March 3, 2010

നാല് ഉപദേശങ്ങൾ
മൊഴിമാറ്റം നടത്തിയ ചിത്രങ്ങളുൾപ്പടെ 2008-ൽ കേരളത്തിൽ ഇറങ്ങിയ 80 ചിത്രങ്ങളിൽ ആകെ മൂന്നെണ്ണമാണ് (ട്വെന്റി ട്വെന്റിയുടെ മെഗാഹിറ്റിനു കീഴെ) ബോക്സാഫീസ് കണക്കിൽ സൂപ്പർ ഹിറ്റായത്. അണ്ണൻ തമ്പി, ഇന്നത്തെ ചിന്താവിഷയം, വെറുതേ ഒരു ഭാര്യ. ഇവയിൽ അവസാനം പറഞ്ഞ രണ്ടെണ്ണവും തിയേറ്ററിൽ ചെന്നിരുന്ന് വിജയിപ്പിച്ചുകൊടുത്തത് സ്ത്രീജനങ്ങളാണ്. അവരെ സംബന്ധിക്കുന്ന എന്തോ ഒന്ന് അവർക്ക് പ്രയോജനപ്പെടുന്നരീതിയിൽ ഈ സിനിമകളിലുണ്ടെന്ന സാമാന്യധാരണയാണ് ഈ സിനിമകളിലേയ്ക്ക് സ്ത്രീകളെ വലിച്ചടുപ്പിച്ച ഘടകം. സ്ത്രീകളെ ലക്ഷ്യമാക്കി പുരുഷന്മാർ നിർമ്മിച്ച ഈ സിനിമകളിൽ പൊതുവായി ചിലതുണ്ടെന്നതു സത്യം. അതിലൊന്ന് ഉപദേശങ്ങളുടെ പ്രസരമാണ്. കുടുംബസുസ്ഥിരതയും ഭദ്രതയും തദനുസൃതമായ വഴക്കവും കൈവരിക്കേണ്ടതിന്റെ ആവശ്യകതയും മാർഗനിർദ്ദേശവുമാണ് രണ്ടു സിനിമകളിലെയും കേന്ദ്രതത്ത്വം. സത്യൻ അന്തിക്കാട് സദാചാരപാഠത്തിനായി മോഹൻലാലിന്റെ താരമൂല്യത്തെ കൂട്ടു പിടിക്കുന്നു. ‘വെറുതേ ഒരു ഭാര്യ’യിൽ ഇതേ സംഗതി സാമൂഹികസ്ഥാപനങ്ങളാണ് നിർവഹിച്ചു കൊടുക്കുന്നത്. കുടുംബം സമൂഹത്തിന്റെ ഏകകമായതുകൊണ്ട് കുടുംബങ്ങൾക്കു മേൽ സമൂഹത്തിന് -പ്രത്യേകിച്ച് അതിലെ അധികാരസ്ഥാപനങ്ങൾക്ക്- ഒരു ഉത്തരവാദിത്വമുണ്ടെന്ന ധ്വനിയാണ് അതിലൂടെ നമുക്ക് ലഭിക്കുന്നത്. സിനിമയ്ക്കുള്ളിലെ ഉപദേശങ്ങലെല്ലാം തന്നെ പ്രച്ഛന്നവേഷം ധരിച്ച താക്കീതുകളോ ഭീഷണികളോ ആണ്. അവയെല്ലാം ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയോ സ്ത്രീശരീരത്തിന്റെ സ്വയം നിർണ്ണയാവകാശത്തെയോ ആണ്. ഇങ്ങനെ വിധേയത്വത്തെ ഊട്ടി ഉറപ്പിക്കാനായി നിർമ്മിക്കപ്പെട്ട ചലച്ചിത്രത്തെ കേരളത്തിലെ പ്രബുദ്ധരായ സ്ത്രീസമൂഹം രണ്ടു കൈയ്യും കൂട്ടിയടിച്ച് വിജയിപ്പിച്ചുകൊടുത്തതിന്റെ രസതന്ത്രമാണ് ആലോചനാമധുരമായിരിക്കുന്നത് !

ബിന്ദു സുഗുണൻ ദമ്പതിമാരുടെ ( ഗോപികയും ജയറാമും) ഏകമകൾ അഞ്ജന പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പാളാണ് ഉപദേശക വൃന്ദത്തിലെ ഒരു കണ്ണി. ‘കുറച്ചു നാളായി കുട്ടി സ്കൂളിൽ വരാതിരിക്കുന്നതിനാൽ അവളെ ഈ വർഷം പരീക്ഷയ്ക്കിരുത്തണോ’ എന്ന് ഞങ്ങൾ ആലോചിക്കുന്നുണ്ട് എന്നാണ് അവർ മകളെ അന്വേഷിച്ചെത്തിയ അമ്മയോട് പറയുന്നത്. അച്ഛനും അമ്മയും മകളും കൂടി ഒന്നിച്ചെത്തിയാൽ മാത്രമേ ഇനി അവളെ ഇവിടെ പഠിപ്പിക്കണോ എന്ന കാര്യം പോലും ഞങ്ങൾ ആലോചിക്കുകയുള്ളൂ എന്നും തീർത്തും മയമില്ലാത്ത സ്വരത്തിൽ അവർ അറിയിക്കുന്നുണ്ട്. അതിനു മുൻപ് മകളെക്കുറിച്ച് സ്കൂളിലേയ്ക്ക് ഫോൺ വിളിച്ച് അന്വേഷിക്കുന്ന അച്ഛനോട് അസഹിഷ്ണുതയോടെ ഇതേ കഥാപാത്രം പെരുമാറുന്ന ഒരു രംഗം സിനിമയിലുണ്ട്. സ്കൂൾ കുട്ടികളിൽ നിന്ന് പിരിച്ചെടുക്കുന്ന ഫീസിന്റെ ബലത്തിൽ ജീവിച്ചുപോകുന്ന ഒരു കഥാപാത്രത്തിന് കുടുംബകാര്യങ്ങളിൽ ഇടപെടാനും (മാതാപിതാക്കൾ ഒന്നിച്ചു വന്നാൽ മാത്രം കുട്ടിയെ തുടർന്നു പഠിക്കാൻ അനുവദിക്കുകയുള്ളൂ..??) കുട്ടിയുടെ സ്വത്വത്തിന്മേൽ അധികാരാവകാശങ്ങൾ പ്രകടിപ്പിക്കാനുമുള്ള അഹങ്കാരം എവിടുന്ന് കിട്ടി? രണ്ടാമതായി ഇതേ അധികാരവകാശങ്ങൾ എടുത്തു പ്രയോഗിക്കുന്നത് ഒരു പോലീസധികാരിയാണ്. അക്ഷരാർത്ഥത്തിൽ അയാൾ സുഗുണനെ ചൂളിക്കുകയാണ്. അമ്മ ഇല്ലാത്ത കുറവ് മകൾ അറിയരുതെന്നു കരുത്തി മകളുടെ സന്തോഷത്തിനായി അച്ഛൻ വാങ്ങിക്കൊടുത്ത ഒരു മൊബൈൽ ഫോണിനെ മുൻ‌നിർത്തിയാണ് അയാളുടെ ഉപദേശം. കൌമാരപ്രായക്കാരിയായ ഒരു കുട്ടിയുടെയും അവളുടെ അച്ഛന്റെയും വിവേചന ബുദ്ധിയ്ക്കു മേലാണ് അയാൾ തേരോടിക്കുന്നത്. അതും ആധികാരികമായി. ഉപദേശം വീട്ടിൽ വച്ചാണെങ്കിലും (അയാൾ അയൽ വാസിയാണെന്ന് സാന്ദർഭിക സൂചനയുണ്ട്) വേഷം പോലീസ് യൂണിഫോം തന്നെയെന്നത് ദൃശ്യപരമായി പ്രാധാന്യമർഹിക്കുന്ന വസ്തുതയാകുന്നു. സിനിമയിൽ ഫോൺ കൊണ്ട് അവൾ നേടിയ പ്രണയം (സത്യത്തിൽ ഫോൺ കൊണ്ടല്ല, അതിനുമുൻപേ അവൾക്ക് പ്രണയതാത്പര്യങ്ങളുണ്ട്) സിനിമയിൽ അപകടകാരിയാവുന്നില്ല. അവളെ അത്തരമൊരവസ്ഥയിൽ കണ്ടെത്തിയ സാമൂഹികവിരുദ്ധരാണ് പ്രശ്നമുണ്ടാക്കുന്നത്. എന്നിട്ടും കുറ്റം മൊബൈൽ ഫോണിനാണെന്നത് സമൂഹത്തിന്റെ സാമാന്യധാരണകളുമായി സിനിമകൾ നീക്കുപോക്കുകൾ നടത്തുന്നതിനു നല്ല ഉദാഹരണങ്ങളിലൊന്നാണ്. ഫലത്തിൽ പോലീസുകാരന്റെ ഉപദേശം ഇരയുടെ കുഴപ്പം കൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്ന് വെടിപ്പായി പറഞ്ഞു വയ്ക്കുകയാണ് ചെയ്യുന്നത്. പട്ടിയെ അല്ല, കടിയേൽക്കാൻ സാധ്യതയുള്ളവരെയാണ് കെട്ടിയിടേണ്ടത് എന്ന് ചുരുക്കം. പെൺ‌കുട്ടിയെ എങ്ങനെ വളർത്തണമെന്നതിന്റെ സംക്ഷിപ്തവിവരണമാണിത്. അതിന് അച്ഛനേക്കാൾ കൂടുതൽ അമ്മയ്ക്കാണ് കഴിയുക എന്ന് പറയാതെ പറഞ്ഞു കൊണ്ട് അയാൾ കുടുംബകാര്യത്തിൽ തന്നെയാണ് ഇടപെടുന്നത്. അതിഥി വേഷത്തിൽ റഹ്‌മാൻ എത്തുന്നത് ഈ ഒരു ഉപദേശപ്രസംഗത്തിനുമാത്രമാണെന്ന വസ്തുത സിനിമയ്ക്കുള്ളിൽ ഈ കഥാപാത്രത്തിന്റെയും അയാളുടെ ഉപദേശത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നു. സുഗുണനെ കമാ എന്നൊരക്ഷരം മിണ്ടാതെ നിർത്തുകയും പതിമൂന്നുവയസ്സുകാരിയെ (പശ്ചാത്താപവിവശയാക്കി) കരയിക്കുകയും ചെയ്യുന്ന അഭിപ്രായപ്രകടനങ്ങളാണ് പോലീസുകാരൻ കാഴ്ച വയ്ക്കുന്നത്. അച്ഛന്റെയും മകളുടെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ആ ഉപദേശത്തെ അരിപ്പയില്ലാതെ ഉള്ളിലേയ്ക്കെടുന്നുണ്ട് എന്നുമാണ്. എന്നു വച്ചാൽ സിനിമ കാണുന്ന ആയിരങ്ങൾക്ക് സമൂഹത്തിൽ ജീവിക്കേണ്ടതും ജീവിക്കാൻ അനുവദിക്കേണ്ടതും എങ്ങനെ എന്നതിനെക്കുറിച്ചുള്ള അറിവു ലഭിക്കുന്ന സുമുഹൂർത്തമാണത്.

