May 21, 2009

കിനാവിലെ അരിക്കണക്കുകള്‍


പ്രണയത്തെയും രതിയെയും കുറിച്ചുള്ള ഏതൊരു അനുഭവാഖ്യാനവും അതിലെ കല്‍പ്പിതാംശത്തെപ്പറ്റിയുള്ള ചിന്തകളെ യാതൊരു മുന്‍‌ധാരണയുമില്ലാതെ റദ്ദു ചെയ്തുകൊണ്ടാണ് വായിച്ചു മുന്നേറാന്‍ പ്രോത്സാഹിപ്പിക്കുന്നത്. അപരന്റെ ലൈംഗികജീവിതത്തിലേക്ക് കള്ളക്കണ്ണയയ്ക്കാനുള്ള അപകൃഷ്ടമായ താത്പര്യം കിടന്ന് ഓളം വെട്ടുന്ന സ്ഥലമാണത്. എന്നാലും ചലനാത്മകമല്ലാത്ത ഒരു സമൂഹത്തിന്റെ പൊതുമര്യാദയ്ക്കു ചേരാത്ത തുറന്നുവയ്ക്കലുകളുടെ പേരില്‍ അതിനു നേരെ ചില മൂന്നാം കണ്ണുകള്‍ ചുവന്ന് തുടുക്കാനുള്ള സാദ്ധ്യതയുണ്ട്. കാമം നഷ്ടപ്പെട്ടു തുടങ്ങുന്ന ശരീരത്തിന്റെ ആലോചനാഭ്രമങ്ങള്‍ എന്ന നിലയ്ക്ക് ലൈംഗികവീരാപദാനങ്ങള്‍ക്ക് പ്രത്യേകമായ മാനസികതലമുണ്ടെന്ന മട്ടിലായിരിക്കും അവയുടെ ബൌദ്ധിക വിശകലനങ്ങള്‍ കാടു കയറുക. മറയില്ലാതെ പുറപ്പെട്ടു വരുന്ന ജീവിതത്തിന്റെ പൂര്‍വാശ്രമങ്ങള്‍ക്ക് കിന്നരികള്‍ ചൂടിയ പുതിയ ആവരണങ്ങള്‍ ഉണ്ടെന്നു വരും. ഇതുകൊണ്ടൊക്കെയാണ് ശരീരത്തിന്റെ അതിരുവേലിയ്ക്കുള്ളില്‍ നിന്നും പിടഞ്ഞെഴുന്നേല്‍ക്കുന്ന അസ്വാസ്ഥ്യങ്ങള്‍ കഥയ്ക്കും അനുഭവങ്ങള്‍ക്കുമിടയില്‍ വഴുതുന്ന ആഖ്യാനമായിത്തീരുന്നത്.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘എന്റെ കാമുകിമാരും മറ്റു കഥകളും’ എന്ന പുസ്തകത്തിന് ‘കഥകള്‍’ എന്ന വിശേഷണമാണുള്ളത്. സംശയമില്ല. പക്ഷേ ആഖ്യാനത്തിന്റെ ആര്‍ജ്ജവവും ലാളിത്യവും അനുഭവക്കുറിപ്പിന്റെ സത്യസന്ധതയിലേയ്ക്ക് നടത്തിച്ചുകൊണ്ട് പോകുന്ന തരം അനുഭൂതിയാണ് നല്‍കുന്നത്.

