May 27, 2011

ഗുരുവായൂരൊരു...



24 മണിക്കൂർ വാസത്തിനെ ദിവസവാടകയുടെ പട്ടികയിൽ പെടുത്തിയാൽ അതിനൊരു അന്തസ്സുണ്ട്. ആറുമണിക്കൂർ ജോലി എന്നൊക്കെ പറയും പോലെ, അതിൽ മനുഷ്യാവകാശപ്രശ്നവും അന്തർഭവിച്ചിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂർ ഒരു മൂട്ട മുറിയിൽ കഴിച്ചുക്കൂട്ടാൻ ഒരു ദിവസത്തെ കൂലി ഈടാക്കിയിട്ട് അതു നിയമപരമായി ശരിയാണെന്ന് വരുത്തിതീർത്താലോ? ആരോട് പറയാനാണ്? തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ വരെ ഏതാണ്ട് അഞ്ച് ആറ്‌ മണിക്കൂർ യാത്രയുണ്ട്. ഗുരുവായൂർ എക്സ്പ്രെസ്സ് എന്ന സൂപ്പർഫാസ്റ്റ് ആനവണ്ടി പുറപ്പെടുന്നത് രാത്രി 10.30ന്. കന്യാകുമാരിയിൽ നിന്നു വരുന്ന തീവണ്ടി പതിവുപോലെ വൈകിയല്ലെങ്കിൽ രാത്രി 11.30 -ഓടേ പെട്ടിയുടെ ഓരത്തെവിടെയെങ്കിലും ചുരുണ്ടു കൂടാം. നിങ്ങൾ ഗുരുവായൂരിലേയ്ക്ക് പോകുന്നത് ഭക്തി മൂത്തായാലും അല്ലെങ്കിലും ഈ ശകടങ്ങളിലേതെങ്കിലും ഒന്നാണ് തെരെഞ്ഞെടുക്കുന്നതെങ്കിൽ ഉറക്കം ഗോപിയാവും. നമ്മുടെ നാട്ടിൽ യാത്രയെന്നാൽ ശിവരാത്രിയെന്നാണ് അർത്ഥം. നിർബന്ധിത ഉറക്കമൊഴിയലാണ് വഴക്കം. അങ്ങനെയായിരിക്കണമെന്ന് സർക്കാർ നിയുക്ത ഉദ്യോഗസ്ഥപ്രഭൃതികൾക്കും ശാഠ്യമുണ്ട്. ‘ഉറങ്ങാനാണെങ്കിൽ വീടിന്റെ മൂലയിൽ ചുരുണ്ടുകൂടിയാൽ പോരേ? പെട്ടിയും പ്രമാണവുമെടുത്ത് ഇതിലു വന്നു കേറേണ്ട കാര്യമുണ്ടോ കാരണവരേ’ എന്നാണ് രാത്രി ഒരുമണിയോടടുത്ത് ടിക്കറ്റു പരിശോധനയ്ക്കെത്തിയ കരിങ്കുപ്പായക്കാരൻ ഒരു ‘സീനിയർ സിറ്റിസണോട്’ തട്ടിക്കയറിയത്. തള്ളിക്കയറ്റവും ബർത്തു തർക്കവും കൊണ്ട് അന്യഥാ ക്ഷീണിച്ച പാവം മനുഷ്യൻ ഒരു വിധം ഉറക്കം പിടിച്ചു വന്നപ്പോൾ, വന്നു തട്ടി വിളിച്ച നടപടിയോട് വാർദ്ധക്യസഹജമായ പരാധീനതയാൽ മുറുറുത്തുപോയി. അതാണ് സന്ദർഭം.

