സജിതാമഠത്തിൽ എഴുതി ചന്ദ്രദാസൻ സംവിധാനം ചെയ്ത ‘കാളി നാടകം‘ എന്ന നാടകത്തിൽ വർഷങ്ങൾക്കുമുൻപ് നിന്നു പോയ ആ പേരുള്ള കലാരൂപത്തെ വീണ്ടും സ്റ്റേജിൽ അവതരിപ്പിക്കുകയാണെന്ന് ആവർത്തിച്ചു പറയുന്നു. കാളിനാടകം നാരായണ ഗുരുവിന്റെ ഒരു രചനയും ഉണ്ണി ആറിന്റെ സ്ത്രീപക്ഷ സ്വഭാവമുള്ള ഒരു കഥയുമാണ്. ആ വക പൂർവാവിഷ്കാരങ്ങളുമായി നാടകത്തിനു ബന്ധമൊന്നും ഇല്ല. തെക്കൻ ദിക്കുകളിൽ പറണേറ്റെന്നും കാളിയൂട്ടെന്നും ഒക്കെ പറയുന്ന, കാളിയുടെയും ദാരികന്റെയും പോരാണ് കാളിനാടകം എന്ന പേരിൽ അവതരിപ്പിക്കുന്ന കലാരൂപത്തിന്റെയും അടിസ്ഥാനം. ഏഴജാതിയിലുള്ള ഒരു പെണ്ണ് കാളിയായി വേഷം കെട്ടുകയും ദാരികനായി വന്ന മുന്തിയ ജാതിക്കാരനായ ഒരു കുറുപ്പിനെ കൊല്ലുകയും ചെയ്തതിൽപ്പിന്നെയാണ് കാളി നാടകം നിരോധിക്കപ്പെട്ടത്. അതിനു കുറേ വർഷങ്ങൾക്കുശേഷം വീണ്ടും കാവിൽ നാടകം അരങ്ങേറുന്നു. ഇപ്പോഴും ദാരികനായി തറവാടിയും പ്രസിദ്ധ സ്ത്രീലമ്പടനും പീഡകനുമായ രാമക്കുറുപ്പാണ് കാളിയായി നാട്ടിലെ സ്ത്രീമോചനപ്രവർത്തനങ്ങളിലെ മുന്നണി പോരാളിയും കോളനിയിലെ ചാത്തന്റെ മകളുമായ കാളിതന്നെയാണ്. വീണ്ടും ചരിത്രം ആവർത്തിക്കുന്നു. നാട്ടിലെ പീഡകനായ രാമക്കുറുപ്പിനെ കാവിലിട്ട് കാളി വെട്ടി നുറുക്കുന്നു. അവളെ അറസ്റ്റു ചെയ്യാൻ പോലീസിനു സധ്യമല്ല, കാരണം, കാളിയാണ് കൊല ചെയ്തത്. അവളുടെ കലി ഇരട്ടിച്ചത് പ്രശ്നവശാൽ തെളിഞ്ഞിട്ട് പുതിയൊരു അമ്പലം പണിത് അവളെ കുടിയിരുത്താൻ കമ്മറ്റിക്കാർ തീരുമാനിക്കുന്നു. ‘നമ്മളെ ഇരുത്തൻ തെരുമാനിക്കുന്നത് അവരത്രേ, എന്നാൽ ഇരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന നമ്മളാണ്‘ എന്ന് ആവർത്തിച്ചുരുവിട്ടുകൊണ്ട് കാളിയും അവളുടെ സഹചരയായ നീലിയും വേദിയിൽനിന്ന് ഇറങ്ങി നടക്കുന്നതാണ് നാടകത്തിന്റെ പ്രമേയം.
