November 16, 2007

കരിങ്കല്ലുകളുടെ കാര്‍ഡിയോഗ്രാം

ഗുണ്ടര്‍ട്ട് നിഘണ്ടു എഴുതുന്ന കാലത്ത് ആസ്പത്രി, ആശുപത്രി തുടങ്ങിയ വാക്കുകള്‍ അത്ര പ്രചാരത്തിലായിരുന്നില്ല എന്നു വേണം ഊഹിക്കാന്‍. വൈദ്യശാലയില്‍ വൈദ്യനും അയാളുടെ അറിവിനുമാണ് (വിദ് എന്നാല്‍ അറിവ്) പ്രാധാന്യം. ജീവന്‍ മശായിയെ ചുമ്മാതാണോ കാലമിത്രയുമായിട്ടും നാം മറക്കാത്തത്. അഷ്ടവൈദ്യന്മാരെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ കുറിയ്ക്കാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ചെലവാക്കിയ മഷിയെത്ര! അവിടുന്ന് നേരെ ‘ആസ്പത്രി‘യിലെത്തുമ്പോള്‍ കഥ മാറുന്നു. ഇപ്പോള്‍ രോഗി അതിഥിയാണ്. ഹോസ്പിറ്റാലിറ്റി യുടെ സമീപത്തെവിടെയോ ആണല്ലോ ‘ഹോസ്പിറ്റല്‍‘. അതിഥി സങ്കല്‍പ്പത്തിന് ഭാരത്തിലുള്ള ‘വെയിറ്റ്‘ എന്തായാലും പാശ്ചാത്യ നാടുകളിലുണ്ടാവില്ല. അവിടെ ഒരു പക്ഷേ അകല്‍ച്ചയുടെ വാഗ്‌രൂപമായിട്ടായിരിക്കും ഈ അതിഥി സങ്കല്പം പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ആസ്പത്രികള്‍ എത്രത്തോളം പാശ്ചാത്യമാവുന്നോ അത്രത്തോളം മനുഷ്യത്വത്തില്‍ നിന്നും അകലുന്നു എന്നു ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? രോഗം അകലാനുള്ള ഒരു കാരണം കൂടിയാണ്. അതു തീര്‍ന്നു പൂര്‍ണ്ണ ആരോഗ്യവാനായി എത്തുന്ന ഒരുവനേ (ഒരുവള്‍ക്കേ) സമൂഹത്തില്‍ പിന്നീട് സ്വീകാര്യതയുള്ളൂ. മനുഷ്യനോടല്ല, രോഗത്തോടാണ് ഒരു ആധുനിക ആശുപത്രിയുടെ കൊടുക്കല്‍ വാങ്ങലുകള്‍. അതുകൊണ്ടാണ് അഷ്ടിയ്ക്കു വകയില്ലാത്തവനും രോഗത്തിനനുസരിച്ച് ബില്ലടയ്ക്കേണ്ടി വരുന്നത്. ചികിത്സകൊണ്ട് ചലനമില്ലാത്തായ ശരീരം വച്ചും വിലപേശലുകള്‍ നടക്കുന്നത്. വെറുതേ നമ്മുടെ പഴയ ധര്‍മ്മ ചികിത്സകളെക്കുറിച്ച് ചിന്തിച്ചു നോക്കുക. വെറുതേ ചിന്തിച്ചാല്‍ മതി. ആ കാലം തിരിച്ചു വരാത്തവിധം പോയ്മറഞ്ഞു കഴിഞ്ഞു.

