July 22, 2010

നോട്ടപ്പുള്ളികളുടെ റിപ്പബ്ലിക്*മനോജ് എബ്രഹാം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ ആയിരിക്കുമ്പോഴാണ് കാറുകളിൽ ഇരുണ്ട സൺഗ്ലാസുഷീറ്റുകൾ പതിക്കാൻ പാടില്ലെന്ന ഉത്തരവിറക്കിയത്. പോലീസുകാർ എത്തി വലിഞ്ഞു നോക്കുമ്പോൾ അകത്തെന്താണെന്നും എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്നില്ലെന്നതാണ് കാരണം. എല്ലാവരും ചീത്തയല്ല, പക്ഷേ ചീത്തയാളുകളും സമൂഹത്തിലുണ്ട്. അവർ കാറിൽ എന്തെങ്കിലുമൊക്കെ ഒപ്പിക്കും. അതു നിയമപാലകരുടെ കണ്ണിൽ‌പ്പെടാതെപോയാൽ ആർക്കു പോയി? ഇനി നല്ല മനുഷ്യർക്ക് ഒളിച്ചു വയ്ക്കാൻ ഒന്നുമുണ്ടാവില്ലല്ലോ. ഒരു ക്ലീസ് സ്ലേറ്റുപോലെ പരിശുദ്ധമായ ഉള്ളുകളുള്ള അവർ കാറുകളിൽ അകം കാണാതിരിക്കാനുള്ള വകുപ്പുകൾ ഒപ്പിച്ചു വയ്ക്കില്ല. അങ്ങനെ ചെയ്യുന്നവർക്ക് ഒരല്പം ക്രിമിനൽ -വളമിട്ടുകൊടുക്കുകയോ ഒന്നു കണ്ണടയ്ക്കുകയോ ചെയ്താൽ വളർന്നു പന്തലിക്കാവുന്ന- താത്പര്യം ഇല്ലെന്ന് പറഞ്ഞുകൂടുമോ? ഇതാണ് നിയമപാലനത്തിന്റെ യുക്തി. അടിയന്തിരാവസ്ഥയെ ന്യായീകരിക്കുന്ന ശുഷ്കാന്തിയോടെ സാധാരണമനുഷ്യരുടെ സ്വകാര്യതയിലേയ്ക്കുള്ള എത്തിനോട്ടത്തെ കൈയടിച്ച് സമ്മതിച്ചുകൊടുക്കുന്നവരുടെ വെള്ളരിക്കാ റിപ്പബ്ലിക്കാണ് നമ്മുടെ ദേശം. അടുത്തകാലത്ത് പുതിയ കമ്മീഷ്ണർ എം ആർ അജിത്ത്കുമാർ വിളിച്ചുകൂട്ടിയ യോഗത്തിൽ ഈ പഴയ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് ഒരു പൌരപ്രതിനിധി സംസാരിക്കുകയുണ്ടായി. പഴയ ആ നിയം തിരിച്ചുകൊണ്ടുവന്ന് കൂടുതൽ സക്രിയമായി നടപ്പാ‍ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ വാദം. മനോജ് അങ്ങനെയെന്തെങ്കിലും നിയമം കൊണ്ടുവന്നതായി അറിയില്ലെന്നു മാത്രം പറഞ്ഞ് പുതിയ കമ്മീഷ്ണർ ഒഴിഞ്ഞുമാറി. ഇടയ്ക്കെങ്ങനെയോ തേഞ്ഞുമാഞ്ഞു നിറം കെട്ട നിയമം തലസ്ഥാനത്ത് വീണ്ടുമെത്തുമോ അരുതായ്മകൾ ഇല്ലാതാവുമോ എന്നൊക്കെ അറിയാനുള്ള ‘ഉത്കണ്ഠ പാർശ്വസ്ഥിതർ പാഴിലേന്തി‘!