നാടകത്തെപ്പറ്റിമൊത്തമായയല്ല, അതിലെ രണ്ടു സന്ദർഭങ്ങളെപ്പറ്റി വിശേഷമായി ആലോചിക്കാനാണ് ഈ എഴുത്ത്. അതിലൊന്ന് കൊല നടന്നയുടൻ അന്വേഷിക്കാനായി വന്ന പോലീസ് കാളിയുടെ കൂട്ടുകാരിയായ നീലിയെ വിളിക്കുന്ന ഒരു തെറി, ‘പുണ്ടാട മോളേ‘ എന്നാണ്. വിളിക്കുന്നത് ആൺ പോലീസല്ല. പെൺപോലീസാണ്. പ്രകോപനപരമായി അവിടെ ഒന്നും ഇല്ല. നീലി ചോദ്യം ചെയ്യലിനെ പ്രതിരോധിക്കുകയോ പറഞ്ഞത് അനുസരിക്കാതിരിക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും സുന്ദരിയായ ഒരു പെൺപോലീസ് ഇത്തരമൊരു തെറിവാക്ക് ഉപയോഗിച്ചതിന് പോലീസ് സംവിധാനത്തിന്റെ അശ്ലീലം വ്യക്തമാക്കാനായിരിക്കണം. പൊതുവേദിയിൽ ആണ് തെറിവിളിക്കുന്നതിന്റെ അർത്ഥധ്വനിയല്ല ഒരു സ്ത്രീ തെറിവിളിക്കുന്നതിനുള്ളതെന്ന് സൗന്ദര്യശാസ്ത്രപരമായ ഒരു പ്രശ്നം ഇവിടെയുണ്ട്. തെറി ഏറേക്കുറേ ലൈംഗികവൃത്തിയെ നേരിട്ട് സൂചിപ്പിക്കുന്ന കാര്യമാണ്. ലൈംഗികമായ ഇംഗിതങ്ങൾ പുറത്തുവരികയും അത് ആർക്കുനേരെയാണോ നീളുന്നത് അവരത് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോഴാണ് അശ്ലീലം ഉടലെടുക്കുന്നത്. നമ്മുടെ സമൂഹത്തിലത് ആണെന്ന സക്രിയതയും പെണ്ണെന്ന നിർജ്ജീവതയുമായി പിരിഞ്ഞു കിടക്കുകയാണ്. അതാണ് സ്ത്രീപീഡനത്തിന്റെ സാമൂഹികമായ അർഥം. ആ നിലയ്ക്ക് സ്ത്രീ പറയുന്ന തെറി അവളുടെ സന്നദ്ധതകളെയാണ് അറ്റയാളപ്പെടുത്തുന്നത് മരിച്ച് ആൺ തെറികളിലെന്നപോലെ അമർഷത്തെ ആവണമെന്നില്ല. സാമൂഹിക സാഹചര്യങ്ങളിൽ ഒരു പക്ഷേ കാര്യങ്ങൾ മാറിമറിയാമെങ്കിലും കലാസൃഷ്ടിയിൽ അർത്ഥം മറ്റൊന്നായിത്തന്നെയാണ് പ്രവർത്തിക്കുന്നത്, പദ്മിനിയുടെയോ കമലാസുരയ്യയുടെയോ നഗ്നമായ സ്ത്രീശരീരങ്ങൾ, സാഹിത്യങ്ങളിലെയും മറ്റും സ്ത്രീ എഴുത്തുകാരികളുടെ തുറന്നെഴുത്തുകൾ, സിനിമകളിലെ തുറന്നു പറച്ചിലുകളും ദ്വയാർത്ഥ സൂചനകളും ( ട്രിവാൻഡ്രം ലോഡ്ജ് ഒരു ഉദാഹരണം) എല്ലാം പുരുഷന് മേൽക്കൈയുള്ള സദസ്സിൽ വായിക്കപ്പെടുക വ്യത്യസ്തമായ നിലയ്ക്കാണ്. എന്തിന് ഇഞ്ചിപ്പെണ്ണിന്റെ ‘പൂറിമോൻ‘ പോസ്റ്റിന്റെ കാര്യംതന്നെ എടുത്താൽ ഇക്കാര്യം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും, പ്രത്യേകിച്ചും തെറിയുടെ നിലവിലെ കുത്തകകകരായ ആണുങ്ങൾക്ക്. ആ നിലയ്ക്ക് പ്രാദേശികഭേദത്തോടെയുള്ള ആ പച്ചത്തെറി, സ്ത്രീ അസന്ദർഭത്തിൽ ഉച്ചരിച്ചു എന്നതുകൊണ്ടുതന്നെ നാടകത്തിനുള്ളിലെ ഒരു സൗന്ദര്യവർദ്ധക ഉപാധിയാണ്. അതിന്റെ മുന ഒരു കാരണവശാലും വ്യവസ്ഥയിലേക്കോ പാഞ്ഞു കയറുകയോ നിസ്സഹായതയെ കൂടുതൽ ആഴമുള്ളതാക്കുകയോ ചെയ്യുന്നില്ല. എഴുത്തുകാരി അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും ( ആണധികാരത്തിന്റെ ശീലങ്ങൾ സ്ത്രീകളെത്തന്നെയും എങ്ങനെ മൂക്കുകയറിട്ടു നടത്തിക്കുന്നു എന്നതിന്റെ മാതൃകയായിട്ടാണെങ്കിൽ പോലും ) അത് നാടകത്തിൽ മുഴച്ചു നിൽക്കുന്ന അംശമാണ്.
