November 4, 2009

ഒരേ മുഖച്ഛായയുള്ള കല്ലുകള്‍വേതാളം വിക്രമാദിത്യന്റെ തോളില്‍ കയറി മറിഞ്ഞുംകൊണ്ട് പറഞ്ഞ കഥയാണ് . വാരാണസിയിലെ മുകുടശേഖരന്‍ എന്ന രാജകുമാരനും സമപ്രായക്കാരനായ മന്ത്രികുമാരനും ഒരു യാത്രയ്ക്കിടില്‍ സഖികളോടൊപ്പം കാട്ടുപ്പൊയ്കയില്‍ കുളിക്കുന്ന അതി സുന്ദരിയായ പെണ്‍കുട്ടിയെക്കണ്ടു. അവളുടെ സ്വര്‍ഗീയസൌന്ദര്യം കണ്ടുഭ്രമിച്ചു നിന്നുപോയ രാജകുമാരനെ സ്നേഹത്തോടെ കടാക്ഷിച്ചിട്ട് തടാകത്തില്‍ നിന്നൊരു താമരപൂവു പറിച്ച് ചെവിയില്‍ ചേര്‍ത്ത് അതിനെ കടിച്ചതിനു ശേഷം പാദങ്ങളുടെ പുറകുവശത്തിട്ടു. അനന്തരം മറ്റൊരു പൂവു പറിച്ചെടുത്ത് ശിരസ്സില്‍ വച്ചിട്ട് മാറോട് ചേര്‍ത്തു. എന്നിട്ട് അതും താഴെയിട്ട് തോഴിമാരൊടൊപ്പം മഞ്ചലില്‍ കയറി ധൃതിപിടിച്ചു അവിടെ നിന്നും പോയി.

