May 23, 2008

വഴിവക്കില്‍ തങ്ങിയത്
ഇന്ത്യയിലുടനീളം, നഗരങ്ങളില്‍ പോലും വഴിവക്കില്‍ നിരവധി അമ്മദൈവങ്ങളുടെ ചെറുതോ വലുതോ ആയ ക്ഷേത്രങ്ങള്‍ കാണാം. ചിലപ്പോള്‍ വെറും പ്രതിഷ്ഠമാത്രമായി വെയിലും കാറ്റും മഞ്ഞും കൊണ്ട്. കേരളത്തില്‍ നാലുഭാഗത്തു നിന്നും വഴികള്‍ വന്നു സന്ധിക്കുന്ന നാലു ഗോപുരങ്ങളോടു കൂടിയ മേജര്‍ ക്ഷേത്രങ്ങളുടെ കേന്ദ്രീകൃത പടുതിയില്‍ നിന്നും പ്രകടമായ വ്യത്യാസമിവയാര്‍ജ്ജിക്കുന്നത് വഴിയരികിലെ ആര്‍ഭാടമില്ലാത്ത ഇരിപ്പുകൊണ്ടാണ്. സാംസ്കാരികപരിണാമത്തിന്റെ കുത്തൊഴുക്കില്‍ ഇവരില്‍ ചിലര്‍ സമ്പന്നരാവുകയും ആചാരരീതികളെ സംസ്കരിച്ചെടുക്കുകയും പേരു പോലും പുതുക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും യശക്കി, ഉച്ചുമാളി, മാരി, മീനാക്ഷി എന്നൊക്കെ അറിയപ്പെടുന്ന ദ്രാവിഡഗോത്രചിഹ്നങ്ങള്‍ പേറുന്ന അമ്മദൈവങ്ങള്‍ ഇന്നും നിശ്ശേഷം കേരളത്തിന്റെ തെരുവോരങ്ങളില്‍ നിന്ന് കുറ്റിയറ്റു പോയിട്ടില്ല. സാംസ്കാരിക പരിണാമത്തിന്റെ വിശാലമായ ഒരു ഭൂതകാലം ഈ അമ്മദൈവങ്ങളെ ചുറ്റിപ്പറ്റി നിലനില്‍പ്പുണ്ട്. അവയ്ക്കുമേല്‍ അടരുകള്‍ വന്നുനിറഞ്ഞ നാമത് തിരിച്ചറിയാതായെങ്കിലും.

വഴിക്കവലകളിലെ അമ്മദൈവങ്ങളെക്കുറിച്ച് ഗാഢമായ അന്വേഷണം നടത്തിയ ഡി ഡി കോസാംബി പരയുന്നത് നോമാഡുകളായി മനുഷ്യന്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തിന്റെ അവക്ഷിപ്തങ്ങളാണ് ഈ ദൈവങ്ങള്‍ എന്നാണ്. കുടിയിരിപ്പ് അസ്ഥിരമായതുകൊണ്ട് വഴിക്കവലകള്‍ പ്രാര്‍ത്ഥനാലയങ്ങളായി. എവിടെയും ലഭ്യമാകുന്ന കല്ലുകള്‍ ബിംബങ്ങളായി. (ഭൂമാതാവാണ് കല്ല്) ജലസ്രോതസ്സിന്റെ സമീപം, മരച്ചുവട്, (കാവ്) എന്നിവിടങ്ങളിലാണ് സ്ത്രീദൈവങ്ങള്‍ കുടിയിരുത്തപ്പെടുന്നത്. ജലം സാര്‍വലൌകികമായ മാതൃബിംബമാണ്. മരം പ്രപഞ്ചത്തിന്റെ പ്രതീകവും. ഉരുണ്ടക്കല്ലുകള്‍ മുലകളെ പ്രതിനിധീകരിക്കുന്നുണ്ട്. എന്നാല്‍ കൊസാംബി ഇവയ്ക്ക് മറ്റൊരു പ്രതീകാത്മക അര്‍ത്ഥമാണ് നല്‍കുന്നത്. ഉരുണ്ട ഒറ്റക്കല്ല് ഭര്‍ത്താവു മരിച്ച് കുറേനാളുകള്‍ക്ക് ശേഷം മരിച്ച് ദേവിയായ സ്ത്രീയെയും മുലകള്‍ പോലുള്ള രണ്ടുകല്ലുകള്‍ ഭര്‍ത്താവുമരിച്ച അതേ ചിതയില്‍ എരിഞ്ഞ് ദേവിയായവരെയും ആണ് സൂചിപ്പിക്കുന്നത്. അപഹരിക്കപ്പെട്ട ദൈവങ്ങളില്‍ ആനന്ദ് നാടോടികള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഉരുളന്‍ കല്ലുകളുടെ ദൈവത്വവും കാലഹരണപ്പെടുമ്പോള്‍ അവയ്ക്ക് സംഭവിക്കുന്ന പൈശാചികത്വവും ചിത്രീകരിച്ചിട്ടുണ്ട്. അത് മറ്റൊരു കൈവഴിയാണ്. ആറ്റുകാല്‍ ദേവി, മധുര നശിപ്പിച്ച് ഇറങ്ങി നടന്ന കണ്ണകിയാണ്. ശങ്കരാചാര്യരുടെ പിന്നാലെ ഇറങ്ങി നടന്ന സരസ്വതിയുടെ ഐതിഹ്യമാണ് മൂകാംബികയ്ക്കുള്ളത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ഇതേ ഐതിഹ്യത്തിന്റെ തുടര്‍ച്ചയെ പിന്‍പറ്റുന്നുണ്ട്. തെക്കന്‍ കലാരൂപവും യക്ഷിയമ്മന്‍ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് പാടിവരികയും ചെയ്യുന്ന വില്ലടിച്ചാന്‍ പാട്ടിലെ പ്രധാന വിവരണം ദേവതയുടെ ഈ ക്ഷേത്രം വരെയുള്ള യാത്രയാണ്. ഒരു സമൂഹം ദേശം വിട്ടുപോയതിന്റെ (അലഞ്ഞു തിരിഞ്ഞതിന്റെ) പ്രതീകവത്കരണമാണ് ഈ അമ്മ ദൈവങ്ങളില്‍ നിഹിതമായിട്ടുള്ളത്. അല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് ഇറങ്ങി നടന്നതല്ല.

മറ്റൊന്ന് ഭര്‍ത്താക്കന്മാരില്ലാത്തവരാണീ അമ്മ ദൈവങ്ങള്‍ എന്നുള്ളതാണ്. മിക്ക ക്ഷേത്രങ്ങളുടെയും ശിവന്റെ മകളോ (കാളി, ഉച്ചുമാളിയമ്മ)കൃഷ്ണന്റെ സഹോദരിയോ (പാല്‍ക്കുളങ്ങര ദേവി) ഒക്കെയായി പ്രാദേശിക കഥാവിവരണങ്ങളില്‍ കടന്നു വരുന്ന ഇവര്‍ക്ക് ഇതിഹാസ-പുരാണങ്ങളില്‍ പരതിയാല്‍ ഒരു പശ്ചാത്തലം കണ്ടുപിടിക്കുക പ്രയാസമായി തീരൂം. ശാന്തയായ ഒരു ജ്യേഷ്ഠത്തിയും ഉഗ്രയായ അനുജത്തിയും എന്ന രീതിയിലാണ് കേരളത്തിലെ അമ്മദൈവങ്ങളുടെ ഘടന. (നമ്മുടെ കേരളീയമായ യക്ഷി സങ്കല്‍പ്പത്തിലും സ്ത്രീയുടെ ദ്വന്ദ്വഭാവം കുടിയേറിയിരിക്കുന്നതു കാണാം. വെളുത്ത പാലയിലും (സൌമ്യമാതാവ്) കറുത്ത പനയിലുമാണ് (ഘോരമാതാവ്) അവളുടെ വാസം. പുരുഷന്മാരെ കൊന്നു കൊലവിളിക്കുന്ന യക്ഷികള്‍ക്കൊപ്പം നല്ലയക്ഷിയുമുണ്ട്, വെണ്മണികുടുംബത്തിലെ തലമുറകളില്‍ രണ്ടു പേരുടെ മന്ദബുദ്ധിത്വത്തിനു കാരണമായ ശാപം വരുന്നത് നല്ലവളായ ഒരു യക്ഷിയില്‍ നിന്നാണ് എന്നൊരു കഥ ഐതിഹ്യമാലയില്‍ കാണാം. അവള്‍ കാമരൂപിണിയാണ്. യക്ഷിയുടെ പുരുഷനായ യക്ഷന്‍ അവളില്‍ നിന്നകന്നു. അവള്‍ക്ക് ആരെയും സ്വീകരിക്കാന്‍ പ്രയാസമില്ല. എന്നാല്‍ പുരുഷന്‍ കഷ്ടപ്പെടും. യക്ഷി ഒരു അമ്മദൈവമാണ്. ഉപദൈവമായും പ്രധാനദൈവമായുമുള്ള കുടിയിരിപ്പുകളുണ്ട്. ) പുരുഷന്‍ ഇല്ലാതിരിക്കുക, നിത്യകന്യകാത്വമുണ്ടാവുക (വറ്റാത്ത ലൈംഗികതാ സങ്കല്‍പ്പമാണ് ഈ നിത്യകന്യകാത്വത്തിനു പിന്നില്‍ ) എന്നാല്‍ അമ്മയായിരിക്കുക എന്ന അവസ്ഥ ഇവര്‍ക്ക് പൊതുവാണ്. (കുടുംബ ക്ഷേത്രങ്ങളിലും ഇതേ കഥ ഈഷദ്ഭേദങ്ങളോടെ നിലനില്‍പ്പുണ്ട്. ചില ഉരുവങ്ങള്‍ക്കൊപ്പം ചെറിയ ശിശുരൂപവും കാണാം. സ്ഥിരമായൊരു ക്ഷേത്രമില്ലാതെ വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ എഴുന്നള്ളിച്ചു കൊണ്ടിരുത്തി പൂജിച്ച് മടങ്ങുന്ന രീതിയും തെക്കന്‍ ഭാഗങ്ങളില്‍ സുലഭമാണ്. )പരിമിതപ്പെടുത്താത്ത ലൈംഗികതയാണ് ഭര്‍ത്താവില്ലാതെ അമ്മയായിരിക്കുക എന്നതിനര്‍ത്ഥം. അതി പുരാതനമായ മാതൃദായക്രമത്തിന്റെ കൃത്യമായ അവതരണമാണിത്. അമ്മയാണ് സമൂഹത്തിന്റെ കേന്ദ്രം. അവര്‍ ശിക്ഷിക്കാനും രക്ഷിക്കാനും ശേഷിയുള്ള വറ്റാത്ത ഫലഭൂയിഷ്ഠതയുടെ ഉറവിടമാണ്. കൃഷി, കന്നുകാലികള്‍ , പ്രകൃതി, ഊര്‍ജം, സസ്യങ്ങള്‍ , ലൈംഗികത എന്നിവയുടെയൊക്കെ ശ്രദ്ധാകേന്ദ്രം അവരായി തീരുന്നത് സ്വാഭാവികം. ‘പിതാവിന്റെ’ നിയന്ത്രണാധികാരത്തില്‍ നിന്നു വ്യത്യസ്തമാണിത്.

‘അമ്മന്‍’ എന്ന ദ്രാവിഡശബ്ദത്തിലെ പുരുഷപ്രത്യയം കൂടി ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. കേരളത്തിലെ വെളിച്ചപ്പാടുകളുടെ രൂപം സ്ത്രീയുടേതാണ്, നീണ്ടമുടി, ചുവന്ന വസ്ത്രം, മാറുമറച്ച ഉടുത്തുകെട്ട്. പ്രാചീനകാലത്ത് വെളിച്ചപ്പാടുകള്‍ സ്ത്രീകളായിരുന്നിരിക്കാം എന്ന സൂചന നല്‍കുന്നുണ്ട്. കൊടുങ്ങലൂരിലെ കോമരം തുള്ളലില്‍ ഈ വസ്തുത നിലനില്‍ക്കുകയും ചെയ്യുന്നു. അമ്മയുടെ ‘നായകത്വം’ അന്‍ എന്ന പുരുഷപ്രത്യയചേര്‍ച്ചയിലുണ്ട്. അമ്മദൈവങ്ങളുടെ പുരോഹിതന്മാര്‍ ഏറിയകൂറും അവര്‍ണ്ണരാണ്. അസ്പൃശ്യത തീക്ഷ്ണമായി തന്നെ നിലനിന്നിരുന്നതുകൊണ്ട് അധിനിവേശങ്ങള്‍ തീണ്ടാതെ, ഗോത്രസംസ്കൃതിയുടെ മിച്ചം ഇവിടങ്ങളില്‍ അങ്ങനെ ശേഷിച്ചതാവാം.

ബലി, (നരബലി) അമ്മദൈവങ്ങള്‍ക്കാണ് പ്രധാനമായും നല്‍കിയിരുന്നത്. ഇന്നത് ഗുരുസി, ഗുരുതി, എന്നൊക്കെ കുമ്പലങ്ങ വെട്ടും ചുണ്ണാമ്പു വെള്ളം കലക്കിയൊഴിക്കലുമായി പല പേരുകളില്‍ നിലനില്‍പ്പുണ്ട്. സംസ്കൃതരാണെങ്കിലും അതു ‘കുരുതി’യാണെന്ന് തെറ്റുകൂടാതെ പറയാനുള്ള വിവേകം നഷ്ടപ്പെടുത്തിക്കൊണ്ട്. ചോരയൊഴുക്ക് ആര്‍ത്തവത്തിന്റെ പ്രതീകം കൂടിയാണ്. ഋതുവിനു ശേഷം ലൈംഗികതയ്ക്കായി പെണ്ണൊരുങ്ങുന്നതു വച്ചാണ് ബലികൊടുത്താല്‍ ‘ഫലം’ നന്നാവും ചിന്ത പ്രാകൃതബോധത്തില്‍ വേരൂന്നത്. ( ഋതൌ എന്ന വാക്കിന് ‘പോകല്‍ ’ എന്നാണര്‍ത്ഥം. രക്തമൊഴുക്കും കാലവും സമാനാര്‍ത്ഥത്തില്‍ ആ സംസ്കൃതപദത്തില്‍ സന്ധിക്കുന്നുണ്ട്) ദേവീപ്രസാദം കുങ്കുമമായിരിക്കുന്നതും ഈ അര്‍ത്ഥത്തിലാണ്. ചുവന്ന പട്ട് ആ അര്‍ത്ഥത്തില്‍ ആര്‍ത്തവം പുരണ്ട പവിത്രവസ്ത്രമാണ്. ചെങ്ങന്നൂരിലെ ദേവി തൃപ്പൂത്താവുന്നതു മാത്രമാണ് ഈ വിഷയത്തില്‍ ഉദാത്തീകരണം സംഭവിക്കാതെ അവശേഷിക്കുന്ന ചടങ്ങ്. ചേര്‍ത്തലയിലും കൊടുങ്ങലൂരുമുള്ള തെറിപ്പാട്ടുകള്‍ ബഹുകാര്യവ്യഗ്രയായ അമ്മയുടെ ഉള്ളിലെ രതിയുണര്‍ത്താന്‍ വേണ്ടിയുള്ളവയാണ്. അതുവഴിയാണ് അവള്‍ പുഷ്കലയാവുന്നതും. മാതൃദായക്രമത്തില്‍ രതി തെറ്റാവുകയില്ല. പുരുഷകേന്ദ്രിതമായ ഘടനയിലാണ് രതി സംബന്ധമായ ‘അശ്ലീലം‘ കടന്നു വരുന്നത്. ‘എട്ടുമടങ്ങാണ് സ്ത്രീയുടെ കാമം’ എന്നത് (സ്ത്രീണാമഷ്ട ഗുണഃ കാമഃ) അഗമ്യഗമനഭീരുവായ പുരുഷന്റെ ഭയമാണ്. അവന്‍ ഭയപ്പെടുന്നത് പ്രാഥമികമായും അമ്മയുമായുള്ള ബന്ധത്തെയാണ്. ഫ്രോയ്‌ഡ് ‘വിലക്കുകളും കുലചിഹ്നങ്ങളും’ എന്ന കൃതിയില്‍ പരിചയപ്പെടുത്തുന്ന ആദിമമായ രണ്ടു വിലക്കുകളിലൊന്ന് സ്വന്തം ഗോത്രത്തിലുള്ളവരുമായുള്ള ഇണചേരലാണ്. അമ്മയുമായോ സഹോദരിയുമായോ ഉള്ള ബന്ധത്തെ വിലക്കുന്നതിനാണ് നാളിതുവരെയുള്ള എല്ലാ ലൈംഗികസെന്‍സര്‍ഷിപ്പുകളും ഉണ്ടായിട്ടുള്ളത്. ആ ഭയം ക്രമേണ മറ്റിടങ്ങളിലേയ്ക്കും പരക്കുന്നതും വിലക്കുകള്‍ വര്‍ദ്ധിക്കുന്നതും നാം നാഗരികതയായി കണ്ടു. പക്ഷേ വിലക്കുകള്‍ ഒന്നും ഇല്ലാതാക്കുന്നില്ല. അബോധത്തിലെയ്ക്കു ചുരുണ്ടു കൂടി അവ പുതിയ സാമൂഹിക രൂപകങ്ങളായി പിറവിയെടുക്കുന്നു.

കേരളത്തിലെ മിക്ക രാജാക്കന്മാരുടെയും പരദൈവങ്ങള്‍ സ്ത്രീകളാണെന്നുള്ളത് പ്രാചീനാവസ്ഥയില്‍ നാം തുടര്‍ന്നിരുന്ന ഗോത്രപരസംസ്കൃതിയുടെ തുടര്‍ച്ചയാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിവാഹം കഴിക്കുന്ന പതിവില്ലായിരുന്നു. അവര്‍ക്ക് പറയാന്‍ ഭാര്യമാരില്ല. സംബന്ധങ്ങള്‍ ഉണ്ട്. സംബന്ധങ്ങളെ വിവാഹമായി കണക്കാക്കേണ്ടതില്ല എന്നായിരുന്നു ബ്രിട്ടീഷ് കോടതികളുടെ നിലപാട്. മാതൃദായക്രമത്തില്‍ സ്ത്രീയില്‍ അധിഷ്ഠിതമായിരിക്കുന്ന ലൈംഗികതയെ തെറ്റായി വ്യാഖ്യാനിച്ചാണ് വിദേശസഞ്ചാരികള്‍ ഇവിടെ വേശ്യാവൃത്തി വ്യാപകമാണെന്ന് എഴുതിപിടിപ്പിച്ചത്. അവര്‍ക്കു പരിചിതമായിരുന്ന പുരുഷദായക്രമത്തിന്റെ ഒരു നോട്ടമാണത്. സംഗീതം, നൃത്തം, ഇവയെല്ലാം സ്ത്രീകള്‍ക്ക് ആകര്‍ഷണീയതകൂട്ടുമെന്നതിനാല്‍ അവ നിരോധിക്കേണ്ടതാണെന്നു ഇന്നും മുറവിളി ഉയരുന്നത് മറ്റു പല വിലക്കുകളുമെന്നപോലെ അഗമ്യഗമനഭീതിയുടെ സാമൂഹികരൂപകമായി തിരിച്ചറിയണം.

വിട്ടുപോന്ന ചിലയിടങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്നും വഴിവക്കില്‍ ചിലതെല്ലാം തങ്ങുന്നുണ്ടെന്ന വാസ്തവം നമ്മെ കുറച്ചൊക്കെ വിനീതരാക്കേണ്ടതല്ലേ?

പുസ്തകങ്ങള്‍
മിത്തും യാഥാര്‍ത്ഥ്യവും
പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും
-ഡി ഡി കോസാംബി
അമ്മദൈവവും സംസ്കാരവും
-പി സോമന്‍
Post a Comment