‘കാളിനാടക’ത്തിലെ രണ്ടാമത്തെ സന്ദർഭത്തെപ്പറ്റിയുള്ള ഒരു സംശയം, എന്നാൽ നാടകത്തെമാത്രം സംബന്ധിക്കുന്നതല്ല. രാമക്കുറുപ്പിന്റെ ദാരികൻ, കോളനിയിലെ ചാത്തന്റെ മകളായ കാളിയെ പോരിനു വിളിക്കുന്നതിനിടയിൽ ഒരിടത്ത്, അവളുടെ ജാതിപ്പേരു്, ഗോത്രത്തിന്റെ പേരു ചേർത്ത് ഉറക്കെ വിളിക്കുന്നുണ്ട്. അവളെ അവഹേളിക്കുന്നതിനുവേണ്ടിയാണ്. അതുകൂടികേട്ടാണ് അവൾ കൂടുതൽ ഹിംസാത്മകയായി മാറുന്നത്.
നാടകത്തിനകത്തെ നാടകമാണ് ‘കാളിനാടകം‘. അഭിനേതാക്കാൾ സാമൂഹിക ജീവികളായതുകൊണ്ട് അവരുടെ ഉള്ള്, പുറമേ എത്ര നാടകം കളിച്ചാലും, അഭിനയിച്ചാലും നിർണ്ണായക സന്ദർഭത്തിൽ പുറത്തുവന്നുപോകും എന്ന ആശയത്തിനകത്തെ ‘നാടക‘ത്തിന് കലാപരതയുണ്ട്. ഇത്തരം ജാതിനാടകങ്ങളാണല്ലോ , സാവിത്രീ ചാത്തൻമാരെ പുനരവതരിപ്പിക്കുന്ന സി വി ശ്രീരാമന്റെ പഴയ ഒരു കഥയിലും ഏച്ചിക്കാനത്തിന്റെ പന്തിഭോജനത്തിലും ഒഴിവുദിവസത്തെ കളിയിലും ഒക്കെ നാം കണ്ടത്. ‘കാളിനാടക‘ത്തിന്റെ തുടക്കത്തിൽ സുന്ദരമായ ഒരു ഭാവാഭിനയത്തിലൂടെ - ഇമ്പ്രോവൈസേഷനിലൂടെ - കമ്മറ്റിക്കാർ - പ്രസിഡന്റും സെക്രട്ടറിയും - ഈ ജാതിപ്രശ്നത്തെ പുറത്തിടുന്നുണ്ട്. ഈ പ്രാവശ്യം ദാരികവേഷം കെട്ടുന്ന രാമപ്പണിക്കരുടെ കുടുംബമഹിമയും തറവാടിത്തവും തികഞ്ഞ അഭിമാനത്തോടെ മൈക്കിലൂടെ പ്രസ്താവിച്ചിട്ട്, കാളി വേഷം കെട്ടുന്നത് ഏതോ ഒരു.... കോളനിയിലെ കാളി.. എന്നു പറഞ്ഞു കളയുകയാണവർ. ഓർത്തു വയ്ക്കാൻ വേണ്ടിയുള്ള പ്രാധാന്യമൊന്നും അവൾക്ക് ഇല്ലെന്നർത്ഥം.