അവളീ കാട്ടിക്കൂട്ടിയതിന്റെയൊക്കെ പൊരുളറിയാന്‍ വയ്യാതെ അന്തം വിട്ടു നിന്ന കുമാരന് ബോധോദയം ഉണ്ടാക്കിക്കൊടുത്തത് മന്ത്രിപുത്രനാണ്. പദ്മം പറിച്ചെടുത്തതില്‍ നിന്നും അവളുടെ പേര് പദ്മാവതിയാണെന്ന് ഊഹിക്കാം എന്ന് ബുദ്ധിമാനായ അദ്ദേഹം ഉണര്‍ത്തിച്ചു. അതു കര്‍ണ്ണത്തോട് ചേര്‍ത്തതുകൊണ്ട് കര്‍ണ്ണപുരമാണ് അവളുടെ സ്വദേശം. താമര കടിച്ചതിനാല്‍ ദന്തവടന്‍ എന്നാണ് അച്ഛന്റെ പേര്. ശിരസ്സില്‍ വച്ച് മാറോടു ചേര്‍ത്ത പൂവിന്റെ അര്‍ത്ഥം, പ്രഥമദൃഷ്ട്യാ തന്നെ അവള്‍ രാജകുമാരനില്‍ അനുരക്തയായി എന്നാണ്. അണുവിട തെറ്റാത്ത ഈ വിവരങ്ങള്‍ വച്ചാണ് ഒടുവില്‍ രാജകുമാരന്‍ കര്‍ണ്ണപുരത്തെത്തിയതും രഹസ്യമായി സംഗമിച്ചതും അവളെ വിവാഹം കഴിച്ചു സ്വരാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോന്നതും. സാക്ഷാല്‍ ഗൌതമബുദ്ധന്‍ ഒരിക്കല്‍ ശിഷ്യന്മാരോട് സംസാരിക്കാനുദ്ദേശിച്ച് ഒരിടത്ത് ചെന്നു. ആയിരത്തിലധികം വരുന്ന ശിഷ്യന്മാര്‍ ഗുരുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചെവിയോര്‍ത്തിരിക്കെ പെട്ടെന്നൊരു താമരപ്പൂവെടുത്ത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. തത്ത്വചിന്താപരമോ ആധ്യാത്മികമോ എന്തെങ്കിലും ആശയം ഇതിലുണ്ടാവും അതെന്താണെന്ന് പുകഞ്ഞാലോചിച്ചിട്ടും കിട്ടാതെ ശിഷ്യന്മാരുടെ തലയിലെ വിജാഗിരി ഇളകി. കുറേനേരം കഴിഞ്ഞപ്പോള്‍ മഹാകാശ്യപ്പ എന്ന ശിഷ്യന്‍ നിറഞ്ഞ് പുഞ്ചിരിക്കുവാന്‍ തുടങ്ങി. ആ ചിരി കണ്ട് ബുദ്ധനും ചിരിച്ചു. അന്യോന്യം മുഖം നോക്കിയ ചിരികള്‍ മുന്നില്‍ വച്ചിട്ട് ആകെക്കൂടി എന്താണിതിന്റെയൊക്കെ അര്‍ത്ഥം എന്ന കാര്യത്തില്‍ ബുദ്ധസാന്ന്യാസിമാര്‍ക്കിടയില്‍ പല തര്‍ക്കങ്ങളും ഉണ്ട്. വിയറ്റ്നാമില്‍ നിന്നുള്ള തിച്ച് നാറ്റ് ഹാന്‍ (Thich Nhat Hanh) എന്ന ലോകപ്രസിദ്ധനായ ബുദ്ധമതസന്ന്യാസി ഈ സംഭവത്തിന് ലളിതമായ വ്യാഖ്യാനമെഴുതുന്നു. അതിങ്ങനെയാണ്. “ഒരാള്‍ നിങ്ങളെ ഒരു പുഷ്പം കാണിക്കുമ്പോള്‍ ആ പുഷ്പം മാത്രം കാണുക. പുഷ്പം കാണിക്കുന്നത് എന്തിനെന്നു ചിന്തിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ പുഷ്പം ശരിക്കും കാണുകയില്ല.” കാപ്പികുടിക്കുമ്പോള്‍ കാപ്പി മാത്രം കുടിക്കുക പത്രം വായിക്കുമ്പോള്‍ പത്രം മാത്രം വായിക്കുക കാപ്പികുടിക്കുകയും പത്രം വായിക്കുകയും ചെയ്യുമ്പോള്‍ കാപ്പികുടിക്കുകയും പത്രം വായിക്കുകയും മാത്രം ചെയ്യുക എന്നു പറയുന്ന പോലെ.

പക്ഷേ... തിച്ച് നാറ്റ് ഹാമിന്റെ സിദ്ധാന്തം അതേ പടി, കാലം തെറ്റി വെളിപ്പെട്ട ബോധമായി മി. മുകുടശേഖരനിലേയ്ക്ക് മന്ത്രികുമാര സൂക്തമായി കയറിപ്പറ്റിയിരുന്നെങ്കില്‍ ടി കക്ഷിയ്ക്ക് പദ്മാവതി എന്ന അതിസുന്ദരിയെ ഭാര്യയാക്കാന്‍ കഴിയുമായിരുന്നോ? വേതാളത്തിന് വിക്രമാദിത്യനെ കുഴപ്പിക്കുന്ന ഒരു ചോദ്യം കെട്ടാന്‍ പറ്റുമായിരുന്നോ? വിക്രമാദിത്യകഥയുടെ അനുസ്യൂതി തന്നെ തകരാറിലാവുമായിരുന്നില്ലേ?

അപ്പോള്‍ ഏതാണു ശരി?