ഈ രണ്ടു ഉപദേശങ്ങളിൽ ആദ്യത്തേതിൽ ഭാര്യയും (അമ്മയും) അടുത്തതിൽ ഭർത്താവും (അച്ഛനും) ആണ് ശ്രോതാക്കൾ. രണ്ടും കൌമാരപ്രായക്കാരിയായ പെൺ‌കുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ്. സിനിമയുടെ മൊത്തത്തിലുള്ള നോട്ടം ബിന്ദുവിലായിരിക്കുകയും അവളുടെ കലഹം, ഒരു കുടുംബത്തിന്റെ അടിതെറ്റിക്കുന്നതായി വിവരിക്കുകയും ചെയ്യുന്ന ഒരു സിനിമയിൽ വളർന്നു വരുന്ന ഒരു പെൺകുട്ടിയെപ്രതിയുള്ള ഉത്കണ്ഠയ്ക്ക് സവിശേഷമായ സ്ഥാനം ഉണ്ട്. അവളുടെ അവസ്ഥ ഭാവിയിൽ ബിന്ദുവിന്റേതിനു സമാനമായിരിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. ആവഴിക്കാണ് ഉപദേശങ്ങൾ ശ്രദ്ധെയമാകുന്നത്. അമ്മയും മകളും മാത്രമായ ഒരു സീനിൽ വിവാഹത്തിനു മുൻപ് താൻ നൃത്തം പഠിച്ചിരുന്നതിനെപ്പറ്റിയും വിവാഹശേഷം കമ്പ്യൂട്ടർ പഠിക്കാൻ അനുവദിക്കാമെന്നു പറഞ്ഞ സുഗുണന്റെ വാക്കുമാറ്റത്തെപ്പെറ്റിയും ഒട്ടൊരു നോവോടെ ബിന്ദു മകളെ അറിയിക്കുന്നുണ്ട്. റിയാലിറ്റി ഷോയെപ്പറ്റി ഉത്സാഹത്തോടെ സംസാരിക്കുന്ന മകളുടെ മൊട്ടിടുന്ന ആവേശത്തെ, ജീവിതപാരുഷ്യങ്ങൾ വാട്ടിയ അമ്മ, തല്ലിക്കെടുത്തുന്ന വിധമാണത്. അവരുടെ മുന്നിൽ മറ്റു വഴിയില്ല. കുട്ടിയുടെ സ്വയം നിർണ്ണയാവകാശങ്ങൾ, പെണ്ണാണ് എന്നതിന്റെ പേരിൽ ഇല്ലാതാക്കിക്കളയാൻ ശ്രമിക്കുന്ന വെമ്പുന്ന അദൃശ്യമായ ഒരു സമൂഹം ബിന്ദുവിനെ എന്നപോലെ അഞ്ജനയെയും സമാന്തരമായി പിന്തുടരുന്നുണ്ട്, ഗിരീഷ്കുമാർ രചിച്ച തിരക്കഥയിൽ. എന്നാൽ ആ ഭാവം ഒട്ടും പുറത്തു കാണിക്കാതെ. ഒരു വശത്തേയ്ക്ക് മാത്രം ചായുന്ന ഉപദേശങ്ങളും വിലക്കുകളും അണിഞ്ഞിരിക്കുന്ന മുഖ്യഭാവം അവ ആസന്നമായ സാമൂഹിക പുരോഗതിയെ ലക്ഷ്യമാക്കി മഹത്തായ ഏതോ കാര്യം ചെയ്യുന്നു എന്നതാണ്. സത്യം അതല്ലതാനും.

