March 9, 2009

കര്‍മ്മണി പ്രയോഗങ്ങള്‍ !


വളരെ മുന്‍പ് നടന്ന കഥയാണ്. സുന്ദരിയും ബുദ്ധിശാലിയുമായ ഒരു രാജകുമാരി, അതിസുന്ദരനെങ്കിലും വെറുമൊരു സാധാരണക്കാരനെ പ്രേമിച്ചത് മന്ത്രിമാര്‍ വഴി രാജാവ് അറിഞ്ഞു. കുറ്റം രാജ്യദ്രോഹമാണ്. പറഞ്ഞു വന്നാല്‍ നാണക്കേടുമാണ്. അതുകൊണ്ട് കൊലയില്‍ കുറഞ്ഞ ഒന്നും തന്റെ നിലയറിയാതെ പ്രേമിക്കാന്‍ പോയവന്‍ അര്‍ഹിക്കുന്നില്ല. അവന്‍ കവിയായാലെന്ത്, ഗായകനായാലെന്ത്? അതു രാജനീതി. പോരാത്തതിന് ഇവിടെ കലങ്ങിയ കണ്ണുകളോടെ സ്വന്തം മകളും. രാജാവൊരു കാര്യം ചെയ്തു. മകളുടെ കാമുകന്റെ അനിവാര്യമായ വിധി അവന്റെ തന്നെ തീരുമാനത്തിന്റെ ചുമലില്‍ വച്ചുകെട്ടാന്‍ തീരുമാനിച്ചു. അവന്റെ കാവല്‍ ദൈവം (അങ്ങനെഒന്നു ഉണ്ടെങ്കില്‍ ) പ്രണയത്തിന്റെ പേരില്‍ അവനെ വധിച്ച രാജാവിനോട് അപ്പോള്‍ കലഹിക്കേണ്ട കാര്യവുമില്ല. തുറന്ന മൈതാനത്ത് രണ്ടു വാതിലുകളുള്ള മേല്‍ക്കൂരയില്ലാത്ത ഒരു അറയില്‍ അവനെ അടച്ചിടും. ഒരു വാതില്‍ തുറന്ന് ചെന്നാല്‍ അവനെത്തുക, നവനീത കോമളാംഗിയായ യവനസുന്ദരിയുടെ അറയിലാണ്. പിന്നെ രാജകീയ ഘോഷങ്ങളോടെ വിവാഹം. അതു കുറ്റവാളിയുടെ നിഷ്കളങ്കതയ്ക്കുള്ള സമ്മാനമാണ്. രണ്ടാമത്തെ വാതില്‍ തുറന്നാല്‍ വരുന്നത്, വിശന്നു വലഞ്ഞ സിംഹങ്ങളാണ്. അതവന്റെ വിധി. ബലിയനുഷ്ഠാനം കാണുന്ന തിമിര്‍പ്പോടെ ജനം ആ ചോരക്കളി തീരും വരെ കണ്ടു നില്‍ക്കും. തനിക്കു മുന്നില്‍ എഴുന്നു നില്‍ക്കുന്ന വാതിലുകളില്‍ ജീവിതമേത് മരണമേത് എന്ന് അവനറിയില്ലെങ്കിലും ഈ ചടങ്ങു കാണാന്‍ മുകളിലെ ഗാലറികളില്‍ ആകാംക്ഷയോടെ ഇരിക്കുന്ന ജനങ്ങള്‍ക്കെല്ലാം അറിയാം. പക്ഷേ അവരവനെ സഹായിക്കില്ല. അതു രാജകോപവും ദൈവകോപവും ഒരുപോലെ ക്ഷണിച്ചുവരുത്തുന്ന പരിപാടിയായതുകൊണ്ട്. കരഞ്ഞുകലങ്ങിയതും ഉറക്കമില്ലാത്തതുമായ കണ്ണുകളോടെ താന്‍ സ്നേഹിക്കുന്ന പുരുഷനെ കാണാനെത്തിയ രാജകുമാരിയ്ക്ക് പക്ഷേ അവനെ സഹായിക്കാനാവും. അല്ലെങ്കില്‍ തന്നെ അവളവനെ സഹായിക്കണ്ടേ? അവനെത്തിപ്പെട്ടിരിക്കുന്ന പ്രഹേളികയുടെ കുരുക്ക് അറിഞ്ഞുകൊണ്ടല്ലെങ്കിലും അവളും കൂടിച്ചേര്‍ന്ന് നിര്‍മ്മിച്ചു കൊടുത്തതാണല്ലോ. പക്ഷേ താന്‍ സ്നേഹിച്ച ശരീരം സിംഹങ്ങള്‍ വലിച്ചുകീറുന്ന കാഴ്ച പോലെ തന്നെ ഹൃദയഭേദകമല്ലേ മറ്റൊരു സ്ത്രീയുമായി അവന്‍ ജീവിതം പങ്കുവയ്ക്കാന്‍ ആരംഭിക്കുന്നതും? അപ്പോള്‍ അവള്‍ എന്തു ചെയ്യണം? തനിക്കില്ലാത്തത് ആര്‍ക്കും കിട്ടരുതെന്നു വയ്ക്കുകയല്ലേ വേണ്ടത്?

