March 3, 2008

നാളെ നാളെയെന്നായിട്ട്.......




2005 ജൂണില്‍ ആഢംബരത്തോടെയും അതിലേറെ ആഹ്ലാദവാനായുമാണ് ഞാന്‍ BSNL എന്ന ഭാരതസര്‍ക്കാര്‍ വക സാങ്കേതിക സ്ഥാപനത്തിന്റെ തിരോന്തരം ശാഖയില്‍ എന്റെ ഇന്റെര്‍നെറ്റു കണക്ഷന്‍ ‘വിശാലമനസ്കനാക്കി ഓര്‍ വിശാലാക്ഷിയാക്കി താ’ എന്നും പറഞ്ഞ് അപേക്ഷ സമര്‍പ്പിക്കുന്നത്. അത്ര ഭയങ്കരമായിരുന്നു അക്കാലത്തൊക്കെ ദേശീയ പത്രങ്ങളില്‍ വന്നിരുന്ന BSNL പരസ്യങ്ങള്‍. ആരും പ്രലോഭിതരായി പോകും. (ഇപ്പോഴെന്താ മോശമാണോ?) ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്ത്യ മാറി എന്നു തന്നെയാണ് പത്തുവര്‍ഷം അവിടെയുമിവിടെയുമൊക്കെ ചുറ്റി നടന്നിട്ട് നാട്ടില്‍ തിരിച്ചെത്തിയ ഞാനും ധരിച്ചു വശായിരുന്നത്. എന്നാല്‍ കഷ്ടം ! പ്രാദേശിക ഫുട്ബാളു കളിയിലൊക്കെ കമന്റ്‌റി പറയും പോലെ തുടര്‍ന്നുള്ള രണ്ടുമാസം ഒന്നും സംഭവിച്ചില്ലാ‍ാ‍ാ.. അതിനെ തുടര്‍ന്നുള്ള രണ്ടു മാസങ്ങളിലും അങ്ങനെ തന്നെ. എന്നാല്‍ പതിവുപോലെ ഞാനെന്നും രാവിലെ അണിഞ്ഞൊരുങ്ങി റോഡിലേയ്ക്കു നോക്കിയിരുപ്പാണ്. ഇപ്പം വരും ഇപ്പം വരും എന്റെ വിശാലത എന്ന മട്ടില്‍. ഇതിനിടയ്ക്ക് ‘അതി പ്രകര്‍ഷേണ‘ ഒന്നു രണ്ടു സാങ്കേതിക വിദഗ്ധരെ വിളിച്ച് ‘അദെങ്ങനെയാ, ഇദെങ്ങനെയാ, അപ്പോള്‍ ഐക്കണ്‍ ഡെസ്ക്ടോപ്പില്‍ കാണ്വോ.. ഡേറ്റാ ട്രാന്‍സ്ഫര്‍ അറിയാന്‍ പറ്റ്വോ ‘എന്നൊക്കെ ചോദിച്ച് ആളുകളെ മടുപ്പിച്ചിട്ടുണ്ട്. സ്വയം കൃതാനര്‍ത്ഥം! നമ്മളായിട്ടു ഹോം വര്‍ക്കു ഒന്നും ചെയ്തില്ലെന്നും എവനൊരു കണ്ട്രിയാണെന്നും BSNL-ല്‍ നിന്നു വരുന്ന സാറമാര്‍ക്കു തോന്നരുതെന്നും വിചാരിച്ചായിരുന്നു അന്തസ്സുകളഞ്ഞുള്ള അഭ്യാസങ്ങളൊക്കെ.

ഒക്കെ വെറുതെയായി !

ഒക്ടോബര്‍ അവസാനം കുടയുമെടുത്ത് ഞാന്‍ പട്ടത്തുള്ള BSNL-ന്റെ മെയിന്‍ ആപ്പീസില്‍ നേരിട്ടു തന്നെ പ്രത്യക്ഷനായി. ഉച്ചസമയമാണ്. കുറേ കാത്തു നിന്ന ശേഷമാണ് അവിടെയല്ല, ഇവിടെ ഇവിടെയല്ല, അവിടെ എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളുടെ ദിശാസൂചിപിടിച്ച് ഞാന്‍ ആപ്പീസറുടെ മുന്നില്‍ ആനീതനായത്.
“നിങ്ങളിതൊക്കെ ഇവിടെയല്ല അന്വേഷിക്കണ്ടത്” ഗൌരവക്കാരനായ ആപ്പീസറു പറഞ്ഞു. “ ചെന്ന് എക്സ്ചേഞ്ചിലന്വേഷിക്ക്.”
എവിടെയാണ് കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് എന്നു പോലും അറിവില്ലാത്തവന്റെ കുറ്റബോധത്തോടെ ഞാന്‍ വിമതമനസ്കനായി എക്സ്ചേഞ്ചിലേയ്ക്കു ചെന്നു. അപ്പോള്‍ അവിടെ ആരുമില്ല. ജീവിതം ഒരു പാടുകണ്ട ഒരു മനുഷ്യന്‍, സാറ്‌ (അവിടത്തെ) ഏതോ കല്യാണത്തിനു പോയിരിക്കുകയാണെന്നും ഇന്നിനി വരാന്‍ സാദ്ധ്യതയില്ലെന്നും നാളെ വന്നു തിരക്കുന്നതാണു ബുദ്ധി എന്നും തലോടും പോലെ എന്നെ ഉപദേശിച്ചു.