കോഴിക്കോട് കടപ്പുറത്ത് ‘അരുതാത്തത്’ എന്തെങ്കിലും നടക്കുന്നോ എന്നറിയാൻ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ പോലീസ് ഉത്സാഹിക്കുന്നതിനെപ്പറ്റി കുറച്ചുകാലം മുൻപ് വാർത്തയുണ്ടായിരുന്നു. ഈ അരുതായ്മകളിൽ സ്കൂൾ കോളെജു പിള്ളാരുടെ പ്രണയലീലകളാണ് ഏറിയകൂറും. പ്രണയിക്കാൻ ഒരു സ്ഥലം അവരെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയാണ്. ഇതു വിലക്കാനും പിള്ളാരുടെ ലൈംഗികജീവിതത്തിന് അതിന്റെ തുടക്കത്തിൽ വച്ചുതന്നെ ആപ്പു വച്ചുകൊടുക്കാനുമായിട്ടാണ് ലക്ഷങ്ങൾ വിലയുള്ള ക്യാമറകളും അതുനോക്കി വിലയിരുത്താൻ സ്പെഷ്യൽ ഡ്യൂട്ടിക്കാരും. അല്ലാതെ കൊലപാതകങ്ങളും പിടിച്ചുപറികളും വർഗീയകലാപങ്ങളും ക്യാമറക്കണ്ണുകൾക്കു മുന്നിൽ വച്ച് ആസൂത്രണം ചെയ്യാൻ മാത്രം ബുദ്ധിയുറക്കാത്തവല്ലല്ലോ നമ്മുടെ സമൂഹത്തിലെ സോക്കാൾഡ് ആന്റി സോഷ്യൽ എലിമെന്റുകൾ. അതറിയാത്തവരല്ലല്ലോ നമ്മുടെ നിയമപരിപാലന വകുപ്പ്! ക്യാമറാസ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം തിമിംഗലവേട്ടയല്ല, അത്തപ്പാടികളായ പെറ്റികളാണ് എന്നു സുതരാം വ്യക്തം. കൂട്ടത്തിൽ ചില സ്രാവുകളും രാത്രിയുടെ മറപറ്റി കുടുങ്ങിക്കൂടാതെയില്ല എന്നൊരു ശുഭപ്രതീക്ഷയ്ക്ക് നേരിയ വകയുണ്ട്. ഗതാഗതനിയമം ലംഘിക്കുന്നോ എന്നു നോക്കാനും ആളുകൂടുന്നിടത്ത് മനസ്സറിയാതെ പ്രാകൃതവാസനകളുണർന്നുപോകുന്നവരെ കൈയോടെ പിടികൂടാനുമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകളെ, അങ്ങനെയൊരെണ്ണം നിലവിലുണ്ടെന്ന ബോധം ചില തിരുത്തലുകൾക്ക് വഴി വച്ചുകൊടുക്കുമെങ്കിൽ ആവട്ടെ. അതിനകത്തും കടന്നുകയറി വിരാജിക്കുന്ന സ്വകാര്യതാലംഘനത്തെ സാമൂഹികമായ ചില മര്യാദാനടത്തിപ്പിന്റെ പേരിൽ കടിച്ചുപിടിച്ച് സഹിച്ചേക്കാം. എങ്കിലും സ്ഥിരമായൊരു നോട്ടപ്പുള്ളിസംവിധാനത്തെ മഹത്തായകാര്യമെന്നമട്ടിൽ അവതരിക്കുകയും അതിന് ചിലയിടങ്ങളിൽ നിന്നെങ്കിലും അംഗീകാരം കിട്ടുകയും ചെയ്യുന്നത് സാമൂഹികമായ അനാരോഗ്യത്തിന്റെ ലക്ഷണമാണ്. കേരളീയ സമൂഹം, ആർക്കോ കാഴ്ചപ്പണ്ടമായ ഒരു ബിഗ് ബ്രദർ സംവിധാനമാവേണ്ടതുണ്ടോ? ആരുടെയോ സ്ഥിരമായ നിരീക്ഷണത്തിനു എപ്പോഴും വിധേയമാക്കിക്കൊണ്ടിരിക്കേണ്ട ഒരു ജയിൽ വളപ്പാകേണ്ടതുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾക്കു മരുന്നുകൂടി കണ്ടെത്തി തരണം. മഞ്ചേരിയിലെ ആളൊഴിഞ്ഞ വീടും രാജ് മോഹൻ ഉണ്ണിത്താനും വിതുരയിലെ പോലീസ് സ്റ്റേഷനും അബ്ദുള്ളക്കുട്ടിയുടെ കാറും പിന്നാലെ വന്ന മറ്റൊരു കാറും കണ്ടോൻ മെന്റ് സ്റ്റേഷനടുത്ത് ഒരു സ്ത്രീയും നാലഞ്ചുപുരുഷന്മാരുമായി യാത്ര ചെയ്യുന്നതാഇ കണ്ടതിനാൽ ആളുകൾ തല്ലി തകർത്ത കാറ്.. ഇതൊക്കെ വച്ചു നോക്കുമ്പോൾ കേരളം സദാ ജാഗരൂകമാണ്. വെള്ളെഴുത്തു തുടങ്ങുമ്പോൾ തന്നെ കണ്ണട വേണം എന്നു പറയുമ്പോലെ ക്യാമറ എന്ന എക്സ്റ്റൻഷന് ചിലതൊക്കെ നിവർത്തിച്ചുകൊടുക്കാനുണ്ട് നമ്മുടെ സമൂഹത്തിന്.

