
ലതീഷ് മോഹന്റെ അരാജകം, ഓടിയോടി തളര്‍ന്ന് ചാവാലിയായി, ഇനിയൊരങ്കത്തിനും ഞാനില്ലേ എന്നു വിനീതനാവുന്ന ഒരു കുതിരയെ വാങ്ങാനുള്ള ആഗ്രഹത്തെ പ്രകടിപ്പിക്കുന്ന ഒരു കവിതയാണ്. ആ മോഹം മറഞ്ഞിരിക്കുന്ന കവിയുടെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ട കാര്യമില്ല. അതോടൊപ്പം ചാവാലിയായ കുതിരയുടെ രൂപകത്തെ ജീവിതത്തിലെ പല സന്ദര്‍ഭത്തിലേയ്ക്കും നീട്ടിയെടുത്ത് ‘ഞാനും ആഗ്രഹിക്കാറുണ്ടല്ലോ ചിലപ്പോഴൊക്കെ ഇങ്ങനെ’ എന്ന് തത്ത്വവിചാരം ചെയ്യിക്കുന്നിടത്തു വച്ച് കവിത വായിക്കുന്ന ആളിന്റെ ആഗ്രഹചിന്തയായി പരിണമിക്കും. എന്നാല്‍ ഒരു പടികൂടി കടന്ന് എന്തിനാണ് ഇങ്ങനെയൊരു കുതിര ഒരാള്‍ക്ക് എന്നു ചിന്തിച്ചു വേണം നമുക്ക് മറ്റൊരു ദിശയിലേയ്ക്ക് തിരിയാന്‍. കവിത, കുതിരയുടെ രണ്ടു ‘ധര്‍മ്മങ്ങള്‍’ മാത്രം മുറിച്ചെടുത്താണ് നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. അതിലൊന്ന് ഓട്ടമാണ്, (ഓടി ഓടി ചാവാലിയായ..) രണ്ടാമത്തേത് യുദ്ധവും.(ഇനിയൊരങ്കത്തിനും..) കുതിരയെന്ന ജീവിയ്ക്ക് മറ്റനേകം ധര്‍മ്മങ്ങള്‍ ഉണ്ടെങ്കിലും (അതെല്ലാം നൊടി നേരം കൊണ്ട് വായനക്കാരുടെ മനസ്സിലെത്തുമെങ്കിലും) കവിത പരിമിതപ്പെടുത്തുന്ന ഈ രണ്ടു ധര്‍മ്മങ്ങളിലും മികവില്ലാത്ത ഒന്നിനെയാണ് കവി ആവശ്യപ്പെടുന്നത്. ഇങ്ങനെ പരിമിതപ്പെടുത്തുന്നതുകൊണ്ട് കവിത ചെയ്യുന്നത് ഈ രണ്ടു ഗുണങ്ങളാണ് ഈ ജീവിയുടെ മറ്റേതു ഗുണത്തിലും വച്ച് മികച്ചത് എന്ന അര്‍ത്ഥം ധ്വനിപ്പിക്കുകയാണ്. അങ്ങനെ മികച്ചതായ ഗുണം കവി തന്നെ കല്പ്പിച്ചു നല്‍കിയിട്ട്, അവ ഇല്ലാതായ ഒരു കുതിരയെ എന്തിനാണ് ഇയാള്‍ ആഗ്രഹിക്കുന്നത്?
തന്റെ കവിതാസമാഹാരത്തിന്റെ (പള്‍പ് ഫിക്ഷന്‍) ആമുഖക്കുറിപ്പായി ലതീഷ് എഴുതിയിട്ട വരികളില്‍ അരാജകം എന്ന കവിതയിലെ ആഗ്രഹചിന്തയ്ക്കു സമാനമായ ഒരു കല്പനയുണ്ട്. ഓര്‍മ്മവച്ച നാള് മുതല്‍ തന്റെ ഉള്ളിലിരുന്ന് കുതറിക്കുതറി പുറത്തേയ്ക്ക് തെറിക്കുന്ന ഒരുവനെ കൊല്ലാനുള്ള ആഗ്രഹമാണത്. അവന്റെ തെരുവുകളും തന്റെ ഉറക്കവുമായി നിതാന്തയുദ്ധത്തിലാണെന്ന് ലതീഷ് എഴുതുന്നു. അതുകൊണ്ട് അവനു വേണ്ടി വിഷം മോന്തുന്നു. ആരെങ്കിലുമൊരാള്‍ ഉടന്‍ മരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. (തന്നിലെ അപരസ്വത്വം സ്വന്തം കൃതികളില്‍ ആവിഷ്കാരം നേടുന്നതിനെക്കുറിച്ച് ഒര്ഹാന് പാമൂക് ‘ഇസ്താംബൂളിലും’ ചില അഭിമുഖങ്ങളിലുമൊക്കെ തുറന്നുപറഞ്ഞതോര്‍മ്മവരുന്നു. പക്ഷേ പാമൂക്കിനത് തന്നേക്കാള്‍ 18 മാസം പ്രായക്കൂടുതലുള്ള ജ്യേഷ്ഠനാണ്. നാസിമുദീന്റെ ‘സ്കീസോഫ്രേനിയ’ എന്ന കവിതയിലുമുണ്ട് ‘ഇയാള്‍ - വൈകുന്നേരം ഭൂമി പറഞ്ഞത് എന്ന സമാഹാരം) ഓര്‍ക്കാപ്പുറത്ത് അര്‍ദ്ധരാത്രിയില്‍ പാതിരാതെരുവുകളിലേയ്ക്ക് പുറപ്പെടുകയും തന്നെ ആഞ്ഞിലിത്തുമ്പത്തേയ്ക്ക് കയറ്റിവിടുകയും സൌഹാര്‍ദ്ദങ്ങളില്‍ നിന്ന് കൂട്ടം തെറ്റിക്കുകയും ചെയ്യുന്ന ‘അവനെ’ കെണിവച്ചുപിടിക്കാനും കൊല്ലാനും തനിക്ക് ആഗ്രഹമുണ്ടെന്നു കവി പറയുന്നതിനു പിന്നില്‍ വ്യക്തിപരമായ ഒരു ഗൂഢാലോചനയുണ്ട്. അതിന്റെ ഉദ്ദേശ്യം എന്തെന്ന് ആര്‍ക്കും ചിന്തിച്ചു നോക്കാവുന്നതേയുള്ളൂ.
ഉള്ളിലുണ്ട് എന്നു പറയുന്ന ആ ഒരുവനാണ് ‘കവി’ എന്ന നിലയ്ക്കുള്ള തന്റെ വ്യത്യസ്തതയെ അടയാളപ്പെടുത്തുന്നത് എന്നതിന്റെ വക്രോക്തി വിവരണമാണ് നാം മുഖവുരയായി വായിച്ചത്. അങ്ങനെയൊരാളിനെ സമൂഹത്തിലെ മാന്യമായ ഒരു ജീവിതത്തിനു വേണ്ടി കൊന്നു കഴിഞ്ഞാല്‍ താന്‍ മുഖമില്ലാതെ ആര്‍ക്കുന്ന ആള്‍ക്കൂട്ടത്തിലെ നിഴല്‍ മാത്രമായി തീരുമെന്ന് നന്നായി അറിയാവുന്ന ആളല്ലേ കവി? ജീവിതത്തിലെ വ്യാകരണപ്പിശാചുക്കളെ മുഴുവന്‍ ഒഴിവാക്കി വടിവൊത്ത് ചിട്ടയില്‍ നടക്കാനുള്ള ഒരാഗ്രഹവും ലതീഷിന്റെ കവിതകള്‍ അതിന്റെ ആഖ്യാനരീതിയിലോ സംഗ്രഹണത്തിലോ പ്രകടിപ്പിക്കുന്നില്ലെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവും. ആലോചിച്ചാല്‍ കുറെക്കൂടി കെട്ടഴിഞ്ഞ രീതിയിലാണ് കാര്യങ്ങള്‍ അതിനുള്ളില്‍. സമൂഹത്തിനും