October 19, 2009

രാത്രികള്‍ നീണ്ടു നീണ്ടു പോകവേ..പഞ്ചാബിന്റെ തെക്കുപടിഞ്ഞാര് ഭാഗത്ത് മുസാഫര്‍ഗഢ് ജില്ലയില്‍ തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന പാകിസ്താന്‍ ഗ്രാമമാണ് മീര്‍വാല. പരിഷ്കാരം ഒട്ടും വന്നിട്ടില്ല. ആണ്‍‌കുട്ടികള്‍ മതവിദ്യാഭ്യാസം നേടും. അത്യാവശ്യം ഓതാന്‍ പഠിച്ച പെണ്‍കുട്ടികള്‍ കുട്ടിക്കാലം മുതല്‍ക്ക് വീടുപരിപാലിക്കാന്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളില്‍ നിന്നു പഠിക്കും. ഭര്‍ത്താവിനു കോപം ഉണ്ടാക്കാതെ, കുടുംബത്തിനു മാനക്കേടുണ്ടാക്കാതെ ജീവിക്കേണ്ടതെങ്ങനെ എന്ന അഭ്യാസമാണ് പാരമ്പര്യവഴിക്ക് പെണ്‍‌കുട്ടികള്‍ക്ക് നാനിമാരില്‍ നിന്നും മൂത്തവരില്‍ നിന്നും മറ്റും ലഭിക്കുക. എഴുത്തോ വായനയോ പഠിക്കേണ്ട ആവശ്യം അവര്‍ക്കില്ല. അമ്മമാര്‍ പറയുന്നതാണ് മക്കളുടെ പ്രായം, അല്ലാതെ ഓരോരുത്തരുടെയും വയസ്സറിയാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. രജിസ്ട്രാര്‍ ആപ്പീസുകളില്ല. ഓര്‍ക്കാപ്പുറത്ത് അവിടെ നാലാം ക്ലാസുകാരിയും വിവാഹിതയാവും. തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ തന്നെ മൂന്നു കിലോമീറ്റര്‍ ദൂരെയാണ്. ആളുകള്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ പോകാറില്ല. പകരം ജിര്‍ഗ എന്നു പേരുള്ള ഗ്രാമസഭകളെയാണ് ആശ്രയിക്കാറ്. മുല്ല തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്നു. ഈ ഗ്രാമമാണ് 2002 ജൂണ്‍ 22നു രാത്രി നടന്ന കുപ്രസിദ്ധമായ ഒരു സംഭവത്തോടെ ലോകശ്രദ്ധയില്‍ കറ്റന്നു കയറിയത്. മീര്‍വാലയിലെ കര്‍ഷകജാതിയായ ഗുജ്ജാര്‍ വംശത്തിലെ പതിനൊന്നു വയസ്സുള്ള ഒരു പയ്യന്‍ , ഷക്കൂര്‍ ജാതിയില്‍ ഉയര്‍ന്ന മസ്തോയി ഗോത്രത്തിലെ സല്‍മ എന്ന യുവതിയോട് -അവള്‍ക്ക് പ്രായം 20-നു മേലെയുണ്ട്- സംസാരിച്ചതിന്റെ പേരില്‍ മസ്തോയികള്‍ക്ക് മേല്‍ക്കൈയുള്ള ഗ്രാമസഭ വിചിത്രമായ ഒരു തീരുമാനമെടുത്തു. ഗുജ്ജാര്‍ കുടുംബത്തിലെ ഒരു സ്ത്രീ, ഷക്കൂര്‍ ചെയ്ത തെറ്റിനു പകരമായി മസ്തോയി കുടുംബത്തിലെ ആണുങ്ങളെ അഭിമുഖീകരിക്കണം എന്ന്. മസ്തോയികള്‍ ഷക്കൂറിനെ കെട്ടിയിട്ടിരിക്കുകയാണ്. ഇല്ലെങ്കില്‍ അവരവനെ കൊല്ലും. ഗുജ്ജാറുകളുടെ കുടുംബം മുഴുവന്‍ കുളം തോണ്ടുക മാത്രമല്ല കേറി നിരങ്ങുകയും ചെയ്യും. അത്രപ്രബലരാണ് മസ്തോയികള്‍ .

