നിലവിളിച്ചുകൊണ്ടുള്ള ചില പ്രണയ കവിതകളുണ്ട്, നീയില്ലെങ്കിൽ ചത്തുകളയും എന്നൊക്കെ പറഞ്ഞുകൊണ്ട്, പ്രണയത്തെ മാറി നിന്ന് നോക്കുന്നതരത്തിലുള്ള ചില സംഗ്രഹങ്ങളുമുണ്ട്. ഒന്നാവുന്നതിന്റെയൊക്കെ ദാർശനികപ്രശ്നത്തെപ്പറ്റി ഓഷോ പറഞ്ഞതിനെ താങ്ങി നടക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. രണ്ടായിരിക്കുന്നതിനെപ്പറ്റി നല്ല ബോധത്തോടെ നടന്നിട്ടാണ് ഒന്നാവുന്നതിനെപ്പറ്റിയുള്ള ആളുകളുടെ ആത്മീയ വിചാരം, അവരുടെ മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ ഇരട്ടവേഷങ്ങളുടെ തട്ടിപ്പാണ്. ശീലമായിപ്പോയി. ചത്താലും ശവക്കുഴിയിൽ അവർക്ക് അഭിനയം തീരില്ല. പ്രണയത്തിൽ ഒരു കൊല അല്ലെങ്കിൽ ഒരു ആത്മഹത്യ, രണ്ടിലൊന്ന് അനിവാര്യമാണെന്ന് എൻ എസ് മാധവൻ ഇതിനെത്തന്നെ തിരിച്ചിട്ടു. ഇങ്ങനെയൊക്കെ ഉറപ്പിച്ചിട്ട് അലൻ ബാദ്യുവിനെ കാണുമ്പോഴാണ് കുഴങ്ങുക ( അലൻ ബാദ്യുവിന്റെ പ്രണയ വിചാരങ്ങളെപ്പറ്റി ബൈസ്റ്റാൻഡറുടെ ഫെയിസ് ബുക്കു കുറിപ്പു നോക്കുക ) അദ്ദേഹത്തിന് പ്രണയവും ലൈംഗികതയും രണ്ടാണത്രേ. ആദ്യത്തേതിൽ തികഞ്ഞ നിസ്വാർത്ഥത, രണ്ടാമത്തേതിൽ ആറ്റൻ സ്വാർത്ഥത. ഇങ്ങനെ രണ്ടായി തിരിച്ചു വച്ചുകൊണ്ടല്ല, ഓഷോയുടെയും എൻ എസ് മാധവന്റെയും കായിതങ്ങൾ...
സദാചാരമൊക്കെ നാൾക്കുനാൾ മുണ്ടും പൊത്തിപ്പിടിച്ച് പേപ്പട്ടിയെപോലെ അസുഖം മൂത്ത് അലയുകയാണെങ്കിലും ( പ്രണയം പേപ്പട്ടിയെപ്പോൽ അലയും കാലം - കിളിമാനൂർ മധു) മലയാളത്തിൽ പ്രണയ വാങ്മയങ്ങൾക്ക് മാത്രം ഒരു കുറവും ഇല്ല. ഡി വിനയചന്ദ്രന്റെ പ്രണയ കവിതകൾ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രണയ കവിതകൾ, മഹാദേവി അക്കയുടെയും മറ്റും അലൗകികമായ പ്രണയ കവിതകൾ (അഷിതയുടെ വിവർത്തനം) ബിൽഹണന്റെ പ്രണയ കവിതകൾ ചൗര പഞ്ചാശിക (ശാരദക്കുട്ടിയുടെ വിവർത്തനം) ടി പി രാജീവന്റെ പ്രണയശതകം, വീരാൻ കുട്ടിയുടെ ‘തൊട്ടു തൊട്ടു നടക്കുമ്പോൾ‘,101 പ്രണയ കവിതകൾ, പ്രണയമൊഴികൾ.....