ലാവോത്‌സു കാട്ടിലൊരിടത്ത് ഒരു മരം മാത്രം ശാഖകള്‍ പടര്‍ത്തി പന്തലിച്ചു നില്‍ക്കുന്നതുകണ്ടിട്ട് വിവരം അന്വേഷിക്കാന്‍ ശിഷ്യനെ വിട്ടു. ഒരു ‘പ്രയോജനവുമില്ലാത്ത മര’മായിരുന്നു അത് . തടി മരപ്പണിക്ക് പറ്റില്ല. ഇലകള്‍ ഒരു ജന്തുവും തിന്നില്ല. വെട്ടിക്കീറി വിറകാക്കി കത്തിക്കാമെന്നു വച്ചാല്‍ പുക വന്നു കണ്ണു നീറ്റും. ഒരു നിലയ്ക്കും കൊള്ളില്ല. ലാവോത്‌സു പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഉപയോഗശൂന്യതയുടെ ഉപയോഗം നിങ്ങള്‍ കണ്ടില്ലേ?’ അപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായ ക്ഷണിക ജീവിതമല്ലി കാമ്യം’ എന്ന ആപ്തവാക്യം പ്രശ്നത്തില്‍ കുടുങ്ങുമല്ലോ? ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിച്ച് ആയുസ്സു കുറക്കണോ ‘ഉപയോഗക്ഷമതയുടെ അല്ലലുകളില്ലാതെ’ ആയുസ്സു നീട്ടണോ?ഇതാണ് യഥാര്‍ത്ഥ പ്രശ്നം. ഇതേ കഥയെ ബെര്‍തോള്‍ഡ് ബ്രഹ്റ്റ് ഉപയോഗിച്ചതിനെപ്പറ്റി വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതിയിട്ടുണ്ട്. ഉപയോഗമില്ലാത്ത മരത്തിന്റെ കാട്ടില്‍ നാം എത്തിയതുപോലെയാണ് കാഫ്കയുടെ കൃതികളുടെ വായനാ അനുഭവം എന്ന്. ഉപയോഗമില്ലാത്ത പാഴ് തടികളാണ് അതില്‍ നിറയെ. കാഫ്കയുടെ കൃതികളില്‍ ആധ്യാത്മികതയുടെ നിഴല്‍ വീണു കിടക്കുന്നതിനാലാണ് അതു മുഴുവന്‍ ശുദ്ധ അസംബന്ധമാണെന്ന് ബ്രെഹ്റ്റ് പറയുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് മറ്റെവിടെയോ ആണെന്ന ധ്വനിയാണല്ലോ അതില്‍ മുഴുവന്‍ . അതായത് ജീവിതത്തില്‍ വീണുകിടക്കുന്ന നിഴലുകളെ നോക്കി ലാവോത്‌സു ചിരിച്ച ചിരി ബ്രെഹ്റ്റില്‍ കടുത്ത ഒരു നെറ്റിചുളിപ്പായി മാറിയിരിക്കുന്നു.

ഏതാണ് ശരി?

ഇതേ ബ്രഹ്റ്റാണ് ചോദിച്ചത് :
‘ഏഴു ഗോപുര വാതിലുള്ള തീബിസ് നഗരം പണിതതാരാണ്?
ചില രാജാക്കന്മാരുടെ പേരുകളാണ്
പുസ്തകത്തില്‍ കാണുന്നത്
പക്ഷേ കല്ലു ചുമന്നത് ഈ രാജാക്കന്മാരായിരുന്നോ?
പലവട്ടം തകര്‍ന്ന ബാബിലോണ്‍
വീണ്ടും വീണ്ടും കെട്ടിപ്പൊക്കിയത് ആരായിരുന്നു?
യുവാവായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യ കീഴടക്കി.
ഒറ്റയ്ക്കോ?
സീസര്‍ ചക്രവര്‍ത്തി ഗാളുകളെ കീഴടക്കി
കൂടെ ഒരു കുശിനിക്കാരന്‍ പോലും ഉണ്ടായിരുന്നില്ലേ?
ഓരോ താളിലും ഒരു വിജയഗാഥ
പക്ഷേ സദ്യ ഒരുക്കിയതാര്?

ബ്രഹ്റ്റ് വലിയ പുള്ളിയൊക്കെയാണ്. അരിസ്റ്റോട്ടിലിയന്‍ നാടകസങ്കല്‍പ്പത്തെ തിരുത്തിയ മസ്തിഷ്കമാണ്. തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. ലോകപ്രസിദ്ധനാണ്. ശരി. പക്ഷേ കല്‍പ്പറ്റ നാരായണന്‍ ‘കുറിക്കുകൊള്ളുന്ന കവി’യില്‍ തിരിച്ചു ചോദിക്കുന്നു :

ബ്രെഹ്റ്റ്,
താങ്കളുടെ പരിഹാസം കുറിക്കു കൊണ്ടു
രാജാക്കന്മാരാണോ കല്ലും മണ്ണും ചുമന്നത്?
പക്ഷേ, ബ്രെഹ്റ്റ്
അപ്പോള്‍ നിരപരാധികളെ തൂക്കിലിട്ടത്
ആരാചാരാണെന്ന് വരില്ലേ?
മാത്രമല്ല, ബ്രെഹ്റ്റ്
ചുമക്കുന്നത് താജ്മഹലിനുള്ള കല്ലും മണ്ണുമാണെന്ന്
പണിയുന്നത് ശത്രുക്കള്‍ക്കും കടന്നു വരാനുള്ള പാലമാണെന്ന്
ഉന്നം വച്ചത്
തന്റെ യഥാര്‍ത്ഥ മിത്രത്തെയാണെന്ന്
അവരറിഞ്ഞിരുന്നെന്നും വരില്ലേ?


-അല്ലേ? ആണെന്നു പറഞ്ഞാല്‍ ബ്രെഹ്റ്റിന്റെ പരിഹാസം കുറിക്ക് കൊണ്ടെന്നാണോ അര്‍ത്ഥം, കൊണ്ടിട്ടില്ലെന്നാണോ? ബ്രഹ്ത് പറഞ്ഞത് ശരിയല്ലേ? അപ്പോള്‍ കല്‍പ്പറ്റ ചോദിച്ചതോ? പല ശരികള്‍ മുഖാമുഖം നില്‍ക്കുന്നതിനിടയില്‍ ചെന്നു പറ്റിയാലുണ്ടാവുന്ന കുഴമാന്തത്തെയാണ് വൈരുദ്ധ്യം എന്ന സ്വയമ്പന്‍ വാക്കു കൊണ്ട് നാം ഒതുക്കുന്നത്.

അനു:
മരണത്തെക്കുറിച്ച് കുഴക്കുന്ന ചോദ്യം ചോദിച്ച നചികേതസ്സിനെ യമന്‍ പ്രലോഭനങ്ങള്‍ വച്ചുനീട്ടിയും വിനയം നടിച്ചുമാണ് അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. ജീവിക്കാന്‍ വേണ്ടതെല്ലാം യമന്‍ , വാജിശ്രവസ്സിന്റെ പുത്രന്‍ നചികേതസ്സിനു വച്ചു നീട്ടി. അതേ സമയം ഡയണീഷ്യസ് ദേവതയുടെ അടുത്ത കൂട്ടുകാരനായ സെലിനാസിനെ വളരെ ക്ലേശിച്ച് കണ്ടുപിടിച്ച് ജീവിതത്തെപ്പറ്റി ചോദ്യം ചോദിച്ച മിഡാസ് ചക്രവര്‍ത്തിയെ അങ്ങേയറ്റത്തെ പുച്ഛത്തോടെയും വിഡ്ഢി എന്ന വിളിയോടെയുമാണ് സെലിനാസ് നേരിട്ടത്. എന്നിട്ട് ‘ജനിക്കാതിരിക്കുക - അതു പറ്റാത്തതുകൊണ്ട് കഴിയുന്നത്ര വേഗം മരിക്കുക.’ അതാണ് മനുഷ്യന് ഏറ്റവും കാമ്യമായിട്ടുള്ളതെന്ന് ഉപദേശിച്ചു.

അതെന്താ അങ്ങനെ?
Post a Comment