August 7, 2008

എക്സ് എക്സ് വൈ


തിരുവനന്തപുരത്തെ പന്ത്രണ്ടാം തരം വരെയുള്ള 117 സര്‍ക്കാര്‍ -എയിഡഡ് വിദ്യാലയങ്ങളില്‍ 14 എണ്ണം പെണ്മാത്ര സ്ഥാപനങ്ങളാണ്. പെണ്‍‌കുട്ടികളെ മാത്രം പഠിപ്പിക്കുന്നവ. അണ്‍-എയിഡഡുകളെ പ്രോത്സാഹിപ്പിക്കുക സര്‍ക്കാരീന്റെ ‘പ്രഖ്യാപിതനയ’മല്ലാത്തതിനാല്‍ ഔദ്യോഗികവിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും (അദ്ധ്യാപകരുടെയും) കുട്ടികള്‍ പഠിക്കുന്ന ചില സ്കൂളുകളൊന്നും ഉള്‍പ്പെടില്ല. അക്കൂട്ടത്തിലാണ് പക്ഷേ അനന്തപുരിയിലെ ഏ വണ്‍ സ്കൂളുകളില്‍ ചിലതൊക്കെ വരിക. (പരീക്ഷയെഴുതിയ എല്ലാവര്‍ക്കും ഏ പ്ലസ്!) ഹോളി ഏഞ്ചത്സ്, കാര്‍മ്മല്‍, നിര്‍മ്മലാഭവന്‍, സെന്റ്. തെരേസാസ്, സെന്റ്. ക്രിസോസ്റ്റോംസ്, ............അവയെയും കൂട്ടിച്ചേര്‍ക്കുക. മൊത്തത്തില്‍ പെണ്‍പള്ളിക്കൂടങ്ങളെക്കുറിച്ച് ഓര്‍ത്താല്‍ അദ്ഭുതമാണ്. വഴക്കില്ല. സമരമില്ല. പ്രതിഷേധങ്ങളില്ല. ആണ്മാത്രങ്ങളോ മിശ്രങ്ങളോ ആയ വിദ്യാലയങ്ങള്‍ക്കുള്ള ഒരു ദോഷവും തൊട്ടു തീണ്ടാത്ത ആഢ്യത്തം അവയ്ക്കുണ്ട്. ഒപ്പം വഴക്കവും. പഠിപ്പിക്കുന്നത് ഏറിയകൂറും അദ്ധ്യാപികമാര്‍. ആ വഴിയ്ക്കും മാതാപിതാക്കള്‍ക്ക് സമാശ്വാസമുണ്ട്. ഏറെക്കുറേ സമാനമായി, വലിയ ഗേറ്റുകളും കല്‍മ്മതിലുകളുമുള്ളതിനാല്‍ സുരക്ഷിതത്വഭീഷണിയുമില്ല. ചുമ്മാതാണോ, സര്‍ക്കാരിന്റെ വിദ്യാഭ്യാസ-അനുബന്ധ പ്രചരണപരിപാടികള്‍ മുഴുവന്‍ അരങ്ങേറുന്നത് പെണ്‍പള്ളിക്കൂടങ്ങളിലാവുന്നത്. വനമഹോത്സവം, വൃക്ഷതൈകള്‍ വിതരണം, മണ്ണെഴുത്ത്, മഴയുത്സവം, വായനാദിനം...വീട്ടിലായാലും പുറത്തായാലും സഹനം പെണ്‍‌കുട്ടികള്‍ കിണഞ്ഞു പരിശീലിക്കേണ്ട സദ്ഗുണമാണല്ലോ. എത്ര മണിക്കൂര്‍ വേണമെങ്കിലും കാര്യകാരണബന്ധമില്ലാത്ത വാക്കുകളുടെ ബലപ്രയോഗങ്ങള്‍ പാവങ്ങള്‍ ചുളിവില്ലാത്ത മുഖത്തോടെ സഹിച്ചുകൊണ്ടിരുന്നോളും. അതു കഴിഞ്ഞ്, തുടര്‍വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആശങ്കവേണ്ട. വിമണ്‍സ്, ആള്‍ സൈന്‍സ്, കരമന എന്‍ എസ് എസ്..