വ്യക്തിയ്ക്കുമിടയിലെ പിളര്‍പ്പിനെ കാവ്യാത്മകമായി അവതരിപ്പിക്കുന്നതിനോടൊപ്പം കവി ഒരുക്കിയ കെണി തന്റെ ഉള്ളിലുള്ള ഒരുവനായുള്ളതല്ല, മറിച്ച് സാമ്പ്രദായികശീലങ്ങളില്‍ കിടന്ന് ആര്‍ത്തലയ്ക്കുന്ന നമുക്കുവേണ്ടിയുള്ളതാണ്, അതായത് പുറത്തെ സമൂഹത്തിനു വേണ്ടിയുള്ളതാണ് . ‘മറ്റേവനെ’ ഉപേക്ഷിച്ച് എനിക്കും നിങ്ങളിലൊരാളാവാനാണ് ആഗ്രഹം എന്ന് കണ്ണിറുക്കിക്കൊണ്ട് കളി പറയുകയാണ് കവി. അയാളെ വിട്ട് തനിക്കൊരു കളിയില്ലെന്ന് പല കവിതകളും വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. സ്വന്തം മുറിയിലേയ്ക്കുള്ള വഴിയറിയാന്‍ കൂടെ കൂട്ടുന്ന തെരുവു നായ (അവനവനിലേയ്ക്കുള്ള വഴികള്‍) ഈ അപരനാണ്. ചുവപ്പുരാശി പടര്‍ന്ന ഫ്രെയിമിലേയ്ക്ക് സിഗരറ്റു പുകയ്ക്കുന്ന നിലയില്‍ കടത്തിവിട്ടതായി കാണിച്ചു തരുന്ന കൃഷ്ണമണികള്‍ അവന്റേതാണ്. (തെരുവ്) കമണ്ഡലുവില്‍ റിവോള്‍വര്‍ സൂക്ഷിച്ചു വച്ചിരിക്കുന്നവനും (മഗല്ലനെ..) ഉറക്കമില്ലാത്ത ബോധിസത്വനും (ആമരമീമരം) ദീനദയാല്‍ റോഡ്രിഗ്യൂസും അവന് തന്നെയല്ലേ? (പള്‍പ് ഫിക്ഷന്‍) അവന്റെ അപകടകരമായ നിശ്ശബ്ദത അനുഭവിപ്പിക്കുന്നവയാണ് ‘കോണിപ്പടിക്ക് മുകളില്‍’, ‘റിപ്പബ്ലിക്ക്’, ‘പറഞ്ഞിട്ടല്ലല്ലോ അല്ലെങ്കിലും വരവുകള്‍’ എന്നീ കവിതകള്‍.
‘ഞാനങ്ങ് പൊയ്ക്കോട്ടേ’ എന്ന് പാവത്തം പറയുന്ന ഒരു കവിതയ്ക്ക് ‘അരാജകം’ എന്നു നല്‍കിയിരിക്കുന്ന ശീര്‍ഷകം തന്നെ ആലോചിച്ചു നോക്കിയാല്‍ ഇരട്ടവരകളില്‍ നിന്നു കുതറുന്ന ഒരുവനുവേണ്ടിയുള്ള അതിശക്തമായ ആഗ്രഹമാണ്. വക്രോക്തിജീവിതമര്യാദയാല്‍ അതിവിനയത്തോടേ ആവിഷ്കരിച്ചതുകൊണ്ട് നാം അത് കവിയുടെ ഇംഗിതമായി തെറ്റിദ്ധരിച്ചുപോയതാണ്. സാമാന്യധാരണകളുടെ തടവില്‍പ്പെട്ടു കിടക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ ‘ധര്‍മ്മ-സങ്കല്പ്പങ്ങളില്’ നിന്ന് ഒഴിയുന്ന ഒരു ചാവാലിക്കുതിരയ്ക്കുവേണ്ടിയുള്ള ആഗ്രഹം പോലും അരാജകമാണ്. കവി അത്തരമൊരു കുതിരയെ വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന പ്രത്യക്ഷത്തോടൊപ്പം, തന്നെക്കുറിച്ച് സമൂഹം എന്തു ചിന്തിക്കണം എന്നുള്ള കവിയുടെ നിവേദനവും കൂടിയാണത്. അങ്ങനെ നോക്കുമ്പോള്‍ കുതിര, കവി തന്നെയാണെന്നര്‍ത്ഥം. പൊതുബോധത്തിലുറച്ച ‘അരാജകം’ എന്ന സങ്കല്‍പ്പവുമായി പ്രത്യക്ഷത്തില്‍ വൈകാരികമായ പൊരുത്തക്കേടുണ്ട്, കുതിരയുടെ വിനീതത്വത്തിന്. സാഹിത്യത്തിലെ കാല്‍പ്പനിക- ആധുനിക കാലഘട്ടത്തിലെ ‘അഹംബോധ’ത്തിന്റെ വികാസത്തിനു നേരെ വിരുദ്ധമായ തലമാണത്. സൌഹൃദങ്ങളെ ആശിക്കുകയും അവയുടെ നഷ്ടത്തില്‍ നൊമ്പരപ്പെടുകയും ചെയ്യുന്ന ഒരു ആഖ്യാതാവ്/ (‘ഞാന്‍’) ലതീഷിന്റെ കവിതകളിലുണ്ട്. (പരിചയം, ഏതു കെട്ടുകഥയില്‍ നിന്നാണ് ഒരു മഗല്ലനെ കിട്ടുക, പോസ്റ്റ് ചെയ്യാത്ത കത്തുകള്‍...) കവിതയിലെ ഈ വൈകാരികമായ ഋതുക്കള്‍ സാമൂഹികബന്ധങ്ങളിലേയ്ക്കുള്ള തിരിച്ചുവരവാണ് .ഒരേ സമയം സമൂഹത്തിന്റെ മീഡിയോക്രിറ്റിയില്‍ അസഹിഷ്ണുവായിരിക്കുകയും എന്നാല്‍ സമൂഹത്തിനു പ്രിയപ്പെട്ടവനായിരിക്കാന്‍ വല്ലാതെ കൊതിക്കുകയും ചെയ്യുന്ന തരം മനോഘടനയാണ് കവിതകളിലെ ‘ഞാന്‍’ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. വല്ലാത്ത സംശയാലുവും ആകെ കുഴങ്ങി മറിഞ്ഞവനുമാണ് ഈ ‘ഞാന്‍’. അരാജകത്വത്തിലെ കുതിരയില്‍ കാണുന്ന വിനീതത്വം ആ നിലയ്ക്ക് ഒരു തുടര്‍ച്ചയാണ്.കവിതയിലാകെ പടര്‍ന്നു കിടക്കുന്ന നിരവധി ചോദ്യങ്ങളിലും ( ‘നമ്മുടെ ഭൂപടങ്ങള്‍ നമ്മള് തന്നെ വരച്ചാലെന്താണ്, പാരീസിലെ ചെറുപ്പക്കാരേക്കാള്‍ മോശമാണെന്നു വരുമോ ഞങ്ങള്‍...) ആഗ്രഹചിന്തകളിലും (കുടപിടിച്ച് നടന്നു പോകുന്ന വേനല്‍ കാലത്തെ കാണണം, എത്രകാലമായി.. ..ആ സര്‍ക്കസിന്റെ ചുവടുകളില്‍ ചിത്രശലഭങ്ങളായിട്ട്....) ഉള്ളത് ഇതേ വികാരത്തിന്റെ പ്രകാരഭേദങ്ങളാണെന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. സാമൂഹികമായ ഒരു ഒത്തുതീര്‍പ്പിനു പരിധിവിട്ടു കൊതിക്കുകയും കൂട്ടം കൊള്ളാന്‍ ആഗ്രഹിക്കുകയും ആത്യന്തികമായി താനും തന്റെ ഓര്‍മ്മകളും തനിച്ചാണെന്നു തിരിച്ചറിയുകയും ചെയ്യുന്നതിന്റെ വിള്ളലുകളാണ് ആഴത്തില്‍ ലതീഷിന്റെ കവിതകള്‍ അനുഭവിപ്പിക്കുന്നത്. അത്തരമൊരു അവസ്ഥയിലെ വിജനതയില്‍ ഉള്ളിലിരുന്ന് കുതറുന്ന പ്രതിയോഗിയുമായി നടത്തുന്ന സംഭാഷണങ്ങളാണ് കവിതകള്‍. പക്ഷേ അതെപ്പോഴും ഞാന്‍ - നീ എന്ന ദ്വന്ദത്തില്‍ തീരുന്നതല്ല. ജലരൂപങ്ങളെപ്പോലെ പലപ്പോഴും ഞാനും നീയും കുഴമറിയുന്നു. തന്റെയുള്ളിലെ അപരസ്വത്വം സമൂഹത്തിന്റെയും ‘വ്യവസ്ഥയുടെയും’ പ്രതീകമായി വേഷം മാറുന്നു. ബോധപൂര്‍വം പറയാന്‍ ശ്രമിക്കുന്നതിന്റെ നേര് വിപരീതമാവുന്നു, അബോധപൂര്‍വം ധ്വനിക്കുന്നത്.