‘ഒരു കഥപോലെയാണ് എന്റെ ജീവിതം’ എന്ന പ്രസ്താവനയോടെ, കുഞ്ഞബ്ദുള്ള, ആവിഷ്കരിക്കാന്‍ മുതിരുന്നത് രതി അനുഭവങ്ങളുടെ പൂര്‍വകാലകഥകളെയല്ലേ എന്ന സംശയത്തില്‍ നിന്നാണ് വായനയുടെ ഔത്സുക്യങ്ങള്‍ ഉണര്‍ന്നെഴുന്നെല്‍ക്കുന്നത്. താന്‍ കഥയെഴുത്തുകാരനായത് ജീവിതത്തിന്റെ ഈ തരത്തിലുള്ള പ്രത്യേകതയാലാണെന്നാണ് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സത്യപ്രസ്താവം. താനെല്ലാം തുറന്നെഴുതുകയാണെന്ന് കഥാകൃത്ത്. ആദ്യരാത്രിയില്‍ പാലിനു പകരം സിഗററ്റുമായി വന്ന വധുവിന്റെ കഥ ആമുഖമായി കുറിച്ചിടുന്നിടത്താണ് ഇത്. ആഖ്യാനപരമായ ഈ തിരിച്ചിടല്‍ കഥയ്ക്കും ജീവിതത്തിനുമിടയില്‍ വായനക്കാരുടെ കുഴമറിച്ചില്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സംശയിച്ചുകൂടായ്കയില്ല. മനോരമയുടെ സാധാരക്കാരായ വായക്കാരെ ഉദ്ദേശിച്ചെഴുതിയിട്ടുള്ളവയാണ് ഈ കഥകള്‍. എങ്കിലും ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യമെന്ന നിലയില്‍ കോറിയിട്ടിരിക്കുന്ന കഥകളുടെ പുനര്‍വിചാരണയ്ക്കു വേണ്ട മൂലകം കുഞ്ഞബ്ദുള്ള (അദ്ദേഹത്തിന്റെ കഥനവൈഭവം) ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു തോന്നുന്നു. സ്വപ്നത്തില്‍ നിന്നുണരാന്‍ കൂട്ടാക്കാതെ, ‘ഒരു സേറെങ്കില്‍ ഒരു സേര്‍, അളക്ക്’ എന്നും പറഞ്ഞ് കണ്ണടച്ചുകൊണ്ട് സഞ്ചിനീട്ടിപ്പിടിക്കുന്ന മൊല്ലാക്കയുടെ ദാരിദ്ര്യത്തെ ചിത്രീകരിക്കുന്ന അവസാനകഥയിലാണത് (കണ്ണു തുറക്കാത്ത സ്വപ്നങ്ങള്‍). പ്രണയം അവലംബിച്ച ഊടുവഴികളെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് കഥകള്‍ ജീവിതത്തിന്റെ തിരിമറികളിലേയ്ക്ക് സ്വാഭാവികമായി എത്തിച്ചേരുന്ന പ്രതീതിയാണിതുണ്ടാക്കി തരുന്നത്. മാത്തച്ചന്‍ എത്തിപ്പെട്ട വിപര്യയത്തെക്കുറിച്ചു പറയുന്നിടത്തും (മര്‍ത്ത്യന്‍ കഥയെന്തു കണ്ടു) മകന്‍ മദ്യം കഴിക്കുന്നു എന്നു ഭ്രമിച്ച് ബാധമാറ്റാന്‍ മാന്ത്രികന്റെ അടുത്തേയ്ക്ക് കൊണ്ടു പോകുന്ന കഥയിലും (അക്കിത്തവും മന്ത്രവാദിയും) സ്ത്രീയും രതിയും ഒന്നുമില്ല. ലൈംഗികമായ ഉണര്‍വുകള്‍ മാത്രമല്ല, മദ്യവും ഭക്ഷണവും പുകയും ദാരിദ്ര്യവും തുറന്നു പറച്ചിലുകള്‍ക്ക് സങ്കേതമൊരുക്കാമെന്നു വരുന്നു. അപ്പോള്‍ ആചാരപരമായ വിലക്കുകള്‍ വിലങ്ങിടാത്ത ജീവിതം എന്ന ലഹരിയാണ് കഥാകൃത്തിന്റെ മഷി. കുഞ്ഞബ്ദുള്ളയുടെ ആഖ്യാനവഴികള്‍ സ്വപ്നത്തെയും യാഥാര്‍ത്ഥ്യത്തെയും ഭാവനയെയും ജീവിതത്തെയും തലങ്ങും വിലങ്ങും വച്ചുമാറ്റിക്കൊണ്ട് ചതുരംഗക്കളം നിര്‍മ്മിക്കുന്നതിന്റെ കൌശലമായും കഥകളെ വായിക്കാം എന്നാണ് പറഞ്ഞു വരുന്നത്. അങ്ങനെയാണത് പങ്കാളികളെ ക്ഷണിക്കുന്നത്. ആ നാട്യം തീരെ അനുഭവിപ്പിക്കാതെ തന്നെ.

