June 6, 2008

പടക്കോപ്പുകള്‍ - ബംഗ്ലാദേശി കവിത



നഗരത്തിലെ
പോലീസ് സ്റ്റേഷനില്‍
ആളുകള്‍ കൂടി നില്‍ക്കുന്നു.
സംശയാത്മാക്കളായ സൈനികള്‍
ജനങ്ങളില്‍ നിന്നും പടക്കോപ്പുകള്‍1 ശേഖരിക്കുകയാണ്.


പേടിച്ചരണ്ട മനുഷ്യര്‍
പട്ടാളക്കാരുടെ ആജ്ഞയ്ക്കു മുന്നില്‍,
കൂട്ടിയിട്ടിരിക്കുന്നൂ,
കൈത്തോക്കുകള്‍, വെറും തോക്കുകള്‍, വെടിയുണ്ടകള്‍...
വിശുദ്ധദേവാലയത്തിലെ
പുണ്യവാളന്റെ കൈക്കുമ്പിളില്‍
നേര്‍ച്ചയിട്ട പൂക്കള്‍ പോലെ,
മേശയില്‍ വഴിപാടുകള്‍.

ഞാന്‍ മാത്രം
പട്ടാളക്കാരെ വകവയ്ക്കാതെ
മൃദുവായ ഒരു അരാജകവാദിയായി
എന്റെ മുറിയിലേയ്ക്കു പോന്നു.
ഏറ്റവും അപകടകരമായ പടക്കോപ്പ്
അപ്പോഴുമുണ്ട്, ഉള്ളില്‍.
എന്റെ ഹൃദയം.



1. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ സൈന്യം അക്രമം അഴിച്ചുവിട്ട ദിനങ്ങളാണ് സൂചന. എല്ലാ ബംഗാളികളും അവരുടെ ആയുധങ്ങള്‍ അടിയറ വയ്ക്കാന്‍ പട്ടാളം ആജ്ഞാപിച്ചിരുന്നു. 9 മാസം നീണ്ടു നിന്ന ബംഗ്ലാസ്വാതന്ത്ര്യസമരത്തില്‍ മൊത്തം 3 കോടി ആളുകള്‍ മരിച്ചു എന്നാണ് കണക്ക്.

നിര്‍മ്മലേന്ദു ഗൂന്‍ (Nirmalendu Goon)

1945-ല്‍ ജനനം. കവി, പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത്. ഹുമയൂണ്‍ കബീര്‍ സമ്മാനം, ബംഗ്ലാ അക്കാദമി പുര്‍സ്കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

6 comments:

വെള്ളെഴുത്ത് said...

അത് ഞാന്‍ അടിയറവച്ചിട്ടില്ല
എന്ന് ഒരു അവസാനവരി കൂടിയുണ്ട്, ഈ കവിതയ്ക്ക്. പക്ഷേ അത് സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള കവിതകളുടെ സമാഹാരത്തില്‍ (GESTURES) കാണാനില്ല.

കുട്ടനാടന്‍ said...

ഏറ്റവും അപകടകരമായ പടക്കോപ്പ്
അപ്പോഴുമുണ്ട്, ഉള്ളില്‍.
എന്റെ ഹൃദയം.
1. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ സൈന്യം അക്രമം അഴിച്ചുവിട്ട ദിനങ്ങളാണ് സൂചന. എല്ലാ ബംഗാളികളും അവരുടെ ആയുധങ്ങള്‍ അടിയറ വയ്ക്കാന്‍ പട്ടാളം ആജ്ഞാപിച്ചിരുന്നു.( അതു പുരുഷന്മാര്‍, സ്ത്രീകള്‍ക്ക് അടിയറ വയ്കാനൊന്നുമില്ലായിരുന്നു. ഇന്നു ബംഗ്ലാദേശിലുള്ള മദ്ധ്യവസ്കരില്‍ നല്ലൊരു ശതമാനവും അന്നത്തെ പട്ടാളക്കരുടെ സംഭാവനകളാണ്

നല്ല പരിഭാഷ

Anonymous said...

ഒരു ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റിന്റെ ബംഗ്ലാദേശ്‌ യുദ്ധചിത്രങ്ങള്‍ കണ്ടിരുന്നു ഒരിക്കല്‍ ബെറ്റര്‍ ഫോട്ടോഗ്രാഫി എന്ന മാഗസീനില്‍,അതില്‍ ഒരുപാട്‌ ശവശരീരങ്ങളുടെ നടുവില്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ഒരു കുട്ടീടെ ചിത്രമൂണ്ടായിരുന്നു..ഒരിക്കലും മറക്കില്ല.യുദ്ധകെടുതികളെകുറിച്ചുള്ള ആയിരം റിപ്പോര്‍ട്ടുകളുടെ ഫലം ചെയ്യുന്ന ഒരു ചിത്രം, കിട്ടിയാല്‍ കാണിച്ചു തരാ.

http://ethikana.com/gallery/war.htm
ഇവിടെയുണ്ട് കുറച്ച്..

പാമരന്‍ said...

അടിയറ വയ്ക്കാത്ത ഒന്നുണ്ട്‌,, എന്‍റെ ഹൃദയം. അതു മിടിക്കുന്നതെന്തിനെന്ന്‌ ഇവര്‍ക്കറിയില്ലല്ലോ..

നല്ല പരിഭാഷ..

Sandeep PM said...

അത് ഞാന്‍ അടിയറവച്ചിട്ടില്ല.

അതാണ്‌ സ്വാതന്ത്ര്യം... അത്രേയുള്ളു സ്വാതന്ത്ര്യം. അത്ര വലുതാണ്‌,ആപല്‍ക്കരമാണ്‌ ,കഠിനാമാണാഗ്രഹം.

ടി.പി.വിനോദ് said...

അതെ, ആ ഉപകരണത്തിന്/പടക്കോപ്പിന് ചരിത്രം ചാവികൊടുത്തുകൊണ്ടിരിക്കുന്നു..
ഇതു കാണിച്ചു തന്നതിനു വളരെ നന്ദി.