യുക്തിവിചാരത്തിന്റെ അളവുകള്‍ക്കും തൂക്കുപാത്രങ്ങള്‍ക്കും വെളിയിലാണ് സൌന്ദര്യശാസ്ത്രത്തിന്റെ വികാരപരമായ ജീവിതം. കടലിനെ കിലോലിറ്ററുകളും ഹിമാലയത്തെ കിലോമീറ്ററുകളുമാക്കിയാല്‍ ചരിതാര്‍ത്ഥനാവുന്ന ദുര്‍മുഖനായ ഒരുവന് നമ്മില്‍ ഭൂരിഭാഗത്തിന്റെയും ഉള്ളിലുണ്ട്. അവനു കെണി വയ്ക്കാതെയും വിഷം കൊടുക്കാതെയും കവിതയില്‍ നിന്നൊഴുകുന്ന വികാരജീവിതം മനുഷ്യാവസ്ഥയുടെ അടിസ്ഥാനമാകുമോ?. ആലോചിച്ചു നോക്കുക, മനസ്സിലാകായ്കയുടെ പേരില്‍ കല്ലുകള്‍ വാങ്ങിക്കൂട്ടുന്ന കവിത തന്നെയാണ് ജനപ്രിയ വാചകഘടനയെയും സാംസ്കാരികഘടകങ്ങളെയും സ്വാംശീകരിച്ചിരിക്കുന്നത്. കവിതകളുടെ ചില ശീര്‍ഷകങ്ങളില്‍ മാത്രമല്ല, ആശയങ്ങളിലും.( എനിക്കു വേറെ പണിയുണ്ടെന്ന് പരമാവധി വളച്ചുകെട്ടി പറയുന്നു, സാറ്റര്‍ഡെ നൈറ്റ് പാര്‍ട്ടിയ്ക്കു പോഗലാം, വരീയ്യാ?, പരമശിവന് കഴുത്തിലിരുന്ത് പാമ്പ് കേള്‍ക്കിറാ..., തിരിച്ചുപോകാന്‍ വഴിയില്ല മക്കളേ, ചന്തുവിനെ തോത്പിക്കയല്ലാതെ മറ്റു വഴിയില്ല...) എന്നു വച്ചാല്‍ ‘തരം താണതെന്നും’ ‘ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാന്‍ സൃഷ്ടിക്കപ്പെടുന്നതെന്നും’ റെയ്മണ്ട് വില്യംസ് ആക്ഷേപിച്ച ജനപ്രിയ സൃഷ്ടികളുടെ എലുകകള്‍ എടുത്തുപയോഗിച്ചുകൊണ്ട് കവിത ചെന്നെത്തുന്ന ഇടം അനുശീലനത്തിലൂടെ മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഉച്ചകല( ഹൈആര്‍ട്ട്) യുടേതാണ് എന്ന്. ഈ വൈരുദ്ധ്യങ്ങളുടെ ആന്തരാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ ‘കടലിനെ വിരുന്നൂട്ടാനുള്ള അക്വേറിയ മത്സ്യത്തെയും കടല്പ്പാലങ്ങള് പറന്നു പോകുന്ന ഒച്ചയെയും’ തിരിച്ചറിയാന്‍ കഴിയൂ. ഒന്ന് മറ്റൊന്നായി മാറിയും പകരം വച്ചും കവിതയിലെ ചിഹ്നങ്ങളും അവയുടെ വ്യവസ്ഥയും ഏര്‍പ്പെടുന്ന കളി മനസ്സിലാക്കാന്‍ യുക്തിവിചാരങ്ങളെ പിന്നണിയില്‍ തള്ളുന്ന വികാരജീവിതത്തിന് എളുപ്പം സാദ്ധ്യമായേക്കും. അതാണ് യുക്തിചിന്തകളുടെയും വിമോചനസൌന്ദര്യശാസ്ത്രത്തിന്റെയും തീപാറുന്ന ഗലാട്ടകളില്‍ പക്ഷം ചേരാനുള്ള പ്രാഥമികമായ യോഗ്യതാപത്രം.
അപ്പോള്‍, കവിതകളെ മനസ്സിലാക്കിയേ അടങ്ങൂ എന്ന ഒറ്റാലും സ്കെയിലുമായി എന്റെ ഉള്ളിരിക്കുന്ന ദുര്മുഖന് ഞാന്‍ വച്ച കെണിയാണീ എഴുത്ത്. അതുമനസ്സിലായികാണുമല്ലോ.