കാരക്കാടെന്ന ഗ്രാമത്തില്‍ നിന്നു തുടങ്ങുന്നതാണ് പ്രണയാനുഭവങ്ങളുടെ ആദ്യപാഠങ്ങള്‍. ജിന്നുകളും പട്ടാളക്കാരും ഉഴുതുമറിച്ച ഭൂതകാലം സ്വന്തമായുള്ള ഗ്രാമമാണ് കാരക്കാട് എന്ന് കഥാകൃത്ത് (ചിന്നുവിന്റെ തുടയിലെ പാട്..) കാരക്കാടിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ രേഖാചിത്രം ഒരു അവാസ്തവികലോകത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവുമാണ്. കൌമാരഭാവനയുടെ സമാന്തര ഇടമാണത്. രതിചോദനകളുടെ കൊക്കൂണ്‍ ഇവിടെ നിന്നാണ് കൂടുപൊട്ടി ചിറകുവച്ചു പറന്നു തുടങ്ങുന്നതും വര്‍ണ്ണഭംഗിയോടെ തുടിക്കുന്നതും. ചിന്നുവും ബീവിയും ഭാനുമതിയും മാധവിയും കൌസല്യയും മുളപൊട്ടുന്ന രതിചോദനകളുടെ എന്നപോലെ ഇച്ഛാഭംഗങ്ങളുടെയും ആദ്യാനുഭവങ്ങളായാണ് ആവിഷകാരം നേടുന്നത്. ലൈംഗികവീരാപദാനങ്ങളുടെ ഉദ്ഘോഷണങ്ങളായി കഥകള് അവസാനിച്ചുപോകാത്തതിന് ഒരുകാരണം അതാണ്.. കുഞ്ഞബ്ദുള്ളയുടെ സൂക്ഷ്മമായ തച്ച് അപരന്മാരുടെ സമാനമായ അനുഭവങ്ങളെയും തന്റേതിനൊപ്പം ചേര്‍ത്തു പിടിക്കുന്നുണ്ട്. അതിലൊന്ന് ജ്യേഷ്ഠന്റെ അക്രാമകമായ പ്രണയങ്ങളാണ്. ചിന്നുവിനെയും ബീവിയെയും ജ്യേഷ്ഠന്‍ പ്രണയിക്കുന്നുണ്ട്, പക്ഷേ വ്യത്യസ്തമായ രീതിയില്‍. ഭാനുമതിയുടെ ജ്യേഷ്ഠത്തിയുമായി അടുപ്പമുണ്ടായിരുന്ന അബ്ബാസാണ് (മാമ്പൂവിന്റെ മണമുള്ള ഭാനുമതി) കൌസല്യയെ നിശ്ശബ്ദമായി പ്രേമിക്കുന്നതും (കൌസല്യയെ തൊടാന്‍..). കൂട്ടുകാരായ പ്രസാദും ജി.കെയും ആഖ്യാതാവിന്റെ പ്രണയിനികളെ, ഒരര്‍ത്ഥത്തില്‍ തട്ടിയെടുത്തവരാണ്. രതിഭംഗങ്ങളുടെ കൂടി സമാന്തരലോകത്തെ കൂടി അനുഭവകഥനമെന്നു സംശയിക്കാവുന്നതരത്തിലുള്ള എഴുത്തില്‍ കൊണ്ടുവരുമ്പോള്‍ ഇല്ലാതായി പോകുന്നത് ആണത്താതിഘോഷണങ്ങളുടെ പൂരക്കെട്ടുകളാണെന്ന് കുഞ്ഞബ്ദുള്ളയ്ക്കറിയാം. ഹമാം സോപ്പു തേച്ചു കുളിപ്പിക്കുമ്പോള്‍ ‘ലക്ഷണമൊത്ത പൊന്നിന്‍ താക്കോലാ, ഇവന്‍ ഒരു പാട് പൂട്ടു കുത്തിത്തുറക്കും’ എന്ന് ബീവിയെക്കൊണ്ടു നസ്യം പറയിച്ച (പത്തിരിക്കുള്ളില്‍ വലകിലുക്കം) കഥാകൃത്ത് വൈകാരികമായ അരക്ഷിതത്വത്തില്‍ പിടയുന്ന പെണ്മനസ്സുകളെ ആര്‍ജവത്തോടെ വിന്യസിച്ചിട്ടുണ്ട്. ഒരു പടി കൂടെ കടന്ന് ‘ജലപ്രസാദ’ത്തിലെ ദാഹത്തിന്റെയും ഉഷ്ണത്തിന്റെയും അനുഭവസാക്ഷ്യം ഒരു സ്ത്രീയുടേതു തന്നെയാവുന്നു. ആഖ്യാനം അപ്പോഴും ഉത്തമപുരുഷനില്‍.