പിറ്റേന്ന്, അതീവസൌമ്യസ്വരത്തില്‍ സംസാരിക്കുമെങ്കിലും അസ്വസ്ഥതകൊണ്ട് പെട്ടെന്നു ചൂടാവുന്ന ഒരാപ്പീസറുടെ മുന്നിലാണ് ഞാന്‍ ചെന്നുപ്പെട്ടത്. അദ്ദേഹത്തിനു മാത്രമേ ബ്രോഡ്ബാന്‍ഡ് സംബന്ധമായി എന്തെങ്കിലും പറഞ്ഞു തരാനുള്ള അറിവുള്ളൂ, (ആ എക്സ്ചേഞ്ചില്). ബാക്കി ആ ആപ്പീസിലുള്ളവരൊക്കെ ലാന്‍ഡ് ഫോണും അതിന്റെ സ്ഥാപനവും കുഴിവെട്ടലുമൊക്കെയായി തട്ടിമുട്ടി ജീവിതം കഴിച്ചുകൂട്ടുന്നവരാണ്. ജോലി ചെയ്യാത്തവരുമുണ്ട്. അവര്‍ പഴയ ആള്‍ക്കാരാണ് പുതിയ ലോകവുമായി ഒത്തുപോകാന്‍ പറ്റാത്തതു കൊണ്ട് നിതാന്ത സമരത്തിലാണ്.

അപേക്ഷകൊടുത്ത സമയവും കാലവുമൊക്കെ ചോദിച്ചറിഞ്ഞിട്ട് ആപ്പീസറദ്ദേം ചിരിച്ച ഏങ്കോണിച്ച ചിരി ജീവിതത്തില്‍ മറക്കില്ല. അത്രയ്ക്ക് ഐസായി പോയീ ഞാന്‍. ബാന്‍ഡ് വിഡ്ത്തില്ല എന്നതായിരുന്നു പ്രശ്നം. അതുകൊണ്ട് അപേക്ഷകളൊക്കെ കെട്ടിക്കിടക്കുകയാണ്. ആ ‘വിഡ്ത്ത്’ വന്നാല്‍ മാത്രമേ അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങൂ.. ശരിയാണ് ആദ്യം കുറച്ചു പേര്‍ക്കെല്ലാം കൊടുത്തിരുന്നു. അതിനുശേഷമാണ്, ‘വിഡ്ത്ത്‘ പ്രശ്നം സജീവമായത്. പിന്നെ സര്‍ക്കാരാപ്പീസുകളിലെ ഏറ്റവുമധികം മുഴങ്ങി കേള്‍ക്കുന്ന നിറമുള്ള വാക്യം, കീ വേഡ്, അദ്ദേം പറഞ്ഞു.

“പോയിട്ട് പിന്നെ വാ..”

എന്റെ ഡയലപ്പും വച്ച് ബാംഗ്ലൂരും ഡല്‍ഹിലുമുള്ള സകല നോഡല്‍ ആപ്പീസര്‍മാര്‍ക്കും ഗ്രീവിയന്‍സുകള്‍ക്കും ഞാന്‍ എഴുതി. എഴുതിയവ പ്രിന്റെടുത്ത് ഒച്ചായും അയച്ചു.
“നോക്ക് അപ്പീസറന്മാരേ... പറഞ്ഞുവരുമ്പോള്‍, കേരളത്തിന്റെ തലസ്ഥാനമാണ്. സിറ്റിയാണ്. ടെക്നോ പാര്‍ക്ക് ഇവിടെയാണ്. എന്നിട്ട് ഇവിടെയുള്ള ഒരു എക്സ്ചേഞ്ചില്‍ നെറ്റു കണക്ഷന്‍ നല്‍കാനുള്ള ‘വിഡ്ത്തില്ലെങ്കില്‍’ നാണക്കേട് ആര്‍ക്കാണ്..എനിക്കോ നിങ്ങള്‍ക്കോ രാഷ്ട്രപുരോഗതിയ്ക്കോ ?”
ഒറ്റവക സംഭവിച്ചില്ലാ.......

ഞാന്‍ പുതിയൊരു അപേക്ഷാ ഫാറം വാങ്ങിച്ച് ഞാനൊന്നുമറിഞ്ഞിട്ടില്ലെന്ന മട്ടില്‍ പുതിയ ഒരപേക്ഷ കൂടി കൊടുത്തു.
അതിനു ശേഷം കോര്‍പ്പറേഷന്‍ വക ശുദ്ധജലം എന്തുമാത്രം ടാപ്പുകളിലൂടെ ഒഴുകിപോയിക്കാണും ! തൃക്കണ്ണാപുരം പാലത്തിന്റെ അടീന്ന് എന്തോരം മണലു ആളുകളെല്ലാം കൂടി വാരി ലോറീകേറ്റിക്കൊണ്ടു പോയി !

