May 4, 2008

"നമുക്കൊരു ധാരണയുമില്ല മനസ്സുകളെപ്പറ്റി"ആകസ്മികമായി രണ്ടു പുസ്തകങ്ങള്‍ ഒന്നിച്ചു കൈയില്‍ വന്നു. 1. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ സുന്ദര്‍ (ഇദ്ദേഹമാണ് ഒബ്രിമേനന്റെ ‘ഹൃദയത്തിനുള്ളിലെ ഇടം‘ വിവര്‍ത്തനം ചെയ്തത്. ഇപ്പോള്‍ ആസ്ട്രേലിയയില്‍) എഴുതിയ ഒരു പഴയ ഫീച്ചറിന്റെ ഗ്രന്ഥരൂപം ‘ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കില്‍’. 2. കോട്ടയം മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ജോസഫ് ഐസക്ക് എഴുതിയ’ഭ്രാന്താക്കുന്ന ചികിത്സ’

തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മാനസിക രോഗാശുപത്രികളിലെ മനുഷ്യത്വരഹിതമായ ചുറ്റുപാടുകളെക്കുറിച്ച് 1985-ല്‍ സുന്ദര്‍ എഴുതിയ അന്വേഷണാത്മക റിപ്പോര്‍ട്ടാണ് ‘ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കില്‍.‘കെ വി സുരേന്ദ്രനാഥ് എം എല്‍ എയ്ക്കൊപ്പം മാനസികരോഗാശുപത്രി സന്ദര്‍ശിച്ച് കലാകൌമുദിയ്ക്കുവേണ്ടിയാണ് സുന്ദര്‍ അന്ന് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. മൃഗശാലയേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ ആയിരത്തിലധികം അന്തേവാസികളാണ് ഉറ്റോര്‍ക്കു പോലും വേണ്ടാതെ അവിടെ കിടന്നിരുന്നത്. തുണിയില്ലാതെ, ടോയ്‌ലറ്റ് സൌകര്യങ്ങളില്ലാതെ, ആഹാരമില്ലാതെ, മരുന്നില്ലാതെ. കൂടെ അടിമപ്പണിയും. മാറാവ്യാധികളും ത്വക്‌രോഗങ്ങളും പിടിച്ച്, നനഞ്ഞ തറയില്‍ ചുരുണ്ടുകൂടാന്‍ പോലുമാവാതെ, പറയാന്‍ നാവില്ലാതെ, കേള്‍ക്കാന്‍ കാതില്ലാതെ. ആണ്‍-പെണ്‍ വ്യത്യാസമില്ല ദുരിതങ്ങള്‍ക്ക്. അതിനുവേണ്ടി എന്തു പാപമാണിക്കൂട്ടര്‍ ചെയ്തത്. സമൂഹത്തിന്റെ തന്നെ സമ്മര്‍ദ്ദം എറ്റുവാങ്ങാനാവാതെ സ്വബോധത്തിന്റെ വിളക്കണച്ചതോ? അന്ന് ഈ റിപ്പോര്‍ട്ട് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിന്റെ ഫലമായി ചിലമാറ്റങ്ങളുണ്ടായി.

2000-ല്‍ ഒന്നുകൂടി ഊളമ്പാറ സന്ദര്‍ശിച്ച് ഉണ്ടായ മാറ്റങ്ങളെ ഒരു ലേഖനമാക്കി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് സുന്ദര്‍ ഈ പുസ്തകത്തില്‍. ഊളമ്പാറ ആശുപത്രിയെ കോണ്‍സന്റ്‌ട്രേഷന്‍ ക്യാമ്പെന്ന (അസൈലം) നിലയില്‍ നിന്ന് ഉയര്‍ത്താന്‍ പണിപ്പെട്ട ഡോ. പി. എന്‍ ഗോപാലകൃഷ്ണന്റെ കുറിപ്പും ബാംഗ്ലൂരിലെ നിംഹാന്‍സ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്) ചെന്നൈയിലെ സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് എന്നിവയില്‍ രോഗം ഭേദമാവുന്നതിനവലംബിക്കുന്ന ആധുനിക രീതികളെയും സൌകര്യങ്ങളെയും കുറിച്ച് ഒരു അവലോകനവും. മാറിയകാലത്തില്‍ പോലും അവ നമ്മുടെ സര്‍ക്കാര്‍ വക ആശുപത്രികളുമായി വല്ല താരതമ്യവുമര്‍ഹിക്കുന്നുണ്ടോ എന്നു, വായിച്ചു കഴിഞ്ഞതു ശേഷം നെടുവീര്‍പ്പിടാന്‍ വേണ്ടി മാത്രം !

പത്രപ്രവര്‍ത്തകന്റെ സാമൂഹികഉത്തരവാദിത്വത്തില്‍ നിന്ന് കുറച്ചുദൂരമുണ്ട്, ഒരു ഡോക്ടറുടെ മനുഷ്യത്വപരമായ ഉള്‍ക്കാഴ്ചകള്‍ക്ക്. ആദ്യ പുസ്തകത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി, മാനസികചികിത്സയുടെ നീതികേടിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് നാം രണ്ടാം പുസ്തകത്തില്‍ കാണുന്നത്‍. എണ്‍പതുകളില്‍ നിന്ന് കേരളസമൂഹം ഒരു പാട് മുന്നോട്ടു പോയി. അതിനനുസരിച്ച് മാനസിക സമ്മര്‍ദ്ദങ്ങളും ഏറിയിട്ടുണ്ട്. മാനസികരോഗങ്ങളും മദ്യവും ആത്മീയതയും രാഷ്ട്രീയവും സാര്‍വത്രികമായി.ബ്രോഡ്ബാന്‍ഡും മൊബൈലും ചേര്‍ന്ന് പുതിയ കൂട്ടായ്മ പാകപ്പെടുത്തി. കമ്മ്യൂണിക്കേഷനില്‍ വിപ്ലവം തന്നെ വന്നു. എന്നാല്‍ നമ്മുടെ തന്നെ മനസ്സിനെക്കുറിച്ചുള്ള ധാരണകളോ? സ്വയം തിരിച്ചറിഞ്ഞിട്ടു വേണമല്ലോ അന്യനെ മനസ്സിലാക്കാന്‍ !

‘ഭ്രാന്താക്കുന്ന ചികിത്സ‘ മരുന്നുകൊണ്ടു മാനസിക രോഗം മാറ്റാന്‍ ശ്രമിക്കുന്ന സൈക്ക്യാട്രിയ്ക്കെതിരെ എഴുതിയ പുസ്തകമാണ്. മരുന്നിന് തത്കാലം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കാന്‍ കഴിഞ്ഞു എന്നു വരും. പക്ഷേ രോഗത്തിനുകാരണമായ ഇംപള്‍സുകളെ വിശകലനം ചെയ്യാതെ, പരിഹരിക്കാനുള്ള മാര്‍ഗം തേടാതെയുള്ള ചികിത്സ എന്തുഫലം ചെയ്യും? ഫലത്തിലിത് മനശ്ശാസ്ത്രവും (Psychology) മനോരോഗ ചികിത്സയും (psychiatry) തമ്മിലുള്ള ഒരു വഴക്കാണ്. ( ഡോ. പീറ്റര്‍ ആര്‍ ബ്രഗ്ഗിന്‍, പ്രൊ.ഡോ. മോഷര്‍, ഡോ.ജോസഫ് ഗ്ലെന്‍ മുള്ളന്‍, ഡോ. സിഡ്നി സാമന്റ്, ഡോ. തോമസ് സാസ്സ് തുടങ്ങി സൈക്യാട്രിയ്ക്കെതിരെ, അതെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരരുടെ/അദ്ധ്യാപകരുടെ വാക്കുകള്‍ സമൃദ്ധമായി ഉദ്ധരിച്ചിട്ടുണ്ട് പുസ്തകത്തില്‍) ബയോ കെമിക്കല്‍ ഇംബാലന്‍സുകളാണ് മനോരോഗങ്ങള്‍ക്കു നിദാനം എന്നു വന്നാല്‍ ഏതു രോഗവും ഗുളികകഴിച്ചാല്‍ മാറും. സാമ്പത്തിക സാമൂഹിക അസമത്വങ്ങളാലുള്ള ആത്മഹത്യകളെ വരെ രക്ഷിച്ചെടുക്കാന്‍ പ്രൊസാക്കിനും സോളോഫ്ടിനും ലാവോക്സിനും കഴിയുമെന്ന് വിശ്വസിക്കേണ്ടി വരില്ലേ? (എന്നിട്ടും നമ്മുടെ നാട്ടിലുണ്ടോ ആത്മഹത്യ ചെയ്യുന്നവര്‍ക്ക് വല്ല കുറവും?) സ്ത്രീയുടെ അവസ്ഥകളെക്കുറിച്ച് അവള്‍ക്കുണ്ടായ ബോധോദയങ്ങള്‍, പഴയ യജമാന-അടിമവ്യവസ്ഥയിലുള്ള ഭാര്യാഭര്‍ത്തൃ ബന്ധത്തെ തകര്‍ക്കാതിരിക്കാന്‍ Xanax, Halcion തുടങ്ങിയ ഉത്കണ്ഠാവിരുദ്ധമരുന്നുകള്‍ക്കു കഴിയില്ലേ? കഴിയുമായിരിക്കും. പക്ഷേ അതെന്തുമാതിരി രക്ഷപ്പെടലാണ്?

സ്തെതസ്കോപ്പോ രക്തപരിശോധനയോ എക്സ് റേയോ ഒന്നും വേണ്ടാത്ത, വസ്തുനിഷ്ഠതയില്ലാത്ത, വെറും ഊഹത്തിന്റെ മാത്രം ബലത്തില്‍ ചികിത്സ നിര്‍ണ്ണയിക്കേണ്ട സൈക്ക്യാട്രിയെ മെഡിക്കല്‍ സയന്‍സ് വിഭാഗമായി ഉളപ്പെടുത്തുന്നതു ശരിയോ എന്നൊരു പ്രശ്നം ഈ പുസ്തകം മുന്നിലേയ്ക്കു വയ്ക്കുന്നുണ്ട്. പക്ഷേ ആശുപത്രികളില്‍ മനോരോഗത്തിന്റെ ആധികാരിക വക്താവ്, വൈദ്യശാസ്ത്രം പഠിച്ചയാളാണ്, മനശ്ശാസ്ത്രം പഠിച്ചയാളല്ല. ( എം ബി ബി എസ് കഴിഞ്ഞ് മനോരോഗ മരുന്നുനിര്‍ണ്ണയത്തില്‍ ഡിപ്ലോമയെടുത്താല്‍ -ഡി പി എം - സൈക്യാട്രിസ്റ്റ് ആയി) എവിടെവച്ചാണപ്പോള്‍ മനുഷ്യമനസ്സിനെ ഒരു ഡോക്ടര്‍ അറിയുന്നത്? സൈക്കാട്രിസ്റ്റ് ഗുളികകളെഴുതാന്‍ എടുക്കുന്ന കാലതാമസത്തിലാണ് മനശ്ശാസ്ത്രജ്ഞന്റെ (-ജ്ഞയുടെയും) പൊറുതി. ‘സൂഫി പറഞ്ഞ കഥ’യെഴുതിയ കെ പി രാമനുണ്ണിയെപ്പോലുള്ളവര്‍ മനോരോഗത്തിനുള്ള മരുന്നുകളാലും ഷോക്ക് ചികിത്സയാലും (ECT-ഇലക്ട്രോ കണ്‍‌വള്‍സീവ് തെറാപ്പി - ഓര്‍മ്മശക്തിയെയും ബുദ്ധിപരമായ ശേഷിയേയും കാര്യമായി കുറയ്ക്കുന്ന പീഡനകരമായ ഒരു ചികിത്സാവിധിയാണിത്) ജീവിതത്തിലനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആകെ അദ്ദേഹത്തിനു വേണ്ടിയിരുന്നത് താന്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കാന്‍ സന്നദ്ധനായ ഒരാളിനെ മാത്രമായിരുന്നു. വ്യക്തിത്വ-മനോരോഗ നിര്‍ണ്ണയനത്തിനും ബുദ്ധിപരത, വികാരപരത എന്നിവ അളക്കാനുമുള്ള നിരവധി ഉപാധികള്‍ മനശ്ശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോഗ്നിറ്റീവ് തെറാപ്പിയും, ബിഹേവിയര്‍ തെറാപ്പിയും, ഹിപ്നോട്ടിക് ചികിത്സയും സൈക്കോ അനാലിസിസും എച്ച് ആര്‍ ടിയും (ഹോമിയോ സ്റ്റാസിസ് റിയലിസ്റ്റിക് തെറാപ്പി) ബയോ ഫീഡ് ബാക്കും, സൈക്കാട്രിയിലെ മരുന്നുകള്‍ തോറ്റു തുന്നം പാടിയയിടത്തു നിന്നും മനുഷ്യമനസ്സുകളെ രക്ഷിച്ചു കരകയറ്റിയതെങ്ങനെ എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ‘ഭ്രാന്താക്കുന്ന ചികിത്സ’ വാദിക്കുന്നുണ്ട്.

ശരിയായിരിക്കും. മനസ്സിനെ അറിയുന്നയാള്‍ മനുഷ്യനെ അറിയുമല്ലോ. എങ്കിലും ഒരു മനശ്ശാസ്ത്രജ്ഞന്‍ മനസ്സറിയുന്നവന്‍ മാത്രമല്ല, ചരിത്രവും നരവംശശാസ്ത്രവും സംസ്കാരവും രാഷ്ട്രീയവും വളരെ ആഴത്തിലറിയുന്ന ഒരു സാമൂഹികപ്രവര്‍ത്തകനാണ്, ആയിരിക്കണം എല്ലാത്തിനുമുപരി എന്ന കാര്യം ഈ പുസ്തകം എങ്ങനെയോ വിട്ടു പോയിരിക്കുന്നു. ഇങ്ങനെ പറയാന്‍ കാരണമുണ്ട്.

അറിയപ്പെടുന്ന ഒരു മനശ്ശാസ്ത്രജ്ഞന്‍ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് ഒരു ടി വി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന് കുടുംബത്തിന്റെ പവിത്രതയെയും അച്ഛനമ്മമാരെ അനുസരിക്കേണ്ട ആവശ്യകതയെയും പറ്റി ഘോരമായി ഉപന്യസിക്കുന്നതു കണ്ടു. ബന്ധുക്കള്‍ ഉപദ്രവിച്ച ഒരു കൌമാരക്കാരിയുടെ, ശരീരം ചീത്തയായിപ്പോയതുകൊണ്ട് ആത്മഹത്യയ്ക്കു ശ്രമിച്ചവളുടെ, മനസ്സില്‍ ഈ ഗീര്‍വാണം എന്തു പരിണാമമാണുണ്ടാക്കുക എന്നാലോചിച്ചു പോയി, അതു കണ്ട്. താന്‍ കൂടെ പഠിക്കുന്ന ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട് എന്നു നിര്‍ബന്ധിച്ചു, തുറന്നു പറയിച്ചിട്ട്, അത് മാതാപിതാക്കളോട് പറഞ്ഞ് മകളെ പാപിയും വഴിപിഴച്ചവളുമൊക്കെയാക്കി അവരുടെ സമാധാനം കൂടിക്കെടുത്തിയ ഒരാള്‍ എന്തായാലും മനസ്സറിയാവുന്ന ആളാണ് എന്നു വിശ്വസിക്കന്‍ പ്രയാസം. ( ആ പെണ്‍‌കുട്ടി പിന്നെ അയാളെ കാണാന്‍ സമ്മതിച്ചതേയില്ല). ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ ലൈംഗിക സൈറ്റുകള്‍ കാണാന്‍ ചെലവാക്കുന്നതില്‍ വിഷമിച്ചും ഉത്കണ്ഠപ്പെട്ടും ഒരു കൂട്ടുകാരന്‍ മനശ്ശാസ്ത്രജ്ഞനെ കാണാന്‍ ചെന്നു. കഥ പറഞ്ഞു പറഞ്ഞ് ഒടുവില്‍ മനശ്ശാസ്ത്രജ്ഞന് രോഗിയേക്കാള്‍ താത്പര്യമായി. സൈറ്റുകളേതൊക്കെയാണെന്നും എങ്ങനെ അവയില്‍ കയറിപ്പറ്റാമെന്നും ആക്രാന്തത്തോടെ പേനയും പേപ്പറും വച്ചു കുറിച്ചെടുക്കുന്നതുകണ്ടപ്പോള്‍ കൂട്ടുകാരനു സംശയമായി, രോഗിയാര്?

കുടുംബകോടതിയില്‍ നിന്ന് കൌണ്‍സിലിംഗിനു വേണ്ടി എത്തിയ ദമ്പതികളെ നോക്കി അക്ഷമയോടെ മനശാസ്ത്രജ്ഞന്‍ പറഞ്ഞത്രെ : “വല്ലതും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞു തീര്‍ത്തോണം. എനിക്ക് സമയമില്ല.” ഇയാളോട് ഇനി ആരെന്തു പറയാനാണ്? അയച്ചതു കുടുംബക്കോടതിയായതുകൊണ്ടു ഒരു കണ്‍സള്‍ട്ടേഷനു ഫീസ് 500 രൂപയാണ്. അതുകൊണ്ടെന്തെങ്കിലും പറഞ്ഞാലായി. ഇയാളുടെ റിപ്പോര്‍ട്ടിലാണല്ലോ അവരുടെ ഭാവിയുടെ കളി.

ഭര്‍ത്താവ് കുളിക്കാത്തതു കൊണ്ടും പുറത്തിരിക്കുന്ന വാഹനം ആരെങ്കിലും മോഷ്ടിക്കുമെന്ന ഭയത്താല്‍ കിടപ്പുമുറിയുടെ കതകടയ്ക്കാത്തതിനാലും ലൈംഗികബന്ധത്തിനു സമ്മതിക്കാത്ത ഭാര്യയ്ക്ക് ‘ഹിസ്റ്റീരിയ’യാണെന്ന് ഭര്‍ത്താവിനോട് മനശ്ശാസ്ത്രജ്ഞന്‍ പറഞ്ഞുകൊടുത്തത് ഭാര്യയ്ക്ക് പറയാനുള്ളത് ഒട്ടും കേള്‍ക്കാതെയാണ്. അമ്മായിയമ്മയ്ക്ക് ചീത്തപറയാന്‍ ഒരു വാക്കു കൂടികിട്ടി അതോടെ. തന്റെ മകന്റെ ജീവിതം നശിപ്പിക്കന്‍ ഒരുത്തി ഇവിടെ വന്നു കയറിയത് ‘ഹിസ്റ്റീരിയ‘യുമായാണെന്ന്!!! ഭര്‍ത്താവിന്റെ ലൈംഗിക ശൈത്യത്തിന് ഭാര്യയെ ചികിത്സിച്ച കഥകള്‍ അനേകമാണ്. മനശ്ശാസ്ത്രവിദഗ്ധന്റെ അടഞ്ഞു കിടക്കുന്ന ഉള്ളിലെ ‘മൊറാലിറ്റി‘യാണ് ഇവിടെ വില്ലന്‍. അയാള്‍ പഠിച്ച പാഠങ്ങള്‍ മറ്റൊന്നായിരിക്കും. പക്ഷേ ഉപദേശസമയത്ത് തന്റെ മുന്നില്‍, താന്‍ അനാവൃതനായിപ്പോയല്ലോ എന്ന മട്ടില്‍ ചൂളിയിരിക്കുന്ന സാധാരണക്കാരനു വേണ്ടി പുറത്തേയ്ക്കൊഴുക്കുന്നത് ഉള്ളില്‍ കെട്ടിക്കിടക്കുന്ന മൊറാലിറ്റിയാണ്. ഇത് ഒരു വലിയ പ്രശ്നമാണ്. അറച്ചറച്ച് കുട്ടി പറഞ്ഞ സ്വയംഭോഗ കഥ കേട്ടിട്ട് ‘ഡോക്ടര്‍’ പറഞ്ഞത് ‘പഠിക്കേണ്ട സമയത്ത് നീ ഇമ്മാതിരി വൃത്തികേടുകള്‍ കാട്ടരുതെന്നാണ്.‘ അതു പാപമാണെന്നു കൂടി അയാള്‍ പറഞ്ഞു പിടിപ്പിച്ചു കൊടുത്തു. ഫലം വര്‍ഷങ്ങള്‍ക്കു ശേഷം നിയന്ത്രിക്കാനാവത്ത തരത്തിലുള്ള കൈവിറയല്‍.

ആനയെയും ചങ്ങലെയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആ പഴയ ആഭാണകത്തില്‍ ഭ്രാന്തെന്ന വാക്കു തന്നെ വന്നെതെങ്ങനെ എന്നാണ് ഇപ്പോള്‍ എന്റെ ചിന്ത മുഴുവന്‍. ആര് ആരെ ചികിത്സിക്കും? ആന ചങ്ങലയെയോ തിരിച്ചോ?

അനു:
തളര്‍ന്നു വീണ ഒരു കുട്ടി ക്ഷീണം കൊണ്ട് ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കിടന്നുറങ്ങിപ്പോയി. അതു കണ്ട് ഇഷ്ടപ്പെടാത്ത ഒരു സീനിയര്‍ അദ്ധ്യാപിക, കുട്ടിയുടെ അതേ പ്രായത്തില്‍ മകളുള്ള അമ്മ, അദ്ധ്യാപികയാവാനുള്ള പഠനത്തിന്റെ ഭാഗമായി മനശ്ശാസ്ത്രം അഭ്യസിച്ചിട്ടുള്ള മദ്ധ്യവയസ്ക, സ്കൂള്‍ വിട്ട്, പെണ്‍കുട്ടികളെല്ലാം പോയശേഷം മാത്രമേ ആണ്‍കുട്ടികള്‍ ക്ലാസുമുറി വിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന നിയമം അസന്ദിഗ്ദ്ധമായി നടപ്പാക്കുന്നതില്‍ മുന്‍‌കൈയെടുത്ത പരിഷ്കര്‍ത്താവ്, ലോകത്തിലെ സകല പുച്ഛവും മുഖത്തു വാരിത്തേച്ചുകൊണ്ട് കുട്ടികളുടെയും മറ്റദ്ധ്യാപകരുടെയും മുന്നില്‍ വച്ച് പറഞ്ഞത് ഇങ്ങനെ : ‘ദാ അവളവിടെ കിടപ്പൊണ്ട്, എന്തിനും തയ്യാറായി.”


നമുക്കൊരു ധാരണയുമില്ല മനസ്സുകളെപ്പറ്റി.
Post a Comment