August 21, 2009
ഋതുഭേദകല്‍പ്പന
“മലയാളത്തിലെ പൊതു സിനിമയുടെ നിലവാരത്തിന് അതുണ്ടായ കാലം മുതല്‍ ഇന്നോളം വലിയൊരു മാറ്റം ഉണ്ടായതായി എനിക്ക് തോന്നിയിട്ടില്ല.”
- ശ്യാമപ്രസാദ്, ജോഷ്വാ ന്യൂട്ടനുമായുള്ള അഭിമുഖത്തില്‍.
ശ്യാമപ്രസാദിന്റെ ‘ഋതു’വില്‍ അതീവ കാല്പനികവും വിജനവുമായ ഒരു തടാകത്തിന്റെ തീരത്തുള്ള ഒരു മരത്തെ അര്‍ത്ഥവിവക്ഷകളുള്ള ഒരു ദൃശ്യചിഹ്നമായി ഒന്നുരണ്ടിടത്ത് കാണിക്കുന്നുണ്ട്. തോണിക്കാരനായ വൃദ്ധന്റെ അഭിപ്രായത്തില്‍ എവിടുന്നോ ഒഴുകി വന്ന് അവിടെ വേരുറച്ച ഒരു മരമാണത്. അതിപ്പോഴും അതിന്റെ സ്വന്തം ഇടത്തിന്റെ സ്മരണകളെ ഉള്ളില്‍ വഹിക്കുന്നുണ്ട്. അതുകൊണ്ട് അത് കാലം തെറ്റി ഇല പൊഴിക്കുന്നു. മരത്തിന്റെ തൊലി പോലും വര്‍ഷങ്ങള്‍ക്കു ശേഷവും മറ്റേതോ കാലാവസ്ഥയ്ക്ക് യോജിച്ചവിധം പരിസരവൃക്ഷങ്ങളില് നിന്നും പ്രകടമായ വ്യത്യാസം പേറുന്നു. സിനിമ പ്രേക്ഷകരോട് ഉന്നയിക്കുന്ന ചോദ്യം തന്നെ ‘ഋതുകള്‍ മാറുന്നു, നമ്മള് മാറുമോ?’ എന്നായിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ തെറ്റിയ കാലത്തില്‍ പഴയ ഓര്‍മ്മകള്‍ പേറി നില്ക്കുന്ന മരത്തിന്റെ രൂപകത്തിന് സിനിമയില്‍ കൈവരുന്ന പ്രാധാന്യം വ്യക്തമാവുന്നു. നായകനായ ശരത് വര്‍മ്മയാണ് ഒരര്‍ത്ഥത്തില്‍ ഈ മരം. അടുത്ത കൂട്ടുകാരായ സണ്ണി ഇമ്മട്ടിയോടും വര്‍ഷയോടും കേരളത്തിന്റെ ഭൂപ്രകൃതിയോടുമുള്ള തരളസ്മൃതികള്‍ ഉള്ളില്‍ വച്ച് അവരോടൊത്തുച്ചേരാന് അമേരിക്കയിലെ നല്ലൊരുദ്യോഗം കളഞ്ഞ് അയാള്‍ പിന്മടങ്ങുന്നിടത്തുനിന്നാണ് ഋതു തുടങ്ങുന്നത്. പക്ഷേ അയാള്‍ക്ക് കാലം തെറ്റി. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ വിട്ടു പോയരായിരുന്നില്ല, അയാള്‍ തിരിച്ചെത്തുമ്പോഴുണ്ടായിരുന്നത്. അയാള്‍ ഒരിക്കല്‍ ജീവന് രക്ഷിച്ച സണ്ണി അയാളെ ഒറ്റു കൊടുക്കാന്‍ ശ്രമിച്ചു. സ്നേഹിച്ച വര്‍ഷ മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തി അയാളെ വഞ്ചിച്ചു. ഒടുവില്‍ അയാളും മാറി. വീണ്ടുവിചാരം ആവശ്യമില്ലാത്ത മട്ടില്‍ അയാള്‍ അവരില്‍ നിന്നും അടര്‍ന്നുമാറി. സണ്ണിയുടെ വിദേശയാത്രാമോഹത്തെ ചതിയിലൂടെ തന്നെ തകര്‍ത്തു. ആലിംഗനത്തിനായി അടുത്തു വന്നു നിന്ന വര്‍ഷയെ തള്ളിമാറ്റി. ഒരിക്കല്‍ പ്രിയതരമായിരുന്ന ‘എഴുത്തിനെ’ പുതുതായി വരിച്ചു. ആ നിലയ്ക്കും വമ്പിച്ച നേട്ടം ഉണ്ടാക്കിയെന്നാണ് സിനിമയിലെ സൂചന. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയും തന്നെ താഴ്ത്താന്‍ ശ്രമിച്ചവരുടെ മേല്‍ കാല് വച്ചും എല്ലായിടത്തും മാതൃകാപരമായി വിജയിച്ചുമാണ് ശരത്ത് ‘ഋതു’ എന്ന സിനിമയിലെ നായകത്വം ഉറപ്പിക്കുന്നത്.
ശില്പഭദ്രതയാണ് സംവിധാനമികവെങ്കില് ഋതു നല്ലൊരു സിനിമയാണ്. ആ നിലയ്ക്കാണതിന്റെ ദൃശ്യപരിചരണം. അടുപ്പക്കാഴ്ചകള്‍ ധാരാളം. തിരശ്ശീല നിറയ്ക്കുന്ന വര്‍ണ്ണവൈവിധ്യം. ഒഴുക്ക്. എന്നാല്‍ സിനിമയുടെ ലാവണ്യാത്മകമായ വശം എത്ര ആകര്ഷണീയമായിരുന്നാലും അതിന്റെ അഗാധതയിലെ നിഴല്‍ രൂപങ്ങള്‍, മറ്റൊരത്ഥത്തില്‍ സിനിമയുടെ രൂപപ്പെടലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന തത്ത്വശാസ്ത്രം കൂടി മെച്ചെപ്പെടേണ്ടതുണ്ട്. അതില്ലെങ്കില്‍ നിന്നിടത്തു നിന്ന് ചുറ്റിത്തിരിയാനാവും ഏതു കലാരൂപത്തിന്റെയും വിധി. അല്ലെങ്കില്‍ ചരിത്രപരമായോ സ്വന്തം നിലയിലോ ഒരു കലാസൃഷ്ടിയ്ക്ക് ഭാവുകത്വങ്ങളെ ഒരിഞ്ചു മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതെ വരും. മലയാളിയുടെ എക്കാലത്തെയും ഒഴിയാബാധയായ നൊസ്റ്റാള്‍ജിയയിലാണ് ഋതുവിന്റെ കൂടും ഉടക്കിക്കിടക്കുന്നത്. മഴ, മരം, പച്ചപ്പ് ഇങ്ങനെ തൊട്ട് അടയാളപ്പെടുത്താവുന്നത്. ഐ ടി പാര്‍ക്കുകള്‍ ആവശ്യപ്പെടുന്ന നിരന്തര ജാഗ്രതയ്ക്കും കഠിനമായ പ്രവൃത്തിയ്ക്കുമിടയില് നിന്നു കൊണ്ട് ശരത്തിന്റെ മനസ്സിലുള്ള ഈ വകകള്‍ - തരളസ്മൃതികള്‍ - ചൂണ്ടുന്നത് നീട്ടി വയ്ക്കാന്‍ അയാള്‍ ആഗ്രഹിക്കുന്ന ഒരു ശൈശവത്തിലേയ്ക്കാണ്. സിനിമയിലൊരിടത്തും ശരത്തിന്റെ ജോലിസംബന്ധമായ ഏകാഗ്രത ചിത്രീകരണവിഷയമാവുന്നില്ല. മറിച്ച് അയാളുടെ ഓര്‍മ്മകളില്‍ അയാള്‍ കൂട്ടുകാരോടൊപ്പം ഓടിയും രസിച്ചും നടക്കുകയാണ്. ഫലത്തില്‍ മാനസികമായി പ്രായപൂര്‍ത്തിയാവാത്ത ഒരാളാണ് ശരത്ത്.
ഇതിനു വേറെയും ഉദാഹരണങ്ങളുണ്ട്. അമേരിക്കയില്‍ പോകുന്ന അയാള്‍ക്ക് കൂട്ടുകാര്‍ സമ്മാനമായി നല്‍കുന്നത് കോണ്ടത്തിന്റെ ഒരു വലിയ പാക്കറ്റാണ്. ഒരിക്കല്‍ വര്‍ഷയെ മുന്നില്‍ നിര്‍ത്തി വൃദ്ധനായ മെഡിക്കല്‍ ഷോപ്പുകാരനെയും അയാളുടെ മകനെയും കളിയാക്കുന്നത് കോണ്ടം ആവശ്യപ്പെട്ടുകൊണ്ടാണ്. മൂന്നുപേരും കൂടി കാറിലിരുന്ന് കുലുങ്ങി ഒളിഞ്ഞുനോട്ടക്കാരായ സദാചാരക്കാരെ കൂകിവിളിച്ച് തമാശയൊപ്പിക്കുന്നുമുണ്ട്. ഇത്രയൊക്കെ ദൂരം മുന്നോട്ടു പോയ ഒരു വ്യക്തി, കൂട്ടുകാരിയായ വര്‍ഷ തന്നെ വഞ്ചിച്ചു എന്ന് കണ്ടെത്തുന്നത് അവള് മറ്റുള്ളവരോടൊപ്പം കിടക്കാന്‍ പോയി എന്ന് പറഞ്ഞുകൊണ്ടാണ്. ‘ബാംഗ്ലൂരില്‍ നിന്നോടു ഡേറ്റ് ചെയ്യാത്തതായി ഇനിയാരാണുള്ളത്’ എന്ന് അയാള്‍ ചോദിക്കുന്നുമുണ്ട്. ഇവിടെ രണ്ടു പ്രശ്നങ്ങള്‍ നമ്മെ കുഴക്കുന്നുണ്ട്. 1. രണ്ടാണും ഒരു പെണ്ണും എന്ന സൌഹൃദത്തിന്റെ പദപ്രശ്നത്തെ അയാള്‍ തന്നെയാണ് തകര്‍ക്കുന്നത് മറ്റാരുമല്ല. ഇനി (2) സൌഹൃദമെന്നത് വൈവാഹികജീവിതത്തിനുള്ള ചവിട്ടുപടിയായിരുന്നു അയാള്‍ക്ക് എന്നു വാദിച്ചാല്‍, സെറീന- ബാലു ദ്വന്ദ്വത്തെ ഉദാഹരിച്ചു കൊണ്ട് ചിത്രം മറു വശത്തു വച്ചിട്ടുള്ള വൈവാഹിക ജീവിതമല്ല അയാള്‍ ആഗ്രഹിക്കുന്നതെന്നു വ്യക്തമാകും. ശരത്തിന് എന്തായാലും ബാലുവാകാന്‍ കഴിയില്ല എന്നാണു സൂചന. അതു തന്നെയാണ് അയാളുടെ പ്രശ്നവും. വര്‍ഷയുടെ കണ്ണില്‍ അയാളോടുള്ള പ്രണയം വ്യക്തമാണ്. അതവള് ഒരിക്കലും നീക്കി വക്കുന്നില്ല. വിവാഹത്തിന്റെ കാര്യത്തില്‍ മാത്രമാണ് അവള് അല്പം അവധാനത പ്രകടിപ്പിച്ചത്. പക്ഷേ അത് ശരത്ത് വകവയ്ക്കുന്നുമില്ല. നേരത്തെ പറഞ്ഞ കളിയൊക്കെ കളിക്കുകയും ബിയറു കുടിക്കുകയും ഒക്കെ ചെയ്യുമ്പോഴും ആരും തൊടാത്ത ഒരു പെണ്ണും പൂമുഖപ്പടി സ്നേഹം നിരന്തരം കൊളുത്തി നില്ക്കുന്ന ഭാര്യയുമായിരുന്നു അയാളുടെ മനസ്സില്‍ എന്നല്ലേ ഇതെല്ലാം കൂടി തരുന്ന അര്‍ത്ഥം? അപ്പോള്‍ അയാള്‍ എന്തായിരുന്നു അവളില്‍ തേടിയിരുന്നത്? ആരാണ് അയാളെ വഞ്ചിച്ചത്?