നാടകത്തിന്റെ ഊന്നാൽ ഈ ജാതിപ്രശ്നത്തിലല്ല. സ്ത്രീ പ്രശ്നത്തിലാണ്. നാടകത്തിനകത്തെ നാടകം പോലെ ജാതി അതിനുള്ളിലെ മറ്റൊരു വിഷമപ്രശ്നമാണ്. വേദിയിൽ സ്പോട്ടു ലൈറ്റുകളുടെ വെളിച്ചത്തിൽ നിർണ്ണായക നിമിഷത്തിൽ അധിക്ഷേപപരമായി ഉറച്ചുച്ചരിക്കുന്ന ഒരു ജാതിപേര്, ഏതുതരത്തിലാണ്, താഴെ സദസ്സിൽ, ഇരുട്ടിലിരിക്കുന്ന, പുറമേ ഏകഭാവത്തിലെങ്കിലും പലതരത്തിലുള്ള ജാതിപദവികളും കോയ്മകളും പദവികളും അധികാരചിന്തയുമൊക്കെ തട്ടിൽകേറിക്കളിക്കുന്ന പല തരക്കാരായ മനുഷ്യരുടെ ഉള്ളിൽചെന്ന് പ്രവർത്തിക്കുന്നത്? നാടകം അതിന്റെ ആകർഷണീയതകൊണ്ട് അതിൽ മന്ത്രമുഗ്ദ്ധരാക്കി കെട്ടിയിട്ടിരിക്കുന്ന ആളുകളെക്കുറിച്ചാണ് ഈ ചോദിക്കുന്നത്. കാളിയുടെ അതേ ജാതിക്കാരുടെ ഉള്ളിൽ ഇപ്പോഴും തങ്ങളുടെ ജാതി അവഹേളനത്തിനുപയോഗിക്കാവുന്ന ഒരു പദമാണെന്ന് അപകർഷതയോടെ ചെന്നു തറയ്ക്കുന്ന മട്ടിലായിരിക്കുമോ സദസ്സിലിരിക്കുന്ന രാമക്കുറുപ്പിന്റെ ജാതിക്കാരുടെ ഉള്ളിലും ചെന്നു തറയ്ക്കുക?
കാഴ്ചക്കാരെ ചിന്താശേഷിയില്ലാത്ത നിഴൽ രൂപങ്ങളായി കണക്കാക്കിക്കൊണ്ടല്ല ഇങ്ങനെ പറയുന്നത്.. സാമൂഹികമായ വലയങ്ങൾക്കുള്ളിൽ നിൽക്കുമ്പോൾ ചിന്ത രണ്ടാമതോ മൂന്നാമതോ ആയി മാത്രം ഓടിയെത്തുന്ന പങ്കാളിയാണ്. ചിലപ്പോൾ ഓട്ടംതന്നെ മതിയാക്കുന്ന പരാജിതനും. ‘പെൺശിശുകാമ‘വുമായി ബന്ധപ്പെട്ട ഒരു പരാമർശം കലാസൃഷ്ടിയിൽ കടന്നുകൂടുന്നതിന്റെ ന്യായാന്യായ വിചാരങ്ങളുമായി തട്ടിച്ചു നോക്കിയാൽ പ്രതിബദ്ധതാവാദികൾക്ക് ഗൗരവത്തിലമരാനുള്ള വിഭവം ലഭിക്കും എന്നു പറഞ്ഞുകൊണ്ട് ഈ ചോദ്യത്തെ കുറച്ചുകൂടി നീട്ടിയെടുക്കാം. തകഴിയും ബഷീറും മുകുന്ദനും സേതുവും ജാതിപ്പേരുകൾ സുലഭമായി അവരുടെ കഥകളിൽ പ്രയോഗിച്ചിട്ടുണ്ട്. സിനിമയും നാടകവും കുറെകൂടി ജനകീയവും മനുഷ്യമനസ്സുകളുമായി കുറച്ചധികം അടുപ്പത്തിൽ നിൽക്കുന്ന കലാരൂപങ്ങളായതുകൊണ്ട്, സിഗരറ്റു വലിക്കുന്നതിനായി ആലോചിക്കുന്നതിനു മുൻപ് ‘പുകവലി ആരോഗ്യത്തിനു ഹാനികരം‘ എന്ന് എഴുതിക്കാണിക്കേണ്ടതരം അവസ്ഥ നമുക്കുചുറ്റുമായി നിലനിൽക്കുന്നതുകൊണ്ട് അതിനേക്കാൾ ഗുരുതരമായി സമൂഹത്തെ രോഗാവസ്ഥയിലാക്കിക്കഴിഞ്ഞിരിക്കുന്നു എന്ന് ഏറെക്കുറെ വ്യക്തമായ ജാതിവെറി, ഒരു തെറി രൂപത്തിൽ ഇനിയും നിലനിൽക്കുമോ? പുകവലിയെയും ഹെൽമറ്റ് ധാരണത്തെയുംകാൾ എത്രയോ മടങ്ങ് കുറ്റകരമാണ് ജാതി അധിക്ഷേപം എന്ന കാര്യം ഓർമ്മയിൽ വയ്ക്കുക.
