January 26, 2009

എടുപ്പുകളും റേഷന്‍കടകളും



ബി സി 431-ല്‍ പെരിക്ലിസാണ് ഒരു പ്രസംഗത്തിനിടയില്‍ ജനാധിപത്യം എന്തെന്ന് വിശദീകരിക്കുന്നത്. അന്ന് പ്ലേറ്റോ ജനിച്ചിട്ടില്ല. കുറച്ച് ആളുകളില്‍ മാത്രം നിക്ഷിപ്തമായ അധികാരാവകാശങ്ങള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് സംക്രമിക്കേണ്ടതായിട്ടാണിരിക്കുന്നതെന്ന് പെരിക്ലിസ് വിശദീകരിച്ചു. അപ്പോഴും അധികാരത്തോടുള്ള ആദരവ്, നിയമത്തോടുള്ള കൂറ് എന്നിവ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുപ്രവര്‍ത്തനങ്ങളിലെല്ലാം നിയന്ത്രണബോധവും വിവേചനവും നിലനില്‍ക്കുന്നുണ്ട്.’ പിറേയുസിലെ കൈഫാലസിന്റെ ഗൃഹത്തില്‍ വച്ച് ഗ്ലൌക്കോണ്‍, അദൈമാന്തസ്, പോളിമാര്‍ക്കസ്, ക്ലൈറ്റാഫോണ്‍, ക്രാസിമാക്കസ് തുടങ്ങിയവരുമായി നടത്തിയ സംവാദങ്ങള്‍ സോക്രട്ടീസ് വിവരിക്കും മട്ടില്‍ ശിഷ്യനായ പ്ലേറ്റോ എഴുതിവച്ച പുസ്തകമാണ് ‘റിപ്പബ്ലിക്‘. രചയിതാവിനെക്കുറിച്ചു് ഇനിയും സംശയങ്ങള്‍ അവസാനിക്കാത്ത കൃതികളും കൂട്ടിച്ചേര്‍ത്താല്‍, പ്ലേറ്റോ എഴുതിയിട്ടുണ്ടെന്നു വിശ്വസിച്ചുപോരുന്ന 36 കൃതികളില്‍ ഏറ്റവും പ്രസിദ്ധം ഈ റിപ്പബ്ലിക്കാണ്. നീതിയെക്കുറിച്ച് ചോദിച്ചുകൊണ്ടാണിതില്‍ സോക്രട്ടീസ് സംസാരിച്ചു തുടങ്ങുന്നത്. തത്ത്വചിന്തകരായ ഭരണാധിപന്മാരുടെ ഇച്ഛയാണ് നീതിയെന്ന തീരുമാനത്തില്‍ ആ പ്രകരണം അവസാനിക്കുന്നു. രാജ്യത്തിന്റെ ഉത്തമതാത്പര്യങ്ങളെ മുന്‍ നിര്‍ത്തി ബോധപൂര്‍വം ഭരണകൂടങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ഭരണാധിപന്മാരാണ് നീതിയുടെ അവസാനവാക്ക്. ടൊമോക്രസിയും ഒളിഗാര്‍ക്കിയും ഡെമോക്രസിയും വിശദീകരിക്കുന്നതിനൊപ്പം ജനാധിപത്യത്തിലെ അതിരുകടന്ന സ്വാതന്ത്ര്യവാഞ്ഛയെ ‘ടൈറനി’ എന്നു പേരിട്ട് മാറ്റിനിര്‍ത്താന്‍ മടിച്ചില്ല, പ്ലേറ്റോ.

പ്ലേറ്റോയുടെ ചിന്തയില്‍ ഒരു സമാന്തരപ്രപഞ്ചം നിഹിതമായിരുന്നു. കൈയെത്തിപിടിക്കാനാവാത്ത വിധം പരിപൂര്‍ണ്ണവും എന്നാല്‍ അദൃശ്യമായ ഒരു ആശയപ്രപഞ്ചത്തിന്റെ അനുകരണം മാത്രമാണ് ബാഹ്യപ്രപഞ്ചം എന്നാണ് അദ്ദേഹം വിശദീകരിച്ചത്. റിപ്പബ്ലിക്കിലെ ഏഴാഭാഗത്തിലെ ഗുഹാപ്രതിരൂപത്തിന്റെ കല്‍പ്പനയിലൂടെ ഇക്കാര്യം പ്ലേറ്റോ കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂഗര്‍ഭ ഗുഹയ്ക്കുള്ളിലെ തടവുകാര്‍, ഗുഹക്കു വിലങ്ങനെയുള്ള നടപ്പാതയിലൂടെ കടന്നുപോകുന്നവരുടെ നിഴലുകള്‍ യഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നതുപോലെയാണ് സാധാരണജനം ബാഹ്യപ്രപഞ്ചത്തെ യാഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നതത്രേ. അവ വെറും നിഴലുകള്‍ മാത്രമാണെന്ന് തിരിച്ചറിയുന്നത് ദാര്‍ശനികര്‍ മാത്രമാണ്. പക്ഷേ സത്യം പറഞ്ഞുകൊടുത്താലും അയാള്‍ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യനായേക്കാം. സൃഷ്ടികളുടെ എണ്ണപ്പെരുപ്പം പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ആഗ്രഹമാണെന്നതാണ് സത്യം എന്നു പ്ലേറ്റോ പറഞ്ഞു. ഓരോ വസ്തുവും അത് മാതൃകയാക്കുന്ന ‘ആദര്‍ശവസ്തു’വുമായി എത്രമാത്രം സാദൃശ്യം വഹിക്കുന്നോ അത്രമാത്രം യഥാര്‍ത്ഥമാവും. തോമസ് അക്വിനാസ്, പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ വളരെയെളുപ്പം ദൈവരാജ്യവുമായി കൂട്ടിക്കെട്ടി. പില്‍ക്കാലത്തുണ്ടായ എല്ലാ തത്ത്വചിന്തയും പ്ലേറ്റോയുടേ വാദങ്ങള്‍ക്കുള്ള അടിവരമാത്രമാണെന്ന് ആര്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹെഡ് പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിനെപ്പോലെ പ്ലേറ്റോയും ഇന്ത്യയില്‍ വന്നിരുന്നു എന്നും യോഗവിദ്യ സ്വായത്തമാക്കിയിരുന്നു എന്നും ഒരു വാദമുണ്ട്. അതെന്തോ ആവട്ടേ, പ്രാചീനമായാലും ആധുനികമായാലും ചിന്തയുടെ കുതിരവണ്ടികള്‍ എടുപ്പുകളുടെ തിരുമുറ്റത്ത് തന്നെ ചെന്നു നില്‍ക്കുന്നതിന്റെ സാരസ്യമാണ് ചികഞ്ഞു വന്നത്. ചെറു ചെറു പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെട്ട സ്വയംഭരണപ്രദേശങ്ങള്‍ ഹെല്ലനിക് സംസ്കാരത്തിന്റെ അവസാനത്തോടേ കൂറ്റന്‍ ഭരണാധികാരമായി വളര്‍ന്നതാണ് പ്രസിദ്ധമായ റോമാസാമ്രാജ്യം. ഭരണസിരാകേന്ദ്രമായ റോമിലെ പൌരന്മാര്‍ക്കു മാത്രമായിരുന്നു ജനാധിപത്യാവകാശങ്ങള്‍. മറ്റുള്ളവരെല്ലാം ഭരിക്കപ്പെടേണ്ടവര്‍ മാത്രം. ഇതിന്റെ ചുരുക്കിയെടുത്ത രൂപകമാണ് പാര്‍ലമെന്റുകള്‍. പഴയ ഭരണപ്രവിശ്യകളാണ് ആധുനിക സംസ്കാരത്തില്‍ നിയമസഭാ മണ്ഡലങ്ങളും ലോകസഭയും രാജ്യസഭയുമൊക്കെയായി വേഷപ്പകര്‍ച്ച നേടിയത്. സാമ്രാജ്യത്വവുമായി ഒരൊത്തുകളി ജനാധിപത്യം നേടിയെടുത്തിരിക്കുന്നത് അങ്ങനെയാണെന്ന് എം പി ബാലഗോപാല്‍ ‘വേറാക്കൂറെ’ന്ന പുസ്തകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ജനാധിപത്യം വഴി നടന്ന് നടന്ന് ഇന്നെത്തിയിരിക്കുന്ന പരിണതി ഇതിനു നല്ല കൈത്താങ്ങും നല്‍കുന്നുണ്ട്.