2007 നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഒരു ഫോണ്‍കോള്‍ വന്നു. എക്സ്ചേഞ്ചില്‍ നിന്നാണെന്നു പറഞ്ഞു. അറിഞ്ഞതു പാതി അറിയാത്തതു പാതി ഞാന്‍ ഓടി പാഞ്ഞു ചെന്നു. ഒന്നിനും ഒരുമാറ്റവുമില്ല.
പേരും നാളും ജനനതീയതിയും ഫോണ്‍നമ്പറും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു തുണ്ട് പേപ്പറ് ആപ്പീസര്‍ കൈയില്‍ തന്നു. എന്റെ ഇന്റെര്‍നെറ്റു കണക്ഷന്‍ വിശാലമാകാന്‍ പോകുന്നതിന്റെ തലക്കുറിയാണ്.
നാളെ ആളു വരും.
“ഇന്നു...” എന്നു തുടങ്ങുന്ന ചോദ്യം എന്റെ നാവിന്‍ത്തുമ്പില്‍ വന്നു കറങ്ങി അസ്തമിച്ചു.
എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ, അക്ഷമ കൊണ്ട് ആക്രാന്തം കാട്ടരുത്. വെളുക്കുവോളം കാക്കാമെങ്കില്‍ വേവുവോളം കാത്താലെന്ത്?

‘നാളെ’ ഒരാളും വന്നില്ല. എന്നല്ല അതുപോലെ പല നാളെകളിലും ആളെ കാണാതെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും എക്സ്ചേഞ്ചിന്റെ തിരുമുറ്റത്തു നിന്നു തലചൊറിഞ്ഞു.
“വരും’ ആപ്പീസറു ഉദാസീനമായ സ്വരത്തില്‍ പറഞ്ഞു.” എപ്പഴെന്നൊന്നും ഇപ്പം പറയാന്‍ പറ്റില്ല. കണക്ഷന്‍ നിങ്ങള്‍ക്കു മാത്രമല്ല പലര്‍ക്കും കൊടുക്കാനുണ്ട്. “
എന്നേക്കാള്‍ ക്ഷമാശീലരും സത്സ്വഭാവികളുമായ കുറേ മനുഷ്യരുടെ അവ്യക്തചിത്രങ്ങള്‍ എന്റെ മനോമുകുരത്തിലൂടെ പാഞ്ഞു. ശരിയല്ലേ. അക്കൂട്ടത്തില്‍ എത്ര ഉയര്‍ന്ന ഉദ്യോഗമുള്ളവര് കാണും. എന്തു പിടിപാടുള്ളവരായിരിക്കും. ഞാനാര്? അവര്‍ക്കൊക്കെ ക്ഷമിക്കാമെങ്കില്‍ എനിക്കെന്താ കൊമ്പുണ്ടോ?
രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ ഒന്നോ രണ്ടോ പേര്‍ വന്ന് ചോദ്യം ചെയ്തിട്ടു പോയെന്നും ഫോണെവിടെ, മുറിയെവിടെ എന്നൊക്കെ ചോദിച്ചെന്നും പോലീസാവാന്‍ സാദ്ധ്യയുണ്ടെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഒരു കോള്‍ വന്നു. ഞാനെന്തെങ്കില്‍ ‘കന്നന്തിരു‘ ഒപ്പിച്ചിരിക്കും എന്ന മട്ടിലാണ് അമ്മയുടെ സംസാരം. മുറിയില്‍ കയറിയപാടെ ഞാന്‍ കവിടി നിരത്തി ഗണിച്ചു. നല്ലകാലമാണ്. എന്തായാലും പോലീസല്ല. ആണെങ്കില്‍ തന്നെ വെരിഫിക്കേഷനു വല്ലതുമായിരിക്കും. പത്തോനൂറോ കൊടുത്തു വിടാമായിരുന്നു.
അമ്മ പറഞ്ഞു :“അതു ഞാന്‍ കൊടുത്തു.”

പിറ്റേന്ന് വൈകുന്നേരം പതിവുപോലെ വെളിയില്‍ വെയിലത്ത് ചുറ്റിതിരിഞ്ഞിട്ട് വീട്ടില്‍ വരുമ്പോള്‍ കാണുന്നത് കുറേ കറുത്ത വയറുകള്‍ മുറ്റത്തു കിടക്കുന്നതാണ്. തലേന്നു വന്നവര്‍ പോലീസുകാരല്ലായിരുന്നു. ടെലഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നു വന്ന തങ്കപ്പെട്ട മനുഷ്യരായിരുന്നു. മുറ്റത്തു കിടക്കുന്ന കറുത്ത വയറ് ഞാന്‍ രണ്ടായി മടക്കി എന്റെ മുറിയില്‍ കൊണ്ടു പോയി കണക്ഷന്‍ കൊടുക്കേണ്ട സ്ഥലത്തു വച്ചിട്ട് രണ്ടാമത്തെ അറ്റം വലിച്ചു ടെലഫോണ്‍ ലൈന്‍ കൊടുത്തിരിക്കുന്ന സ്ഥലത്തു കൊണ്ടു പോയി മുട്ടിച്ചു വയ്ക്കണം. അതാണ് നിര്‍ദ്ദേശം. ബാക്കി അവര് ‘നാളെ’ വന്നു ചെയ്തോളും.