അതങ്ങനെ. വഴിയിൽ അഹിതമൊന്നും സംഭവിച്ചില്ലെങ്കിൽ, ഏഴരവെളുപ്പിന് പ്രസ്തുത ശകടങ്ങൾ ഗുരുവായൂരെത്തും. പിന്നെ പ്രഭാത ആവശ്യങ്ങൾ നിവൃത്തിക്കാനും കുളിക്കാനുമായി ലോഡ്‌ജ് തപ്പുകയാണ് ഏറ്റവും പ്രാഥമികമായ കാര്യം. ദോഷം പറയരുതല്ലോ. സത്രങ്ങൾ ഇഷ്ടം പോലെ കാണാം ആ ഭാഗത്ത്. ദേവസ്വം വക, ബ്രഹ്മസ്വം വക. പിടാക വക. ഇതൊന്നുമല്ലാത്ത വക. ആവശ്യക്കാരന്റെ ഔചിത്യമറിഞ്ഞ് പെരുമാറാൻ മലയാളിയെക്കഴിഞ്ഞേയുള്ളൂ, മറ്റേത് ദേശവും. പക്ഷേ ഗുരുവായൂരത്തെ ഹോട്ടലുകൾ/ലോഡ്‌ജുകൾ ചെക്കൌട്ട് ടൈം എന്നൊരു സുന്ദര സുരഭില നിയമം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചിലേടത്ത് 12 മണി. ചിലയിടത്ത് 1 മണി. ഗുരുവായൂർ ടൌൺഷിപ്പ് വക സത്രത്തിൽ 3 മണി. (പേരിലേയുള്ളൂ ടൌൺഷിപ്പ്, നടത്തുന്നത് പ്രമാണിമാരാണ്. ടൌൺഷിപ്പിനു വാടകയിലേ ഉള്ളൂ കമ്പം!) രാവിലെ വന്നു കയറുന്നവർ അരദിവസത്തേയ്ക്ക് മുഴുവൻ വാടകയും കൊടുത്തിട്ട് തലേന്നത്തെ ഉറക്കം ഒന്നുറങ്ങിതീർക്കാൻ വീണ്ടും ഒരു ദിവസത്തെ വാടക കൂടി കൊടുക്കണം എന്നാണ് സമ്പ്രദായം. എത്ര മനോഹരമായ ആചാരങ്ങൾ. ഇതെന്തോന്ന് വെള്ളരിക്കാപ്പട്ടണമോ? സത്രം വ്യാപാരിവ്യവസായികളെല്ലാം കൂടി ഒന്നിച്ചെടുത്തിരിക്കുന്ന വളരെ ആദായകരമായ വ്യവസ്ഥയാണിത്. ഗുരുവായൂർ മറ്റെന്തിലും കൂടുതൽ തീർത്ഥാടനകേന്ദ്രമാണ്. മരണം വരെ അജയ്യനായിരുന്ന കരുണാകരന്റെ ആശയും ആവേശവും ആത്മബലവും കണ്ടാൽ ഉണ്ണിയെപ്പോലിരിക്കുന്ന ഗുരുവായൂരപ്പനായിരുന്നു. പിന്നെ സിനിമാതാരങ്ങളും ശാസ്ത്രജ്ഞരും പുരോഗമനവാദികളും കൂടി പുള്ളിയ്ക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്ന, കൊടുത്തോണ്ടിരിക്കുന്ന മൈലേജ് ചില്ലറയല്ല. പ്രതീക്ഷ പ്രതീക്ഷ എന്നു പറയുന്ന സാധനം കൊച്ചങ്ങാവണ്ടിയല്ല. കടം തീർക്കാൻ ഒരു വഴിയുമില്ലാതെ ആത്മഹത്യചെയ്ത കേരളീയ ദമ്പതികൾ അടിക്കും അടിക്കാതിരിക്കില്ലെന്ന പ്രതീക്ഷയിൽ വാങ്ങിക്കൂട്ടി കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നത് ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ ലോട്ടറിയാണ്. അതങ്ങനെയെങ്കിൽ നാൾക്കുനാൾ ദുരന്തമായിക്കൊണ്ടിരിക്കുന്ന ജീവിതമഹാസാഗരം നീന്തിക്കയറാൻ ഗുരുവായുപുരേശൻ ഒരു കൈ സഹായം ചെയ്യില്ലേയെന്ന് സാധാരണ മനുഷ്യർ- വാ കീറിയ ദൈവം ഇരയും തരും എന്ന വിശ്വാസപ്രമാണക്കാർ- ഒന്നു പ്രതീക്ഷിച്ചു പോയാൽ കുറ്റം പറയാനൊക്കുമോ? ഗുരുവായൂരപ്പാ രക്ഷിക്കണേ !

പക്ഷേ പറഞ്ഞിട്ടെന്തുകാര്യം? ദൈവസഹായം വേണമെങ്കിൽ കാശിത്തിരി മൊടക്കേണ്ടി വരും എന്ന ലൈനിനാണിപ്പോൾ നാട്ടിലെമ്പാടും പ്രാധാന്യം. ആ വകുപ്പിലാണ് ഗുരുവായൂരത്തെ ലോഡ്‌ജുകളിലെ ഇരട്ടി വാടക. ഒരു ദിവസം നൂറും നൂറ്റമ്പതും വിവാഹം നടക്കുന്നിടത്തെ (ഗുരുവായൂരത്തെ വിവാഹങ്ങൾക്ക് നിശ്ചിത മുഹൂർത്തം വേണ്ട. ജീവിതമാരംഭിക്കാൻ ഏതു നിമിഷവും ഉത്തമം. പക്ഷേ വിവാഹം കഴിഞ്ഞവർ അമ്പലത്തിലേയ്ക്ക് പ്രവേശിക്കരുതെന്ന് അനൌൺസ്മെന്റുകളാൽ ധന്യമാണ് പലപ്പോഴും ചുറ്റമ്പലം. എന്താണാവോ കാരണം? പ്രേമിക്കുന്നവരെ ഇഷ്ടപ്പെടുന്നപോലെ, വിവാഹം കഴിഞ്ഞ് ഇനി അടിയും വഴക്കുമായി വിഴുപ്പലക്കാൻ പോകുന്ന പറപാണ്ടകളെ ഭഗവാൻ കൃഷ്ണൻ ഇഷ്ടപ്പെടുന്നില്ലെന്നാണെങ്കിൽ ആ പുരോഗമനപരമായ നിലപാടിനോട് എനിക്കും ആഭിമുഖ്യമുണ്ട്. ) ലോഡ്‌ജു വാടക ഇങ്ങനെ ഒന്നെടുത്താൽ രണ്ടു് എന്ന മട്ടിലായിരിക്കുന്നത് കീശയിൽ കൈയ്യിട്ടു വാരലല്ലെങ്കിൽ മറ്റെന്താണ്? വഴിപാടും അരവണ വിൽ‌പ്പനയും ആനവൈദ്യവുമൊക്കെയായി കൊഴുക്കുന്ന അകത്തെ ഭക്തിവ്യവസായത്തിന് പുറത്ത് തദ്ദേശീയരുടെ വക നെറ്റിപ്പട്ടം. അപ്പോൾ ഇതാണ് എമ്പ്രാന്റെ വിളക്കത്ത് വാര്യന്റെ അത്താഴം എന്നു പറയുന്നത്. അല്ലാതെ മറ്റേതല്ല.

ഇതിനിടയ്ക്ക് ഒരു ദിവസം ഗുരുവായൂരിൽ പോയത് മസ്കറ്റിൽ നിന്നു വന്ന ഷംസുദീനെ കാണാനാണ്. ഗുരുവായൂരിലാണ് അദ്ദേഹത്തിന്റെ വീടെങ്കിലും ബസ്സിറങ്ങി ഉറക്കച്ചടവുള്ള കണ്ണുകളും ‘കരിയും അഴുക്കും’ പുരണ്ട ജീവിതമായി അതിരാവിലെ ഒരു വീട്ടിൽ ചെന്നു കയറുന്നത്തിന്റെ അന്തസ്സുകേടോർത്ത് ഒരു ലോഡ്‌ജെടുത്തു വൃത്തിയാവാനും നേരം നന്നേ പുലർന്നതിനു ശേഷം മാന്യമായി ആതിഥേയ ഗൃഹത്തിൽ ചെന്നു കയറാനും ഒരു അഭിശപ്ത നിമിഷത്തിൽ തീരുമാനിക്കുന്നു. സത്രത്തിലെ ആഢ്യനായ ചേട്ടൻ കണ്ണും തിരുമിക്കൊണ്ട് ചോദിച്ചത് ഒറ്റയ്ക്കേ ഉള്ളോ എന്നാണ്. അതേ എന്നു പറഞ്ഞപ്പോൾ ഈ പ്രദേശത്ത് ആരെങ്കിലും പരിചയമുണ്ടോ എന്നായി. പിന്നില്ലേ. ഷംസുവെന്ന് പറഞ്ഞ്കേൾക്കാത്ത താമസം അദ്ദേഹത്തിന്റെ നമ്പർ ചോദിച്ചു. സ്വദേശക്കാർ. പത്തിരുപത്തഞ്ചുവർഷമായി ഗൾഫിൽ ജോലി നോക്കുന്ന ഷംസുവിനെ ഈ ചേട്ടനറിയില്ലെങ്കിൽ ഞാൻ മുഖാന്തരം അറിഞ്ഞുകൊള്ളട്ടേ എന്ന ഞെളിയലിൽ നമ്പർ കൊടുത്തയുടൻ അയാൾ ഫോൺ വിളിച്ച് ആ കൊച്ചുവെളുപ്പാൻ കാലത്ത് വീട്ടുകാരെ വിളിച്ചുണർത്തി ഞാൻ ആളെങ്ങനെ എന്നു ചോദിക്കുന്നു, എന്നെ അയ്യടാ എന്നാക്കിക്കൊണ്ട്. റൂം കൊടുത്തോട്ടേ, നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമല്ലോ എന്നാണ് ചോദ്യോത്തരം. നാണക്കേടെന്നല്ലാതെ എന്തോന്നു പറയാൻ. തടയാൻ അവസരം കിട്ടുന്നതിനു മുൻപ് അങ്ങേവശത്തെ താത്പ്പര്യക്കേടോടെ ഇന്റർവ്യൂ അവസാനിച്ചു. അടുത്ത സീൻ ഷംസു ഒരു കാറുമായി ചീറിപാഞ്ഞു വന്ന് തുണിയുരിഞ്ഞു പോയതുപോലെ നിൽക്കുന്ന എന്നെ - അഴുക്കോടെ, കരിയോടെ, മഞ്ഞച്ചിരിയോടെ, കഴുത്തൊടിഞ്ഞു നിൽക്കുന്ന എന്നെ - തൂക്കിയെടുത്ത് കാറിലിട്ട് തന്റെ വീടുള്ളപ്പോൾ ഇവിടെ വന്ന് ലോഡ്‌ജെടുക്കാൻ കാണിച്ച സാഹസികതയെ അച്ചാലും മുച്ചാലും ചീത്ത പറയുന്നതാണ്. സാമാന്യത്തിലധികം ഇളിഭ്യനായി എന്നു പറഞ്ഞാൽ മതിയല്ലോ.

ഒറ്റയ്ക്കു വരുന്ന എന്തിരവൻമാർക്ക് ലോഡ്‌ജു മുറി നൽകരുതെന്ന് ഗുരുവായൂർ പോലീസിന്റെ പ്രത്യേക നിർദ്ദേശമുണ്ടത്രേ. കാരണം ഇവന്മാർ ആത്മഹത്യ ചെയ്യാൻ വേണ്ടിയാകുന്നു ഗുരുവായൂരിൽ തന്നെ വന്ന് റൂമെടുക്കുന്നത് എന്നാണ് കേരളാപോലീസിൽ തന്നെ പ്രത്യേക വിഭാഗമായ ഗുരുവായൂർ പ്രാദേശിക പോലീസിന്റെ നിഗമനം. വസ്തുനിഷ്ഠമായ തെളിവുകളും ടി കക്ഷികളുടെ കൈയിലുണ്ട്. ജുഡിഷ്യൽ ആക്ടിവിസം പോലെ പോലീസ് ആക്ടിവിസം. കേരളത്തിലെ ആത്മഹത്യകൾ തടയാൻ ഗുരുവായൂർ പോലീസിന്റെ ഒരു ശുഷ്കാന്തിയേ! ഞാൻ ആത്മഹത്യ ചെയ്യാൻ വന്നതല്ലെന്ന് ഒരുത്തന് തെളിയിക്കാൻ എന്തു മാർഗമാണ് നിലവിലുള്ളത്? നിവൃത്തിയില്ലാതെ ഒറ്റയ്ക്കോ തെറ്റയ്ക്കോ വന്നു കയറുന്ന നിർഭാഗ്യവാൻമാർ അതിപുരാതനമായ ഫാൻ ഊരി വീണോ കുളിമുറിയിലെ തുരുമ്പു ബാധിച്ച ഹീറ്ററിൽ നിന്ന് ഷോക്കേറ്റോ നിർവികൽ‌പ്പസമാധി അടഞ്ഞുപോയാൽപോലും ഉത്തരവാദിത്തം, പരേതൻ നൽകിയ പ്രാദേശികഫോൺ നമ്പർകാരന്റെ പിടലിയിലിരിക്കും. അയാൾ ഒർജിനലാണോ ഫെയ്ക്കാണോ എന്നറിയാനാണ് റിസപ്ഷനിസ്റ്റിന്റെ അകാലത്തിലുള്ള ഫോൺ വിളി. ആലോചിച്ചു നോക്കിയാൽ ജനസേവനമല്ലേ ഈ നിയന്ത്രണത്തിനു പിന്നിലുള്ളത്. സ്വയം ചാവൽ നിരോധന നിയന്ത്രണമല്ലേ ഈ കുന്ത്രാണ്ടം? തീർത്ഥാടകരെ പരിഗണിക്കുമ്പോൾ ഇന്നും നാളെയും നിർമ്മാല്യവും മുഴുക്കാപ്പും എന്നൊക്കെ പറഞ്ഞ് അലുഗുലുത്താക്കുന്ന ഭക്തിമൂത്ത ഒഴിയാബാധകളെ ഒരു മണിക്കൂർ മുൻപെങ്കിൽ ഒരു മണിക്കൂർ മുൻപ് പറഞ്ഞുവിട്ട് കൂടുതൽ ആളുകളെ താമസിപ്പിക്കാനുള്ള സൌകര്യമല്ലേ ഹോട്ടലുകാർ ചെയ്തു കൊടുക്കുന്നത്. ആലോചിച്ചാൽ, ശരിയാണ് ഒരന്തവുമില്ല. ഗുരുവായൂർ ദ്വാരകയാണെന്നോ വൈകുണ്ഠമാണെന്നോ മഥുരയാണെന്നോ ഒക്കെയാണ് പാട്ടുകളിൽ. പണ്ട് വഴിനടക്കാൻ വേണ്ടിയുള്ള സത്യാഗ്രഹമൊക്കെ നടന്ന മണ്ണാണ്. എന്നിട്ടെന്താ? ഒരു കാര്യവുമില്ല. ഇപ്പോൾ അതേ മണ്ണിൽ വിളയുന്നത് ശുദ്ധ വിവരക്കേടാണ്, ലാഭക്കൊതിയാണ്, വെള്ളരിക്കയാണ്.

അല്പം ബുദ്ധിത്തകരാറുള്ള നമ്മളെ പാട്ടിലാക്കാൻ വെള്ളരിക്കക്കൃഷികൊണ്ടേ കഴിയുകയുള്ളൂ എങ്കിൽ അങ്ങനെ. വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ?

10 comments:

Unknown said...

തനിച്ചൊരു ലോഡ്ജില്‍ മുറിയെടുക്കാന്‍ പോയാല്‍ പലയിടത്തും അനുഭവം രസകരമാവും. പത്തുപതിനൊന്ന് കൊല്ലം മുമ്പ് തിരുനെല്ലി ഒരു ഹരമായിരുന്ന് കാലത്ത് ഞാന്‍ ഒറ്റയ്ക്കൊരിക്കല്‍ അവിടെയെത്തി. അവിടെ ആകെയുള്ള ഒറ്റ ലോഡ്ജില്‍(ദേവസ്വം വക) മുറി തരാന്‍ അവിടത്തെ ചെറുപ്പകാരന് വിസമ്മതം. മുമ്പ് അങ്ങനെയാരോ ആത്മഹത്യ ചെയ്തിട്ടുണ്ടത്രെ. ഏതായലും രാത്രി നില്‍ക്കാന്‍ ഡോര്‍മെറ്ററി തരപ്പെട്ടു. രാത്രി ആ ദോര്‍മെറ്റരിയില്‍ ഞാന്‍ ഒറ്റയ്ക്ക്. എനിക്ക് എങ്ങനെ വേണമെങ്കിലും ആത്മഹത്യ ചെയ്യാനുള്ള അവസരം. അതും ദിവസവാടക നൂറിനു പകരം വെറും പത്തുരൂപയ്ക്. പിറ്റേന്ന് കൗണ്ടറിലെ ചെറുപ്പകാരനോട് ഞാന്‍ തമാശമട്ടില്‍ ഇതൊക്കെ പറഞ്ഞപ്പോള്‍ അയാളും ചിരിച്ചു. അയാള്‍ക്ക് കിട്ടിയ നിര്‍ദേശങ്ങള്‍ ഇതൊക്കെയാണത്രെ.

മിക്ക അമ്പലപരിസരത്തും ചെക്കൗട്ട് ടൈം വൈകുന്നേരം തന്നെയാണ്. അരവാടക എന്ന ഏര്‍പ്പാട് പലയിടത്തുമില്ല. പലപ്പൊഴും പകല്‍ പത്തും പതിനൊന്നും ആകാറുണ്ട് ഇവ. ബാക്കി നേരം ക്ലീനിങ്ങിനാണുപോലും.

ബര്

Anonymous said...

അതുകൊണ്ടു ഗുരുവായൂര്‍ മഹാമോശം. ഷംസുദ്ദീന്‍ ആള്, കാറും വീടും ഉള്ള കേമാനായതുകൊന്ടു ആ ഗുരുവായൂരപ്പന്റെ അന്ധവിസ്വാസി- പിന്തിരിപ്പന്മാര്‍ താമസിക്കുന്ന സ്ഥലത്ത് കഴിയേണ്ടി വന്നില്ല ഭാഗ്യം! അതല്ലേ ഉദ്ദേശിച്ചത്?
അമ്പലങ്ങലുന്റാക്കാന്‍ പള്ളിപോളിക്കുന്ന ബീജെപ്പിയെയും നരേന്ദ്രമോടിയെയും നാല് തെറി കൂടി പറയാമായിരുന്നു, ഇല്ലേ?
യാത്രക്ക് ശിവരാത്രി എന്നര്‍ത്ഥമുള്ള 'നമ്മുടെ നാ'ടോ? അതെത് നാട്? ഏത് നാം?
ശിവരാത്രി എന്ന് ഉറക്കമില്ലാത്ത രാത്രിയെ പറയാറുണ്ട്. മാരിപ്പോയതാവും, അല്ലെ? സാരമില്ല, അതിനേക്കാള്‍ സാരമുള്ള വന്കത്തങ്ങള്‍ ധാരാളമുള്ളപ്പോള്‍.

Anonymous said...

Good article! Should avoid visiting such places which are explicitly opened for looting the public.
BTW,
The above anonymous looks seriously sick! Seems he/she didn't get the gist of the article itself. Brother/sister "Vella" said the real facts happening in that area, don't know what made you to point it towards BJP! Or are you trying to say that the Guruvayoor temple and all Hindu's belongs to BJP? if so nothing else to say just pity on you.

അനില്‍@ബ്ലൊഗ് said...

എന്തോന്ന് മാഷേ ഇത് ?
അര ദിവസം വാടക എന്നത് ലോകത്ത് എവിടെ എങ്കിലും കാണുമോ?
പിന്നെ ആത്മഹത്യ കാര്യം.
ഗുരുവായൂര്‍ ലോഡ്ജില്‍ നിന്നും കയറും ഫുരിടാനും ആയി പോലീസ് പൊക്കിയ ഒരു ചങ്ങാതിയെ, സ്റെഷനില്‍ നിന്നും മനോരോഗ ആശുപത്രിയില്‍ കൊണ്ടുപോയ അനുഭവം ഞാന്‍ എന്നും ഓര്‍ക്കും.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ലോകത് തന്നെ ഏറ്റവും വലിയ തട്ടിപ്പുകള്‍ അരങ്ങേറുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും, ഉള്ളിലും പുറത്തും. നിയത്രിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ.ലോഡ്ജില്‍ മാത്രമല്ല, കടകളിലും ഹോട്ടലുകളിലും വഴിപാടു കൌന്ടരിലും എല്ലാം. ആയിരങ്ങള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന ദേവസ്വം ജീവനക്കാരന്റെ കയ്യില്‍ "എന്തോ" പിടിപ്പിച്ചു അകത്തു കയറുന്ന വി.ഐ.പി. ഭക്തരെയും കണ്ടിട്ടുണ്ട്.

പിന്നെ മുകളില്‍ കമന്റിട്ട അനോണി ചേട്ടന്‍ ഇതുവരെ തൊഴാനായി ഗുരുവായൂരില്‍ പോയിട്ടുണ്ടാവില്ല, പോയത് ആര്‍.എസ.എസ്സിന്റെ വടിയും പിടിച്ചു ട്രൌസറും ഇട്ടു റോഡിലൂടെ നടക്കാനായിരിക്കും. അതുകൊണ്ട് കാനെണ്ടാതോന്നും കണ്ടിരിക്കില്ല.

Unknown said...

ഒരു മാനുഷന് ആത്മഹത്യ ചെയ്യാന്‍ എന്തൊക്കെ വഴികളുണ്ട്. ഇവനൊക്കെ എന്തിനാ ഹോട്ടലില്‍ മുറിയെടുത്തു മരിക്കാന്‍ നടക്കുന്നത്? മരിക്കുന്ന സമയത്തും വല്ലവനിട്ടും പണി കൊടുക്കണമെന്ന ചിന്തയാണ്. ഹോട്ടലുകാരെ പറഞ്ഞിട്ടും കാര്യമില്ല. ആരെങ്കിലും തൂങ്ങി മരിച്ച ഹോട്ടല്‍ എന്ന് കേട്ടാല്‍ മതി, അവരുടെ കച്ചവടം അതോടെ തീരും.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...
This comment has been removed by the author.
ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ഇങ്ങനെയുള്ള കച്ചവടക്കാര്‍ക്ക് 'ജീവിച്ചു പോകാ'ന്‍ അവര്‍ തന്നെ ദൈവങ്ങളെ ബധിരരും ഊമകളുമാക്കി. കണ്ണും, കാലും, കൈയുമൊക്കെ ഒടിച്ചും തകര്‍ത്തും കുട്ടികളെ വഴിയരികിലിരുത്തി കാശ് വാങ്ങുന്ന യാചകശ്രേഷ്ഠന്മാര്‍ തന്നെയല്ലേ
ഗുരുവായൂരിലേയും?

Echmukutty said...

ഇപ്പോ ഗുരുവായൂരു പോകാനൊന്നും ത്രാണിയില്ല.അമ്മയുടെ അമ്മയുടെ നാട്, അവരുടെ വീട്, അമ്മയുടെ അമ്മാവന്മാർ ഒക്കെയുണ്ടായിരുന്ന കാലത്ത് കുറെ വട്ടം പോയിട്ടുണ്ട്...
എനിയ്ക്ക് ആ ഷംസു വന്ന് ചീത്തപരയുന്നത് കേട്ട് വെള്ളെഴുത്ത് തനി വെള്ളെഴുത്തായി നിൽക്കണതാലോചിച്ചിട്ട് ചിരി വന്നിട്ട് വയ്യ......

Gayathry said...

Really Excellent post sir. after read this article. i am very sure that a writer hidden in u sir