ഭൂരിപക്ഷമെന്നത് കണക്കിലെ തിരിമറിമാത്രമാണെന്നിരിക്കേ ജനകീയഭരണമെന്നും ജനകീയജനാധിപത്യമെന്നും ഒക്കെ വിളിച്ചു കൂവുന്നതിന്റെ പുതിയ അര്‍ത്ഥങ്ങള്‍ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റു ചിന്തയില്‍ ജനാധിപത്യത്തിന് മാര്‍ഗമെന്ന(വഴി മാത്രം) നിലയേ ഉള്ളൂ. പക്ഷേ ആ ബൂര്‍ഷാവ്യാമോഹത്തെ, വര്‍ഗരഹിതസമൂഹത്തിന്റെ അത്ര തന്നെ കാല്‍പ്പനികതയോടെ സ്വയംഭരണതത്ത്വവും പ്രയോഗവിധിയും ജീവിതരീതിയുമായി വിവരിക്കാം. പെരുമാറേണ്ടി വരുന്നവരോടൊക്കെയുള്ള ഇടപാടുകള്‍ ജനാധിപത്യപരമാക്കിക്കൊണ്ട് ഇത് ശീലമാക്കാനുള്ള നിര്‍ദ്ദേശം ഗോവിന്ദന്‍ മുന്നോട്ടു വച്ചിരുന്നു. മാക്സിന്റെ വഴിയിലൂടെയായിരുന്നില്ല ലെനിന്‍ സഞ്ചരിച്ചത്. പാര്‍ട്ടിയുടെ രൂപഘടന, അച്ചടക്കം, ചിട്ടകള്‍, ക്രിയാവിധികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ‘എന്താണ് ചെയ്യേണ്ടത്?’ എന്ന പുസ്തകം എഴുതുമ്പോള്‍ ലെനിന്‍ ‘ഉത്പാദനസങ്കേതങ്ങളിലുളവാകുന്ന വികാസക്രമഫലമായി തൊഴിലാളികളില്‍ ഒരു പുതിയ വിപ്ലവതത്ത്വശാസ്ത്രം രൂപപ്പെടുമെന്ന്’ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നു വ്യക്തമാണ്. അധികാരവിന്യസനം എന്ന സങ്കല്പങ്ങളെല്ലാം ഒരു കൂസലും കൂടാതെ കേന്ദ്രീകൃതമായ അള്‍ത്താരകളില്‍ ചെന്നു കയറുന്നതിന് ഒരു കാരണമുണ്ട് .മതം. അതു ഭരണകൂടസങ്കല്‍പ്പങ്ങളേക്കാള്‍ പ്രാചീനമായതുകൊണ്ട് മനുഷ്യന്റെ ആവിഷ്കാരങ്ങളില്‍ എല്ലാം മതപരിഗണനകള്‍ മുന്‍ വിധിയില്ലാതെ പ്രവര്‍ത്തിക്കും. ലെനിന്റെ പ്രസിദ്ധമായ ഒരു വാക്യം ഇങ്ങനെ :“ ഫ്യൂഡല്‍ വ്യവസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ മുതലാളിത്തം സ്വര്‍ഗമാണ്. സോഷ്യലിസവുമായി താരതമ്യം ചെയ്യുമ്പോള്‍ നരകവും.” സ്വര്‍ഗനരകങ്ങളില്‍ വിശ്വസിക്കാത്ത ലെനിന്‍ തന്റെ ആശയാവിഷ്കാരത്തിനും മതവുമായി ബന്ധപ്പെട്ട പരികല്‍പ്പനകള്‍ ഉപയോഗിച്ചു എന്നത് ചെറിയകാര്യമല്ല. മാര്‍ക്സിനെ മിശിഹായാക്കുന്നതുള്‍പ്പടെ മാക്സിസം എന്ന ബൃഹദാഖ്യാനത്തിനു പില്‍ക്കാലത്ത് വന്നു ചേര്‍ന്ന വിമര്‍ശനങ്ങളൊന്നും ഈ ആരോപണത്തില്‍ നിന്ന് മാറിനില്‍ക്കുന്നതല്ല. തത്ത്വത്തില്‍ തന്നെ ഭൌതികം എന്നു തോന്നുന്ന വാദങ്ങള്‍ക്കുളില്‍ പോലും ഒരു ദൈവ വിഗ്രഹം എവിടുന്നോ കടന്നു വന്ന് മുനിഞ്ഞിരിപ്പുണ്ടെന്നാണ് മനസ്സിലാക്കാനുള്ളത്. അപ്പോള്‍ വിശ്വാസത്തെ മൂന്നുനേരം തലയിലെടുത്തുവച്ചെഴുന്നള്ളിക്കുന്ന ഇന്ത്യയെപ്പോലുള്ള നാടുകളുടെ കഥയെന്താണ്!