പിഴയൊടുക്കാനായി തെരെഞ്ഞെടുക്കപ്പെട്ടത് നശിച്ച ഒരു വിവാഹജീവിതത്തിനു ശേഷം മോചനം നേടി വീട്ടു ജോലിയും കുട്ടികളെ സൌജന്യമായി ഖുര്‍ ആന്‍ ചൊല്ലിപഠിപ്പിക്കലുമായി കഴിഞ്ഞു പോന്ന ഒരു സാധു സ്ത്രീയെയാണ്. പേര് മുഖ്താരന്‍ ബീബി‍. കുട്ടികളുടെ മുഖ്താര്‍ മായി. ഷക്കൂറിന്റെ മൂത്ത സഹോദരി. അവര്‍ സ്വന്തമായി ഒരു തെറ്റും ചെയ്തിരുന്നില്ല. എന്നിട്ടും ഒരാള്‍ക്കൂട്ടത്തെ സാക്ഷി നിര്‍ത്തി, സ്വന്തം കുടുംബാംഗങ്ങളെ പിന്തുടര്‍ന്ന് തലകുനിച്ച് ജിര്‍ഗ്ഗയ്ക്കടുത്തുള്ള ഒരു തൊഴുത്തിന്റെ മുന്നില്‍ ചെന്നു നില്‍ക്കേണ്ടി വന്നു, അവര്‍ക്ക്. കൂട്ടബലാത്സംഗത്തിന് അറിഞ്ഞു കൊണ്ട് ഇരയാവാന്‍ .

ഈ ദേഹം, കുഴഞ്ഞുപോകുന്ന കാലുകള്‍ എന്റേതല്ല..എന്റെ ബോധം നശിക്കാന്‍ പോവുകയാണ്. നിലത്തേയ്ക്ക് വീഴാന്‍ പോവുകയാണ്. പക്ഷേ എനിക്കതിനുള്ള അവസരം കിട്ടുന്നില്ല- അവര്‍ കശാപ്പുചെയ്യാനുള്ള ആടിനെ എന്നപോലെ എന്നെ വലിച്ചിഴയ്ക്കുകയാണ്. പുരുഷന്മാരുടെ കൈകള്‍ എന്റെ കൈകളില്‍ ചുറ്റി വരിഞ്ഞിരിക്കുകയാണ്. വസ്ത്രങ്ങളില്‍ പിടിച്ചു വലിച്ച് ഷാളില്‍ , എന്റെ മുടിയില്‍ ....
ഖുര്‍ ആന്റെ പേരില്‍ എന്നെ വെറുതേ വിടൂ ... എന്ന് ഞാന്‍ അലറി വിളിച്ചു. പടച്ചവനെ വിചാരിച്ച് എന്നെ വിടൂ...


അവിടെ വച്ച് ഗുലാം ഫരീദ് ജാട്ട് എന്ന ഗുജ്ജാര്‍ കര്‍ഷകന്റെ മകള്‍ , മുപ്പതു വയസ്സുള്ള മുഖ്താരന്‍ ബീബി, അബ്ദുള്‍ ഖാലിക്ക്, ഗുലാം ഫരീദ്, അള്ളാ ദിത്ത, മുഹമ്മദ് ഫൈസ് എന്നീ അക്രമസ്വഭാവികളും മുഷ്കരന്മാരുമായ നാലു മസ്തോയികളാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഗ്രാമം മുഴുവന്‍ തൊഴുത്തിന്റെ അടഞ്ഞ വാതിലിനു മുന്നില്‍ സാക്ഷി നില്‍ക്കേ. അതു ഒരു മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നോ രാത്രി മുഴുവന്‍ പീഡനം നീണ്ടു നിന്നോ എന്നവര്‍ക്ക് ഓര്‍മ്മയില്ല. എന്നിട്ടവര്‍ അര്‍ദ്ധനഗ്നയായ മുഖ്താരനെ പുറത്തെ ആള്‍ക്കൂട്ടത്തിനു മുന്നിലേയ്ക്കു പിടിച്ചു തള്ളി. പിന്നി കീറിയ സാല്‍‌വാര്‍ മുഖത്തെറിഞ്ഞു. സാല്‍‌വാറും മാനക്കേടും മാറോടു ചേര്‍ത്തു പിടിച്ച് മുഖ്താര്‍ ബാപ്പയെ വിളിച്ചു കരഞ്ഞു. അദ്ദേഹം അവള്‍ക്ക് തന്റെ ഷാള്‍ ഇട്ടു കൊടുത്തു.

എങ്ങോട്ടാണ് പോകുന്നതെന്ന് യാതൊരു ബോധവുമില്ലാതെ ഞാന്‍ നടന്നു. സഹജപ്രേരണയാല്‍ എന്റെ കുടുംബവീടു തന്നെയായിരുന്നു ലക്ഷ്യം.
വീടിനു പുറത്ത് ഉമ്മയിരുന്നു കരയുന്നുണ്ടായിരുന്നു. സ്തബ്ധയും മൂകയുമായി മറ്റു സ്ത്രീകളാല്‍ നിശ്ശബ്ദമായി അനുഗമിക്കപ്പെട്ട് ഞാനവരെ കടന്നു നടന്നുപോയി. സ്ത്രീകള്‍ക്കായുള്ള താമസസ്ഥലത്തെ മൂന്നു മുറികളിലൊന്നില്‍ കടന്ന് ഞാന്‍ ഒരു വൈക്കോല്‍ മെത്തയില്‍ ചുരുണ്ടുകൂടി.
മനസ്സിനും ശരീരത്തിനും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാത്ത ഭീതിയിലേക്ക് എന്റെ ജീവിതം തകര്‍ന്നടിഞ്ഞു. ഇത്രത്തോളം അക്രമം സാധ്യമാണെന്ന വിചാരം എനിക്കില്ലായിരുന്നു. ഞങ്ങളുടെ ദേശത്ത് പിതാവിന്റെയും മുതിര്‍ന്ന സഹോദരന്റെയും സംരക്ഷനയില്‍ കഴിയുന്നത് ശീലമായ എല്ലാ സ്ത്രീകളെയും പോലെ ഞാനുമൊരു സാധുവായിരുന്നു
.”

അപമാനത്തിനു വിധേയയായ സ്ത്രീയ്ക്ക് ആത്മഹത്യയാണ് ശരണം. അതെല്ലാവര്‍ക്കും അറിയാം. അല്ലെങ്കില്‍ തീര്‍ത്തും അസാധ്യമായ കാര്യമുണ്ട്, പ്രതികാരം. മാനത്തിന്റെ പേരില്‍ ഒരു സ്ത്രീ ഇതിലേതെങ്കിലും ചെയ്യണം. ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യാത്ത ഏകാന്തവാസത്തിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം തന്റെ കണ്ണുകളില്‍ നീരുറയുന്നത് താന്‍ അറിഞ്ഞു എന്നവര്‍ പറയുന്നു. അവര്‍ ജീവിക്കാന്‍ തീരുമാനിച്ചു. ഷക്കൂറിന്റെ കാര്യം ഒരു ചതിയായിരുന്നു മസ്തോയികള്‍ സത്യത്തില്‍ അവനെ പ്രകൃതിവിരുദ്ധവേഴ്ച നടത്തിയിട്ട് അതു മൂടാന്‍ ഒപ്പിച്ച സൂത്രമാണ് സല്‍മയുമായുള്ള സംസാര കഥ, അതു പിന്നെ മാനഭംഗശ്രമവും ബലാത്സംഗവുമാക്കി ഗ്രാമത്തില്‍ പ്രചരിപ്പിച്ചു. പകരത്തിന് അവന്റെ സഹോദരിയെ അവര്‍ കൂട്ട ബലാത്സംഗത്തിനു വിധേയയാക്കി. അവനെ വിട്ടു കൊടുക്കാന്‍ പിന്നെ പണവും നല്‍കേണ്ടി വന്നു. രണ്ടു തരത്തില്‍ അവര്‍ അങ്ങനെ വിജയിച്ചു. ബലാത്സംഗത്തിന്റെ വര്‍ണ്ണനകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവര്‍ തന്നെ താന്‍പോരിമയോടെ വെടിവട്ടങ്ങളില്‍ വിളമ്പി.

തനിക്കു സംഭവിച്ചത്, ഗ്രാമങ്ങളില്‍ സാധാരണ സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലീസില്‍ പറയാന്‍ മുഖ്താരന്‍ തീരുമാനിച്ചതോടെയാണ് കഥമാറുന്നത്. എഴുത്തും വായനയുമറിയാത്ത സ്ത്രീയെക്കൊണ്ട് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിട്ട് മസ്തോയികള്‍ക്ക് അനുകൂലമായി പോലീസ് റിപ്പോര്‍ട്ടെഴുതിയിട്ടും പ്രാദേശികപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ ചുവടുപിടിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരും മറ്റു പത്രങ്ങളും മുഖ്താരിനെ തേടിയെത്തിയതോടെ കാര്യങ്ങള്‍ മസ്തോയികളുടെ സ്വാധീനത്തിലും ശക്തിയിലും വരുതിയിലും നില്‍ക്കാതെയായി. എന്നിട്ടും ഭീഷണികള്‍ വന്നു. ജില്ലാഭരണകൂടത്തിന്റെ ചോദ്യം ചെയ്യലും വൈദ്യപരിശോധനയും നടന്നതോടെ സംഭവം ദേശീയശ്രദ്ധ നേടി. പാകിസ്താനില്‍ ബലാത്സംഗം നടന്നെന്നു തെളിയിക്കാന്‍ നാലു സാക്ഷികള്‍ വേണം. അതും മതനിഷ്ഠയുള്ള നാലു ആണുങ്ങള്‍ . അതു മാത്രമല്ല കുഴപ്പം. ബലാത്സംഗം കണ്ടു നിന്നാല്‍ അതും ജയില്‍ ശിക്ഷയ്ക്കുള്ള വകുപ്പാണ്. അതായത് ബലാത്സംഗം നടന്നു എന്ന് നാലുപേര്‍ നല്‍കുന്ന മൊഴി കോടതി വിശ്വാസത്തിലെടുത്താലുടന്‍ നാലു സാക്ഷികളും അകത്താവും. അതു കണ്ടു നിന്ന കുറ്റത്തിന്. അതുകൊണ്ട് സാക്ഷികള്‍ ഇക്കാര്യത്തിന് ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല എന്നതാണ് പതിവ്. പക്ഷേ മായിയുടെ കാര്യത്തില്‍ വൈദ്യപരിശോധന തെളിവായി സ്വീകരിച്ച് 2002 ആഗസ്റ്റ് 31-ന് ജില്ലാകോടതി പ്രതികളായ നാലുപേര്‍ക്കും ജിര്‍ഗയിലെ അംഗങ്ങളെന്ന നിലയ്ക്ക് ദുഷ്പ്രേരണ നടത്തിയ രമ്സാന്‍ , ഫെയ്സ എന്നിവര്‍ക്കും വധശിക്ഷ വിധിച്ചു. ഒപ്പം അന്‍പതിനായിരം രൂപ പിഴയും. പക്ഷേ വിധി നടപ്പായില്ല. ലാഹോറിലെ ഹൈക്കോടതി കുറ്റം ആരോപിക്കപ്പെട്ടവരെയല്ലാം നിര്‍ദ്ദോഷികളാക്കി വെറുതേ വിട്ടു. ഒരാളെ മാത്രം ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

‘വെറുതേ വിടല്‍ ’പ്രസിഡന്റ് മുഷാരഫിനെ കണ്ട് റദ്ദാക്കിക്കാന്‍ മുഖ്താറിനു കഴിഞ്ഞു.എങ്കിലും മാനത്തിന്റെ പേരില്‍ ഉചിതമായ നീതി - അതിപ്പോഴും അവര്‍ കാത്തിരിക്കുകയാണ്. ഭരണകൂടം കനിഞ്ഞു നല്‍കിയ സുരക്ഷാഏര്‍പ്പാടുകളുടെ തണലില്‍ . പാകിസ്താനിലെ വിവിധ എംബസ്സി വക്താക്കളിലൂടെ, വനിതാ മനുഷ്യാവകാശസംഘങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ, അവരുടെ ഐക്യദാര്‍ഢ്യങ്ങളിലൂടെ, ലോകമെങ്ങും അറിയപ്പെടുന്ന ധീരതയായി മാറി, മായി. ഇന്ന് എഴുത്തും വായനയും അറിയാത്ത മുഖ്താരന്‍ , പ്രാദേശികഭാഷയായ സരായ്കി മാത്രം സംസാരിക്കുന്ന മുഖ്താര്‍ മായി, മീര്‍വാലയില്‍ നല്ല രീതിയില്‍ നടക്കുന്ന ഒരു സ്കൂളിന്റെ പ്രിന്‍സിപ്പാളും നടത്തിപ്പുകാരിയുമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു തന്നെ തേടിയെത്തിയ സഹായങ്ങളെ അവര്‍ അങ്ങനെയാണ് രാജ്യത്തിന്, തന്റെ ഗ്രാമത്തിന്, അവിടത്തെ പെണ്‍കുട്ടികള്‍ക്ക് ഉപയുക്തമാക്കി മാറ്റിയത്. അവര്‍ ജീവിതം ദുരന്തമായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കി. രാജ്യാന്തരയാത്രകള്‍ നടത്തി. പത്രസമ്മേളനങ്ങളില്‍ പങ്കെടുത്തു. പരിഷ്കാരം എത്തിനോക്കാത്ത ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന മാനാപമാനങ്ങളെപ്പറ്റി, അവയത്ര നിസ്സാരമല്ലെന്നതിനെപ്പറ്റി പ്രസിഡന്റിനോട് പ്രാദേശികഭാഷയില്‍ സംസാരിച്ചു. പാകിസ്താനിലെ വിവിധഗ്രാമങ്ങളില്‍ നിന്ന് കണ്ണീരിന്റെയും പീഡനത്തിന്റെയും കഥകളുമായി സ്ത്രീകള്‍ അവര്‍ക്കരികിലെത്തുന്നു. അവര്‍ പേടി സ്വപ്നങ്ങള്‍ വിട്ട് മുഖ്താരന്റെ മുറിയില്‍ നിലത്തുറങ്ങുന്നു. തലങ്ങും വിലങ്ങും കിടന്ന്. ചില സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ അടിക്കാനോങ്ങുമ്പോള്‍ ധൈര്യത്തോടെ പറയുന്നു : “നോക്കിക്കോ ഞാന്‍ പോയി മുഖ്താര്‍ മായിയോടു പറയും!”

രാജ്യത്തെ നാണം കെടുത്തുന്നു എന്നതിന്റെ പേരില്‍ ഭരണകൂടം പുറത്തുപോകുന്നതില്‍ നിന്നും വിദേശപ്രതിനിധികളോട് സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ ഈ സ്ത്രീ ലജ്ജയുടെയും മാനത്തിന്റെയും പേരില്‍ “എല്ലാം അമര്‍ത്തിയൊതുക്കുന്ന പഴയ ഗോത്രജീവിതരീതിയെ ചെത്തിക്കളഞ്ഞ് പുതിയ പാകിസ്താന്റെ ഉദയത്തെ സഹായിക്കുകയാണ്.” എഴുതുന്നത് നിക്കളോസ് ഡി ക്രിസ്റ്റോഫ്. മേരി തെരേസ്ക്യൂനി ഫ്രെഞ്ചില്‍ പകര്‍ത്തിയെഴുതിയ മുഖ്താര്‍ മായിയുടെ കഥയുടെ ലിന്‍ഡ കവര്‍ഡേല്‍ വിവര്‍ത്തനം ചെയ്ത ഇംഗ്ലീഷ് പതിപ്പിന്റെ ആമുഖത്തില്‍ (In the name of Honour). 'മാനത്തിന്റെ പേരില്‍ ‍’ എന്ന തലക്കെട്ടില്‍ പുസ്തകം മലയാളത്തിലാക്കിയത് സി ശകുന്തള.
Post a Comment