രാജകുമാരിയെ മാത്രം ഉറ്റു നോക്കിനിന്ന യുവാവിനു ഒടുവില്‍ ഒരു സൂചന ലഭിച്ചു. പ്രണയം ജീവിതത്തേക്കാള്‍ മേലെയായതിനാല്‍ യാതൊരു സംശയവും കൂടാതെ അവന്‍ അവള്‍ ചൂണ്ടിയ വാതിലിനു നേരെ നീങ്ങുകയും ചെയ്തു. അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാങ്ക് ആര്‍ സ്റ്റോക്ടണ്‍ എഴുതിയ ഒരു കഥയുടെ ഏകദേശ വിവര്‍ത്തനമാണിത്.* (1882-ല്‍ സെഞ്ചുറി മാഗസീനിലാണ് ഇത് പ്രസിദ്ധീകരിച്ചു വന്നത്. കഥയില്‍ കടുവയാണ് മരണം.) ജീവിതത്തിന്റെ അനിശ്ചിതത്വത്തിനു നേരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് എഴുത്തുകാരന്‍ പരിണാമഗുപ്തി വെളിപ്പെടുത്താതെ കഥ അവസാനിപ്പിച്ചതു കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായത് വായനക്കാര്‍ക്കാണ്. അവരിളകി. ബാക്കിഭാഗം പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്തു കാര്യം? കഥകളെ പൂരിപ്പിക്കുന്നത് എഴുത്തുകാര(രിയുടെ)ന്റെ ഭാവനയല്ല, അനുഭവിക്കുന്നവരുടെ യുക്തികളാണ്. തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ക്ക് ഒരു ചോദ്യം കാവല്‍ക്കാരോട് ചോദിക്കാം എന്ന് മറ്റൊരു കഥയുണ്ട്. രണ്ട് കാവല്‍ക്കാരാണ് തടവറയ്ക്കുള്ളത്. ഒരാള്‍ കള്ളം പറയുന്ന ആള്‍, മറ്റേയാള്‍ സത്യം പറയുന്നവനും. പതിവുപോലെ തടവറയ്ക്ക് രണ്ടു വാതില്‍. മരണത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും. പക്ഷേ സത്യം പറയുന്നതാര്, കള്ളം പറയുന്നതാര് എന്നു നിങ്ങള്‍ക്കറിയില്ല. ആകെ ഒരു ചോദ്യമേ ഉള്ളൂ. ജീവിതത്തിന്റെ അന്തരാളഘട്ടങ്ങള്‍ പലപ്പോഴും ഇങ്ങനെ ഒരു വാക്യത്തിന്റെ വാലില്‍ തൂങ്ങി നിന്ന് പിടയുന്നതു നാം അറിയാത്തതല്ല. കളികളൊന്നും അപ്പോള്‍ വെറും കളികളല്ല ! ജര്‍മ്മന്‍ സംവിധായകന്‍, വെര്‍ണര്‍ ഹെര്‍സോഗിന്റെ ‘ദ എനിഗ്മ ഓഫ് കാസ്പര്‍ ഹൂസര്‍’ എന്ന സിനിമയില്‍ ഇതേ ചോദ്യം മറ്റൊരു രീതിയില്‍, ഒരു പ്രഫസര്‍ കാസ്പറോട് ചോദിക്കുന്നുണ്ട്. 1828-ല്‍ ‘എന്‍’ എന്ന നഗരത്തില്‍ കയ്യില്‍ ഒരു കത്തും പിടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് കാസ്പറെ. ജനിച്ച ഉടന്‍ അയാളെ ഒരു ഇരുട്ടറയില്‍ ബന്ധിപ്പിക്കുകയായിരുന്നു. അതിനുമുന്‍പൊരിക്കലും അയാള്‍ മനുഷ്യനെയോ മരത്തെയോ വീടുകളെയോ കണ്ടിട്ടില്ല. നടക്കാന്‍ അറിയില്ല സംസാരിക്കാനറിയില്ല, ഒന്നോരണ്ടോ വാക്യങ്ങള്‍ ഉരുവിടാനല്ലാതെ. രണ്ടു വര്‍ഷം കൊണ്ട് കാസ്പര്‍ മാറി. താന്‍ ഇങ്ങനെ ചിന്തിക്കുന്നു എന്നു പറയാന്‍ അയാള്‍ക്കു കഴിയുന്നു. പിയാനോ വായിക്കാന്‍ അയാള്‍ക്കു കഴിയുന്നു. പക്ഷേ സമൂഹം അയാള്‍ക്കൊരു പ്രശ്നം തന്നെയായിരുന്നു. കാരണം കാസ്പര്‍ പിന്‍പറ്റിയത് സ്വന്തം മനസ്സിനെയാണ്, പ്രാകൃതമായ വാസനകളെ. അതേ രൂപത്തില്‍.

കാസ്പര്‍ എങ്ങനെ ചിന്തിക്കുന്നു എന്നായിരുന്നു പ്രഫസര്‍ക്ക് അറിയേണ്ടിയിരുന്നത്. കള്ളം മാത്രം പറയുന്ന ഗ്രാമത്തില്‍ നിന്ന് ഒരാള്‍, സത്യം മാത്രം പറയുന്ന ഗ്രാമത്തില്‍ നിന്ന് ഒരാള്‍. ഇവര്‍ക്കു നടുവില്‍ നിന്നുകൊണ്ട്, കള്ളം പറയുന്നതാര് സത്യം പറയുന്നതാര് എന്നൊരു പിടിയുമില്ലാത്ത കാസ്പര്‍, കള്ളം പറയുന്നവരുടെ ഗ്രാമം ഏതാണെന്ന് കണ്ടുപിടിക്കണം. ഒരേയൊരു ചോദ്യമേ പാടുള്ളൂ. മുന്നില്‍ കാണുന്ന ഒരാളോട്, കള്ളന്മാരുടെ ഗ്രാമം ഏതാണെന്നു ചോദിച്ചാല്‍ മറ്റേയാള്‍ എന്തു പറയും എന്ന് ആരായുക. അപ്പോള്‍ അയാള്‍ പറഞ്ഞേക്കാവുന്ന ഉത്തരത്തിന്റെ വിരുദ്ധമായ ഗ്രാമമായിരിക്കും കള്ളന്മാരുടെ ഗ്രാമം. ഈ വിഷമപ്രശ്നത്തിന് അങ്ങനെയൊരു ഉത്തരം മാത്രമേ ഉള്ളൂ എന്നാണ് പ്രഫസറുടെ നിലപാട്. പ്രഫസര്‍ പറയുന്നത്, തുടര്‍ച്ചയായ രണ്ടു നിഷേധങ്ങള്‍ (നെഗറ്റീവുകള്‍)‍, ഒരാളിന്റെ ശരിയായ വ്യക്തിത്വത്തെ വെളിപ്പെടുത്താന്‍ സഹായിക്കുമെന്നാണ്. അതാണ് ഒരു നിര്‍മ്മാണശക്തിയായി നിന്ന് സത്യം എന്താണെന്ന് അറിയാന്‍ നമ്മെ സഹായിക്കുന്നത്. പക്ഷേ കാസ്പറിനു പറയാന്‍ മറ്റൊരുത്തരമുണ്ടായിരുന്നു. വളരെ ലളിതമായത്. വരുന്നവനോട് ‘നീ മരത്തവളയാണോ’ എന്നു ചോദിക്കുക. അവന്‍ ‘അതെ’ എന്നു പറയുകയാണെങ്കില്‍ (കള്ളം മാത്രം പറയുന്നവന് മറ്റെന്തു പറ്റും?) അവന്‍ കള്ളന്മാരുടെ ഗ്രാമത്തില്‍ നിന്നാണെന്ന് ഉറപ്പിക്കാമല്ലോ. യുക്തിയ്ക്ക് ആ ഉത്തരം സ്വീകാര്യമല്ല യുക്തിചിന്തയിലും ഗണിതത്തിലും മനസ്സിലാക്കലിനല്ല ഒന്നാം സ്ഥാനം, അഭ്യൂഹങ്ങള്‍ക്കാണ്. കാസ്പര്‍ മരിച്ചു കഴിയുമ്പോള്‍ ശവപരിശോധന നടത്തുന്നവര്‍ കണ്ടെത്തുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. അയാളുടെ തലച്ചോറിന്റെ ഒരു ഭാഗവും (തീര്‍ച്ചയായും അതു കണക്കുക്കൂട്ടലുകളുടെ ഭാഗമാണ്) കരളിന്റെ ഒരു ഭാഗവും ചീത്തയായിരുന്നു എന്നതാണ്. പരിഷ്കൃതമായ ഒരു സദസ്സില്‍ അയാളെ പരിചയപ്പെടുത്താന്‍ വേണ്ടി കൊണ്ടു വരുമ്പോള്‍ സ്ത്രീകള്‍ പിറുപിറുക്കുന്നത് .. ‘ദാ വിശുദ്ധനായ കിരാതന്‍’ എന്നാണ്. ഫ്രാങ്കിന്റെ കഥയില്‍ ‘അര്‍ദ്ധ കിരാതന്‍’ (സെമി ബാര്‍ബേറിയന്‍) എന്ന വാക്ക് നിരവധി തവണ ആവര്‍ത്തിക്കുന്നുണ്ട്. രാജാവ് കിരാതനാണ്. അയാളുടെ മകള്‍ അതാണ്. ജനങ്ങള്‍ അതാണ്. പറഞ്ഞു പറഞ്ഞ് നമ്മളിപ്പോള്‍ മറ്റൊരു ചോദ്യത്തിന്റെ മുന്നിലാണ്, ആരാണ് കൂടുതല്‍ ശരി? കിരാതനോ പരിഷ്കാരിയോ? നാടോ കാടോ? കാസ്പറൊ പ്രഫസറോ? മനസ്സോ തലച്ചോറോ? വികാരമോ ചിന്തയോ?

ഈ കഥയ്ക്കുള്ള മറ്റൊരു വെര്‍ഷനില്‍ കള്ളം പറയുന്നവനെയും സത്യം മാത്രം പറയുന്നവനെയും കൂടാതെ കള്ളവും സത്യവും മാറിമാറി പറയുന്ന മറ്റൊരാളുകൂടി കടന്നു വരുന്നതു കാണാം. ജീവിതം എന്ന പ്രഹേളികയുടെ ഉത്തരം തന്നെ നേരെ കണ്ടെത്താന്‍ വയ്യാതെ, അട്ടം നോക്കി കുഴങ്ങിക്കിടക്കുന്നവന്റെ ബാദ്ധ്യത വര്‍ദ്ധിപ്പിക്കാനായിട്ട് ! അല്ലാതെന്ത്! പഴയ കഥയില്‍ നിന്ന് സിനിമയില്‍ എത്തുമ്പോള്‍ വന്ന ഒരു മാറ്റം ജീവിതമാര്‍ഗം എന്ന വിഷമപ്രശ്നത്തില്‍ നിന്ന് ജീവിക്കാനാവശ്യമായ യുക്തിചിന്ത എന്നിടത്തേയ്ക്കെത്തി എന്നതാണ്. കള്ളവും സത്യവും ഇടവിട്ടു പറഞ്ഞുകൊണ്ട് വേറൊരുത്തന്‍ കൂടി ഇടയില്‍ കയറി നില്‍ക്കുമ്പോള്‍ അതു തീര്‍ത്തും ബുദ്ധിപരമായ വ്യായാമമായി. ജീവിതത്തില്‍ നിന്ന് യുക്തി വഴി ബുദ്ധിയിലേയ്ക്ക്. കാടത്തത്തില്‍ നിന്ന് സംസ്കാരം വഴി പരിഷ്കാരത്തിലേയ്ക്ക്.

ഒരു കൂട്ടത്തില്‍ 98 ശതമാനവും ചിന്തിക്കുന്നത് ഒരേ തരത്തിലായിരിക്കും എന്നൊരു കണക്കുണ്ട്. ബാക്കിയുള്ള 2% -ത്തെയാണ് വിഗ്രഹഭഞ്ജകര്‍ എന്നു വിളിക്കുന്നത്. പക്ഷേ അവരുടെ ഇടപെടലാണ് ഒരു കൂട്ടത്തിന്റെ ചലനാത്മകത- മൊബിലിറ്റി- നിശ്ചയിക്കുന്നത്. മറ്റൊരു തരത്തില് പറഞ്ഞാല്‍‍, കൂട്ടത്തെ സമൂഹമാക്കുന്നത്. ( അതു മറ്റൊരു വിഷയം. ഇവിടെ നിര്‍ത്തുന്നു) 15 പേര്‍ 24 ദിവസം കൊണ്ട് ഒരു മതിലുകെട്ടിയെങ്കില്‍ അതേ മതില്‍ 18 ദിവസം കൊണ്ടു കെട്ടാന്‍ എത്ര ജോലിക്കാര്‍ വേണം എന്നൊരു ചോദ്യത്തിന് അംശബന്ധം ഉപയോഗിച്ച് ക്രിയ ചെയ്ത് ജോലിക്കാരുടെ എണ്ണത്തെ 'x' ആക്കി അവസാനം 20 എന്ന് കണ്ടെത്താം. ഇതൊന്നും വേണ്ട, സമാന്തരമായി ചിന്തിക്കുന്നവന്. ‘കെട്ടി തീര്‍ത്തമതില്‍ പിന്നെ കെട്ടേണ്ട ആവശ്യമില്ലെന്നു’ എഴുതി അവന്‍ പേപ്പറു മടക്കും. ‘പുകവലി പാടില്ല’ എന്നു പറഞ്ഞാല്‍ 98% ആളുകള്‍ക്കും പുകവലി നിരോധിതമേഖലയാണ് അതുകൊണ്ട് സിഗററ്റ്, ബീഡി ഇത്യാദികള്‍ പുകയ്ക്കരുത് എന്നാണെങ്കില്‍ മറ്റേ രണ്ടു ശതമാനം ‘പുകവലിക്കാന്‍ ഒരു പാടുമില്ല’ എന്നാണ് കണക്കിലെടുക്കുക. നമ്മള്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ടു അതു സമ്മതിക്കും! ‘പരസ്യം പാടില്ലെന്ന’ ചുവരെഴുത്തിന് എന്നാല്‍ ‘രഹസ്യം പാടുണ്ടെന്ന’ അര്‍ത്ഥം തിരിച്ചറിയുന്ന തിരുമാലികളല്ലേ സ്കൂളിലെ മൂത്രപ്പുരയില്‍ ‘വസുന്ധരച്ചേച്ചിയും പി.ടി. സാറും തമ്മില്‍ ഡിം ഡിം’ എന്നെഴുതി വച്ചത് ! നമ്മളതന്ന് അത്ര കടന്ന് ആലോചിച്ചില്ലെന്നേയുള്ളൂ. അല്ലെങ്കില്‍ എപ്പോഴാണ് നമ്മള്‍ ആലോചിച്ചിട്ടുള്ളത്? എത്ര നാളായി കേള്‍ക്കുന്നു, കുട്ടികള്‍ നാളത്തെ പൌരന്മാരാണെന്ന്. ആര്‍ക്കെങ്കിലും തോന്നിയോ അവര്‍ ഇന്നത്തെ പൌരന്മാരല്ലേ എന്നു ചോദിക്കാന്‍ !

അങ്ങനെ എത്ര എത്ര ഉയരാത്ത ചോദ്യങ്ങളുടെ ശ്മശാനങ്ങളാണ് കഴിഞ്ഞുപോകുന്ന നമ്മുടെ ഓരോ പരിഷ്കൃത ദിനങ്ങളും !!

അനു:
നാന്‍സെന്‍ പറഞ്ഞു :
മനസ്സിലായി എന്നു പറയുന്നത് ഒരു തോന്നലാണ്. മനസ്സിലായില്ല എന്നു പറയുന്നത് അജ്ഞതയും. അതിനാല്‍ സംശയങ്ങളില്ലാത്ത പാതയാണ് താങ്കളുടെ ലക്ഷ്യമെങ്കില്‍ താങ്കള്‍ താങ്കളുടെ മനസ്സിനെ ആകാശത്തിന്റെ സ്വാതന്ത്ര്യത്തിനു വിടണം. അതിനെ ശരിയായ പാത തെറ്റായ പാത എന്നൊന്നും വിളിക്കരുത് !
Post a Comment