കേരളപ്പിറവിയുടെ 60 ആണ്ട് ആഘോഷിക്കുന്ന കൂട്ടത്തിൽ ഡി സി ബുക്സ് പ്രണയത്തെപ്പറ്റിയും ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. ‘അതെന്റെ ഹൃദയമായിരുന്നു‘ എന്നാണ് ബഷീറിന്റെ മതിലുകളിലെ ഒരു വാക്യം ഓർമ്മിച്ചുകൊണ്ടതിനു പേരിട്ടിരിക്കുന്നത്. സമാഹരിച്ചിരിക്കുന്നത് റിമ കല്ലിങ്കൽ, ആഷിക് അബു എന്നീ പ്രണയ ജോഡികൾ. മുൻപ് ഈ പരിപാടിയുടെ പ്രായോജകർ ഇന്ദുമേനോനും രൂപേഷ് പോളും ആയിരുന്നു (‘ചുംബനത്തിന്റെ പുസ്തകവും‘ ‘അനുരാഗത്തിന്റെ പുസ്തകവും‘ ഓർമ്മിക്കുക) ഇപ്പോൾ കാലം മാറി. പ്രണയം നിറഞ്ഞു തുളുമ്പുന്ന വരികൾ സമാഹരിച്ച് ഒരു പുസ്തകം ഇറക്കിയിരിക്കുകയാണ് എന്നാണ് പശ്ചാത്തലസംഗീതം. സംഗതി കേരളത്തിന്റെ അറുപതാം ആണ്ടാണെങ്കിലും പുസ്തകത്തിൽ കയറിപ്പറ്റിയിരിക്കുന്ന വരികൾ കൂടുതലും വിദേശികളുടേതാണ്. നെരൂദയുടെയും പിന്നെ റൂമിയുടെയും എമിലി ബ്രോണ്ടി, ഓസ്കാർ വൈൽഡ്, പൗലോ കൊയ്ലോ, ഹാരുകി മുറാകാമി, ഹെമിങ് വേ, ജിബ്രാൻ, മിർസാ ഗാലിബ്, ബുകാവോസ്കി, പ്ലേറ്റോ, ലോർക, മാർക്വേസ്... അങ്ങനെ അങ്ങനെ.. ബ്രയാൻ ആഡംസിന്റെയും ബോബ് മാർലിയുടെയും ഹസ്രത് മോഹാനിയുടെയും (ചുപ് കെ ചുപ് കെ..) ഡോർസിന്റെയും വരികളും എടുത്തിട്ടിട്ടുണ്ട്. സിനിമാക്കാരായതുകൊണ്ടാവും സിനിമാ ഡയലോഗുകളും ധാരാളം. .ഹൈ വേ മൂവിയിൽ ആലിയ ഭട്ട് പറയുന്ന ഡയലോഗ്, രാഞ്ചന ഹിന്ദി സിനിമയിൽ നിന്നും, ട്വിലൈറ്റ് സിനിമയിൽ നിന്നും, ഇസബെല്ല/ ദ ഡ്രീമേഴ്സ്, നായിക നായകനോടു പറയുന്ന ഡയലോഗ് - വാനില സ്കൈ.... ... എന്നൊക്കെയാണ് കൊടുത്തിരിക്കുന്ന റഫറൻസ്.. അതായത് എന്താണെന്നുള്ളതിന് ഏകരൂപമില്ല. പത്മരാജൻ എന്ന് കൊടുത്തിരുന്നാൽ അതു സിനിമയിലെയാണോ, നോവലിലെയാണോ കഥയിലേയാണോ അഭിമുഖത്തിൽ പറഞ്ഞതാണോ എന്ന് വായിക്കുന്നവർ അറിയേണ്ടതില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. പ്രണയം, പ്രേമം എന്ന് കണ്ടിടത്തുനിന്നെല്ലാം വാക്യങ്ങൾ പെറുക്കി വെച്ചാൽ പ്രേമത്തെക്കുറിച്ചുള്ള പുസ്തകമോ ചുവന്ന ഹൃദയമോ ആകുമോ?