1. പട്ടി കുറുകേ ചാടിയതിനാല്‍ പഴയ എന്‍ഫീല്‍ഡില്‍ നിന്ന് വീണ് കാലൊടിഞ്ഞ ആളെ താങ്ങിയെടുത്ത് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയി. ബെഡ്ഡൊന്നും ഒഴിവില്ല. അതുകൊണ്ട് തറയില്‍ കിടത്തി. തറയില്‍ കിടക്കുന്നവരുള്‍പ്പടെയുള്ള ആ ഭാഗത്തിന്റെ മേല്‍നോട്ടം ഓര്‍ത്തോ പ്രൊഫസര്‍ക്കാണ്. ഭാഗ്യം എന്നാണ് കരുതിയത്. നല്ല ചികിത്സ കിട്ടുമല്ലോ. എല്ലാ ദിവസവും ഡോക്ടറോ ജൂനിയര്‍ മാരോ പഠിക്കുന്ന പിള്ളാരോ ഒക്കെ വന്നു കണ്ടു. ഒരാഴ്ച അവിടെ തന്നെ കിടന്നു. ഇടയ്ക്ക് അകത്തായി. എന്നു വച്ചാല്‍ രണ്ടു ബെഡ്ഡുകള്‍ക്കിടയില്‍. എന്നാല്‍ തറയില്‍. കൊടുക്കുന്നത് വെറും പെയിന്‍ കില്ലെര്‍ മാത്രം. ചിലപ്പോള്‍ കുത്തിവയ്പ്പ്. തറയില്‍ കിടന്ന് ഞരങ്ങിയും ശപിച്ചും നരകകാണ്ഡത്തിന്റെ അവസാനപേജെത്തിയപ്പോള്‍ തൊട്ടടുത്ത് ബെഡ്ഡില്‍ കിടന്ന രോഗി ചോദിച്ചു : ‘അപ്പോള്‍ നിങ്ങളിതുവരെ ഡോക്ടറെ വീട്ടില്‍ പോയി കണ്ടില്ലേ?’‘ കണ്ടു. അന്നു വൈകുന്നേരം തന്നെ. 500 രൂപകൊടുത്തു. മൂന്നാം ദിവസം ഓപ്പറേഷന്‍ നടന്നു. തിരിച്ചു വന്നു ബെഡ്ഡില്‍ കിടക്കാന്‍ പറ്റി. രണ്ടാം ദിവസം വീട്ടില്‍ പോകാനും പറ്റി.

2. അതേ മനുഷ്യന്‍, അതേ ബൈക്ക്. ഇത്തവണ കയ്യാണ് ഒടിഞ്ഞത്. മുന്നില്‍കയറി ഓട്ടോറിക്ഷക്കാരന്‍ കളിച്ചതാണ്. മുന്നനുഭവമുള്ളതുകൊണ്ട് പോയത് ഒരു പ്രസിദ്ധ പ്രൈവറ്റ് ഹോസ്പിറ്റലില്‍. അഡ്മിറ്റ് ചെയ്തതിന്റെ പിറ്റേദിവസം ഓപ്പറേഷന്‍ നടന്നു. മൂന്നാം ദിവസം ഡിസ്ച്ചാര്‍ജും ചെയ്തു. ബില്ല് തുക അകത്തിട്ട കമ്പിയ്ക്കും നട്ടിനും ബോള്‍ട്ടിനും ഉള്‍പ്പടെ 76000 ക.

3. എന്തു ചെയ്തിട്ടും ഒന്നും കഴിക്കാനാവാതെ ഛര്‍ദ്ദിച്ചുകൊണ്ടേയിരിക്കുന്ന രോഗിയെ 27 ദിവസം വലിയ സ്വകാര്യ ആശുപത്രി കിടത്തി ചികിത്സിച്ചു. ചെയ്യാവുന്ന ടെസ്റ്റുകളെല്ലാം ചെയ്യിച്ചു. അറുപതിനായിരം രൂപ ചെലവാക്കിപ്പിച്ചു. എല്ലും തൊലിയും ചെറിയൊരു മിടിപ്പും മാത്രം മിച്ചമായി കഴിഞ്ഞപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ല. കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞു. ചാവാനുള്ള സമയം ആകാത്തതുകൊണ്ടായിരിക്കണം തൊട്ടടുത്തു തന്നെയുള്ള ഒരു വൈദ്യന്‍ രോഗിയെ ഇങ്ങോട്ടു വന്നു കണ്ട് കണ്ണും നാക്കും നോക്കിയിട്ടു ഉരച്ചുകൊടുക്കാന്‍ ഒരു ഗുളികയും ഒരു കുപ്പി കഷായവും കൊടുത്തു. എന്തായാലും ഇങ്ങോട്ടില്ല എന്നു തീര്‍ച്ചപ്പെടുത്തിയ ആളാണല്ലോ. രോഗിയുടെ ജാതകം മാറി, അയാള്‍ രക്ഷപ്പെട്ടു. ചെമ്പുപാത്രത്തില്‍ വച്ച ആഹാരം കഴിച്ചതിന്റെ അലര്‍ജിയായിരുന്നു രോഗം. അതറിയാതെ കൊടുത്തുകൊണ്ടിരുന്ന കടുത്ത ഗുളികകളുടെ ഡോസാണ് കേസു വഷളാക്കിയത്.

4. ഒരു വയസ്സുള്ള കുഞ്ഞിന് വന്ന സാധാരണ പനി. ആരോഗ്യം ഇത്തിരി മോശമായതുകൊണ്ട് കൂടുതല്‍ സമയമെടുക്കും സുഖമാവാന്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അവസാനം രക്ഷയില്ല എന്നു പറഞ്ഞ് തിരിച്ചേല്‍പ്പിക്കുമ്പോള്‍ വിറകുകൊള്ളിപോലെ കുഞ്ഞിന്റെ ശരീരം വിറങ്ങലിച്ചിരിക്കുന്നു. ആകെ നീലഛായ. അധികമില്ലെന്ന് കണ്ടു നിന്നവര്‍ക്കെല്ലാം ബോദ്ധ്യമായി. ബില്ലടച്ചിട്ട് കുഞ്ഞിനെയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്കോടി. (എസ് എ ടിയില്‍) ഒരാഴ്ച ഐ സി യുവില്‍. പിന്നൊരാഴ്ച ഐസൊലേഷന്‍ വാര്‍ഡില്‍. വീണ്ടും ഐ സി യുവില്‍. സ്വകാര്യ ആശുപത്രികാര്‍ കൊടുത്ത ഓവര്‍ഡോസില്‍ കുഞ്ഞിന്റെ ഉള്‍ഭാഗം മുഴുവന്‍ പൊള്ളി വൃണമായി പോയത്രേ. ദഹനവ്യൂഹം മൊത്തം തകര്‍ന്നു. വെറും ന്യുമോണിയ ആയിരുന്നു അസുഖം. ഇതെഴുതുന്ന സമയത്ത് കുഞ്ഞ് സ്പൂണില്‍ വെള്ളം കുടിയ്ക്കാറായിട്ടുണ്ട്.

5. കൂട്ടുകാരന്റെ ഭാര്യയ്ക്ക് കടുത്ത വയറുവേദന. വല്ലാതെ ശരീരം തടിയ്ക്കുകയും ചെയ്യുന്നു. അപ്പെന്‍ഡിക്സ് ആണെന്ന് ഡോക്ടര്‍ പറഞ്ഞു ഉടന്‍ ഓപ്പറേഷന്‍ ചെയ്യണം. ഓപ്പറേഷനില്‍ താത്പര്യമില്ലാത്തതു കൊണ്ട് ആദ്യം ആയുര്‍വേദവും പിന്നെ ഹോമിയോയും അവന്‍ നോക്കിയതാണ്. അവള്‍ തീരെ സഹിക്കുന്നില്ല എന്നു വന്നപ്പോഴാണ് ടെസ്റ്റുകള്‍ക്കു ശേഷം, പേവാര്‍ഡും ബുക്കു ചെയ്തിട്ട് തിയ്യതി നിശ്ചയിച്ചത്. ഉള്ളതില്‍ നിസ്സാര ഓപ്പറേഷനാണ് അപ്പെന്‍ഡിക്സിന്റെ. രാവിലെ ഏഴുമണിയ്ക്ക് തിയറ്ററില്‍ കയറിയാല്‍ ഒന്‍പതു മണിയ്ക്കു മുന്‍പ് മുറിയില്‍ വരാം. എന്നാല്‍ കണക്കുക്കൂട്ടലുകളൊക്കെ തെറ്റി. പതിനൊന്നു മണിക്കും ഒന്നുമാകുന്നില്ല. അവസാനം, ഒപ്പിടാനുള്ള പേപ്പറുമായി വന്ന് സസ്പെന്‍സ് ഡോക്ടര്‍ തന്നെ തീര്‍ത്തു. . “അപ്പെന്‍ഡിക്സ് ആയിരുന്നില്ല. ട്യൂബുലാര്‍ പ്രഗ്നന്‍സിയാണ്. അതു പൊട്ടി ബ്ലീഡു ചെയ്തുകൊണ്ടേയിരിക്കുന്നു. താന്‍ ഗൈനക്കോളജിസ്റ്റല്ല. സര്‍ജനാണ്. ഈ കേസ് ഗൈനക്കിനേ ചെയ്യാന്‍ പറ്റൂ. ഞാന്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.....“ പറഞ്ഞിടത്തൊക്കെ അവന്‍ ഒപ്പിട്ടു കൊടുത്തു. അഞ്ചുമിനിട്ടു കൊണ്ട് ഭാവി തകിടം മറിയുമ്പോള്‍ ആരോട് എന്തു ചോദിക്കാനാണ്? ഫോണില്‍ ഗൈനക്കോളജിസ്റ്റു നല്‍കിയ നിര്‍ദ്ദേശം വച്ച് സര്‍ജന്‍ ഓപ്പറേഷന്‍ ചെയ്തു. ആരുടെ ഭാഗ്യം കൊണ്ടോ... അപകടം ഉണ്ടായില്ല. ചില സംശയങ്ങള്‍ മാത്രം ബാക്കി.വേണ്ട ടെസ്റ്റുകളൊക്കെ നടത്തിയതാണല്ലോ. ട്യൂബുലര്‍ പ്രെഗ്നന്‍സിയും അപ്പെന്‍ഡിക്സും തിരിച്ചറിയാന്‍ വയ്യാത്ത രീതിയിലാണോ നമ്മുടെ മോഡേണ്‍ സയന്‍സിന്റെ വളര്‍ച്ച?

6. ഇതേ പോലെ മറ്റൊരു കേസ്. ആമാശയത്തിലോ കുടലിലോ വളരുന്ന അരിമ്പാറ മുറിച്ചുനീക്കാനാണ് ഓപ്പറേഷന്‍ വച്ചിരുന്നത്. പറഞ്ഞ ടെസ്റ്റുകളെല്ലാം ചെയ്തു കാര്യങ്ങള്‍ തീര്‍പ്പാക്കിയിട്ടാണ് ഓപ്പറേഷനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. വയറു കീറി മുറിച്ചതിനു ശേഷം ഡോക്ടര്‍ കാര്യം നേരിട്ട് കണ്ടു മനസിലാക്കി. വിചാരിച്ച പോലെ സംഗതി ഒരു സിസ്റ്റ് അല്ല. നിരവധിയുണ്ട്. അതെല്ലാം മുറിച്ചു നീക്കുക നിലവില്‍ അസാദ്ധ്യം. അതുകൊണ്ട് മുറിച്ചത് അതു പോലെ തുന്നിക്കെട്ടി, വേദനയ്ക്കുള്ള മരുന്നും നല്‍കി വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു.

മതി. ഒരു സാദാ പനിയുമായി സ്വകാര്യാശുപത്രിയില്‍ പോയാല്‍ ട്രിപ്പ് ഉള്‍പ്പടെ കുറഞ്ഞത് 500 രൂപയെങ്കിലും അവര്‍ വാങ്ങിച്ചെടുക്കും. കിടത്തി നിരീക്ഷിക്കുക എന്നതാണ് സ്ഥിരം പരീക്ഷണം. അതിനു തയ്യാറാവതിരിക്കുന്നവര്‍ക്കാണ് ഈ ഫീസ്. അതുപോട്ടെ എന്നു വയ്ക്കാം. റാപ്പര്‍ പൊളിച്ച് അവര്‍ നല്‍കുന്ന ഗുളികകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്ന് എങ്ങനെ കണ്ടറിയും? ഇങ്ങനെ കഴുത്തറുക്കുന്നവര്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിറ്റഴിക്കാന്‍ കമ്പനികളെ സഹായിക്കില്ല എന്ന് എന്താണ് ഉറപ്പ്? നേരിട്ടുള്ള പരീക്ഷണത്തിനു പുറമേ പരോക്ഷ പരീക്ഷണവുമുണ്ട്. അതായത് ഡോക്ടര്‍ പോലുമറിയുന്നില്ല, മരുന്നു കമ്പനികള്‍ എന്താണ് തന്റെ ഫീഡ്ബാക്കിലൂടെ ഉദ്ദേശിക്കുന്നത് എന്ന്. അയാള്‍ക്ക് രണ്ടാണ് ലാഭം. ‘അതിഥിയെ പിഴിഞ്ഞതിന്റെ ഒരു പങ്ക്, ശമ്പളം എന്ന നിലയ്ക്ക്. രോഗിയെന്ന പാപിയെ പരീക്ഷണവസ്തുവാക്കിയതിന് മരുന്നുകമ്പനി വക കിമ്പളം വേറെ, പലരൂപങ്ങളില്‍‍. തലകറക്കം കൊണ്ട് വയ്യാതായ 64കാരിയ്ക്ക് വൈകുന്നേരം ആറുമണിയ്ക്കും എട്ടുമണിയ്ക്കും ഇടയ്ക്ക് ഡോക്ടര്‍ എന്ന വിദ്വാന്‍ നല്‍കിയത് 16 ഗുളികകള്‍. കൂടെ ട്രിപ്പ്, ഇന്‍സുലിന്‍ ഇഞ്ചെക്ഷന്‍. ഡയഗ്നോസിസ് എന്ന തലവേദനയ്ക്കൊന്നും അവര്‍ തയ്യാറല്ല. തലകറക്കത്തിന് ലഭ്യമായ മരുന്നെല്ലാം കൊടുക്കുക. അങ്ങനെ കഴിയുന്നത്ര മരുന്നു വില്‍ക്കുക. സൈഡ് ഇഫക്ടുകള്‍ ഉണ്ടാവട്ടേ. അതിനും മരുന്നുണ്ടല്ലോ..
ആശുപത്രികളുടെ പേരില്‍ നഗ്നമായ പകല്‍കൊള്ളകള്‍ നാടു നീളെ നടന്നിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ചെറുവിരല്‍ പോലും ഉയരുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യമല്ലേ? ചികിത്സാപ്പിഴവിന്റെ പേരില്‍ ചില മുറുമുറുപ്പുകള്‍, ഒച്ചവയ്ക്കലുകള്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാനേജുമെന്റ് തരവഴികള്‍ക്ക് അറിയാം. കോടികളുടെ ബിസ്സിനസ്സാണ്. ഒന്നാലോചിച്ചു നോക്കുക. സര്‍ക്കാര്‍ അടിസ്ഥാന ആവശ്യങ്ങളായി നിവര്‍ത്തിച്ചു തരേണ്ട ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ഒന്നാകെ ഇന്ന് സ്വകാര്യ കുത്തകകളുടെ കാല്‍ക്കീഴിലാണ്. പണം മാത്രമല്ല പ്രശ്നം, ഉദാസീനതയാണ്. ഇവിടങ്ങളില്‍ എന്തു കാട്ടിക്കൂട്ടിയാലും ഒരു മണ്ണും സംഭവിക്കില്ല എന്ന മട്ട്. ഇതിനാണ് വോട്ടിട്ട് ചിലരെ തെരെഞ്ഞെടുത്ത് നമ്മുടെ നെഞ്ചത്തോട്ട് കേറാന്‍ ജനാധിപത്യമെന്ന ബോര്‍ഡു തൂക്കുന്നതെങ്കില്‍ ഉത്തരവാദിത്വമെന്നത് ചുക്കോ ചുണ്ണാമ്പോ?
Post a Comment