
കഷ്ടിച്ച് ഒരാഴ്ച മുൻപ് സർക്കാർ ആപ്പീസുകളിലേയ്ക്ക് ഒരു സർക്കുലർ പോയിട്ടുണ്ട്. ജനപ്രതിനിധികൾ വരുമ്പോൾ എങ്ങനെ പെരുമാറണം എന്നു നിർദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇണ്ടാസ്. അതിൽതന്നെ പ്രധാനപ്പെട്ട ഒരു കാര്യം മേൽപ്പടി പ്രതിനിധികൾ ആപ്പീസുകളിൽ എത്തുമ്പോൾ ഉദ്യോഗസ്ഥർ എഴുന്നേറ്റു നിൽക്കണം എന്നതാണ്. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ കാലാകാലമായുള്ള വടംവലി ചെറിയ അളവിൽ ഈ സർക്കുലറിലെ വരികൾക്കിടയിലിരുന്ന് പല്ലിളിക്കുന്നുണ്ട്. മറയൊന്നുമില്ല. ജനപ്രതിനിധികളോടുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളെപ്പറ്റി നിരവധി ആരോപണങ്ങൾ വന്നതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു സർക്കുലർ എന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരാപ്പീസുകളിൽ ആയിരക്കണക്കിനു ജനം നിത്യേനയെന്നോണം അനുഭവിക്കുന്ന അവഹേളനങ്ങൾക്കും അവകാശലംഘനങ്ങൾക്കും തടയില്ല. അതാരുടെയും വേവലാതിയല്ല. ഭരണവർഗപ്രതിനിധികൾ ‘സാമാന്യ ജനത്തിൽ നിന്നും കൂടിയ പുള്ളികളായതു’കൊണ്ട് അവരോട് പെരുമാറേണ്ട രീതി അടിയന്തിരമായി തന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് എന്നാർക്കോ തോന്നുകയാണ് പെട്ടെന്ന്. സ്വാതന്ത്ര്യം ലഭിച്ച് അറുപതാണ്ടുകൾ കടന്നു പോകുന്നതുവരെ ഇക്കാര്യത്തിൽ ഉദാസീനത പുലർത്തിയിരുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയല്ലേ. ഒന്നോർത്താൽ ഏതു പെരുമാറ്റച്ചട്ടനിർമ്മിതിയിലും ഒരധികാരപ്രയോഗത്തിന്റെ സുഖം വട്ടം ചുറ്റുന്നുണ്ട്. എനിക്കു വേണ്ടി നിന്നെ പാകപ്പെടുത്തുക എന്നതാണ് അതിന്റെ കാതൽ. അതിനും അപ്പുറം കടന്ന് എനിക്കു വേണ്ടി നീ എന്തു ചെയ്യണമെന്ന് ആക്രോശിക്കാൻ തുടങ്ങുന്നിടത്താണ് ഏകപക്ഷീയമായ വിവേചനാധികാരം സിംഹാസനത്തിൽ കയറി വിരാജിക്കുന്നത്.
പതിവുപോലെ ഇക്കാര്യത്തിനും രണ്ടഭിപ്രായം ഉണ്ടാവും. ജനപ്രതിനിധികൾ, കൊമ്പത്തെ ജീവികളും അഹോരാത്രം കഷ്ടപ്പെടുന്നത് ജനങ്ങൾക്കുവേണ്ടിയുമാകയാൽ അവർക്ക് കുറച്ച് സൌകര്യങ്ങളൊക്കെ വേണം എന്നും, ജനപ്രതിനിധികൾ അടിസ്ഥാനപരമായി ജനസേവകരായതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന ഭരണകൂട ഉപകരണങ്ങൾ നൽകിക്കൂടെന്നും. പക്ഷേ രണ്ടാമത്തെ വാദമൊക്കെ എന്നേ കടലെടുത്തു. ഇപ്പോൾ തെരെഞ്ഞെടുപ്പു സമയത്തുള്ള കഷ്ടപ്പാടുകളും അതുകഴിഞ്ഞാൽ അധികാരം നിലനിർത്താനും പിടിച്ചടക്കാനുമുള്ള ആയാസങ്ങളും ഒഴിച്ചാൽ ഈ വിഷയത്തിൽ അവർക്കുള്ള മറ്റു പ്രശ്നങ്ങൾ സമക്ഷത്തു വരാറില്ല. അനൂകൂല്യങ്ങൾ ധാരാളമുണ്ടു താനും. അതായിക്കോട്ടെ, എന്നാൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കാൻ ചെന്നു നിൽക്കുന്ന ഒരാൾ പിച്ചക്കാരനെക്കാൾ താഴ്ന്ന നിലയലാണെന്ന മട്ടിൽ പ്രതിനിധി പെരുമാറി തുടങ്ങുമ്പോഴോ? പ്രാതിനിത്യഭരണസംവിധാനം ജനാധിപത്യപരമാവുകയില്ലെന്ന് റൂസോ പറഞ്ഞിരുന്നു. തെരെഞ്ഞെടുപ്പുസമയത്തു മാത്രമാണ് ജനങ്ങൾ സ്വതന്ത്രരാകുന്നത്. അതു കഴിഞ്ഞാൽ അവരെ ഭരണാധികാരികൾ അടിമപ്പെടുത്തുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. അടിമത്തത്തേക്കാൾ മെച്ചപ്പെട്ടതല്ല ഇത് എന്നായിരുന്നു റൂസ്സോയുടെ വാദം. ഏകകക്ഷിഭരണത്തിനു മുറവിളി കൂട്ടുന്ന തീവ്ര ഇടതു നിലപാടുകളും ജനങ്ങൾക്ക് അർഹതപ്പെട്ടതിലേറെ നൽകുന്നു എന്ന വലതുപക്ഷ വീക്ഷണങ്ങളും ആത്യന്തികമായി ജനാധിപത്യവിശ്വാസങ്ങളെ എതിർചേരിയിൽ നിർത്തുന്ന നയമാണ് സ്വീകരിച്ചു വരുന്നത് എന്നു നമുക്കറിയാം. എന്നാലും പുറമേ ഉള്ള സ്വരം അനുരഞ്ജനത്തിന്റേതാണ്. ആ കപടനാട്യങ്ങൾ പോലും അപ്രസക്തമാവുന്ന കാലത്തിലേയ്ക്ക് നാം പതിയെ പ്രവേശിച്ചു തുടങ്ങുന്നതിന്റെ കുളമ്പൊച്ചകളാണ് പുതിയ സാമൂഹിക നിയമങ്ങൾ എന്നു സംശയിച്ചു തുടങ്ങാവുന്നിടത്തേയ്ക്ക് കാര്യങ്ങൾ നീങ്ങുന്നു. ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നിലവിട്ട് ‘നിങ്ങളും ഞങ്ങളും’ എന്ന വിഭാഗീയതയെ ഔദ്യോഗികതലത്തിൽ സ്ഥിരീകരിക്കുന്ന ഒന്നല്ലേ ഈ ‘എഴുന്നേറ്റു നിൽപ്പ്’ സർക്കുലർ? ജനസേവനത്തിൽ പങ്കാളികളാവേണ്ട രണ്ടു വിഭാഗങ്ങളിലൊന്നിനെ മേലേ കേറ്റി, അവർ തന്നെ അവതരിപ്പിക്കുന്നത് സത്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമല്ല, ആ ഇരുട്ടിൽ തങ്ങൾ മാത്രമേ ഉള്ളൂ എന്ന അധികാരപരമായ ആന്ധ്യത്തിന്റെയും കൂടി തെളിവാണ്.
യാദൃച്ഛികമായിരിക്കും, എങ്കിലും ചില സംഗതികൾ രൂപപ്പെട്ടുവരുന്നതിനു പിന്നിലെ സാമൂഹികകാലാവസ്ഥകൾക്കുള്ള പങ്കിനെ കുറച്ചു കാണരുതല്ലോ. തിരുവനന്തപുരം നഗരത്തിലെ പ്രധാനസ്ഥലങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്ന പൈപ്പിൽ വിള്ളൽ കണ്ടതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രാത്രിയും പകലും ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ജീവനക്കാരനെ വാർഡ് കൌൺസിലർ, ചവിട്ടി കുഴിയിൽ തള്ളിയിട്ടതിനെപ്പറ്റി പത്രത്തിൽ ഒരു വാർത്ത വന്നിരുന്നു. ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന നഗരവാസികളെ സഹായിക്കാൻ വേണ്ടി പണിയെടുക്കുന്നവരുടെ ജോലി കുറേക്കൂടി കാര്യക്ഷമമായിക്കൊള്ളട്ടേ എന്നു വിചാരിച്ചല്ല ഈ പീഡനം, മറിച്ച് അവിടെ നിന്ന് മൊബൈൽ ഫോണിൽ ഉറക്കെ സംസാരിക്കുന്നത് ജീവനക്കാരൻ വിലക്കി എന്നുള്ളതുകൊണ്ടാണ്. രണ്ടാമത്തെ സംഭവം കുറേക്കൂടി വിവാദമായതാണ്. നെയ്യാറ്റിൻ കരയിൽ വച്ച് തന്റെ കാറിൽ തട്ടിയ കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവറെ എം എൽ എ മർദ്ദിച്ചതാണ്. മുൻപൊരിക്കൽ ഒരു ജനപ്രതിനിധിയുടെ കാറിൽ ലോറി ലോറി ഓടിച്ചപ്പോൾ ഉണ്ടായ ചെറിയ പോറലിന് നിയമാനുസൃതമല്ലാതെ പ്രതിവിധി കണ്ടെത്തിക്കൊടുത്തത് കേരളാപോലീസാണ്. ലോറി എന്നല്ല ഒരു വാഹനവും ഇനി ഒരിക്കലും ഓടിക്കാൻ വയ്യാത്ത രീതിയിലാക്കി ശുഷ്കാന്തിയോടെ പ്രശ്നം പരിഹരിച്ചുകൊടുത്തു. പത്രങ്ങളുടെ പ്രാദേശികമായ പതിപ്പുകൾ വന്നതോടെ മറ്റുപ്രദേശങ്ങളിൽ സമാനമായി എന്തു സംഭവിക്കുന്നു എന്നറിയാൻ വയ്യാതായി. എങ്കിലും ജനപ്രതിനിധികൾ സിനിമയിൽ കാണുന്നതുപോലെ മുന്നിൽ വന്നു നിന്ന് ശിക്ഷണാധികാരങ്ങൾ സ്വന്തം ശരീരം ഉപയോഗിച്ച് പ്രയോഗിക്കാൻ തുടങ്ങുന്നത് പുതിയകാലത്തിന്റെ ലക്ഷണമാണ്. അങ്ങനെ നമ്മുടെ ജനാധിപത്യം പുതിയ വഴിത്തിരിവിലെത്തുകയാണ്.
അതുകൊണ്ടാണ് ജനപ്രതിനിധികളെ എങ്ങനെ ബഹുമാനിക്കണം എന്ന് നിർദ്ദേശിക്കുന്ന സർക്കുലറിനെ പ്രത്യേക ശ്രദ്ധയോടെ നോക്കുന്നത്. ഫ്യൂഡൽ -കൊളോണിയൽ മനോഭാവങ്ങൾ ഇപ്പോഴും ആധിപത്യം പുലർത്തിക്കൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. സ്കൂൾ അസംബ്ലികളെ നോക്കുക. സ്ഥാപനമേധാവികൾ കുട്ടികളെക്കൊണ്ട് ‘ഗുഡ്മോണിംഗ് ‘ പറയിപ്പിച്ചശേഷം പിന്നീട് എഴുന്നള്ളിക്കുന്നതെല്ലാം താക്കീതുകളും ഭീഷണികളുമാണ്. ജനാധിപത്യത്തെ സംബന്ധിച്ച് പ്രത്യേക പരിശീലനം കിട്ടുന്ന ഒരു സ്ഥലമാണതെന്നാണ് വയ്പ്പ്. കാലം കഴിയുന്തോറും ഭൂതകാലങ്ങളിൽ നിന്ന് വിടുതൽ നേടുകയല്ല, ശിശുസഹജമായ ലാഘവബുദ്ധിയോടെ അധികാരത്തിന്റെ ചൂടുപറ്റി ചുരുണ്ടുകൂടാനുള്ള പ്രവണത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകളാണ് വിതരണം ചെയ്യപ്പെടുന്നത്. കാരണവരെ കണ്ടാൽ ചെരിപ്പും പുറം കുപ്പായവും ഊരി കാണിക്കേണ്ട കാലത്തിൽ നിന്ന് മാറി ചെരിപ്പുകൾ വീടിനുള്ളിലും ഇടുന്നത് വിപ്ലവമായ ഒരു കാലത്തിൽ നമ്മളെത്തിയിരുന്നു. ഇപ്പോൾ അതു മാറി. ചെരിപ്പുകൾ ഊരി വയ്ക്കുക എന്നതാണ് മിക്ക സ്ഥലങ്ങളിലേയും ചുവരെഴുത്ത്. ഉടുപ്പും ചെരിപ്പുമൊക്കെ ഊരി വയ്പ്പിച്ച് എഴുന്നേൽപ്പിച്ചു നിർത്തി നിങ്ങളെ വിനയാന്വിതരാക്കാനും വാലാട്ടിക്കാനും ഉരുവിട്ടു പഠിക്കാനുള്ളത് ചൊല്ലി തരാനും ഉറക്കം തെറ്റിയ ഒരു കാലം മുന്നിൽ വന്നു നിൽക്കുന്നു. എത്രത്തോളം അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സമൂഹത്തിൽ നമുക്കുള്ള സ്വീകാര്യത.
പുസ്തകം :
ജനാധിപത്യം 80 ചോദ്യങ്ങളും ഉത്തരങ്ങളും
ഡേവിഡ് ബീഥാം- കെവിൻ ബോയൽ
ചിത്രം :
ഉണ്ണിയുടെ രാഷ്ട്രീയ കാർട്ടൂണുകളിലെ കണ്ണടവച്ച പയ്യൻ