അങ്ങനെ ബിരുദബിരുദാനന്തര കാര്യങ്ങളും സ്ത്രീമാത്രലോകത്തില്‍ തുടരാനുള്ള സൌകര്യവും നഗരത്തിലുണ്ട്. ( ജില്ലയുടെ കാര്യം മാത്രം പറഞ്ഞത് ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇതു തന്നെയാണ് പൊതുവേയുള്ള സ്ഥിതി എന്നുള്ളതുകൊണ്ടാണ്)

ആറ് ആണ്‍പള്ളിക്കൂടങ്ങളും നഗരത്തിലുണ്ട്. പതുക്കെ പല ബോയ്സ് സ്കൂളുകളും മിശ്രത്തിലേയ്ക്ക് ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും പെണ്‍‌പള്ളിക്കൂടങ്ങളെ നാം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ ചില സദാചാരമൂല്യങ്ങളുടെ ഗൃഹാതുരമായ തരളിമയോടെ സംരക്ഷിച്ചു വരികയാണ്. ബഹുഭൂരിപക്ഷം വരുന്ന ആണുങ്ങളില്‍ നിന്നകറ്റി മതിലുകെട്ടിയും വലിയ പൂട്ടിട്ടു പൂട്ടിയും നാം സംരക്ഷിച്ചു കൊണ്ടുവരുന്ന ഈ 'ലോലമായ'മനസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നാം പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുന്ന സാമൂഹിക പാഠം എന്താണ്? സമൂഹത്തില്‍ ഇടപെടാനുള്ള ഉപകരണങ്ങള്‍ ബലപ്പെടുത്തുകയാണ് ക്ലാസ്‌മുറികള് (എന്നാണ് വയ്പ്പ് !). സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി തടവ് തീര്‍ക്കാനേ ചാരിത്ര്യസംരക്ഷണത്തിന്റെ ഈ ബൃഹദാകാരങ്ങള്‍ ഉപകരിക്കുകയുള്ളൂ. ഇത് നാം അബോധത്തില്‍ താലോലിക്കുന്ന വാസ്തവം. ആണ്‍-പെണ്‍ വിവേചനത്തിന്റെ മൂര്‍ത്ത രൂപങ്ങളാണ് പെണ്‍ സ്കൂളുകള്‍. ആണും പെണ്ണും ഇടപഴകുന്നത് സദാചാരവിരുദ്ധമായ കാര്യമാകുന്നത് ലൈംഗികമായല്ലാതെ അതിനെക്കുറിച്ചു ചിന്തിക്കാന്‍ നമുക്കു കഴിയുന്നില്ല എന്നിടത്താണ്. സമൂഹത്തിന്റെ തുല്യപ്രാധാന്യം അര്‍ഹിക്കുന്ന, ജീവിതത്തോടു പൊരുത്തപ്പെടാന്‍ ഒരു പോലെ പാടു പെടുന്ന രണ്ടു വശങ്ങള്‍ ഒരിക്കലും പരസ്പരം