പ്രേമത്തിനു പല ഭാവങ്ങളാണ്. ആശാനത് മരണവും വൈലോപ്പിള്ളിയ്ക്ക് പുനർജ്ജന്മവും ആയിരുന്നു. ചങ്ങമ്പുഴയ്ക്ക് ലഹരിയും ബാലചന്ദ്രനു കുറ്റബോധവും അയ്യപ്പനു ഭയവും ഓയെൻ വിയ്ക്ക് പ്രതിബദ്ധതോപാധിയുമൊക്കെയായിരുന്നു. ഇതെല്ലാംകൂടിയാണത് എന്നു പറന്യാൻ തുനിഞ്ഞാൽ പേജുകൾ വെറുതേ ചെലവാകും. “വിജ്ഞാനത്താൽ നിയമിതവും സ്നേഹത്താൽ പ്രചോദിതവുമാണ്“ ജീവിതമെങ്കിൽ നാളിതുവരെകൊണ്ട് വെളിച്ചപ്പെട്ടു കിട്ടിയ ഉൾക്കാഴ്ചയാൽ നിങ്ങൾക്കു ചിലതെല്ലാം എടുത്ത് അടുക്കി വയ്ക്കാം. ഇതാണ് ഞാൻ - ഞങ്ങൾ കണ്ട പ്രണയം എന്നു ലോകത്തോട് വിളിച്ചു പറയുമ്പോലെയാണത്. ആളുകൾക്ക് വിയോജിക്കാനുള്ള ഇടം ഉണ്ടാക്കിവച്ചുകൊണ്ടുതന്നെ. നമ്മുടെ സാംസ്കാരികചരിത്രം പ്രണയം എന്ന ഭാവത്തെ അടയാളപ്പെടുത്തി വച്ചിരിക്കുന്നതിന്റെ ഒരു അദ്ധ്യായത്തെ മുൻനിർത്തിയുള്ള സോദാഹരണ പ്രമാണമാണത്. അതാണ് എഡിറ്റർ എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തം. അല്ലാതെ പ്രേമം എന്നു കാണുന്ന വരികളെല്ലാം അതെന്താണെന്നു പോലും നോക്കാതെ കൂട്ടി വച്ചാൽ അതെങ്ങനെയാണ് പ്രണയത്തെക്കുറിച്ചു പറയുന്ന പുസ്തകമാവുക? സന്ദർഭങ്ങളിൽനിന്ന് അടർത്തിയാൽ വരികൾ എന്തിനെപ്പറ്റിയാണ് പറയുന്നതെന്നത് അപ്രസക്തമാവും അല്ലെങ്കിൽ അതിനുള്ളിൽ നീറിപ്പിടിക്കുന്ന വികാരം ഉണ്ടായിരിക്കണം. അത് സാഹചര്യം മനസ്സിലാക്കാതെതന്നെ അറിയാൻ കഴിയുന്നതുമായിരിക്കണം. അവയുടെ എണ്ണം ഈ ഭൂലോകത്തിൽ (ഭൂമി മലയാളത്തിലും) കുറവൊന്നും അല്ല. പക്ഷേ അന്വേഷിക്കാനും ആസ്വദിക്കാനുമുള്ള മനസ്സ്, സാവകാശം, സൗകര്യം തുടങ്ങിയ ആദ്യം പക്കലുണ്ടാവണമല്ലോ.
ഒരു ഡയലോഗ് നോക്കുക : “ എല്ലാ പ്രണയത്തിനു പിന്നിലും വേദനകളുണ്ട്“ പറഞ്ഞത് സോഫോക്ലിസ്.. (അതാർക്കും അറിയില്ലല്ലോ) മറ്റൊന്ന് : “ യഥാർത്ഥ ചോദ്യം മരണത്തിനുശേഷം ജീവിതമുണ്ടോ എന്നല്ല, മരണത്തിനു മുൻപ് നിങ്ങൾ ജീവിച്ചിരുന്നോ എന്നാണ്“ പറഞ്ഞത് ഓഷോ. (അപ്പോൾ പറഞ്ഞു വന്ന പ്രേമം?) “ചിലർ നൃത്തം ചെയ്യുന്നത് മറക്കാനാണ് ചിലർ ഓർക്കാനും“ - ഹോട്ടൽ കാലിഫോർണിയ (പാട്ട്) (പ്രേമിച്ചോണ്ടു നൃത്തം ചെയ്യുന്നത് എന്നു വേണ്ടേ?) നമ്മലെല്ലാം നിരാശയുടെ വക്കിലാണ്. ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം പരസ്പരം മുഖത്തോടു മുഖം നോക്കി ഒന്നിച്ചിരിക്കുകയും തമാശ പറഞ്ഞു ചിരിക്കുകയുമാണ്, ശരിയല്ലേ..? ( ദി ഗ്രേറ്റ് ബ്യൂട്ടി - ഓസ്കാർ നേടിയ ചിത്രം) - ശരിതെന്നെ, പക്ഷേ അതല്ലല്ലോ നമ്മുടെ വിഷയം !
പലതും പ്രണയമൊന്നും ഇല്ലാത്ത വരികളാണ്. ‘ആരും ശ്രദ്ധികാത്തപ്പോൾ ഒരേ ഒരു മീൻ കാറ്റിൽ നീന്തുന്നു‘ എന്ന് തമിഴ് കവി മനുഷ്യപുത്രൻ എഴുതിയത് പ്രേമത്തെപ്പറ്റിയാണെന്ന് എങ്ങനെ നമ്മൾ മനസ്സിലാക്കും? എന്താണതിന്റെ സർ റിയലിസ്റ്റ് വഴി നമ്മളോട്പറയുന്നത് എന്ന് കാര്യമായി ആലോചിക്കേണ്ടി വരും. പ്രണയ കവിതകളെല്ലാം ഒരുപോലെ പ്രണയത്തിന്റെ ഏകഭാവത്തെ ആവിഷ്കരിക്കുകയല്ല. പലതിലും വിചാരിക്കുന്നതു പോലെ പ്രണയം ഉപമേയമല്ല, പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും അത് ദാരിദ്ര്യത്തിനും വിഷത്തിനും ഭ്രാന്തിനും മരണത്തിനുമുള്ള ഉപമാനങ്ങളുമാകാം. ബോബ് മാർലിയുടെ ഒരു പാട്ട്, പ്രണയിനിയുടെ കള്ളത്തരത്തെപ്പറ്റിയാണ്, ‘മഴയെ പ്രണയിക്കുന്നു എന്നു പറയുന്നവൾ മഴ വരുമ്പോൾ കുട ചൂടി നടക്കുന്നു... ‘ അതുകൊണ്ട് കാമുകൾ അവളുടെ പ്രണയിക്കുന്നു എന്ന വാക്കിനെ പേടിക്കുന്നു.
‘ഗോസ്റ്റ് ഓഫ് ഗേൾഫ്രണ്ട്സ് പാസ്റ്റ്‘ എന്ന് ഒരു വാക്യത്തിനു താഴെ എഴുതി വച്ചിരുന്നാൽ വായിക്കുന്നയാൾ എന്താണ് മനസ്സിലാക്കേണ്ടത്? (മാർക്ക് വാട്ടേഴ്സിന്റെ 2009 ലെ സിനിമയാണത്) മറ്റൊരിടത്ത് സിനിമയല്ല, സംവിധായകന്റെ പേരാണ് (ഗൊദാർദ്). വേറൊരിടത്ത് കഥാപാത്രത്തിന്റെ പേരാണ് ( ഇസെബെല്ല) ഇനിയൊരിടത്ത് അഭിനേതാവിന്റെ പേരാണ് (ആലിയ ഭട്ട്) ചിലയിടത്ത് പുസ്തകം എഴുതിയ ആളിന്റെ പേര്, ചിലയിടത്ത് പാട്ടിന്റെ പേര്, അങ്ങനെയാണ് ഉദ്ധരണികളുടെ പോക്ക് ഈ പറഞ്ഞവരാണോ ഈ പ്രണയ മൊഴികളുടെ അവകാശികൾ? എങ്കിൽ ആ അവകാശത്തെ സ്ഥാപിക്കുന്ന ഒരു വ്യാഖ്യാനക്കുറിപ്പെങ്കിലും വേണ്ടേ? ഈ പുസ്തകം എത്ര ഉത്തരവാദിത്ത രാഹിത്യത്തോടെയാണ് ചെയ്തിരിക്കുന്നതെന്ന് അറിയാൻ മറ്റൊന്നും വേണ്ട, ടി പി രാജീവന്റെയും മേതിലിന്റെയും വരികൾ പല പേജുകളിൽ ആവർത്തിച്ചിരിക്കുകയാണ്. (പേജ് 19, 30, 57, 58) അതായത് സമാഹരിച്ചവർ അഥവാ അവരെ സഹായിച്ചവർ പുസ്തകം മൊത്തമായിട്ട് ഒന്നു വായിച്ചു നോക്കിയിട്ടു പോലും ഇല്ല.
ആഷിക്കിന്റെയും റിമയുടെയും പേരുവച്ചാൽ എന്തും എടുത്തു തിന്നോളും, പ്രത്യേകിച്ച് പ്രണയത്തിന്റെ പേരിലാവുമ്പോൾ എന്ന കലശലായ മുൻധാരണ ഭരിക്കുന്ന ഒരു പുസ്തകമാണിത്... ( ഡി സി തന്നെ ഈ സീരിസ്സിൽ ഇറക്കിയ മറ്റൊരു പുസ്തകത്തിന്റെ പേര് ‘ഞാൻ പെട്ടു!‘ - എഴുതിയത് പ്രശാന്ത് മിത്രൻ. ആ പുസ്തകത്തിന് രണ്ടാം പതിപ്പിറങ്ങുകയാണെങ്കിൽ ‘ഈ പുസ്തകവും വിലകൊടുത്തു വാങ്ങിച്ചവരുടെ അനുഭവവും‘ കൂടി പെടുത്തിയാൽ കിടുക്കിയേനേ!) ആഷിക്കിന്റെ ‘റാണി പദ്മിനി‘ ചലച്ചിത്രത്തോടനുബന്ധിച്ച് ഇതേ പ്രണയ ജോടികളുടെ ആശിസ്സുകളോടെ ദിലീപ് എഡിറ്റു ചെയ്തിറക്കിയിരുന്ന ഒരു പുസ്തകമായിരുന്നു റാണിമാർ പദ്മിനിമാർ : മലയാളി സ്ത്രീയുടെ കൈവിട്ട സഞ്ചാരങ്ങൾ‘ അതിന്റെ അവതരണം റിമ കല്ലിങ്കലിന്റെയായിരുന്നു. മലയാള പുസ്തകപ്രകാശന രംഗത്ത് ഒരു പരീക്ഷണം എന്നൊക്കെയായിരുന്നു അതിന്റെ വൺ ലൈൻ. യഥാർത്ഥത്തിൽ ഒരു ‘കൈവിട്ട‘ കളി ആവിഷ്കാരം നേടിയത് സത്യത്തിൽ ഈ പുസ്തകത്തിലാണെന്നു മാത്രം !
http://www.whitecrowartdaily.com
1 comment:
മലയാള പുസ്തകപ്രകാശന രംഗത്ത് ഒരു പരീക്ഷണം
എന്നൊക്കെയായിരുന്നു അതിന്റെ വൺ ലൈൻ. യഥാർത്ഥത്തിൽ
ഒരു ‘കൈവിട്ട‘ കളി ആവിഷ്കാരം നേടിയത് സത്യത്തിൽ ഈ പുസ്തകത്തിലാണെന്നു മാത്രം !
Post a Comment