കുറെകൂടി ശ്രദ്ധ അർഹിക്കുന്ന അടുത്ത ഉപദേശം ഒരു മനശാസ്ത്രജ്ഞന്റെ വകയാണ്. ഡോ ചെറിയാൻ പോൾ എന്നാണ് ഗണേഷ്കുമാർ അഭിനയിക്കുന്ന ആ കഥാപാത്രത്തിന്റെ പേര്. (ഇതും ഉപദേശത്തിനു വേണ്ടി മാത്രമുള്ള ഒരു അതിഥി വേഷമാണ്) ഭാര്യ പിരിഞ്ഞു പോവുകയും മകൾ ഏതു സമയത്തും ആക്രമിക്കപ്പെടാം എന്ന ഉത്കണ്ഠയിൽ മതിഭ്രമത്തിനു വശപ്പെടുകയും ചെയ്ത സുഗുണനെ ചികിത്സിച്ച അയാളാണ്. സുഗുണന്റെ പ്രശ്നം അയാൾ തിരിച്ചറിയുന്നുണ്ട്. കുട്ടിക്കാലത്തേ നഷ്ടപ്പെട്ട അമ്മയെയാണ് അയാൾ ഭാര്യയിൽ തേടിയിരുന്നത്. അതു കിട്ടാതെ വന്നപ്പോൾ കുറ്റം പറച്ചിലിൽ അയാൾ സമാധാനം കണ്ടെത്തി. ഇരുട്ടിവെളുക്കുവോളം നാലു ചുമരുകൾക്കുള്ളിൽ മെനയുന്ന സ്ത്രീയുടെ പെടാപ്പാടും വികാരങ്ങളും അയാൾ കണ്ടില്ല. അവളുടെ താത്പര്യങ്ങളെ നിർദ്ദയം അയാൾ അവഗണിച്ചു. ഇത്രയും വിശദീകരണം നന്നായി. അതിനുശേഷം അയാൾ ബിന്ദുവിനോട് പറയുന്നത് ഭാര്യയുടെ കടമ നിർവഹിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല എന്നാണ്. അതായത് സുഗുണൻ എന്ന മനോരോഗിയുടെ മുന്നിൽ അമ്മ കളിക്കാൻ അവർ നിന്നു കൊടുക്കാതിരുന്നതാണ് സർവ കുഴപ്പങ്ങൾക്കും കാരണം. സിനിമയിൽ സുഗുണൻ എന്ന ഭർത്താവിനെ ഇഷ്ടപ്പെടാനുള്ള ഒരു കാരണം തിരക്കിയാൽ നിരാശയായിരിക്കും ഫലം. കാമപ്രകടനം ഉൾപ്പടെ അറപ്പിക്കുന്ന രീതിയിലാണ് അയാളുടെ ചേഷ്ടകളുടെയും പ്രവൃത്തികളുടെയും ചിത്രീകരണം. എന്നിട്ടും സിനിമാന്ത്യത്തിൽ ഡോക്ടറുടെ ഉപദേശപ്രസംഗത്തിൽ അവൾ കുറ്റക്കാരിയാണ്. അതെങ്ങനെ? ഇത്രത്തോളം പ്രാധാന്യമില്ലെന്നു തോന്നുമെങ്കിലും മറ്റൊരു ഉപദേശം കൂടി സിനിമയെ ശുഭാന്തമാക്കാൻ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. ബിന്ദുവിന്റെ അച്ഛന്റെ (ഇന്നസെന്റ്) ഉപദേശമാണത്. അതും ഒരു സാമൂഹികസ്ഥാപനവുമായി അടുത്തു ബന്ധം പുലർത്തുന്ന ഒന്നാണെന്ന കാര്യം പെട്ടെന്ന് ആരും ശ്രദ്ധിക്കാൻ ഇടയില്ല. അയാൾ ഒരു വക്കീൽ ഗുമസ്ഥനായിരുന്നു. നിരവധി വിവാഹമോചനകേസുകൾ കൈകാര്യം ചെയ്തതിന്റെ അനുഭവപരിചയത്തിൽ നിന്നാണ് അയാൾ മകളെ ഭർത്താവുമായി ഒത്തുപോകാൻ ഉപദേശിക്കുന്നത്. ഒറ്റയ്ക്കു നിൽക്കുന്ന സ്ത്രീ ഒരു ബാധ്യതയായിരിക്കും എന്ന് അയാൾ അടുത്തു വിവാഹം കഴിഞ്ഞ മകനെ ഓർമ്മപ്പെടുത്തുന്നുണ്ട്. അയാളുടെ ഉപദേശവും നിർബന്ധവും, ഡോക്ടറുടെ കുറ്റപ്പെടുത്തലും പരിഹാരനിർദ്ദേശവും, പ്രിൻസിപ്പാളിന്റെ ഭീഷണിയും താക്കീതും ഇതെല്ലാം കൂടി ചേർന്ന് സ്വന്തം ഇച്ഛാശക്തി നഷ്ടമായി തീർന്ന ഒരു സ്ത്രീയുടെ ദുരന്തത്തെയാണ് ‘വെറുതേ ഒരു ഭാര്യ’യുടെ വിജയമായി നാം കൊട്ടിഘോഷിക്കുന്നത്.