കാര്യങ്ങള്‍ വ്യക്തമായി മനസ്സിലായിരുന്നില്ല. എങ്കിലും പറഞ്ഞതു പോലെയൊക്കെ ‘മുട്ടിച്ചു ‘ വച്ചു. അനാഥമായി രണ്ടു മടക്കിട്ട കറുത്തവയറ് രണ്ടു ദിവസം മഴ നനഞ്ഞു പനിച്ചു കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല. മുറ്റം തൂക്കുമ്പോഴുള്ള ബുദ്ധിമുട്ടു കാരണം ലീലചേച്ചി മാത്രം ശേ.. ശേ.. എന്നു പറഞ്ഞത് പത്രവായനയ്ക്കിടയില്‍ ഞാന്‍ കേട്ടായിരുന്നു. ഞാനെന്തു ചെയ്യും? പിന്നെ ഒരു ദിവസം പതിവു പോലെ ഓര്‍ക്കാപുറത്ത് അയ്യോ പൊത്തോ എന്നും പറഞ്ഞ് പഴയ കഥാപാത്രങ്ങള്‍ വന്നു. എന്റെ മുട്ടിച്ചു വയ്പ്പ് അവര്‍ക്ക് തീരെ പിടിച്ചില്ല. അതു പ്രശ്നമായി. സ്റ്റേഷനില്‍ ചെല്ലാന്‍ പറയും പോലെ എന്നെ അടിയന്തിരമായി എക്സ്ചേഞ്ചില്‍ ചെല്ലാന്‍ പറഞ്ഞിട്ട്, പെട്ടിയാട്ടോ പോലത്തെ വണ്ടിയോടിച്ച് അവരു പോയി.


എന്റെ പേരിലുള്ള കുറ്റം പലതായിരുന്നു.
ഒന്ന്, എക്സ്ചേഞ്ചില്‍ നിന്ന് ആളു വരുമ്പോഴൊക്കെ ഒരു സഹായവും ചെയ്യാതെ ഞാന്‍ ഒഴിഞ്ഞു മാറി. അവര്‍ പറഞ്ഞിട്ടു പോയ കാര്യങ്ങളുടെ ഗൌരവം മനസിലാക്കി അനുസരിച്ചില്ല എന്നു മാത്രമല്ല, ഒഴമ്പി തള്ളി. ഫോണ്‍, DSL‍, ലൈന്‍ എന്നെല്ലാമെഴുതിയിട്ടുള്ള ഒരു സോക്കറ്റ് ഉണ്ട്. അതു വാങ്ങി വച്ചില്ല, അങ്ങനെ സര്‍ക്കാരുദ്യോഗസ്ഥരുടെ വിലപ്പെട്ട സമയമാണ് ഞാന്‍ മുന്‍‌ക്കൈയെടുത്തു പാഴാക്കിയത്. സര്‍വോപരി മോഡം എന്നു പറയുന്ന ‘സാതനം‘ ഞാന്‍ വാങ്ങി വച്ചിട്ടില്ല.
‘ഈശോയേ.....അത് ഇവിടുന്നു കൊണ്ടു വരുമെന്നാണല്ലോ ഞാന്‍ കരുതീത്..‘ തലയില്‍ കൈ വച്ചു പോയീ ഞാന്‍
ആപ്പീസറുടെ കണ്ണില്‍ തീ പാളി.
‘ഞാന്‍ തന്ന മുന്‍പ് തന്ന സ്ലിപ്പ് വീട്ടില്‍ ചെന്ന് എടുത്തു വച്ച് കണ്ണു തുറന്ന് നോക്ക്..” ചീത്തവിളിക്കും പോലെ അദ്ദേം പറഞ്ഞു. “അതില്‍ മോഡം ഇവിടുന്നു തരുന്ന ‘പ്ലാനല്ല‘ തന്റേത്....”
“മോഡം കിട്ടുന്ന കട പറഞ്ഞാല്‍ നാളെ തന്നെ...”-ഞാന്‍
“കിട്ടില്ല..” -ആപ്പീസറ്.
“ പിന്നെന്തു ചെയ്യും.. “ കരച്ചിലിന്റെ വക്കിലെത്തിയ ഞാന്‍.
“ മെയിനാപ്പീസി ചെന്ന് അവിടത്തെ ആപ്പീസറെ കണ്ട് അപേക്ഷ കൊട്..” -എങ്കിലും വലിയ ഫലമൂണ്ടാവില്ല, മോഡം ഇപ്പം ഷോട്ടാ..” -ആപ്പീസറ്

അങ്ങനെയൊക്കെ തന്നെ ചെയ്തു. മെയിനാപ്പീസറു ഒരു സ്ത്രീയായിരുന്നു. അവരെന്നെ പെണ്‍സിംഹി നോക്കുന്നതുപോലെ നോക്കി. ‘ഇതൊക്കെ കണക്ഷനു അപേക്ഷിക്കുമ്പം ആലോചിക്കണമായിരുന്നു‘ എന്നും പറഞ്ഞ് ഫോണെടുത്ത് തൊട്ടടുത്ത ക്യാബിനില്‍ തന്നെയുള്ള ആരോടോ സംസാരിച്ചു. എന്റെ കൈയിലെ പേപ്പര്‍ കഷ്ണം വാങ്ങി അതിലൊരു ‘ശൂ‘ വരച്ചു. കൊണ്ടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു.

ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ മോഡം കിട്ടി. നാലഞ്ചു ദിവസം കൂടി കാത്തപ്പോള്‍ കണക്ഷനും കിട്ടി. പക്ഷേ ഒച്ചിഴയുന്ന സ്പീഡേയുള്ളൂ. ‘എന്തൊരു സ്ഫീഡ്’ എന്നു പറഞ്ഞ് അന്തം വിടാന്‍ ഒരു സ്കോപ്പുമില്ല. അങ്ങനെയല്ലായിരുന്നു പരസ്യം. മാത്രമല്ല. പത്തോ ഇരുപതോ സെക്കന്റു കഴിയുമ്പോള്‍ പറഞ്ഞു വച്ചതുപോലെ കണക്ഷന്‍ കട്ടാവും. ഇനി ഒരിക്കലും കാണേണ്ട എന്നു വിചാരിച്ചിരുന്ന ആപ്പീസറുടെ അടുത്തേയ്ക്ക് തലയും ചൊറിഞ്ഞ് ഞാന്‍ പിന്നെയും ചെന്നു.
എന്നെ കണ്ടതും സാറ് ഇഞ്ചികടിച്ചു...
“അതൊന്നും ഇവിടെ പറയണ്ട.. “ ആപ്പീസറ് പറഞ്ഞു. ‘നൊമ്മടെ ജോലി കഴിഞ്ഞ്”
അപ്പോഴാണ് ഞാന്‍ അറിയുന്നത് ‘കസ്റ്റമര്‍ കെയറ്’ എന്നൊരു മഹാസംഭവമുണ്ട്. ഇനി അവരാണ് എന്റെയും ഇന്റെര്‍നെറ്റ് ‘വിശാലന്റെയും’ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ ചെലുത്താന്‍ പോകുന്നത്. ഓക്കെ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.
കെയറില്‍ വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. പിന്നെയും പിന്നെയും പിന്നെയും വിളിച്ചു. വേറെ പണിയില്ലല്ലോ. ഒടുവില്‍ ഉറക്കച്ചടവിന്റെ ശബ്ദത്തില്‍ ഒരാള്‍, അയാളും ആപ്പീസറു തന്നെ, വിളികേട്ടു. കക്ഷി പ്രശ്നം കൃത്യമായി അപഗ്രഥിച്ച് വെളിവാക്കി തന്നു. അങ്ങനെ കട്ടാവുന്നെങ്കില്‍ സംഗതി വൈറസാണ്. മെഷ്യന്‍ മൊത്തം ഫോര്‍മാറ്റ് ചെയ്യണം. നല്ല ആന്റി വൈറസ് വിലകൊടുത്തു വാങ്ങി പിടിപ്പിക്കയും വേണം. എന്റെയൊരു ഭാഗ്യം ! വേറെ കമ്പ്യൂട്ടര്‍ വാങ്ങണം എന്നു പറഞ്ഞില്ലല്ലോ ഉദാരമതി!
ഫോണ്‍ വച്ചു.

അപ്പോള്‍ പറഞ്ഞു വന്നത് ഇങ്ങനെയൊക്കെയാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍. എല്ലാവര്‍ക്കും ഇതൊക്കെ തന്നെയാവണം അനുഭവം എന്നില്ലാ. ഭാഗ്യദോഷം കൊണ്ടാവാം, എന്റെ കാര്യം, ഇങ്ങനെയാണ്. കമ്പ്യൂട്ടര്‍ അറിയാവുന്ന ഒരു കൂട്ടുകാരനാണ് ‘റെഗ് എഡിറ്റില്‍‘ കയറി ഡിസ്ക്കണക്ഷന്‍ പ്രശ്നം ശരിയാക്കി തന്നത്. എങ്കിലും ഇപ്പോഴും പീക് അവേഴ്സില്‍ അതുണ്ട്. സ്പീഡു കുറയുന്നതിന് ‘സര്‍വെര്‍ ഡൌണ്‍‘ എന്നൊരു കാരണമുണ്ട്. അതാവട്ടെ ഇരിക്കുന്നത് ബാംഗ്ലൂരിലും. നമ്മുടെ എട്ടാവട്ടത്തുള്ള ആളുകളുടെ കൈപ്പിടിയിലൊതുങ്ങുന്ന കാര്യമല്ല അത്. അതു കൊണ്ട് സഹിക്കുക എന്നൊരുപദേശമാണ് ‘കസ്റ്റമര്‍ കെയറി‘ല്‍ നിന്നു പിന്നീടൊരിക്കല്‍ കിട്ടിയത് . എല്ലാദിവസവും അതിന്റെ സ്പീഡിങ്ങനെ കുറഞ്ഞും കൂടിയുമിരിക്കുമെങ്കില്‍‍ എത്രമാത്രം ‘എഫിഷ്യന്റായ സെര്‍വെര്‍ ആയിരിക്കുമത്? അതും കഴിഞ്ഞ് കടലിനടിയില്‍ കേബിള്‍ മുറിഞ്ഞു കിടന്നതിന്റെ പനിയും കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ കണക്ഷന്‍ ഒരു ഭാഗ്യക്കുറിയാണ്. കിട്ടിയാല്‍ കിട്ടി. കട്ടാവാതിരുന്നാല്‍ ഒത്തു. അതുകൊണ്ട് പലപ്പോഴും ഡയലപ്പിലാണ് കാര്യങ്ങള്‍ മുറതെറ്റാതെ കൊണ്ടു പോകുന്നത് എന്നു പറയുമ്പോള്‍ ബില്ല് അത്ര ചെറുതാണെന്നുന്നൊന്നും വിചാരിക്കരുത്. മൂവായിരത്തോളം രൂപയാണ് (കൃത്യം 2651) ജനുവരിമാസത്തെ ബില്ല്. എക്സ്ട്രാ യൂസേജ് ഉള്‍പ്പടെ. ബില്ലിന്റെ പരാതി പറയാന്‍ ചില നമ്പരുകളുണ്ട്. ദൈവത്തിന്റെ കളി കൊണ്ട് അവിടെയാരും ഫോണെടുക്കുന്നില്ല. ബില്ലില്‍ തന്നെ കൊടുത്തിട്ടുള്ള നമ്പരുകള്‍ നോക്കി വിളിച്ചിട്ട് ‘ഈ നമ്പര്‍ നിലവിലില്ല‘ എന്ന കിളിമൊഴി കേട്ട് എത്ര പ്രാവശ്യമാണെന്നോ ഞാന്‍ സായൂജ്യമടഞ്ഞിട്ടുള്ളത് !
ഇത്രയൊക്കെയായിട്ടും തകഴിയുടെ പഴയ കൃഷിക്കാരന്‍ ചെയ്യുന്നതു പോലെ ഞാന്‍ മുറയ്ക്ക് ‘ജെ ടി ഓ‘യെയും കസ്റ്റമര്‍ കെയറിനെയും വിളിക്കുന്നുണ്ട്. അതിനും വേണ്ടിയുള്ള കാര്യങ്ങള്‍ നിത്യേന സംഭവിക്കുന്നുണ്ട്. അല്ലാതെ കൊതിയായിട്ടൊന്നുമല്ല. ഇപ്പോള്‍ അതു ശീലമായി പോയി. അങ്ങനെയാണ് എന്റെ ക്ഷമയുടെ ബാന്‍ഡ് വിഡ്ത്ത് കൂടിയ കാര്യം ഞാനീയിടെ തിരിച്ചറിഞ്ഞത്. ഒരു ഗുളികയും കഴിക്കാതെ തന്നെ. അത്രയെങ്കിലുമാവട്ടേ.. അതൊരു നല്ലകാര്യമല്ലേ. ..

12 comments:

വിശാഖ് ശങ്കര്‍ said...

ഇതേ ഒമാനിലെ സലാലയില്‍ മേപ്പടി അപേക്ഷ കൊടുത്ത് അഴ്ച്ചയില്‍ മുന്നു തവണ വീതം ആറ് മാസത്തോളം കയറി ഇറങ്ങി, കഴിഞ്ഞ ജുണ്‍ മുതല്‍ ഈ ജനുവരി വരെ.അടുത്ത എക്സ്പാന്‍ഷനില്‍ നോക്കാം എന്ന മറുപടി നിര്‍ലോഭം കിട്ടി.(അറബി വലിയ വശമില്ലാത്തതുകൊണ്ട് അറ്റാച്മെന്റ് ഫയലില്‍ തെറിയാണോ താരാട്ടാണോ എന്നറിയില്ല :) ).ഒടുവില്‍ അത്യാവശ്യം പിടിപാടുള്ള ഒരു സുഹൃത്ത് വഴി അടിപ്പണി നടത്തിയപ്പൊ സംഗതി സക്സസ്..!അങ്ങനെ എനിക്കും കിട്ടി പവര്‍ നെറ്റ്.(ഒരു പക്ഷേ ഇനി ഇതുകൊണ്ടാണോ ഗള്‍ഫിലെ കേരളം ആയി സലാല വാഴ്ത്തപ്പെടുന്നത് എന്നറിയില്ല ;) )

Sandeep PM said...

ഏഷ്യാനെറ്റ്‌ കണക്ഷന്‍ എടുത്ത്‌ കൂടെ.അത്ര മെച്ചമൊന്നും ഉണ്ടായിട്ടല്ല...എന്നാലും ഒരു ചേഞ്ച്‌.ഞാന്‍ അതായിരുന്നു നാട്ടിലായിരുന്നപ്പോള്‍

Roby said...

ബാംഗ്ലൂരിലായിരുന്നപ്പോള്‍ ‘ഇലക്‌ട്രോണിക് സിറ്റി’യില്‍ ഒരു നെറ്റ് കണക്ഷന്‍ കിട്ടാന്‍ ഞാന്‍ പെട്ട പാട്....ഈ പറഞ്ഞ ആന്റി-വൈറസ് പറ്റാഞ്ഞിട്ട് സിസ്റ്റം ഫോര്‍മാറ്റു ചെയ്യുക കൂടി ചെയ്തു...:)

Anonymous said...

ചങ്ങാതീ, ബി.എസ്.എന്‍ എലില്‍ പ്രൈവറ്റ് കമ്പനിക്കാരുടെ കളി എന്നാണ്‍ ഞാന്‍ മനസ്സിലാക്കിയത്. കഴിഞ ഒരു കൊല്ലമായി ഞാനും ഇതിന്റെ പിന്നാലെ തന്നെ ആണ് എന്നറിയാമല്ലോ. ഞങ്ങടെ നാട് തിരോന്തോരോം അല്ല. ഒരു കുഗ്രാമം എന്നുമറിയാമല്ലോ.

ഏഷ്യാനെറ്റും വലിയ ഗുണമൊന്നുമില്ല. ടാറ്റാ ഇന്‍ഡികോമിന്റെ ജി.പി.ആര്‍ എസ്സ് നോക്കൂ. (വെള്ളെഴുത്തിന്റെ -സാമൂഹിക പ്രതിബദ്ധത, സര്‍ക്കാറിനോടുള്ള പ്രതിബദ്ധത ഇതൊക്കെ മനസ്സിലാക്കിയിട്ടാണേ ഞാനീ പറഞ്ഞത്)
സ്നേഹപൂര്‍വ്വം,
-സു-

യാരിദ്‌|~|Yarid said...