അഭിമുഖീകരിക്കാതെ, ഊതിവീര്‍പ്പിച്ച ഭാവനയിലും ഭ്രമാത്മകതയിലും പുലരുകയാണിവിടെ. ഒരു പാട് തെളിവുകളുണ്ട്. പെണ്‍ പള്ളിക്കൂടങ്ങളുടെ കാര്യം പോട്ടെ, ആണും പെണ്ണും ഒന്നിച്ചു പഠിക്കുന്ന സ്കൂളുകളിലെ നിയമങ്ങള്‍ മുതിര്‍ന്ന സമൂഹത്തിന്റെ ലൈംഗികപേടിയെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. പെണ്‍‌കുട്ടികള്‍ പോയിക്കഴിഞ്ഞ് 10 മിനിട്ട് കഴിഞ്ഞു വേണം ആണുങ്ങള്‍ പുറത്തിറങ്ങാന്‍. ഉച്ചയ്ക്ക് വെവ്വേറെ ക്ലാസുകളിലാണിരിക്കേണ്ടത്. അദ്ധ്യാപകന്‍ വന്നതിനു ശേഷം ഒന്നിച്ചു ക്ലാസില്‍ കയറാം. ഉച്ചയ്ക്കുള്ള ഇടവേള സമയങ്ങള്‍ ഇടപഴകാനുള്ള അവസരം കാര്യമായി കൂട്ടുമെന്നതിനാല്‍. അത് അരമണിക്കൂറായി കുറച്ച സ്കൂളുകളും കുറവല്ല. (നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം ! ടീച്ചര്‍മാര്‍ക്ക് നേരത്തേ വീട്ടിലെത്താനും പറ്റും.) കൌമാരപ്രണയം എന്ന അതിഭീകരമായ വിപത്ത് പിണയാതിരിക്കാന്‍ വേണ്ടിയാണ് പി ടി എ എന്ന മാതാപിതാക്കളുടെ സംഘടനയുടെ ഒത്താശയോടെ ഈ കാട്ടിക്കൂട്ടലുകളെല്ലാം. ടെക്സ്റ്റിലെ വരികള്‍ക്ക് അടിവരയിടുക, കാണാതെ പഠിക്കുക, ഇമ്പോസിഷന്‍ എഴുതുക എന്നിവയ്ക്കൊപ്പം ഇപ്പോള്‍ അശ്ലീല സി ഡി വേട്ടയും സ്കൂളുകളില്‍ വ്യാപകമാണ്. ലൈംഗികപട്ടിണിക്കാരായ മദ്ധ്യവയസ്കരുടെ മാനസിക രോഗങ്ങള്‍ ഏതെല്ലാം നിലയില്‍ മൂര്‍ച്ചിച്ചിരിക്കുകയാണെന്നു കാണാന്‍ സ്കൂളുകളില്‍ ഒരു ദിവസം ചെലവഴിച്ചാല്‍ മതി. ഈ നിലയ്ക്കാണ് പെണ്മക്കളെ ശരിയായ ലൈംഗികാവയവം മാത്രമാക്കി വാര്‍ത്തെടുത്ത് നാം പൊതിഞ്ഞു കെട്ടി നടക്കുന്നത്. (ആണ്‍കുട്ടികളെയും! ഒന്നിനെ സംരക്ഷിച്ചു സംരക്ഷിച്ചു നിഷ്ക്രിയമാക്കിക്കൊണ്ട്, മറ്റേതിനെ ചെത്തികൂര്‍മ്പിച്ച് അതായി മാത്രം നിലനിര്‍ത്തിക്കൊണ്ട്.) ദാമ്പത്യം എന്നൊന്ന് കേരളത്തില്‍ ഇല്ലാതാവുന്നത് ഇതൊക്കെ കൊണ്ടാണ്. (പക്ഷേ അതു പുറത്തു പറയാന്‍ കൊള്ളാമോ സാര്‍ !)

ഇതല്ലേ ശരിയായ പീഡനം? ഒന്നു തോണ്ടുന്നതോ തെറി പറയുന്നതോ ആണ് അതെന്നു എന്നു ധരിച്ചു വശായിട്ടുണ്ട് നമ്മള്‍. ലൈംഗികകാര്യത്തില്‍ സദാ ജാകരൂകരായിരിക്കുന്ന സമൂഹത്തിന്റെ കണ്ണില്‍ നിന്ന് തെറ്റി ഒരു തോണ്ടലെങ്കില്‍ അത്, എന്ന മട്ടിലാണ് ആണ്‍ക്കോയ്മകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതിഞ്ഞുകെട്ടിവച്ചവയെ അഴിച്ചുനോക്കാനുള്ള വെമ്പലാണ് കൌമാരപ്രായക്കാരികളെ തന്നെ തെരഞ്ഞു പിടിച്ചു തുലച്ച (തുലച്ചുകൊണ്ടിരിക്കുന്ന) ആര്‍ത്തിയ്ക്കുള്ളതെന്ന് നമുക്ക് മനസ്സിലായിട്ടില്ല. ലൈംഗികമായ ഇച്ഛാഭംഗത്തിന്റെ ഫിക്സേഷന്‍ എവിടെവച്ച്, ഏതുപ്രായത്തിലാണ് സംഭവിച്ചിരിക്കുന്നു എന്നാണ് കാലികമായ ക്രൂരതകള്‍ കാണിച്ചു തരുന്നത്. മലയാളികളുടെ സാമൂഹികമനസ്സിന്റെ വില്ലത്തരങ്ങള്‍ പാകപ്പെടുത്തിയ അന്തരീക്ഷം പശ്ചാത്തലത്തില്‍ നിലനില്‍പ്പുണ്ട്. അവിടേയ്ക്ക് നാം കണ്ണയയ്ക്കാറില്ലെന്നു മാത്രം. സമൂഹത്തില്‍ തിടം വച്ചു വളരുന്ന ഏതു പ്രതിലോമതകളുടെയും വേരു ചികഞ്ഞു ചെല്ലാന്‍ പറ്റിയ ഇടം നമ്മുടെ സ്കൂളുകളാണ്. ബോധനോദ്ദേശ്യങ്ങള്‍ പ്രശ്നാധിഷ്ഠിതമായിട്ടും കേരളം നേരിടുന്ന കാതലായ പ്രശ്നത്തെ, ആണ്‍-പെണ്‍ ബന്ധത്തെ പുനര്‍ നിര്‍വചിക്കാനോ പുതിക്കിപ്പണിയാനോ ഉള്ള ശ്രമം ആശയതലത്തിലോ പ്രവര്‍ത്തനനിലയിലോ ഒന്നു പരീക്ഷിച്ചു നോക്കാന്‍ കൂടി നാം സജ്ജരായിട്ടില്ല. ചില പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല എന്നു പറഞ്ഞുകൂടാ. കഴിഞ്ഞ വര്‍ഷം സ്കൂള്‍ രജിസ്റ്ററുകളില്‍ ആണ്‍‌കുട്ടികളെയും പെണ്‍‌കുട്ടികളെയും വേര്‍തിരിച്ചെഴുതുന്ന സമ്പ്രദായം നിര്‍ത്തല്‍ ചെയ്ത് ഇണ്ടാസിറങ്ങി. അതില്‍ ദൈവദോഷം വല്ലതുമുണ്ടോ? കൌമാരവിദ്യാഭ്യാസം ഇപ്പോഴും പുരപ്പുറത്താണ്. തര്‍ക്കം തീര്‍ന്ന് അതെന്ന് താഴെയിറങ്ങുമെന്നോ ഇറങ്ങിയാല്‍ തന്നെ അതുമായി ആരു ക്ലാസ്സില്‍ കയറുമെന്നോ അറിവായിട്ടില്ല.

ചുരുക്കത്തില്‍ ആണ്‍ പെണ്‍ യാഥാര്‍ത്ഥ്യങ്ങളെ കൂട്ടിതൊടുവിക്കാതെ ഭാവനയുടെ ബലൂണില്‍ കയറി ആകാശയാത്ര ചെയ്തുകൊള്ളാനാണ് കേരളത്തിലെ തലമുറകളുടെ വിധി. അതിനി വലിയമാറ്റമൊന്നുമില്ലാതെ തുടരും. ആണായിരിക്കുക എന്നതുപോലെ പെണ്ണായിരിക്കുക എന്നതും ഒരു ഭ്രമകല്‍പ്പനയുടെ ഭാഗമാണ് ഇവിടെ. അതിനൊത്തു ചുവടുകള്‍ വച്ചാണ് ഓരോരുത്തരും ഘോഷയാത്രയില്‍ ഭാഗഭാക്കാവുന്നത്. അപ്പോള്‍ യഥാര്‍ത്ഥ ലിംഗപ്രതിസന്ധി ഇരട്ടവാലനോ, മലയാളിയ്ക്കോ?
Post a Comment