‘എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം മതവിമര്‍ശനത്തില്‍ നിന്നാണെ’ന്നു പറഞ്ഞത് മാര്‍ക്സ് തന്നെയാണ്. കടുത്ത മതനിന്ദ ചിത്രങ്ങളില്‍ കുത്തിതിരുകി എന്നാരോപിച്ചാണ് ലൂയി ബുനുവലിന് ന്യുയോര്‍ക്കിലുണ്ടായിരുന്ന ജോലി പോയത്. എന്നിട്ടും ‘വിര്‍ഡിയാന’എന്ന സിനിമയില്‍ തെണ്ടികളുടെ ‘അവസാന അത്താഴം’ ചിത്രീകരിച്ചിരിക്കുന്ന രീതി കണ്ടാല്‍ വിശ്വാസികളല്ല, അല്ലാത്തവരും മൂക്കത്തു വിരലു വച്ചുപോകും. നിരോധിക്കപ്പെട്ട ‘എല്‍’-ന്റെ കഥ വേറെ. ഫ്രെഞ്ചു വിപ്ലവത്തിലെ നിര്‍ണ്ണായകഘട്ടത്തെ ചിത്രീകരിക്കുന്ന ഒരു പഴയ ചിത്രത്തില്‍ ബാരിക്കേടുകള്‍ക്കിടയില്‍ ഉശിരോടെ പൊരുതുന്ന ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് ത്രിവര്‍ണ്ണപതാകയുമേന്തി ഫ്രാന്‍സ്, സ്ത്രീ രൂപത്തില്‍ നില്‍ക്കുന്നുണ്ട്. സിലക്രോയ് എന്ന ചിത്രകാരനാണ് ആ പടം വരച്ചത്. ഒരു തെരുവുവേശ്യയുടെ മാതൃകയിലാണ് അതില്‍ ഫ്രാന്‍സ്! കാലം മുപ്പതുകളാണ്. അതിനും മുന്‍പ് കൊച്ചുകേരളത്തില്‍ വെണ്മണി സൌരയൂഥം ദൈവങ്ങളെ പരിഹസിച്ചും വസ്ത്രാക്ഷേപം ചെയ്തും കലഹിച്ചും വഴക്കുപറഞ്ഞും സ്നേഹിച്ചു. പക്ഷേ കാലം മാറിയപ്പോഴും ശാസ്ത്രജ്ഞാനം പരന്നപ്പോഴും നാം ഗുഹകളിലെ നിഴലുകളെ നോക്കി ഞരമ്പുകള്‍ വലിച്ചു മുറുക്കുകയാണ് ചെയ്തത്. ഈ ഉദാഹരണങ്ങള്‍ക്കൊപ്പം ഭാരതാംബ, സീത, സരസ്വതി, ഗണപതി തുടങ്ങിയ ഹുസ്സൈന്‍ ചിത്രങ്ങളെ ചേര്‍ത്തു വയ്ക്കുക. നമുക്ക് തോന്നുന്നതെന്താണ്? പലതരം സങ്കലനങ്ങളുടെ രൂപകല്‍പ്പനയാണ് ഇന്ത്യയെന്ന