October 7, 2007

പച്ചക്കൊടി

2007 സെപ്തംബര്‍ 16-നുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം29) രണ്ടു കവിതകളുണ്ട്. രണ്ടും ഓരോ മുഴുപേജുകളില്‍ അച്ചടിച്ചിരിക്കുന്നു. തവിട്ടു നിറത്തിലും മങ്ങിയ പച്ചനിറത്തിലുമായി പ്രത്യേക ലേഔട്ടു തന്നെ ഈ കവിതകള്‍ക്കായി മാതൃഭൂമി ഒരുക്കിക്കൊടുത്തു. ആദ്യത്തേത് പി എന്‍ ഗോപീകൃഷ്ണന്റെ ‘കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു’ എന്ന കവിത. രണ്ടാമത്തേത് എം എസ് ബനേഷിന്റെ ‘ഹരിതക്കൊടി’. രണ്ടു കവിതകള്‍ക്കും പൊതുവായി പങ്കു വയ്ക്കാന്‍ മറ്റൊന്നു കൂടിയുണ്ടെന്നു കാണാം. അവ രണ്ടും വിമര്‍ശനത്തിനു വിഷയമാക്കുന്നത് പുരുഷലോകത്തെയാണ്. ഗോപീകൃഷ്ണന്റെ കവിത നമ്മുടെ ‘ആണത്ത’ ധാരണകളുടെ മര്‍മ്മത്തിലേയ്ക്കു നോക്കി കറുത്ത ചിരി ചിരിക്കുമ്പോള്‍ ബനേഷ് ആണ്‍ ലൈംഗിക മോഹപ്പകര്‍ച്ചകളുടെ കളകള്‍ക്ക് വിഷപുകയേല്‍പ്പിക്കുകയാണ്. പുരുഷലോകത്തിന്റെ തട്ടകങ്ങളെ കുത്തിയിളക്കുന്നു എന്ന അര്‍ത്ഥത്തില്‍ അവ ആണ്‍ വിരുദ്ധകവിതകളാണ്. ആണുങ്ങള്‍ തന്നെയാണ് കര്‍ത്താക്കള്‍ എന്നുള്ളതുകൊണ്ടും അവയുടെ ആഘാതം പതിവിലേറെ മാരകവുമാണ്.

ലാസ്യം എന്ന സിനിമയുടെ പോസ്റ്ററില്‍ വയറു കാണിച്ചു നില്‍ക്കുന്ന നടി രേഷ്മയുടെ പൊക്കിള്‍ എന്ന ചെറു വായ പറയുന്നതെന്താവാം എന്നാലോചിക്കുകയാണ് ബനേഷിന്റെ കവിത. ബി ഗ്രേഡ് സിനിമകള്‍ ലക്ഷ്യം വയ്ക്കുന്ന വലിയൊരു ‘പുരുഷാരത്തിന്റെ’ ഇക്കിളികളെ പൊതുധാരണയുടെ പിന്നാമ്പുറത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുകയാണ് ഈ കവിത. കൈപ്പിടിയിലൊതുങ്ങുന്നൊരു കിതപ്പിനുള്ളൊരു ഉപകരണം എന്ന നിലയില്‍ നിന്ന് രേഷ്മ ഈ കവിതയില്‍ ഒരു പെണ്ണിന്റെ നിര്‍ഭാഗ്യങ്ങളുടെ പരിസരത്തെ തുറന്നിടുന്നു. അതാകട്ടെ ഇക്കിളി സങ്കല്‍പ്പങ്ങളെ പാടെ നിരാകരിക്കുന്നതരം ബീഭത്സമായൊരു വാസ്തവ ചിത്രീകരണവും. നടിയുടെ വയറിന്റെ പ്രലോഭനീയതയെ, അതിനുള്ളില്‍ കിടന്നു പുളിക്കുന്ന തലേന്ന് അവള്‍ കഴിച്ച ബീഫിലേയ്ക്കും ചാളക്കറിയിലേയ്ക്കും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയെ ഓര്‍മ്മിപ്പിക്കുന്ന മറ്റു പലതിലേയ്ക്കും ശ്രദ്ധ ക്ഷണിച്ച്, റദ്ദ് ചെയ്യുകയാണ് കവി. അവളുടെ ദാരിദ്ര്യത്തിന്റെയും നിവൃത്തികേടിന്റെയും ചിത്രണങ്ങളുമുണ്ട് തുടര്‍ന്ന്. കൌമാരത്തില്‍ അവളെ തൊട്ട ലോലഭാവങ്ങളുടെ ചെറിയ മിന്നായം ഒന്നോരണ്ടോ വരികളില്‍ കാണാം. സെക്കന്‍ഡ് ഹാന്‍ഡ് വെള്ളിയരഞ്ഞാണം കുളി കഴിഞ്ഞ അവളുടെ അരയില്‍ പകര്‍ന്ന അല്പായുസ്സായ ലോഹ തണുപ്പാണ് അതിലൊന്ന്. മറ്റൊന്ന്, ആദ്യത്തെ ഹാഫ് സാരിയുടെ നിഷ്ഠയുള്ള പതുപ്പന്‍ കുത്ത്. ആ ലോലതയത്രയും ഒഴിഞ്ഞുപോയി. പേരറിയാസസ്യത്തിന്റെ ഒരു ഈറന്‍ നാവ് അവളുടെ പൊക്കിളിനു മുന്നില്‍ ഒരു പച്ചക്കൊടി നാട്ടിയിരിക്കുന്നു. ആര്‍ക്കും കടന്നുപോകാം.

ഇപ്പോള്‍ അവളുടെ മൃദുലത വിവൃതമാണ്. പൊക്കിളിനു താഴെ പോലും കുത്താന്‍ വേണ്ടാത്ത മട്ടില്‍ സാരി ജീവിതത്തില്‍ നിന്നേ ഇഴിഞ്ഞു പോയിരിക്കുന്നു. കവി ഉപയോഗിക്കുന്ന മൂന്നുരൂപകങ്ങള്‍ വില്‍പ്പനയ്ക്കു വച്ച ഒരു ജീവിതത്തിന്റെ നാള്‍ വഴിയെ കൃത്യമായി അടയാളപ്പെടുത്തുന്നവയാണ്. ‘അരയാലിലയില്‍ നിന്ന് കോളാമ്പി പൂവായും പിന്നെ കോളാമ്പി മൈക്കായും’ പരിണമിക്കുന്ന അവളുടെ പെണ്ണവയവ വര്‍ണ്ണനയില്‍ ആ ഭീകരത മുഴുവനുണ്ട്. പ്രകൃതിശുദ്ധി നഷ്ടപ്പെട്ട അവള്‍ ഇപ്പോള്‍ തുറന്നുവച്ച യാന്ത്രികമായൊരു വായാണ്. ആബാലവൃദ്ധം ഒളിനോട്ടങ്ങള്‍ക്ക് ആശ്രയമായി, മൈദപ്പശയ്ക്കും ശിവകാശിത്തിളക്കങ്ങള്‍ക്കും ഇടയില്‍ ബ്ലൌസും ബ്രായും പാവാടയുമില്ലാതെ ആദി ശിശുവിനെപ്പോലെ അവള്‍ വിരല്‍ചപ്പി കിടക്കുന്നു. അങ്ങനെ വിവൃതയായൊരു സ്ത്രീ സത്തയെ താരാട്ടുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ആ പോസ്റ്ററിനെ നോക്കി കടന്നു പോകുന്ന ഏതെങ്കിലും വഴിയാത്രകാരന്‍ തയാറാവുമോ എന്ന് ചോദ്യത്തിലുടക്കി കവിത അവസാനിക്കുന്നു.

ഒരു രണ്ടാംകിട സിനിമയുടെ പോസ്റ്ററിനു മുന്നില്‍ നിന്നു കൊണ്ട് കവി നടത്തുന്ന തത്ത്വവിചാരത്തിന് ശങ്കരാചാര്യരോളം പഴക്കമുണ്ട്. ഏറ്റവും പ്രലോഭനീയമായത് ഏറ്റവും അറപ്പുണ്ടാക്കുന്നതു കൂടിയാണെന്ന ആത്മവിചാരം കൂ‍ടിയാണത്. (ബനേഷ് കൊടുങ്ങലൂര്‍ കാവു തീണ്ടലിനെപ്പറ്റി ഡോക്യുമെന്ററി എടുത്ത വ്യക്തിയാണെന്നു കൂടി ഓര്‍ക്കുക.) പ്രത്യേകിച്ചും ഇവിടെ കവി അവസാനം എത്തിച്ചേരുന്ന ‘ആദിശിശു’ സങ്കല്പം കൂടി കണക്കിലെടുക്കുമ്പോള്‍. എന്നാല്‍ പോലും ചിന്തയുടെ അറുപതു ശതമാനവും ലൈംഗികതയും അതുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങള്‍ ഒഴിയാബാധ പോലെ കൂടെകൊണ്ടു നടക്കുന്ന ഒരു വിഭാഗത്തെകൊണ്ട് സ്ത്രൈണമായ നഗ്നതയ്ക്കു താരാട്ടു പാടിക്കുവാനുള്ള‍ -അച്ഛനായ അമ്മയാക്കുവാനുള്ള/ അമ്മയായ അച്ഛനാക്കുവാനുള്ള - കവിയുടെ അഭിലാഷം വേറിട്ട പ്രതീക്ഷയാണ്. അത് ഒരു സംക്രമണത്തിന്റെ ദിശാസൂചിയാണ്. ആണഭിലാഷങ്ങള്‍ കടുത്ത ആത്മനിന്ദയിലേയ്ക്ക് കൂപ്പുകുത്തിതുടങ്ങുന്നതിന്റെ സൂചനയാണിത്. അതിനു കവിത വിളക്കു പിടിക്കുന്നു. ആത്മനിന്ദയില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി കവിത സ്വയം കണ്ടെത്തുന്നു. ‘ഹരിതകൊടി’ മാറ്റത്തിനുവേണ്ടിയുള്ളതാണ്. ആണുങ്ങള്‍ എങ്ങോട്ടാണ് നീങ്ങേണ്ടത് എന്നതിന്റെ തീര്‍പ്പ് പേരുമാറ്റി മറച്ചു വച്ചിരിക്കുന്ന ഈ ‘പച്ചക്കൊടി‘യിലുണ്ട്. പക്ഷേ അപ്പോഴും അതൊരു പ്രതീക്ഷയായി നിലനില്‍ക്കുന്നു. അതുകൊണ്ടാണ് കവിത ചോദ്യചിഹ്നത്തില്‍ അവസാനിക്കുന്നത്.

ഇനി ഗോപീകൃഷ്ണന്റെ അട്ടഹസിക്കുന്ന ആണുങ്ങളെ പറ്റി...

7 comments:

മൂര്‍ത്തി said...

വായിച്ചു. കവിത വായിച്ചിട്ടില്ല..വായിച്ചാല്‍ ഒന്നു കൂടി വരാം..
:)

nalan::നളന്‍ said...

ഒരു മാതൃഭൂമി കൂടി വാങ്ങിപ്പിച്ചേ അടങ്ങൂ :)
വായിക്കേണ്ടതു തന്നെ, പ്രത്യേകിച്ചും അപ്പക്കഷ്ണങ്ങളേയും, സമൂലമാറ്റത്തേയും വേര്‍തിരിച്ചു കാണേണ്ടതുള്ളതുകൊണ്ട്.
വായിച്ചിട്ടു വരാം.

ഡാലി said...

അട്ടഹസിക്കുന്ന ആണുങ്ങളെ വായിച്ചപ്പോള്‍ ഒരു നെടുവീര്‍പ്പും കുളിര്‍തെന്നലും ഒന്നിച്ച് കടന്ന് പോയതോര്‍ക്കുന്നു. പച്ചക്കൊടി വായിച്ചില്ല. പക്ഷേ ഈ എഴുത്ത് മോഹിപ്പിക്കുന്നു. പ്രത്യേകിച്ചും “എന്നാല്‍ പോലും ചിന്തയുടെ അറുപതു ശതമാനവും ലൈംഗികതയും അതുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങള്‍ ഒഴിയാബാധ പോലെ കൂടെകൊണ്ടു നടക്കുന്ന ഒരു വിഭാഗത്തെകൊണ്ട് സ്ത്രൈണമായ നഗ്നതയ്ക്കു താരാട്ടു പാടിക്കുവാനുള്ള‍ -അച്ഛനായ അമ്മയാക്കുവാനുള്ള/ അമ്മയായ അച്ഛനാക്കുവാനുള്ള - കവിയുടെ അഭിലാഷം വേറിട്ട പ്രതീക്ഷയാണ്.“ എന്നു വായിക്കുമ്പോള്‍. പ്രതിക്ഷയ്ക്ക് വകയുണ്ട് എന്ന് പ്രതീക്ഷിച്ചോട്ടെ?

സജീവ് കടവനാട് said...

നല്ല ലേഖനം. ബൂലോകമിപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനെയാണെന്ന് തോന്നുന്നു.
പി എന്‍ ഗോപീകൃഷ്ണന്റെ ‘കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു’ എന്ന കവിത ദാ ഇവിടെ http://puthukavitha.blogspot.com/2007/09/blog-post_2081.html

വെള്ളെഴുത്ത് said...

നളന്‍, കിനാവ്...
മാതൃഭൂമി ചിലനിമിത്തങ്ങള്‍ സൃഷ്ടിക്കുന്നെന്നേയുള്ളൂ.. നമ്മുടെ കൈയ്ക്കുള്ളില്‍ ഒതുങ്ങുന്നതാണല്ലോ നമ്മള്‍ കോരുന്നത്...ചില സ്പര്‍ശങ്ങള്‍ അവിടെയും ഇവിടെയും..മാധ്യമത്തെ വേറിട്ട വഴി നടത്തിയ കമല്‍ റാം സജീവുള്‍ലതുകൊണ്ടാണോ അങ്ങനെ.. അറിയില്ല.
ഡാലി.., വ്യക്തിപരമായി അത്തരമൊരു പ്രതീക്ഷ സാക്ഷാത്താവുന്നത് സഹിക്കാനാവാത്ത വ്യക്തിയാണു ഞാന്‍. അതുകൊണ്ടാണ് എനിക്കത്തരം ഭാവനകള്‍ പോലും ആഘാതമാവുന്നതും..ഗോപി പറയുന്നതു പോലെ വാക്കിലല്ലാതെ നമുക്ക് അലക്കാന്‍ നേരമെവിടെ..?
മൂര്‍ത്തി ഇതിനകം കവിത വായിച്ചു കഴിഞ്ഞിരിക്കും എന്നു കരുതുന്നു....

Anonymous said...

മാഷേ,
ഞാന്‍ അനു പറഞ്ഞ പാക്കിസ്ഥാനി ഡോക്യുമെന്ററി യൂ ട്യൂബിലുണ്ട്. http://youtube.com/watch?v=RJmAmSL19Vk

വെള്ളെഴുത്ത് said...

തുളസീ അതു കണ്ടുകൊണ്ടിരിക്കുന്നു.. എന്റെ ഡൌണ്‍ലോഡ് ലിമിറ്റേ.....
അപ്പോള്‍ നമുക്ക് ആവശ്യമായവ യൂട്യൂബില്‍ സെര്‍ച്ച് ചെയ്യാമല്ലേ..
Thanksssss