മാർക്സ് വിവരിച്ചതുപോലെ സ്ത്രീ വീടെന്ന പണിശാലയ്ക്കുള്ളിലെ ചൂഷിതയായ തൊഴിലാളിയും ഭർത്താവ് അവളുടെ അദ്ധ്വാനത്തിന്റെ മിച്ചമൂല്യത്തെ സുഖാനുഭവമെന്ന മൂലധനവർദ്ധനയ്ക്ക് നിരന്തരം ഉപയുക്തമാക്കിക്കൊണ്ടിരിക്കുന്ന മുതലാളിയുമാണെന്ന ആശയത്തെ സിനിമ ചെന്നു തൊടുന്നു എന്നതു സത്യം. അത്രമാത്രം. ആദ്യഭാഗങ്ങളിൽ സിനിമ കൈക്കൊള്ളുന്ന സ്ത്രീയ്ക്ക് അനുകൂലമായ ചായ്‌വും സഹാനുഭൂതിയും പിന്നെ പിന്നെ ഉപേക്ഷിക്കുന്നതായാണ് കാണുന്നത്. ഭർത്താവുമായുള്ള കലഹം (പണിമുടക്കു - നിസ്സഹകരണ സമരം തന്നെ അത്) തുടങ്ങുന്ന അവസരം മുതലാണ് തിരക്കഥയിലെ ഈ ചുവടുമാറ്റം. കാരണം വ്യക്തമാണ്. സ്ത്രീയെ സഹനശക്തിയുടെ മൂർത്തരൂപമായി കാണാനും അതുവഴി ചെലവില്ലാതെ അവൾക്ക് സഹാനുഭൂതി നൽകിക്കൊണ്ടിരിക്കാനുമുള്ള കൌതുകം അവളുടെ കലഹത്തോടെ അവസാനിച്ചു പോകുന്നു എന്നുള്ളതാണ്. അതു നീണ്ടു നിൽക്കുന്നതോടെ, പക്ഷം തന്നെ മാറാനുള്ള ഉൾപ്രേരണ കാഴ്ചക്കാരിൽ വർദ്ധിക്കുകയും ചെയ്യുന്നു. പിന്നെവിടെയാണ് സിനിമയിൽ സ്ത്രീ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഘടകം സ്ഥിതിചെയ്യുന്നതെന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. സിനിമയുൾപ്പെടെയുള്ള കലാരൂപങ്ങൾ സാമൂഹികമായി കൈയാളുന്ന ഉപസ്ഥിതിയ്ക്കാണ് അതിന്റെ ക്രെഡിറ്റ് പോകേണ്ടത്. സിനിമയെന്ന പിതൃസ്വരൂപത്തിനുള്ളിൽ അതിരാവിലെ മുതൽ അർദ്ധരാത്രിവരെ നീണ്ടുപോകുന്ന കായികവും മാനസികവുമായ തങ്ങളുടെ ക്ലേശങ്ങൾ രേഖപ്പെടുത്തപ്പെട്ടു എന്നതുകൊണ്ടുമാത്രം ചരിതാർത്ഥമായതാണ് സ്ത്രീപ്രേക്ഷകമനസ്സ്. ബിന്ദുവിനുണ്ടായിരുന്ന ആയാസങ്ങൾ എതെങ്കിലും തരത്തിൽ പരിഹരിക്കപ്പെട്ടുകൊണ്ടല്ല ‘വെറുതേ ഒരു ഭാര്യ’ അവസാനിക്കുന്നത്. പുതിയ മിക്സിയും ഇസ്തിരിപ്പെട്ടിയും സ്വർണ്ണവിലയെക്കുറിച്ചു് അടുക്കളയിൽ ചെന്നുള്ള അറിയിപ്പും പകരം വച്ചതു കൊണ്ട് ഒരു പക്ഷേ അയാളുടെ പ്രശ്നങ്ങൾ അവസാനിച്ചു പോകുമായിരിക്കാം. (മനശ്ശാസ്ത്രജ്ഞൻ ഡോക്ടർ നന്നായി പണിചെയ്തിരിക്കണം, അമ്മിയിലരയ്ക്കാനും പശുവിനെ കറക്കാനും ചിരട്ടക്കരിയിട്ട ഇസ്തിരി കൊണ്ടു ഉടുപ്പു വടിപോലെ തേയ്ക്കാനും അയാൾ ബിന്ദുവിനെ നിർബന്ധിച്ചിരുന്നത് അമ്മയുടെ ഓർമ്മയിലായിരുന്നു. മാതൃരതി. ആ അസുഖം മാറി! പകരം മറ്റൊന്ന് ഉണ്ടായോ എന്ന സംശയത്തിന് സിനിമ ചില അടിസ്ഥാനങ്ങൾ നൽകുന്നുണ്ട്. മകളോടുള്ള പ്രണയമാണത്. അതു വഴിയേ. ) പ്രണയത്തെ വസ്തുക്കളിലേയ്ക്ക് മാറ്റി പ്രതിഷ്ഠിച്ചുകൊണ്ട് മധ്യവർഗസ്ത്രീകളുടെ പ്രശ്നത്തിൽ തൊട്ടു എന്നു ഭാവിച്ച ഈ സിനിമ അവരുടെ വികാരങ്ങളെയും ആത്മാഭിമാനത്തെയും നോക്കി കൊഞ്ഞനം കാണിക്കുകയല്ലേ ഫലത്തിൽ ചെയ്തത്? നിങ്ങൾക്ക് എന്തു വേണമെന്ന് ഞങ്ങൾക്കറിയാം എന്നാണല്ലോ ഉപദേശങ്ങളെല്ലാം കൂടി സ്ഥാപിച്ചത്. ‘വെറുതെ ഒരു ഭാര്യ’ എന്ന ആദ്യ ശീർഷകത്തിനും ‘വെറുതെ അല്ല ഭാര്യ’ എന്ന അവസാന ശീർഷകത്തിനുമിടയിൽ ആകെ ഉണ്ടാവുന്ന മാറ്റം കലഹിക്കുന്ന സ്ത്രീയെ പ്രശ്നരഹിതയായി എങ്ങനെ മാറ്റിയെടുക്കാം എന്ന ആലോചനമാത്രമാണ്. ഈ ആലോചനയുടെ ഉപരിതലചിത്രീകരണത്തെയാണ് സ്ത്രീകളെല്ലാവരും കൂടി വീട്ടിൽ നിന്നിറങ്ങി തിയേറ്ററിൽ ചെന്നിരുന്ന് കൈയ്യടിച്ചു വിജയിപ്പിച്ചുകൊടുത്തത്.
ശാന്തം പാപം !

അനു :
ഈ സിനിമയുടെ ശീർഷകം ‘വെറുതെ ഒരു ഭർത്താവ്’ അഥവാ ‘വെറുതെ അല്ല ഭർത്താവ്’ എന്നായാലും കുഴപ്പമില്ല എന്നു വരുന്നത് ചില്ലറക്കാര്യമാണോ?

21 comments:

Haree said...

• “പട്ടിയെ അല്ല, കടിയേല്‍ക്കാന്‍ സാധ്യതയുള്ളവരെയാണ് കെട്ടിയിടേണ്ടത് എന്ന് ചുരുക്കം.” - ഏറെ ചിരിച്ച ഒരു വാചകം!
• ‘വെറുതേ ഒരു ഭാര്യ’ എന്നാണ്, വെറുതെ എന്നെഴുതിയാല്‍ ശക്തി പോരാഞ്ഞാവാം.
• അതു വഴിയേ എന്നു പറഞ്ഞിട്ടു വഴി കാണുന്നില്ലല്ലോ! അടുത്ത പോസ്റ്റാണോ?

ഇതൊക്കെ ശരിയെങ്കിലും ഒന്നുണ്ട്. രാമന്‍ മര്യാദാപുരുഷനൊന്നുമല്ല, പക്ഷെ രാമായണം വായിക്കുന്നവര്‍ക്ക് രാമന്‍ അങ്ങിനെയല്ല എന്നു ചിന്തിക്കുവാന്‍ ഒരു അവസരമുണ്ട്, വേണമെങ്കില്‍ സ്വയം ഒന്നു നോക്കി തിരുത്തുകയുമാവാം. സിനിമ കാട്ടിത്തരുന്നത് നമുക്കു ചുറ്റുമുള്ള കുറേ കഥാപാത്രങ്ങളെയാണ്. ഈ നാല് ഉപദേശങ്ങളും നല്‍കിയ കഥാപാത്രങ്ങള്‍ക്ക് സമാന സ്വഭാവമുള്ളവര്‍ സമൂഹത്തില്‍ സുലഭമായുണ്ട്, ശരിയല്ലേ? അങ്ങിനെയല്ല എന്നു പറഞ്ഞ് നാലു പേരേ കാട്ടിയാല്‍ അതു സിനിമയില്‍ നടക്കും എന്ന മട്ടിലാവില്ലേ? അതിത്രത്തോളമെങ്കിലും ചിന്തയ്ക്കു മരുന്നിടുമോ? സംശയമാണ്. ചുരുക്കത്തില്‍ ഭാര്യയോട് ഈ വക രീതിയിലൊക്കെ പെരുമാറുന്നതിന്റെ അരോചകത്വം സ്വയമറിയുവാന്‍ ചില ഭര്‍ത്താക്കന്മാര്‍ക്കു കഴിഞ്ഞെങ്കില്‍, അതു നല്ലതല്ലേ? അങ്ങിനെയെങ്കിലും അതിയാനൊന്ന് നന്നാവട്ടേന്നു കരുതിയല്ലേ സ്ത്രീകളെല്ലാവരും കൂടി വീട്ടില്‍ നിന്നിറങ്ങി തിയേറ്ററില്‍ ചെന്നിരുന്ന് കൈയ്യടിച്ചു വിജയിപ്പിച്ചുകൊടുത്തത്. അല്ല അല്ലേ?
--

cALviN::കാല്‍‌വിന്‍ said...

ഇത്രക്കൊക്കെ വളഞ്ഞ് മൂക്ക് പിടിക്കണോ വെള്ളെഴുത്തേ? മലയാളത്തിൽ കുറേക്കാലമായി ഇറങ്ങുന്ന സിനിമകൾ എല്ലാം പ്രീച്ചിംഗ് സിനിമകളാണ് എന്നൊരു ഒറ്റവാചകത്തിൽ ഒതുക്കാവുന്നതേയുള്ളൂ :)
അതിപ്പോൾ സത്യൻ അന്തിക്കാടിന്റെ കൊമേഴ്സ്യൽ ചിത്രങ്ങളായാലും ബ്ലസിയുടെ തന്മാത്ര പോലുള്ള ജാഡകളായാലും. എങ്ങിനെ ജീവിക്കണം എന്ന് നാട്ട്കാരെ മോഹൻ‌ലാലിന്റെയും മറ്റും മോഹനരാഗത്തിലുള്ള ഡയലോഗ് ഡെലിവറി ഉപയോഗിച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്ന സിനിമകൾ.

സത്യൻ അന്തിക്കാടിനെയൊക്കെ ഏറ്റവും കൂടുതൽ അസ്വസ്ഥനാക്കുന്ന സിനിമയിലൂടെ നാട്ടുകാരെ ഉൽബുദ്ധരാക്കേണ്ടതെന്ന് പുള്ളി ചിന്തിക്കുന്ന പ്രശ്നം പ്ലസ്ടൂ പിള്ളേർ പ്രേമിക്കുന്നതും മറ്റുമാണെന്നോർക്കുമ്പോൾ ചിരിയാണ് വരുന്നത്.

മലയാളസിനിമക്ക് ബുദ്ധിജീവിനാട്യമേയുള്ളൂ. കാമ്പില്ല :)

റോബി said...

ഈ പടം അവസാനം വരെ കണ്ടില്ല. കണ്ടുകൊണ്ടിരിക്കെ ഞങ്ങളെല്ലാവരും ഉറങ്ങിപ്പോയി. (എന്റെ ഭാര്യയാണ് ആദ്യം ഉറങ്ങിയത്). പിന്നെ ഇത് കാണാനും തോന്നിയില്ല.

സിനിമയെന്ന പിതൃസ്വരൂപത്തിനുള്ളിൽ അതിരാവിലെ മുതൽ അർദ്ധരാത്രിവരെ നീണ്ടുപോകുന്ന കായികവും മാനസികവുമായ തങ്ങളുടെ ക്ലേശങ്ങൾ രേഖപ്പെടുത്തപ്പെട്ടു എന്നതുകൊണ്ടുമാത്രം ചരിതാർത്ഥമായതാണ് സ്ത്രീപ്രേക്ഷകമനസ്സ്.

ശരിക്കും അങ്ങനെയാണോ? അങ്ങനെയായിരുന്നെങ്കിൽ ! (ഞാൻ വിചാരിച്ചു ഈ വാചകം വെള്ളെഴുത്ത് തമാശയായി എഴുതിയതാണെന്ന്.) പുരുഷമേധാവിത്വത്തെയും സമൂഹത്തിന്റെ നടപ്പുശീലങ്ങളെയും കീർത്തിക്കുന്നതാണീ പടം. അതു തന്നെയല്ലേ അതു ഹിറ്റാകാനും സ്ത്രീപ്രേക്ഷകർക്കു രസിക്കാനും കാരണവും? പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്നവർ തന്നെയാണ് നമ്മുടെ സമൂഹത്തിലെ വലിയൊരു ശതമാനം സ്ത്രീകളും എന്നാണു ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഈ പടം സ്ത്രീകൾക്ക് ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ അന്വേഷിക്കുമ്പോൾ, അടുക്കള ജോലിയും സ്ത്രീകളുടെ കഷ്ടപ്പാടും ദൃശ്യപ്പെടുത്തി എന്നത് രണ്ടാമതല്ലേ വരൂ.
‘ചിന്താവിഷയ’ത്തിന്റെ വിജയവും ഇതോടു കൂട്ടി വായിക്കാം. പുരുഷന്റെ ഉപദേശം കേൾക്കുന്ന സ്ത്രീ, അല്ലെങ്കിൽ സ്ത്രീകളെ ഉപദേശിച്ചു നന്നാക്കുന്ന പുരുഷനെ കാണാൻ പൊതുവെ സബ്‌മിസ്സീവ് ആയ സ്ത്രീകൾ ഇഷ്ടപ്പെടുന്നു എന്ന്...

അങ്ങനെയും ആകാം അല്ലേ?

The Prophet Of Frivolity said...

"...കേരളത്തിലെ പ്രബുദ്ധരായ സ്ത്രീസമൂഹം" Ironic, wasn't it?
ഇങ്ങനെയൊക്കെ എഴുതുകയും, ചിന്തിക്കുകയും ചെയ്യുന്ന വെള്ളെഴുത്താണ്, Ahistoric and anachronistic. You got to grow up man!

വെള്ളെഴുത്ത് said...

പുരുഷമേധാവിത്വത്തെയും സമൂഹത്തിന്റെ നടപ്പുശീലങ്ങളെയും കീർത്തിക്കുന്നതാണീ പടം.
അതെ. പക്ഷേ സിനിമയുടെ ഭാവം അതല്ല. സൂപ്പർസ്റ്റാരുകൾ വിരാജിക്കുന്ന സാധനങ്ങൾക്കിടയിൽ ഈ സിനിമ വിജയിക്കാൻ കാരണം സ്ത്രീകളുടെ കഷ്ടപ്പാടുകൾ ശ്രദ്ധിക്കുകയും അവരെന്തുവേണമെന്നു പറഞ്ഞുകൊടുക്കുകയും ചെയ്തതുകൊണ്ടാണ് അത്രയേ വാദമുള്ളൂ.
ഈ വക രീതിയിലൊക്കെ പെരുമാറുന്നതിന്റെ അരോചകത്വം സ്വയമറിയുവാന്‍ ചില ഭര്‍ത്താക്കന്മാര്‍ക്കു കഴിഞ്ഞെങ്കില്‍,
അത് സിനിമ പുറമേ അണിഞ്ഞിരിക്കുന്ന ഭാവം, അതല്ല അതിനകത്തു സ്ഥിതി ചെയ്യുന്ന തത്ത്വം. കലയുടെ വൈരുദ്ധ്യമാണത്. ഇവിടെ അത് അത്രയൊന്നും വിപ്ലവകരമാവുന്നില്ലെന്നു മാത്രം.
മലയാളസിനിമക്ക് ബുദ്ധിജീവിനാട്യമേയുള്ളൂ. കാമ്പില്ല :)
അതെ. ഭൂരിപക്ഷം സിനിമകൾക്കും. ചലച്ചിത്രകാരന്മാർ അവകാശപ്പെടുന്നതല്ലല്ലോ അതിൽ നിന്ന് തെളിഞ്ഞു കിട്ടുന്നതെന്ത് എന്ന് അന്വേഷിക്കാൻ ചിലപ്പോൾ വളഞ്ഞു തന്നെ പിടിക്കേണ്ടി വരും. അതു നമ്മുടെ ബൌദ്ധികവ്യായാമം. സെൽഫ് അസെസ്സ്മെന്റ്...
ഫ്രിവോ, ഇങ്ങനെ വളഞ്ഞ് പരത്തിയ ഗഡാഗഡിയൻ സാധനത്തിലെ ഒരു വരി, ഒരേ ഒരു വരി, കാലക്രമം തെറ്റിച്ച് എന്നെ ചരിത്രത്തിൽ നിന്ന് പുറത്താക്കി? അക്കാമ്മ ചെറിയാന്റെയും സരസ്വതിയമ്മയുടെയും കാലത്തു നിന്ന് കീപ്പോട്ടിറങ്ങി ഉപദേശങ്ങൾ കണ്ണടച്ച് അനുസരിക്കുകയും വിപ്ലവം എന്നത് മറ്റെന്തോ ആണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും പെൺകുട്ടികളെ കെട്ടിപ്പൊതിഞ്ഞ് സംരക്ഷിക്കാൻ മരണവെപ്രാളം കാണിക്കുകയും ചെയ്യുന്ന സമകാല സ്ത്രൈണത ‘പ്രബുദ്ധത‘യുടെ പേരിലെങ്കിലും ഒരു 'കുത്തി' നോവിക്കൽ ചോദിച്ചു വാങ്ങുന്നില്ലേ?

cALviN::കാല്‍‌വിന്‍ said...

അക്കാമ്മ ചെറിയാന്റെയും സരസ്വതിയമ്മയുടെയും കാലത്തു നിന്ന് കീപ്പോട്ടിറങ്ങി ഉപദേശങ്ങള്‍ കണ്ണടച്ച് അനുസരിക്കുകയും വിപ്ലവം എന്നത് മറ്റെന്തോ ആണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും പെണ്‍കുട്ടികളെ കെട്ടിപ്പൊതിഞ്ഞ് സംരക്ഷിക്കാന്‍ മരണവെപ്രാളം കാണിക്കുകയും ചെയ്യുന്ന സമകാല സ്ത്രൈണത ‘പ്രബുദ്ധത‘യുടെ പേരിലെങ്കിലും ഒരു 'കുത്തി' നോവിക്കല്‍ ചോദിച്ചു വാങ്ങുന്നില്ലേ?ഉണ്ടുണ്ട് തീർച്ചയായും ഉണ്ട്. വിഷയത്തിൽ മുൻപ് കമന്റാഞ്ഞത് കമന്റി മടുത്തു പോയത് കൊണ്ടാണ്. സിസ്റ്റത്തെ നോവിക്കാതെ വിപ്ലവം കൊണ്ടുവരാൻ ശ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല എന്നാണ് ഇക്കാര്യത്തിൽ എന്റെ മതം. എന്നാൽ ഇന്ന് നടക്കുന്നത് സിസ്റ്റത്തെ എതിർക്കാൻ ആർക്കും ധൈര്യമില്ല. കേരളത്തിലെ ഉയർന്ന മിഡിൽക്ലാസ് സാ‍ന്നിദ്ധ്യം ഇതിനൊരു കാരണമാവാം.

ശാശ്വത്‌ :: Saswath Tellicherry said...

കാല്‍വിന്‍, വെള്ള,

നല്ല ഒരു പോസ്റ്റിനെ ഈ രീതിയില്‍ ചിത്രവധം ചെയ്യണോ? വെള്ളെഴുത്ത് പറഞ്ഞത് തികച്ചും വസ്തുതകളാണ്. വെറുതെ ഒരു ഭാര്യയിലെ സന്ദേശങ്ങള്‍ മിക്കതും അബദ്ധജടിലങ്ങളാണ്. പക്ഷേ, ഈ സിനിമയേക്കാള്‍ അരോചകമാണ് അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം. അല്ലെങ്കിലും മീര ജാസ്മിന്റെ പാത്രസൃഷ്ടിയും അവള്‍ വളര്‍ന്ന ചുറ്റുപാടുകളും ഒക്കെ കൊണ്ട് വന്നു ഏച്ചു കെട്ടി യഥാര്‍ത്ഥ കഥയില്‍ യോജിപ്പിച്ചപ്പോള്‍ ആകെ മൊത്തം അലമ്പായ ഒരു സിനിമയാണ് അത്. പക്ഷേ, ഈ പടത്തിലും അത് പോലെ ടു ഹരിഹര്‍ നഗറിലും എടുത്തു കാണിക്കുന്ന ഒരു വസ്തുത ഉണ്ട്- ഭര്‍ത്താക്കന്‍മാര്‍ മിക്കവാറും വേലി ചാടാന്‍ സാധ്യതയുണ്ട്, അത് കൊണ്ട് ഭാര്യമാരുടെ ഒരു കണ്ണ് സദാ അവരില്‍ ഉണ്ടായിരിക്കണം. ഒരു പോസ്റ്റ്‌ ഇതിനെ പറ്റിയും ആവാം.

അത് കാല്‍വിന്‍ ഒറ്റ വാക്കില്‍ പറഞ്ഞ ആ സുഖിപ്പിക്കുന്ന പ്രീചിങ്ങിനേക്കാളും ഗൌരവമേറിയ ഒന്നാണ്. ഒരു തെറ്റായ സന്ദേശം സമൂഹത്തില്‍ അടിച്ചുറപ്പിക്കാന്‍ രണ്ട് ഹിറ്റ്‌ സിനിമകള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു, അത് കഴിഞ്ഞ് ഇപ്പോഴിതാ ഹാപ്പി ഹസ്ബന്‍ഡ്സ്. (പടം കണ്ടില്ല, നോ എന്‍ട്രിയുടെ റീ മേയ്ക്ക് ആയതിനാല്‍ ഏതാണ്ട് ഇതു പോലെ ആണെന്ന് ഊഹിച്ചതാണ്.) ഇതിന്റെ പുരുഷ വകഭേദം തളത്തില്‍ ദിനേശനും മിന്നാരത്തിലെ ജഗതിയും അടക്കം എത്രയോ തവണ വന്നതാണ്, പക്ഷേ അവിടെയൊന്നും സ്ത്രീയെ വേലി ചാടുന്നവള്‍ ആക്കി ചിത്രീകരിച്ചിട്ടില്ല- അതൊക്കെ പുരുഷന്റെ സംശയങ്ങള്‍ മാത്രം.. ഹോ!

"അക്കാമ്മ ചെറിയാന്റെയും സരസ്വതിയമ്മയുടെയും കാലത്തു നിന്ന് കീപ്പോട്ടിറങ്ങി"

അത്രയും പിന്നോട്ട് പോണോ വെള്ളെ? നമ്മുടെ ഇഞ്ചിയെ ചൂണ്ടിക്കാണിച്ചാല്‍ പോരെ? :)

(എന്തൊക്കെയായാലും മലയാളത്തിലെ ഏറ്റവും അഹങ്കാരിയായ ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ഇഞ്ചിയെ ഇഷ്ടമാണ് കേട്ടോ.)

cALviN::കാല്‍‌വിന്‍ said...

സ്ത്രീജനങ്ങള്‍ വിജയിപ്പിച്ച രണ്ട് സിനിമകളും അവര്‍ തന്നെ തിയേറ്ററില്‍ എഴുന്നേറ്റ് നിന്ന് കൂവേണ്ട സിനിമകള്‍ ആയിരുന്നുവെന്ന വെള്ളെഴുത്തിന്റെ പോയിന്റിനോട് യോജിപ്പേയുള്ളൂ ശാശ്വത്.

ഞാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളേ പറഞ്ഞുള്ളൂ

1) മലയാളസിനിമയ്ക്ക് മൊത്തത്തില്‍ വന്ന പരിണാമം. സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ തന്നെയെടുത്താല്‍ ഒളിച്ചോടി വിവാഹം കഴിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ജയറാമിന്റെയും സിതാരയുടെയും ദുഃഖത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നവരെ ഉപദേശിച്ച് പിന്തിരിപ്പിക്കുന്ന ഉര്‍വശിയുടെ കര്ത്തവ്യബോധത്തിലേക്കുള്ള പരിണാമം. ഒരു നേരത്തെ ആഹാരത്തിനു എന്തുണ്ട് വക എന്നറിയാത്ത മോഹന്ലാലിന്റെ പ്രണയത്തെ തിരസ്കരിക്കാത്ത ശോഭനയില്‍ നിന്നും, തന്നെ പ്രണയിക്കുന്ന ദിലീപിനോട് ഒരു കിലോ‌ അരിയുടെ മാര്‍ക്കറ്റിലെ വില അറിഞ്ഞിട്ട് പ്രേമിക്കാന്‍ പറയുന്ന മീരാ ജാസ്മിനിലേക്കുള്ള പരിണാമം.ഇത് ഒറ്റപ്പെട്ടതല്ല. മലയാളസിനിമയുടെ മൊത്തത്തിലുള്ള സ്വഭാവമാറ്റമാണ്.

അന്യഭാഷകളിലും പുരുഷമേധാവിത്വം തന്നെയാണ് സിനിമകളില്‍- പ്രത്യേകിച്ച് കൊമേഴ്‌‌സ്യല്‍ സിനിമകളില്- പ്രതിഫലിക്കുന്നതെന്കിലും അതിനു ബുജി നാട്യമില്ല. മലയാളത്തില്‍ ബുജി നാട്യത്തോടെയാണെന്ന് മാത്രം. ബ്ലസിയുടെ സിനിമകളിലെ പ്രാധാന്യമുണ്ടെന്ന് തോന്നിക്കുന്ന എന്നാല്‍ നായകന്റെ നിഴലുമാത്രമായ നായികമാര്‍ ഉദാഹരണം.

2. കേരളത്തിലെ പ്രബുദ്ധരെന്നവകാശപ്പെടുന്ന സ്ത്രീവിഭാഗം എത്ര മാത്രം പ്രബുദ്ധരാണ് എന്ന ചോദ്യം. ഇതിനും വെള്ളയോട് യോജിച്ചതാണ്. മതം കുടൂ‌‌ബം എന്നീ രണ്ട് ശക്തമായ ഇന്സ്റ്റിറ്റ്യൂഷനുകളെ തള്ളിപ്പറയാന്‍ തയ്യാറാകാതെ (രണ്ടില്‍ നിന്നും ഉള്ള പ്രീച്ചിംഗ് ഏറ്റുവാങ്ങിക്കൊണ്ട്) വിപ്ലവത്തെ പ്രതീക്ഷിച്ചിരിക്കുന്ന തരം പൈന്കിളി ഫെമിനിസം കൊണ്ട് കാര്യമുണ്ടോയെന്നാണ്. ഇതു രണ്ടിനെയും തൊട്ട് കളിച്ചാല്‍ ശാശ്വത് പറഞ്ഞ ഇഞ്ചി വരെ കാലു മാറിയെന്നും വരും ;)

അത്രയേയുള്ളൂ.
ഇനിയിവിടെ അനോണി മേളം പ്രതീക്ഷിച്ചോളൂ‌ വെള്ളേ ;)

Anonymous said...

ഗാനനിരൂപണം എന്ന പരിപാടി - പടങ്ങളില്‍ കുത്തിനിറയ്ക്കുന്ന പാട്ടുകളെ സാഹിത്യസൃഷ്ടിയെന്ന മട്ടില്‍ വിലയിരുത്തുന്നത് - ചെയ്യുന്ന ഒരേഒരാള്‍ ടി പി ശാസ്തമംഗലമാണ്. ആ വഴിക്ക് പോണോ?

Anonymous said...

"മാർക്സ് വിവരിച്ചതുപോലെ സ്ത്രീ വീടെന്ന പണിശാലയ്ക്കുള്ളിലെ ചൂഷിതയായ തൊഴിലാളിയും ഭർത്താവ് അവളുടെ അദ്ധ്വാനത്തിന്റെ മിച്ചമൂല്യത്തെ സുഖാനുഭവമെന്ന മൂലധനവർദ്ധനയ്ക്ക് നിരന്തരം ഉപയുക്തമാക്കിക്കൊണ്ടിരിക്കുന്ന മുതലാളിയുമാണെന്ന ആശയത്തെ സിനിമ ചെന്നു തൊടുന്നു എന്നതു സത്യം"

again Marx.
jaata kaanikkaan vere ethra aalukal undu..Marx okke "pazhaya" thaaram alle.

കാക്കര - kaakkara said...

പോസ്റ്റിൽ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ സ്ത്രീ ഒരടി പിന്നിലായതോ അതോ പുരുഷൻ ഒരടി മുന്നിലായതോ!!!!

വായിച്ചപ്പോൾ, ചുമ്മാ കമന്റി അത്രതന്നെ....

★ shine | കുട്ടേട്ടൻ said...

റോബിയും, ഹരിയും പറഞ്ഞതിനോടു യോജിക്കാൻ തോന്നുന്നു. വെള്ളെഴുത്ത്‌ പറഞ്ഞതുപോലെയോ, ചിന്തിക്കുന്നതുപോലെയോ ഈ ചിത്രം കണ്ട 5% മലയാളി സ്ത്രീകൾ പോലും(എന്തിനു സ്ത്രീകളാക്കുന്നു? മൊത്തം മലയാളി പ്രേക്ഷകർ) ചിന്തിച്ചു കാണില്ല. സംവിധായകനോ, കഥെഴുതുമ്പോഴോ ചിന്തിച്ചു കാണില്ല.

അവർക്കു ഒറ്റ ഉദ്ദേശ്യമേ ഉണ്ടാവൂ - ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ അംഗീകരിക്കപ്പെടുന്ന ഒരു സിനിമ ഇറക്കണം- അത്ര തന്നെ. നമ്മുടെ മുഖം മോശമായതിനു കണ്ണാടിയെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.

പറയുമ്പോൾ രണ്ടുവശവും പറയണമല്ലോ? തെറ്റുകളോ, സാധരണഗതിയിൽ സമൂഹം ശ്രദ്ധിക്കാതെ പോകുന്നതോ ആയ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ആളുണ്ടാവുന്നത്‌ സമൂഹത്തിന്റെ ആരോഗ്യത്തിനു നല്ലതു തന്നെ. ആ അർഥത്തിൽ ഈ post നു നല്ല പ്രസക്തി തോന്നുന്നു.

ശാശ്വത്‌ :: Saswath Tellicherry said...

മതം കുടൂ‌‌ബം എന്നീ രണ്ട് ശക്തമായ ഇന്സ്റ്റിറ്റ്യൂഷനുകളെ തള്ളിപ്പറയാന്‍ തയ്യാറാകാതെ (രണ്ടില്‍ നിന്നും ഉള്ള പ്രീച്ചിംഗ് ഏറ്റുവാങ്ങിക്കൊണ്ട്) വിപ്ലവത്തെ പ്രതീക്ഷിച്ചിരിക്കുന്ന തരം പൈന്കിളി ഫെമിനിസം കൊണ്ട് കാര്യമുണ്ടോയെന്നാണ്.

എന്നാലും ഒരു സംശയം ബാക്കി... വിപ്ലവകാരികള്‍ എല്ലാം കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിനെ തള്ളി പറയണോ? ഫെമിനിസം എന്നാല്‍ അങ്ങനെ തന്നെയാണോ അര്‍ഥം? ഒരു സ്ത്രീയുടെ അവകാശങ്ങള്‍ പുരുഷന്‍ മനസ്സിലാക്കുന്നിടത്ത് കുടുംബ ജീവിതം എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ തകര്‍ക്കേണ്ട ആവശ്യം ഉണ്ടോ?

ഇതു രണ്ടിനെയും തൊട്ട് കളിച്ചാല്‍ ശാശ്വത് പറഞ്ഞ ഇഞ്ചി വരെ കാലു മാറിയെന്നും വരും ;)

ഹോ, ഈ കാല്‍വിന്റെ ഒരു കാര്യം... മനുഷ്യന്മാരെ ഒരു തമാശ പറയാനും സമ്മതിക്കില്ലേ?

വെള്ളെഴുത്ത് said...

again Marx.
jaata kaanikkaan vere ethra aalukal undu..Marx okke "pazhaya" thaaram alle.

ഹാഹഹ ! ജാട കാണിക്കാൻ വേറെ ‘എത്ര‘ ആൾക്കാരുണ്ട്.. ? പറയൂ അവരുടെ പേരുകളെല്ലാം..പുതിയ താരങ്ങളെ ഒന്നറിയട്ടേ..
ഇക്കാര്യത്തിൽ കിച്ചു എന്തു പറയുന്നു ?

vasanthalathika said...

പണ്ടെ തന്നെ കുടുമ്പം തിരിച്ചുപിടിയ്ക്കാന്‍ സിനിമാക്കാര്‍
ആശ്രയിക്കുന്നത് ഒരടിയോ നാല് മെയില്‍ നീളമുള്ള ഉപദേശമോ ഒക്കെ ആണ്.ഇപ്പോഴും മാറ്റമില്ല.

rani said...

THIS POST IS REALLY CAT'S MEOW

ജ്വാല said...

പണ്ടത്തെ ചിത്രങ്ങള്‍ ഗുണപാഠകഥകള്‍ പോലെയായിരുന്നു.നല്ലതു ചെയ്തവര്‍,ത്യാഗം ചെയ്തവര്‍ എല്ലാം അവസാനം ഐശ്വര്യമായി ജീവിക്കുന്നതു കാണാം.ക്രൂരകഥാപാത്രങ്ങള്‍ക്കു മരണവും രോഗവും കിട്ടുന്നു....അത്തരം കഥകളില്‍ നിന്നും കമേഴ്സിയല്‍ ചിത്രങ്ങള്‍ രക്ഷപ്പെട്ടു ഈ നിലയിലായി.Male dominant society ല്‍ പുരുഷ സംവിധായകര്‍ മാത്രം നയിക്കുന്ന സിനിമാലോകത്ത് , വ്യക്തിമുദ്ര പതിച്ച സ്ട്രീ സംവിധായകരുടെ അഭാവത്തില്‍ ഇത്തരം ചിന്താവിഷയങ്ങളും ഉപദേശങ്ങളും മാത്രം പ്രതീക്ഷിക്കാനും ആസ്വദിക്കാനും മൌനമായി പ്രതിഷേധിക്കാനും സ്ട്രീ പ്രേക്ഷകര്‍ conditioned ആയിരിക്കുന്നു.എത്ര നല്ല കഥാപാത്രങ്ങളായി അഭിനയിച്ചാലുംമലയാളിയെ നല്ലവരാക്കുവാന്‍ മോഹന്‍ലാലിനോ മമ്മൂട്ടിക്കൊ ഇതുവരെ കഴിഞ്ഞുവോ?പ്രസംഗത്തിലൂടെ മലയാളിയെ മൊത്തം പ്രബുദ്ധരാക്കുവാന്‍ അഴിക്കോട് മാഷിനും സാധിച്ചുവോ?Art for art sake? or Life sake? സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അതേ നിലയില്‍ ഏറ്റെടുക്കുവാന്‍ ആരും തയ്യാറല്ല.“ഹിറ്റ് “എന്നത് മഹത്തായ സിനിമ എന്നല്ല എന്നു സമാധാനിക്കാം

Anonymous said...

vellezhuthum mattu prabudharaya purusha bloggar marum keralathile streekale vazhiyadharamkkiye adangu enna vasiyilanneu thonnunnu.swandam mukhangalkk nere pidicha kannadiyanu verude oru bharya polulla chithrangal ennu ee prabudhar manassilakki viplavam implement cheyyan streekale sahayikkanam.

വെള്ളെഴുത്ത് said...

അനോനീമണീ, സോറി.. ഇങ്ങനെ എന്തെങ്കിലും വരുമെന്നറിയാം. അതു വൈകിയതെന്ത് എന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഒരു ചരട് പിടിച്ചിട്ട് ഇപ്പറത്തു നിന്ന് നോക്കുമ്പോൾ ശരിയാണ്.. ‘ഇവരെന്താ ശരിയാവാത്തതെന്ന് പ്രബുദ്ധരായ പുരുഷകേസരികൾ, ‘ദാ ഇനി ഇവന്മാരാണ് ഞങ്ങളെ നന്നാക്കാൻ പോകുന്നതെന്ന്‘’ ക്രോധാവശകളായ ലലനാമണികൾ.. ഇതെന്റെ മാത്രം മാനസികരോഗമാണല്ലോ അതുകൊണ്ട് കുറ്റം ഒരാൾക്കു മതി..‘പ്രബുദ്ധരായ പുരുഷബ്ലോഗർമാർ..” എന്നു ബഹുവചനം യോജിക്കില്ല. ഇന്ദിരാഗാന്ധി സ്ത്രീയായതുകൊണ്ട് അവരുടെ അടിയന്തിര നടപടികളെ പ്രോത്സാഹിപ്പിക്കാമായിരുന്നു എന്നാരും പറയില്ലല്ല്ല്ലോ.. കെട്ടു പോയ അഭിരുചിയെക്കുറിച്ചാണ് പറയുന്നത്(എന്റെ നോട്ടത്തിൽ) അതിനെ വാദങ്ങളും ഉദാഹരണങ്ങളും വച്ചു തിരുത്തുക. ഒരു പൊട്ട പടത്തെക്കുറിച്ച് പറഞ്ഞപ്പോൾ അതിൽ നായികയ്ക്കു വന്ന പ്രാധാന്യം പുരുഷന്മാർക്ക് സഹിക്കാൻ പറ്റാതെ വന്നതുകൊണ്ടാണ് കുറ്റം പറയുന്നതെന്ന് ഒരു സ്ത്രീ അഭിപ്രായം തട്ടുന്നതു കേട്ടു. ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. സമത്വത്തെക്കുറിച്ചു പറഞ്ഞു കൊണ്ടു തന്നെ ഒരു തമാശയെപ്പോലും ആൺ പെൺ കൾലിയ്ക്കകത്തു കയറ്റിയിട്ട് ടയറഴിക്കുന്നത്. ഞാൻ എനിക്ക് ഒരുപാട് അനുഭാവമുള്ള, അമ്മയുൾപ്പടെയുള്ള സ്ത്രീകളുടെ അഭിപ്രായത്തെയാണ് വിമർശനബുദ്ധിയോടെ എതിർത്തത്, ഈ സിനിമയുടെ കാര്യത്തിൽ. (അപ്പോൾ ‘പ്രബുദ്ധ’ രുടെ മാതൃകമാണ് എന്റെയും എന്നു മനസ്സിലാവുമല്ലോ..) അത്രയും സ്വാതന്ത്ര്യം എനിക്കില്ലേ.. അല്ലാതെ ഇതെന്താ (മുൻപ് ഒരു പോസ്റ്റിൽ എഴുതിയതുപോലെ) പുതിയ തരം അയിത്തമാണോ..എന്തിന്റെ പേരിലായാലും സമൂഹത്തിന്റെ ഒരു ഭാഗത്ത് മാത്രം തൊട്ടുപോവരുത് എന്നു പറയാൻ..?

Anonymous said...

ee systethinte bhagamakendi vannathinte amarshamanu enikk ee cinema kanumbol undayath.vellezhuthinu parayanulla swathandryam undallo. ore samayam anusaranayulla bharyayum viplavakariyumakan valla vazhiyum undo?

Melethil said...

നിങ്ങളെയൊക്കെ സമ്മതിച്ചു, വെറുതെ ഒരു ഭാര്യ കണ്ടിരിയ്ക്കാം കുറെയൊക്കെ, പക്ഷെ മറ്റേതു നിങ്ങളൊക്കെ എങ്ങനെയിരുന്നു കണ്ടു? ഹോ! ഇത്ര ഒരു ട്രാഷ് പടം എന്റെ ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല.സുകന്യയേയും മോഹന്‍ലാലിനെയും കണ്ടിരുന്നവരെയൊക്കെ ഞാന്‍ ഒന്ന് തൊഴുന്നു.മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും സ്ത്രീവിരുദ്ധ സംവിധായകനാ സത്യന്‍.അയ്യാടെ ആ ലോട്ടറി പടത്തിന്റെ പേരു മറന്നു.