ജാതിവിവേചനം പ്രമേയമാകുന്ന നാടകമോ സിനിമയുടെയോ കാര്യം വേറെയാണ്. നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം അങ്ങേയയറ്റം സത്യാവസ്ഥയിലുള്ളതെങ്കിലും കലാപരമായ കാര്യങ്ങൾക്കു പുറത്ത് ചർച്ച ചെയ്യേണ്ട, ‘കാളിനാടകത്തിലെ‘ രണ്ടു സന്ദർഭങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അവ കലകളിലെ രാഷ്ട്രീയ ശരികളെപ്പറ്റിയുള്ള കാലികമായ സംവാദസന്ദർഭങ്ങൾകൂടിയാണ്.
(നീതിന്യായവ്യവസ്ഥയ്ക്കനുസരിച്ച് കലാരൂപങ്ങളെ കഴുകിവെടിപ്പാക്കി അവതരിപ്പിക്കുന്നതിനായി കൊതിക്കുകയും അതുകണ്ട് ഉൽസാഹിക്കുകയും ചെയ്യുന്ന മനോരോഗിയല്ല ഇതെഴുതിയ പോങ്ങൻ എന്നുകൂടി കൂട്ടിച്ചേർക്കുന്നു. അന്തരീക്ഷവുമായി ഇണങ്ങുകയാണെങ്കിൽ പെൺപോലീസിനു കൂടുതൽ കനത്ത തെറി വിളിക്കാം, സൂചകങ്ങൾ കൃത്യമാണെങ്കിൽ ജാതിപ്പേരു പറഞ്ഞുതന്നെ പ്രതിനായകന് ആക്രോശിക്കാം, അഞ്ചാംവയസ്സിലുണ്ടായ ശാരീരിക ഉണർച്ചകളെപ്പറ്റി, പിന്നീട് ഓർത്തെടുത്ത് ഒരു സ്ത്രീയ്ക്ക് തുറന്നു പറച്ചിലുകളും നടത്താം.. നായകന്റെ പോരിമയെ ഉറപ്പിക്കാൻ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തി നായകന് അരങ്ങു കൊഴുപ്പിക്കുകയും ചെയ്യാം.. കാരണം കൊഴുത്ത ദ്രവം പോലെ അളിഞ്ഞു നാറുന്ന സമൂഹത്തിൽനിന്ന് ചിലതുമാത്രമേ എടുക്കാൻ പാടുള്ളൂ എന്നു ശഠിക്കാൻ വരുന്ന ഒരു കൊമ്മിസ്സാറിനെയും ചുമക്കേണ്ട ഉത്തരവാദിത്തം നമ്മളൊരിടത്തുനിന്നും ഒപ്പിട്ട് ഏറ്റുവാങ്ങിയിട്ടില്ലല്ലോ )
1 comment:
ജാതിവിവേചനം പ്രമേയമാകുന്ന
നാടകമോ സിനിമയുടെയോ കാര്യം വേറെയാണ്.
നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം അങ്ങേയയറ്റം
സത്യാവസ്ഥയിലുള്ളതെങ്കിലും കലാപരമായ കാര്യങ്ങൾക്കു
പുറത്ത് ചർച്ച ചെയ്യേണ്ട, ‘കാളിനാടകത്തിലെ‘ രണ്ടു സന്ദർഭങ്ങളെക്കുറിച്ചാണ്
പറഞ്ഞത്. അവ കലകളിലെ രാഷ്ട്രീയ ശരികളെപ്പറ്റിയുള്ള കാലികമായ സംവാദസന്ദർഭങ്ങൾകൂടിയാണ്.
Post a Comment