സങ്കല്‍പ്പത്തിനുള്ളത്. അതില്‍ വിവിധ നരവംശങ്ങളുടെ കൂടിച്ചേരല്‍ പോലുമുണ്ട്. സ്വാംശീകരണത്തിനുള്ള കഴിവുകൊണ്ടാണ് ഇന്ത്യ വളര്‍ന്നത്. വിമര്‍ശനങ്ങളെ അതുത്ഭവിക്കുന്ന കേന്ദ്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുള്ള ശക്തിയാണ് അതിന്റെ ആന്തരിക ബലം. സാമ്രാജ്യത്വസ്ഥാപനം ഇന്ത്യയുടെ ആന്തരികപ്രേരണയാവാതിരുന്നതിനുള്ള മുഖ്യകാരണം അതിന്റെ ഉള്ളിലേക്കുള്ള നോട്ടമാണ്. അസ്തിത്വവും (ഉണ്ട് എന്ന അവസ്ഥ) പ്രകാശനവുമാണ് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ചൈതന്യവത്തായ ഘടകങ്ങള്‍. ഭാരതീയ മതവിശ്വാസത്തിന്റെ ഏറ്റവും വലിയ ദുഷിപ്പായ ജാതിവ്യവസ്ഥയെ, മതത്തിന്റെ മാന്‍ഡേറ്റുകളെ മാനിച്ചു കൊണ്ടു തന്നെ ഗാന്ധിജി പൊളിക്കാന്‍ ശ്രമിച്ചത് സ്വാംശീകരണപ്രവണതയുടെ ആധുനികമായ ഉദാഹരണമാണ്. പക്ഷേ ഇപ്പോള്‍ മതം, രാഷ്ട്രീയത്തിനു പിന്നിലെ അബോധസാന്നിദ്ധ്യം വെടിഞ്ഞ് മുന്നിലെത്തുമ്പോള്‍, മതം തന്നെ സ്വയമേവ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ കാളക്കഴുത്തോടെ സംസാരിച്ചു തുടങ്ങുമ്പോള്‍ മനസ്സിലാക്കാനുള്ളത് അരക്ഷിതത്വത്തിലേയ്ക്കാണ് നമ്മുടെ ചുവടുകള്‍ എന്നാണ്. കേന്ദ്രീകൃതകെട്ടുപാടുകളുള്ള സെമിറ്റിക് മതങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളില്‍ നിലനില്‍ക്കുന്ന അതേ ഘടനയും സ്വഭാവവും യാതൊരു ഉള്‍ക്കാഴ്ചയുമില്ലാതെ ഇന്ത്യയ്ക്കു മേലേ മതത്തിന്റെ പേരില്‍ വിരിച്ചിടുന്നതില്‍ പരം അപകടകരമായ അജ്ഞത മറ്റൊന്നിലുമില്ല.


