November 9, 2009
ഒരു കപ്പ് കാപ്പി കൂടി പ്ലീസ്...
കഫേകളെക്കുറിച്ചാലോചിച്ചപ്പോള്‍ ബി മുരളിയുടെ ഒരു മലയാള കഥയാണ് പെട്ടെന്ന് കയറി വന്നത്. ‘ച വര്‍ഗം താലവ്യമോ?’ പാരീസിയന് കഫേയിലിരുന്ന് കാപ്പി കുടിക്കുകയും പരാജയപ്പെട്ട വിദ്യാര്‍ത്ഥിവിപ്ലവത്തിന്റെ നാനാവശങ്ങളെക്കുറിച്ച് തര്‍ക്കിക്കുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന മാര്‍ത്തയെയും പിയറിയെയും ആന്ദ്രേയെയും പറ്റിയൊരു കഥ. പുന്നപ്രവയലാറിന്റെ ഓര്‍മ്മയുമായി അതില്‍ കുണ്ടംകുഴി രാമകൃഷ്ണനുമുണ്ട്. അയാള്‍ അന്ന് -അതായത് 1968-ല്‍ - ഫ്രഞ്ചുകാരനായ വ്യൂഗോ രിസ്തായുമായിച്ചേര്‍ന്ന് പാരീസ് തെരുവുകളില്‍ ചിത്രങ്ങള്‍ വരച്ചു വിറ്റു നടക്കുകയായിരുന്നു. വിപ്ലവം ഇനി ഭാഷാശാസ്ത്രം വഴി എന്ന പരിഹാസമാണ് കഥയുടെ മൊത്തം ടോണ്‍ . തേവിടിശ്ശിക്കിളി എന്ന സമാഹാരത്തില്‍ മുകുന്ദന്റേതായിട്ടുമുണ്ട്, ‘കാപ്പിക്കടയില്‍ ‘ എന്നൊരു കഥ. അതു ഗോവയിലെ പെരേരയുടെ കടയാണ്. അവിടെ ബോബെന്ന അമേരിക്കന്‍ വെള്ളക്കാരനും മുകുന്ദനും രാജീവും ഐസക് തോമസും കൂടിയിരുന്ന് ഫ്രാന്‍സിസ് കപ്പോളയെപ്പറ്റി തര്‍ക്കിച്ചു. സാറാ ജോസഫിന്റെ കോഫീ ഹൌസി’ലിരുന്നവര്‍ തര്‍ക്കിച്ചില്ല ആണിടങ്ങളെയും നഗ്നത അശ്ലീലം എന്നിവയെയും പറ്റി വെളിപാടുകള്‍ കൊണ്ടു. ബാലചന്ദ്രന് മുകുന്ദന് ജോണ്‍ ക്ലീറ്റസ് റെജീന എന്നിവര്‍ . കോഫീ ഹൌസിനു പുറത്തപ്പോള്‍ കൊടുങ്കാറ്റ് ചീറ്റിയടിച്ചു. കോഫീ ഹൌസ് ആടി ഉലഞ്ഞു. ഹാരുകി മുറകാമിയുടെ നോവല്‍ ‘ആഫ്റ്റര്‍ ഡാര്‍ക്ക് ’ ഉറക്കമില്ലാത്ത ഒരു കഫേയില്‍ നിന്നാണ് തുടങ്ങുന്നത്. സമയം അപ്പോള്‍ 11.56. ഉറക്കമില്ലാത്തവരുടെയും ഉറങ്ങുന്നവരുടെയും വിചിത്രമായ കഥ. മേരി അസയ് അവിടെ നിന്നിറങ്ങി ദിവസങ്ങളായി ഉറങ്ങിക്കൊണ്ടേയിരിക്കുന്ന അവളുടെ സഹോദരി എറി അസയെ കെട്ടിപ്പിടിച്ചു കിടക്കുന്ന 6.52ന് നോവല്‍ അവസാനിക്കുകയും ചെയ്യുന്നു.
ഇല്ലാതെ പോകുന്ന ഒരിടത്തെയാണോ കഫേകള്‍ വിഭാവന ചെയ്യുന്നത്, ചര്‍ച്ച ചെയ്യുന്നതിന്, പ്രണയിക്കുന്നതിന്, കണ്ടു മുട്ടുന്നതിന് നൊമ്പരപ്പെടുന്നതിന് നിശ്ശബ്ദനാവുന്നതിനൊക്കെ കഫേ പലപാട് വന്നു മുട്ടി വിളിക്കുന്നുണ്ട്. സാഹിത്യത്തിലല്ല. നേരിട്ട്. അതൊരു കാലം. ക്യാമ്പസ്സുകളിലെ കഫേ സംവാദങ്ങള്‍ പില്ക്കാല ബൌദ്ധികനിലപാടുകള്‍ക്ക് നല്കിയ പിന്‍ബലത്തെക്കുറിച്ച് ചില ആത്മകഥനങ്ങളെങ്കിലും ഉള്‍പ്പുളകത്തോടെ തിരിഞ്ഞു നോക്കിയിട്ടുണ്ട്. (ഷാജഹാന് മാടമ്പാടിന്റെ അരാവല്ലിയുടെ ഉദയാസ്തമയങ്ങള്‍ മുന്‍പിലുള്ള ഒരു ഉദാഹരണം) യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഉച്ച ഇടവേളകളില്‍ പാളയത്തെ പ്രസിദ്ധമായിരുന്ന കോഫീഹൌസിലേയ്ക്ക് ചിരിച്ചുല്ലസിച്ചു നീങ്ങിയ ആണ്‍പെണ്‍ സൌഹൃദങ്ങളെ, തൊട്ടടുത്ത സ്റ്റാര്‍ ഹോട്ടല്‍ സൌത്ത് പാര്‍ക്കിന്റെ മുകളില്‍ നിന്ന് നോക്കിക്കണ്ടിട്ടാണ് ഐ ജിയും എഴുത്തുകാരനുമായിരുന്ന കൃഷ്ണന് നായര്‍ ‘ആടിയാടി ഉലയുന്ന യൌവനങ്ങളെ’ ഛെ ഛേ... എന്ന് പഴി പറഞ്ഞു കൊണ്ട് മുന്‍പ് കലാകൌമുദിയില് ലേഖനമെഴുതിയത്. കോളേജിന്റെ ശതാബ്ദി ആഘോഷം നടക്കുന്ന വേളയില്‍ ആ വാരികയും ചുരുട്ടിപ്പിടിച്ചു നിന്ന് അന്ന് അന്‍വര്‍ അലി അതിനു ചുട്ട മറുപടി പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന കൃഷ്ണന് നായര്‍ കമാ എന്നൊരക്ഷരം മിണ്ടാതെ സ്ഥലവിട്ടു. കാലം തൊണ്ണൂറുകളുടെ തുടക്കം. നഗരത്തിലെ കലാശാലായൌവനങ്ങളുടെ തര്‍ക്കങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും കോഫീഹൌസിലെ വെന്ത കാപ്പിപ്പൊടിയുടെ മണമുണ്ടായിരുന്നു ഒരിക്കല്‍ . കേരളത്തിലുടനീളം രുചികളുടെ ഏകതാനത. തലപ്പാവു വച്ച പരിചാരകന്മാര് . എത്രനേരം വേണമെങ്കിലും ഇരിക്കാമെന്ന സൌകര്യം. നഗരങ്ങളിലെ സ്ഥിരം കണ്ടുമുട്ടല്‍ ഇടം ! ഒരു കാപ്പിക്കപ്പുമായി മുഖാമുഖം നോക്കിയിരിക്കുന്ന ആണിനും പെണ്ണിനുമിടയില്‍ ചിലന്തിവല പിടിച്ചത് വരച്ചു വച്ചിരിക്കുന്ന ജോയി കുളനടയുടെ ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മവരുന്നു. എത്രകാലമായിക്കാണും അവരാ ഇരിപ്പു തുടങ്ങിയിട്ട് ! കോഫീഹൌസ് എന്നൊരു ബോഡുണ്ടായിരുന്നു പ്രണയമിഥുനങ്ങളുടെ തലയ്ക്കു മുകളില്‍ . തമ്പാനൂരത്തെ കാപ്പിക്കട ലാറിബേക്കര്‍ എന്ന കലാകാരനായ വാസ്തുശില്പിയുടെ ചെലവുകുറഞ്ഞ കെട്ടിടനിര്‍മ്മാണ വൈദഗ്ധ്യത്താല്‍ തലതൊട്ടനുഗ്രഹം നേടിയ ഒന്നാണ്. കാലം മാറി. അത് റസ്റ്റോറന്റല്ല ! അകത്തു കയറിയാല്‍ എന്താണ് തിരക്ക് !!
ഗ്രാമങ്ങളിലെ വായനശാലകള്‍ പോലെയല്ല. കഫേകളിലെ ഒത്തുച്ചേരലുകള്‍ക്കും തികഞ്ഞ സ്വകാര്യതകളുണ്ടായിരുന്നു. ഒരു ടേബിളില്‍ രാഷ്ട്രീയം, മറ്റൊരിടത്ത് സാഹിത്യം. കോഫീ ഹൌസുകളുടെ പ്രാമാണിത്തം അസ്തമിച്ചു തുടങ്ങിയപ്പോള്‍ പുതിയ തലമുറ കഫേകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചു തുടങ്ങിയതാണ്. സ്വിസ്സ് കഫേ, കഫേ മാഗ്നറ്റ്, കോഫീ ബീന്‍സ്... ഇന്നലെ മഴയത്ത് വെറുതേ വണ്ടിയോടിച്ച് പോകുമ്പോള്‍ ഈ പറഞ്ഞ കഫേകളെല്ലാം എ ടി എം കൌണ്ടറുകളും ഓഫീസുകളുമായി മാറിയിരിക്കുന്നു. വിശ്രമ ഇടങ്ങള്‍ ’ എന്നു വിളിക്കാവുന്ന കോഫീഷോപ്പുകള്‍ നഷ്ടത്തിലായിക്കാണും . ചിലന്തികള്‍ ദേഹത്ത് വലകെട്ടും വരെ അന്യോന്യം നോക്കിയിരുന്ന് പ്രേമിക്കുന്നവരുടെ വംശം കുറ്റിയറ്റതാവാം കാരണം. തിരുവനന്തപുരം നഗരം മാത്രം പിന്നോട്ടോടുകയാണോ എന്തോ? രാത്രി ഹോട്ടലുകള്‍ 11 മണിവരെ മാത്രം. ക്യൂ നിന്ന് ആഹാരം കഴിക്കാവുന്നതും ചായകുടിക്കാവുന്നതുമായ പകല്‍ ഹോട്ടലുകള്‍ക്കാണ് ഇപ്പോള്‍ പഥ്യം. കാപ്പിച്ചുവയുടെ ചൂടേറ്റ് ഏകാന്തമായി ഇരുന്ന് ചിന്തയെ തെരുപ്പിടിപ്പിക്കാന്‍ ഒരു സ്ഥലം ഇപ്പോള്‍ ആര്‍ക്കും ആവശ്യമില്ലാത്തതു പോലെ. കഫേകള്‍ സ്പെഷ്യല്‍ എക്കണോമിക് സോണുകളിലേയ്ക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് ഒരു കൂട്ടുകാരി പറഞ്ഞു. ശരിയായിരിക്കും. പോയി കാണാനോ ചെന്നിരിക്കാനോ തത്കാലം നിവൃത്തിയില്ലാത്ത ഇടങ്ങളിലേയ്ക്ക് .
എന്തിനാണിങ്ങനെ ഗൃഹാതുരമായി പൊന്തകള്‍ തല്ലുന്നത് എന്നല്ലേ? ഒരു മുഴുനീള ചലച്ചിത്രത്തിന്റേത് അപ്പോള്‍ കഴിക്കുക, പോകുക എന്ന പ്രായോഗിക നയത്തിന്റേതാണെന്നും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളെ കലാപരമായി കോര്‍ത്തിണക്കിയ ലഘു ചിത്രങ്ങള്‍ കാപ്പിക്കടയിലെ മേശയ്ക്കു ചുറ്റുമുള്ള തിരക്കുപിടിച്ച ഒരു ചര്‍ച്ചയ്ക്കു പകരം വയ്ക്കാവുന്ന രൂപകം ആണെന്നും പരമാവധി വളഞ്ഞ വഴിയിലൂടെ പറഞ്ഞു കൊണ്ട് വരികയായിരുന്നു. രഞ്ജിത്തിന്റെ ‘കേരളാകഫേ’യെപ്പറ്റി. പല തരത്തിലുള്ള സൂപ്പര്‍ സ്റ്റാറുകളെ നിര്‍മ്മിക്കുകയും നിലനിര്‍ത്തുന്ന ചെയ്യുന്ന (അടൂരിന്റെ സിനിമയില്‍ അടൂരാണ് സൂപ്പര്‍ സ്റ്റാര്‍ തന്നെക്കാള്‍ പ്രതിഫലം തന്റെ ഏതെങ്കിലും സിനിമയില്‍ നടനു ലഭിച്ചാല്‍ സിനിമയെടുക്കുന്ന പരിപാടി അന്നു നിര്‍ത്തും എന്നാണ് അദ്ദേഹത്തിന്റേതായി അടുത്തകാലത്തു വന്ന ഉദീരണം) വ്യക്തികേന്ദ്രീകൃതമായ വ്യവസ്ഥയെ നോക്കി കൊഞ്ഞനം കുത്താനുള്ള ഒരു പഴുത് അതിനുള്ളില്‍ നിഹിതമാണ്. അതു മാത്രമല്ല. കഫേ ഒരു ദൃശ്യചിഹ്നമാകുന്നു. താത്കാലികമായ ഒരു ഇടത്തിന്റെ . അവിടെ നമ്മുടെ ദൃഷ്ടിയില്‍പ്പെട്ട ജീവിത മുഹൂര്‍ത്തങ്ങള്‍ എവിടുന്നോ തുടങ്ങിയതും എങ്ങോട്ടോ നീളുന്നതുമാണെന്ന തോന്നല്‍ ശക്തമാക്കാന്‍ താത്കാലികമായ ഇടത്തിനു പ്രത്യേക ശക്തിയുണ്ട്. അങ്ങനെയാണ് കഫേ ഒരു ഭാവചിഹ്നമാകുന്നത്. യാത്രാമുഖത്തിന്റെ വരമ്പത്ത്, തീവണ്ടിനിലയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അത് അങ്ങനെയാണ് കാലവ്യത്യാസവും സ്ഥലവ്യത്യാസവും കൊണ്ട് സര്‍വഥാ വിവിധങ്ങളായ പത്ത് ജീവിതാഖ്യാന മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കാനുള്ള ശേഷി ആര്‍ജ്ജിച്ചിരിക്കുന്നത്.
ഇത്രയും പ്രയാസപ്പെട്ട് എഴുതി കഴിഞ്ഞപ്പോഴാണ് ലതീഷ് മോഹന്റെ ‘ മംഗലശ്ശേരി നീലകണ്ഠന് എന്ന മനോനിലയാണ് പ്രശ്നം’ എന്ന നല്ല ലേഖനം പുതിയ മാധ്യമത്തില്‍ കാണുന്നത്. എന്നാല്‍പ്പിന്നെ ഇനിയും പോച്ച തല്ലാതെ ഇതിവിടെ നിര്‍ത്തുന്നതല്ലേ നല്ലത് !
നിര്‍ത്തി !!
Subscribe to:
Post Comments (Atom)
20 comments:
എന്താ എഴുത്ത് വെള്ളേ. വായിച്ചിട്ട് സിഗരറ്റുവലിക്കാന്‍ തോന്നുന്നു.
വലകെട്ടും വരെ അന്യോന്യം നോക്കിയിരുന്ന്
തിരുത്തുമല്ലോ..
സിഗററ്റു വലിക്കുക എന്നാല്‍ എനിക്ക് ബോറടിക്കുന്നു എന്നാണര്‍ത്ഥം. കൂട്ടുകാരന് നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സിഗരറ്റു കൊളുത്തുകയാണെങ്കില്‍ അവന് അവിടെ നിന്നും പോകണമെന്നുണ്ട്..എന്ന് പറഞ്ഞത് ഏതോ സ്വാമിയാണ്..ഓഷോ ആണോ ഇനി.. മറന്നുപോയി..വലക്കാര്യം തിരുത്തി.. എങ്ങനെ വരുന്നൂ ഈ തെറ്റുകള്‍ !!
ഏറ്റവും ഉന്മേഷത്തില് എത്തുമ്പോഴും സിഗരറ്റ് വലിക്കാം ..ഞാന്‍ ദാ ഒരെണ്ണത്തിന്റെ തലയ്ക്ക് തീ കൊടുത്തു
എന്തിനാണിങ്ങനെ ഗൃഹാതുരമായി പൊന്തകള്‍ തല്ലുന്നത്,ആ സമയം ഒരു സിഗററ്റു വലിച്ചൂടേ എന്നും ഉണ്ട്.
രഞ്ജിത്തിന്റെ ‘കേരളാകഫേ’യെപ്പറ്റി ആരും കുറ്റം പറയരുതു.. രഞ്ജിത്തിനെ ചുറ്റി പറ്റി ഒന്നിനേയും ... പുള്ളിക്കു ദേഷ്യം വരും...
( അവാര്‍ഡ് കിട്ടണം, കിട്ടും)
വെള്ളെഴുത്ത് ക്ലിന്റ് ഈസ്റ്റ്വുവുഡും വെസ്റ്റേൺ മൂവികളിലെ ചുള്ളന്മാരും സിഗററ്റ് വലിക്കുന്നത് കണ്ടിട്ടില്ല? സിമി പറഞ്ഞ സിഗററ്റ് വലി അതാണെന്നാണ് എനിക്ക് തോന്നുന്നത് :)
അതല്ല പ്രശ്നം, മാധ്യമം ഓൺലൈനിൽ കിട്ട്വോ ലേഖനം?
കാലം മാറുകയല്ലേ. പണ്ടത്തെ ഇന്ത്യൻ കോഫീ ഹൌസിൽ നടന്നിരുന്ന സരസസംഭാഷണങ്ങൾ ഇന്ന് കഫേ കോഫീ ഡേയിലേക്ക് മാറിയിരിക്കാമെന്നേയുള്ളൂ. “ഹാങ്ങ് ഔട്“ സെന്ററുകളേ മാറുന്നുള്ളൂ, “ഹാങ്ങിംഗ് ഔട്“ ഇല്ലാതാവുന്നില്ല ഋതുക്കളല്ലേ മാറുന്നത് നമ്മൾ അല്ലല്ലോ.
ഗൃഹാതുരത്വം ശീലാക്കണ്ട. ;)
വിനിമയങ്ങള്‍ ഏതൊക്കെ ചാലകങ്ങളില്‍ കൂടിയാണ് സഞ്ചരിക്കുന്നത്! എന്തെല്ലാമാണ് ഒരു കഫയെ വന്നു കയറി, ഇരുന്ന്, എഴുന്നേറ്റിറങ്ങി പോകുന്ന ജീവിതത്തിന്റെ പകര്പ്പെഴുത്താക്കുന്നത്!
കോഫീ ഹൌസ് സംസ്കാരം നമ്മക്ക് ഉണ്ടായിട്ടുണ്ടോ, വെള്ളേ? തല്ലിക്കൊല്ലുന്നത് നെസ്ലേകളാണ്, സാമാന്യമായ രുചിയുടെ മയക്കത്തിലേക്ക് തള്ളിവിട്ട്. പൊതുമണ്ഡലത്തിന്റെ വ്യക്തമായിപ്പറയുന്ന ഉദാഹരണം - സ്ഥലബദ്ധമായ - കഫേ അല്ലേ? സിനിമ കണ്ടില്ല...എവടെ? ഇനിയിപ്പോ അതിനായി നാട്ടിപ്പോണ്ടിവരും. അപ്പോ സിഗററ്റ് ആരൊക്കെ കത്തിച്ചു?
ഇന്ത്യന്‍ കോഫീ ഹൌസുകള്‍ എണ്‍പതുകളിലെ ബുജി സംസ്കാരത്തിണ്റ്റെ ഭാഗമായിരുന്നു അന്നു കാര്യമായ പോകറ്റ്മണി ഒന്നും ഇല്ലായിരുന്നു
മുപ്പത്തഞ്ച് പൈസ ആയിരുന്നു കാപിക്കു എഴുപതി അഞ്ചു പൈസ മസാല ദൊശക്കു അല്ലെങ്കില്‍ പൂരി ബാജി ഇവ രണ്ടും ബീറ്റ് റൂട് മസ്സല ആയിരുന്നു കൂടുതല്‍ മറ്റെല്ലാ പോറ്റി ഹോട്ടലിലും ഉരുളക്കിഴങ്ങും ഉള്ളിയും ചേറ്ന്ന മഞ്ഞ മസാല എന്നാല്‍ കോഫീ ഹൌസില്‍ മസാല ചുവന്നതായിരുന്നു പാറ്ട്ടി അഫിലിയേഷന് കൊണ്ടാണോ എന്തൊ?
മട്ടണ്‍ ബിരിയാണു അന്നു മൂന്നു രൂപ എഴുപതി അഞ്ച്ചായിരുന്നു വില
ഒന്‍പതു മണിക്കു ക്ളാസ് തുടങ്ങു രണ്ട് അവറ് പഠിച്ച ശേഷം ഏതെങ്കിലും പ്റൈവറ്റ് ബസില്‍ പത്തു പൈസ ടിക്കറ്റില്‍ നഗര ഹ്റ്ദയത്തെത്തും കോഫീ ഹൌസില്‍ ചെല്ലും
ഒരു മസാല ദോശ ഒരു കോഫി അവിടെ ഇരിക്കും പിന്നീട് ഏതാണ്ട് പന്ത്റണ്ടര വരെ അവിടെ ആണു താടിപ്പടങ്ങള് ചുള്ളിക്കാടിണ്റ്റെ കവിതകള്‍ വിനയ ചന്ദ്രന് കടമ്മനിട്ട ശങ്കരപ്പിള്ള ബീ രാജീവന് ഇവരൊക്കെ ചറ്ച്ചകളില് നിത്യ സാന്നിധ്യം
ചിലപ്പോള്‍ വഴി തെറ്റി ചുള്ളിക്കാട് പോക്കുവെയില്‍ നായകനായി വന്നു കൂടായ്കയുമില്ല കുറെ ബുജികള്‍ പല കസേരകളില്‍ ആയി നിരക്കും ഒരു കോഫി കൂടി മാക്സിമം
വാങ്ങാന്‍ അല്ലാതെ പണമില്ല പന്ത്റണ്ടാകുമ്പോള് മട്ടന്‍ ബിരിയാണിയുടെ മണം വരും വെയിറ്ററ്മാര് വന്നു ചോദിക്കും ഇനി എന്തെങ്കിലും വേണോ?
കാരണം ഇനി ബിരിയാണി കഴിക്കാന്‍ വരുന്നവരുടെ ഊഴമാണു അവറ് ബുജികള്‍ അല്ല വ്യവസായികളും പണം ഉള്ളവരും ആണു
ബില്ല് അടച്ചു പുറത്തിറങ്ങുന്നു അരവിന്ദണ്റ്റെ പടം ടാക്സ് ഫ്റീ ആയി ഓടുന്നു മുപ്പത് പൈസ മതി നല്ല എ സി തിയേറ്ററ് , നല്ല പ്രൊജക്ഷന് കണ്ട്റങ്ങുമ്പോള് കോളേജ് വിട്ടു വീട്ടില്‍ പോകാന്‍ സമയം
ഒരു ദിനത്തിണ്റ്റെ അന്ത്യം
പീയറ്ലെസ്സ് കമ്മീഷന് ലഭിച്ച ദിവസം ചിലറ് എല്ലാവറ്ക്കും മട്ടന്‍ ബിരിയാണി വാങ്ങി തന്നിരുന്നു
നൊസ്റ്റാള്‍ജിയ ഉണറ്ത്തി ഈ ലേഖനം, ഇന്നു പണം കാറ് ഒക്കെ ഉണ്ടെങ്കിലും അന്നു പണം ഇല്ലാതെ ഒരു മുപ്പത്തഞ്ചു പൈസ പോക്കറ്റ് മണി സംഭരിച്ചു കഴിച്ച മസാല ദോശയുടെ രുചി എവിടെ നിന്നും കിട്ടുന്നില്ല
ആ പാവം തലപ്പാവുകാരെയും കാണുന്നില്ല, ഇന്നു ഈ കോഫീ ഹൌസ് അന്തരീക്ഷം കടല്ക്കരയിലെ ചില കള്ളുഷാപ്പില്‍ ഉണ്ടെന്നു കേള്‍ക്കുന്നു
അറിയില്ല പരീക്ഷിക്കാന്‍ ധൈര്യമില്ല
കണ്ണു വേണേ!
ഇങ്ങനെ എഴുതി വ്യസനിപ്പിക്കരുത് വെള്ളഴുത്തേ, കോഫീ ഹൗസുകളിലെ ആ ഒരുച്ചക്ക് വേണ്ടി, സായാഹ്നത്തിനു വേണ്ടി എന്തും ത്യജിച്ചു പോകും. പൊരിവെയിലില്‍ ബ്രേക്ക് ഫാസ്റ്റും ലഞ്ചും നാലുമണിയും എല്ലാമായി രണ്ട് എരിവുകൂടിയ വെജ് കട്ലറ്റും ഒരു പഞ്ചസാരയിടാത്ത കാപ്പിയും...അടുത്ത ടേബിളുകളില്‍ പരസ്പരം സംസാരിക്കാറില്ലെങ്കിലും കോഫീ ഹൗസ് ജീവിതങ്ങളുടെ പരസ്പര ബഹുമാനം..വീട്ടുകാരെപ്പോലെ പരിചിതരായ തലപ്പാവുകാര്‍.. പറഞ്ഞിട്ട് ഇനി കാര്യമില്ല
സിനിമയെപ്പറ്റി ഒന്നുമറിയില്ല, എഴുതാന്‍ വിട്ട് പോയി..
ചായക്കടയിലിരുന്ന് രാഷ്ട്രീയം പറയുന്നവരുടെ ദിവസവും വരും.
:)
:-) വാഹ് വാഹ്... ഇനിയെന്തിന് സിനിമയെക്കുറിച്ചെഴുതണം! ICH-കള്‍ എനിക്കും പ്രിയപ്പെട്ട ഇടമാണ്... പക്ഷെ, ഇപ്പോഴത്തെ തിരക്ക്! പിന്നെയും ഭേദം സ്പെന്‍സേഴ്സില്‍ പിസ്സാ കോര്ണറിന്റെ ചുവട്ടിലുള്ളതാണ്. അധികമാര്‍ക്കും അതവിടെയുള്ളത് അറിയില്ലെന്നു തോന്നുന്നു! എന്നാണ് മാഷേ, ഒരു കാപ്പി കുടിക്കുവാന്‍ പോവുക? :-)
ലതീക്ഷ് മോഹന്റെ ലേഖനം ബ്ലോഗില്‍ വന്നിട്ടുണ്ടോ? സംഘടിപ്പിച്ച് വായിക്കുവാന്‍ പറ്റുമോന്ന് നോക്കട്ടേ...
--
ബാംഗ്ലൂരിൽ എംജി റോഡിലുണ്ടായിരുന്ന ചരിത്രപ്രസിദ്ധമായ കോഫിഹൌസ് പിറകിലെ ചറ്ച്ച് സ്ട്രീറ്റിലേയ്ക്ക് മാറിയിരിയ്ക്കുന്നു. മാറ്റത്തിന്റെ,പുതിയകാലത്തിന്റെ തീവണ്ടികൾക്ക് കടന്നുപോകുവാൻ പിന്നോട്ട് നീങ്ങിനിന്നുകൊടുക്കുന്നതുപോലെ എന്ന് ഞാൻ സാഹിത്യം വിചാരിയ്ക്കുന്നു:)
വെള്ളെ കോഫീ ആന്റ് സിഗരറ്റ് (Jim Jarmusch) എന്ന സിനിമയാണോര്മ വന്നത്
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഗുരുവായൂരിൽ തൊഴാൻ പോയിരുന്നത് കോഫി ഹൌസിലെ കാപ്പിയും മസാലദോശയും കിട്ടുമല്ലൊ എന്ന ഒറ്റ സന്തോഷത്തിലാ..
:-)
എന്തൊക്കെപ്പറഞ്ഞാലും ഇന്ത്യൻ കോഫീ ഹൗസുകൾ നഗരത്തിരക്കിലെ പഴയ ചങ്ങാതിക്കൂട്ടങ്ങൾക്കു ഒരു Nostalgia തന്നെയാണ്. ഇപ്പൊ, ICH മാറി, മറ്റു ചില Cafe കൾ ആയിട്ടുണ്ടാവും, സാഹിത്യവും, കവിതയും music album നിർമ്മാണത്തിനും, campus film ചർച്ചകൾക്കും വഴിമാറിക്കൊടുത്തിട്ടുമുണ്ടാവും. പക്ഷെ, കൂട്ടുകാർക്ക് "തെളിഞ്ഞ ബോധത്തിൽ" സ്വപ്നങ്ങൾ പങ്കു വെക്കാൻ ആ കോഫീ മണം ഒത്തിരി സഹായിക്കുന്നുണ്ട്, പണ്ടേപ്പോലെ തന്നെ!
off-topic: പുതിയ രീതി "കാടു കയറുക" എന്നതാണെന്നു തോന്നുന്നു. നാട്ടിലെത്തിയാൽ എല്ലാവരും, ഇപ്പോ പെട്ടെന്നെത്താൻ പറ്റിയ ഒരു forest camp ആണ് കൂട്ടം കൂടാൻ suggest ചെയ്യുന്നത്!
Post a Comment