ആനന്ദിനു ആരോ വായിച്ചു കമഴ്ത്തി വച്ച പുസ്തകങ്ങൾ
ലഭിച്ചിട്ടുള്ളതുപോലെ എനിക്ക് കിട്ടിയിട്ടുള്ളത് ഡയറികളാണ്. പല ആകൃതികളിൽ പല രൂപത്തിൽ പല ഉള്ളടക്കങ്ങളിൽ.
മുൻപ് കിഴക്കേക്കോട്ടയിലെ നടപ്പാതയിൽ വച്ച് പഴയ പുസ്തകങ്ങൾ പെട്രോമാക്സിന്റെ വെളിച്ചത്തിൽ വിറ്റിരുന്നിടത്തു
നിന്ന് ഒരു ഡയറി വില കൊടുത്തു തന്നെ വാങ്ങിച്ചിട്ടുണ്ട്. പഴക്കമല്ലാതെ എനിക്കായി അതിൽ
ഒന്നും ഉണ്ടായിരുന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അതിൽ നിന്ന് ഒരു ഉപദേശ വാക്യം കിട്ടി.
കണക്കുകൂട്ടലുകൾക്കും തിരിച്ചറിയാൻ പറ്റാത്ത
അക്ഷരക്കോഡുകൾക്കും ശേഷം വൈലറ്റു നിറമുള്ള മഷി കൊണ്ട് പുസ്തകം തീരുന്നതിനു തൊട്ടു മുൻപ്
എഴുതിയിട്ടത് . “ജീവിതത്തിൽ എന്തും സ്വന്തമാക്കിക്കൊള്ളൂ.
പക്ഷേ അതിന്റെ വില നിങ്ങൾ കൊടുക്കേണ്ടി വരും. “ എന്നായിരുന്നു ആ വാക്യം.
അതഇനു ശേഷം ഡയറി ശൂന്യമാണ്. എന്തു കൊണ്ട് ഒരു പ്രത്യേക നിമിഷത്തിൽ മാത്രം അതു കണ്ണിൽപ്പെട്ടു?
എന്തു കൊണ്ട് ആ നിമിഷത്തിൽ മാത്രം ആ വാക്യത്തിന് എന്തോ പ്രാധാന്യമുണ്ടെന്ന് തോന്നി
? അറിയില്ല. എഴുതിയ ആളിനു ഒരിക്കലും ഉപയോഗിക്കാൻ പറ്റാത്ത നാണയങ്ങളാണ് ഡയറിക്കുറിപ്പുകൾ,.
പിന്നീടെപ്പോഴെങ്കിലും അതു മറ്റാരെങ്കിലുമായിരിക്കും ഉപയോഗിക്കുക എന്ന മട്ടിൽ ഒരു നിരീക്ഷണം
കണ്ടിട്ടുണ്ട്. “ജീവിതത്തിന്റെ കമ്പികൾ മുറുകി നിൽക്കുമ്പോൾ അതു
മീട്ടണം’,.. ബാക്കി വെള്ളം (അതു
കണ്ണീരോ, വിയർപ്പോ, കൂര ചോരുന്ന വീട്ടിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ മഴയോ, മേശപ്പുറത്തു
നിന്ന് തട്ടി മറിഞ്ഞ ചായഗ്ലാസിലെ..... ഒരു പക്ഷേ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും...)
വീണു മാഞ്ഞു പോയ വാക്യം, ഏതു നിലയ്ക്കാണ് സ്വയം ഉപയോഗിക്കാൻ പറ്റാതെ പോയ അനുഭവത്തിന്റെ
മിച്ചമാവുന്നത്?
ആനിഫ്രാങ്ക് എന്തിനാണൊയെന്തോ ഡയറി എഴുതിയിരുന്നത്.
ആൺ കുട്ടികൾക്ക് പൊട്ടിച്ചു തീർക്കാവുന്ന രഹസ്യങ്ങളേ ഉള്ളൂ. ചില ഒറ്റപ്പെടലുകൾ ഡയറി
എഴുതിച്ചാൽ തന്നെ പെട്ടെന്ന് അവർക്ക് മടുത്തു പോകുന്നു. കൊയ്ലോയുടെ എലവൻ മിനിറ്റ്സിലെ
നായിക മരിയ ഓരോ അദ്ധ്യായത്തിനു ശേഷവും പെൺപ്പള്ളിക്കൂടങ്ങളിൽ ഡയറിയെഴുത്ത് അഭ്യസിപ്പിക്കുന്ന
രീതിയുണ്ടെന്ന് തോന്നുന്നു. പ്രിയപ്പെട്ട ഡയറീ..
എന്നു തുടങ്ങുന്ന ഡയറി എഴുത്തുകൾക്ക് കുമ്പസാരത്തിന്റെ പകർച്ചയുണ്ട്. ആ ഘട്ടം കഴിഞ്ഞ്
അവർ ഏകാന്തല്യുടെ രുചി അറിഞ്ഞു തുടങ്ങുന്നിടത്ത് വച്ച്, എഴുതിയ രഹസ്യങ്ങൾ വീട്ടുകാർ
പ്രത്യേകിച്ചും അമ്മമാർ കാണാതെ സൂക്ഷിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുക അവരുടെ കൗമാരവേവലാതികൾക്ക്
ഒരു തൂവൽ കൂടി വച്ചു കൊടുക്കാറുണ്ട്. മുൻപൊരിക്കൽ പഠിത്തം പകുതിയ്ക്കു നിർത്തിപ്പോയ
ഒരു പെൺകുട്ടി ഒരു പാട് കീറക്കടലാസുകൾ പാത്തു വച്ചിരിക്കുന്ന ഒരു പുസ്തകം കൊണ്ട് തന്നിട്ട്
എന്നെങ്കിലും ഞാൻ തിരിച്ചു ചോദിക്കുമ്പോൾ തരണം എന്ന് പറഞ്ഞിട്ട് പോയി. അപ്പോൾ തന്നെ
മറിച്ചു നോക്കിയപ്പോൾ ഉള്ളിലിരുന്ന ഒരു മയിപ്പീലി മാനം കണ്ടു. ഞാൻ കുറ്റവാളിയായി. “സാരമില്ല” അവൾ പറഞ്ഞു. “അകത്തുള്ള ഒന്നും നഷ്ടപ്പെടാതെ
നോക്കിയാൽ മതി.” സൂക്ഷിക്കുന്നതിനുള്ള കൂലിയായി അതു മറിച്ചു നോക്കാനുള്ള സ്വാതന്ത്ര്യം
ലഭിക്കുന്നു. ഓരോ വായനയും അകത്തുള്ള എന്തോ ഒക്കെ നഷ്ടപ്പെടുത്തുന്നു. രതിയ്ക്കു ശേഷമുള്ള
കുറ്റബോധം പോലെ എന്നൊരു ഉപമ തോന്നുന്നു. ശരിയാവുമോ? ഒരിക്കലും ഉള്ളിലുള്ള എല്ലാം മനസ്സിലാവില്ല.
അനുഭവങ്ങളുടെ മൂല്യം തിരിച്ചറിയാവുന്നവർ അതിന്റെ കർത്താക്കൾ മാത്രമാണ് എന്നുള്ളതുകൊണ്ട്.
അവരത് അങ്ങേയറ്റം ആത്മനിഷ്ഠമാക്കി വയ്ക്കുന്നു. നമ്മൾ പുറത്തു തപ്പുകയേ ഉള്ളൂ.. ഒരു
പുഞ്ചിരി അപ്പുറത്തു നിന്ന് നമ്മുടെ അന്ധാളിപ്പിനെ തേടി എപ്പോൾ വേണമെങ്കിലും വന്നേയ്ക്കാം..
സോമ ഒരിക്കൽ ന്യുയോർക്കിൽ (കിങ്സ് മാൻ ടെറസ്സ്
– എന്തൊരു പേര് !) നിന്ന്
കത്തയച്ചിരുന്നു. അപ്പോഴേയ്ക്കും അവൾ മാറിപ്പോയിരുന്നു. അസാധാരണമായ ഊർജ്ജം സൂക്ഷിക്കുന്ന
അമ്മയെ ഏതാണ്ട് രോഗത്തിന്റെ അവസ്ഥയിൽ തന്നെ ഭയക്കുന്ന ചെറിയ തെറ്റിനു പോലും കിടുകിടാ
വിറക്കുന്ന പെൺ കുട്ടി എന്ന അവസ്ഥയിൽ നിന്നും പുതിയ സാഹചര്യങ്ങൾ അവളെ വല്ല്ലാതെ മാറ്റിയിരിക്കുന്നു
എന്നു തോന്നി. മൂന്നാമത്തെയോ നാലാമത്തെയോ കത്തിനു
മറുപടിയായി ഡയറിക്കാര്യം എഴുതിയപ്പോൾ “കത്തിച്ചു കളഞ്ഞേര്,
ആർക്കു വേണം ഇനി ആ ചവറൊക്കെ” എന്നായി മറുപടി. യാത്രയിൽ നാം ഭൂമിശാസ്ത്രപരമായി
മാത്രമല്ല, അനുഭവങ്ങളിൽ നിന്നു കൂടി ദൂരേയ്ക്കു തെറിക്കുന്നു.
ഇപ്പോൾ സോമ റേച്ചൽ മത്തായി ഇല്ല. ഉള്ളതു ഞാൻ മാത്രമാണ്.
എന്റെ മരയലമാരിയുടെ ഏറ്റവും താഴത്തെ തട്ടിൽ രേഷ്മയുടെയും അൽക്ക മേരി മാത്യുവിന്റെയും അച്ചു സിറിയക്കിന്റെയും ഷാകിറാ ഷംസുദീന്റെയും സുഷാ ആന്റണിയുടെയും പദ്മം ദാസിന്റെയും
ഡയറികൾക്കൊപ്പം സോമാ റേച്ചലിന്റെയും തടിച്ച
തവിട്ടു നിറമുള്ള പുസ്തകമുണ്ട്. (കൂട്ടത്തിൽ വിനയചന്ദ്രൻ മാഷിന്റെ പ്രകാശിപ്പിക്കാത്ത
ഒരു ലേഖനവുമുണ്ട്, മേതിലിനെക്കുറിച്ചുള്ളത് ) വർഷങ്ങൾക്കിപ്പുറം നിന്ന് വരികളിലൂടെ കണ്ണോടിക്കുമ്പോൾ
അതിലെ കഥാപാത്രങ്ങൾക്ക് വല്ലാത്ത പരിചിതത്വം.
സ്വന്തം നിഴൽത്തുണ്ടുകളാണവ. ഉറക്കം ഞെട്ടിയ അർദ്ധരാത്രികളിൽ പാതിബോധത്തിലിരുന്ന് കുറിച്ചു
വച്ചതുപോലെയുണ്ട്. അവയിലെ വൈകാരികമായ ഉപരിപ്ലവത്വം ( പൈങ്കിളിത്തനം ! ഹോ !) നമ്മുടെ തന്നെ ഉള്ളിലുള്ളതല്ലേ? പകർത്തിയെഴുത്തുകൾ ജീവചരിത്രങ്ങളോ ആത്മകഥകളോ? ‘എന്റെ
സച്ചിദാനന്ദൻ കവിതകൾ’ എന്ന് ചുള്ളിക്കാട്
ഒരു പുസ്തകത്തിനു പേരിട്ടില്ലേ? എങ്കിൽ ഇത് സ്വന്തം കഥകളല്ലേ? ‘ദ്വേധാ നാരായണീയം’
എന്നു പറഞ്ഞതുപോലെ രണ്ടു വിധത്തിലും? മറ്റാരുടെയോ സ്വപ്നത്തിലെ കഥാപാത്രങ്ങളല്ല നമ്മളെന്ന്,
തിരിച്ച് അവർ നമ്മുടെ സ്വപ്നത്തിലെയല്ലെന്ന്..?
കഥ
തനിച്ചു മഴ നനയുന്നവർ
മഞ്ചണാത്തി മരത്തിന്റെ തണലിലുള്ള മില്‍മാബാറിന്റെ വശത്തേയ്ക്ക് മാറി നിന്ന്
സുള്‍ഫി മീരയെ കൈയാട്ടി വിളിച്ചു.
കാമ്പസിലെ വൈസ് ചെയര്‍പേഴ്സണ്‍ മീരാ ജോര്‍ജ്ജ് അപ്പോള്‍,
ലിംഗ്വസ്റ്റിക്സിലെ ആദര്‍ശുമായി ക്യാന്റീനില്‍, ലോകകാര്യം പറഞ്ഞിരുന്നു നഷ്ടപ്പെട്ടു
പോയ, ഉച്ചയ്ക്കു ശേഷമുള്ള സെമിനാറിനെക്കുറിച്ചോര്‍ത്തു കൊണ്ടു ഭവ്യതയോടെ
ഹോസ്റ്റലിലേയ്ക്കു മടങ്ങുകയായിരുന്നു. ‘ആശയവിനിമയത്തിലെ വികാരക്ഷമത’. അതായിരുന്നു മീര അവതരിപ്പിക്കേണ്ടിയിരുന്ന പേപ്പര്‍.
തലേദിവസം രാത്രി ഷിജിന്റെ കത്തുവീണ്ടും വായിച്ചപ്പോള്‍ എല്ലാ വിനിമയങ്ങളും അര്‍ത്ഥരാഹിത്യത്തിലേയ്ക്കല്ലേ
യാത്രയാവുന്നതെന്നു അവള്‍ക്കു വെറുതേ തോന്നി. അപ്പോള്‍ വികാരങ്ങള്‍
കണ്ണുകെട്ടുന്നത് ആശയങ്ങളെയാണോ വിനിമയങ്ങളെയാണോ..? അവള്‍ക്ക് ആ പേപ്പര്‍
അവതരിപ്പിക്കണമെന്നു തോന്നിയില്ല. നാളെ തിയറി ക്ലാസില്‍ ഡൊമിനിക്ക് സാര്‍ പേപ്പറവതരിപ്പിച്ച
കുട്ടികളോട് ചില ചോദ്യങ്ങള്‍ ചോദിക്കും. അതിനിടയ്ക്ക് പലഭാവങ്ങളില്‍ മീരയ്ക്കു
നേരെയുള്ള നോട്ടങ്ങളില്‍ നിന്ന് ‘നീ എന്തുകൊണ്ടു വന്നില്ല എന്നെനിക്കറിയാം’ എന്നു പറയാതെ പറഞ്ഞു വയ്ക്കും..‘എന്തറിയാമെന്ന്..?’ മീരയ്ക്കു ചിരി വന്നു..
മീര വരില്ല എന്നു തോന്നിയതു കൊണ്ട് സുള്‍ഫി അവളുടെ അടുത്തേയ്ക്കു ചെന്നു.
എം എ മെയില്‍ ഹോസ്റ്റലിലെ അന്തേവാസിയെ കാണാന്‍ വന്ന ഏതോ ചെറുക്കനാവണം, ബൈക്ക്
ഉച്ചത്തില്‍ ഇരപ്പിച്ചുകൊണ്ട് അവര്‍ക്കിടയിലൂടെ കടന്നു പോയി.
“ജാട തന്നെ അല്ലേടേയ്...വിളിച്ചാലൊന്നും കേള്‍ക്കില്ല..” സുള്‍ഫി അയാള്‍ക്കു മാത്രം കഴിയുന്ന ഒച്ചയിൽ മീരയോട്
ചോദിച്ചു.
ആരാണിതു പറയുന്നത്.. അഹങ്കാരം മൊത്തത്തില്‍ വിലയ്ക്കെടുത്തു
നടക്കുന്നവനാണ്..സുള്‍ഫിയുടെ നടത്തത്തില്‍, ചലനത്തില്‍ ഒച്ചയില്‍ വല്ലാത്തൊരു
അഹങ്കാരം എപ്പോഴുമുണ്ട്. ഷോവനിസം. എങ്കിലും ഹോസ്റ്റലിലെ പെണ്ണുങ്ങള്‍ക്ക് ഇയാളൊരു
ഹരമാണ്. എന്തിനും ഏതിനും സുള്‍ഫി. വാര്‍ഡനെ ഒരു പാഠം പഠിപ്പിക്കാനായാലും.
ചേച്ചിമാരെ കമന്റടിക്കുന്ന പുതിയ പിള്ളാരെ വിരട്ടാനാണെങ്കിലും. രാഷ്ട്രീയ ബന്ധം
കൊണ്ടാവാം.. മീര ഓര്‍ത്തു. അല്ലെങ്കില്‍ അയാള്‍ സംസാരിക്കുമ്പോള്‍ പ്രസരിക്കുന്ന
ആത്മവിശ്വാസം കൊണ്ട്..ഒരു കാര്യത്തിലും സംശയമില്ല. പ്രസംഗവേദിയിലും അതേ..
സംസാരിക്കുമ്പോഴുമതേ..താന്‍ ചൂണ്ടുന്ന വിരള്‍ത്തുമ്പത്താണ് കാര്യങ്ങള്‍ എന്ന
മട്ടിലാണ് പോക്ക്..
മില്‍മാബാറില്‍ നിന്ന് അനുചേച്ചി
എത്തി നോക്കി. ദേഹമാസകലം പൊള്ളലേറ്റ പാടുകൾ ഉള്ളതു കൊണ്ടു എപ്പോഴും മൂടിപ്പുതച്ചു
നില്‍ക്കുന്ന അവര്‍ക്ക് സുഗതകുമാരി ടീച്ചറിന്റെ ഛായയാണ്. മീരയാണെന്നു കണ്ട്
ഇപ്പോഴും ഭംഗി പോകാത്ത മുഖം കൊണ്ട് അവര്‍ ചിരിച്ചു.
“വാ നമുക്ക് ചേച്ചി വക ഒരു കാപ്പി കുടിക്കാം..തന്നോട് കുറച്ചു കാര്യം സംസാരിക്കാനുണ്ട്.” സുള്‍ഫി വിളിച്ചു. ആദര്‍ശുമായി ക്യാന്റീനിലിരുന്നു കുടിച്ചു തീര്‍ത്ത ചായദ്രാവകങ്ങളുടെ മടുപ്പു ചുവ തേട്ടിയതു കൊണ്ട് മീര പറഞ്ഞു.
“വാ നമുക്ക് ചേച്ചി വക ഒരു കാപ്പി കുടിക്കാം..തന്നോട് കുറച്ചു കാര്യം സംസാരിക്കാനുണ്ട്.” സുള്‍ഫി വിളിച്ചു. ആദര്‍ശുമായി ക്യാന്റീനിലിരുന്നു കുടിച്ചു തീര്‍ത്ത ചായദ്രാവകങ്ങളുടെ മടുപ്പു ചുവ തേട്ടിയതു കൊണ്ട് മീര പറഞ്ഞു.
“വേണ്ട...പോയിട്ട്
ചില കാര്യങ്ങളുണ്ട്...”
"അങ്ങനെയല്ല, ഗൌരവമുള്ള സംഗതികളാണ്.. ഷിജിന്റെ കത്തൊക്കെ വരാറുണ്ടോ...?”
"അങ്ങനെയല്ല, ഗൌരവമുള്ള സംഗതികളാണ്.. ഷിജിന്റെ കത്തൊക്കെ വരാറുണ്ടോ...?”
ഇയാള്‍ തന്നെ പെടുത്തി എന്നു മീരയ്ക്കു തോന്നി. ഷിജിനെക്കുറിച്ചാണ്
സംസാരിക്കാണുള്ളതെങ്കില്‍ തനിക്ക് കേള്‍ക്കണ്ട എന്നു വയ്ക്കാനാവില്ല.
കള്ളമായിരിക്കാം പറയാന്‍ പോകുന്നത്..എങ്കിലും താനറിയാത്ത, തന്നെ അറിയിക്കാത്ത
എന്തൊക്കെയോ ഷിജിനിലുണ്ടെന്ന് പ്രണയത്തിന്റെ ഈ ആറാം വര്‍ഷത്തിലും
തോന്നുന്നതെന്തെന്ന് മീര പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്. അവനെക്കുറിച്ചു
പറയുന്നത് ആരായാലും താന്‍ അങ്ങോട്ടു നോക്കിപ്പോവുന്നു.
ഒരു പക്ഷേ പ്രണയത്തിന്റെ ശിശിരം എന്നില്‍
തുടങ്ങിയിരിക്കും...കൊടുമ്പിരിക്കൊണ്ട പ്രണയം, മധ്യാഹ്നസൂര്യനെ കണ്ണിമയ്ക്കാതെ നോക്കി
നിന്ന ശേഷം തണുപ്പു പുതച്ചു മടങ്ങുന്നു. അവനെ വെറുക്കാനൊരു കാരണത്തിനല്ലെങ്കില്‍
അവന്റെ രഹസ്യങ്ങള്‍ കേള്‍ക്കാന്‍ മനസ്സിങ്ങനെ വെമ്പുന്നതെന്തിന്?
“എനിക്കു ജീവിക്കാന്‍ ഒരു കാരണം വേണം”. പ്രണയത്തിന്റെ ആദ്യ കാലങ്ങളില്‍ ഷിജിന്‍
പറഞ്ഞിരുന്നു. അന്ന് ഷിജിന് ബ്ലയിഡ് കൊണ്ട് കൈത്തണ്ട മുറിക്കുന്ന
ശീലമുണ്ടായിരുന്നു. ഉണങ്ങിയതും പകുതി ഉണങ്ങിയതും പുതിയതുമായ ചോരവരകള്‍ തലങ്ങും
വിലങ്ങും കിടക്കുന്ന കൈത്തണ്ടിലേയ്ക്ക് അവന്‍ ഉപ്പു തരികള്‍ വിതറിയിടും..
എന്നിട്ടു കണ്ണടച്ചിരിക്കും. ഒരിക്കല്‍ അതു കണ്ട്, മുന്നിലിരുന്ന ഓംലെറ്റ് കഴിക്കാനാവാതെ
വാപൊത്തി മീര വാഷ് ബേസിനിലേയ്ക്കോടിയിട്ടുണ്ട്.
പൂജപ്പുരയുള്ള പരീക്ഷാഭവന്‍ വരെ പോകണം. അതിനൊരു കൂട്ട് വേണം. അതിനാണ് സുള്‍ഫി
തന്നെ നിര്‍ബന്ധിച്ചു കൊണ്ടുവന്നത് എന്ന് ബസ്സിലിരുന്നപ്പോഴാണ് മീരയ്ക്കു
മനസ്സിലായത്. താനാവുമ്പോള്‍ എങ്ങനെയും വളയും എന്ന് ആണ്‍കുട്ടികള്‍ക്ക് ഒരു
ചിന്തയുണ്ട്. ഷിജിന്‍ സ്ഥലത്തുമില്ല. ബസ്സില്‍ സുള്‍ഫി, സ്ഥലമുണ്ടായിട്ടുകൂടി
മീരയോടൊപ്പം ഇരുന്നില്ല. മുന്നിലൊരു സീറ്റില്‍ പോയി ഈ ബസ്സത്രയും എന്റേതാണെന്ന
രീതിയില്‍ അടുത്ത സീറ്റില്‍ കൂടി കൈകുത്തി വിശാലമായി ഇരിക്കുന്നു. ഇടയ്ക്കു
തിരിഞ്ഞ് ടിക്കറ്റ് ഞാന്‍ എടുത്തോളാം എന്ന ആംഗ്യം കാണിക്കുന്നതു കണ്ടു.
താനെന്തിനാണിപ്പോള്‍ ഇയാള്‍ക്കൊപ്പം പുറപ്പെട്ടത് എന്നാലോചിച്ചപ്പോള്‍
മീരയ്ക്കു സ്വയം ദേഷ്യം തോന്നി. ഹോസ്റ്റല്‍ മുറിയില്‍ കതകടച്ചിരുന്ന് ഷിജിന്
മറുപടി എഴുതാമായിരുന്നു. കത്തു വൈകിയാല്‍ അവന്‍ അസ്വസ്ഥനാകും. അതറിയാം. എന്നിട്ടും
എഴുതാന്‍ തോന്നുന്നില്ല. ‘ഷിജിന്,
ഞാനിന്ന് സുള്‍ഫിയോടൊപ്പം പൂജപ്പുര വരെ പോയിരുന്നു, ഒറ്റയ്ക്ക് ....’ എന്ന വാചകത്തിൽ ഇത്തവണത്തെ കത്തു തുടങ്ങിയാലോ
എന്നാലോചിച്ചപ്പോള്‍ മീരയ്ക്കു ചിരിവന്നു. അവന്റെ മറ്റു കൂട്ടുകാരെപ്പോലെയല്ല,
സുള്‍ഫി. ഷിജിന്, ദേഷ്യമോ വെറുപ്പോ അകല്‍ച്ചയോ എന്തോ ഒന്ന് ഇയാളോട് ഉണ്ട്.
ആണുങ്ങളുടെ അസൂയയാവണം. തുറന്ന് സമ്മതിക്കില്ലല്ലോ..
“ഇച്‌മിനി...ബൂബൂ.....ആസ്മസ്......”ഒരു ബസ് യാത്രയ്ക്കിടയില്‍ കുറേനേരം ഷിജിന്‍, മീര
എന്തു പറഞ്ഞാലും ഇങ്ങനെ മറുപടി പറഞ്ഞുകൊണ്ടിരുന്നു. ആദ്യം മീരയ്ക്കൊന്നും
മനസ്സിലായില്ല. എന്‍ എസ് മാധവന്റെ ഒരു കഥയിലെ പ്രണയിതാക്കള്‍ വല്ലാത്ത സന്തോഷം
കൊണ്ട് ഇങ്ങനെയാണത്രേ സംസാരിക്കുന്നത്.
കന്യാകുമാരിയിലേയ്ക്കായിരുന്നു ആ യാത്ര. ഷിജിന്‍ അന്ന് വല്ലാതെ
തിളച്ചിരുന്നു. അതിനു മുന്‍പോ പിന്നീടോ ആ ഭാവത്തില്‍ ഷിജിനെ താന്‍ കണ്ടിട്ടേയില്ല
എന്ന് മീര ഓര്‍ത്തു. ‘വസ്ത്രം
ധരിച്ചു കൊണ്ടുള്ള ഇണചേരല്‍’ അടുത്തടുത്തിരുന്നുകൊണ്ടുള്ള നീളമുള്ള ബസുയാത്രയെ ഷിജിന്‍
വിളിച്ചതങ്ങനെയാണ്. ഇടയ്ക്കു ഗട്ടറില്‍ വീണു ഒരാളുടെ ഭാരം മറ്റൊരാളിലേയ്ക്കു
ചായുന്നതാണ് രതിമൂര്‍ച്ഛ. നമ്മുടെ ഈ സദാചാര കാലത്തില് ഇങ്ങനെയൊക്കെയേ പറ്റൂ.
ബസ്സിന്റെ ബാക്കിലായിരുന്നു സീറ്റ്. ചാഞ്ഞും ചരിഞ്ഞും തുടര്‍ച്ചയായ കുറേ ‘രതിമൂര്‍ച്ഛകള്‍ക്കു’ ശേഷം, ഷിജിന്‍ കുട്ടികളെ കുറിച്ചു സംസാരിച്ചു.
വിവാഹം എങ്ങനെ നടത്തണമെന്നും ആരെയൊക്കെ വിളിക്കണമെന്നും എവിടെ
താമസിക്കണമെന്നുമൊക്കെ.... അത്രതന്നെ. പിന്നീടൊന്നും സംഭവിച്ചില്ല.. വര്‍ഷത്തില്‍
നാല്‍പ്പത്തഞ്ചു ദിവസത്തെ അവധിക്കാലം ഷിജിനു സ്വപ്നങ്ങള്‍ കാണാന്‍ മാത്രമുള്ളതാണ്.
ബാക്കി ദിവസങ്ങളില്‍ മുറിയില്‍ ഒറ്റയ്ക്കു കാണുന്ന സ്വപ്നങ്ങള്‍ ഇവിടെ വരുമ്പോള്‍
മീരയോടു കൂടിച്ചേര്‍ന്നു കാണുന്നു. കൃത്യം നാല്‍പ്പത്തിനാലാം ദിവസം എല്ലാ
സ്വപ്നങ്ങളും തുടച്ച് ഇവിടെ എറിഞ്ഞിട്ട് വിമാനം കയറുന്നു.
‘ഇച് മിനി...ബൂബൂ ........ ആശയവിനിമയം
അസാദ്ധ്യമാവുന്നതു ആഹ്ലാദം കൊണ്ടു തന്നെയായിരിക്കുമോ......?
അന്ന് കന്യാകുമാരിയിലേയ്ക്കുള്ള ബസ് കാത്തു നില്‍ക്കവേ ആകസ്മികമായി രാമന്‍
സാര്‍ മുന്നില്‍ വന്നു പെട്ടു. ‘വീട്ടില്‍ പോകുന്നില്ലേ’ എന്നായിരുന്നു ചോദ്യം. മാര്‍ത്താണ്ഡത്തുള്ള
ഒരു കൂട്ടുകാരിയെ കാണാന്‍ പോകുന്നു എന്നു പറയാനാണ് അപ്പോള്‍ തോന്നിയത്.. എന്നിട്ടു
നാളെ പദ്മനാഭപുരം സന്ദര്‍ശിക്കുന്നു. സാറെന്തോ കുടുംബകാര്യം പറഞ്ഞു. ഷിജിന്‍ ഏതു
സമയവും വന്നേയ്ക്കാം. സാറിനു ഷിജിനെ അറിയില്ല. മീരയുടെ മറ്റെല്ലാ കൂട്ടുകാരെയും
അറിയാം. പപ്പയെ പോലെ. റേഡിയേഷനു ശേഷം മുടിയെല്ലാം പോയി കിടന്ന സാറിനെ കാണാന്‍
പോയത് പപ്പയോടൊപ്പമാണ്. സാറ് അന്ന് ഒന്നുകൂടി കറുത്തിരുന്നു. മീരയെ കണ്ടതും ആ
മുഖത്ത് വല്ലാത്തൊരു സന്തോഷം വന്നു നിറഞ്ഞു. പപ്പയോടു സംസാരിക്കുന്ന സമയം മുഴുവന്‍
മീരയുടെ കൈ അദ്ദേഹം മുറുക്കെ പിടിച്ചിരുന്നു.
തമ്പാനൂരെത്തിയതും സുള്‍ഫി പറഞ്ഞു . “ഇവിടെ നിന്ന് നമുക്കൊരു ഓട്ടോയി
പുവാം”
ഓട്ടോ പരീക്ഷാഭവന്റെവിടെ നിന്നില്ല. സുള്‍ഫി മുന്‍പോട്ട് എന്നു കൈകാണിച്ചു.
ആറാലും മൂട് ജങ്ക്ഷനില്‍ നിന്നു തിരിഞ്ഞ് ഒരു ഇടവഴിയിലേയ്ക്ക് കയറി. ടാറിടാത്ത
വഴി. അതുകൊണ്ട് റിക്ഷാ വല്ലാതെ കുലുങ്ങി. രണ്ടാള്‍ക്കുള്ള സ്ഥലം മുഴുവന്‍
എടുത്താണിരിക്കുന്നതെങ്കിലും അവളെ തട്ടാതെ സുള്‍ഫി അഡ്ജസ്റ്റു ചെയ്യുന്നുണ്ടെന്നു
മീരയ്ക്കു തോന്നി. ഓട്ടോ കയറാത്ത ഒരു ഇടവഴിയുടെ മുന്നില്‍ നിര്‍ത്താന്‍ പറഞ്ഞു
സുള്‍ഫി പേഴ്സെടുത്തു.
“ഇവിടെ ഒരിച്ചെരെ കാര്യമൊണ്ട്” സുള്‍ഫി പറഞ്ഞു. “താനിവിടെ നിന്ന് പ്രകൃതി
സൌന്ദര്യം ആസ്വദിക്ക്. അപ്പഴേക്കും ഞാന്‍ വരാം”.
മീരയെ ഒന്നു നോക്കി, വണ്ടിതിരിച്ച് ഓട്ടോക്കാരന്‍ പോയതോടെ അവളവിടെ
ഒറ്റയ്ക്കായി. വല്ലാതെ ഒറ്റപ്പെട്ടൊരു സ്ഥലം. കൈയിലുണ്ടായിരുന്ന ഫയലും ബുക്കും
ചേര്‍ത്തു പിടിച്ച് നില്‍ക്കുമ്പോൾ താനിപ്പോള്‍ എങ്ങോട്ടാണ് പോവുക എന്നവള്‍ ഓര്‍ത്തു.
സുള്‍ഫി കയറിപ്പോയ വീട് ഇവിടെ നിന്നാൽ കാണാം. അവള്‍ നോക്കി നില്‍ക്കെ ആരോ അവിടെ
നിന്നും മുറ്റത്തിറങ്ങി മീര നില്‍ക്കുന്ന ഭാഗത്തേയ്ക്കു നോക്കി. തുടര്‍ന്ന് അതു
പോലെ ഒന്നു രണ്ടു തലകള്‍. മീര കുറച്ചു മാറി നിന്നു. ആണുങ്ങള്‍ മാത്രം താമസിക്കുന്ന
ഹോസ്റ്റലു പോലെയുള്ള സെറ്റപ്പാവാം അത്. അതായിരിക്കാം സുള്‍ഫി തന്നെ കൂട്ടാത്തത്.
മീര വിചാരിച്ചു.
ക്യാൻസർ വന്നാൽ മരിക്കും എന്നാണ്
എല്ലാവരെയും പോലെ മീരയും കരുതിയിരുന്നത്. എന്നാല്‍, രാമൻ സാറ് പിന്നെയും
ക്ലാസെടുക്കാന്‍ വന്നു. രോമമില്ലാത്ത തന്റെ തല ആരും കാണാതിരിക്കാന്‍ ഒട്ടും
ചേരാത്ത ഒരു തൊപ്പിയും വച്ച്. അത് ബി എ യുടെ അവസാന മാസങ്ങളായിരുന്നു. പ്രണയത്തിനും
പനിപിടിക്കുന്ന കാലം. ഓര്‍ക്കാന്‍ നാലോ അഞ്ചോ മദ്ധ്യാഹ്നങ്ങള്‍ മാത്രം നല്‍കിയിട്ട്
ഷിജിന്‍ അപ്പോഴേയ്ക്കും ഗള്‍ഫിലേയ്ക്കു പോയിക്കഴിഞ്ഞിരുന്നു. ക്ലാസുകള്‍
അവസാനിക്കുന്ന ദിവസം, മീരയോട് തന്നെ കണ്ടിട്ടേ പോകാവൂ എന്ന് രാമന്‍സാറു പറഞ്ഞു.
ക്യാബിനില്‍ ചെല്ലുമ്പോള്‍ കാണുന്നത്, മേശയ്ക്കുള്ളില്‍ നിന്നും അദ്ദേഹം ഒരു നീണ്ട
നൂലു വലിച്ചെടുക്കുന്നതാണ് . കരിക്കോത്തിയില്‍ ജപിച്ചു വാങ്ങിയതാണ്. അതു
മുറിക്കാന്‍ പാടില്ലത്രേ. അതുകൊണ്ടു മുഴുവനും മീരയുടെ ഇടതു കൈത്തണ്ടയില്‍ ചുറ്റി
അറ്റം ഇടയില്‍ തിരുകി വച്ചു.
“പൊട്ടിച്ചുകളയരുത്. ദേഹരക്ഷയ്ക്കു നല്ലതാണ്..” അദ്ദേഹം പറഞ്ഞു. മീര കുങ്കുമം
ഇനിയും ഉണങ്ങിയിട്ടില്ലാത്ത നൂലിലേയ്ക്കു നോക്കി. ചോരവരകള്‍! ഒറ്റവളയുള്ള
മാത്രമുള്ള കൈയില്‍ അതൊരു ചന്തം തന്നെ. ഷിജിന്‍ ഇതുകാണാന്‍ ഇനി എത്രമാസം
പിടിക്കുമെന്ന് ആലോചിച്ചപ്പോള്‍ ചെറിയ ഒരു ദുഃഖം തോന്നി. രാമന്‍ സാറപ്പോള്‍
തൊപ്പിയെടുത്ത് മേശപ്പുറത്തു വച്ച് തലതടവിക്കൊണ്ടു ചിരിക്കുകയായിരുന്നു.
“ഞാന്‍ മുറുക്ക് നിര്‍ത്തി.. ദാ.. നോക്ക്...” കറുത്ത മോണപുറത്തുകാട്ടിക്കൊണ്ടു
അദ്ദേഹം പറഞ്ഞു.
സാറിനോട് എന്തു പറയണം എന്നു അവള്‍ക്ക് അറിയില്ലായിരുന്നു.
സാറിനോട് എന്തു പറയണം എന്നു അവള്‍ക്ക് അറിയില്ലായിരുന്നു.
ഒരു കാറ്റ് മീരയുടെ ഷാള്‍ പറത്തി അവളെ ചുറ്റി കടന്നു പോയി. അതവള്‍
നേരെയിട്ടു. കറങ്ങിത്തിരിഞ്ഞു തിരിച്ചു വന്നപ്പോഴേയ്ക്കും കാറ്റിനു ശക്തി
കൂടിയിരുന്നു. ചെമ്മണ്ണു പുരണ്ട കൈകൊണ്ട് അതവളുടെ മുഖത്തടിച്ചു. തലമുടിയെ
അലങ്കോലമാക്കി. ചുരിദാറിനെ പിടികൂടി വട്ടം ചുറ്റി ഉയര്‍ത്തി. അപ്പോഴാണ് മഴ പെയ്തു
തുടങ്ങിയത്. ഒറ്റ നിമിഷം കൊണ്ടതു കനത്തു. ചെമ്മണ്ണു കലങ്ങിയ വെള്ളം മീരയുടെ
ചെരുപ്പിനിടയിലൂടെ ഒലിച്ചു. മീര ചുറ്റും നോക്കി. കയറി നില്‍ക്കാന്‍ ഒരു
സ്ഥലവുമില്ല. അതു കൊണ്ട് ആദ്യത്തെ വിഫലമായ ഒരു പ്രതിരോധത്തിനു ശേഷം അവള്‍ നനയാന്‍
തീരുമാനിച്ചു. ബുക്കുകള്‍ രണ്ടും കുതിര്‍ന്നു പോകാതിരിക്കാന്‍ മാറോടു ചേര്‍ത്തു
പൊത്തി, ചെരുപ്പില്‍ നിന്നും ചെളി കുടഞ്ഞുകളഞ്ഞ് അവള്‍ അവിടെ തന്നെ നിന്നു. അവള്‍
ആകെ നനഞ്ഞു എന്നു ബോദ്ധ്യമായപ്പോള്‍ വന്നതിനേക്കാള്‍ അപ്രതീക്ഷിതമായി മഴ തോര്‍ന്നു.
സുള്‍ഫി വരാൻ പിന്നെയും സമയമെടുത്തു. കൈലേസു കൊണ്ടു മുഖവും മുടിയും മീര
തുടച്ചു. ബുക്കു നോക്കുമ്പോള്‍ അതിനുള്ളില്‍ വച്ചിരുന്ന ഷിജിന്റെ കത്ത് നല്ലവണ്ണം
നനഞ്ഞിരിക്കുന്നു. അവളുടെ അഡ്രസ്സ് എഴുതിയ ഭാഗം കുതിര്‍ന്ന് വികൃതമായിട്ടുണ്ട്. അവള്‍
അത് അങ്ങനെ തന്നെ മടക്കി വച്ചു.
“ പൂവാം..” പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് സുള്‍ഫി പറഞ്ഞു. സമയം ഇത്രയും
കഴിഞ്ഞതും മഴ വന്നതുമൊന്നും അയാള്‍ അറിഞ്ഞിട്ടില്ല. ഒട്ടും നനയാത്ത അയാളോടൊപ്പം
നനഞ്ഞ വസ്ത്രങ്ങളുമായി നടക്കുന്നതില്‍ മീരയ്ക്ക് എന്തോ വല്ലായ്ക തോന്നി, അയാള്‍
അതൊന്നും ശ്രദ്ധിക്കുന്നില്ലെങ്കില്‍ കൂടി. ആറാലും മൂട് ജങ്ക്ഷന്‍ വരെ ഓട്ടോ
ഒന്നും കണ്ടില്ല.
“എന്തോ സീരിയസ്സായി പറയാനുണ്ടെന്നു
പറഞ്ഞിട്ട്.. ഷിജിനെപ്പറ്റിയാണോ?...” തമ്പാനൂരേയ്ക്കുള്ള യാത്രയ്ക്കിടയില്‍ എത്ര
വേണ്ട എന്നു വച്ചിട്ടും മീരയ്ക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
സുള്‍ഫി ഇടിവെട്ടും പോലെ ചിരിച്ചു. മീര വല്ലാതെയായി.
“എന്നെ മഴ നനയ്ക്കാന്‍ വേണ്ടി കൊണ്ടു വന്നതാണോ ഇവിടെ...” അവള്‍ ചൊടിച്ചു.
“താനിപ്പഴും അവനെയും കെട്ടിപ്പിടിച്ചിരിക്കയാണോ....?എന്റെ മീരേ അവന്‍ ആളു ശരിയല്ല...” ചിരി തുടച്ചു കളയാതെ സുള്‍ഫി പറഞ്ഞു.
മീര സുള്‍ഫിയെ നല്ലവണ്ണം നോക്കി. അത് കൂടുതലറിയാനുള്ള ആഗ്രഹം കൊണ്ടാണെന്ന മട്ടില്‍ സുള്‍ഫി മീരയുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു. എന്നിട്ട് അല്പം ശബ്ദം കുറച്ചു പറഞ്ഞു.
“അവന്‍ ആള് ഹോമോയാണ്...
ഓട്ടോ ഡ്രൈവര്‍ അവരെ തിരിഞ്ഞു നോക്കി.
“ ഷിജിന് തന്നെ പോലുള്ള പെണ്ണുങ്ങളെയൊന്നുമല്ല കാര്യം. നല്ല പയ്യന്‍മാരെയാ..” വല്ലാത്തൊരു മുഖഭാവത്തോടെ സുള്‍ഫി തുടര്‍ന്നു. “ വിശ്വാസമില്ലെങ്കില്‍ ആരോടു വേണമെങ്കിലും ചോദിച്ചു നോക്ക്....”
മീര പിന്നെ സുള്‍ഫിയെ നോക്കിയില്ല. റോഡിലേയ്ക്കു നോക്കിയിരുന്നു. അവിടെയെങ്ങും മഴപെയ്തതിന്റെ ഒരു ലക്ഷണവുമില്ല.
സുള്‍ഫി ഇടിവെട്ടും പോലെ ചിരിച്ചു. മീര വല്ലാതെയായി.
“എന്നെ മഴ നനയ്ക്കാന്‍ വേണ്ടി കൊണ്ടു വന്നതാണോ ഇവിടെ...” അവള്‍ ചൊടിച്ചു.
“താനിപ്പഴും അവനെയും കെട്ടിപ്പിടിച്ചിരിക്കയാണോ....?എന്റെ മീരേ അവന്‍ ആളു ശരിയല്ല...” ചിരി തുടച്ചു കളയാതെ സുള്‍ഫി പറഞ്ഞു.
മീര സുള്‍ഫിയെ നല്ലവണ്ണം നോക്കി. അത് കൂടുതലറിയാനുള്ള ആഗ്രഹം കൊണ്ടാണെന്ന മട്ടില്‍ സുള്‍ഫി മീരയുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു. എന്നിട്ട് അല്പം ശബ്ദം കുറച്ചു പറഞ്ഞു.
“അവന്‍ ആള് ഹോമോയാണ്...
ഓട്ടോ ഡ്രൈവര്‍ അവരെ തിരിഞ്ഞു നോക്കി.
“ ഷിജിന് തന്നെ പോലുള്ള പെണ്ണുങ്ങളെയൊന്നുമല്ല കാര്യം. നല്ല പയ്യന്‍മാരെയാ..” വല്ലാത്തൊരു മുഖഭാവത്തോടെ സുള്‍ഫി തുടര്‍ന്നു. “ വിശ്വാസമില്ലെങ്കില്‍ ആരോടു വേണമെങ്കിലും ചോദിച്ചു നോക്ക്....”
മീര പിന്നെ സുള്‍ഫിയെ നോക്കിയില്ല. റോഡിലേയ്ക്കു നോക്കിയിരുന്നു. അവിടെയെങ്ങും മഴപെയ്തതിന്റെ ഒരു ലക്ഷണവുമില്ല.
“ഞാന്‍ വിചാരിച്ചത് താന്‍ അവനുമായുള്ള ബന്ധമൊക്കെ വിട്ട് സീരിയസ്സായി
കല്യാണം ആലോചിച്ചു തുടങ്ങിയെന്നാണ്...”
അയാള്‍ പറഞ്ഞു. അപ്പോഴും ചിരിയുണ്ട്.
അയാള്‍ പറഞ്ഞു. അപ്പോഴും ചിരിയുണ്ട്.
സുള്‍ഫി ആളുകളെ കളിയാക്കാറുണ്ട്. കള്ളം പറയാറുണ്ട്. പ്രണയകാര്യങ്ങള്‍
ഷിജിന്‍, സുള്‍ഫിയുമായി പങ്കിടുമെന്നു തോന്നുന്നില്ല. അങ്ങനെയൊരടുപ്പം സുള്‍ഫിയുമായി
ഷിജിനുണ്ടെന്നു അവന്റെ വാക്കുകളില്‍ നിന്നും ഒരിക്കലും മീരയ്ക്കു തോന്നിയിട്ടില്ല.
അവധിയ്ക്കു വരുമ്പോള്‍ ഷിജിന്റെ ബൈക്കില്‍ താനിരുന്നു പോകുന്നതു കണ്ടു കാണണം.
‘അവരു തമ്മില്‍ കല്യാണം കഴിക്കാനുള്ള പ്ലാനാണോടേയ്’ ’എന്ന് തന്റെ കൂടെ
ഹോസ്റ്റലിലുള്ള രാധികയോട് സുള്‍ഫി തിരക്കിയിരുന്നു, അതു പണ്ടാണ്..ഷിജിന്‍ ഗള്‍ഫില്‍
പോയ ഇടയ്ക്ക്.
മീരയ്ക്കെവിടെയോ നൊന്തു. പതിവിനു വിപരീതമായി അതെന്താണെന്നു ചിന്തിക്കാന്‍
മനസ്സു കൂട്ടാക്കിയില്ല. സുള്‍ഫി എന്തിനാണ് തന്നോടിങ്ങനെയൊരു തമാശ പറഞ്ഞതെന്ന്
അവള്‍ക്കു മനസ്സിലായില്ല. അല്ലെങ്കില്‍ അവള്‍ക്ക് ആരെയും മനസ്സിലാവുന്നില്ല.
കഴിഞ്ഞയാഴ്ച വീട്ടില്‍ പോയപ്പോള്‍ പപ്പ വളരെ ആഹ്ലാദത്തോടെ അവളോട് ഒരു
കല്യാണക്കാര്യം പറഞ്ഞിരുന്നു. പപ്പയുടെ കൂട്ടുകാരന്റെ മകന്‍. മീര അറിയും അയാളെ.
പക്ഷേ അതു വേണ്ടെന്നു പറയാന്‍ അവള്‍ ഒരു നിമിഷം പോലുമെടുത്തില്ല. പപ്പ അതൊട്ടും
പ്രതീക്ഷിച്ചതല്ല. അവള്‍ക്ക് പ്രണയമൊന്നുമില്ലെന്ന് അദ്ദേഹത്തിനു തീര്‍പ്പുണ്ട്.
അല്ലെങ്കില്‍ അവളതു പറയുമായിരുന്നു. എന്തുകൊണ്ടു താനതു വേണ്ട എന്നു പറഞ്ഞു... മീര
സ്വയം ചോദിച്ചു. അങ്ങനെയല്ല ചോദിക്കേണ്ടത്..അവള്‍ സ്വയം തിരുത്തി. എന്തുകൊണ്ട്
താനിപ്പോള്‍ ഷിജിനെ വേണ്ടെന്നു വച്ചു എന്നാണ്...
കാര്യവട്ടത്തേയ്കുള്ള ബസ്സില്‍ മീരയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സുള്‍ഫി
അവളുടെ അടുത്തു വന്നിരുന്നു. അവളുടെ ശരീരം നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നില്ല.
നനവ് അയാളറിയാതിരിക്കാന്‍ അവള്‍ ഒന്നൊതുങ്ങിയിരുന്നു. പിന്‍വശത്തെ വാതിലിനടുത്ത്
രണ്ടുപേര്‍ക്കു മാത്രമിരിക്കാവുന്ന സീറ്റായിരുന്നു അത്. ഏതു നിമിഷവും
ഷിജിനെപ്പറ്റി ബാക്കി പറയുവാന്‍ അയാള്‍ തുടങ്ങിയേക്കുമെന്നു അവള്‍ക്കു തോന്നി.
അയാള്‍ സംസാരിച്ചതേയില്ല. ഉള്ളൂര്‍ വളവു തിരിയുമ്പോള്‍ റോഡില്‍ കിടന്ന എന്തിലോ
കയറി ബസ്സു നന്നായൊന്നു കുലുങ്ങി. ഒരാളുടെ ഭാരം മറ്റൊരാളിലേയ്ക്ക്.. ഷിജിനെപ്പറ്റി
ഓര്‍ത്തുപ്പോയതുകൊണ്ട് അവള്‍ രണ്ടു കൈകൊണ്ടും ജനല്‍ക്കമ്പിയില്‍ മുറുക്കെ പിടിച്ച്
ഉലയാതിരിക്കാന്‍ ശ്രമിച്ചു. അപ്പോഴായിരിക്കണം സുള്‍ഫി കൈയിലെ ചരടു കണ്ടത്. അതാകെ
കറുത്തു വൃത്തികേടായി കിടക്കുകയായിരുന്നു. പലപ്പോഴും അഴിച്ചു കളയണം എന്നു
വിചാരിച്ചിട്ട് എന്തുകൊണ്ടോ മടിച്ചു. ഒരു പക്ഷേ രാമന്‍സാറു തന്നെയും മറന്നു
പോയിക്കാണണം, അങ്ങനെയൊരു സാധനം തന്റെ ദേഹരക്ഷ ചെയ്തു കൊണ്ട് അവിടെ തന്നെ വര്‍ഷങ്ങളായി
കിടക്കുന്നത്.
കൈ മറയ്ക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് സുള്‍ഫി അതില്‍ പിടികൂടി. പഴക്കം
കൊണ്ടു അയഞ്ഞുതുടങ്ങിയ അതിനുള്ളിലേയ്ക്ക് വിരലിട്ട് അയാളതു പെട്ടെന്നു
പൊട്ടിച്ചെടുത്തു. മഴനനഞ്ഞതു കൊണ്ടുകൂടിയാകണം അത്ര എളുപ്പത്തില്‍ അതു
പൊട്ടിപ്പോയത്. മീരയ്ക്ക് ഒരു ശൂന്യത അനുഭവപ്പെട്ടു. വലതു കൈയവള്‍
ഇരിപ്പിടത്തിന്റെ പിന്നിലേയ്ക്ക് ഇറക്കി വച്ചു. കറുത്തു നനഞ്ഞ നൂല്‍ തന്റെ വിരലില്‍
ചുറ്റിവച്ച് നോക്കിയ ശേഷം സുള്‍ഫി ജന്നല്‍ വഴി പുറത്തെ ഇരുട്ടിലേയ്ക്കിട്ടു.
പിന്നെ സംഭവിച്ചതൊന്നും ഞാനറിഞ്ഞില്ലെന്ന മട്ടില്‍ പിന്നിലേയ്ക്കു തലച്ചായ്ച്
കണ്ണടച്ചു.
‘നാളെ മുതല്‍ എനിക്കു
ദേഹരക്ഷയില്ല..’ മീര സ്വയം പറഞ്ഞു. ദൈവങ്ങളോടൊക്കെ പുച്ഛമായതു കൊണ്ട് ഇതു കാണുന്ന
നിമിഷം തന്നെ ഷിജിന്‍ വലിച്ചു പൊട്ടിക്കുമെന്നാണ് മീര പ്രതീക്ഷിച്ചിരുന്നത്. വലിയ
താത്‌പര്യത്തോടെയാണ് മീര നൂല്‍ക്കഥ മുന്‍പൊരു അവധിക്കാലത്ത് അവനെ പറഞ്ഞു കേള്‍പ്പിച്ചത്.
അന്നു രാവിലെ കുളിക്കുമ്പോള്‍ അവൾ ആ നൂല് നന്നായി തേയ്ച്ചു വെളുപ്പിച്ചിരുന്നു.
അവനെ കാണിക്കാന്‍ വേണ്ടി പ്രത്യേകിച്ച്..
“കൊള്ളാം” .. അവന്‍ പറഞ്ഞു
“ക്രിസ്ത്യാനി പെണ്ണിന് ചാമുണ്ടി വക ദേഹ രക്ഷ..ഇനി നിന്നെ തൊടാന്‍ ഒരു
ശക്തിയ്ക്കും സാദ്ധ്യമല്ല..” അവന്‍ ഉറക്കെ ചിരിച്ചു.
ചില വികാരങ്ങളെപ്പോലെ ചില മുന്‍വിധികളും തികച്ചും ആകസ്മികമാണ്,
ഹൃദയത്തിനടുത്തുള്ള ആളിനു പോലും അതു മനസ്സിലാക്കിക്കൊടുക്കുക വിഷമമാണ്.
ഹോസ്റ്റല്‍ വരെ സുള്‍ഫി
വരുമെന്നാണ് വിചാരിച്ചത്. ഹോസ്റ്റലിലേയ്ക്കു തിരിയുന്നിടത്തെ വിളക്ക് കത്തുന്നില്ല
എന്നു കണ്ടിട്ടും.
അയാള്‍ ഗസ്റ്റ് ഹൌസിന്റെവിടെ നിന്നു.
‘‘ഇനി താന്‍ പൊയ്ക്കൊള്ളുമല്ലേ..”
ഒരു ഉത്തരം പ്രതീക്ഷിക്കാതെ ആരോടോ എന്ന പോലെ അങ്ങനെ പറഞ്ഞിട്ട് യാത്രപോലും പറയാതെ
അയാള്‍ വലത്തു തിരിഞ്ഞു നടന്നു. ഹോസ്റ്റലില്‍ മെസ്സിന്റെ ബഹളമായിരുന്നു.
രാത്രിയാഹാരം പതിവു പോലെ അവള്‍ വേണ്ടെന്നു വച്ചു. വാതിലടച്ചു കുറ്റിയിട്ട ശേഷം
ഷിജിന്റെ കത്ത് പുസ്തകത്തില്‍ നിന്നുമെടുത്തു. നനവ് അപ്പോഴേയ്ക്കും
ഉണങ്ങിയിരുന്നുവെങ്കിലും പടര്‍ന്ന് വികൃതമായ അക്ഷരങ്ങള്‍ അങ്ങനെ
തന്നെയിരിക്കുന്നു. അവനെഴുതാന്‍ ഒരു വെള്ള പേപ്പറെടുത്തു വച്ച് മീര
അങ്ങനെയിരുന്നു, കുറേയേറെ നേരം.
7 comments:
ഒരുപാട് അസന്നിഗ്ധതകള്‍ക്കിടയില്‍ ഒരു പാവം മഴപ്പെയ്ത്ത് ...
തനിച്ച് ,
മഴനീരു വീണു കലങ്ങിച്ചുവന്ന കണ്ണുകളില്‍ ഒരുപാട് ചോദ്യങ്ങള്‍...........
ഒരു പക്ഷേ,ചോദ്യങ്ങള്‍ മാത്രം ..
കൊള്ളാം,
അത് തുറന്നു നോക്കാത്തെ നെഞ്ചത്ത് അടുക്കിപിടിച്ച് കണ്ണടച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരുപാട് കുറിപ്പുകള്‍ മനസ്സില്‍ തെളിയുമായിരുന്നില്ലെ..:))
നന്നായിരിക്കുന്നു രചന
ആശംസകള്‍
നല്ല കഥയാണിത്
ഇഷ്ടപ്പെട്ടു
കഥ ഒരു കുരുക്കാണ്
ഈ കഥ നേരത്തെ വായിച്ചിരുന്നു... ഇഷ്ടപ്പെട്ടു.
Post a Comment