അനു :
ചിത്രകാരന്‍ എന്ന ബ്ലോഗറുടെ ആശയാവിഷ്കാരസ്വാതന്ത്ര്യം കോടതി കയറേണ്ടി വരുമെന്നതിന്റെ വേദനയിലാണീ കുറിപ്പ്. തമാശകഥകളെഴുതി അവസാനിച്ചുപോകേണ്ട, വളര്‍ച്ച മുരടിച്ച ഒന്നായി മലയാളം ബ്ലോഗുകള്‍ മാറാതിരിക്കാന്‍ മൂര്‍ച്ചയും വിവേകയും യുക്തിയുമുള്ള വിമര്‍ശനങ്ങള്‍ കൊണ്ടിവിടം മുഖരമാവണമായിരുന്നു. അതവസാനിച്ചു പോകുമോ എന്ന ആശങ്ക പങ്കുവയ്ക്കാനല്ലെങ്കില്‍ മറ്റെന്തിനാണ് എനിക്കീ ബ്ലോഗ്? എത്ര പ്രതിലോമകരമായാലും സംവാദങ്ങളിലൂടെ തിരിച്ചറിയാനോ ബോദ്ധ്യപ്പെടുത്താനോ കഴിയാത്ത ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു തന്നെ ബോദ്ധ്യപ്പെടുത്താന്‍ കഴിയില്ലെന്നു വരുന്നതു് സ്വേച്ഛാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കു മാത്രമാണ് വളമാവുക. സ്വയം ഉത്തരമില്ലാതെ കുറ്റാരോപണങ്ങളുമായി കൂടുതല്‍ ശക്തനായ രക്ഷാധികാരിയെ ആശ്രയിക്കുന്നതിനു തുല്യമായ പ്രവൃത്തിയാണത്. അധികാരരാഷ്ട്രീയത്തിന് ഏറ്റവും മോശമായ രീതിയില്‍ ഇതിനെ നയിച്ചുകൊണ്ടുപോകാനും പറ്റും എന്ന് സമകാല സംഭവങ്ങള്‍ തെളിവു നല്‍കുന്നു. വിമര്‍ശനങ്ങളോട് അസഹിഷ്ണുവാകുന്ന തരം മാന്യത, മറ്റെന്തു ഗുണമുണ്ടായാലും ഒരു മാനസികരോഗമാണ്. ഇതെന്റെ വിശ്വാസം. നിരോധനങ്ങള്‍ നാള്‍ക്കുനാള്‍ പെരുകട്ടെ !



പുസ്തകങ്ങള്‍ :
വേറാക്കൂറ് - എം പി ബാലഗോപാലന്‍
എം ഗോവിന്ദന്റെ ഉപന്യാസങ്ങള്‍

4 comments:

Suraj said...

റിപ്പബ്ലിക്ക് ദിന ചിന്തക്ക് വിഷയം ബ്ലോഗില്‍ നിന്നുംതന്നെ ആയത് ഉചിതമായി.

Anonymous said...

മാര്‍ക്സും, ലെനിനുമൊന്നും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ ജീവിച്ചിരുന്നവരല്ല. നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ സ്വാധീനത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തരാകുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നുമില്ല. അവര്‍ സംസാരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റുകാരോടുമല്ല. ആശയസംവാദനത്തിനു എളുപ്പത്തില്‍ ഉതകുന്ന ബിംബങ്ങള്‍ ഉപയോഗിച്ചു എന്നു വേണമെങ്കിലും കരുതാം. Heaven= Any place of complete bliss and delight and peace എന്നും Hell=Any place of pain and turmoil എന്നും അര്‍ത്ഥമുണ്ടല്ലോ.

ഭൂരിപക്ഷത്തിനു നാവില്ലാതിരുന്ന കാലത്തു നിന്നാണ് നാം ഇവിടെ എത്തിയിട്ടുള്ളത് എന്നതിന്റെ ചരിത്രം അറിയുന്നവര്‍ തന്നെ കണക്കിലെ തിരിമറി എന്ന് പ്രയോഗിക്കുന്നതില്‍ ഒരല്പം കുഴപ്പമുണ്ട്. ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുക എന്നതിനപ്പുറത്ത് ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നു കരുതുന്നു. ഫ്യൂറര്‍മാര്‍ക്കും പ്രിയപ്പെട്ടതാണ് ഭൂരിപക്ഷത്തിന്റെ അര്‍ത്ഥശൂന്യത. അപകടമുണ്ട് ഭൂരിപക്ഷത്തെ കണക്കിലെ തിരിമറി മാത്രമാക്കുന്നതില്‍.

un said...

ഓഫ്:
Luis Buñuel ഉച്ഛാരണം ഇങ്ങിനെ :)

വെള്ളെഴുത്ത് said...

അനോനി, സാധാരണവ്യവഹാരത്തില്‍ പറഞ്ഞതു ശരിയാണ് ആളുകള്‍ക്ക് എളുപ്പം മനസ്സിലാവുന്ന ഭാഷ ഉപയോഗിച്ചെന്നേ വരൂ, എന്നാല്‍ കുറച്ചുകൂടി കടന്നു ചിന്തിക്കുമ്പോള്‍ ഒരാശയത്തെ വിശദീകരിക്കാന്‍ നാം ഏതു ടെര്‍മിനോളജിയാണ് ഉപയോഗിക്കുന്നതെന്നത് വളരെ വളരെ വളരെ പ്രധാനപ്പെട്ടതാണ് (തത്ത്വചിന്തകളില്‍ പ്രത്യേകിച്ചും) . കഥകളിയുടെ സാങ്കേതിക പദങ്ങള്‍ കൊണ്ട് ആധുനികവിമര്‍ശനം നടത്തുന്നതിനെ ആരോ എതിര്‍ത്തിട്ടുണ്ട് അല്ലേ? (സ്ത്രീവിരുദ്ധമായ പദങ്ങള്‍ കൊണ്ട് ഫെമിനിസം...) ഒരു പാട് ഉദാഹരണങ്ങളുണ്ട് ഇക്കാര്യത്തിന് മുന്‍പിലുള്ള പുസ്തകത്തില്‍ കണ്ടത് ഇതാണ് : കമ്മ്യൂണിസം വിട്ടുപോയവര്‍ എഴുതിയ പുസ്തകത്തിന്റെ പേര് “ ദ നേക്കഡ് ഗോഡ്’ എന്നാണ് മറ്റൊരു പുസ്തകം ‘ഗോഡ് ദാറ്റ് ഫെയില്‍ഡ്’ (ഉദാഹരണങ്ങള്‍ ഗോവിന്ദന്റെത്) സാധാരനക്കാരുടെ മാത്രമല്ല, ബുദ്ധിജീവികളുടെയും അബോധത്തില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം രൂപീകൃതമാവുന്നതും പ്രവര്‍ത്തിച്ചു തുടങ്ങുന്നതും നിലനില്‍ക്കുന്നതും ഏതു നിലയ്ക്കാണെന്ന് വ്യക്തമാക്കാന്‍ ഇത്രയും മതിയെന്നു തോന്നുന്നു. ജനാധിപത്യത്തില്‍ തന്നെയാണ് വിശ്വാസം.. :)
ഉന്മേഷേ, മലയാളി ഉച്ചാരണം മതി എന്നു മനഃപൂര്‍വം വച്ചതാണ്...ഹോവാഡില്‍ പഠിച്ചിട്ടുള്ള, എന്റെ 72 വയസ്സുകാരനായ ബീഹാറുകാരന്‍ ബോസ്, ‘അയേണ്‍’ 9ത്രീ അയേണ്‍) എന്നു നമ്മള്‍ സ്നേഹത്തോടെ വിളിക്കുന്ന സാതനത്തെപ്പറ്റി പറയുന്നത് “ഐറണ്‍‍’.