവുമാണ് അതിലൂടെ വെളിവാക്കപ്പെടുന്നത്. സ്വന്തം ജീവിതത്തിലാകെ വ്യാപിച്ചു നിൽക്കുന്ന ഒരു വ്യക്തിത്വത്തിന്റെ സാന്നിദ്ധ്യവും  അതിനു മുന്നിൽ തന്റെ ചെറുപ്പത്തെയും വ്യഞ്ജിപ്പിക്കാനുള്ള ശ്രമവും ചേർന്ന് കവിതയിലെ  പ്രാഥമികമായ തലത്തെ ലാളിത്യവും പ്രാസവും താളാത്മകതയും കൊണ്ട് അലങ്കരിക്കുന്നു. ഇതേ പ്രത്യേകത, സിൽവിയ പ്ലാത്ത് നേഴ്സറിപ്പാട്ടിന്റെയും താളവും പ്രാസഭംഗിയും അവലംബിച്ചുകൊണ്ട് ഡാഡി എന്ന കവിതയിലും പ്രകടമാക്കിയിട്ടുണ്ട്.   പിതാവിന്റെ രക്ഷാകർതൃസ്വഭാവത്തെ ഉറപ്പിക്കുന്നതിന് ഈ പ്രത്യേകത സഹായിക്കുന്നുണ്ട്.

  പ്രകൃതിപാഠങ്ങളുടെ തണലാണ് ഉപ്പ എന്ന കവിതയിലെ മറ്റൊരു കൈവഴി. ശവ്വാൽ മേഘം, മൈലാഞ്ചിച്ചെടിയുടെ തണൽ, വിയർപ്പുപ്പു തൂകി ചുവപ്പിച്ച റോസ, ഉജ്ജ്വലപ്രകാശമാർന്ന നക്ഷത്രം, സ്നേഹനദിയുടെപൂക്കര, കണ്ണീരുകൊണ്ടു തീർത്ത മഞ്ഞുതുള്ളി. ഇത്തരം ചിത്രങ്ങളിലൂടെ സുഗന്ധിയായ ഒരു വ്യക്തിത്വത്തിന്റെ കരുതലും തണലും പ്രസരിക്കുന്ന അന്തരീക്ഷം കവിതയുടെ വായനയിൽ അനുഭവിക്കാൻ സാധിക്കുന്നു.  മൂർത്തമായ ഒരു വ്യക്ത്യനുഭവമായിട്ടല്ല നിലനിൽക്കുന്നത്. ഉപ്പ കവിതയ്ക്കുള്ളിലെ ഒരു അപരസാന്നിദ്ധ്യംകൂടിയാന്. താൻ ആവാനാഗ്രഹിക്കുന്നതുതന്നെ അനുഭവിക്കാനാഗ്രഹിക്കുന്നു എന്നു വിളിച്ചറിയിക്കുന്ന ഘടന കവിതയ്ക്കുണ്ട്.  ഉപ്പയെ അനുസ്മരിക്കുന്ന കുട്ടിയിൽ (വ്യക്തി) അധിഷ്ഠിതമായ പ്രാഥമികതലത്തെ അപ്രസക്തമാക്കിക്കൊണ്ട്, അദ്ധ്വാനം, സഹനം, കാരുണ്യം, നന്മ, പ്രായോഗികത, മതേതരത, കരുതൽ  തുടങ്ങിയ മൂല്യങ്ങൾ  സമൂഹത്തിൽനിന്ന് ആഗ്രഹിക്കുകയും അതിന്റെ മാർഗദർശകത്വത്തിനായി കൊതിക്കുകയും ചെയ്യുന്ന ഒരു സാമൂഹികസ്വത്വം കവിതയിൽ പ്രകടമായി വെളിപ്പെട്ട് കിടക്കുന്നുണ്ട്. കവിത ആദർശവും രാഷ്ട്രീയവും സംസാരിക്കുന്നത് ആ മേഖലയിൽവച്ചാണ്.