തിരുവനന്തപുരത്ത് നിരത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ വഴി പ്രതിദിനം 150 കേസുകൾ കണ്ടെത്തുന്നതായാണ് വാർത്ത. എം.ജി റോഡില്‍ എൽ‍.എം.എസ് മുതല്‍ കിഴക്കേകോട്ടവരെ 12 നിരീക്ഷണ ക്യാമറകളുണ്ട്. സിഗ്‌നല്‍ ലംഘനം, ഹെല്‍മെറ്റ്- സീറ്റ്‌ബെല്‍റ്റ് എന്നിവ ഒഴിവാക്കുക, സീബ്രലൈനില്‍ വാഹനം നിര്‍ത്തുക, തുടങ്ങിയവയാണ് പ്രധാനമായും പിടികൂടുന്നത്. നിയമം ലംഘിക്കുന്ന വാഹനത്തിന്റെ വിദൂരദൃശ്യവും നമ്പര്‍ പ്ലേറ്റ് വ്യക്തമാകുന്ന വിധത്തില്‍ മറ്റൊരു ചിത്രവും ക്യാമറ പകര്‍ത്തും. സ്ഥലം തിരിച്ചറിയുന്നതിനുള്ള തെളിവാണ് വിദൂരദൃശ്യം. ഈയിനത്തിൽ ഏതാണ്ട് മൂന്നുലക്ഷം രൂപയാണ് പോലീസുവഴിയുള്ള പ്രതിമാസ വരുമാനം. തരക്കേടില്ല. പക്ഷേ ഈ അടുത്തകാലത്തു വന്ന വാർത്തയിൽ ഒരു ‘പ്രണയലീല’യെയും പോലീസ് പെറ്റിയടിച്ചു വിട്ടു. എന്നല്ല, ഈ പെറ്റി കേസുകൾവാർത്തയായതു തന്നെ പ്രസ്തുത സ്നേഹപ്രകടനം കണ്ടൊപ്പിയെടുത്ത ‘കണ്ണി’നാലാവുന്നു. സിഗ്നൽ കാത്തുകിടക്കവേ യുവാവ് സഹയാത്രികയോട് 'അതിരുവിട്ട സ്‌നേഹം' പ്രകടിപ്പിച്ചതാണ് യുവാവിനെ കുടുക്കിയത് എന്നാണ് പത്രം എഴുതിയത്. സദാചാരനിരതനായ ‘പിതാവിന്’ അത്തരം അതിരുവിടലുകൾ നേരിട്ടു കാണാനും ശിക്ഷിക്കാനുമുള്ള സൌകര്യം നൽകുന്നു നഗരത്തിലെ ക്യാമറകൾ.

കുറേക്കാലം മുൻപ്, ആളുകളെ സ്ഥിരം നിരീക്ഷണത്തിനു കീഴിലാക്കുന്ന സർക്കാർ സംവിധാനത്തെ വിമർശിച്ചെഴുതിയ ലേഖനത്തിന് ‘നോട്ടപ്പുള്ളികളുടെ റിപ്പബ്ലിക്’ എന്ന് തലക്കെട്ട് കണ്ടിട്ടുണ്ട്. കരമന പോലീസ് സ്റ്റേഷനിൽ ഈയടുത്ത് ലോക്കപ്പിൽ ‘വിഷം കുടിച്ചു മരിച്ചു’ എന്നു പറയപ്പെടുന്ന മനുഷ്യനെ അവിനാശ് ദേശ്പാണ്ഡെ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യൻ സ്കൂൾ ഷോ’ ഇമ്മാതിരി ക്യാമറകൾക്ക് കീഴിൽ ചെലവഴിക്കേണ്ടി വരുന്ന കുറേ ബാല്യങ്ങളെക്കുറിച്ചാണ്. ഏതാനും ബാല്യങ്ങളല്ല, നല്ല ഒന്നാതരം മുന്തിയ ബാല്യങ്ങളാണ്. നാഗ്പൂരിലെ മഹാത്മാഗാന്ധി സെന്റിനിയൽ സിന്ധു ഹൈസ്കൂളിലെ ഏറ്റവും വലിയ ‘ആകർഷണം’ വിദ്യാർത്ഥികൾ (അദ്ധ്യാപക- അനദ്ധ്യാപകജീവനക്കാരും) സദാ -ക്ലാസ് മുറികളിലും വരാന്തയിലും സ്കൂൾ മൈതാനത്തും- ക്യാമറക്കണ്ണിന്റെ നിരീക്ഷണവലയത്തിനകത്താണെന്നതാണ്. കുട്ടികളുടെ നിസ്സാരമായ ഒരൊറ്റ കുസൃതിപോലും പ്രിൻസിപ്പാളായ ദീപക് ബജാജിന്റെ കണ്ണിൽ‌പ്പെടാതെ പോകില്ല. കുട്ടികളെ എന്തെങ്കിലുമൊക്കെ ‘ആക്കി’ ലഭിക്കാൻ മുനിയുന്ന രക്ഷാകർത്താക്കൾക്ക് ആനന്ദലബ്ധിയ്ക്ക് ഇനിയെന്തെങ്കിലും വേറിട്ട് കരുതേണമോ? ക്യാമറാസ്ഥാപനം ഉൾപ്പടെയുള്ള വകകൾക്ക് ചെലവ് അവറ്റകളുടെ കീശയിൽ നിന്നാണല്ലോ കൊടുത്തിരിക്കുന്നത്, സസന്തോഷം. സിനിമയുടെ ആഖ്യാനം വിപരീതോക്തിയിലാണെങ്കിലും ഇക്കാര്യത്തിൽ അതീവ സന്തുഷ്ടനും ചരിതാർത്ഥനുമാണ് സ്കൂൾ പ്രിൻസിപ്പാൾ. അയാൾ അറിഞ്ഞിട്ടില്ല, ഫലത്തിൽ അയാൾ എന്തിന്റെ പേരിൽ അഭിമാനിക്കുന്നോ അതിന്റെ പരിഹാസ്യതയാണ് സിനിമയുടെ മൂല്യമെന്ന്. ചിന്തയ്ക്ക് അത്രയും ദാരിദ്ര്യം പിടിച്ച ആ മനുഷ്യനാണ് ‘നിങ്ങളുടെ കുട്ടികളെ ഞങ്ങളെ ഏൽ‌പ്പിക്കൂ, അവരെ ഞങ്ങൾ എന്തെങ്കിലുമാക്കി തിരികെ തരാം’ എന്ന് പരസ്യം നൽകുന്നത്. ഇയാൾ കുട്ടികളെ എന്താക്കുമെന്നാണ്?

ഈ സിനിമയെക്കുറിച്ചെഴുതിയ അനൂപ് രാജൻ കേരളത്തിലെ വിദ്യാഭ്യാസവിചക്ഷണന്മാരും അദ്ധ്യാപകപുംഗവന്മാരും മാനേജർമാരും സ്വാശ്രയവീരന്മാരും സ്വകാര്യക്കാരുമൊന്നും ഇത് കാണാതെപോകട്ടേ എന്നൊരു അനുബന്ധം എഴുതി വച്ചിരുന്നു അവസാനം. (മാധ്യമം) കഷ്ടിച്ച് ഒരുമാസം കഴിഞ്ഞുകാണില്ല, ആലപ്പുഴയിലെ അർച്ചന എഞ്ചിനീയറിംഗ് കോളേജ് നിരീക്ഷണക്യാമറകളുടെ പേരിൽ വാർത്തയിൽ കയറിപ്പറ്റാൻ. എന്തൊരു വിരോധാഭാസം! വിധി വൈപരീത്യം, വൈപരീത്യം എന്നൊക്കെ പറയുന്നത് ഇതിനെയല്ലേ സാർ?

*വിജു വി നായരുടെ പ്രയോഗം

6 comments:

-സു‍-|Sunil said...

വെള്ളേ,
തേങ്ങയുടക്കാൻ എനിക്കും കിട്ട്യോ ഭാഗ്യം?

നിങ്ങൾ ഉപയോഗിക്കുന്ന മൊബെയിൽ എത്രമാത്രം നിങ്ങളുടെ സ്വകാര്യത്തിയിലേക്ക്‌ കയറുന്നുണ്ട്‌ എന്ന് നിങ്ങൾക്കറിയാമോ?

പിന്നെ പലനാടുകളിലും ഉള്ള ഫിങ്കർ പ്രിന്റിംഗ്‌/റെറ്റിന കോപ്പി അതൊക്കെയോ?

ആധുനീകസൗകര്യങ്ങളുള്ളതെല്ലാം തന്നെ സ്വകാര്യതയിലേക്കുള്ള തള്ളി കയറ്റം ആണ്‌. അതില്ലാത്ത ഒരു സൗകര്യവും ഇല്ല്യ.

തെറ്റേത്‌ ശരിയേത്‌ എന്ന് എനിക്കു തന്നെ അറിയുന്നില്ല.

അപ്പോളാ "അറിയരുതടിയനു ഗുണവും ദോഷവും" അറിയരുതേ എന്ന ഇരിയിമ്മൻ തമ്പി പദം ഓർമ്മവരുന്നത്‌!

cALviN::കാല്‍‌വിന്‍ said...

എല്ലാ പൗരന്മാരും മഫ്തിയണിഞ്ഞ പോലീസുകാരാണ്. എല്ലാ പോലീസുകാരും യൂണിഫോമണിഞ്ഞ പൗരന്മാരും എന്നല്ലേ.

മലയാളിസമൂഹത്തെ മൊത്തത്തില്‍ ബാധിച്ച കപടസദാചാരബോധം പോലീസിലും പ്രതിഫലിക്കുന്നു എന്നു കരുതിയാല്‍ മതി. ഇത്തരം ഒളിക്യാമറകള്‍ ബീച്ചിലും സ്കൂളിലും സ്ഥാപിച്ചാല്‍ എത്ര മാതാപിതാക്കള്‍ അതിനെ അനുകൂലിക്കും എന്ന് മാത്രം ചിന്തിച്ചാല്‍ മതി. വെറുതെ പോലീസിനെയും പ്രിന്‍സിപ്പാളിനെയും മാത്രം കുറ്റം പറഞ്ഞത് കൊണ്ടായില്ല.

ചോക്ലേറ്റ് എന്ന സിനിമയില്‍ മോളു വഴിതെറ്റിപ്പോവും എന്ന് പേടിച്ച് ജീവിക്കുന്ന രാജന്‍ പി. ദേവിന്റെ കഥാപാത്രം മലയാളി രക്ഷാകര്‍ത്താക്കളെ പ്രതിനിധീകരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം

chithrakaran:ചിത്രകാരന്‍ said...

രാഷ്ട്രം ഒരു ജയിലോ, കോണ്‍സെന്റ്രേഷന്‍ ക്യാമ്പോ ആയിരിക്കണമെന്ന അച്ചടക്കധാരണ രാജഭരണത്തിന്റേയോ, മാടമ്പിത്വത്തിന്റേയോ,ഏകാധിപത്യത്തിന്റേയോ,അടിമത്വവ്യവസ്തിതിയുടെയോ ഭാഗമായി മാത്രമേ സമൂഹം അംഗീകരിക്കേണ്ടതുള്ളു.

ജനാധിപത്യ വ്യവസ്ഥയില്‍ പൌരന്റെ സ്വകാര്യതക്ക് പരമപ്രധാനമായ സ്ഥാനമാണുള്ളത്. നാം ജനാധിപത്യത്തിലേക്ക് ഇനിയും വളര്‍ന്നില്ലെന്നതാണ് ഈ പോസ്റ്റിനാധാരമായ ആശങ്കകള്‍ക്ക് കാരണമാകുന്നത്. ഒരു വ്യക്തിയോട് സംസാരിച്ചു തുടങ്ങുന്നതിനുപോലും ആ വ്യക്തിയുടെ സമ്മതം ആവശ്യമാണെന്ന പരിഷ്കൃതസാമാന്യ മര്യാദയില്‍ നിന്നും നമ്മുടെ ജനത്തിന്റെ ദാര്‍ഷ്ട്ര്യം നിറഞ്ഞ മര്യാദ മയിലുകള്‍ പിന്നിലാണ്. മര്യാദയുടെ കാര്യത്തില്‍ നാം നൂറ്റാണ്ടുകള്‍ പിന്നിലാണെന്നാണ് സത്യത്തില്‍ പറായേണ്ടത്. ഈ മര്യാദയില്ലായ്മയുടെ ഭാഗമായാണ്
നാം അപരിചിതരെയും പരിചിതരേയും എല്ലാം ഭത്സിക്കുന്നത്. അന്യന്റെ സ്വകാര്യ വിവരങ്ങളെല്ലാം നമുക്ക് അറിയണമെന്ന് പറഞ്ഞ് മുണ്ടുപൊക്കി നോക്കുന്നത്... ബ്ലോഗില്‍ അപ്രിയ അഭിപ്രായങ്ങള്‍ പറയുന്നവരെ പേരും നാളും അഡ്രസ്സും ചരിത്രവും ചികഞ്ഞെടുത്ത് അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതുപോലും ഈ മാടമ്പിത്വ സദാചാര സംസ്കാര ശൂന്യത നിമിത്തമാണ്.ഇതേ മര്യാദ കേടു തന്നെയാണ് സ്ത്രീകളുടെ ശരീരത്തിലേക്കും, മനസ്സിലേക്കും അതിക്രമിച്ചുകടന്നുകൊണ്ട് അനുവാദം ചോദിക്കാനുള്ള മര്യാദയില്ലാത്തവര്‍ നടത്തുന്നത്. ഒരു സ്ത്രീയായാലും, പുരുഷനായാലും അവരോട് മിണ്ടാന്‍ പോലും സമ്മതം വേണമെന്ന വ്യക്തി സ്വകാര്യതയുടെ മര്യാദയുള്ള സമൂഹത്തില്‍ അക്രമത്തിനു സ്ഥാനം ലഭിക്കില്ല. സ്ത്രീ പീഢനത്തിനും !!! വഴിയില്‍ തടഞ്ഞു നിര്‍ത്തി, ഒരു അപരിചിതനോട് വഴിചോദിക്കാന്‍ പോലും അയാളോട് ഒരു ഉപകാരം ചെയ്യാമോ എന്ന് വാക്കിലൂടേയോ ഭാവത്തിലൂടെയോ അഭ്യര്‍ത്ഥിച്ചുകൊണ്ടല്ലാതെ നമുക്കവകാശമില്ലെന്നിരിക്കെ... നാം വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ എന്തുമാത്രം അക്രമമാണ് ഓരോ ദിവസവും ചെയ്തുകൂട്ടുന്നത് !!!!
ഈ അക്രമത്തിന്റെ പ്രാതിനിധ്യം മാത്രമാണ് പോലീസ് അക്രമങ്ങളിലൂടെ/അപമര്യാദയിലൂടെ പ്രതിഫലിക്കുന്നത്.

സാംസ്ക്കാരിക ബോധമുള്ളവര്‍ കാലിക പ്രസക്തി പ്രമാണിച്ച് നിരന്തരം അലക്കി വെളുപ്പിച്ച് ജനത്തെ ബോധവല്‍ക്കരിക്കേണ്ടതായ വിഷയം തന്നെ ഈ പോസ്റ്റ്.

un said...

വെള്ളെഴുത്തേ,
LSD, ലുക്ക് എന്നീ സിനിമകൾ കണ്ടിരുന്നോ?

c.k.babu said...

ട്രാഫിക്ക്‌ നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാൻ, അത്തരം ലംഘനങ്ങൾക്കു് സാദ്ധ്യത കൂടുതലുണ്ടെന്നു് അനുഭവത്തിന്റെ വെളിച്ചത്തിൽ അറിയാവുന്ന കവലകളിലും മറ്റും റഡാർ സ്ഥാപിക്കുന്നതു് ട്രാഫിക്ക്‌ റൗഡികളെയും മദ്യപിച്ചു് വണ്ടി ഓടിക്കുന്നവരെയുമൊക്കെ രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടിയാണു്. വാഹനഗതാഗതത്തിൽ പങ്കെടുക്കുന്ന നിരപരാധികളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ അത്തരക്കാരെ തിരിച്ചറിയേണ്ടതും, കുറ്റത്തിന്റെ ഗൗരവമനുസരിച്ചു് വേണ്ടിവന്നാൽ ലൈസൻസ്‌ തന്നെ പിടിച്ചെടുക്കേണ്ടതുമൊക്കെ ആവശ്യമാണു്. ഒരു ആഡംബരമെന്നതിലുപരി, വാഹനം മനുഷ്യരുടെ നിത്യോപയോഗവസ്തുവായ രാജ്യങ്ങളിൽ ഒരു ഡ്രൈവിംഗ്‌ ലൈസൻസ്‌ എടുക്കണമെങ്കിൽ കർശനമായ തിയറി ആൻഡ്‌ പ്രാക്റ്റിക്കൽ പരീക്ഷകൾ പാസ്സായിരിക്കണമെന്ന നിബന്ധന ഒരു കാരണവുമില്ലാതെ ഉണ്ടാക്കിവച്ചിട്ടുള്ളതല്ല. മനുഷ്യരെ ട്രാൻസ്പോർട്ട്‌ ചെയ്യുന്ന തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിനനുസരിച്ച പ്രത്യേക ട്രെയിനിംഗ്‌ അഡീഷണൽ ആയി നേടിയിരിക്കണം. ഈ കഴിഞ്ഞയിട ഗൾഫിൽ സംഭവിച്ചതുപോലെ, ഡ്രൈവർ ഒരു കുഞ്ഞിനെ സ്കൂൾബസിൽനിന്നും ഇറക്കാൻ മറന്നതും, കുഞ്ഞു് അകത്തിരുന്നു് വെന്തുമരിച്ചതും പോലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കണമെങ്കിൽ ഇതൊക്കെ ശ്രദ്ധിച്ചേ മതിയാവൂ. അത്തരം വിവരദോഷികളെ മനുഷ്യരാശിയുടെ മുതുകത്തേക്കു് കയറൂരിവിടാൻ ഉത്തരവാദിത്വബോധമുള്ള ഒരു സമൂഹത്തിനും അനുവാദമില്ല.

അതിൽ നിന്നും അങ്ങേയറ്റം വ്യത്യസ്തമാണു് പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം ഒരുമിച്ചു് നടക്കുകയോ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതു്. അവർ പട്ടാപ്പകൽ നടുറോട്ടിൽ കിടന്നു് ലൈംഗികബന്ധത്തിൽ ഏർപ്പെടുമെന്നോ, അല്ലെങ്കിൽ അതിനു് അവർക്കു് അനുവാദമുണ്ടായിരിക്കണമെന്നോ ഒക്കെയാണു് ഞാൻ ഉദ്ദേശിക്കുന്നതെന്നാവും സമൂഹത്തിന്റെ സദാചാരം സൂക്ഷിക്കേണ്ട ചുമതല പ്രപഞ്ചാതീതശക്തിയിൽ നിന്നും നേരിട്ടു് ഏറ്റെടുത്തിരിക്കുന്നവരെന്നു് സ്വയം കരുതുന്ന ചില സദാചാരപ്പോലീസുകൾ ഇപ്പറയുന്നതിനു് നൽകുന്ന അർത്ഥം. മനുഷ്യവർഗ്ഗത്തെ അവിശ്വസിക്കുക എന്നതാണു് അത്തരക്കാരുടെ മുഖമുദ്രതന്നെ. "ഒന്നുകിൽ ആശാന്റെ നെഞ്ചത്തു്, അല്ലെങ്കിൽ കളരിക്കു് പുറത്തു്" എന്നല്ലാതെ, ജ്ഞാനത്തിന്റെ സാരാംശമായ 'മദ്ധ്യം' എന്നൊരു നിലപാടു് മലയാളിക്കു് പണ്ടേതന്നെ അജ്ഞാതമാണല്ലോ. പ്രായപൂർത്തിയായ ഒരു വ്യക്തിക്കു് അവനെ ഭരിക്കേണ്ടവർ ആരെന്നു് തീരുമാനിക്കാനും അവരെ തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്നു് പ്രഖ്യാപിക്കുന്ന ഒരു സമൂഹം, അതിനേക്കാൾ എത്രയോ സ്വാഭാവികമായ മനുഷ്യന്റെ ലൈംഗികതയിൽ അവനു് സ്വയം നിർണ്ണയാവകാശം നൽകുന്നില്ലെങ്കിൽ, ആ സമൂഹത്തിനു് കാര്യമായ എന്തോ തകരാറുണ്ടു്.

രണ്ടു് വ്യക്തികൾ തമ്മിലുള്ള പ്രണയം എന്നാൽ, അതു് അവരുടെ ലൈംഗികാവയവങ്ങൾ തമ്മിലുള്ള ചലനാത്മകസ്പർശനം എന്ന പ്രക്രിയയിലേക്കു് റെഡ്യൂസ്‌ ചെയ്തു് മാത്രം ചിന്തിക്കാനേ മലയാളിക്കു് കഴിയുന്നുള്ളു എങ്കിൽ അതൊരു രോഗമാണു്, പ്രകൃതിവിരുദ്ധതയാണു്. അതിനു് ചികിത്സിക്കേണ്ടതു് മലയാളി സമൂഹത്തെത്തന്നെയാണു്, അല്ലാതെ പ്രണയിക്കുന്നവരെയല്ല. (ഇനി, വാദത്തിനുവേണ്ടി അങ്ങനെയാണെന്നു് സമ്മതിച്ചാൽ പോലും, അതും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യമാണു്.) പ്രായപൂർത്തി ആയിട്ടും സ്വന്തജീവിതത്തിലെ തീരുമാനങ്ങൾ സ്വയം എടുക്കാൻ കഴിയാത്ത മന്ദബുദ്ധികളായി മക്കൾ തുടരുന്നുവെങ്കിൽ, അതിന്റെ ഉത്തരവാദിത്വവും പകുതി സമൂഹത്തിനും പകുതി മാതാപിതാക്കൾക്കുമാണു്, അല്ലാതെ മക്കൾക്കല്ല.

മനുഷ്യജീവിതം എന്നാൽ സിൽമാകാണലും, കോപ്യുലേഷനും, നേർച്ചയിടലും മാത്രമല്ല, അതിനപ്പുറം മറ്റെത്രയോ കാര്യങ്ങൾ കൂടി അതിന്റെ ഭാഗങ്ങളായുണ്ടു്.

നജൂസ്‌ said...

...ഹ്രദയം ദുര്‍ബലമാകാതിരിക്കാന്‍ ഞങ്ങള്‍‌ക്ക്‌ ശക്തിയേകൂ നാഥാ. ജീവിതപ്പാതയില്‍ അറിയാതെപോലും വഴിതെറ്റാതെയിരിക്കാന്‍...