October 21, 2007
വനവും മൃഗശാലയും
പുഴവക്കത്തെ അത്തിമരത്തില്‍ ഒരു കുരങ്ങന് താമസിച്ചിരുന്നു. അയാള്‍ക്ക് തരത്തിലല്ലാത്ത ഒരു കൂട്ടുകാരനെ കിട്ടി. ഒരു മുതല. മുതലകള്‍ അത്തിപ്പഴവും തിന്നും. അങ്ങനെ കുരങ്ങന് ‘കുളും കുളും’ എന്ന ശബ്ദത്തോടെ മരം കുലുക്കി വെള്ളത്തില്‍ വീഴ്ത്തിക്കൊടുക്കുന്ന ചുവന്ന പഴങ്ങളും തിന്ന് കുരങ്ങന്റെ സരസമായ സംഭാഷണവും കേട്ട് രാത്രി വൈകും മുതല മടയിലെത്താന്‍. അതുകഴിഞ്ഞ് രാത്രി വൈകുവോളം, വൈകുന്നേരത്തെ കൂടിച്ചേരലിന്റെ കഥകള്‍ ഭാര്യയ്ക്ക് വര്‍ണ്ണിച്ചു കൊടുക്കലാണ് മുതലയുടെ ജോലി. കഥകള്‍ കേട്ടു കേട്ട് അത്തിപ്പഴം തിന്ന് തുടുത്ത കുരങ്ങന്റെ ഹൃദയത്തിന് എന്തു രുചിയായിരിക്കും എന്ന നിലയ്ക്ക് അവളുടെ ചിന്ത കാടുകയറി തുടങ്ങി. സുഹൃത്തിനെ വഞ്ചിക്കാന്‍ സാദ്ധ്യമല്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞതു കൊണ്ട് അവള്‍ക്ക് മാറാരോഗം വന്നു. അവസാനം മനസില്ലാമനസോടെ കുരങ്ങനെ മടയില്‍ കൊണ്ടു വരാം എന്നയാള്‍ ഏറ്റു. ഒരു ദിവസം കുരങ്ങനെ ക്ഷണിച്ച് മുതല വീട്ടില്‍ കൊണ്ടു പോയി. നദിയുടെ മദ്ധ്യത്തില്‍ വച്ച് പശ്ചാത്താപവിവശനായി അയാള്‍ സുഹൃത്തിനോട് സത്യം തുറന്നു പറഞ്ഞു. വിരുന്നല്ല ഉദ്ദേശ്യം. ഭാര്യയ്ക്ക് കുരങ്ങന്റെ ഹൃദയം വേണം, തിന്നാന്‍. അരുംചതിയില്‍ അന്ധാളിച്ചു പോയ കുരങ്ങന് സമനില പെട്ടെന്ന് വീണ്ടെടുത്തു് തന്റെ ഹൃദയം അത്തിമരത്തില്‍ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുകയാണെന്ന കള്ളം പറഞ്ഞു. മണ്ടച്ചാരായ മുതല അതെടുത്തുകൊണ്ടു വരാന്‍ വേണ്ടി കുരങ്ങനെ കരയില്‍ എത്തിച്ചു. കൂട്ടുകാരനെ വഞ്ചിക്കാന്‍ ശ്രമിച്ച മുതലയെ കണക്കിന് കളിയാക്കുകയും തെറി പറയുകയും ചെയ്തിട്ട് കുരങ്ങന് മരത്തില്‍ കയറി മറഞ്ഞു.
ഒരു സൌഹൃദം അതോടെ അവസാനിച്ചു. ഇനി അത്തിപ്പഴങ്ങള്‍ നദിയിലേയ്ക്ക് പൊഴിയില്ല. കുരങ്ങന്റെ തമാശകള്‍ കേട്ട് മുതലയ്ക്ക് പൊട്ടിച്ചിരിക്കാന്‍ കഴിയില്ല. മടയിലെ ഇരുട്ടില്‍ അവയുടെ വിശദാംശങ്ങള്‍ ചോരാതെ ഭാര്യയ്ക്ക് പറഞ്ഞുകൊടുത്ത് രസിപ്പിക്കാന്‍ അയാള്‍ക്ക് കഴിയില്ല.
അന്യാപദേശത്തെമാറ്റി നിര്‍ത്തിയാല്‍ ആദ്യം നമ്മുടെ കണ്ണെത്തുക കുരങ്ങന്റെ ഹൃദയം മരത്തിലാണെന്ന് വിശ്വസിച്ച മുതലച്ചാരുടെ മണ്ടത്തരത്തിലാണ്. ഏതു കൊച്ചുകുട്ടിയ്ക്കുമറിയാം ഹൃദയം അങ്ങനെ മരത്തിലോ മച്ചകത്തോ കെട്ടിത്തൂക്കിയിടാന്‍ പറ്റുന്ന സാധനമല്ലെന്ന്. അതുകൊണ്ട് ചിരിച്ച് ചിരിച്ച് നമ്മള് കുന്തം മറിഞ്ഞു. പക്ഷേ മുതല അത്ര വിഡ്ഢിയായിരുന്നോ? അയാള്‍ സുഹൃത്തിനെ വിശ്വസിക്കുകമാത്രമല്ലേ ചെയ്തത്? കുരങ്ങന്റെ ഹൃദയത്തിന് അത്തിപ്പഴവുമായി ഒരു സമീകരണമുണ്ട്. അത്തിപ്പഴത്തിന്റെ സ്വാദാണ് അതു സ്ഥിരം തിന്നുന്ന കുരങ്ങന്റെ ഹൃദയത്തിന് എത്രയിരട്ടി രുചിയായിരിക്കും എന്ന് മുതലപത്നിയെക്കൊണ്ട് ചിന്തിപ്പിച്ച ഘടകം. അതു ലഭിക്കാനാണ് അവള് ആധി പിടിച്ചത്. അത്തിപ്പഴം മരത്തില്‍ തൂങ്ങി നില്ക്കുന്നതു കണ്ടു പരിചയമുള്ള മുതലയ്ക്ക് മര്‍ക്കടഹൃദയം അവയ്ക്കിടയിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കാന്‍ സുഹൃത്തിന്റെ വാക്കിന്റെ ബലം മാത്രം മതി. സത്യത്തില്‍ അയാള്‍ ശുദ്ധനാണ്. ചങ്ങാത്തത്തിന്റെ നൈര്‍മ്മല്യത്തില്‍ അവസാനം വരെയും അയാള്‍ വിശ്വസിച്ചു. അയാളെ ചതിച്ചത് കുരങ്ങനാണ്.
ആണ്‍മുതലയില്‍ കാണാത്ത ‘ഹിംസാസ്വഭാവം’ പെണ്‍മുതലയില്‍ എവിടുന്നു വന്നു? കുരങ്ങന് വെറും കുരങ്ങനല്ല എന്നും മുതല വെറും മുതലയല്ലെന്നും മനസിലാക്കാന്‍ പ്രയാസപ്പെടാത്ത ആളുകള്‍ അവള് തിന്നണമെന്ന് ആഗ്രഹിച്ച കുരങ്ങന്റെ ഹൃദയം അതു പോലെ അന്യാപദേശരൂപത്തിലുള്ള എന്തെങ്കിലും ആയിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. അത്തിപ്പഴത്തിന്റെ സ്വാദാണ് അവളുടെ ആര്‍ത്തിയെങ്കില്‍ അതിന് അത്തിപ്പഴം തന്നെ ആവോളം തിന്നണം. തിന്നുന്ന ആഹാരം ഹൃദയത്തിനു രുചികൂട്ടും എന്നൊരു നിയമം കാട്ടിലെ മറ്റൊരു കഥയിലുമില്ല. അപ്പോള്‍ അവളാഗ്രഹിച്ചത് അവന്റെ ഹൃദയം തന്നെയായിരുന്നു. മടയിലെ ഇരുട്ടില്‍, ഏകാന്തതയില്‍ ഒരു പക്ഷേ അവളില്‍ സംവേദനത്വത്തിന്റെ ചലനങ്ങളുണ്ടാക്കിയത് കുരങ്ങനെപ്പറ്റി ആണ്‍മുതല പറഞ്ഞുകൂട്ടിയ കഥകളായിരിക്കണം. ഹൃദയം പ്രണയത്തിന്റെ ശാശ്വതചിഹ്നമാണ്. (നമുക്ക് മുന കൂര്‍ത്ത അമ്പുകളാവാം, നീ എന്റെ ഹൃദയത്തിലോട്ട്, ഞാന്‍ നിന്റെ ഹൃദയത്തിലോട്ട് ..) അവള്, ഭര്‍ത്താവിന്റെ വാക്കുകളിലൂടെ കുരങ്ങനെ പ്രണയിക്കുകയായിരുന്നു എന്നു കരുതുന്നതാണ് ന്യായം. സാധാരണവ്യവഹാരത്തില്‍ തന്നെ ‘മാംസക്കൊതി’യ്ക്ക് ലൈംഗികപരമായ അര്‍ത്ഥമുണ്ട്. മുതലകുടുംബത്തിന്റെ വ്യവഹാര ഘടന നോക്കിയാല്‍ മതി. ഭര്‍ത്താവിനു മാത്രമാണ് സഞ്ചാരസ്വാതന്ത്ര്യം. (എന്തുകൊണ്ട് വൈകുന്നേരത്തെ രസകരമായ കഥകള്‍ കേള്‍ക്കാനും അത്തിപ്പഴം തിന്നാനും അവള് കൂടി പോകുന്നില്ല..?) കുട്ടികള്‍ ഇല്ല. മടയില്‍ ഇരുട്ടില്‍, ഒറ്റയ്ക്ക് അയാളെ കാത്തിരിക്കുകമാത്രമാണ് അവള്‍ക്ക് ആകെ ചെയ്യാനുള്ളത്. അവളുടെ ഭാവനയില്‍ അത്തിപ്പഴങ്ങള്‍ക്കും കഥകള്‍ ചുരക്കുന്ന കുരങ്ങന്റെ ഹൃദയത്തിനും തമ്മില്‍ ആദേശം വന്നത് സ്വാഭാവികം. അടക്കിപ്പിടിച്ച പ്രണയം കത്തിച്ചതാണ് കഥയിലെ മാംസക്കൊതി. അവള്‍ക്ക് വന്ന അസുഖം ഒരു കള്ളനാട്യമാവണമെന്നില്ല. രോഗാതുരമാവുന്ന പ്രണയത്തിന്റെ സാക്ഷ്യമാണത്. വലിപ്പവും അഭിരുചികളും പ്രണയത്തിനു മുന്നില്‍ (ഇവിടെ അത് പെണ്‍മുതലയ്ക്കു മാത്രം) തീര്‍ത്തും അപ്രസക്തമായ കാര്യമാണ്. നാം അങ്ങനെയല്ല അതു മനസിലാക്കിയിരിക്കുന്നത് എന്നേയുള്ളൂ. തന്റെ ഭാര്യയുടെ ഉള്ളില്‍ താന്‍ തന്നെ കൊളുത്തിവച്ച കൃഷ്ണഗന്ധക ജ്വാലകള്‍ തിടം വച്ച് പാളുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുള്ളിടത്ത് ആണ്‍മുതല മണ്ടനാവുന്നുണ്ടാവാം. പക്ഷേ അത് നമ്മുടെ മാനദണ്ഡങ്ങള്‍ക്ക് മാത്രം വിധേയമാണ്. ഒരു പക്ഷേ അയാള്‍ നാം വിചാരിക്കുന്നതിനേക്കാള്‍ സാത്വികനും സഹൃദയനുമാണെങ്കിലോ..?
ഈ കഥ നമ്മുടെ അബോധവുമായി സന്ധി ചെയ്യുന്നത് സത്യത്തില്‍ ഒരു ബുദ്ധിമാന്, മണ്ടനെ തറപ്പറ്റിച്ചു എന്ന കേവലയുക്തിയിലല്ല. പെണ്‍മുതലയുടെ പ്രണയാപേക്ഷയില്‍ നിന്നും അതു നിറവേറ്റിക്കൊടുക്കാന്‍ (അതിനെ വേണമെങ്കില്‍ കാട്ടുനീതിയെന്നു വിളിച്ചോളൂ) വെമ്പിയ ഒരു ഭര്‍ത്താവില്‍ നിന്നും ഓടിപ്പോയ കുരങ്ങന് രക്ഷിച്ചെടുത്തത് ഞാനും നിങ്ങളും ശരി എന്നു വിശ്വസിക്കുന്ന ഒരു സദാചാരവ്യവസ്ഥയെയാണ്. അതുകൊണ്ടാണ് നാം കഥകഴിയുമ്പോഴേയ്ക്കും ദീര്‍ഘശ്വാസം വിടുന്നത്. വിജയിക്കുന്ന മൂല്യസംഹിതക്കാരുടെ പക്ഷം എപ്പോഴും, മറയില്ലാത്ത പ്രണയാപേക്ഷകളെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. സംശയമുണ്ടോ? എന്നാല്‍ നോക്കുക. ശൂര്‍പ്പണഖയുടെ കാതും മൂക്കും ചെത്തിയതിനു പിന്നില്‍ പ്രണയത്തെ ശാസിച്ചൊതുക്കലാണുള്ളത്. താടകയുടെയും രാവണന്റെയും ബാലിയുടെയും (ഒക്കെ മനുഷ്യരെക്കാള്‍ അല്പം താഴെ. രാക്ഷസന് അല്ലെങ്കില്‍ മൃഗം!) കൊലയിലും സദാചാര സംരക്ഷണം നിഹിതമാണ്. സഹജവാസനകള്‍ നഗ്നമായി ആവിഷകരിക്കുന്നതിനെയാണ് നാം ആസുരമെന്നും വന്യമെന്നും വിളിച്ച് മാറ്റി നിര്‍ത്തിയത്. കാലങ്ങള്‍ക്കിപ്പുറം വന്ന് നമ്മുടെ അബോധത്തെ സ്പര്‍ശിക്കുന്ന ഒരു ലളിതയുക്തിയുടെ കഥയില്‍ നാം ഇന്നും കൊണ്ടു നടക്കുന്ന വന്യ/പരിഷ്കൃത -മൂല്യവിവേചനങ്ങളുടെ അടരുകള്‍ മാറ്റമില്ലാതെ തന്നെയുണ്ടെന്നത് അദ്ഭുതകരമല്ലേ?
വാല്‍ക്കഷ്ണം:
ടി പി വിനോദിന്റെ മൃഗശാല രാം മോഹന്റെ യൌവന്യം എന്നിവയിലെ പുതിയ കാടും മൃഗങ്ങളും ഈ രീതിയില്‍ ആലോചിക്കാന്‍ ചില സാദ്ധ്യതകള്‍ നല്‍കുന്നുണ്ടെന്നു തോന്നുന്നു.
Labels:
സാഹിത്യം
Subscribe to:
Post Comments (Atom)
17 comments:
മാഷേ തേങ്ങ എന്റെ വക... ഠേ...!
ഈ കഥയില്‍ ഇങ്ങനെ ഒരര്‍ത്ഥം സത്യം പറഞ്ഞാല്‍ ഇപ്പൊഴാണു കാണുന്നത്... മാഷ് പറഞ്ഞപോലെ ഇത്രയങ്ങട്ട് ചിന്തിച്ചിട്ടില്ല.
ഈ പുതിയ അറിവിന് നന്ദി...
:)
ഇതൊരു പുതിയ സംഭവം ആണല്ലോ.
ന്നാലും മുതലച്ചിയുടെ പ്രണയത്തിനു കുരങ്ങനെ കിട്ടിയായിരുന്നെങ്കില്‍ ഒന്നുകില്‍ പ്രണയിച്ചുപ്രണയിച്ച് കുരങ്ങനെ മിസ്സിസ്സ് മുതല കൊന്നേനെ. അല്ലെങ്കില്‍ അസൂയകൊണ്ട് സാത്വികന് മുതല കൊന്നേനെ. ആണ്‍ചിലന്തികളുടെ ഗതിയായേനെ കുരങ്ങന്. (തരത്തില്‍ പോയേ കളിക്കാവൂ എന്ന് ഗുണപാഠം).
കുരങ്ങന് ദീര്‍ഘദൃഷ്ടി ആയിരുന്നു എന്നും കാണാം. എങ്കിലും വീണ്ടും അത്തിപ്പഴങ്ങള്‍ കൊടുക്കാത്തത് മുതലച്ചിയുടെ പ്രണയത്തെ പാടേ നിരസിച്ചതിനു തുല്യമല്ലേ? ആണ്മുതലയെ ചീത്തവിളിച്ചത് ഇനിയെങ്കിലും കപ്പലണ്ടിയും കൊറിച്ച് കത്തിയടിക്കാതെ പോയി നിന്റെ ഭാര്യയെ നോക്കെടാ, അല്ലെങ്കില്‍ ഭാര്യയെ വേറെ ആണുങ്ങള് കൊണ്ടുപോവും (എനിക്കു വയ്യ) എന്നു പറഞ്ഞതിനും തുല്യമല്ലേ?
ഓ.ടോ: രാമന് താടകയോടൊത്തു പോയെങ്കില്‍ സീത എന്തുചെയ്തേനെ? രാമന് രണ്ടിലൊന്നിനെ തിരഞ്ഞെടുത്തു എന്നേ ഉള്ളൂ. രാമനു ബുദ്ധിയില്ല.
അങ്ങനെ പറ.. എനിക്കാ കഥ കേട്ടപ്പഴേ തോന്നിയിരുന്നു ഇതിനുള്ളില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന്. ഇപ്പഴല്ലേ മനസ്സിലായത് ...
വായനയെ കടത്തിവെട്ടി എഴുത്ത്. ഇന്നലെയും കൂടി ഓര്‍ത്തതാ ‘കുരങ്ങന്റെ ഹൃദയം എവിടെ’ എന്ന തലക്കെട്ട്. അതല്ലേ കൂടുതല്‍ നല്ലത്?
സ്വല്പം ചിന്തിച്ചാലെന്ത്... വളരെ സത്യം!
നല്ല ചിന്ത. എന്നാല്‍ ഞാന്‍ ഒന്നു ചിന്തിച്ചപ്പോള്‍ എനിക്ക് തിരിച്ചാണ് തോന്നിയത്.
മിസ്സസ്സ് മുതല വളരെ പൊസസ്സീവ് ആയ സ്ത്രീ ആയിരിക്കണം. ഭര്‍ത്താവിന്റെ വര്‍ണ്ണനകളും, എന്നും രാവിലെ മുതല്‍ അന്തിയാവും വരെ കുരങ്ങനൊപ്പം ചിലവഴിക്കുന്നതും അവരുടെ 'ദാമ്പത്യ ജീവിത'ത്തെ ബാധിച്ചിരിക്കാം. തന്റെ സ്ഥാനം ഒരു വേള കുരങ്ങന് കവരുമോ എന്ന ശങ്ക വന്നിരിക്കാം.കുരങ്ങനെ നശിപ്പിക്കാന്‍ ഇത് പ്രേരിപ്പിച്ചിരിക്കാം.
ഒരു തരം ബ്രോക്ക് ബാക്ക് മോണ്റ്റന് എഫെക്റ്റ് :-) അല്ലാതെ മുതലച്ചിക്ക് കുരങ്ങനോട് പ്രേമായി എന്ന് കരുതാന്‍ സാധിക്കുന്നില്ല.
കടന്നുകാഴ്ചയുടെ കനം ഊഷ്മളമായ വായനാനുഭവം.
പ്രണയദാരിദ്ര്യം കുടില്‍വ്യവസായമായ ഒരിടത്തെ ഭാഷയില്‍ ഇതു വേണ്ടതു തന്നെ..
പണ്ട് എതാണ്ട് 1997 ലോ മറ്റോ മാതൃഭൂമിയില്‍ കുരങ്ങെഴുത്ത് എന്ന പേരില്‍ ഒരു കവിതയുണ്ടായിരുന്നു. ആരാണെഴുതിയതെന്നും എന്തായിരുന്നു വിശദാംശങ്ങളെന്നൊന്നും ഓര്‍ക്കുന്നില്ല. പക്ഷേ തിരിച്ചു പോയതിന് കുരങ്ങന് സാര്‍ പറയുന്ന ഏതോ കാരണങ്ങള്‍ അതിലുണ്ടായിരുന്നെന്ന് ഓര്‍ക്കുന്നു. ഓര്‍ക്കുന്നുണ്ടോ ആ കവിത?
[ചേ.ക്കാ :യൂണിവേഴ്സിറ്റി എന്ന് അന്ന് പറഞ്ഞത് എം.ജി. യൂണിവേഴ്സിറ്റി തന്നെ അല്ലേ? ആണെങ്കില്‍ ആ ഈ മെയില്‍ ഐ.ഡി. എത്രയും പെട്ടെന്ന് എനിക്ക് തന്നില്ലെങ്കില്‍ ഈ ബ്ലോഗില്‍ ബോംബിടുന്നതാണെന്ന് അറിയിക്കുന്നു..:)]
നന്നായിട്ടുണ്ട്..
ഇങ്ങനെയൊരു ചിന്തയിലേക്ക്
പോയതിന്
അഭിനന്ദനങ്ങള്‍....
കഴമ്പുള്ള ചിന്ത..
സൂക്ഷിക്കൂ
ഏതെങ്കിലും അനോണി വന്ന് മനുഷ്യനു മനസ്സിലാകുന്ന രീതിയില്‍ ചിന്തിക്കൂ അല്ലെങ്കില്‍ നിര്‍ത്തിപ്പോകൂ എന്നു പറഞേക്കും.
സഹയാത്രികാ ഇതൊരു പുതിയ പതിവാണൊ ഈ തേങ്ങ? എങ്കില്‍ നനഞ്ഞ ഒരു കഷ്ണം പെറുക്കാന്‍ ഞാനുമുണ്ട്..സിമീ പ്രണയം കൊല്ലില്ല..വലിപ്പങ്ങള്‍ സാമാന്യധാരണയുടെ താളം തെറ്റിക്കുന്നതാണ്. അക്കോമഡേഷന്‍ (അഡ്ജസ്റ്റ്മെന്റ് അല്ല)ആണ്, മുതല കുരങ്ങന് വണ്‍വേയുടെ അടിസ്ഥാനം എന്ന മട്ടിലാണ് ഈ വണ്ടിയുടെ പോക്ക്..ഇനി താടക അതെന്തെങ്കിലുമാവട്ടെ..:)
ചിത്രപ്രശ്നങ്ങള്‍ സമര്‍ത്ഥമായി ഡികോഡ് ചെയ്യൂന്ന ത്രേസ്യേകൊച്ചേ, ‘ഇപ്പോഴല്ലേ മനസിലായത്’ എന്നത് എനിക്കിട്ട് കുത്തിയതാണെങ്കില്‍.. അതു ഞാന്‍ സസന്തോഷം ഏറ്റുവാങ്ങുന്നു..
അരവിന്ദ് അപ്പോള്‍ അങ്ങനെയും ചിന്തിക്കാമല്ലേ..അതു നന്നായി..മുതല ഭര്‍ത്താവിന്റെ കൂടെ വന്ന് നാലുതെറി കുരങ്ങനിട്ട് കൊടുക്കാത്തതെന്തായിരുന്നു? എന്നിട്ടു പോരായിരുന്നോ ചീറ്റിപ്പോയ ഒരു കൊലപാതകം ആസൂത്രണം ചെയ്യാന്‍..നമ്മള് മെനയുന്ന കഥകളില്‍ നമ്മുടെ സ്വത്വാംശം ഇത്തിരീശെയുണ്ട്.. സിമി പറഞ്ഞതു നോക്ക്...ദ്രൌപദി സനാതന്‍ വാത്മീകി..:)
വണ്‍ സ്വാളോ ആന്‍ഡ് ലാപുടാ.....,
സത്യത്തില്‍ ഇത് ആ വാല്ക്കഷ്ണമുണ്ടല്ലോ ഒരു വരിയില്‍ തീര്‍ത്തത്, അതിന്റെ ആമുഖം മാത്രമാണ്. അതാണീപേര്. കുരങ്ങനും മുതലയുമല്ല യഥാര്‍ത്ഥവിഷയം.എന്തുകൊണ്ട് ഇപ്പോഴും നമ്മുടെ കാമം വന്യവും മൃഗം മൃഗശാലയ്ക്കുള്ളിലുമാകുന്നു എന്നാണ് ആലോചിച്ചത്. ഭാരതത്തിലല്ലാതെ സങ്കല്പ്പിക്കപെടാന് സാദ്ധ്യതയില്ലാത്തത്തരം ഘടന ഈ കുട്ടിക്കഥയ്ക്കുണ്ട്.. അതാവട്ടെ കാലാന്തരങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.
‘കുരങ്ങെഴുത്ത്’ ഞാന്‍ ഓര്‍ക്കുന്നില്ല. ചേനക്കാര്യം എന്താണ്..,അതെനിക്ക് മനസിലായില്ല, എനിക്കുള്ളതാണെങ്കില്‍..
വെള്ളെഴുത്ത്, ചേനക്കാര്യം രണ്ട് മൂന്ന് തെറ്റുധാരണകളില്‍ നിന്ന് ഉണ്ടായിപ്പോയ അബദ്ധം. സോറി, വിട്ടുകളഞ്ഞേക്കൂ..:)
ഹേ , ഹേ അതൊന്നുമല്ല കാര്യം. മുതല അത്തിപ്പഴം തിന്നു വെജിറ്റേറിയനായി മാറിപ്പോകുകയായിരുന്നു. മുതലകള്‍ അത്തിപ്പഴം പോയിട്ട് എതെങ്കിലും പഴം തിന്നുമോ? ഇങ്ങനെ കള്‍ട് മെംബെര്‍ ആയിപ്പോകുന്ന ഭര്‍ത്താവിനെ നേരേയാക്കാന്‍ കള്‍ട് ലീഡറെത്തന്നെ വകവരുത്തണമെന്നാണ് മുതലപ്പെണ്ണിനു്. കാരണം ഭര്‍ത്താവ് ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു!ശ്രീ ശ്രീ കുരങ്ങച്ചന് മിടുക്കന്, ബുദ്ധിശാലി.
പിന്നെ സെക്സിലെ വന്യത ദേവീ ദേവന്മ്മാര്ക്കും വേണമായിരുന്നു. ആനകള്‍ രമിയ്ക്കുന്നതു കണ്ട് പാര്‍വതിയ്ക്കു അതുപോലെ വേണമെന്നു തോന്നിയാണ് ശിവനും ആനയായി പരിപാടി ഒപ്പിച്ച് ഗണപതി ഉണ്ടായത്.
പിന്നെ ശൂര്‍പ്പണഖയോട് ശ്രീരാമന് പറ്ഞ്ഞത് അദ്ദേഹത്തിന്റെ നാണക്കേടായി നിലനില്ക്കുന്നു. “എന്റെ ഭാര്യ കൂടെയുണ്ട്, അതുകൊണ്ട് ഭാര്യകൂടെയില്ലാത്ത ലക്ഷ്മണന്റെ അടുക്കല്‍ ചെല്ലുക” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അല്ലാതെ സഹജവാസനയെ നിരാകരിച്ചില്ല.
തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു!! അയ്യോ അതു ഞാന്‍ പെട്ടെന്നു തോന്നിയ കാര്യം പറഞ്ഞുന്നേയുള്ളൂ. എന്റെ നിരപരാധിത്വം എങ്ങനാ ഒന്നു തെളിയിക്കുക എന്റെ പറശ്ശിനി മുത്ത്പ്പാ..
ഭൂമി ഒരു വലിയ മൃഗശാല
ഒരു കമന്റിടുവാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
സത്യത്തില്‍ ആ കുരങ്ങനും ആണ്മുതലയ്ക്കും ഇടയിലാണ് ഞാന്‍ എന്ന തിരിച്ചറിവാകും കാരണം.
ഓഫ്: വെള്ളെഴുത്തെന്നാല് വെളുത്ത (തെളിഞ്ഞ) എഴുത്തെന്നാണല്ലേ!
എതിരവന്, സിമി, അരവിന്ദ്..ഒരു കുട്ടിക്കഥയില്‍ എന്തെന്ത് അര്‍ത്ഥങ്ങള്‍..ഹനുമാന് കുരങ്ങനാണോ? ഹനുമാന് കുരങ്ങന് തന്നെയാണോ?കൊച്ചുത്രേസ്യേ മുത്തപ്പന് അതു തെളിയിച്ചു..ഒറ്റവിഴുങ്ങലേ.. അനിലാ...അങ്ങനെതന്നെയാവട്ടെ!
Post a Comment