പ്രത്യക്ഷത്തില്‍ ആ നാട്യമൊന്നുമില്ലെങ്കിലും ഋതുവിന്റെ കറക്കവും അപ്രതിരോധ്യനായ ഒരു നായകന്റെ ചുറ്റുമാണ്. അയാള്‍ വഞ്ചിക്കപ്പെട്ടു എന്നതല്ല, വഞ്ചിക്കപ്പെട്ടതായി അയാള്‍ക്കു തോന്നിയടത്താണ് സിനിമയുടെ പിരിമുറുക്കം മുഴുവന്‍. തികഞ്ഞ കാല്പനിക നായകന്റെ സ്വഭാവമാണിത്. അയാളുടെ അടുത്ത കൂട്ടുകാരന് സണ്ണി സ്വവര്‍ഗപ്രണയിയാണെന്നും അയാള്‍ വഞ്ചിക്കാന്‍ പോവുകയാണെന്നുമുള്ള വിവരം ശരത്തിനു നല്‍കുന്നത് ജിത്തു എന്നൊരാളാണ്. വിചിത്രമാണ് ഈ കഥാപാത്രസൃഷ്ടി. 10 കോടി രൂപയ്ക്ക് ഒരു സോഫ്റ്റ് വെയര്‍ കടത്താന്‍ പോകുന്ന സണ്ണി സ്വന്തം കൂട്ടുകാരന്റെ മെയില്‍ അഡ്രസ്സ് ഹാക്ക് ചെയ്തെടുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചത് ഈ കഥാപാത്രത്തോടാണ്. ഈ വില്‍പ്പന സണ്ണിയ്ക്ക് വിദേശയാത്രയ്ക്കുള്ള പണം സ്വരൂപിക്കാനുമാണത്രേ. (പണം ഉണ്ടാക്കാന്‍ പോകാന്‍ പണം !) എന്നിട്ടോ പാസ്സ് വേഡ് ഹാക്ക് ചെയ്യാന്‍ സഹായിച്ച ആളു തന്നെ ശരത്തിനു വിവരം നല്കുന്നു. തീര്‍ത്തും യുക്തിപരമല്ലാത്ത നാടകമാണ് ഈ കഥയ്ക് പിന്നിലുള്ളത്. പാസ് വേഡ് ഹാക്കിംഗ് ‘സുഹൃത്തിന്റെ വഞ്ചന’ എന്ന കല്‍പ്പനയ്ക്ക് ആക്കം കൂട്ടാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഫലത്തില്‍ സണ്ണി ആരെയും ചതിക്കുന്നില്ല. എന്നാല്‍ ശരത്താവട്ടേ സണ്ണിയെ ചതിക്കുകയും ചെയ്യുന്നു. ആ നിലയ്ക്ക് അയാളുടെ ജോലി പോകുന്നു. സണ്ണി ഗേയാണെന്ന വിവരം നെഗറ്റീവായൊരു പരിപ്രേക്ഷ്യത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതൊരു വിശ്വാസതകര്‍ച്ചയുടെ ഭാഗമാണ്. കളിച്ചു നടന്ന കാലത്തൊന്നും ശരത്ത് അറിയാതിരുന്ന ഇക്കാര്യം അമേരിക്കയില്‍ പോയി വരുമ്പോള്‍ മാത്രം - അതും ജിത്തു വഴി- അറിയാന്‍ ഇടയാകുന്ന സാഹചര്യം നേരത്തേ വിവരിച്ച പ്രായപൂര്‍ത്തിയുമായി ബന്ധപ്പെട്ട സംഗതിയല്ലേ എന്ന് ന്യായമായും സംശയിക്കാം. സിനിമ മൊത്തം ശരത്തിന്റെ ദിവാസ്വപ്നവും അമേരിക്കയില്‍ തന്നെ കഴിഞ്ഞുകൂടാനായി അയാളുടെ സര്‍ഗാത്മകഭാവന മെനഞ്ഞ കഥയുമാണെന്ന് വാദിച്ചാല്‍ പോലും അതിലൊരു വലിയ ശരിയുണ്ട്. അജ്ഞാതവാസത്തിലായിരിക്കുന്ന (പ്രവാസത്തിലായിരിക്കുന്ന) ശരത്തിന്റെ പുസ്തകം സിനിമയുടെ അവസാനം കൂട്ടുകാരെ തേടി വരുന്നത് ആ നിലയ്ക്ക് കുറച്ച് ആലോചിക്കാന്‍ വക നല്‍കുന്നുണ്ട്.
പ്രകൃതിജീവനവും പണത്തിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമികയും ഋതുവിന്റെ പശ്ചാത്തലമാണ്. അതിവേഗം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന പുതിയ തൊഴില്‍ മേഖലകളെ പരമ്പരാഗത തൊഴില്‍ മേഖലയിലുള്ളവര്‍ നോക്കിക്കാണുന്ന രീതിയില്‍ വന്നുഭവിച്ചിരിക്കുന്ന സംഘര്‍ഷം മലയാള സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും ആവിഷ്കരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മിന്നാമിന്നിക്കൂട്ടം, ഭ്രമരം തുടങ്ങിയവ സമീപകാല ഉദാഹരണങ്ങള്‍. പക്ഷേ ഇവിടങ്ങളിലൊക്കെ പ്രകടമായ പക്ഷപാതിത്വം സന്നിഹിതമാണെന്നതാണ് ഒരു ദോഷം. ദാരിദ്ര്യത്തെ യാഥാര്‍ത്ഥ്യം എന്ന നിലയ്ക്കല്ല, മറിച്ച് കാല്‍പ്പനികമായ ശബളിമയോടെയാണ് ഏറിയ കൂറും നമ്മുടെ സിനിമകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് (ബോധപൂര്‍വമല്ലെങ്കില്‍ കൂടി) നിശ്ചലമായ തടാകം പ്രലോഭനീയമായ സ്ഥലമാകുന്നതും, ക്യുബിക്കിള്‍ വിട്ടോടി പോകേണ്ട ഒരിടമാണെന്ന മട്ടില്‍ നിറയുന്നതും. ഐ ടി കമ്പനിയുടമ സെറീനയും അവരുടെ വിധേയനായ ഭര്‍ത്താവ് ബാലുവും തമ്മിലുള്ള സംഘര്‍ഷം ഫലത്തില്‍ ആശയതലത്തിലുള്ള മേല്‍പ്പറഞ്ഞ വൈരുദ്ധ്യത്തിന്റെ വ്യക്തിഗത രൂപാന്തരണമാണ്. പഴയ സിനിമകളില്‍ നിശ്ശബ്ദഭാര്യമാര് അനുഷ്ഠിച്ചിരുന്ന ദൌത്യം പുതിയ കുടുംബത്തില്‍ ഭര്‍ത്താവിലേയ്ക്ക് വച്ചു മാറ്റുന്നു എന്ന വ്യത്യാസം മാത്രമാണ് ഈ സിനിമ ചെയ്തത്. ബാലു ഒരു വാര്‍പ്പ് മാതൃകയാണ്. അയാളെ ഫിലോസഫര്‍ എന്നൊക്കെയാണ് സെറീന പരിചയപ്പെടുത്തുന്നത്. കുട്ടികള്‍ വേണമെന്നും ഇപ്പോള്‍ നയിക്കുന്നത് ഒരു ജീവിതമല്ലെന്നും മാത്രം നിരാശനായി ഉരുവിടുന്നതല്ലാതെ മറ്റൊരു ഫിലോസഫിയും ബാലുവില്‍ നിന്ന് പുറപ്പെട്ടു കാണുന്നില്ല. ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ രാഷ്ട്രീയം മാറിയ കാലത്തിന്റെ ഋതുവാണ്. ആലോചിച്ചാല്‍ അയാളെ ഫിലോസഫറായി അവതരിപ്പിക്കുന്നത് വ്യക്തമായൊരു പക്ഷപാതമാണ്. ചലച്ചിത്രകാരന്റെ. കുറ്റബോധത്തിനു വഴങ്ങി, ശരത്തിന്റെ കൂട്ടുകാരായ വര്‍ഷയും സണ്ണിയും എത്തിച്ചേരുന്ന ഇടങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഇവര്‍ക്ക് കുറ്റബോധമുണ്ടാവേണ്ടതിന് അടിസ്ഥാനമൊന്നും സിനിമ പറഞ്ഞു വയ്ക്കുന്നില്ല. അപ്പോള്‍ ഇവര്‍ വന്നുപ്പെട്ടിരിക്കുന്ന പരിണതി രചയിതാവും സംവിധായകനും ചേര്‍ന്ന് നല്കിയ ശിക്ഷയാവാനേ തരമുള്ളൂ. എന്നു വച്ചാല്‍ പരാജയപ്പെട്ട് തറപറ്റുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കണം എന്നു വച്ച് സിനിമയ്ക്കു മേല്‍ കെട്ടി ഏല്‍പ്പിച്ചിരിക്കുന്ന സദാചാരപാഠം.
പ്രാഞ്ചി എന്ന തടിയനും ഏറെക്കുറെ നിശ്ശബ്ദനുമായ കഥാപാത്രത്തിലൂടെ ഐ ടി പാര്‍ക്കുകള്‍ക്കു വേണ്ടി കുടിയിറക്കപ്പെട്ടവരുടെ കാലികാവസ്ഥയും സിനിമയില്‍ ഇടം നേടിയിട്ടുണ്ട്. പ്രാഞ്ചി നിരന്തരം അവഹേളിക്കപ്പെടുന്ന ആളാണ്. മാറിയ കാലത്തിന്റെ പുതിയ ഇരകളാണ് പ്രാഞ്ചിയെപ്പോലുള്ളവര്. വീടിരുന്ന സ്ഥലത്തെക്കുറിച്ചുള്ള പ്രാഞ്ചിയുടെ നൊസ്റ്റാള്‍ജിയ തീവ്രമായ വൈകാരികതയോടെ സിനിമയില്‍ ഒരിടത്ത് അവതരിപ്പിക്കപ്പെടുന്നു. ശരത്തിന്റെ നൊസ്റ്റാള്‍ജിയയ്ക്ക് പരഭാഗശോഭനല്കുന്ന ഒന്നാണിത്. ഈ സൈസ് നാടകങ്ങളുടെ നിറക്കൂട്ടാണ് ഋതുവിനെ സാമ്പ്രദായികരീതിയില്‍ നിന്ന് അല്പം പോലും പൊലിപ്പിക്കാതെ കുറ്റിയില്‍ കെട്ടിയിടുന്നത്. വിപ്ലവാവേശത്തിന്റെ പരാജയപ്പെട്ട ഭൂതകാലമാണ് മന്ദ്രസ്ഥായിയിലുള്ള മറ്റൊരു പശ്ചാത്തലം. അവര്‍ തോറ്റവരല്ല. തോറ്റു കൊടുത്തവരാണെന്ന് സിനിമയില്‍ ഒരു വാചകമുണ്ട്. ശരത്ത് വര്‍മ്മയുടെ അച്ഛന് രാമവര്‍മ്മ, ജ്യേഷ്ഠന് ഹരി വര്‍മ്മ എന്നിവരെക്കുറിച്ചാണ് ഈ പരാമര്‍ശം. ആദര്‍ശാത്മകമായ ഭൂതകാലത്തിന്റെ ഓര്‍മ്മയാണ് ഈ കഥാപാത്രങ്ങള്‍. പക്ഷേ വൈരുദ്ധ്യങ്ങള്‍ ഇവിടെയുമുണ്ട്. മകനെ അവനു താത്പര്യമുള്ള സാഹിത്യം പഠിക്കാന്‍ വിടാതെ ഐ ടിയിലേയ്ക്ക് പറഞ്ഞു വിട്ട ആളാണ് ‘തോറ്റു കൊടുത്തു’ എന്നു പറയുന്ന അച്ഛന്. അനുജനെ അവനിഷ്ടമില്ലാത്ത ഐടി മേഖലയിലേയ്ക്ക് പഠിക്കാന്‍ വിട്ട് അമേരിക്കയിലേയ്ക്ക് കയറ്റി അയച്ചതിനെ ശക്തമായ ഭാഷയില്‍ ഒരിക്കല്‍ കുടുമബസദസ്സില് എതിര്‍ക്കുന്ന പരാജിതനും വിഷാദവാനുമായ ജ്യേഷ്ഠന് ഒരിക്കല്‍ അനുജനെ കാണാന്‍ വരുന്നത് അവന്റെ പുസ്തകം ഇംഗ്ലീഷ് പ്രസാധകര് തെരെഞ്ഞെടുത്ത സന്തോഷ വര്‍ത്തമാനം അറിയിക്കാനാണ്. അക്കാര്യത്തില്‍ അയാള്‍ക്കുള്ള അതിരു കവിഞ്ഞ സന്തോഷം നാം സിനിമയില്‍ കാണുന്നുണ്ട്. വലിയ വിലയ്ക്കാണ് പ്രസാധകര് - ഇംഗ്ലീഷ് പ്രസാധകര്- ശരത്തിന്റെ കന്നി നോവല്‍ ഏറ്റെടുക്കുന്നതത്രേ. മൂന്നാലോകവാസിയുടെ സര്‍ഗാത്മകശേഷി പോലും വെള്ളക്കാരന്റെ തലോടലേറ്റാല്‍ മാത്രമേ പുഷ്കലമാവുകയും സാഫല്യമടയുകയും ചെയ്യുകയുള്ളൂ എന്നൊരര്‍ത്ഥം ഇവിടെ വന്നു ഭവിക്കുന്നുണ്ട്. വിദേശപ്രസാധകര്ക്ക് രുചിക്കുന്ന ഒരു കൃതി എഴുതാന്‍ ശരത്തിനു കഴിഞ്ഞതില്‍ വസന്തത്തിനു കാതോര്‍ത്ത ഒരു വിപ്ലവസമൂഹത്തിലെ അംഗമായിരുന്ന വ്യക്തി എന്ന നിലയില്‍ അയാള്‍ക്ക് സന്തോഷം ഉണ്ടാവാന്‍ പാടില്ലാത്തതാണ്. കാരണം തീര്‍ച്ചയായും ആ തെരെഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുക കമ്പോളയുക്തിയാണെന്ന് മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ക്ക് കഴിയേണ്ടതല്ലേ? അനുജനോടുള്ള സ്നേഹമാണ് പ്രവര്‍ത്തിക്കുന്നതെന്നു വന്നാലും (അച്ഛന് മരിക്കുമ്പോള്‍ കണ്ണീരില്ലാതെ നിസ്സംഗനാവുന്നതരം ഭാവം രവിവര്‍മ്മ അനുഭവങ്ങളില്‍ നിന്ന് നേടിയെടുത്തിട്ടുണ്ട്) മുതലാളിത്തത്തിനും കമ്പോളത്തിനുമായി അവന് ഉണ്ടെന്നു പറയപ്പെടുന്ന രചനാശേഷി വിലയിട്ട് പങ്കിട്ടു പോകുന്നതില്‍ അയാള്‍ക്ക് ഉള്ളിന്റെ ഉള്ളിലെങ്കിലും വേവലാതി ഉണ്ടാവേണ്ടതല്ലേ? കമ്പോളത്തിനു പ്രിയതരമാവുന്ന സര്‍ഗാത്മകതയാണ് അവനുള്ളതെന്ന് അറിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് വിഷമം ഉണ്ടാവേണ്ടതല്ലേ, താത്ത്വികമായെങ്കിലും ? പുറംപൂച്ച് എന്തായാലും പ്രത്യയശാസ്ത്രപരമായി ആഴം കുറഞ്ഞവരാണീ കഥാപാത്രങ്ങള്‍ എന്നുള്ളതാണ് സത്യം. ശരത്ത് വര്‍മ്മയുടെ നായകത്വമാണ് സിനിമയുടെ കാതല്‍ എന്നു വരുമ്പോള്‍ അയാള്‍ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങള്‍ക്ക് സ്വാഭാവികമായും ആഴം കുറയും. ചുറ്റും നില്ക്കുന്നവരുടെ കുറഞ്ഞ ആഴമാണ് നായകനു, നായകത്വ പരിവേഷം നല്‍കുന്നത്. തിരക്കഥാ രചനയുടെ സിമ്പിളായ ലോജിക് അതാണ്.
പോര്‍ച്ചുഗീസ് എഴുത്തുകാരന് പെസ്സോവയുടെ ‘ഒരു മനുഷ്യന്റെ ഉള്ളില്‍ തന്നെയുള്ള പല മനുഷ്യര്‍’ എന്ന വാചകത്തെ സിനിമ ദൃശ്യതലത്തില്‍ വിവര്‍ത്തനം ചെയ്യുകയായിരുന്നെന്നും പ്രധാനകഥാപാത്രങ്ങളുടെ പേരുകളിലെ കാലാവസ്ഥാസൂചനയിലും തമ്മില്‍ച്ചേരാത്ത പല ഋതുക്കളുടെ സമാഹാരമായി മനുഷ്യനെ നോക്കിക്കാണാനുള്ള ശ്രമമുണ്ടെന്നും വാദമുണ്ട്. എന്നാല്‍ എഴുത്തിന്റെയും കലാസൃഷ്ടിയുടെയും പിന്നിലുള്ള ദിശാരാഹിത്യത്തെയും ധര്‍മ്മസങ്കടങ്ങളുടെ വെളിവാകലിനെയും കുറിച്ചാലോചിച്ചുകൊണ്ടാണ് നാം ഫെഡെറിക് ജെയിംസണുമായി ചായുന്നത്. ശിഥിലമായ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് കടത്തിവിടേണ്ടി വരുന്നതുകൊണ്ട് സ്വത്വം, കണ്ണാടിച്ചില്ലുകളിലെ പ്രതിബിംബങ്ങള്‍ കണക്കെ വികേന്ദ്രീകൃതമാവുന്ന ഉത്തരാധുനികകാലത്തിന്റെ നൊസ്സുകളെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ്, പിന്നെയും ‘ഋതു’വിലെ പ്രധാനകഥാപാത്രം അനുഭവിക്കുന്ന പ്രവാസിത, നൊസ്റ്റാള്‍ജിയ, ദിവാസ്വപ്നം തുടങ്ങിയവ നാളിതുവരെ നാം പരിചയിച്ചുപോന്ന നിത്യവ്യസനങ്ങളുടെ അതിരു താണ്ടി കുതിക്കുന്ന പുത്തന്‍ അന്തര്വാഹിനികളൊന്നുമല്ലല്ലോ പഴയ പക്ഷപാതങ്ങളുടെ കോലങ്ങള്‍ പുതിയ കുപ്പായമിട്ട് തുള്ളിക്കളിക്കുക മാത്രമല്ലേ എന്നും പറഞ്ഞ് മനസ്സിന്റെ കോലായയില്‍ നിന്നാരോ വന്ന് പുസ്തകം അടച്ചു വയ്പ്പിക്കുന്നത്.
Labels:
സിനിമ
Subscribe to:
Post Comments (Atom)
30 comments:
കഥയും കഥാപാത്രങ്ങളും മാത്രമേ ഇവിടെ വിഷയമായത്.പുതുമുഖങ്ങള്‍ അത് അവതരിപ്പിച്ചതിനെ കുറിച്ച് പരാമര്‍ശിക്കാമായിരുന്നു .ഏടുത്തു പറയാന്‍ ഒന്നുമില്ലെങ്കിലും.
ശ്യാമപ്രസാദ് മലയാളത്തിലെ സഞ്ജയ് ലീല ബൻസാലി ആണെന്ന് തോന്നിയിട്ടുണ്ട്. കാമ്പുള്ള അല്ലെങ്കിൽ അങ്ങനെ തോന്നിക്കുന്ന പ്രമേയങ്ങൾ. ദൃശ്യഭംഗി മുറ്റി നിൽക്കുന്ന ചിത്രീകരണം. വലിയ തെറ്റില്ലാത്ത തിരക്കഥ. പക്ഷേ ആകെ മൊത്തം കലാമൂല്യം ശൂന്യം.
പക്ഷേ കാണുന്നവർക്ക് ഒറ്റനോട്ടത്തിൽ എന്തോ വലിയ സംഭവം ആണെന്ന് തോന്നും. ഇത്തരം സിനിമകൾ എന്തോ വലിയ സംഭവം ആണെന്ന് അങ്ങ് ധരിച്ചു കളയും.
"ബാംഗ്ലൂരില്‍ ആരാണുള്ളത് നിന്നെ തൊടാത്തതായി എന്ന് അയാള്‍ ചോദിക്കുന്നുമുണ്ട്." - ഇങ്ങിനെയാണോ ചോദ്യം? “ബാംഗ്ലൂരില്‍ നിന്നോടു ഡേറ്റ് ചെയ്യാത്തതായി ഇനിയാരാണുള്ളത്? ഇവിടെയുമുണ്ടായിരുന്നല്ലോ ചില ഹൈഡ് & സീക്ക് ഏര്‍പ്പാടുകള്‍!” എന്നല്ലേ? ഡേറ്റിംഗ് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മാറ്റുന്നു ഇവിടെ. നീയുമായി വേഴ്ച നടത്താത്ത ആരാണെന്ന് നേരിട്ടു ചോദിക്കുവാന്‍ നായകനപ്പോഴും ധൈര്യമില്ല! (അവനങ്ങിനെ മനസിലാക്കിയുമില്ലേ എന്നും സംശയിക്കാം!) തുടര്‍ന്ന് ആ പാരഗ്രാഫിലുള്ളത് പ്രസക്തമായ ചോദ്യങ്ങള്‍ തന്നെ. ശരത്ത് എന്ന കഥാപാത്രത്തെ രൂപപ്പെടുത്തുന്നതില്‍ ഇനിയുമേറെ ശ്രദ്ധിക്കേണ്ടിയിരുന്നു.
ഹാക്കിന്റെ കാര്യം, രസമതൊന്നുമല്ല. ശരത്തിന്റെ ഐഡി നല്കി, കുറേ പാസ്വേഡ് ട്രൈ ചെയ്യുന്നു, ഒന്നു ശരിയാവുന്നു. ഇവിടെ എന്താണോ ജിത്തുവിന്റെ സഹായം. ജിത്തുവിന് ശരത്തുമായുള്ള അടുപ്പം വളരെ വ്യക്തമാണ്. പിന്നെ സണ്ണി ഇത്തരമൊരു പരിപാടിക്കു പോവുന്ന വിവരം ജിത്തുവിനോടു പറയുമോ? ശരത്തറിഞ്ഞാലും കുഴപ്പമില്ല (അല്ലെങ്കില്‍ ശരത്ത് ഒറ്റികൊടുക്കില്ല) എന്നാവണം സണ്ണിയുടെ വിചാരം. വിവാഹത്തിനു തയ്യാറെടുക്കുന്ന വര്‍ഷയും അങ്ങിനെയെന്തോ ശരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു. ശരത്തില്ലാതിരുന്ന മൂന്നു വര്‍ഷത്തെ തന്റെ ജീവിതം അവനെ അറിയിക്കാതിരിക്കുക, പഴയതുപോലെ അവനോടൊത്തു ജീവിക്കുക. രണ്ടു പേരുടേയും മനസില്‍ വഞ്ചനയില്ലേ?
“...പരിണതി രചയിതാവും സംവിധായകനും ചേര്‍ന്ന് നല്കിയ ശിക്ഷയാവാനേ തരമുള്ളൂ. ” - :-) സണ്ണിക്ക് ശിക്ഷ നല്‍കിയിട്ടുണ്ടോ? എങ്ങിനെയെന്നു പറഞ്ഞിട്ടില്ലെങ്കിലും, ഒടുവില്‍ പുള്ളിയുടെ ആഗ്രഹം പോലെ പുറത്തേക്കൊരു വിസ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ടല്ലോ തിരക്കഥാകൃത്ത്. മൂന്നു വര്‍ഷത്തിനു ശേഷം കാണിച്ചത് മുഴുവന്‍ ഒരു തമാശയായാണ് എനിക്കു തോന്നുന്നത്. ആരോ കാണുന്ന നടക്കാത്ത സ്വപ്നം! (ഐ.ടി. കമ്പനിയില്‍ ഇത്രയും വലിയൊരു തരികിട നടത്തിയ ആളെ ഇന്‍ഡസ്ട്രിയില്‍ വെച്ചുപൊറുപ്പിക്കുമോ?)
--
വെള്ളെഴുത്തേ,
സിനിമ കണ്ടില്ല.ചെന്നൈയിൽ വന്നില്ല ഇതു വരെ.കണ്ടിട്ട് പറയാം.അവലോകനം വായിച്ചു .നന്നായിരിക്കുന്നു.
ആശംസകൾ
അപ്പോൾ കണ്ടേക്കാം....
കാല്വിനെ, നീ പറഞ്ഞത് ശരിയാണോ? ഒരുദാഹരണത്തിന്, ബന്‍സാലി ബച്ചനെ അഭിനയിപ്പിക്കുന്നതും , ശ്യാം രജതിനെ (അഗ്നിസാക്ഷി) ക്കൊണ്ട് ചെയ്യിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്, രജത്തിന്റെ പെര്‍ഫോര്‍മന്‍സ് മലയാളത്തിലെ ടോപ് 10-ലൊന്നല്ലേ? (ബച്ചന്റെ അവിനയം കണ്ടാല്‍ ..ഹോ! ബ്ലാക്കോളം വരുമോ ബ്ലാക്കൌട്ട് എന്ന് ഗോപികൃഷ്ണന് കാര്‍ട്ടൂണ്‍ ,തന്മാത്രയും ബ്ലാക്കും ആയിരുന്നു ഫൈനല്‍, @national awards )അതിന്റെ ക്രെഡിറ്റ് കൊടുത്തൂടെ ? . മീര (ഒരേ കടല്‍) മറ്റൊരു ഉദാഹരണം.
ഒരേ കടല്‍ അത്ര മോശം ചിത്രവുമല്ല. "കൂ കൂ തീവണ്ടി" (wtf??)വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി ഇതിന്റെ നിലവാരം, ഞാന്‍ ആ വഴിക്കില്ല! IT ലോകത്തിന്റെ നേര്‍ക്കാഴ്ച എന്ന് പറഞ്ഞു പടച്ചു വിടുന്ന മറ്റൊരു ക്ലീഷെ ചവറു ആണിതെന്നാ എന്റെ തോന്നല്‍. പക്ഷെ ശ്യാമപ്രസാദ് ചിത്രങ്ങള്‍ മൊത്തം തറയല്ല, മലയാളത്തിലെ ചവറു സിനിമകള്‍ക്കിടയില്‍ അവ വേറിട്ട് തന്നെ നില്ക്കുന്നു. ഒരു ആശ്വാസമെങ്കിലും തരുന്നു.
IT ലോകത്തിന്റെ നേര്‍ക്കാഴ്ച എന്ന് പറഞ്ഞു പടച്ചു വിടുന്ന മറ്റൊരു ക്ലീഷെ ചവറു ആണിതെന്നാ എന്റെ തോന്നല്‍.
മേലേതിലിന്റെത് പ്രസക്തമായ ഒരു പോയിന്റ് തന്നെ. സ്പെഷ്യലൈസേഷന് മലയാള -ഇന്ത്യന്‍?-സിനിമയ്ക്ക് പറഞ്ഞിട്ടുള്ളതല്ല. ഏത് ഫീല്‍ഡിനെക്കുറിച്ച് സിനിമയെടുത്താലും, കദയെ നിലവിലുള്ള ഫ്രെയിമിലേക്ക് ഒതുക്കുന്നതാണ് ഇവിടത്തെ രീതി. അകത്ത് ക്ലീഷെയും പുറത്ത് ‘പുതുമ‘യും! അതാത് ഫീല്‍ഡിലെ പ്രഗത്ഭരുടെ ഉപദേശം ഒന്നും തേടാതെ തിരക്കഥയൊക്കെ രചിക്കുന്നതുകൊണ്ടായിരിക്കാം അത്. ഇങ്ങനെയായതു കൊണ്ട് ഒരു ഗുണമുണ്ട്. ഏത് ഫീല്‍ഡിനെക്കുറിച്ചും നാം സിനിമയെടുക്കും. :)
-പടം കാണാത്തൊരനോണി-
ശ്യാമപ്റസാദിണ്റ്റെ റിതു നല്ല ഒരു നിരൂപണം നടത്തിയിരിക്കുകയാണു വെള്ളെഴുത്ത് മറ്റു ആനുകലികങ്ങളില്‍ ഈ നിലവാരമുള്ള ഒരു നിരൂപണം കാണാന്‍ ഇടയില്ല വെള്ളെഴുത്തിണ്റ്റെ പല ഒബ്സര്വേഷനുകൌം എനിക്കും ശരിയായി തോന്നി അതിനാല്‍ ഈ ചറ്ച്ചയില് ഞാനും പങ്കെടുക്കാന്‍ തീരുമാനിച്ചു ശ്യാമ പ്റസാദിണ്റ്റെ പടങ്ങള്‍ ഞാന്‍ ടീവീയില്‍ ആണു കണ്ടു വ്ന്നിരുന്നത് എന്നാല്‍ ഒരു ഫിലിമോത്സവത്തില്‍ അകകെ കണ്ടു നിറഞ്ഞ തിയേറ്ററ് നില്ക്കുന്ന ആളുകള്‍ നിലക്കാത്ത കയ്യടി അപ്പോള്‍ ശ്യാമ പ്റസാദ് പറഞ്ഞു ഇത്റ വലിയ ഒരു ജനക്കൂട്ടം ഈ സിനിമ ഇപ്പോള്‍ പ്റദറ്ശിപ്പിച്ചു വരുന്ന കൈരളി ശ്റീയുടെ മുന്നില്‍ ആയിരുന്നെങ്കില്‍ എന്ന്നു ഞാന്‍ കൊതിച്ചു പോകുന്നു അതു കേട്ടപ്പോള്‍ എനിക്കു ഒരു കുറ്റബോധം തോന്നി പിന്നെ ബാക്കി പടങ്ങള്‍ ഒരേ കടല്‍ (ഈ ബംഗാളി നോവന്‍ ഞാന്‍ നേരത്തെ വായിച്ചിരുന്നു സിനിമ നോവലിണ്റ്റെ അടുത്തു വരില്ല മമ്മൂട്ടിക്കു വേണ്ടി കുറെ മാറ്റുകയും ചെയ്തു അങ്ങിനെ റിതു ഫാസ്റ്റ് ഡേ ഫാസ്റ്റ് ഷോ ഞാന്‍ കണ്ടു
ശ്യാമപ്റസാദിണ്റ്റെ മുന്‍ സിനിമകള്‍ക്കെല്ലം സോളിഡ് ആയ കഥ അല്ലെങ്കില്‍ സാഹിത്യകാരന് ഉണ്ടായിരുന്നു ഇതു ജോഷ്വാ ന്യൂട്ടണ്‍ ആളു പുതിയ ആളാണു കഥ എഴുതി പരിചയമില്ല ശ്യാമപ്റസാദിനും ഐ ടീ ഫീല്‍ഡുമായി വലിയ ബന്ധം ഇല്ല തുറന്നു പറഞ്ഞാല്‍ ഐ ടീ ലേബല്‍ അല്ലാതെ ഐ ടീയും ഈ പടവുമായി യാതൊരു ബന്ധവുമില്ല, പഴയ പടങ്ങളുടെ നില്വരാം ഇതിനില്ല താനും പക്ഷെ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ മലയാളത്തിനു നല്ല മൂന്നു താരങ്ങളെ തന്നപോലെ ഈ മൂന്നു താരങ്ങളും കൊള്ളാം ഭാവി ഉണ്ട് റീമ കല്ലിങ്ങല്‍ അടുത്ത മീരാ ജാസ്മിന് ആയേക്കാം
ആകെ കുറെ ഡ്രീം വീവറിണ്റ്റെ പേജുകള്‍ കാണിക്കുന്നതല്ലാതെ ബാങ്കിംഗ് സോഫ്റ്റ്വെയറ് ഉണ്ടാക്കുന്ന ഒരു സീരിയസ്നെസ്സും അവിടെ ഇല്ല പലപ്പോഴും അവരെല്ലാം വായി നോക്കി ക്യുബിക്കിളില്‍ ഇരിക്കുന്നതാണു കാണുന്നത്, ബാങ്കിംഗ് സോഫ്റ്റ്വെയറ് ഈ മെയിലിലൂടെ അപ് ലോഡ് ചെയ്യുന്നു അതും മെയില്‍ പാസ് വേഡ് കാക് ചെയ്ത് നായകനെ സംശയിപ്പിക്കാന്‍ ഇതൊക്കെ വെറും ബാലിശം ആയി എന്നേ പറയാനുള്ളു ശ്യാമപ്റസാദിനെ ന്യൂട്ടണ്‍ പറ്റിച്ചു ന്യൂട്ടണ്‍ വല്ല ഓറ്ക്കൂട്ടില് നിന്നും ഉള്ള ഐഡിയാ അയിരിക്കാം അീ ടീ ഫീല്‍ഡില്‍ ഉള്ളവറ് ഇതു കേട്ടു ചിരിക്കും ഇന്‍ഫോസിസില്‍ ഒക്കെ വറ്ക്കു ചെയ്തു വന്നവരാണു വറ്ഷയും സണ്ണിയും ഒരു മെയിലിലൂടെ സോഫ്റ്റ് വെയറ് കയറ്റി വിടും പോലും ഹ ഹ വെള്ളെഴുത്തു പറഞ്ഞത് ശരിയാണു ഈ മുടി നീട്ടി വളറ്ത്തിയ കഥാപാത്റം അവലക്ഷണമായ പാത്റ സ്റ്ഷ്ടി ആണു, അതുപോലെ ആ തൂപ്പുകാരനെ വെറുതെ പ്റൊപ്പഗന്ഡക്കു ഉപയോഗിക്കാമെന്നല്ലാതെ അയാള്‍ വല്ലാതെ ഒരു ന്യൂയിസന്സാണു കഥക്കു ഈ കഥാപാത്റം വരുന്ന മൊത്തം സീനും കൂ കൂ കൂ തീവണ്ടി എന്ന പാട്ടും കട്ടു ചെയ്യാതെ ഇതു ഒരു അവാറ്ഡ് സ്ക്റീനിങ്ങിനും അയക്കരുതെന്നു ശ്യാമപ്റസാദിനോടു അഭ്യറ്ഥിക്കുന്നു വല്ലാത് ബോറാണു ഈ കഥാപാത്റം അവന് വരുന്ന സംഭവങ്ങള്‍ അവനു വേണ്ടി ബോസിനോടു വാദിക്കുന്ന ശരത് , അവനെ ആരോ തല്ലി അവറ് കേബിള്‍ മോഷ്ടിക്കാന്‍ വന്നവരായിരുന്നു ഇതൊക്കെ വളരേ വളരെ ബാലിശം ആയിപ്പോയി , ന്യൂട്ടണു ടെക്നോപാറ്‍ക്കില്‍ ജോലി ഉള്ള അരോടെങ്കിലും ഒക്കെ ഒന്നു ഇണ്റ്ററാക്ടു ചെയ്യാമായിരുന്നു ശ്യാമപ്റസാദിനും
എം ജീ ശശി നന്നായി അഭിനയിച്ചു എന്നു പറയാതെ വയ്യ പക്ഷെ ആ കഥാപാത്റത്തിനു പ്റൊപ്പഗന്ഡ സ്വഭാവം ഉണ്ടു ഇന്നത്തെ മാറ്ക്സിസ്റ്റ് പാറ്ട്ടിയെ ഒന്നു കുത്താന്‍ അല്ലെങ്കില്‍ യാഥ്ഹാസ്തിതിക പഴയ ശാസത്റസാഹിത്യ പരിഷത്ത് ഗ്രൂപ്പുകാരെ ഒന്നു പൊക്കി കാണിക്കാന്‍ ആണു പലപ്പോഴും ഡയലോഗുകള്‍ ഉപയോഗിച്ചിരിക്കുന്നത്, പല ഡയലോഗുകള്‍ തമ്മിലും കോണ്ട്റഡിക്ഷന് ഉണ്ട് താനും
സണ്ണി ഒരു ഗേ ആണെന്നു പറയുന്നതില്‍ ഒരു കാര്യവുമില്ല ഒരു പക്ഷെ ഗേ എന്തോ കുറ്റകരമായ സംഭവമ്മ് ആണെന്നു ശ്യാമപ്റസാദിനോ ന്യൂട്ടണോ മനസ്സില്‍ ഉണ്ടയിരിക്കാം സണ്ണി ഗേ ആണെങ്കില്‍ ശരത് അറിയാതെ വരില്ലല്ലോ പ്റത്യേകിച്ചും അവറ് മൂന്നുപേരും ഇണ്റ്റിമേറ്റായി തടകക്കരയില്‍ പല തവണ കഴിഞ്ഞ നിമിഷങ്ങളില്‍
സണ്ണി ഗേ ആയാലും അല്ലെങ്കിലും അതു കഥയെ ബാധിക്കുന്നില്ല വറ്ഷ സണ്ണിയുമായല്ല ബന്ധ പെടുന്നത്, സണ്ണി തന്നെ മദ്യപിച്ചു പറയുന്നുണ്ടല്ലോ അവള് ബാംഗളൂരില്‍ കാണിക്കാത്തതായി ആരുമില്ല എന്നു
പിന്നെ അതു അവസാനം ശരത് റിപ്പീറ്റു ചെയ്യുന്നതില്‍ അറ്ഥമേ ഇല്ലല്ലോ അമേരിക്കയില്‍ പോയ ശരത്തും ബംഗ്ളൂരില്‍ ഇന്‍ഫോസിസില്‍ ആയിരുന്ന സണ്ണിയും തമ്മില്‍ ഒരു ഈ മെയില്‍ പോലും അയക്കാതെ വരില്ലല്ലോ സ്വാഭാവികമായും സണ്ണി അവളെ പറ്റി പറയേണ്ടതല്ലേ? ഇതൊക്കെ കഥക്റ്ത്തിണ്റ്റെ പഠിപ്പു തികയാത്ത കുറ്റം ആണെന്നെ പറയാന്‍ പറ്റു
പക്ഷെ ഈ പടം ബോറല്ല ഞാന്‍ ഭ്റമരം ഡഡി കൂള്‍ നാടോടികള്‍ എന്നീ പടങ്ങള്‍ കണ്ട ശേഷം ആണിതു കാണുന്നത് നാടോടികള്‍ എത്റ റിയൈസ്റ്റിക് ആണു റിതു പക്ഷെ ഗ്ളോസ്സി ആണു ഭ്റമരം പോലെ ബോറല്ല ഒരു ഫ്രഷ്നെസ് ഉണ്ട്
ശരതിണ്റ്റെ ബോസും ഭറ്ത്താവും നാലഞ്ച്ചു പ്റാവശ്യം ഒരേ കാരയ്ത്തിനേ വഴക്കു കൂടുന്നുള്ളു അവറ് പ്റസവിക്കാത്തതിനു
ഇവിടെയും പാത്റ സ്റ്ഷ്ടി പോര മറിച്ചു ഈ സ്ത്റീ സണ്ണിയുമായി അവിഹിതം പുലറ്ത്തുന്നു അങ്ങിനെ സണ്ണി ശരതിനെ മറി കടന്നു പ്റോജക്ട് ലീഡറ് ആകുന്നു , കൂ കൂ കൂ തീവണ്ടി പാടുന്ന രാത്റീ ആ ഫംക്ഷനില്‍ വച്ചു അതു അനോുണ്സ് ചെയ്യപ്പെടുന്നു ഇങ്ങിനെ കഥ മാറ്റി ഇരുന്നെങ്കില്‍ കുറെ കൂടി മെച്ചം എഫക്റ്റാകുമായിരുന്നു പക്ഷെ ആരുഷി അല്ലല്ലോ കഥ എഴുതുന്നത് ജോഷ്വ ന്യൂട്ടണ്‍ അല്ലേ
പക്ഷെ അനുഭവ സമ്പന്നനായ ശ്യാമപ്റസാദ് പ്റത്യേകിച്ചും മരണം ദുറ്ബലം ഒക്കെ സിനിമ ആക്കിയാ ആള് കഥ ഐ ടീ ഫീല്ഡായതിനാല് എല്ലം ന്യൂട്ടണ്‍ എഴുതിയപോലെ എന്നു വിചാരിച്ചോ?
ആദ്യ പകുതി വല്ലാതെ ഇഴയുന്നു എങ്ങോട്ടാണു കഥ പോകുന്നതെന്നു നഖം കടിച്ചു ഞാനിരുന്നു ഇണ്റ്ററ്‍ വെല്‍ വരെ വലിയ സുഖം തോന്നിയില്ല എന്നാല്‍ ശരതിണ്റ്റെ അഛണ്റ്റെ മരണം ചേട്ടന് അവനെ സാന്ത്വനിപ്പിക്കുന്ന സീന്‍, അവിടത്തെ ഡയലോഗുകള്‍ എം ജീ ശശി ആണു ഈ ചിത്റത്തിണ്റ്റെ ജീവന് എന്നു പറയാം ഉള്ളില്‍ തട്ടി അയാളുടെ വല്യേട്ടന് പ്റകടനം
എന്‍ഡിംഗ് ഒരു വിധം ഒപ്പിച്ചു നല്ല ഫോട്ടൊഗ്രാഫി ഇതു മഹത്തായ സ്റ്ഷ്ടിയല്ല എന്നല്‍ ഒരു ഫ്റഷ്നസ് ഉണ്ട് പുതിയ താരങ്ങളെ ഒന്നു പ്റോത്സാഹിപ്പിക്കു വെള്ളെഴുത്തിണ്റ്റെ എല്ലാ അഭിപ്റയവും തികച്ചും ശരിയാണു നന്നായി എഴുതിയിരിക്കുന്നു ശ്യാമപ്റസാഡ് ഇതു വായിക്കേണ്ടതാണു, പുറം ചൊറിയല്‍ നിരൂപണം അല്ല ഇതു കീപ് ഇറ്റ് വെള്ളെഴുത്ത്
കാമ്പുള്ള അല്ലെങ്കിൽ അങ്ങനെ തോന്നിക്കുന്ന പ്രമേയങ്ങൾ. ദൃശ്യഭംഗി മുറ്റി നിൽക്കുന്ന ചിത്രീകരണം. വലിയ തെറ്റില്ലാത്ത തിരക്കഥ. കാല്വിന്, കലാമൂല്യം എന്ന നിലയ്ക്ക് ഇത്രയും പോരേ? ഹരീ, ഏതാണ്ടതു പോലെ ഒരു ചോദ്യം എന്നേ ഉദ്ദേശിച്ചുള്ളൂ. അതു തിരുത്താം. ലക്ഷ്യം ഒന്നു തന്നെ. സണ്ണിയ്ക്ക് വിദേശത്ത് ജോലി ലഭിക്കുന്ന കാര്യം അത്ര ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും അന്ത്യഭാഗത്ത് സണ്ണിയും വര്‍ഷയും കണ്ടു മുട്ടുന്നിടത്തെ നിറവ്യത്യാസവും ശാന്തതയും ശരത്ത് വലിയ ശരിയാണെന്ന കാര്യത്തെ പ്രേക്ഷകര്‍ക്കിടയില്‍ ഉറപ്പിക്കാനുള്ള ശ്രമമാണെന്നതു വ്യക്തം. മേലെതില്‍, അനോനി.. ഓര്‍ക്കൂട്ടിലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കഫേ കോഫീഡേ, പിസാ ഹട്ടുകളിലും ഇന്‍ഫോപാര്‍ക്കിലും റ്റെക്നോ പാര്‍ക്കുകളിലും കയറി ഇറങ്ങി നടന്ന് ഗവേഷണം നടത്തിയിട്ടാണ് ‘ഋതു’ രചിച്ചതെന്ന് ജോഷ്വാ ന്യൂട്ടണ്‍ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു.
ജ്വാലാ, ആരുഷിയുടെ നിരൂപണത്തില്‍ എല്ലാം വന്നില്ലേ? പക്ഷേ ഇത്രയേറെ ടൈപ്പിംഗ് ഇറ റ് എഴുതിയതില്‍ എങ്ങനെ വരുന്നെന്ന് അറിയില്ല. വായിക്കുന്നതിനു പ്രയാസപ്പേടേണ്ടി വരുന്നു. ആരുഷി അതൊന്നു ശ്രദ്ധിക്കണം.
സത്യത്തിൽ ഞാൻ അത്ഭുതപെടുകയായിരുന്നു. ഒരേകാഴ്ചകൾ വ്യത്യസ്തമനസ്സുകൾ എത്രവ്യതിരിക്ത
മായാണ് ഉൾകൊള്ളുന്നത്.!! എന്റെ അഭിപ്രായത്തിൽ “ഋതു ഭേദകല്പന ഒട്ടും ചാരുതനൽകാത്ത
ഒരു സിനിമയാണ് “ഋതു”!
ദൃശ്യവസന്തത്തിന്റെ സാധ്യത തോന്നിക്കുന്ന ടൈറ്റിൽ,പുതിയമുഖങ്ങൾ,പുതിയതിരക്കഥാകൃത്ത്,
ബിഗ്സ്ക്രീനിൽ ഇനിയും പൊട്ടൻഷ്യൽ വെളിപെടുത്തിയിട്ടില്ലാത്ത സംവിധായകൻ(മിനിസ്ക്രീനിൽ
അദ്ദേഹത്തിന്റെ സംവിധാനപ്രതിഭ കണ്ട് കഴിഞ്ഞു.) ...നാളുകൾക്ക്
ശേഷം തിയ്യറ്ററിലേക്ക് ആകർഷിച്ച ഘടകങ്ങൾ ഇതൊക്കെയായിരുന്നു. പക്ഷെ s p-ന്റെ മുൻസിനിമകളെ
പോലെ‘ ഋതു’വുംനിരാശപെടുത്തിയെന്ന് പറയാതെ വയ്യ. കഥാപരിസരം അല്പം പുതുമയുള്ളതെങ്കിലും
അതീവദുർബലമായ കഥാതന്തു.ചിലയിടത്ത് അത് നൂറ്റൊന്നാവർത്തിച്ച ക്ഷീരബല തന്നെയാകുന്നു.
ഡയലോഗണാങ്കിൽ മോണൊ ടോണസ് മംഗ്ലീഷ്.. ഇടക്ക് ചില കാല്പനികജല്പനങ്ങളും.
മനോഹരമായ ഫോട്ടോഗ്രാഫിയും സുന്ദരമായ ഗാനങ്ങളും ആണ് പതിവു പോലെ പ്ലസ് പോയിന്റ്.
പ്രത്യേകിച്ച് കൂകു കൂകു തീവണ്ടി ...എന്ന് ചിരപരിചിതമായ വരികളിൽ തുടങ്ങുന്ന ഗാനം ഗാനരചയിതാവിന്റെ
മാന്ത്രിക സ്പർശം കൊണ്ട് മോഡേൺ ലൈഫിനെ കുറിച്ചുള്ള് ഒരു ലളിതസുന്ദരമായ ഫിലോസഫി ആയി
മാറുമ്പോൾ നമ്മൾ അറിയാതെ ..വാഹ് വാഹ് പറഞ്ഞുപോകും....
ശരതിന്റെ വേഷമിട്ട കക്ഷി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്പക്ഷെ, നായികയെ കുറിച്ച് ഇതേ അഭിപ്രായം
പറയാനാവില്ല. സോളൊമന്റെ ഗീതത്തിലെ നായികയെ ഓർമ്മിപ്പിക്കുന്ന റിമാകല്ലുങ്കല്ലിന്റെ ‘ലാവണ്യരൂപം’
ഫ്രെയിമുകളിൽ ദൃശ്യവിരുന്നൊരുക്കുന്നു; അതേസമയം പോവർട്ടി ഓഫ് എക്സ്പ്രഷൻ കൊണ്ട് അരോചകത്തവും
ഉളവാക്കുന്നു...
പിന്നെ സിനിമയെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും താങ്കളുടെ എഴുത്ത് മനോഹരമായിരിക്കുന്നു
എന്നു തന്നെയാണ് മൈ ഹംബിൾ ഒപീനിയൻ..
{കാമ്പുള്ള അല്ലെങ്കിൽ അങ്ങനെ തോന്നിക്കുന്ന പ്രമേയങ്ങൾ. ദൃശ്യഭംഗി മുറ്റി നിൽക്കുന്ന ചിത്രീകരണം. വലിയ തെറ്റില്ലാത്ത തിരക്കഥ. കാല്വിന്, കലാമൂല്യം എന്ന നിലയ്ക്ക് ഇത്രയും പോരേ?}
മതിയോ? ദൃശ്യഭംഗിയുള്ള ചിത്രികരണവും ആദ്യാവസാനം ബന്ധമുള്ള തിരക്കഥയും ചിത്രത്തെ സാങ്കേതികമായി മികച്ചതാക്കും. കാമ്പുള്ള പ്രമേയമാണെങ്കിൽ അത് സിനിമയ്ക്ക് ഒരു സീരിയസ്നെസ്സ് (ദുഃഖം എന്ന അർഥത്തിലല്ല)ഭാവവും വരുത്തും. .
കലാമൂല്യം ഉണ്ടാവണെമെങ്കിൽ ഇതിന്റെ എല്ലാം കൂടെ ക്രാഫ്റ്റ് എന്നൊരു സംഗതി കൂടെ ചേരണം. അതെന്താണെന്ന് വാക്കുകളിൽ ഡിഫൈൻ ചെയ്യാൻ എനിക്കറിഞ്ഞൂടാ. അങ്ങനെ ചെയ്യാൻ കഴിയുന്ന സംഗതി ആണെന്ന് കരുതുന്നും ഇല്ല.
സീരിയസ് ആയ സബ്ജക്റ്റിനെക്കുറിച്ച്, നല്ല്ല ഭാഷയിൽ, ആദ്യാവസാനം കെട്ടുറപ്പുള്ള ഘടനയിൽ എഴുതിയതിൽ എല്ലാം നല്ല ചെറുകഥയാകുമോ? അവയിൽ പലതും ലേഖനങ്ങളല്ലേ? ലേഖനങ്ങൾ കലാമൂല്യമുള്ളതാണെന്ന് നമ്മൾ പറയാറുണ്ടോ? ചെറുകഥാകൃത്തിന്റേതായ ഒരു ക്രാഫ്റ്റ് ഉണ്ട്. ഇല്ലേ?
സിനിമയുടെ കാര്യത്തിലും സംവിധാനത്തിന്റേതായ ഒരു ക്രാഫ്റ്റുണ്ട്.അപ്പുറത്ത് തമിഴകത്ത് ഇറങ്ങിയ പരുത്തിവീരനിലും, ഹിന്ദിയിൽ ഇറങ്ങിയ ദേവ് ഡിയിലും പേജ് ത്രീയിലും ഒക്കെ ഉള്ള ഒരു സാധനം.
മലയാളത്തിൽ പ്രിയനന്ദന്റെ സിനിമകളിൽ കണ്ടിട്ടുണ്ട്.
മേലേതിൽ,
അഗ്നിസാക്ഷിയെക്കുറിച്ച് എതിരഭിപ്രായം ഇല്ല. അങ്ങനെ ഒരു വൺ റ്റൈം വണ്ടർ ആയി ശ്യാമപ്രസാദ് ഒതുങ്ങിയില്ലെ എന്നു സംശയം. സഞ്ജയ് ലീലാ ബൻസാലിയുടെ ആദ്യചിത്രമായ “ഖാമോഷി” എത്ര പേർ കണ്ടു എന്നറിയില്ല. മനോഹരമായ ഒരു ചിത്രമാണത്. പിന്നീട് വന്ന ബൻസാലി ചിത്രങ്ങളിലൊന്നും ആ ക്രാഫ്റ്റ് കാണാൻ ഇല്ല.
ഒരേ കടലിന്റെ പ്രശ്നം, വിവാഹേതര പ്രണയം എന്ന സ്സബ്ജക്റ്റിനെ അവതരിപ്പിച്ചത് തീർത്തും ഉപരിപ്ലവകരമായ രീതിയിൽ ആയിപ്പൊയി എന്നാണ്. അതിനു മുൻപ് മലയാളത്തിൽ ഇതേ വിഷയത്തിൽ വന്ന മേഘമൽഹാറിനു ഇതേ പ്രശ്നം ആയിരുന്നു. ഒരേ കടലിൽ നല്ലത് എന്ന് എനിക്കു തോന്നിയത് സിനിമയിലെ മൂഡ് നിലനിർത്തുന്ന രിതിയിലുള്ള സംഗീതമാണ്. ഒരേ രാഗത്തിൽ എല്ലാ പാട്ടുകളും ചിട്ടപ്പെടുത്തിയത് സിനിമയുടെ മൂഡ് നിലനിർത്താൻ സഹായിച്ചു എന്ന് അഭിപ്രായം. നായകന്റെയും നായികയുടെയും ഇടയിലെ ബന്ധത്തിന്റെ തീവ്രത പ്രേക്ഷകനിൽ, പക്ഷേ ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞതായി തോന്നിയില്ല. തീർത്തു വ്യക്തിപരമായ അഭിപ്രായം
പ്രിയനന്ദനന്റെ സിനിമയിൽ ക്രാഫ്റ്റോ? എന്റമ്മോ..!
പ്രിയനന്ദനന്റെ സിനിമയിൽ ക്രാഫ്റ്റ്ണ്ട്, പക്ഷെ അത് സിനിമാറ്റിക് അല്ല, ഡ്രാമാറ്റിക് ആണ്.
ഒരേകടലിന്റെ പ്രശ്നം കാസ്റ്റിംഗ് ആയിരുന്നെന്നു തോന്നുന്നു. മമ്മൂട്ടി ഒരിക്കലും കഥാപാത്രമാകുന്നില്ല. ചുമ്മാ മസിൽ പിടിച്ചു ബുദ്ധിജീവിയാകാൻ ശ്രമീക്കുന്നു. മീരാ ജാസ്മിൻ തമിഴ്, തെലുങ്ക് ഇൻഡസ്റ്രികളിൽ നിന്നുള്ള പടങ്ങൾക്ക് പറ്റിയ നടിയാണ്, ഓവർ ആക്ടിംഗ്.
നരേൻ എന്ന നടന്റെ അടുത്തു കൂടി പോയിട്ട്റ്റില്ല അഭിനയം....:(
ഇത്രേം ഓഫടിച്ചത് പടം കാണാത്തതു കൊണ്ടാണ്. വെള്ളെഴുത്ത് ക്ഷമിക്കുമല്ലോ.
അപ്പോൾ ചുർക്കം പറഞ്ഞാൽ, ഇതും പഴയ, മലയാളസിന്മയുടെ തുടക്കത്തിൽ ആരോ അടിച്ച ആ കുറ്റിയിൽ തന്നെ കെടന്നു കറങ്ങുന്നു...അല്ലേ
കുഞ്ഞിക്കണ്ണാ,
പറഞ്ഞതിനോടെല്ലാം നൂറു ശതമാനം യോജിപ്പ്.
പ്രിയനന്ദനെ ഡ്രാമയുടെ പ്രേതം ഇപ്പോഴും വിട്ടിട്ടില്ല.
ഒരേ കടലിലെ കാസ്റ്റിംഗ് ആണ് ഏറ്റവും വലിയ പ്രശ്നവും എന്ന് തോന്നൊയിട്ടുണ്ട്. ഇത് രണ്ടു മുൻപ് പലയിടത്തും കമന്റിയിട്ടുള്ളതിനാൽ ആവർത്തനം ഒഴിവാക്കിയതാണ്.
റോഷൻ ആൻഡ്ര്യൂസ്, രഞ്ജിത് ശങ്കർ, പ്രിയനന്ദൻ ഒക്കെയാണ് താരതംയേന ക്രാഫ്റ്റുള്ള മലയാളത്തിലെ സംവിധായകർ എന്ന് പറയാതിരിക്കാൻ വയ്യ.
റോഷന് അന്‍ഡ്രൂസ് എന്ന കക്ഷി, രണ്ടു സിനിമകളല്ലേ എടുത്തുള്ളൂ. നോട്ട്ബുക്ക്, ഉദയനാണു താരം.
ഈ രണ്ടു പടങ്ങളിലും ഇത്ര വലിയ ക്രാഫ്റ്റ് എന്താണോ കാല്വിന് കണ്ടത്.
അടുത്ത കാലത്തെ പടങ്ങളില്‍ അല്പമെങ്കിലും ക്രാഫ്റ്റ് കണ്ടത് സൈക്കിള്‍ എന്ന പടത്തിലാണ്. (അതില്‍ വിനീത് ശ്രീനിവാസന് അറുബോറായിരുന്നു.)
പക്ഷേ ജോണി ആന്റണി കൊറെ മോശം പടങ്ങളും എടുത്തെന്നു തോന്നുന്നു. കക്ഷിയുടെ ആദ്യത്തെ പടം സി.ഐ.ഡി മൂസയും വലിയ തരക്കേടില്ലായിരുന്നു.
പരുത്തിവീരന് നല്ല സിനിമയായിരുന്നോ? അങ്ങനെ തോന്നിയില്ല. ഭരതന്റെയൊക്കെ പഴയ സിനിമകളെ ഓര്‍മ്മിപ്പിച്ചു പരുത്തിവീരന്. കഥയും അറു പഴന്ചന്.
പക്ഷെ സുബ്രമണ്യപുരം ഒരൊന്നര പടമായിരുന്നു. കങ്കള്‍ ഇരണ്ടാല്‍ എന്ന പാട്ടു മാത്രം കണ്ടാല്‍ മതി ക്രാഫ്റ്റ് എന്താണെന്നറിയാന്‍.
(നിര്‍ത്തിപ്പോടാ എന്നു വെള്ളെഴുത്ത് പറേണ വരെ കത്തി വെക്കും)
ഋതുവിലെ പാട്ടുകള്‍ കേട്ടപ്പോ, ഏതാപ്പോ ഈ ഭാഷ എന്ന് തോന്നി. ച്ചെ, വൃത്തികേട്. കഷ്ടപ്പെട്ട് ഡൌണ്‍ലോഡ് ചെയ്തിട്ട് , അത് വെറുതെയായി. ഒരു പക്ഷെ പടത്തില്‍ കാണാന്‍ നന്നായിരിയ്ക്കും. എന്നാലും..
കാല്വിന്, ഞാനും യോജിയ്ക്കുന്നു. ഒരേ കടല്‍ effective ആയി എനിയ്ക്കും തോന്നിയില്ല. ഞാന്‍ നേരത്തെ പറഞ്ഞ പോലെ പക്ഷെ അത് മോശം സിനിമയല്ല. മമ്മൂട്ടി മിസ്കാസ്റ്റ് ആയി എന്നാണു എനിക്കും തോന്നിയത്. ബന്‍സാലിയും ഓവര്‍ dramatic അല്ലെ? ബ്ലാക്ക് ഉദാഹരണം. ബച്ചന്റെ അഭിനയം കണ്ടാല്‍ പട്ടി കഞ്ഞി കുടിയ്ക്കുമോ(ഒരു മലപ്പുറം പ്രയോഗം ഹി ഹി )? ഖമോഷിയും, typical ബോളിവുഡ് ശൈലിയില്‍ ലിഫ്റ്റ് ചെയ്തതല്ലേ? അങ്ങനെ കേട്ടിരുന്നു. ഇതൊക്കെ ചെയ്യുന്നവന് ക്രാഫ്റ്റ് ഉണ്ടോ? പ്രിയനന്ദനന് ചെയ്ത ഒരു പടമാ ഞാന്‍ കണ്ടത്. "നെയ്തുകാരന്‍" അത് പക്ഷെ നന്നായി തോന്നി.
ഇന്നലെ രാത്രി ഒന്ന് കൂടി റീഡര്‍ കണ്ടു. അതും അത്ര നല്ല പടോന്നുമല്ല. പക്ഷെ ഞാനോര്ക്കുകായിരുന്നു. ഈ "ക്രാഫ്റ്റ് "ഉള്ളവന്മാര്‍ക്കൊക്കെ, നമ്മടെ ഒഷ്വിട്സ് (ഗോധ്ര അടക്കം) -കളെക്കുറിച്ച് പടമെടുക്കാനുള്ള സത്യസന്ധത ഉണ്ടോ എന്ന്. എല്ലാം മസാലപ്പടങ്ങള്‍. ഡാന്‍സ് പാട്ട് , അതല്ലെങ്കില്‍ ഒരു മണിക്കൂറില്‍ ഒരു ഷോട്ട്! ഹ്മ്മം........
പുതുപ്പേട്ടൈ എന്ന തമിഴ് സിനിമ വ്യത്യസ്തമാണ്. പുതുമുഖങ്ങളെല്ലാം നല്ല അഭിനയം. സ്നേഹ, സോണിയ, ധനുഷ് ഇവരെ മാത്രമേ ഇതിനു മുന്‍പ് കണ്ടിട്ടുള്ള അഭിനേതാക്കള്‍ ഉള്ളൂ. അവര്‍ അത്ര നന്നായിട്ടുമില്ല. ഇത്ര നിര്‍വികാരമായി കൊല നടത്തുന്ന , നിസ്സംഗനായ, കുറ്റബോധമില്ലാത്ത കഥാപാത്രം ഉണ്ടായിട്ടുണ്ടോ? ചിത്രാന്ത്യത്തില്‍ നന്മ ജയിക്കുന്നുമില്ല.കുറഞ്ഞപക്ഷം സാമ്പ്രാദായിക സിനിമാ രീതിയിലെങ്കിലും.
താരകാ, ഋതുവിന്റെ മറ്റൊരു നിരൂപണത്തിനിട്ട അതേ കമന്റ് ഇവിടെയും ! താങ്കളാണ് താരം!
ഒരു സഹായം ചെയ്യോ പ്ലീസ്? കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ദാണ്ട് മലയാളം സിനിമ എന്ന് ഫോർ പീപ്പിളിനെ ധൈര്യപൂർവ്വം കാണിക്കാൻ കൊള്ളാവുന്ന ഏതെങ്കിലും ഒന്നിന്റെ പേരു പറയോ?
സിനിമ കണ്ടില്ല, ഭാഗ്യം! പക്ഷെ ഈ റിവ്യൂനെക്കുറിച്ച് കുറച്ച് സംശയങ്ങൾ.
1.
ഐ.ടി ഹാക്കിങ്ങിനെ കുറിച്ചല്ലല്ലോ സിനിമ. അങ്ങിനെയെങ്കിൽ ഒരു പേഷ്യന്റിനെ ബ്രെയിൻ സർജറി ചെയ്യുന്നത് കാണിക്കണമെങ്കിൽ വല്യ പാടാവും. നമ്മുക്കൊക്കെ ബാങ്കിംഗ് സോഫ്റ്റ്വേർ എന്താന്നും ഈമെയിൽ ഐഡിയും ഹാക്കിങ്ങ് അല്പസ്വല്പവും അറിയാമെന്നു വെച്ച്, കൃത്യമായി അവരു സിനിമേൽ ഹാക്ക് ചെയ്യണമെന്നൊന്നുമില്ല, അതല്ലല്ലോ അവിടെ പ്രാധാന്യം. ഐ.ടി ഹാക്കിങ്ങിനെകുറിച്ച് മാത്രം, അതിൽ കേന്ദ്രീകരിച്ച് വന്ന ഒരു അൻപത് ഹോളീവുഡ് ചിത്രമെടുത്താൽ ചിരിച്ച് ചിരിച്ച് ചത്തുപോവില്ലേ? സോ, ആ പാർട്ട് ഓഫ് ദിസ് സിനിമ പൊറുക്കാവുന്നതേയുള്ളൂ എന്നാണെന്റെ എപ്പോഴത്തേയും സ്റ്റാന്റ്. സിനിമയിൽ കൃത്യമായി എല്ലാം കാണിക്കണമെന്നൊന്നുമില്ല.
2.
കോണ്ടം വാങ്ങിയെന്ന് കരുതി കാമുകി അന്യപുരുഷന്മാരുടെ കൂടെ കിടപ്പറ പങ്കിടാം എന്ന് മാത്രം വിശാലഹൃദയമുള്ളതാരാണ്? അത് ചോദിക്കുന്നത്, നീ എന്നെ മറന്നു എന്നർത്ഥത്തിലാവില്ലേ? അല്ലാതെ കിടപ്പറയുടെ കാര്യമാണോ? സോ കോൾഡ് പുരോഗമനവാദികൾ പൊസ്സിസ്സീവ് ഓഫ് ദെയർ ലവർ ആവില്ലാ? അതും ഇതും തമ്മിൽ എന്ത് ബന്ധം? എനിക്ക് മനസ്സിലായില്ല.
നല്ല കഴിവുള്ള സ്ത്രീകളാണെങ്കിൽ അവരുടെ ഭർത്താക്കന്മാർ ഒന്നിനും കൊള്ളാത്തവരായിരിക്കും എന്നുള്ള മലയാളി ഷൊവനിസം ഈയിടെ ഒന്നും പടിയിറങ്ങില്ല. എന്നു വെച്ചാൽ നല്ല കൊള്ളാവുന്ന ആണൊരുത്തൻ ആണെങ്കിൽ പെണ്ണ് നിശ്ബ്ദ ഭാര്യ ആയിരിക്കുമെന്ന്! ഇതുങ്ങൾക്കൊക്കെ ടിക്കറ്റ് എടുത്ത് ലോകം കാണിച്ചാലോ എന്ന് സത്യമായും തോന്നിയിട്ടുണ്ട്.
ഓഫ് :
ഒരു പോയിന്റ് പറഞ്ഞതിനു നൂറ് മാർക്ക്, പട്ടിണി അതിഭയങ്കര ഒരു കാല്പനിക ബിംബമാണെന്നത്, പണ്ട് മലയാളി അല്ലാതെ സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. ഏത് മലയാള സിനിമ എടുത്താലും ആരെങ്കിലും പല്ലു തേക്കുന്നത് കാണിക്കുമെന്നും റോഡ് മുറിച്ച് കടക്കുന്നത് കാണിക്കുമെന്നു. ബെറ്റ് വെച്ച് പത്ത് സിനിമ എടുത്തപ്പോൾ അതിലൊക്കെ അതുണ്ട് :(
മറ്റൊരു സിനിമാക്കാരൻ സുഹൃത്തിന്റെ അഭിപ്രായത്തിൽ, പണ്ടൊക്കെ ഇംഗ്ലീഷ്/ഇതര ഭാഷാ സിനിമയും മറ്റും ആളുകൾക്ക് ലഭിക്കാൻ വല്യ പാടായിരുന്നു. അതുകൊണ്ട് എടുത്ത് പിടിച്ച കോപ്പിയൊക്കെ മലയാളീകരിച്ചപ്പോ നമ്മൾ കണ്ട് കയ്യടിച്ചു. ഇപ്പോ ഇപ്പൊ, എല്ലാം അപ്പൊ അപ്പൊ തന്നെ കിട്ടണോണ്ട്, നമുക്ക് മലയാളീകരിക്കുന്നത് അങ്ങട്ട് പിടിക്കുന്നിമില്ല, അവർക്കൊട്ട് നന്നായി കക്കാനും പറ്റുന്നില്ല. ത്രന്നേ.
ആരാണ് പരുത്തിവീരനെക്കുറിച്ച് പറഞ്ഞത്? ഭരതന്റെ ഏത് പഴയ സിനിമ? ഒന്നിനുമല്ല, അതൊന്ന് കാണാനാണ്.
ഫോര്‍ ദി പീപ്പിള്‍ മതിയോ?
ഭരതന്റെ ഏതെങ്കിലും ഒരു സിനിമയല്ല ഉദ്ദേശിച്ചത്.
ആ നറേഷൻ ടോൺ, റോ വയലൻസ് ഒക്കെ.
വെള്ളേ...:)
അതൊരു ഇമെയിൽ സംഭാഷണം ആയിരുന്നു എന്നോർമ്മ. ചോദ്യത്തിൽ അല്പം മാറ്റം വരുത്തിയാൽ, അതായത് ഏറ്റവും മികച്ച സിനിമകൾ എന്നതിനു പകരം വെള്ളയ്ക്ക് ഇഷ്ടപ്പെട്ട സിനിമകൾ എന്നു ചോദിച്ചാൽ മറുപടി ഉണ്ടാകുമോ?
വ്യക്തിപരമായ അഭിപ്രായങ്ങൾ ഉള്ളിടത്തോളം വ്യക്തിപരമായ ഇഷ്ടങ്ങളും ഉണ്ടാകുമല്ലോ. ആ ഇഷ്ടങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. (അനിഷ്ടങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ട്...:))
പിന്നെ ഈ വർഷത്തെ മികച്ച 10 സിനിമകൾ, പതിറ്റാണ്ടിലെ മികച്ച 10 സിനിമകൾ എന്നൊക്കെ പറയുന്നതിന്റെ അബദ്ധം പറയുന്നവർക്ക് അറിവൂണ്ടാകുമെന്നേ. പക്ഷെ അതൊക്കെ വ്യക്തിപരമായ അഭിപ്രായങ്ങളായി തന്നെയാണല്ലോ നമ്മൾ മനസ്സിലാക്കുന്നതും. അവാർഡുകൾക്കും ഈ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടല്ലേ ഓരോ അവാർഡിനും ഒരു ഐഡന്റിറ്റി ഉണ്ടാകുന്നത്.
ഞാൻ പറഞ്ഞുവരുന്നത്, നമ്മുടെ ഇഷ്ടങ്ങൾ തിർച്ചയായും നമ്മുടെ അറിവിനെ പ്രതിഫലിപ്പിക്കും. പക്ഷേ ഇഷ്ടങ്ങൾ declarative statements ആകുമോ എന്ന പേടിയിൽ കാര്യമില്ലെന്നാണ്.
ഇഞ്ചീ, പലപ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതുപോലെ ഇതു സിനിമ കാണണോ വേണ്ടയോ എന്നു തീരുമാനമെടുക്കാന്‍ ഉദ്ദേശിച്ചുള്ള കുറിപ്പല്ല. ഏതു കലാരൂപത്തിലും , സാമൂഹത്തിന്റെയും സാംസ്കാരത്തിന്റെയും അബോധപ്രേരണകള്‍ ഉണ്ടാവും . അവയെ വിശകലനം ചെയ്താല്‍ കിട്ടുന്നതെന്താണ് എന്നാലോചിക്കുമാത്രമാണ് ചെയ്തത്. അഹിംസാ വാദികള്‍ വധശിക്ഷയ്ക്കെതിരേ കോലം കത്തിച്ചു പ്രതിഷേധിക്കുമ്പോലെയുള്ള കാര്യങ്ങളിലെ വൈരുദ്ധ്യങ്ങളെ ഇഴപിരിച്ചെടുക്കേണ്ടതുണ്ട്.
സിനിമ കണ്ടാല്‍ ഒരു പക്ഷേ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. എങ്കിലും ചില ചോദ്യങ്ങള്‍ സംശയമുണ്ടാക്കുമെന്നതു കൊണ്ട് പറയുകയാണ്.
1. ഹാക്കിംഗിനെക്കുറിച്ചല്ല സിനിമ. അതു വൈകാരികത വര്‍ദ്ധിപ്പിക്കാനായി ചേര്ത്തിതിരിക്കുന്നു എന്നതില്‍ തകരാറുണ്ട്. നാടകീയത ആഴം കുറഞ്ഞ വിഡ്ഢിത്തത്തിന്റെ ചെലവില്‍ വേണോ?
2. കോണ്ടം വാങ്ങിയതിലോ മറ്റൊരാളുടെ കൂടെ പോയെന്നതിലോ അല്ല തകരാര്‍ . കൂട്ടുകാര്‍ വഞ്ചിച്ചു എന്ന മൂലകത്തെ തീവ്രതരമാക്കാന്‍ അവ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നതിലാണ്. വര്്ഷയ്ക്ക് ശരത്തിനോട് സ്നേഹമുണ്ടെന്ന കാര്യത്തില്‍ സിനിമയ്ക്ക് എതിരഭിപ്രായമില്ല. അയാള്‍ക്ക് വേണ്ടതെന്താണ് എന്നാണ് ചോദ്യം. അതിലെവിടെയാണ് പുതിയ മനോഭാവം കുടിയിരിക്കുന്നത്? അതു കാണിച്ചു തന്നാല്‍ വാദം തീരും.
3. ഒരിക്കല്‍ റോബിയോടു പറഞ്ഞതു പോലെ നല്ല 10 സിനിമകള്‍ തെരെഞ്ഞെടുക്കാനുള്ള കഴിവും ജ്ഞാനവും ഇല്ല. അത്തരം തീര്‍പ്പുകളല്ല ഈ ലേഖനങ്ങളുടെ ഉദ്ദേശ്യം ..
ബാക്കി ചര്‍ച്ച സിനിമ കണ്ടിട്ടാവട്ടെ..
കിരണ്‍... ലേഖനം വായിക്കുന്നു
ഇളമൊഴിയില്‍ ടൈപ്പ് ചെയ്ത് പോസ്റ്റിയത് അപ്പടി തെറ്റ്.. അതുകൊണ്ട് ആദ്യത്തേതു മായ്ച് ഒന്നുകൂടി പോസ്റ്റുന്നു. ഇപ്പോള്‍ മനസ്സിലായി ആരുഷിയ്ക്ക് എന്താണു സംഭവിച്ചതെന്ന്....
റോബീ, അതറിയുന്നു, പക്ഷേ പലപ്പോഴും ഇഷ്ടപ്പെട്ട സിനിമകള്‍ കഥകള്‍ കവിതകള്‍ ചോദിക്കുന്നതിനു പിന്നില്‍ തീര്‍പ്പാക്കല്‍ മനോഭാവത്തെ പുറത്തിടാന്‍ പറയും പോലെ ഒരുദ്ദേശ്യമുണ്ട്. തീര്പ്പുകല്പ്പിക്കുകയല്ല, തീര്പ്പുകല്പ്പിക്കുകയല്ല സംശയങ്ങള്‍ പങ്കു വയ്ക്കുകയാണ് എന്നിങ്ങനെ എനിക്ക് പറഞ്ഞോണ്ടിരുന്നാലേ പറ്റൂ..
അനോനി നമ്പരിട്ട് എന്താണു ചെയ്തു വച്ചിരിക്കുന്നത്.....?
ഓ..അങ്ങനെ ദുരുദ്ദേശ്യമൊന്നുമില്ല വെള്ളേ..:)
സിനിമയെക്കുറിച്ചെഴുതുന്നവർ സിനിമയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കണമെന്ന് വെള്ള തന്നെ പണ്ടു പറഞ്ഞില്ലായിരുന്നോ?
ഇങ്ങനെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയുകയെന്നാൽ ഈ കാഴ്ചപ്പാട് വ്യക്തമാക്കാൻ ഒരു എളുപ്പവഴിയല്ലേ?
ഈ ഇഷ്ടം വേറെയല്ലേ..? സിനിമപോലെ സങ്കീര്‍ണ്ണമായ ഒരു കലാരൂപത്തെ ഇഷ്ടപ്പെടലിന്റെ മാനദണ്ഡം വച്ച് അളക്കാന്‍ പറ്റിലെന്നതല്ലേ സത്യം. അനന്തരം ഞാന്‍ ഇഷ്ടപ്പെടുന്ന മട്ടിലാവില്ല റോബി ഇഷ്ടപ്പെടുന്നത്. ഇഷ്ടത്തിന്റെ കണക്കു വച്ച് ചിലപ്പോള്‍ രണ്ടുപേരുടെ പട്ടികയിലും ആ പേരു കാണുകയും ചെയ്യും.. ആ ഇഷ്ടം തമ്മില്‍ പോരടിക്കുന്ന പ്രത്യയശസ്ത്രങ്ങളുടെ ചെലവില്‍ തന്നെ എഴുതിയിടാനുള്ള സൌകര്യം നല്കുമ്പോള് ഇഷ്ടപ്പെട്ട 10 സിനിമ ഇഞ്ചിഉടെ ചോദ്യത്തിന്റെ നിലയില്‍ ആലോചിച്ചാല്‍ അര്‍ത്ഥമില്ലാത്തതാവും.
അതേ സമയം കൊള്ളാം, കൊള്ളൂല എന്ന അഭിപ്രായപ്രകടനത്തിന് സൌഹൃദത്തില്‍ സ്ഥാനമുണ്ട്.. ആ നിലയ്ക്ക്എനിക്ക് ഇഷ്ടപ്പെട്ട സിനിമയല്ല ‘ഋതു..‘ എന്നു ഞാന്‍ പറഞ്ഞിട്ടില്ല.....:)
അവസാനം നായകനെ “വഞ്ചിച്ച” നായിക വല്ല എയിഡ്സോ സ്വയിന് ഫ്ലൂവോ ഒക്കെപ്പോലെയുള്ള ഒരു “പുത്തന്‍“ രോഗം വന്നു മരിയ്ക്കുകയും(അല്ലെങ്കില്‍ മരണക്കിടക്കയിലാവുകയും) വില്ലന്‍ സണ്ണി കുടിച്ച് കുടിച്ച് കരളുപൊട്ടി പണിയൊന്നുമില്ലാതെ പിച്ച തെണ്ടി വല്ല തീവണ്ടിയിലും പാടിനടക്കുകയും കൂടി ചെയ്തിരുന്നെങ്കില്‍ സിനിമ മുഴുമിപ്പിച്ച ഒരു ഫീലിങ്ങുണ്ടായേനേ.
കുറേയെണ്ണം സിനിമായെടുക്കാന്‍ നടക്കുന്നു!!!!!
(ഇന്‍ഫോസിസിലെ മാനേയരെ അമേരിക്കാക്കായ്ക്ക് പോകാന്‍ വല്ലവന്റേം അളിയന്റടുത്തൂന്ന് വിസായെടുപ്പിയ്ക്കുന്ന തമാശ ഏറെ പിടിച്ച്..ഭീകരം)
കിരണിനെഴുതിയ കമന്റാണ് പോണവഴിയ്ക്ക് ഇവിടേയും ചാര്‍ത്തുന്നു. ബ്ലോഗു മാത്രം വായിയ്ക്കുന്നതില്‍ വലിയ ആശ്വാസം തോന്നുന്നത് ഈ സിനിമയെപ്പറ്റി മുഖ്യധാര അഴുക്കുവെള്ളങ്ങളില് വന്നതും കൂടി വായിയ്ക്കാന്‍ അവസരം കിട്ടിയപ്പോഴാണ്. വെള്ളേഴുത്തിനു സലാം
താരകാ, ഋതുവിന്റെ മറ്റൊരു നിരൂപണത്തിനിട്ട അതേ കമന്റ് ഇവിടെയും ! താങ്കളാണ് താരം
സുഹൃത്തെ,ബ്ലോഗ് വ്യത്യസ്തമെങ്കിലും നിരൂപണത്തിന്റെ പ്രോജക്ടറിൽ കയറ്റപെട്ട സിനിമ ഒന്നു തന്നെയായിരുന്നതുകൊണ്ടാണ് അതേ കമന്റ് തന്നെയിട്ടത്.അത് ആസിനിമയെ കുറിച്ചുള്ള് എന്റെ അഭിപ്രായമായിരുന്നു.വ്യത്യസ്തമായ നിരൂപണങ്ങൾ വായിച്ച് അഭിപ്രായം ഇടക്കിടെ മാറ്റുന്നതു ശരിയല്ലല്ലോ.
:) ഒരേ കാര്യം പലയിടത്തും ഒന്നുപോലെ വരുന്നത് യാന്ത്രികതയുടെ ലക്ഷണമല്ലേ? ആവര്‍ത്തനം സുഖമുള്ള ഏര്പ്പാടാവുമോ?
അറിയില്ല.
സിനിമ കണ്ടില്ല , പക്ഷെ കഥ കേട്ടപ്പോള്‍ ഹിന്ദിയില്‍ ഇറങ്ങിയ ലൈഇഫ് ഇന്‍ മെട്രോ കണ്ട പോലെ തോന്നുനു.
സംവിധായകന് ശ്യാമ പ്രസാദും ഒരേ കടാലും സുഭാഷ് ചന്ദ്രനും ഒക്കെയായിട്ടുള്ള വിവാദങ്ങാള്‍ ആരും മറാന്നു എന്ന് തോന്നുന്നില്ല.
അമ്പമ്പട ഞാന്‍ ഭയങ്കര ഒരു സംവിധായകനേ “എന്നെ കൊണ്ട് തോറ്റു “ എന്ന ലൈനിലുള്ള ശ്യാമ പ്രസാദിന്റെ കൈയില്‍ നിന്നും നല്ല പടങ്ങള്‍ വന്നാലാണ് അല്ഭുതപ്പെടേണ്ടത്.
Post a Comment