ഇതു ബി എസ് എന്‍ എല്ലിന്റെ മാത്രം പ്രശ്നമല്ലല്ലൊ മാഷെ, മിക്കവാറും സറ്‌ക്കാരാഫീസില്‍ ഇതു തന്നെ ഗതി..

പിന്നെ വീട്ടില്‍ ഞാനുപയോഗിക്കുന്നത് ബി എസ് എന്‍ എല്‍ ബോഡ്ബാന്‍ഡ് ആണ്‍. കണക്ഷനു വലിയ പ്രശ്നവുമില്ല. നല്ല സ്പിഡും ഉണ്ട്. 900+ ടാ‍ക്സ് അടക്കും.

ഏഷ്യാനെറ്റ് കണക്ഷന്‍ എടുക്കാതിരിക്കുന്നതാണ്‍ നല്ലത്. പറയുന്ന ബാന്‍ഡ്- വിഡ്തൊന്നും കിട്ടില്ല. പക്ഷെ ഒരു ഗുണമുമുണ്ട്. ഒരു മാസം ബില്ലടച്ചില്ലേലും പ്രശ്നമില്ല, കിട്ടുമ്പോളടച്ഛാല്‍ മതി.. പക്ഷെ സ്പീഡ് സ്വാഹ..

വെള്ളെഴുത്ത് said...

അങ്ങനെ തന്നെയാണിത്, നമ്മുടെ സര്‍ക്കാര്‍ വക സ്ഥാപനങ്ങളുടെ മൊത്തം സ്ഥിതിയിതാണ്. വിശാഖേ ശരിയാണ്‍`, പലര്‍ക്കും പലതാണ്‍ അനുഭവം ഒമാന്‍ താരതമ്യം ഞാന്‍ പിന്‍‌വലിക്കുന്നു. അതു മാറ്റാം. ദീപൂ, ഇക്കഴിഞ്ഞ രണ്ടു വര്‍ഷം പിന്നെ ഞാന്‍ എന്തുചെയ്യുകയായിരുന്നു ? ഏഷ്യാനെറ്റു തന്നെയായിരുന്നു, വഴക്കുണ്ടാവാത്ത ദിവസമില്ല. കൃത്യമായി പണമടച്ചുകൊണ്ടിരുന്ന എനിക്ക് ഒടുവില്‍ പിഴയും. ഒരു മാസം പണം അഡ്വാന്‍സായിട്ടടയ്ക്കണമെന്ന് അവരു തീരുമാനിച്ചു, നമ്മളറിഞ്ഞുമില്ല. അതാണ് കളി. അതു മറ്റൊരദ്ധ്യായമാണ്, വഴിപോക്കന് പറഞ്ഞത് തന്നെ. ഇതു ടൈപ്പു ചെയ്തു കൊണ്ടിരുന്നപ്പോള്‍ എനിക്കു രണ്ടു പ്രാവശ്യം കണക്ഷന്‍ കട്ടായി. നോക്കട്ടേ...ഇപ്പോള്‍ എന്റെ കൈയിലുള്ള മോഡങ്ങള്‍, ഏഷ്യാനെറ്റ്, ബി എസ് എന്‍ എല്‍, റിലയന്‍സ്, ഇനി ഇന്ദികോമുകൂടി വാങ്ങിച്ചു വയ്ക്കാന്‍ വയ്യ, സുനിലേ!

Sandeep PM said...

ഇവിടെ ബാഗ്ലൂര്‍ എയര്‍ടെല്‍ ഉണ്ട് .മോശമില്ലാത്ത കണക്ഷന്‍് ആണ്. കൊച്ചിയിലും ഉണ്ടെന്ന് കേട്ടു.പക്ഷെ തിരുവനന്തപുരം ഈയിടയ്ക്കൊന്നും വരുമെന്ന് തോന്നുന്നില്ല.

Kala said...

ഞങ്ങള്‍ tata indicom ന്റെ കണക്ഷന്‍ എടുക്കാനായി കസ്റ്റമര്‍ കെയര്റില്‍ എന്‍‌ക്വയറി ഇ മെയില്‍ അയച്ചിട്ട് 4ആഴ്ച കഴിഞ്ഞ് മറുപടി കിട്ടിയത്. ഇതാണ് നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഓഫീസിലെ സ്ഥിതി അപ്പോള്‍ പിന്നെ സര്‍ക്കാരു സ്ഥാപനത്തിന്റെ കാര്യം പറയണോ

siva // ശിവ said...

I did not agree with the comments in this post.

with love,
siva.

വേണു venu said...

ഹഹാ...ഇതെല്ലായിടത്തും ഉള്ളതാണു്.
അണ്‍ലിമിറ്റഡു് ഡഔണ്‍ ലോഡിങ്ങ് സൌകര്യം നല്‍കുന്ന 900 പ്ലുസ് എന്ന സര്‍വീസ്സിലേയ്ക്കു് ഞാനെന്‍റെ പഴയ Plan മാറ്റി.
വലിയ നിയന്ത്രണം ആവ്ശ്യമില്ലാത്തതിനാല്‍ ഡൌണ്‍ ലോഡിങ്ങിനെ പേടിച്ചതുമില്ല.
7000 ത്തിനു മേല്‍ വന്ന ബില്ലുമായി ഞാന്‍ ഒരാഴ്ച കൊണ്ടു് ക്ഷ്മമ എന്ന വാക്കിന്‍റെ അര്‍ത്ഥവും, മൌനം വിദ്വാനു ഭൂഷണം എന്ന ചൊല്ലിന്‍റെ സാരാംശവും ശരിക്കും മനസ്സിലാക്കി. ഇവിടെ ഇവിടെയല്ല, അവിടെ എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു് ഒരഞ്ചുനില ബില്‍ഡിങ്ങിന്‍റെ മിക്കവാറും എല്ലാ മുറികളും കയറി ഇറങ്ങി ഞാന്‍ ഒരു പരുവമായി.
ഒരു മൂലയിലിരുന്ന പരമ സാത്വികന്‍ എല്ലാം വായിക്കാനായി ഒരു മുറുക്കാനൊക്കെ വായിലിട്ടിട്ടു് ഒടുവില്‍ എന്നോടിരിക്കാന്‍ പറഞ്ഞു. മുറുക്കാന്‍റെ രസമാണോ ബില്ലിലേ അക്ഷരങ്ങളാണോ അദ്ദേഹം അരമണിക്കൂര്‍ രസിച്ചു വായിച്ചു. എന്‍റെ ബില്ലിപ്പോള്‍ ശരിയാകുമല്ലോ എന്നോര്‍ത്തെനിക്കു സന്തോഷവും.
ഇങ്ങനേയും ഉള്ള ഉദ്യോഗസ്ഥരും ഉള്ളതുകൊണ്ടാണു് ഈ വലിയ പ്രസ്ഥാനങ്ങളൊക്കെ ഇങ്ങനെ എങ്കിലും പോകുന്നതു് എന്നൊക്കെ ആലോചിച്ചു.
മുറുക്കാന്‍ തുപ്പിയതിനു ശേഷം എന്നോടദ്ദേഹം പറഞ്ഞു നിങ്ങള്‍ പ്ലാന്‍ ചെയുഞ്ചു ചെയ്തതു് ഒരു മൂന്നാം തീയതിയാണു്. ഇനി ആ പ്ലാനിലാകുന്നതു് അടുത്ത മാസമായിരിക്കും. ഇതു നിങ്ങള്‍ അടയ്ക്കെണ്ടതാണു്. ഒരു മന പ്രയാസവുമില്ലാതെ സാത്വികന്‍ എഴുനേറ്റു.
ഒരു സുഹൃത്തിന്‍റെ ഉപദേശമനുസരിച്ചു്, കടലാസ്സുകളുമായി കാണേണ്ടവരെ കാണുക ചെയ്തപ്പോള്‍, കമ്പ്യൂട്ടര്‍ ബില്ലിങില്‍ വന്ന തെറ്റു തിരുത്തി 2500 രൂപയുടെ ബില്ലായി മാറിയതും രണ്ടു മാസങ്ങള്‍ക്കു മുന്നേ ആയിരുന്നു. അനുഭവിച്ച ദിവസങ്ങളൊക്കെ വെള്ളെഴുത്തിഒന്‍റെ കുറിപ്പു വായിച്ചപ്പോള്‍ വീണ്ടും ഓര്‍മ്മ വന്നു.
ഇവിടെ ബീ എസ്സ് എന്‍ എല്‍ ന്റ്റെ ബ്രോഡുബാന്‍റു സേവനം വലിയ മോശമല്ല. ടെക്നിക്കലായുള്ള കുഴപ്പങ്ങള്‍ക്കു് അവരെ ആശ്ര്യിക്കാതെ പ്രൈവറ്റായി ആരെ എങ്കിലും കൂടെ കൂടെ വിളിച്ചാല്‍ വലിയ ബുദ്ധിമുട്ടില്ല.
പുതിയ ലോകവുമയി ഒത്തു പോകാന്‍ കഴിയാത്ത പഴയ ആളുകളെല്ലാം മാറുന്നവരെ ഇങ്ങനെ ഒക്കെ ആയിരിക്കും എന്നു തോന്നുന്നു.
ബി എസ് എന്‍ എല്‍ അല്ല പല ഗവണ്മന്‍റു് സ്ഥാപനങ്ങളും ബാങ്കുകളും അതില്‍ വരും.

keralafarmer said...

ഇത്തരത്തില്‍ ഒരനുഭവം ഏഷ്യാനെറ്റ് ഡാറ്റാലൈനില്‍ നിന്ന് ഉണ്ടായിട്ടില്ല. സ്പീഡ് പീക്ക് ഔവറില്‍ മോശം തന്നെയാണ്. ചിലപ്പോള്‍ പരാതിപ്പെടാന്‍ വിളിച്ചാല്‍ ഫോണ്‍ നമ്പര്‍ നല്‍കൂ തിരികെ വിളിക്കാം എന്ന മറുപടികിട്ടും. അതനുസരിക്കാതെ ഹോള്‍ഡ് ചെയ്താല്‍ നിങ്ങള്‍ വെയിറ്റിംഗിലാണ് എന്നുവെച്ചാല്‍ ഓരോ നമ്പരും മാറിവരുന്നതുവരെ BSNL ന് വരുമാനം കൂടും.

Siji vyloppilly said...

കാര്യത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള കമന്റല്ല..നിങ്ങളുടേത്‌ എന്തൊരു നല്ല ഭാഷ.