
September 29, 2010
സാറേ സാറേ സാമ്പാറേ...

September 21, 2010
നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ...
മുൻപ്, എന്നു പറയുമ്പോൾ കരമനയിൽ ആദ്യത്തെ കോൺക്രീറ്റുപാലം വരുന്നത്ര പഴക്കമുള്ള കാലത്തല്ല, ബ്ലോഗുകളിൽ ഇതാരുടെ വീട്, ആരുടെ കണ്ണ്, ആരുടെ തല എന്നൊക്കെയുള്ള ഇവന്റുകൾ കമ്പിനുകമ്പിനു അർമ്മാദിക്കുന്ന കാലത്താണ്, ഇഷ്ടപ്പെട്ട പത്തുപാട്ടുകളുടെ പട്ടിക ചോദിച്ചുകൊണ്ടൊരു മെയിലു കിട്ടിയത്. പാട്ടുകളെഴുതി അയച്ചു. പിന്നെയൊരു വീണ്ടു വിചാരത്തിൽപ്പെട്ട് ലിസ്റ്റ് തിരുത്തിയും അയച്ചു. ബ്ലോഗുടമയ്ക്ക് മടുത്തുപോയിട്ടാവണം അല്ലെങ്കിൽ തയാറെടുപ്പുകൾ നടന്നപ്പോഴേയ്ക്കും ഇവന്റുകൾ ക്ലീഷേയായി തീർന്നതുകൊണ്ടാവണം, ബ്ലോഗുപുലികളുടെ ഇഷ്ടഗാനങ്ങൾ പ്രസിദ്ധീകരിച്ചു അവിടെ കണ്ടില്ല. മാധ്യമം ആഴ്ചപ്പതിപ്പ് പാട്ടോർമ്മ എന്ന പംക്തിയൊക്കെ തുടങ്ങുന്നത് അതിനും എത്ര ശേഷമാണ്. അന്ന് അയച്ചുകൊടുത്ത പാട്ടുകൾ വെറുതേ ഒന്നു നോക്കുമ്പോഴുണ്ട് ചിരി വന്നു. അവ എന്തുകൊണ്ടിഷ്ടപ്പെട്ടു എന്ന് ഇപ്പോഴത്തെ മൂഡിൽ ആരെങ്കിലും ചോദിച്ചാൽ നിന്നു ഇളിക്കുകയേ നിവൃത്തിയുള്ളൂ. പാട്ടുകളെപ്പോലെ തന്നെ വ്യക്തിഗതമായ പാട്ടിഷ്ടത്തിനും കാലമുണ്ട്. അതുമാറിമാറി വരും. മാധ്യമത്തിലെ ‘പാട്ടോർമ്മ’ കളിലൂടെ കടന്നുപോയാലറിയാം, ആർക്കും ഒരു പാട്ടിനെക്കുറിച്ച് എഴുതാൻ കഴിയുന്നില്ല. ഒന്നൊഴിയാതെ എല്ലാവരുടെയും ഓർമ്മകളിൽ കുറേ പാട്ടുകൾ കടന്നു വരുന്നു. കൂടിക്കുഴയുന്നു. എന്നിട്ട് ഒന്നിലെത്തി കുറ്റബോധത്തോടെ വിരമിക്കുന്നു. ഈ ഒന്ന് ജീവിതത്തിലെ ഏതെങ്കിലും പ്രധാനസംഭവവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായിരിക്കും. ഓർമ്മ അതിനെ പശ്ചാത്തലസംഗീതമായി സ്വീകരിച്ച് ‘ആർക്കൈവാ’ക്കി സൂക്ഷിച്ചു വച്ചിരിക്കുന്നതിനെയാണ് പാട്ടോർമ്മ എന്നു വിളിച്ചു പോകുന്നത്.
വളരെ അപൂർവമായി ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഗാനം എന്ന് അവകാശപ്പെടാൻ ചിലർക്ക് ചില ‘പാട്ട്’ (പാട്ടുകൾ അല്ല) ഉണ്ടാവില്ലേ? കൂടെ പഠിച്ചിരുന്ന ഹരീഷ് ഒരു പാട്ടു മാത്രം പാടുന്നതേ ഞാൻ കേട്ടിട്ടുള്ളൂ. തരംഗിണിയുടെ പഴയ ഓണപ്പാട്ടുകളിൽ ഉണ്ടായിരുന്ന ‘നാലുമണിപ്പൂവേ..’ അതവന്റെ ജീവിതത്തെ മറ്റൊരു തരത്തിലാക്കി. പ്രണയം, പഠനം, ജോലി, വിവാഹം എന്നിവയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെയാകെ ആ പാട്ടു തുറന്ന വഴി, മാറ്റിമറിച്ചു. ഒരു സയന്റിസ്റ്റിന്റെ ജോലിത്തിരക്കിനിടയിലും ആരെങ്കിലും നിർബന്ധിച്ച് ഇഷ്ടഗാനത്തെക്കുറിച്ചെഴുതാൻ പറഞ്ഞാൽ അവൻ ഈ പാട്ടിനെക്കുറിച്ച് മാത്രമേ എഴുതുകയുള്ളൂ എന്ന് ഏറെക്കുറെ ഉറപ്പായി എനിക്ക് പറയാൻ കഴിയും. പാട്ടിന്റെ ആന്തരാർത്ഥങ്ങളെക്കുറിച്ചായിരിക്കില്ല, മറിച്ച് ആ പാട്ട് ആമുഖമായി തീർന്ന തന്റെ ജീവിതത്തെക്കുറിച്ച് ആയിരിക്കും ആ എഴുത്ത്. ഇതുവച്ച് പാട്ടോർമ്മകളെല്ലാം സ്വന്തം ആത്മകഥയുടെ അവതാരികകളാണെന്ന് വേണമെങ്കിൽ ഒരു സിദ്ധാന്തം ഉണ്ടാക്കാം. ഗാനമേളകളുടെ തുടക്കത്തിൽ യേശുദാസ് ആവർത്തിക്കുന്ന പാട്ട് ‘ഇടയകന്യകേ പോകുക നീ...’ സിനിമയിൽ (മണവാട്ടി, രചന - വയലാർ) എങ്ങനെയാണെന്ന് ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് താൻ അത് ആവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ അനന്തമായ ജീവിതവീഥിയിൽ ഇടറാതെ, കാലിടറാതെ പോകാനുള്ള ആശംസയാലാണത്രേ അദ്ദേഹത്തിന് ആ ഗാനം പ്രിയതരമാക്കി തീർന്നത്. ഏതോ ഒരു നിസ്സഹായയായ ഇടയകന്യകയോട് യേശുദാസ് എന്ന ആൺശബ്ദത്തിലൂടെ വയലാർ എന്ന കവി ശബ്ദം പറയുന്നു എന്നമട്ടിലാണ് നാം അതുകേട്ടുവന്നത്. യേശുദാസിന്റെ ഏറ്റുപറച്ചിലാവട്ടെ, തന്നെ സ്വയം ഇടയകന്യകയായി കണ്ടുകൊണ്ടുള്ളതും. അദ്ദേഹമത് വേദികൾ തോറും ആവർത്തിക്കുന്നത് തനിക്കുള്ള ആശംസയും സാന്ത്വനവുമായാണ്..( ഉൾക്കണ്ണുകളാലെ കണ്ടെത്തും നീ മനുഷ്യപുത്രനെ ഇന്നല്ലെങ്കിൽ നാളെ, നിന്നാത്മാവിൽ ഉയിർത്തെണീക്കും കണ്ണീരൊപ്പും നാഥൻ..) പാട്ടിഷ്ടങ്ങളുടെ തലക്കുത്തിമറിച്ചിലാണിത്.
ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററിയിൽ തലയോലപ്പറമ്പിൽ നിന്ന് പുറപ്പെട്ടു പോകുന്ന ബഷീറിന്റെ പരാമർശം വരുന്നിടത്ത് എം എ റഹ്മാൻ ചേർത്തു വച്ചത് ‘ബാവുൽ മോരാ’ എന്ന തീവ്രദുഃഖത്തിന്റെ പ്രവാസഗാനമാണ്. സൈഗൾ പാടിയത്. ബഷീറിനെക്കുറിച്ച് സങ്കൽപ്പിക്കുന്ന ചിത്രത്തിൽ വലിയ വാവട്ടമുള്ള ആ ഗ്രാമഫോണുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കേൾക്കുന്ന ഗാനം ‘സോജാ രാജകുമാരി സോജാ..’ ആയിരിക്കും. ഓ എൻ വി, ബഷീർ സ്മരണയായി കവിതയെഴുതിയപ്പോൾ തലക്കെട്ട് നൽകിയതും ഈ ഗാനമായിരുന്നല്ലോ. ഷാഹിനയുടെ പിതാവായാണോ കായി അബ്ദുറഹിമാന്റെയും കുഞ്ഞാച്ചുമ്മയുടെയും മകനായാണോ ബഷീർ ഈ ഗാനം ഇഷ്ടപ്പെട്ടിരിക്കുക?കിട്ടിയ വാത്സല്യമാണോ കൊടുത്താലും തീർക്കാനുള്ള വാത്സല്യമാണോ ആ പാട്ടിന് ബഷീറിന്റെ മനസ്സിൽ ശ്രുതിച്ചേർത്തിരിക്കുക? ശബ്ദം ആണിന്റെ പാടിയുറക്കുന്നത് രാജകുമാരിയെ.. മനശ്ശാസ്ത്രം പ്രയോഗിച്ചാൽ ഉമ്മയെ പാടിയുറക്കുന്ന ഒരു മകനെ കാണാം ആ പാട്ടോർമ്മയിൽ. താരാട്ടുകൾ ഇഷ്ടപ്പെടുന്ന അനേകരുണ്ട്. സീതയിലെ ‘പാട്ടുപാടി ഉറക്കാം ഞാൻ’ (പാടിയത് പി ലീല) ആരൊക്കെയോ രോമാഞ്ചത്തോടെ എടുത്തുപറയുന്നത് കേട്ടിട്ടുണ്ട്. ‘ഒന്നുമുതൽ പൂജ്യം വരെ’യിലെ ‘ വിണ്ണിൽ മന്ദാരങ്ങൾ മണ്ണിൽ ..” (പാടിയത് ജി വേണുഗോപാൽ) എന്ന ‘നിലവിളി‘ താരാട്ടിന്റെ ലേബലിലായാലും ഏതെങ്കിലും കുട്ടിയ്ക്ക് ഉറങ്ങാൻ പറ്റുമോ എന്നും ഉറങ്ങുന്ന കുട്ടിപോലും ഈ കാറിച്ച കേട്ടാൽ ഞെട്ടി വിളിച്ചുണർന്ന് അലറിക്കരയുകയല്ലേ ചെയ്യുകയെന്നും ഈർഷ്യ പറയുന്നതും കേട്ടിട്ടുണ്ട്. പക്ഷേ ഓർമ്മയിലെ രണ്ടുകാലങ്ങളാണവ എന്ന് എനിക്കു തോന്നുന്നു. ആദ്യത്തേതിൽ ഗ്രാമീണനിശ്ശബ്ദതയും നല്ല കാലങ്ങളുടെ ഭാവി നാക്കും. രണ്ടാമത്തേതിൽ നഗരത്തിലെ പേടിസ്വപ്നങ്ങളുടെ പനിക്കാലവും ആശങ്കകളും. താരാട്ടുകൾ ഇഷ്ടപ്പെടുന്നവർ ഇന്നും കുഞ്ഞായിരിക്കണം. അത് ഇഷ്ടപ്പെടാത്തവർ വീടുവിട്ട് പോകാൻ കുതറുന്ന അരാജകവാസനകളുടെ ഉണ്ണികളും.
അരാജകവാസനകളുടെ ഉണ്ണികളാണ് പാട്ടുകളിൽ നിന്ന് ‘രണ്ടാമത്തെ അർത്ഥം’ കണ്ടെടുക്കുന്നത്. ആ വഴിക്കും പാട്ടിഷ്ടപ്പെടുന്നവരുണ്ട്. അതും വെറും ഇഷ്ടമല്ല. മനസ്സിൽ കൂടുകെട്ടുന്ന ലൈംഗിക ഉണർച്ചകളെപ്പറ്റിയുള്ള ബോധ്യമാണ്. ‘കാട് കറുത്ത കാട് മനുഷ്യൻ ആദ്യം പിറന്ന വീട്’ എന്ന പാട്ടിന്റെ ‘മറ്റേ അർത്ഥം’ ഒൻപതാം ക്ലാസിൽ വച്ച് ജഹാംഗീർ പറഞ്ഞുതന്നിട്ടുണ്ട്. ആ പാട്ടിനോട് അന്നുമില്ല കൂറ്. ഈണവും ആത്മാവിൽ പറ്റിപ്പിടിച്ചിട്ടില്ല. പക്ഷേ അത് എപ്പോൾ കേട്ടാലും ഒരു കാലം മുന്നിൽ വന്നു നിൽക്കും. “ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയിൽ” (പഴയ ലളിതഗാനം) “ഏഴുസ്വരങ്ങളും തഴുകി..” (ചിരിയോചിരി) “ ജാനകീ ജാനേ...” (ധ്വനി) “പാതിരാമഴയേതോ..”(ഉള്ളടക്കം) ‘ആറ്റിറമ്പിലെ (കാലാപാനി) ടെലഫോൺ മണിപോൽ..(ഇന്ത്യൻ) തുടങ്ങിയ പാട്ടുകളെയൊന്നും കഴിഞ്ഞുപോയകാലങ്ങളുമായി ബന്ധപ്പെടുത്തിയല്ലാതെ കേൾക്കാൻ കഴിയില്ല. മനസ്സിന്റെ മണ്ണിനടിയിൽ നിന്ന് അവ ആരും വിളിക്കാതെ എഴുന്നേറ്റു വരും. പറഞ്ഞു വന്നത് അതല്ല. ‘തേൻ കിണ്ണം.. പൂങ്കിണ്ണം താഴെ കാട്ടിലെ താമരക്കുളമൊരു പൂങ്കിണ്ണം’....എന്ന പാട്ടിനുമുണ്ടായിരുന്നു അന്ന് രണ്ടർത്ഥം. മയിലാടും കുന്നിലെ ‘താലിക്കുരുത്തോലയിലെ’ ഏറ്റവും സജീവമായ ചിത്രം ‘പൊന്നോല വെട്ടീ പൂപ്പന്തു കെട്ടീ പണ്ടീ മാറിലെറിഞ്ഞു ചിരിച്ചൊരു പന്തുകളിക്കാരനെ’ക്കുറിച്ചുള്ള ഓർമ്മയാണ്. പന്തുവേണോ... എന്നാണ് ലീലയുടെ നാദിയായ (ഹസ്കി) ശബ്ദം ചോദിക്കുന്നത്. ‘മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ ചേലൊന്നു കണ്ടോട്ടെ ഞാൻ’ എന്ന് നായകന് പാട്ടിൽ ചോദിക്കാമെന്നത് അദ്ഭുതമാണ്. പ്രണയം വിലക്കിയ ഒരു കാലത്തിലൂടെ ആണുങ്ങളുടെ (സ്വവർഗം) മാത്രം ക്ലാസിലിരുന്ന് പഠിച്ചതുകൊണ്ടുണ്ടായ ഇണ്ടലായിരിക്കും ഈ അദ്ഭുതങ്ങളെ ഇന്നും ഓർക്കാപ്പുറത്ത് ഉണർത്തി ലയം കൊള്ളിച്ചു വിടുന്നത്. കവിതയുടെ ധ്വനിയും വക്രതയും സൂചിത സൂചകങ്ങളും ഒന്നും പഠിച്ചില്ലെങ്കിലും വാക്കുകളുടെ ദിശാസൂചി ഇക്കാര്യത്തിൽ എത്തേണ്ടിടത്ത് തന്നെ കൊണ്ടെത്തിക്കും. ശകുന്തളയെ ഓർമ്മിക്കാൻ വയലാർ ‘ശംഖുപുഷ്പത്തിനു തന്നെ കണ്ണ് എഴുതിച്ചത്’ ചില കാര്യങ്ങൾക്ക് അടിവയിടാനാണെന്ന് മുതിർന്ന ശേഷം ഉം... ഉം എന്നു മൂളിക്കൊണ്ട് സമ്മതിച്ചു കൊടുത്തിട്ടുണ്ട്. തിളക്കത്തിലെ ‘കാലിൽ കയറിയ ചോണനുറുമ്പ്..’ തട്ടിയിട്ടും പോകാത്തതെന്താണെന്ന് ഇപ്പോഴറിയാം. മുരളിയുടെ ഒരു കഥയിൽ ഇതേ ഉറുമ്പ് ഈ വഴിയിലൂടൊക്കെ സഞ്ചരിക്കുന്നുണ്ട്. പാട്ടിനു മാത്രമല്ല ഈ കിതപ്പ്. അയ്യപ്പപ്പണിക്കർ എഴുതി: “അല്പം തടിച്ചപാദങ്ങൾ കിതയ്ക്കുന്നു, കട്ടിച്ചെരുപ്പിൽ. അവിടെ നിന്നും... ജയസ്തംഭങ്ങൾ, ഹേമന്തരാജസസ്വപ്നങ്ങൾ എങ്ങോട്ടു പോകുന്നു..? എവിടെ ലയിക്കുന്നു... ? പോക താഴോട്ട് മനസ്സേ മതിയിനി...” ഓർമ്മയിലിതൊക്കെയുണ്ട് എന്നതിനർത്ഥം കൌമാരം മറവിനപ്പുറം നിന്ന് ഇപ്പോഴും ഒളിച്ചു കളിക്കുന്നു എന്നാണ്.
കൌമാരത്തെ ഇക്കിളിപ്പെടുത്തുന്നത് മറഞ്ഞിരിക്കുന്ന അർത്ഥങ്ങളുടെ ഭാവനയാണ്. ആസുഖം തുറന്നു വച്ച ലൈംഗികചിത്രങ്ങൾക്കില്ല. എങ്കിലും ‘പൂമെത്തപുറത്തു ഞാൻ നിന്നെ കിടത്തും’ എന്ന് തിക്കുറിശ്ശി ഗാനത്തെ ഇഷ്ടപ്പെടുന്നവരെ കണ്ടിട്ടുണ്ട്.. കാളിദാസശ്ലോകത്തിന്റെ, ‘ഭൂമിദേവി പുഷ്പിണിയായി’യിലെ വിസ്താരം ‘പനിനീർമഴ..പൂമഴയ്ക്കും’ ആ സുഖം തോന്നിയിട്ടില്ല. പിന്നെയുള്ളത് കാത്തിരിപ്പുകളാണ്. സിനിമാപ്പാട്ടുകളിൽ ആകെ കാത്തിരിപ്പുകളാണ്. സംഭോഗ ശൃംഗാരങ്ങൾക്കു പോലും വിപ്രലംഭത്തെ ഒന്നു തൊട്ടുതലോടാതെ പാട്ടുചരിത്രത്തിൽ കാതരമായ നിലനിൽപ്പ് അസാദ്ധ്യം. ‘താഴമ്പൂ മണപ്പുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരിയെ’ (അടിമകൾ) ഭാവനചെയ്യുന്ന “മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നിട്ടും നീ മാത്രം വരാത്തതിന്റെ (കളിത്തോഴൻ) നൊമ്പരത്തിൽപ്പെട്ട് ഉഴലുന്ന നായകത്വങ്ങൾ നമ്മുടെ പാട്ടുകളിലെമ്പാടുമുണ്ട്. വാക്കുകൾ കൊണ്ട് പ്രണയസംഗമവേദികളൊരുക്കാൻ വയലാറിനുള്ളത്ര വിരുത് മറ്റാർക്കുമില്ല. ത്രിവേണിയിലെ ‘സംഗമം സംഗമം..’ ഗന്ധർവക്ഷേത്രത്തിലെ ‘വസുമതീ..’ ‘സന്ധ്യമയങ്ങും നേരം, ഗ്രാമച്ചന്ത പിരിയും നേരം, കാട്ടുത്താറാവുകൾ ഇണകളെ തേടുന്ന കായലിനരികിലൂടെയുള്ള ബന്ധുരയുടെ വരവിന് വല്ലാത്തൊരു ഭംഗിയാണ്. രവിവർമ്മച്ചിത്രങ്ങൾക്ക് രതിഭാവം ഉണ്ടായാലും ഇല്ലെങ്കിലും ഇതുമാതിരിയുള്ള ഗാനങ്ങൾക്ക് നിശ്ചയമായും അത് ഉണ്ട്. സ്ത്രീയുടെ ശരീരത്തെ(മാത്രം) പുരുഷൻ നിരന്തരമായി ഓർമ്മിച്ചിരുന്ന കാലത്തിൽ നിന്ന് ( അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല, പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ) മറ്റു തുറസ്സുകളിലേയ്ക്ക് പാട്ടുകൾ വഴിമാറിയൊഴുകിപ്പോയിരുന്നു. ‘ഉൾക്കടലി’ൽ ആദ്യത്തെ പ്രണയിനിയുടെ ചുടു നിശ്വാസധാര, വേനലും, നിർവൃതി, പൂക്കാലവും അവളുടെ ജലക്രീഡാലഹരി, വർഷവും അവളുടെ ഉടലിന്റെ കുളിർ ഹേമന്തവുമായി മാറുന്നതുകാണാം. (ഓ എൻ വിയുടെ ‘ചത്തവേരുകൾ’ എന്ന കവിതയാണ് ഈ ഗാനത്തിന്റെ അടിസ്ഥാനം) അവൾ റൌക്കയുടെയും ശംഖുംഞൊറിയിട്ട ചേലയുടെയും അരഞ്ഞാണച്ചരടിന്റെയും അതിൽ കുടുങ്ങിയ മുടിയിഴകളുടെയും ഏലസ്സിന്റെയും പിന്നെ കരിവള, കണ്മഷികളുടെയും ഒക്കെ ഒതുക്കത്തിൽ നിന്ന് പ്രകൃതിയിലേയ്ക്ക് വികസിച്ചു. കുറച്ചുകാലം. പിന്നെ പച്ചമാങ്ങയും ചോക്ലേറ്റുമൊക്കെയായി അവൾ തിരിച്ചു വന്നു. പ്രണയത്തിന്റെ പാട്ടുചരിത്രം, വായ്ക്കുരുചികളുടെ ചരിത്രം കൂടിയാണെന്നു തോന്നുന്നു.
പ്രണയത്തെക്കുറിച്ചു പറയുമ്പോൾ മരണത്തെക്കുറിച്ചു മറന്നുപോകുന്നു. ഉത്തരായണത്തിലെ ‘ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗ ഗംഗയായ്..’ ഇഷ്ടമായിരുന്നത് അതിനൊരു മരണത്തിന്റെ ഗന്ധമുണ്ടായിരുന്നതുകൊണ്ടാണ്. ‘ശ്രാന്തമംബരം’ എന്ന അഭയത്തിലെ പതിഞ്ഞമട്ടുള്ള സംസ്കൃതബഹുലമായ പദരാശിക്കുമുണ്ട് മരണത്തിന്റെ മുദ്ര. പ്രണയം പ്രണയത്തെപ്പോലെ സുന്ദരമല്ലാത്തതുകൊണ്ടാവാം അതിനു മരണത്തിന്റെ അനുസാരികൾ. ‘നഷ്ടവസന്തത്തിന്റെ തപ്തനിശ്വാസത്തെ’ സംബോധന ചെയ്തുകൊണ്ടൊരു പാട്ടില്ലേ ഉൾക്കടലിൽ? ഭദ്രദീപവും മുത്തുകുടയും ഒരുക്കിവച്ച് ചുനിശ്വാസത്തെ കാത്തിരിക്കുന്നതിൽ നിന്ന് കുറച്ചുകൂടി ലാളിത്യമുണ്ട് പരസ്പരത്തിലെ ‘കിളുന്തുതൂവലും തഴുകി’യുള്ള കാത്തിരിപ്പിന്. നിമിഷപ്പാത്രങ്ങൾ ഉടഞ്ഞുപോകുന്നതിനെക്കുറിച്ച് അതിലൊരു കൽപ്പനയുണ്ട്. കാത്തിരിപ്പിലെ സ്ത്രീപുരുഷവ്യത്യാസങ്ങളാണോ എന്തോ അവകളിൽ അടയാളപ്പെട്ട് കിടക്കുന്നത്. മുത്തുക്കുടയും കുഞ്ചലങ്ങളുമായി അമ്പലമുറ്റത്തും അങ്കണത്തിലും കിടന്നു കറങ്ങുമ്പോഴും തപ്തനിശ്വാസത്തെ അഭിസംബോധന ചെയ്യുന്ന ഗാനത്തിൽ ഷാരോൻ താഴ്വരയുമുണ്ട്. സാധാരണ സിനിമാപ്പാട്ടുകൾ സാധാരണക്കാരെയാണ് ലക്ഷ്യമാക്കുന്നത് എന്നുള്ളതുകൊണ്ട് ലാളിത്യമുഖമുദ്രയാക്കിയിരിക്കും. പി ഭാസ്കരൻ നല്ല പാട്ടെഴുത്തുകാരനാവുന്നത് ലാളിത്യം കൊണ്ടാണ്. പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ ഒരു നറുക്കിനു ചേർക്കാൻ പറയാൻ അത്ര സിമ്പ്ലിസിറ്റി അവകാശപ്പെടാൻ കഴിയുന്ന മറ്റു പാട്ടെഴുത്തുകാർ ചുരുങ്ങും. മറ്റൊരു തരത്തിൽ ശിവാജിയിൽ രജനീകാന്ത് പറയും പോലെ “കൂൾ”!!. ‘ഉയരും ഞാൻ നാടാകെ’ എന്ന സിനിമയിലെ “മാതളത്തേനുണ്ണാൻ..” എന്നു തുടങ്ങുന്ന ഗാനത്തിനിടയിൽ (പി ഭാസ്കരൻ) ‘കുന്നിമണിമാലയിട്ടു നിൽക്കുമ്പം നിന്നഴക് പൊന്നിന്നില്ല പൂവിനില്ല’എന്നൊരു വരിയുണ്ട്. കുന്നിമണിമാലയാണ് അവളുടെ അലങ്കാരമെങ്കിൽ എന്തായിരിക്കും അവളുടെ ദാരിദ്ര്യം!. പ്രകൃതിയുടെ മകൾക്ക് പ്രകൃതിക്കാഴ്ചകളാണ് ഉപമാനങ്ങൾ എന്ന പ്രത്യേകതയുമുണ്ട് ആ പാട്ടിന്. പറയാനുള്ളതു പറഞ്ഞുകൊണ്ടു തന്നെ ധ്വനിനിപ്പിക്കാനുള്ളതു ധ്വനിപ്പിക്കുകയും.
കാതരമായൊരു വിഷാദത്തിന് തോത്പിക്കാനായി നിന്നു കൊടുക്കുക എന്നാണ് പാട്ടോർമ്മയെന്നാൽ അർത്ഥം. ഒരു പാട്ടിന്റെ ഓർമ്മയിൽ ഒതുക്കാനാവില്ല എത്ര അർത്ഥരഹിതമെങ്കിലും നടന്നുവന്ന ജീവിതത്തിന്റെ പശ്ചാത്തല ഈണം. ആര് ഓടിക്കുന്ന റീലായാലും ഇതുതന്നെയാണ് സ്ഥിതി, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. പാട്ടെന്നാൽ ഈണമോ വരികളോ എന്ന കാര്യം തീർപ്പാക്കണമെങ്കിൽ ഇനിയും എഴുതണം.
September 13, 2010
എന്മകജെയിലെ സാക്കീജാലുകൾ*

തലമുറയായി കൈമാറിക്കിട്ടിയ വിശ്വാസങ്ങൾക്കു മേൽ യാതൊരു ശങ്കയും കൂടാതെ തലചായ്ച്ചു പുലരുന്ന ജനസമൂഹം, സ്വന്തം ശിരസിൽ പതിക്കുന്ന പ്രതികൂലമായ കാലികയാഥാർത്ഥ്യങ്ങൾക്കു പോലും മിത്തിക്കലായ സ്വഭാവം നൽകും. ദുരന്തങ്ങൾക്കു നേരെ പ്രതികരിക്കാനുള്ള ശേഷി സ്വാഭാവികമായി ഇല്ലാതാവുന്ന ഇത്തരം ഇടങ്ങളിലാണ് ലാഭക്കൊതിയുടെയും ചൂഷണത്തിന്റെയും അധികാരത്തിന്റെയും അധിനിവേശങ്ങൾ ആത്മാവില്ലാത്ത ശാസ്ത്രത്തിന്റെ വിരലുകളും പിടിച്ച് കൂസലില്ലാതെ കൂത്താടാൻ വേണ്ടിയുള്ള താവളങ്ങൾ തുറക്കുന്നത്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം തലമുറകളിൽ അനുഭവിച്ച ജനത, അതു ദൈവശാപമായി ഏറ്റുവാങ്ങിയാണ് നിശ്ശബ്ദരായിരുന്നത്. ഇരുപതിലധികം വർഷം. കീടനാശിനിയുടെ മാരകമായ പ്രത്യാഘാതങ്ങൾ പുറത്തുവന്ന സമയത്തുപോലും നമ്മുടെ ‘സ്ഥാപനങ്ങൾ’ അവലംബിച്ച കുറ്റകരമായ അനാസ്ഥയും ഉത്തരവാദിത്വങ്ങളിൽ നിന്ന് രക്ഷപ്പടാൻ കാട്ടിയ തത്രപ്പാടുകളും ദുരന്തങ്ങളെപ്പോലും ന്യായീകരിക്കാൻ ഇറക്കിവിട്ട പച്ച നുണകളും ഓർത്തുപോകുന്നു.
എൻഡോസൾഫാൻ ദുരന്തത്തിൽപ്പെട്ടവർക്ക് ലഭിച്ച മാധ്യമശ്രദ്ധയാണ് ഇക്കാര്യത്തിൽ അധികാരസ്ഥാപനങ്ങളുടെ കണ്ണുതുറപ്പിച്ചത്. എസ്പാക്കും തണലും ശ്രീ പഡ്രെയും ലീലാകുമാരിയമ്മയും എം എ റഹ്മാനുമൊക്കെ ഇക്കാര്യത്തിൽ ചിലതൊക്കെ ചെയ്യാനായി മുന്നിട്ടിറങ്ങിയവരാണ്. എന്നാൽ പോലും ഇന്ത്യയിൽ ഇന്നും പലപേരുകളിൽ ഈ വിഷലായനിയുടെ നിർമ്മാണയൂണിറ്റുകളുണ്ടെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ഉപയോഗിക്കാനാണല്ലോ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. കാസർകോട്ടു നിന്നുള്ള വാർത്തകളും ചിത്രങ്ങളും ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങൾ എൻഡോസൾഫാൻ കീടനാശിനീപരിവാരത്തെ സംശയത്തിനു വകയില്ലാത്ത വിധം ഒഴിവാക്കിയ ചരിത്രത്തിനു ശേഷവും നില നിൽക്കുന്ന ഇന്ത്യൻ യാഥാർത്ഥ്യമാണിത്. പാപികളായ പൂർവികർക്കായി ദൈവശാപം സഹിക്കാൻ തയ്യാറെടുക്കപ്പെട്ട ജനതകൾ ഇനിയും ധാരാളം ഇന്ത്യൻ ഗ്രാമങ്ങളിലുണ്ടെന്ന് പണത്തെ പ്രത്യക്ഷദൈവമാക്കിയിട്ടുള്ളവർക്ക് അറിയാം എന്നർത്ഥം. ശാപത്തിന് വിധേയമാവുന്നവർക്ക് മോക്ഷത്തിനായി ഒരു രക്ഷകനെ കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന സന്ദേശം നമ്മുടെ കാലം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്. (അല്ലെങ്കിൽ ഭോപ്പാൽ വിഷവാതക ഇരകളുടെ വിധി ഈ വിധമാകുമോ?) ആലോചിച്ചാൽ അയുക്തികമായ വിശ്വാസങ്ങൾക്ക് പച്ചക്കുടപിടിക്കുന്നത് ഇതുപോലുള്ള നിരാലംബത്വങ്ങളാണ്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തിന്റെ വാസ്തവങ്ങളെ അടിസ്ഥാനമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ ‘എന്മകജെ’ എന്ന നോവൽ പണക്കൊതിയുടെ സാമ്രാജ്യങ്ങൾ ഉൾനാടൻ ഗ്രാമജീവിതങ്ങളെ മാത്രമല്ല പ്രകൃതിയെയും എങ്ങനെ തകർക്കുന്നു എന്നതിന്റെ നേർക്കാഴ്ചകൾ പകർന്നു തരുന്ന പുസ്തകമാണ്. വസ്തുനിഷ്ഠമായ ആധാരങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് നോവൽ എന്ന സർഗാത്മകസ്ഥലി എത്രത്തോളം വിമർശനാത്മകമാവണം എന്ന ചോദ്യം പുസ്തകം ഉയർത്തുന്നുണ്ട്. എന്മകജെ എന്ന ഗ്രാമം നേരിട്ട വിഷലായനിയുടെ ഉഷ്ണാനുഭവങ്ങളെ കഥയുടെ ചട്ടക്കൂടിലൂടെ അവതരിപ്പിക്കുമ്പോൾ തന്നെ നോവലിന്റെ പശ്ചാത്തലം ഐതിഹ്യങ്ങളും കെട്ടുകഥകളും അയുക്തികമായ വിശ്വാസങ്ങളും നിറഞ്ഞ ഗ്രാമീണമനസ്സിന്റെ അബോധമാണ്. ജടാധാരിമലയിൽ നിന്നും കെട്ടഴിച്ചു വിട്ട ഭൂതങ്ങളാണ് എന്മകജെ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ വിശ്വാസത്തിൽ, തങ്ങൾക്കുമേൽ പതിച്ചിരിക്കുന്ന അത്യാഹിതങ്ങളുടെ ഹേതു. പെരുവിരലോളം മാത്രം ഉയരമുള്ളവരും നിതാന്തമായ തപസ്സിൽ ആഴ്ന്നു കിടക്കുന്നവരുമായ ബാലഖില്യരും ശിവപാർവതിമാരും മലദൈവങ്ങളും സംസാരിക്കുന്ന ഗുഹയും സ്വർണ്ണനിറമുള്ള സർപ്പവും പുലിദൈവവും ചേർന്നു സൃഷ്ടിക്കുന്ന മിത്തിക്കൽ അന്തരീക്ഷമാണ് നോവലിനെ ആകെ പൊതിഞ്ഞു നിൽക്കുന്നത്. സമാന്തരമായി ദുരന്തം മനുഷ്യസൃഷ്ടിയാണെന്നു് തിരിച്ചറിയുന്ന സാമൂഹികബോധമുള്ള മനസ്സുകളുടെ കൂടിച്ചേരലും കോർപ്പറേറ്റ്-ബ്യൂറോക്രാറ്റിക് -രാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ടുകളെക്കുറിച്ചുള്ള നേർ സൂചനകളും നോവലിൽ ആവിഷ്കാരം നേടുന്നുണ്ടെങ്കിൽ പോലും.
എൻഡോസൾഫാൻ ദുരന്തഫലങ്ങളെക്കുറിച്ചുള്ള അന്വേഷണവും അതിനെതിരായുള്ള പ്രവർത്തനവും വസ്തുനിഷ്ഠമായി തന്നെ പിന്തുടരുന്നതിലാണ് നോവൽ വിമർശനാത്മകയുക്തിയെ സ്വാംശീകരിച്ചിരിക്കുന്നത്. നാഗരിക ജീവിതത്തിലും മനുഷ്യനിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട നീലകണ്ഠനിലും നിരവധി ചൂഷണങ്ങളുടെ വടുകെട്ടിയ ദേഹവുമായി മലകയറിയ ദേവയാനിയിലും ചില ആദിരൂപങ്ങളുണ്ട്. പ്രകൃതിയിലേയ്ക്ക് മടങ്ങാനുള്ള പ്രകടമായ സന്ദേശമാണ് നീലകണ്ഠന്റെ പാത്രസൃഷ്ടിയിലുള്ളത്. അതേ സമയം അയാൾക്ക്, കുട്ടികൾ വേണ്ടെന്നും മറ്റാളുകളോട് സഹവാസം പാടില്ലെന്നുമുള്ള ശാഠ്യവുമുണ്ട്. പ്രാകൃതികവും ഉത്പാദനപരമല്ലാത്തതുമായ കാർക്കശ്യത്തെ ദേവയാനിയുടെയും അവൾ എടുത്തുകൊണ്ടു വരുന്ന വളർച്ചയില്ലാത്ത, ദേഹം മുഴുവൻ വ്രണങ്ങളുള്ള കുഞ്ഞിന്റെയും സാമീപ്യമാണ് മാറ്റുന്നത്. ആത്മാവില്ലാത്ത ശാസ്ത്രത്തിനു പകരം ആത്മാവില്ലാത്ത പ്രാകൃതികതയല്ലെന്ന് വ്യക്തം. ഉത്പാദനപരമല്ലാതിരിക്കുക എന്നതിന്റെ പൊരുൾ ബസവ എന്ന കാളയുടെ ബിംബത്തിലൂടെയും നോവലിസ്റ്റ് വെളിവാകുന്നുണ്ട്. എന്മകജെയിലെ ജീവജാതികൾക്ക് പൊതുവേ ബാധിച്ച അത്യാഹിതങ്ങൾ ബാധിക്കാത്ത ശരീരമാണ് ഈ കാളയ്ക്ക്. അത് നിശ്ശബ്ദനായി പൊന്തകളിൽ മദിച്ച് നടന്നുപോകുന്നു. വിശ്വാസമനുസരിച്ച് അതു വിശുദ്ധമൃഗമാണ്. അതുകൊണ്ട് അതിന് ലൈംഗികത അനുവദനീയമല്ല. നിശ്ശബ്ദത ഷണ്ഡീകരിക്കപ്പെട്ട അവസ്ഥയാണ്. അതിന്റെ കാവ്യാത്മകമായ പ്രതീകമാണ് ബസവ.
എന്മകജെ എന്ന വാക്കിനർത്ഥം ‘എട്ടു സംസ്കൃതികളുടെനാട്’ എന്നാണ്. നാട്ടുവിശ്വാസമനുസരിച്ച് എട്ടുഭൂതങ്ങളാണ് ആ ഗ്രാമത്തിന്റെ കാവൽ ദേവതമാർ. ഇവർക്കുമേലെയാണ് കീടനാശിനി വിഷലിപ്തമായ പുതപ്പ് വിരിച്ചിട്ട് പുതുനാമ്പുകളെ ഒക്കെയും കരിച്ചത്. ഈ കടന്നുകയറ്റത്തെ പ്രകൃതിയിലേയ്ക്കുള്ള നിരുപാധികമായ പിൻമടക്കം കൊണ്ട് പ്രതിരോധിക്കുകയാണ് നോവൽ ചെയ്തിരിക്കുന്നത്. ശാസ്ത്രത്തിന്റെ കെടുതിയെ ആവിഷ്കരിക്കുന്ന ഒരു നോവലിൽ പ്രകൃതി, അതിന്റെ തരളതകളോടെ മറുപുറത്തു നിൽക്കും, സ്വാഭാവികമായിതന്നെ. എന്മകജെയിൽ പ്രചരിക്കുന്ന നിരവധി ഐതിഹ്യങ്ങളുടെ കൂട്ടത്തിൽ, അതിരില്ലാത്ത ദാനത്തിന്റെ ചക്രവർത്തിയായ മഹാബലിയുടെ കഥകൾക്ക് പ്രത്യേകതയുണ്ട്. എന്തും കൊടുത്തു ശീലിച്ച ഒരു ജനതയ്ക്ക് പകരമായി ലഭിക്കുന്നത് നോവുകളും ദുരിതങ്ങളുമാണെന്ന വാസ്തവത്തെ നിറച്ചാർത്തുള്ളതാക്കാൻ മഹാബലി മിത്തിന്റെ വിന്യാസത്തിനു നോവലിൽ കാര്യമായ പങ്കുണ്ട്. ദേവയാനിയും നീലകണ്ഠനും ജടാധാരി മലയിലെ സംസാരിക്കുന്ന ഗുഹയിൽ, മൃഗങ്ങളും ജന്തുക്കളും എല്ലാം അടങ്ങിയ ചരങ്ങളുടെ സംഗമസ്ഥലത്ത് അഭയം തേടുകയാണ് കഥയുടെ അവസാനം. ദൈനംദിനാവശ്യങ്ങൾക്കപ്പുറത്ത് ആർത്തികളില്ലാത്ത മൃഗജീവിതം മാത്രമേ സമാധാനം കൊണ്ടു വരികയുള്ളൂ എന്നാണ് സൂചന. ഒരു ചുവടു കൂടി മുന്നോട്ടു വച്ചാൽ സ്ത്രീയും പുരുഷനും ഈ പ്രപഞ്ചത്തിലെ അനന്തകോടി ജീവവൈവിദ്ധ്യങ്ങളിൽ ഒന്നുമാത്രമാണെന്ന്- അത്ര മാത്രമേ ആകുന്നുള്ളൂ- എന്ന് എന്ന മുഴക്കം നിറഞ്ഞ പ്രവചനം കേൾക്കാം. ബലിയുടെ കഥ അപ്പോൾ ഒരു വ്യക്തിമഹത്വത്തെപ്രകീർത്തിക്കുന്ന ഒന്നല്ല. അതു നിരന്തരപരിണാമിയായ പ്രകൃതിയാണ്. അതു സ്വയം നശിച്ചും കൊടുത്തുകൊണ്ടേയിരിക്കുകയാണ്. മഹാബലി കഴുതയായി ജനിക്കുന്നതിനെക്കുറിച്ച് ഒരു കഥയുണ്ടത്രേ അവിടങ്ങളിൽ. ഗുഹയിൽ അഭയം തേടിയ ജീവജാതികൾ കേൾക്കുന്ന ശബ്ദം കഴുതയുടെയാണ്. അതു സംസാരിക്കാൻ തുടങ്ങുമ്പോൾ സർവ ചരാചരങ്ങളും നിശ്ശബ്ദമാവുന്നു.
പുതിയൊരു ഉത്പത്തിചരിത്രത്തിൽ അവസാനിക്കുന്ന നോവൽ, 2000 വരെയുള്ള കാസർകോടൻ ഗ്രാമത്തിന്റെ ദുരന്തചരിത്രത്തെ സംക്ഷിപ്തമാക്കിയിരിക്കുന്നു.
* സത്യപ്പടികൾ
----------------------------------------------------
എന്മകജെ
നോവൽ
അംബികാസുതൻ മാങ്ങാട്
ഡി സി ബുക്സ്
വില 110 രൂപ
September 7, 2010
മുയലും ആമയും : പൂർവകഥിത പുരാവൃത്തത്തിന്റെ തനിയാവർത്തനം

മുയലും ആമയും തമ്മിൽ മുൻപൊരിക്കൽ നടത്തിയ ഓട്ടമത്സരത്തിൽ, തിരിഞ്ഞുനോക്കുമ്പോൾ സാമാന്യബുദ്ധിയ്ക്കു നിരക്കാത്ത ചില പൊരുത്തക്കേടുകൾ വന്നു ഭവിച്ചിട്ടുണ്ട്. മത്സരത്തിനായുള്ള നിർദ്ദേശവും നിർബന്ധവും വന്നത് മുയലിന്റെ ഭാഗത്തു നിന്നായതുകൊണ്ട് ഇക്കാര്യത്തിൽ ആമയെ ഒരു പരിധിയ്ക്കപ്പുറം കുറ്റപ്പെടുത്താൻ സാധ്യമല്ല. നിഷ്ക്രിയമായ നിലപാടാണ് ആമയുടെ ഭാഗത്തു നിന്നുണ്ടായത്. പരാജയം ഉറപ്പായ ഒരു കാര്യത്തിൽ ലവലേശം ആത്മനിന്ദ കൂടാതെ നിന്നുകൊടുത്തു എന്നിടത്ത് ആമയ്ക്ക് ഒരു മഹത്വം ഉണ്ട്. വിധി കൂടി ഒത്തുകളിച്ചതുകൊണ്ട് അപ്രതീക്ഷിതവിജയം തലയിലായ ആമയുടെ വ്യക്തിത്വം ഇരട്ടി ആകർഷണീയമായി തീർന്നിട്ടുണ്ട്. മെല്ലെപോവുക എന്ന സ്വന്തം പരിമിതിയെയാണ് ആമ വിജയമാക്കിത്തീർത്തത്. സ്ലോ ആൻഡ് സ്റ്റെഡി എന്ന ആഭാണകം ആ വഴിയ്ക്ക് പ്രചോദനാത്മകസാഹിത്യത്തിനു മുതൽക്കൂട്ടായി കിട്ടി! കഥയിൽ അന്യഥാ കോമാളിയാകേണ്ടിയിരുന്ന ആമ താരമായി. കഴിവില്ലാത്തവനും (?) ഉയരാം, വിജയിക്കാം എന്നിടത്ത് കഴിവു കുറഞ്ഞവർ താദാത്മ്യപ്പെട്ടു. വേഗത്താൽ നായകനാവേണ്ടിയിരുന്ന മുയൽ ഇടയ്ക്കുണ്ടായ ഉറക്കം കാരണം ബഫൂണായി. ‘ഇളിഭ്യനായി’ എന്നാണ് കഥാവസാനം. ഇങ്ങനെ സ്വന്തം നേതൃത്വത്തിൽ അരയും തലയും മുറുക്കിച്ചെന്ന് ‘ഞാനൊന്നുമറിഞ്ഞില്ലേയ്’ എന്ന മട്ടിൽ മണ്ണുചാരിയിരിക്കുന്ന നിഷ്ഗുണപരബ്രഹ്മങ്ങളുടെ കൈയ്യിൽ നിന്ന് ചവിട്ട് വാങ്ങി ദുരന്തകഥാപാത്രമായി തീരുന്നവരുടെ എണ്ണം നമ്മുടെ കഥാസാഹിത്യത്തിൽ തീരെ കുറവാണെന്ന് പറയാൻ പറ്റില്ല. എങ്കിലും മുയലിന്റെ കാര്യം ഒന്നു പ്രത്യേകമാണ്.
ആലോചിച്ചുനോക്കിയാൽ ഈ മത്സരം യുക്തിപൂർവമായി സംഘടിക്കപ്പെട്ട ഒന്നല്ല എന്നു മനസ്സിലാവും. ‘ഞാൻ ഞാൻ മാത്രം’ എന്ന മുദ്രാവാക്യമല്ലാതെ മറ്റൊന്നും ആ സമയം തലയിൽ തിരിയാത്തതുകൊണ്ടാവണം, തികച്ചും ഏകപക്ഷീയമായ ഒരു എടുത്തുച്ചാട്ടം മുയലിന്റെ മത്സരസംഘാടനത്തിലുണ്ട്. വേഗത മുയലിന്റെ പ്രതിരോധ തന്ത്രമാണ്, ആമയ്ക്കത് ശരീരത്തിലെ കവചമാണ്. കൂർത്തപല്ലുകളുള്ള ഒരു പൊതുശത്രുവിനെ ആമയും മുയലും നിരായുധരായി എങ്ങനെ അഭിമുഖീകരിക്കും എന്നൊരു മത്സരം, ആമ മുന്നോട്ടു വച്ചാൽ ഫലം എന്തായിരിക്കും എന്നൂഹിക്കാം. മുയലിന് അതൊരിക്കലും സമ്മതിക്കാൻ സാധ്യമല്ലാതെ വരും. രക്ഷാതന്ത്രം എന്ന നിലയ്ക്ക് പരിഗണിച്ചാൽ ശരീരത്തിന്റെ കവചമായി ശരീരം നിലനിൽക്കുന്നതിനേക്കാൾ മേന്മയുണ്ടോ ശാരീരികക്ഷമതയായ വേഗതയ്ക്ക്? യുദ്ധത്തിൽ എന്നപോലെ മത്സരത്തിലും എതിരാളിയുടെ കുറവല്ല, സ്വന്തം മികവാണ് ജയത്തിനു മാനദണ്ഡമാവേണ്ടത്. അത് സാമാന്യമായ നീതിയാണ്. ആ ധാർമികത പരിപാലിക്കപ്പെട്ടിട്ടില്ല ഇവിടെ. എന്നിട്ടും എന്തുകൊണ്ട് ആമയുടെ കഴിവിനെ നോക്കി പല്ലിളിക്കുന്ന ഒരു മത്സരത്തിനു് അയാൾ സമ്മതം മൂളി? കഥ പറഞ്ഞു നിർത്തിയിട്ട് അമിത(ആത്മ)വിശ്വാസം ആപത്തെന്ന ഗുണപാഠത്തിനായി നാം ചൂണ്ടുന്നത് മുയലിന്റെ നേർക്കാണ്. അതായത് കഥയിൽ അമിതമായ ആത്മവിശ്വാസം കാണിച്ചത് മുയലല്ല, ആമയാണ്. അയാൾ എന്തുകൊണ്ടായാലും വിജയിക്കുകയും ചെയ്തു. മുയലിന് സത്യത്തിൽ ആത്മവിശ്വാസമല്ല ഉണ്ടായിരുന്നത്. താരമ്യേന ആമയ്ക്ക് മുയലിനെ അപേക്ഷിച്ച് കൂടുതൽ ആയുസ്സുണ്ട്. അതിന്റെ പ്രവർത്തന മേഖല കര മാത്രമല്ല, ജലാശയങ്ങളുമാണ്. ഉഭയജീവിതം അയാൾക്ക് സാധ്യമാണ്. ഈ സൌകര്യമൊന്നുമില്ലാത്ത പാവമാണ് മുയൽ. മാത്രമല്ല അയാളുടെ ‘ഫതുഫതുത്ത’ മേനി പ്രകൃതിയുടെ വിശാലഭൂമികയിൽ ആക്രമണവിധേയമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ആത്മവിശ്വാസത്തകർച്ചയിൽ നിന്നുമാണ് അതിന്റെ മത്സരനിർദ്ദേശം വരുന്നത്. എന്നിട്ടും നമ്മളെന്തിനാണ് മുയലിന്റെ ആത്മവിശ്വാസത്തെ ചൂണ്ടി ഗുണപാഠമുണ്ടാക്കുന്നത് എന്നല്ലേ? സ്വന്തം അസ്തിത്വത്തിന്റെ തനിമ തേടുക അത്ര എളുപ്പമുള്ള പണിയല്ലാത്തതുകൊണ്ട്. മനുഷ്യന് (കഥയിൽ മുയലിന്) താൻ എന്താണോ അതല്ലെന്ന് ഭാവിക്കാനും താൻ എന്തല്ലയോ അതാണെന്ന് നടിക്കാനും പ്രത്യേക വാസനയുണ്ട്. അതിന്റെ പേര് ആത്മവഞ്ചനയെന്നാണ് (ബാഡ് ഫെയിത്ത്) ഈ ആത്മവഞ്ചന ഒരു സംത്രാസം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഫലം ഓരോരുത്തരും അന്യനെ ഭയക്കും, അവനെ കീഴ്പ്പെടുത്താൻ നോക്കും, ‘അന്യവത്കരണം’( ഏലിയനേഷൻ) അനുഭവിക്കുന്നവനാകും. അന്യൻ നരകമാകും.
താൻ ഈ ലോകത്തിൽ എറിയപ്പെട്ടവനാണ്, (ത്രോൺ ഇന്റു ദിസ് വേൾഡ്) ഉപേക്ഷിക്കപ്പെട്ടവനാണ് എന്ന കഠിനമായ ബോധത്തിൽ നിന്നാണ് ആത്മശൈഥില്യം വരുന്നത്. ഈ ബോധത്തിന് ഭീതി (ടെറർ) എന്നും സംത്രാസം (ആങ്ഗ്വിഷ്) എന്നും സംഭീതി (ഡ്രെഡ്) എന്നുമൊക്കെ പേരുണ്ട്. ഇതു സാധാരണരീതിയിലുള്ള ഭയമല്ല (ഫിയർ). കാരണം ഭയം പുറത്തുള്ള ഒരു വസ്തുവിൽ നിന്നുണ്ടാകുന്നതാണ്. സംത്രാസമാകട്ടെ ലോകം എന്ന പ്രതിഭാസത്തിന്റെ ഫലമായി ഉള്ളിൽ സൃഷ്ടിക്കപ്പെടുന്നതാണ്. ഇതിനു നേരെ വിരുദ്ധമായ മറ്റൊരു അവസ്ഥയുണ്ട്. ലോകത്തിന്റെ ഔപചാരികതകൾക്കുള്ളിൽ നിന്നുകൊണ്ട് അതിന്റെ നിയമങ്ങൾക്കു വഴങ്ങി ജീവിക്കുക. ഇത് തനിമയില്ലാത്ത ജീവിതമാണെന്ന് (ഇംപേഴ്സണൽ എക്സിസ്റ്റൻസ്) ആളുകൾ പറയും. ആമ തന്റെ സ്ഥിതിയെ അതിവർത്തിക്കാൻ ശ്രമിച്ചില്ല. അയാൾ എന്താണോ അതു തന്നെയായിരുന്നു മത്സരത്തിലും. മുയലിനെ സംബന്ധിച്ചിടത്തോളം ആമ ഒരു ഉപകരണമായിരുന്നു. ഒരു വസ്തു ഉപകരണമാവുമ്പോഴാണ് അതിന് അർത്ഥമുണ്ടാവുന്നത്. ഇതാണ് സർവഥാ ഭിന്നരായ ആമയും മുയലും തമ്മിലുള്ള ബന്ധം. ഒരു വസ്തുവും വെറുതേ കിടക്കുന്ന വസ്തുവല്ല. അവയ്ക്കെല്ലാം അന്യവസ്തുക്കളുമായി ബന്ധമുണ്ട്. ഒരാൾ, താൻ ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയാണ് പരിപാടികൾ (പ്രോജക്ടുകൾ) നടപ്പിൽ വരുത്തുന്നത്. ലോകത്തിൽ ജീവിക്കുക എന്നു പറഞ്ഞാൽ ഇങ്ങനെ ലോകത്തുള്ള അസംഖ്യം വസ്തുക്കളുമായി പുലർത്തുന്ന പലതരത്തിലുള്ള ബന്ധമാകുന്നു.
മുയലിന് തന്നേക്കാൾ രക്ഷാതന്ത്രത്തിൽ ഏറെ മുന്നോട്ടു പോയിട്ടുള്ള ആമയെ തന്റെ സവിശേഷമായ ശേഷി ഉപയോഗിച്ച് മത്സരത്തിൽ തോത്പിക്കണമെന്ന ആഗ്രഹം ഉണ്ടായി. അത് ഉള്ളിൽ നിന്നു വന്ന ഇച്ഛാശക്തിയാണ്. ഇതിനെ അസ്തിത്വത്തിന്റെ ആത്മപ്രകാശനം എന്നു വിളിക്കാം. ഇത്തരമൊരു പ്രവൃത്തിയിലൂടെയാണ് അസ്തിത്വം(ഞാൻ ഉണ്ട് എന്ന അവസ്ഥ) അതിന്റെ സാധ്യതയിലേയ്ക്ക് (പൊട്ടെൻഷ്യാലിറ്റി) നീങ്ങുക. സ്വന്തം ‘സ്ഥിതി’ (വസ്തുസ്ഥിതി - ഫാക്ടിസിറ്റി) യെ അതിജീവിക്കുക. സ്വന്തം സ്ഥിതിയിൽ നിന്ന് സാധ്യതയിലേയ്ക്കുള്ള (മനുഷ്യ) ബോധത്തിന്റെ ചലനത്തെയാണ് മുയൽ ഓട്ടമത്സരമാക്കിയത് ( അല്ലെങ്കിൽ നാം, മുയലിന്റെ ഓട്ടമത്സരമാക്കി വിവരിച്ചത്). മുയലിന് എപ്പോഴും ‘മുയൽ’ ആയിരിക്കുക എന്ന അവസ്ഥയേക്കാൾ ഈ ലോകത്തിൽ താൻ ആയിത്തീരേണ്ട അവസ്ഥയെന്താണ് എന്നതിനെപറ്റി ഉത്കണ്ഠയുണ്ട്. ‘കെയർ’ എന്നു വിളിപ്പേരുള്ള ഈ ഉത്കണ്ഠയ്ക്ക് 3 ഘടകങ്ങളുണ്ട്. 1. താൻ എന്തായി തീരും എന്നത് 2. താൻ ലോകത്തിന്റെ മധ്യത്തിലാണല്ലോ എന്നത്. 3. ഇവിടെ എന്തു ചെയ്യുന്നതും ഉത്കണ്ഠയ്ക്ക് കാരണമാവുമല്ലോ എന്നത്.
പൊലിപ്പിച്ചെടുത്ത ഈ സംഭീതിയും ഉത്കണ്ഠയും അനിവാര്യമായ ഒരവസ്ഥയിലാണ് ഒരാളെകൊണ്ടു ചെന്ന് പറ്റിക്കുന്നത്. മരണത്തിന്റെ അഭിമുഖീകരണത്തിൽ. മരണം നിഷേധിക്കാനാവാത്ത ഒരു സാധ്യതയാണ്. അതിനെ അവിടെ നിർത്തിക്കൊണ്ട് ജീവിക്കുമ്പോൾ അർത്ഥമില്ലാത്തതിനെ അർത്ഥമില്ലാത്തതായി തിരിച്ചറിയാൻ കഴിയുന്നു. മരണത്തെ അഭിമുഖീകരിക്കുക എന്നാൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുക എന്നല്ല അർത്ഥം. ജീവിച്ചുകൊണ്ടു തന്നെ ജീവിതത്തിന്റെ അർത്ഥരാഹിത്യത്തെ തിരിച്ചറിയുക എന്നാണ്. താൻ വലുത് എന്നു ഇത്രനാളും കരുതിയതന്തോ അതിന്റെ ഫലരാഹിത്യം മനസ്സിലാക്കുക എന്ന്. ഉള്ളുലയ്ക്കുന്ന പരിപാടിയാണത്. അതിന്റെ ഫലം നിസ്സംഗതയാണ്. മത്സരത്തിനിടയിൽ മുയൽ ഉറങ്ങി എന്നു നമുക്കറിയാം. അതു തളർച്ചയോ അമിതവിശ്വാസമോ എന്ന് ഇത്രകാലവും നമ്മൾ തർക്കിച്ചല്ലോ അതു മതിയാവും. ആ ഉറക്കം സ്വാഭാവികമാണ്. മരണത്തിന്റെ കൊച്ചു പതിപ്പുകളാണ് ഉറക്കങ്ങൾ എന്നും മരണാഭിമുഖമായി ചരിക്കുന്ന സത്തയെന്നും മറ്റും മറ്റുമുള്ള കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് മുയൽ നേടിയ ബോധോദയമായി കൂടി ഉറക്കത്തെ വായിക്കാം. ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം സർവവും മറന്നുറങ്ങുന്ന ഇങ്ങനെയൊരു അവസ്ഥയ്ക്ക് വിധേയനാവുന്നുണ്ട്. അയാൾ അയാളെ ഉലയ്ക്കുന്ന സംത്രാസത്തിൽ നിന്ന് രക്ഷപ്പെടുന്നത് ആ ഉറക്കത്തിനു ശേഷമാണ്. ആദിവാസികളെ സഹായിക്കാനും രക്ഷിക്കാനുമായി തുനിഞ്ഞിറങ്ങിയ മനുഷ്യൻ സർവതും മറന്നുള്ള നീണ്ട ഉറക്കത്തിൽ നിന്ന് ഉണരുന്നത് തന്റെ നിസ്സഹായത കൊണ്ടുള്ള ശുഭാന്തത്തിലേയ്ക്കാണ്. അയാളുടെ വേവലാതികൾ അവിടെ തീരുന്നു. പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും. (മുയലുകളെക്കുറിച്ച് പറയുന്നിടത്ത് ആദിവാസികളുടെ കാര്യം വരുന്നത് ബോധപൂർവമാണോ എന്തോ?) അതുകൊണ്ട് പഴയകഥയിൽ പരാജിതനായ മുയൽ അപ്രത്യക്ഷനായത് സോദ്ദേശ്യമാണ്. അസ്തിത്വത്തെക്കുറിച്ചുള്ള പൊരുളുകൾ തിരിഞ്ഞുകിട്ടിയ അയാൾ ഒരുപക്ഷേ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്തെ പർവതമുകളിൽ സ്കീയിംഗിനുപയോഗിച്ചിരുന്ന ചെറിയ കുടിലിൽ ഏകാകിയായി ശിഷ്ടകാലം കഴിച്ചുകൂട്ടിക്കാണും. ഹിറ്റ്ലർ പറഞ്ഞയച്ച ആളെ പോലും കാണാൻ കൂട്ടാക്കാതെ. അല്ലെങ്കിൽ...
അനു:
പക്ഷേ എൻ എസ് മാധവന്റെ ‘മുയൽ വേട്ട’യിലും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘മുയലുകളുടെ നിലവിളി’യിലും മുന്നറിയിപ്പില്ലാതെ തിരിച്ചു വന്ന് കയറിക്കൂടിയ ‘മുയൽ’ ടോർച്ചു വെളിച്ചത്തിൽ പകച്ചു നിൽക്കുന്ന മന്ദനും മുച്ചുണ്ടിൽ ദൈന്യം ഒളിപ്പിച്ച പരാജിതനും ഇളിഭ്യനുമായ ‘ഇര’യാണ്. ആർക്കുവേണമെങ്കിലും തോത്പിക്കാം, ഏതു സമയത്തും. മത്സരത്തിൽ തോറ്റ മുയലിന്റെ പ്രാദേശികപ്പതിപ്പുകളാണ് അവ. ഓരോയിടത്ത് ഓരോരോ (പുനർ)ജന്മങ്ങൾ!!
Subscribe to:
Posts (Atom)