അയോദ്ധ്യയിലെ ദശരഥന് രാജകർത്താക്കന്മാരായി, മാർക്കണ്ഡേയൻ, മൌദ്ഗല്യൻ, വാമദേവൻ, കശ്യപൻ, കാത്യായനൻ, ഗൌതമൻ, ജാബാലി എന്നിങ്ങനെ ‘മഹായശസ്വി’കളായ ഏഴുപേരാണ്. (വസിഷ്ഠനെയും ചേർത്ത് എട്ടു ‘മന്ത്രിമാർ’ എന്ന് എച്ച് ഡി സങ്കാലിയ) അഭിഷേകം മുടങ്ങി കാട്ടിലേയ്ക്ക് യാത്രയായ ശ്രീരാമനെ തിരിച്ചു വിളിക്കാൻ ചിത്രകൂടത്തിലേയ്ക്ക് ഭരതനോടൊപ്പം പോയവരിൽ ഒടുവിലത്തെ ആളായ ജാബാലിയുമുണ്ടായിരുന്നു. പിതാവ് തന്നോടു പറഞ്ഞതിൽ നിന്ന് അണുവിട മാറുന്ന പ്രശ്നമില്ലെന്നായിരുന്നു ശ്രീരാമന്റെ നിലപാട്. ഈ സമയം ജാബാലി മുന്നോട്ടു വന്ന് ചില ഉപദേശങ്ങൾ അവിടെ കൂടി നിൽക്കുന്നവരെല്ലാം കേൾക്കുന്ന രീതിയിൽ ശ്രീരാമനോട് പറഞ്ഞു. അതിങ്ങനെയാണ് : “ശ്രീരാമാ, നിന്റെ ബുദ്ധി അർത്ഥമില്ലാത്തതാകരുത്. ഈ ലോകത്തിൽ ആര്, ആർക്ക് ബന്ധുവാണ്? ജന്തു ഒറ്റയ്ക്കു ജനിക്കുന്നു; ഒറ്റയ്ക്ക് മരിക്കുന്നു. അതുകൊണ്ട് മാതാവ്, പിതാവ് എന്നൊക്കെയുള്ളത് ഭ്രാന്തന്റെ പിറുപിറുക്കൽ പോലെ അർത്ഥമില്ലാത്ത കാര്യമാണ്. വഴിയാത്രക്കാരൻ ഒരു വീട്ടിൽ താത്കാലികമായി താമസിക്കുന്നതുപോലെയാണ് മനുഷ്യർക്ക് മാതാവും പിതാവും വീടും ധനവുമെല്ലാം. ഒരിക്കൽ ഇതല്ലാം വിട്ടുപോകുക തന്നെ വേണം. അതുകൊണ്ട് രാജഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് നീ അയോദ്ധ്യയിൽ താമസിക്കുക. ദശരഥൻ നിനക്കാരുമല്ല. നീ ദശരഥനുമാരുമല്ല.”ജാബാലി പിന്നീട് തന്റെ തത്ത്വശാസ്ത്രം കുറെക്കൂടി വിശദീകരിച്ചു : “പിതാവ് വെറും ബീജം മാത്രമാണ്. നിന്റെ പിതാവായിരിക്കുന്ന രാജാവ് ഇപ്പോൾ പോകേണ്ടിടത്തു പോയിക്കഴിഞ്ഞു. ഭൂതങ്ങളുടെ വ്യാപാരം ഇങ്ങനെയാണ്. നീ വീണ്ടു വിചാരമില്ലാതെ നിനക്കു തന്നെ വിഘ്നമുണ്ടാക്കരുത്.”
കൂട്ടത്തിൽ ജാബാലി കുറേ ചോദ്യങ്ങൾ കൂടി ചോദിക്കുന്നുണ്ട് രാമനോട്: “ഒരുവൻ കഴിക്കുന്ന ഭക്ഷണം മറ്റുള്ളവരെ പോഷിപ്പിക്കുമോ? ഒരു ബ്രാഹ്മണൻ നൽകുന്ന ഭക്ഷണം നമ്മുടെ പിതൃക്കൾക്ക് ഉപകരിക്കുമോ? കുടിലബുദ്ധികളായ ബ്രാഹ്മണർ ഈ വിധികൾ കെട്ടിയുണ്ടാക്കി, സ്വാർത്ഥലക്ഷ്യങ്ങളോടെ അവർ പറയുന്നു ദാനം നൽകുക, തപസ്സു ചെയ്യുക, സ്വത്തു കൈവിടുക, പ്രാർത്ഥിക്കുക....! ”
പിതാവിന്റെ ഉപദേശകനും വയോധികനുമായ ജാബാലിയുടെ വാക്കുകൾ രാമനിലുണ്ടാക്കിയ കോപം ചില്ലറയല്ല. പിതാവിന്റെ മലത്തിൽ നിന്നു പുഴുക്കൾ ഉണ്ടാക്കുന്നതിനു സമാനമാണോ പുത്രന്മാരുണ്ടാകുന്നത് എന്ന് രാമൻ തിരിച്ചു ചോദിച്ചു. ജാബാലി പറഞ്ഞത് അധർമ്മമാണെന്നും അത് ലോകത്തെ കുഴക്കുമെന്നും രാജാവിന്റെ നടത്ത, സത്യമുള്ളതും ക്രൂരതയില്ലാത്തതും ആയിരിക്കണമെന്നും ഇതൊരു സനാതനധർമ്മമാണെന്നും കോപത്തിനിടയിൽ രാമൻ പറയുന്നുണ്ട്. പിതാവിനെ അത്യന്തം ബഹുമാനിക്കുന്ന ശ്രീരാമൻ തന്നെ പറഞ്ഞുകൊണ്ടു വന്ന സംഗതി വിട്ട് ‘വിഷമസ്ഥ ബുദ്ധിയും വലിയ നാസ്തികനുമായ ജാബാലിയെ ഉപദേഷ്ടാവായി’ സ്വീകരിച്ചത് തന്റെ അച്ഛൻ സുദീർഘമായ ജീവിതത്തിൽ കാണിച്ച മണ്ടത്തരമാണെന്നു വരെ പറഞ്ഞു. (അങ്ങനെ സ്വന്തം അച്ഛനെയും ചീത്ത പറഞ്ഞു!) അവസാനം കൂടെയുണ്ടായിരുന്ന വസിഷ്ഠൻ ഇടപ്പെട്ടിട്ടാണ് ശ്രീരാമകോപത്തിൽ നിന്ന് ജാബാലിയെ രക്ഷിച്ചത്.
ജാബാലിയുടെ വാക്കുകളിൽ നിന്നും ഒന്നു രണ്ടു കാര്യങ്ങൾ മനസിലാകുന്നുണ്ട്. ഒന്ന്, ജാബാലിയുടെ വാദങ്ങൾ സനാതനധർമ്മം എന്നു വിശ്വസിച്ചിരുന്ന സംഗതിയ്ക്ക് എതിരാണ്. രണ്ട്, അത് ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. മൂന്ന്, ജാബാലി ഈശ്വരനിഷേധിയാണ്, നാസ്തികനാണ്. ദശരഥന്റെ ഉപദേശകനായിരുന്ന വ്യക്തി, രാജാവു മരിച്ച് അധികമാവുന്നതിനു മുൻപേ അടുത്ത രാജാവായേക്കാവുന്ന രാമനുവേണ്ടി സംസാരിക്കാൻ തുടങ്ങിയതു കണ്ടിട്ട് ഐ സി ചാക്കോ പറയുന്നത് ജാബാലി പ്രായോഗികതയിൽ വിശ്വസിക്കുന്ന യുക്തിവാദിയാണെന്നാണ്.
കുരുക്ഷേത്രയുദ്ധത്തിൽ പകുതി ജയിച്ച്, സഹോദരങ്ങളോടും പത്നിയോടുമൊപ്പം യുധിഷ്ഠിരൻ രാജധാനിയിൽ പ്രവേശിക്കുന്ന സമയത്ത് രാജാവിനെ ആശിർവദിക്കാനായി കൂടിനിന്ന ആയിരക്കണക്കിന് ബ്രാഹ്മണരുടെയും സന്ന്യാസിമാരുടെയും ഇടയിൽ നിന്നും ഒരാൾ മുന്നോട്ടു വന്ന് “ നീ ബന്ധുക്കളെക്കൊന്ന രാജാവാണ്, അതുകൊണ്ട് ലോകനിന്ദ്യനായി ഭവിക്കും. എന്തിനാണ് നീ സ്വന്തക്കാരെയും ഗുരുക്കന്മാരെയും കൊല്ലിച്ചത്? ഇനി നീ എന്തിന് ജീവിക്കുന്നു? നീ ചാവുക തന്നെയാണ് ഉത്തമം.” എന്നു നിർഭയനായി പറഞ്ഞു. കേട്ടു നിന്നവരെല്ലാം ആ വാക്കുകൾ കേട്ട് ഇടിവെട്ടേറ്റതുപോലെ നടുങ്ങി. യുധിഷ്ഠിരന് കടുത്ത നിരാശയായി. ‘വ്യസനിയായ എന്നെ ധിക്കരിക്കരുതേ’ എന്നു കരയുന്ന രാജാവിനോട് ആഭിമുഖ്യം കാണിക്കാൻ അവിടെയുണ്ടായിരുന്ന ബ്രാഹ്മണന്മാരെല്ലാവരും ചേർന്ന് പരുഷവാക്കുകൾ പറഞ്ഞ മനുഷ്യനെ കൊന്നുകളഞ്ഞു. (മഹാഭാരതം, ശാന്തിപർവം) അയാൾ ചാർവാകനായിരുന്നു. ചാർവാകൻ ശാപം കിട്ടിയ രാക്ഷസനും ദുര്യോധനന്റെ സഖാവുമായിരുന്നു എന്നും കൊല വഴി അയാൾക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ബ്രാഹ്മണർ പറയുന്നത്. (രാക്ഷസൻ എന്ന വിളിപ്പേര് ചാർവാകനുമാത്രമല്ല, ചാർവാകന്മാർ തിരിച്ച് ചോമാതിരിമാരെയും ധൂർത്തന്മാർ രാക്ഷസന്മാർ എന്നൊക്കെയാണ് വിളിക്കുന്നത്) മഹാഭാരതത്തിലെ ശല്യപർവത്തിൽ ഭീമന്റെ അടിയേറ്റ് നിലത്തു് മരണാസന്നനായി വീണുകിടക്കുന്ന ദുര്യോധനൻ ചാർവാകനെ ഓർമ്മിക്കുന്നത് - “പരിവ്രാട്ടും വിദ്വാനുമായ ചാർവാകൻ (എന്റെ കഥ) അറിഞ്ഞാൽ അയാൾ എനിക്കുവേണ്ടി പകരം വീട്ടാതിരിക്കില്ല.” എന്നു പറഞ്ഞാണ്. അത്തരമൊരു നിർണ്ണായക സമയത്ത് ദുര്യോധനൻ ഓർമ്മിക്കണമെങ്കിൽ അത്ര പ്രാധാന്യം ചാർവാകന് ഹസ്തിനപുരിയിൽ ഉണ്ടായിരുന്നിരിക്കണമല്ലോ. ജയിച്ചവരുടെ കഥയാണ് ഇതിഹാസങ്ങൾ. ദുര്യോധനന് രാജ്യലാഭമുണ്ടായെങ്കിൽ കഥാരൂപത്തിലെങ്കിലും നാം ചാർവാകനെപ്പറ്റി കൂടുതൽ കേൾക്കുമായിരുന്നു.
നിർഭാഗ്യവശാൽ അതുണ്ടായില്ല. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ ചാർവാകന്റെ വാക്കുകളിലും ചില കാര്യങ്ങൾ തെളിഞ്ഞു കാണാം. യുദ്ധരംഗത്ത് ബന്ധുമിത്രാദികളെയും ഗുരുക്കന്മാരെയും കൊല്ലാൻ ഉപദേശിച്ച കൃഷ്ണൻ മരണശേഷമുള്ള ആത്മാവിലും സ്വർഗലബ്ധിയിലുമാണ് ഊന്നിയത്. (സാംഖ്യം?) അതിന്റെ നേരെ വിപരീതമാണ് ചാർവാകന്റെ വാദങ്ങൾ. ‘മരിച്ചാൽ മരിച്ചു എന്നുള്ളതിനാൽ,സ്വർഗമോ മോക്ഷമോ നിലനിൽക്കുന്നില്ലാത്തതിനാൽ, നീ എന്തിനുവേണ്ടി കൊന്നു’ എന്നാണ് ചാർവാകൻ ചോദിച്ചത്. സംഘർഷം രണ്ട് ആശയസംഹിതകൾ തമ്മിലാണ്. 1959-ൽ പുറത്തിറങ്ങിയ ‘ലോകായതം - പ്രാചീന ഇന്ത്യയിലെ ഭൌതികവാദങ്ങൾ’ എന്ന പ്രബന്ധത്തിൽ ഈ ആശയമത്സരം ബി സി 600 നടുത്ത് ആരംഭിക്കുന്നതായി ദേവീപ്രസാദ് ചതോപാദ്ധ്യായ ചൂണ്ടിക്കാണിക്കുന്നു. സകലവസ്തുകണങ്ങളും ജീവത്താണെന്ന വാദം ഉന്നയിച്ച ഛാന്ദോഗ്യോപനിഷത്തിലെ ഉദ്ദാലകനെയും, കർമ്മം സംസാരം മോക്ഷം എന്നിവയെപ്പറ്റി പറയുന്ന യാജ്ഞവൽക്യനെയും അവതരിപ്പിച്ചുകൊണ്ടാണ് പ്രാചീനമായ താത്ത്വികപ്രസ്ഥാനങ്ങളുടെ മത്സരത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. ഇന്ത്യൻ ചിന്തയിലെ പ്രധാനശാഖകളുടെയെല്ലാം മൂലം ബി സി ആറാം നൂറ്റാണ്ടിൽ കണ്ടെടുക്കാമെന്ന കാര്യം കോസാംബിയും എടുത്തു പറഞ്ഞിട്ടുണ്ട്. ജാബാലിയുടെയും ചാർവാകന്റെയും വാക്കുകൾക്കു പിന്നിൽ സഹസ്രാബ്ദങ്ങളിലൂടെ വികസിച്ചു വന്ന ചിന്താപദ്ധതിയുടെ പിൻബലമുണ്ടായിരുന്നുഎന്നർത്ഥം.
പക്ഷേ പൂർണ്ണരൂപത്തിൽ അതെന്തായിരുന്നു എന്നു മനസ്സിലാക്കാൻ മതിയായ പുസ്തകങ്ങൾ ലഭിച്ചിട്ടില്ല. പ്രാചീന ഇന്ത്യൻ ചിന്താപദ്ധതികളിലെ ഭൌതികധാര മുച്ചൂടും നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് ജവഹർലാൽ നെഹ്രു ഉൾപ്പടെയുള്ളവരുടെ വാദം. ജാബാലിയോടും ചാർവാകനോടും ഉള്ള മേലാളുകളുടെ മനോഭാവം നേരിട്ട് കണ്ടതാണല്ലോ. ഇന്നത്തെ പോലെ തന്നെ അന്നും. എതിർവാക്കുകളെ ആരും സഹിക്കില്ല. പറ്റിയാൽ കൊന്നുതിന്നും. ‘സർവദർശനസംഗ്രഹത്തി’ലെ ചാർവാകരുടേതായി അറിയപ്പെടുന്ന പദ്യങ്ങളെ ദേവീപ്രസാദ് ‘ഇന്ത്യൻ ഫിലോസഫിയിൽ’ എടുത്തെഴുതുന്നുണ്ട്. “ശ്രാദ്ധം മരിച്ചവരെ തൃപ്തിപ്പെടുത്തുമെങ്കിൽ ഇവിടെയും സഞ്ചാരികൾ യാത്ര തിരിക്കുംപ്പോൾ പൊതിച്ചോറു കൊടുത്തയക്കണമെന്നില്ല. ഇവിടെ നാം ശ്രാദ്ധം നൽകുന്നതുകൊണ്ട് സ്വർഗവാസികൾ തൃപ്തിപ്പെടുമെങ്കിൽ പുരമുകളിൽ നിൽക്കുന്നവർക്ക് എന്തുകൊണ്ട് അങ്ങനെ ഭക്ഷണം നൽകിക്കൂടാ?”
“ബ്രാഹ്മണന്മാർ പരേതന്മാർക്കുവേണ്ടി ഈ കർമ്മങ്ങളെല്ലാം ഇവിടെ സ്ഥാപിച്ചതു ആഹാരത്തിനു വകയെന്ന നിലയിൽ മാത്രമാണ്. മറ്റൊരടത്തും ഒരു ഫലവുമില്ല. വേദങ്ങളുടെ മൂന്നു കർത്താക്കളും വിദൂഷകന്മാരും ദുഷ്ടന്മാരും കള്ളന്മാരുമായിരുന്നു.”
സ്വർഗനരകങ്ങളെക്കുറിച്ച് ലോകായതികർക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു.
“അവനവന്റെ മനസ്സിനു സുഖം കൊടുക്കുന്നതു തന്നെ സ്വർഗം. മറിച്ചുള്ളതു നരകം. ജീവിക്കുന്നിടത്തോളം സുഖമായി ജീവിക്കണം. (യാവജ്ജീവം സുഖം ജീവേത്) വെന്തു വെണ്ണീറായ ദേഹം തിരിച്ചു വരാറില്ല. (ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ) യാഗം ചെയ്യുന്നവനും ഹോമവും ഹോമിച്ച സാധനങ്ങളും നശിച്ചിട്ടും കാലാന്തരത്തിൽ സ്വർഗം കിട്ടും എന്നു പറയുകയാണെങ്കിൽ കാട്ടുതീകൊണ്ട് ദഹിച്ചുപോയ അനേകം വൃക്ഷങ്ങൾക്കും സ്വർഗം കിട്ടില്ലേ?”
ചാർവാകരുടേതായി ലഭ്യമായ നേരിട്ടുള്ള വാക്കുകൾ എന്ന നിലയ്ക്കാണ് ഈ ഉദാഹരണങ്ങൾ എടുത്തെഴുതിയത്. ചാർവാകൻ എന്ന മുനിയുടെ പിന്മുറക്കാരാണ് ചാർവാകരെന്ന് അറിയപ്പെടുന്നതെന്നു പറയുന്നുണ്ടെങ്കിലും ‘ചാരുവായ വാക്കുകളാൽ ആളുകളെ വശീകരിക്കുന്നവർ’ എന്ന നിലയ്ക്ക് അതൊരു കളിപ്പേരായിരുന്നെന്നും വാദമുണ്ട്. (കെ ദാമോദരൻ) ലോകായതം, ബാർഹസ്പത്യം എന്നൊക്കെയുള്ള പേരുകളിലാണ് ഈ പ്രാചീനഭൌതികവാദധാര ശ്രദ്ധ കൂടുതൽ പിടിച്ചു പറ്റിയത്. ‘ഭൌതിക പദാർത്ഥങ്ങളുടെ സമൂഹമായ’ ലോകത്തെ അടിസ്ഥാനമാക്കിയതുകൊണ്ടാണ് അതിനു ‘ലോകായതം’ എന്നു പേരുവന്നതെന്നും സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രചാരമുണ്ടായതുകൊണ്ടാണ് (‘ലോകേഷു ആയതോ ലോകായതഃ) ഈ പേരെന്നും രണ്ടു വാദമുണ്ട്. മറ്റൊരു വാദം, കണ്മുന്നിൽ കാണുന്നതുമാത്രം യഥാർത്ഥം എന്നു വിശ്വസിക്കുന്നതുകൊണ്ട് ‘ലോകത്തിൽ (പ്രത്യക്ഷത്തിൽ) നിന്ന് ആയതം (സിദ്ധം)’ എന്ന അർത്ഥത്തിലാന് ആ പേരു കിട്ടിയതെന്നാണ്. ‘ഭൌതികപദാർത്ഥമാണ് മൌലികമായ യാഥാർത്ഥ്യം’ എന്ന് ഉപദേശിച്ച ഋഗ്വേദകാലത്തു ജീവിച്ചിരുന്ന ബൃഹസ്പതിയുടെ ശിഷ്യന്മാരാണ് ചാർവാകന്മാർ. അതുകൊണ്ടാണ് ബാർഹസ്പത്യം എന്ന പേര്. ഇക്കാര്യത്തെ ആസ്തികർ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ശിവന്റെ ഉത്തമ ഭക്തരായിരുന്ന ത്രിപുരന്മാരെ വഞ്ചിച്ച് ദേവന്മാർക്ക് നല്ലതു വരുത്തുവാനായി ദേവഗുരുവായ ബൃഹസ്പതി അസുരന്മാരുടെ ഗുരുവായ ശുക്രന്റെ വേഷം ധരിച്ച് ഉപദേശിച്ചതാണ് ചാർവാക ദർശനം എന്ന്. പിൽക്കാലത്ത് ലോകായതികരിൽ ആരോപിക്കപ്പെട്ട ആസുരത്വവും വഞ്ചനയും അതിൽ സ്വതസ്സിദ്ധമായി കടന്നുകൂടിയതെങ്ങനെ വിശദീകരിക്കാനാണ് ഈ കഥ.
സിദ്ധാന്തപക്ഷത്ത് നിന്നും ധിഷണന്റെയും കേശകംബലി എന്ന തമാശപ്പേരുള്ള അജിതന്റെയും പേരുകൾ കൂടി കേൾക്കാറുണ്ട്. (ബുദ്ധമതഗ്രന്ഥങ്ങളാണ് അടിസ്ഥാനം) മണ്ണ്, വെള്ളം, വായു, തീ എന്നിങ്ങനെ നാലു ഭൂതങ്ങൾ മാത്രമാണ് പ്രപഞ്ചത്തിന്റെ മൂലകാരണം എന്നാണ് ധിഷണന്റെ വാദം. (ആകാശത്തെ/ശൂന്യതയെ ധിഷണൻ ഒഴിവാക്കി) ഭൌതിക പദാർത്ഥത്തിൽ നിന്നു ജീവൻ വരുന്നു എന്ന ബൃഹസ്പതിയുടെ നിഗമനത്തെ പിന്തുടർന്ന്, ഈ പ്രകൃതിഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് മനുഷ്യചൈതന്യം ഉണ്ടാവുന്നത് എന്നു പറഞ്ഞു. അതിനു ശരീരത്തിൽ നിന്ന് വേറിട്ട് ഒരസ്തിത്വമില്ല. അതുകൊണ്ട് ശരീരം നിലനിൽക്കുന്നിടത്തോളമേ ആത്മാവും ഉള്ളൂ. ധിഷണന്റെ ശിഷ്യനായ അജിതൻ മരിച്ചയാളിന്റെ അംശങ്ങൾ മേൽപ്പറഞ്ഞ് നാലു പ്രകൃതിഘടകങ്ങളിൽ വിലയിക്കുന്നു എന്നും ദാനത്തിനും ബലിയ്ക്കും വഴിപാടുകൾക്കും ഒന്നും ഒരർത്ഥവും ഇല്ലെന്നും വാദിച്ച ആളാണ്. “വിഡ്ഢികളും വിവേകികളും ഒന്നുപോലെ മരിച്ചാൽ മരിച്ചു. അതിനു ശേഷം അവരില്ല.” മറ്റു ഗ്രന്ഥങ്ങളിലുള്ള സാന്ദർഭിക പരാമർശങ്ങളിലൂടെയാണ്, ലോകായത ചിന്തയെപ്പറ്റി അന്വേഷണങ്ങൾ പ്രധാനമായും നടന്നത്. ദിവ്യാവദാനം എന്ന ബൌദ്ധ ഗ്രന്ഥത്തിലും പതഞ്ജലിയുടെ കൃതിയിലും ലോകായതത്തിന് ഭാഷ്യങ്ങളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെയുള്ളത് ലോകായതത്തെ എതിർക്കാൻ വേണ്ടി ഉന്നയിക്കപ്പെട്ട വാദങ്ങളാണ്. മാധവാചാര്യർ (ഏ ഡി 14 -ആം നൂറ്റാണ്ട്) ആണ് അതിൽ പ്രമുഖൻ. ശങ്കരന്റെ ബ്രഹ്മസൂത്രത്തിലുമുണ്ട് ലോകായതവാദങ്ങളുടെ സംഗ്രഹം. ഏ ഡി ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന പുരന്ദരൻ ഒരു പുസ്തകത്തിൽ സ്വയം താനൊരു ചാർവാകനാണ് (ചാർവാകമതേ ഗ്രന്ഥ കർത്തുഃ) എന്നെഴുതിവച്ചിട്ടുള്ളത് ദാസ് ഗുപ്ത തിരഞ്ഞു പിടിച്ചു നൽകിയിട്ടുണ്ട്.
രണ്ട്
ഇവിടെയൊരു പ്രശ്നം വരുന്നുണ്ട്. നേരിട്ടുള്ള വാക്കും എടുത്തെഴുതിയവാക്കും രണ്ടും ഒന്നാവാൻ സാധ്യതയില്ല. തത്ത്വചിന്താപദ്ധതികളെക്കുറിച്ചുള്ള കൂലംകഷമായ ചർച്ച്യ്ക്കിടയിൽ അർത്ഥത്തിന്റെ നേരിയ മാറ്റം പോലും ആശയത്തെ തകിടം മറിക്കും. ഗൂഗിൾ ബസ്സിൽ നടന്ന ഒരു ചർച്ചയ്ക്കിടയിൽ “ആടിനെ ബലികൊടുക്കുന്നേടത്ത് നിന്റെ തന്തയെക്കൊണ്ട് വന്ന് വെട്ടി കൊല്ലെടാ” എന്നൊരു വാക്യം ചാർവാകരുടേതായി എഴുതിയിട്ടു കണ്ടു. ആചാരബദ്ധമായ വൈദികമതത്തെ വെല്ലുവിളിക്കുന്ന ചാർവാകരെ പരാമർശിക്കാൻ (അവതരിപ്പിക്കാൻ) വേണ്ടിയാണീ വാക്യം ഉദ്ധരിക്കപ്പെട്ടത് എന്ന നല്ല ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഈ വാക്യത്തെ വ്യാഖ്യാനിക്കുമ്പോൾ വലിയൊരു അപകടം വന്നുപിണയും. ചാർവാകർ തന്തമാരേക്കാൾ അതായത് മാനുഷികബന്ധത്തെക്കാൾ ആടുമാടുകളാദിയുടെ ജീവനെ വിലകൽപ്പിച്ചവരാണെന്ന് ഇതു വച്ച് ഒരാൾക്ക് വാദിക്കാമെന്നു വരും. ഗോവധനിരോധനവാദികൾക്ക് തങ്ങളുടെ പൂർവികപ്രാമാണ്യം കണ്ടെത്താനുള്ള മികച്ച ഒരു രേഖയുമാവില്ലേ അത്? കെ ദാമോദരൻ, മാധവാചാര്യരുടെ പുസ്തകത്തിലെ ഇതേ ഉദ്ധരണിയെ അവതരിപ്പിക്കുന്നത് മറ്റൊരു വിധത്തിലാണ്. നോക്കുക : ‘യാഗത്തിൽ കൊല ചെയ്യപ്പെടുന്ന മൃഗം സ്വർഗത്തിലെത്തുമെന്ന് പുരോഹിതന്മാർ പറയുന്നു. അങ്ങനെയാണെങ്കിൽ അവർ തങ്ങളുടെ സ്വന്തം മാതാപിതാക്കന്മാരെ ബലികഴിച്ച് നേരിട്ട് സ്വർഗത്തിലയയ്ക്കാത്തതെന്തുകൊണ്ട്?’ ഒരേ ആശയമുള്ള രണ്ടു വാക്യങ്ങളുടെ വിവർത്തനം ഉണ്ടാക്കുന്ന ആശയവ്യത്യാസം വളരെ വലുതാണ്. സ്വർഗ്ഗമില്ലെന്ന കാര്യത്തിലാണ് രണ്ടാമത്തേതിൽ ഊന്നൽ. അപ്പോൾ ഉദ്ധരിക്കപ്പെട്ട ചാർവാക വാക്യങ്ങൾ ഏതൊക്കെ തരത്തിൽ വളച്ചൊടിക്കപ്പെട്ടു എന്ന് കണ്ടെത്തുക പ്രധാനമാണ്. ഉപരിപ്ലവമായൊരു ചർച്ചയിൽ അത്രത്ര വലിയ കാര്യമായിരിക്കുകയില്ല, പക്ഷേ സൂക്ഷ്മമായ ഒരന്വേഷണത്തിനു വലിയൊരു തടസ്സമാണ് ഗ്രന്ഥകർത്താക്കളുടെ നിലപാടുകൾ. രാമായണ-ഭാരതങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളിലും കാണാം, ആശയവ്യത്യാസം. ജാബാലി രക്തബന്ധത്തെ വില വയ്ക്കേണ്ടതില്ലെന്നാണ് പറയുന്നത്. ദുര്യോധനന്റെ സുഹൃത്തായ ചാർവാകനാവട്ടേ, ബന്ധുത്വത്തെ വില വയ്ക്കാത്തതിന്റെ പേരിലാണ് ധർമ്മപുത്രരെ വിമർശിക്കുന്നത്. പക്ഷേ ഒന്നുണ്ട്, ഇവയെ എല്ലാം കൂട്ടിയിണക്കുന്ന ചരട്, ഈ ലോക ജീവിതം കൊള്ളാവുന്നതാക്കാനുള്ള ശ്രമമാകുന്നു. എന്നാൽ നമ്മുടെ പരിമിതമായ ഉദാഹരണങ്ങളിൽ, സ്വന്തം വാക്കുകൾ തന്നെ അവരുടെ ജീവിതത്തെ അവഹേളനത്തിനു വിധേയമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയും ചെയ്യുന്നു. എതിർപ്പ് വിളിച്ചു വരുത്തുമെന്നറിയാവുന്നവർ എന്തിന് ഐഹിക സുഖത്തെ വെടിഞ്ഞ് ആത്മഹത്യാപരമായ നിലപാടുകളെടുക്കണം? ആകെ വൈരുദ്ധ്യം !
ഇന്ത്യയിലെ തത്ത്വചിന്താപദ്ധതികളെല്ലാം കൃത്യമായ ഒരു രേഖീയഘടനയിൽ ഉൾക്കൊള്ളിക്കാൻ പറ്റുന്നവയല്ല എന്നാണ് ഇതിന്റെ ആകെകൂടിയുള്ള അർത്ഥം. പല സാമൂഹികസംസ്കാരങ്ങളിൽ പലകാലങ്ങളിൽ ജന്മം കൊണ്ടതിനാൽ ആ വ്യത്യാസങ്ങൾ കൂട്ടിച്ചേർപ്പുകൾക്കുണ്ട്. ആസ്തിക്യബോധവും വേദങ്ങളുടെ പ്രാമാണ്യവും പ്രബലമായിരുന്ന കാലത്തും സ്വകീയമായൊരു ചിന്താപദ്ധതിയുമായി നിർഭയരായി ലോകായതികർ വ്യവസ്ഥയെ വെല്ലുവിളിച്ചു നിലകൊണ്ടു എന്നതാണ് നമ്മൾ ഇന്നു കാണുന്ന വാസ്തവം. ദശരഥനും ദുര്യോധനനും അവർ പ്രിയപ്പെട്ടവരായിരുന്നത്, എന്തും സ്വാംശീകരിക്കാൻ കഴിയുന്ന ഭാരതീയ ചിന്താമണ്ഡലത്തിന്റെ ആംഗീകരണസ്വഭാവം കൊണ്ടാണോ അവരുടെ ജനപ്രിയതയുടെ പ്രയോജനം വസൂലാക്കണമെന്ന രാജ്യതന്ത്രജ്ഞതകൊണ്ടാണോ എന്ന് അറിയാൻ മാർഗമില്ല. ആദ്യത്തേതിനുള്ള സാധ്യത പക്ഷേ തള്ളിക്കളയാനും പറ്റില്ല. കൌടില്യൻ അർത്ഥശാസ്ത്രത്തിൽ തത്ത്വശാസ്ത്രശാഖകൾ മൂന്നാണെന്നാണ് പറയുന്നത്. സാംഖ്യം, യോഗം, ലോകായതം. മൂന്നിലെയും ഭൌതികവാദചിന്തകളെ രാജാക്കന്മാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന കാര്യത്തിലാണ് ചാണക്യന്റെ ഊന്നൽ. അതെന്തുകൊണ്ട്? നിഷേധം, സന്ദേഹം, സുഖാസക്തി ഇതു മൂന്നുമാണ് ചാർവാകർക്കെതിരെയുള്ള ആരോപണങ്ങൾ. ശരീരം രക്ഷിക്കണം, അന്യരെ സഹായിക്കണം, പരഹിംസ പാടില്ല ഇതായിരുന്നു അവരുടെ നിലപാട്. ‘ശരീരം തന്നെയാണ് ആത്മാവ്, മരണം തന്നെയാണ് മുക്തി. അതുകൊണ്ട് ഉള്ള കാലം ഇന്ദ്രിയ സുഖം അനുഭവിക്കുകയാണ് വേണ്ടതെന്ന്’ ചാർവാക ദർശനം അനുശാസിക്കുന്നതെന്നാണ് ആത്മീയ വാദികളുടെ ആരോപണം. ആത്മീയവാദം ചാർവാക/ഭൌതികദർശനധാരയെകൂടി തങ്ങളുടേതാക്കിയതെങ്ങനെ എന്നു കൂടി നോക്കിയിട്ട് ഇതവസാനിപ്പിക്കാം.
അർത്ഥം, കാമം ഇവയെ മാത്രമേ ലോകായതികർ അംഗീകരിച്ചുള്ളൂ. ധർമ്മം പരലോകത്തിനുവേണ്ടിയുള്ള മൂല്യനിക്ഷേപമാകയാൽ പരലോകമില്ലെന്നു വിശ്വസിക്കുന്നവർ ധർമ്മത്തെയും അതിന്റെ അപരമായ അധർമ്മത്തെയും എങ്ങനെ അംഗീകരിക്കും? പുരുഷാർഥങ്ങളിലെ പരിമിത മേഖലയിൽ മാത്രം വ്യാപരിച്ചവരായി ചാർവാകരെ ചാപ്പകുത്താൻ ഇതൊരു കാരണമായി. അറിവു സമ്പാദിക്കാൻ ഒരു മാർഗം വേണം. സമ്പാദിക്കുന്ന അറിവ് യഥാർത്ഥമായിരിക്കണമെങ്കിൽ അനുഭവം കൊണ്ട് ബോധ്യപ്പെടുന്നതായിരിക്കണം. ഈ അനുഭവത്തെയാണ് ഭാരതീയ ദർശനം ‘പ്രമാണം’ എന്നു വിളിച്ചത്. പ്രമാണം നാലുതരത്തിലുണ്ട്. പ്രത്യക്ഷം, അനുമാനം, ആഗമം, ഉപമാനം എന്നിങ്ങനെ. (അർത്ഥാപത്തി, അഭാവം, സംഭവം, ഐതിഹ്യം.. എന്നിങ്ങനെ പ്രമാണഘടകങ്ങൾ കൂടും) ഇതിൽ പ്രത്യക്ഷമായ അനുഭവത്തെ മാത്രം പ്രമാണമാക്കിയവരാണ് പഴയ നാസ്തികർ ( നാസ്തികർ വേദ നിന്ദകരാണ് എന്ന് മനുസ്മൃതി) കണാദനും സുഗതനും പ്രത്യക്ഷം, അനുമാനം എന്നിങ്ങനെ രണ്ടു പ്രമാണത്തെ അടിസ്ഥാനമാക്കി (അതുകൊണ്ട് ഭൌതികവാദധാരയിൽ അവർ ചാർവാകർക്ക് അടുത്താണ്) സാംഖ്യരും ന്യായക്കാരും പ്രത്യക്ഷം, അനുമാനം, ആഗമം എന്നു മൂന്നു പ്രമാണങ്ങളെ ഉപയോഗിച്ചു.. അങ്ങനെ പോകുന്നു. കൂടുതൽ പ്രമാണങ്ങൾ ഉപയോഗിച്ചവർ കൂടുതൽ മിടുക്കരായി. പ്രത്യക്ഷപ്രമാണം മാത്രം അടിസ്ഥാനമാക്കിയാൽ എല്ലാത്തിനെയും വ്യാഖ്യാനിക്കാൻ കഴിയുമെന്ന വിചാരം ലോകായതികർക്ക് പൂർണ്ണമായും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. പക്ഷേ അവരതിൽ മുറുകെ പിടിച്ചു. പരലോകത്തെപ്പറ്റിയുള്ള വ്യാമോഹത്തെ എതിർക്കാൻ ഇതത്യാവശ്യമായിരുന്നു എന്നാണ് കെ ദാമോദരൻ, മണിഭദ്രനെ ഉദ്ധരിച്ചുകൊണ്ടെഴുതുന്നത്. ദാരിദ്ര്യത്തെയും അടിമത്തത്തെയും കുറിച്ച് സാധാരണജനങ്ങൾക്ക് ബോധ്യമുണ്ടാവണമെങ്കിൽ ശാപ, പുനർജന്മ, പാപ ബോധങ്ങളുടെ അദൃശ്യലോകത്തു നിന്നിറങ്ങി സ്വന്തം അവസ്ഥയിൽ ശ്രദ്ധയൂന്നണം എന്നതാണ് കാരണമായി പറയുന്നത്. സാംബശിവശാസ്ത്രികൾ ചാർവാകരെ വേറിട്ടൊരു വിഭാഗമായല്ല കാണുന്നത്. അവരും ആത്മീയ വാദികൾ തന്നെ. ആത്മാവ് എന്ത് എന്നകാര്യത്തിൽ മാത്രമാണത്രേ തർക്കം. അതുകൊണ്ട് ചാർവാകരിൽ അനേകം കൂട്ടരുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. വേദവാക്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ. അതിങ്ങനെ :
1. ശരീരം തന്നെ ആത്മാവ് എന്നു വാദിക്കുന്നവർ.
2. ഇന്ദ്രിയങ്ങൾ തന്നെ ആത്മാവ് എന്നു വാദിക്കുന്നവർ
3. പ്രാണൻ ഇല്ലാതെ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കില്ലല്ലോ, അതുകൊണ്ട് പ്രാണനാണ് ആത്മാവ്
4. മനസ്സിലില്ലെങ്കിൽ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കില്ല, അതുകൊണ്ട് മനസ്സാണ് ആത്മാവ് എന്നു വാദിക്കുന്നവർ
5. കണികകൾ ചേർന്നതാണ് (അണുക്കളാണ്) ശരീരം അപ്പോൾ അതു തന്നെ ആത്മാവ്
6. എല്ലാ പ്രവൃത്തിയ്ക്കും പിന്നിൽ ഞാൻ എന്ന ബോധമുണ്ടല്ലോ. ഞാൻ എന്ന ബോധമുണ്ടാക്കുന്ന ബുദ്ധിയാണ് ആത്മാവ്
അജ്ഞാനമാണ് ആത്മാവ്, ശൂന്യം ആണ് ആത്മാവ് ...........................എന്നിങ്ങനെ ഈ പട്ടിക വിപുലമാകുന്നു...
നാൽപ്പതുകൾ മുതൽ ഇന്ത്യക്കാരായ അന്വേഷകർ കണ്ടെത്തിയ ഇന്ത്യൻ ചിന്തയിലെ ഭൌതികവാദസാന്നിദ്ധ്യത്തെ അത്രതന്നെ ഉൾപ്പൊരുത്തത്തോടെ സ്വാംശീകരിക്കൻ ആത്മീയവാദികൾക്കു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതിയത്. അതിലും ഇതിലും ചേരുമെന്ന സാമാന്യവത്കരണത്തെ ഒഴിവാക്കുക എന്നതാണ് മുന്നിലുള്ള കടമ്പ. സ്വകീയമായൊരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്തുകൊണ്ടാണ് കോസാംബിയെപ്പോലുള്ള മനീഷികൾ ഇന്ത്യക്ക് ഒരു പുതിയ ചരിത്രരചനാപദ്ധതി രൂപകൽപ്പന ചെയ്തത്. അതിന്റെ ഗുണഫലങ്ങൾ രുചിച്ചുകൊണ്ടു തന്നെ തത്ത്വചിന്തയിൽ പിന്തുടരേണ്ട രീതിശാസ്ത്രത്തെപ്പറ്റിയുള്ള ആലോചനകൾക്ക് അനുബന്ധങ്ങൾ ഉണ്ടാവണം. വെളിപാടിലും പാരമ്പര്യത്തിലും ഒപ്പം യുക്തിയിലും ചിന്തയിലും കെട്ടുപ്പിണഞ്ഞു കിടക്കുന്നവയെ ഓരോന്നായി വേർതിരിച്ചെടുക്കുന്നതിന്റെ പ്രശ്നമാണ് മുഖ്യം. മനുഷ്യന്റെ ആന്തരികലോകത്തിനാണ് ഇന്ത്യൻ ചിന്ത പ്രാധാന്യം നൽകിയത്. അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്. ബാഹ്യപ്രതിഭാസങ്ങളെ അന്വേഷിക്കുന്നതിലൂടെ മാനസികവും ആന്തരികവുമായ പ്രവർത്തനങ്ങളിൽ എത്തിച്ചേരുന്ന രീതിശാസ്ത്രം കൊണ്ട് ഇതിനെ അളക്കുക എളുപ്പമല്ല. ഭൂതകാലത്തോടുള്ള അന്ധമായ ആഭിമുഖ്യം അപകടകരമായിരിക്കുന്നതുപോലെ സാമന്തയുക്തിയെ പിന്തുടരുന്ന മേൽക്കോയ്മാ മനോഭാവമുള്ള വിശകലനരീതികളും യാഥാസ്ഥിതികമാണ്. രണ്ടും കടുത്ത വൈരുദ്ധ്യത്തിലേയ്ക്കല്ലാതെ മറ്റൊരിടത്തും എത്തിക്കുമെന്ന് തോന്നുന്നില്ല. ആക്രോശങ്ങൾ ഒന്നിനെ മറ്റൊന്നിന് വളമാക്കി മാറ്റിക്കൊണ്ട് സമാന്തരമായി വീർത്തുകൊണ്ടിരിക്കും.. കാഫലമില്ലാതെ.
ചിന്ത, തത്ത്വശാസ്ത്രം, ദർശനം എന്നിവയുടെ അർഥഭേദങ്ങൾ സൂക്ഷ്മാണെങ്കിലും അവ ഉപേക്ഷിച്ച് ഒരേ അർത്ഥത്തിലാണ് ലേഖനത്തിൽ പ്രയോഗിച്ചിരിക്കുന്നത്.
ഇന്ത്യൻ ഫിലോസഫി - ദേവീ പ്രസാദ് ചതോപാദ്ധ്യായ
പ്രാചീനഭാരതത്തിന്റെ സംസ്കാരവും രൂപരേഖയും : ഡി ഡി കൊസാംബി
ഭാരതീയ ചിന്ത, ഇന്ത്യയുടെ ആത്മാവ് - കെ ദാമോദരൻ