ഓര്‍ക്കാപ്പുറത്ത് വീട്ടില്‍ വന്നു കയറി കുളിച്ചുപോകുന്ന കാമുകിയെപ്പോലെയാണ് ലൈംഗികമായ അനുഭവങ്ങളുടെ തുറന്നെഴുത്തുകള്‍. അരക്ഷിതത്വത്തിന്റെ സംഭ്രമം അനുഭവിപ്പിക്കുകയും ആന്തരികമായി കുളിരണിയിക്കുകയും ചെയ്യുന്ന തരം സ്വഭാവം അവയ്ക്കുണ്ട്. യൌവനാരംഭകാലത്തെ അനുഭവങ്ങളിലേയ്ക്ക് ഊളിയിടാന്‍ സദാ സന്നദ്ധമാവുന്ന മനസ്സുള്ളതിനാല്‍ ഓരോരുത്തര്‍ക്കും അപരിചിതമായ ഒരു കുളിമുറി എവിടെയോ ഉണ്ട് എന്ന വാസ്തവം അതു പറഞ്ഞു വയ്ക്കുന്നു. ഉഷ്ണകാലത്ത് ചാഞ്ഞുപെയ്യുന്ന മഴപോലെയുള്ള, ഏതു സമയത്തും എത്തിയേക്കാവുന്ന ഹൃദ്യമായ ഒരു പിന്‍വിളി മാത്രമാണു പ്രതീക്ഷിക്കാനുള്ളത്, ‘ജലപ്രസാദ’ത്തിലെ സുമിത്രയെ പിന്തുടര്‍ന്നു വരുന്ന ബാലചന്ദ്രന്റെ വിളി പോലെ. അപ്രതീക്ഷിതമായി നനയുകയും കുളിരുകയും ചെയ്യുന്ന ശരീരങ്ങളെപ്പറ്റി മൂന്നു കഥകളെങ്കിലും ഈ സമാഹാരത്തിലുണ്ട്. നടേ പറഞ്ഞ കഥയിലെ മൊല്ലാക്കയെ പോലെ കണ്ണു തുറന്നുവച്ചു വേണോ കണ്ണടച്ചും കൊണ്ടു വേണോ അവയുടെ കണക്കെടുക്കാന്‍ എന്ന ചോദ്യം എപ്പോഴും ബാക്കിയാവുന്നു എന്നു മാത്രം.

--------------------------------------------------------------------------
‘എന്റെ കാമുകിമാരും മറ്റു കഥകളും’
പുനത്തില്‍ കുഞ്ഞബ്ദുള്ള
ഡി സി ബുക്സ്
വില : 50 രൂപ

7 comments:

റോഷ്|RosH said...

നല്ല നിരൂപണം.

ഉറുമ്പ്‌ /ANT said...

പുസ്തകം വായിച്ചിട്ടില്ലാത്തതിനാൽ നിരൂപണത്തെക്കുറിച്ച് അഭിപ്രായം പറയാൻ വയ്യ.
കിടപ്പറയിലെ വിക്രതികളും വൈക്ര്‌തങ്ങളും കഥകളിൽ വിവരിച്ച് ആത്മരതിയുടെ സായൂജ്യം നേടുന്ന കഥാകരന്മാരും കഥാകാരികളും വിലസുന്ന കാലമാണിത്‌.
കിടപ്പറ രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെയിരിക്കുമ്പോളാണ് അതിന്റെ സൌന്ദര്യം. ഇനിയും കുറെക്കഴിയുമ്പോൾ ഈ എഴുത്തുകാർ മാനാഞ്ചിറ മൈതാനത്തും ഈ വൈക്രുതങ്ങൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കും.
പുനത്തിലിന്റെ കഥകൾ വായിച്ചിട്ടുള്ളതുകൊണ്ട്‌ അമ്പതു രൂപാ കൊടുത്തു വാങ്ങുന്ന ഈ പുസ്തകം അത്തരത്തിലൊന്നാകില്ലായെന്നു പ്രതീക്ഷിക്കുന്നു.

prasanth kalathil said...

...സോപ്പു തേച്ചു കുളിപ്പിക്കുമ്പോള്‍ ‘ലക്ഷണമൊത്ത പൊന്നിന്‍ താക്കോലാ, ഇവന്‍ ഒരു പാട് പൂട്ടു കുത്തിത്തുറക്കും’ എന്ന് ബീവിയെക്കൊണ്ടു നസ്യം പറയിച്ച ....

ഇത് പരലോകം എന്ന നോവലിലും ഇല്ലെ ?

ആ അവസാന പാരഗ്രാഫിന് ഹാറ്റ്സ് ഓഫ്.

ഹന്‍ല്ലലത്ത് Hanllalath said...

കഥയറിയാതെ കന്യാവനങ്ങള്‍ വീട്ടില്‍ കൊണ്ട് വന്നു വായിച്ചതോടെ
എന്റെ വായന കുറെ കാലത്തേക്ക് നിന്നു ...!
ലൈബ്രറി ബുക്കുകള്‍ എടുക്കുന്നതും വായിക്കുന്നതും വീട്ടില്‍ വിലക്കി..!

മനോരമ ആഴ്ചപ്പതിപ്പില്‍ വന്നതാകയാല്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ടല്ലോ അല്ലെ..?

കണ്ണനുണ്ണി said...

നന്നായിട്ടുണ്ട് കാഴ്ചപാടുകള്‍

Sureshkumar Punjhayil said...

Nannayirikkunnu. Ashamsakal...!!!

വെള്ളെഴുത്ത് said...

എന്തായാലും വായിച്ചുപോകാന്‍ ഒരു സുഖമാണ് പുനത്തിലിന്റെ എഴുത്ത്.. അല്ലലുകളില്ല്.. നൊസ്സ് ഉണ്ടെന്ന് കക്ഷി വരുത്തിത്തീര്‍ക്കുകയും ചെയ്യും..