ഉപ്പയുടെ അബോധതലം, കുരീപ്പുഴ എന്ന സാമൂഹികപ്രവർത്തകന്റെ ബോധതലം സത്യസന്ധമായി വെളിപ്പെടുത്തുന്നതുപോലെ, ശ്രേണീബദ്ധമല്ലാത്ത ജനാധിപത്യത്തെയോ മതനിരപേക്ഷതയെയോ അല്ല അടിസ്ഥാനമാക്കുന്നത്, മറിച്ച് രക്ഷാകർത്താവിന്റെ ഉൾവെളിച്ചത്തെയും ആ വലയത്തിനുള്ളിലെ കരുതലിനെയുമാണ്. മതമൂല്യങ്ങളെ കാലഹരണപ്പെട്ടതായി ഉറപ്പിച്ചു പിന്തള്ളുന്ന സ്വഭാവമല്ല കവിതയ്ക്കുള്ളത്. ആ നിലയ്ക്ക് അത്  നേരത്തെ വ്യക്തമാക്കിയതുപോലെ മതനിരപേക്ഷവുമല്ല. മതമൂല്യങ്ങളിലെ നന്മകൾ പ്രസരിപ്പിക്കാനാവശ്യമായ അരിപ്പയെന്ന നിലയ്ക്കാണ് ഉപ്പയുടെ പ്രാധാന്യം കവിത ഉറപ്പിക്കുന്നത്. ലോകത്തെ സ്വകീയമായ നിലയിൽ നേരിടാനാവില്ലെന്ന അറിവിൽനിന്നും ഉത്ഭവിക്കുന്നതാണ് പിതാവിന്റെ മാർഗദർശനത്തെ  കൊതിക്കുന്ന കവിതയിലെ ശൈശവമനസ്സെന്നത് ഒരു യാഥാർത്ഥ്യമാണ്. പിതാവ് ഇവിടെ കാലികമോ നിത്യമോ ആയ സാന്നിദ്ധ്യമല്ല; ഒരു ഓർമ്മയാണ്. ആധുനികതയുടെ മധ്യാഹ്നത്തിൽ പിതാവിന്റെ സാന്നിദ്ധ്യം സ്വത്വത്തെ അട്ടിമറിക്കുന്ന നിരന്തരമായ അസ്വാസ്ഥ്യമായാണ് കവിതകളിൽ പ്രത്യക്ഷമായതെങ്കിൽ ‘ഉപ്പ’യിൽ അത് ആശ്രയിക്കേണ്ട ഒരു മാതൃകാരൂപമാണ്. തികച്ചും സമകാലികവും വാസ്തവാധിഷ്ഠിതവുമായ കവിതയുടെ പശ്ചാത്തലം എന്തുകൊണ്ട് അത്തരമൊരു രക്ഷാകർത്താവിനെ വിഭാവന ചെയ്യുന്നു എന്നതിന് വരികൾക്കിടയിൽ വായിക്കാവുന്നതരത്തിൽ കവിത ഉത്തരം പാത്തുവെച്ചിരിക്കുന്നു.  പിതൃനിർമ്മിതിയെ, സാമൂഹിക നിർമ്മാണത്തിന്റെ  ആധാരഘടകം എന്ന നിലയിൽ അവതരിപ്പിച്ചുകൊണ്ടാണ് കുരീപ്പുഴയുടെ ‘ഉപ്പ’യിലെ രാഷ്ട്രീയം കനപ്പെടുന്നത്.  
¨
1.         ആശാന്റെയും കാഫ്കയുടെയും മരണം ഒരേ വർഷമാണ് 1924-ൽ.
3.       അമ്മ മരിച്ചപ്പോൾ കുമാരനാശാൻ ഒരു അനുതാപം എന്ന പേരിൽ ഒരു കവിത എഴുതിയിരുന്നു. 
4.       വി രവികുമാറിന്റെ പരിഭാഷ
5.       പിതാവില്ലാത്ത മനുഷ്യൻ ഒരെണ്ണത്തിനെ കണ്ടു പിടിക്കണം’ എന്നാണ് നീഷേയുടെ പ്രസിദ്ധമായ വാക്യം.
6.       കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ

പുസ്തകങ്ങൾ :
1. ഉപ്പ, കുരീപ്പുഴ ശ്രീകുമാർ ഡിസി ബുക്സ് കോട്ടയം,
2. കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ, ഡി സി ബുക്സ്, കോട്ടയം,
3.THE FATHER: HISTORICAL, PSYCHOLOGICAL, AND CULTURAL PERSPECTIVES
    by LUIGI ZOJA,  Translated by Hentry Martin, Brunner- Routledge, 2001
4. http://paribhaasha2016.blogspot.in/

No comments: