September 11, 2018

അനുതാപങ്ങളുടെ വിപണിമൂല്യം


ഈ മാസത്തെ പച്ചക്കുതിരയിൽ ജീവൻ ജോബ് തോമസ്, അനുതാപത്തിന്റെ പുതിയ പാഠങ്ങളെപ്പറ്റിയുള്ള (അനുതാപത്തിന്റെ മഹാപ്രളയം) ലേഖനത്തിനു അനുബന്ധമായി കെ പി ജൈസലുമായി നടത്തിയ അഭിമുഖം നൽകിയിട്ടുണ്ട്. ഈ ആഴ്ചയിലെ സമകാലികമലയാളത്തിന്റെ മുഖചിത്രത്തിലും മുഖലേഖനത്തിലും (ഹൃദയംകൊണ്ട് ഓർമ്മിക്കേണ്ട മുഖം) ജൈസലുണ്ട്. അഭിമുഖത്തിൽ വളരെ വിവേകശാലിയായ ഒരു ഇരുത്തം വന്ന മനുഷ്യന്റെ വാക്കുകളാണ് വായിക്കാൻ കഴിയുക, രക്തസ്രാവം ഉള്ള ഒരു സ്ത്രീ കൂട്ടത്തിലുണ്ടെന്നു കേട്ടിട്ട് ഒട്ടും സമയം കളയാതെ അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ചവിട്ടുപടിയായി കിടക്കാനുള്ള തീരുമാനം അദ്ദേഹം എടുക്കുന്നത്. സ്ത്രീകളെ വള്ളത്തിലേക്ക് കയറ്റാൻ വേറേയും മാർഗങ്ങളുണ്ടായിരുന്നു. പക്ഷേ അനുതാപത്തിന്റെ അടിത്തട്ടോളം ചെന്നു നിമിഷാർദ്ധം കൊണ്ടെടുത്ത തീരുമാനം മാത്രമല്ല, അതു ചിത്രത്തിലാക്കാൻ കൂടെയുണ്ടായിരുന്ന ഒരാൾ (നയീം ബാപ്പു) എടുത്ത തീരുമാനംകൂടിച്ചേർന്നാണ് ജൈസൽ ലോകശ്രദ്ധയിലേക്കു വരുന്നത്. പ്രളയത്തിന്റെ ദിവസങ്ങളിൽ ജൈസലിന്റെ ചിത്രം വാട്സാപ്പു വഴി പ്രചരിക്കുന്നതിന്റെ കൂട്ടത്തിൽ ഇതാണ് മാലാഖ എന്നൊക്കെ പറഞ്ഞ് ഒരു ടീച്ചർ ഫോർവേഡു ചെയ്തതിനെ ചോദ്യം ചെയ്തപ്പോൾ അവരാ ഗ്രൂപ്പിൽനിന്നു തന്നെ വിട്ടു പോയി. അനുതാപത്തിന്റെ മറ്റൊരു ഭാവഭേദം എന്നു പറയാം!

ജൈസലിന്റെ പ്രവൃത്തിയിൽ അഹിതമായി ഒന്നുമില്ലെന്നു മാത്രമല്ല, ചില നന്മകൾ അതിലുണ്ടുതാനും. അഭിമുഖത്തിൽ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നതുകൊണ്ട് അതൊരു ശീലത്തിന്റെയും (ട്രോമാകെയർ മെംബറും കൂടിയാണ് ജൈസൽ) തുറസായ കാഴ്ചപ്പാടിന്റെയും ഫലമാണ്. എന്നാൽ ആ ചിത്രമിട്ട് ആളുകൾ ആഘോഷിക്കുന്നത്, പൂച്ചെണ്ടും കൈയടികളുമായി ഓടിക്കൂടുന്നതും അത്ര നിരുപദ്രവകരമായ കാര്യമല്ല. ദിവസവും പച്ചവെള്ളം പോലെയുള്ള ലാളിത്യത്തിൽ വൈകാരികത കൂട്ടിക്കുഴച്ച് നിത്യേന അകത്താക്കിക്കൊൺറ്റിരിക്കുന്നവർക്ക് മനസിലാക്കാൻ പ്രയാസമാണെന്ന പ്രശ്നം മാത്രമേ അവിടുള്ളൂ. ആ ചിത്രത്തെയിട്ട് ആഘോഷിക്കുന്നവർ ജൈസലുമായൊരു താദാത്മ്യത്തിനല്ല, പകരം തനിക്കു മുന്നിൽ കുനിഞ്ഞു കിടക്കുന്ന ഒരാളെയാണ് സങ്കല്പിക്കുന്നതെന്ന വ്യത്യാസം അവിടെയുണ്ട്. വിനയമാണ് നല്ലതെന്ന് മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കാൻ പറ്റിയ ഗുണമാണ്. അതിൽ ഞന വിനയവാനാകുമെന്ന ഒരു വാഗ്ദാനവും ഇല്ല. മത്സ്യ തൊഴിലാളിയും നിത്യജീവിതനിദാനത്തിനു കഷ്ടപ്പെടുന്നവനുമായ ഒരാൾ കുനിയാവുന്നതിന്റെ പരമാവധി കുനിഞ്ഞു നിൽക്കുന്നത് മറ്റുതരത്തിൽ തോളിൽതട്ടി അഭിനന്ദിക്കാവുന്ന ഒരു കാര്യമാണ്. അത് എന്റെ മേൽക്കോയ്മയെ ബോധത്തിൽ ഉറപ്പിച്ചുതരുന്ന പ്രവൃത്തിയായതുകൊണ്ടാണ് എനിക്കാ ചിത്രം സന്തോഷം നൽകുന്നത്. (ഞങ്ങൾ സാറന്മാർക്ക് അറിഞ്ഞുകൂടാത്ത ഭാവമാണോയിത്?) ഇതേ മനോഭവം മറ്റൊരിടത്തും പ്രകടമാണ്. 'ദുരിതാശ്വാസത്തിനു പണമടച്ചിട്ടു വാ, രസീതു കാണിക്ക്, ഞാൻ നിനക്ക് സമ്മാനം തരാം' എന്നു പറയുന്നതിലും.

സാമൂഹികമനശ്ശാസ്ത്രത്തിന്റെ വിഷയമാണിത്. ജൈസലിനു കാറുകൊടുത്തുകൊണ്ട് സമൂഹമനസിനെ സ്പോൺസർ ചെയ്യുന്ന പരിപാടിയാണ് മഹീന്ദ്ര കമ്പനി ചെയ്തത്. (ജൈസൽ ഡ്രൈവർ കൂടിയാണ്. അതുകൊണ്ട് സമൂഹത്തിന്റെ 'പതിനൊന്നു ലക്ഷത്തിന്റെ മരാസ്സോകൊണ്ട് എന്തു ചെയ്യാൻ പോകുന്നു' തുടങ്ങിയ വലിയ ഉത്കണ്ഠകൾക്ക് അർത്ഥമൊന്നും ഇല്ല.) എന്നാൽ സമ്മാനദാനത്തിലൂടെ കമ്പനി ഉറപ്പിച്ചെടുക്കുന്ന ധാരണയെപ്പറ്റി ബോധമുണ്ടാവേണ്ടത് പൊതുസമൂഹത്തിനാണ്. പൊതുജനജിഹ്വയായ മാധ്യമങ്ങൾക്ക് അതില്ല. പിന്നെ ജനത്തിനെന്തുണ്ടാവാനാണ്? ബഷീർ പറഞ്ഞതുപോലെ 'മണ്ടക്കൂട്ടമല്യോ ജനം?' പ്രളയത്തിന്റെ ആദ്യനാളുകളിൽ ചെന്നൈ വില്ലുപുരത്തെ അനുപ്രിയ എന്ന 9 വയസുകാരി കുട്ടി സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം ദുരിതാശ്വാസത്തിലേക്ക് നൽകി ചെന്നൈയിലെ ഹീറോ സൈക്കിൾ കമ്പനിയുടെ പ്രതിപത്തി പിടിച്ചുപറ്റിയിരുന്നു. കുട്ടിയ്ക്കിഷ്ടപ്പെട്ട സൈക്കിളാണ് ഹീറോ വച്ചു നീട്ടിയത്. കുടുക്കയിൽ ഒരു സൈക്കിളിന്റെ വിലയേക്കാൾ കൂടുതൽ പണം ഉണ്ടായിരുന്നു. അതു സാരമാക്കാനില്ല. പൗരബോധം എന്നത് അഭിനന്ദിക്കേണ്ട കൃത്യമാണ്. മലയാളത്തിലെ ഒരു മാധ്യമം ആവേശം മൂത്ത എല്ലാവർഷവും സൈക്കീൾ കമ്പനി കുട്ടിയ്ക്ക് സൈക്കിൾ നൽകും എന്നുവരെ എഴുതി. കോട്ടയം കുറുമ്പനാടം എൽ പി എസിലെ വൈഷ്ണവിയും സ്വന്തം കുടുക്ക പൊട്ടിച്ച് 600 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. കണ്ണൂരിലെ പയ്യന്നൂർ ഷേണായ് സ്മാരക സർക്കാർ സ്കൂളിലെ സ്വാഹയും അനുജൻ ബ്രഹ്മയും ഒരേക്കർ നൽകിയിരുന്നു. ദുബായിൽനിന്ന് ഒരു കുട്ടി, 8 വയസുകാരി പ്രണതി പിറന്നാളിന് അച്ഛൻ നൽകിയ സ്വർണ്ണ കേക്ക്, (ഏതാണ്ട് 19 ലക്ഷം രൂപ വിലയുണ്ടത്രേ അതിന്) മൊത്തത്തിലെടുത്ത് ദുരിതാശ്വാസത്തിനു നൽകി. അങ്ങനെയൊരു കേക്കു കൊടുക്കുന്ന അച്ഛൻ എന്താണ്!!! എന്നാലും ചില സംഭാവനകൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടെന്ന് എത്തുന്നു. സംഭാവനയ്ക്കുമേൽ സംഭാവന കടന്നു വരുന്നു. മറ്റു ചിലത് അഗണ്യകോടിയിൽ പോകുന്നു. സംഭാവനകൾ അവിടെ തീർന്നു പോകുന്നു.. എന്തു കഷ്ടമാണിത് !!

രണ്ട് കാര്യങ്ങളാണ് പറയാൻ ശ്രമിച്ചത്, പ്രവൃത്തിയുടെ അനുതാപം വേറെ, അതിന്റെ സ്പോൺസർഷിപ്പുകളുടെ പ്രായോഗികത വേറെ. ഫോട്ടോയുടെ മിഴി തുറക്കലിനു മുന്നിലോ മാധ്യമങ്ങൾക്കു മുന്നിലോ എത്തിപ്പെടാൻ കഴിയാതെ പോയ അനുതാപങ്ങളെക്കുറിച്ചുള്ള ആലോചനകളാണ്, സമ്മാനദാനങ്ങൾ പ്രാഥമികമായും മുന്നിൽ കൊണ്ടുവരുന്നത്. ഒരു തരം അനുതാപസെൽഫികൾ. പ്രതിസ്ഥാനത്ത് സമൂഹത്തിന്റെ ചില വകതിരിവില്ലാത്ത തോന്നലുകളാണ്.

No comments: