വൺ പാർട്ട് വുമെൻ എന്ന്
ഇംഗ്ലീഷിലും അർദ്ധ നാരീശ്വരൻ എന്ന് മലയാളത്തിലും പരിഭാഷകളുള്ള തമിഴ് നോവൽ ‘മാതൊരുപാകന്റെ’ ശീർഷകവും
ഉള്ളടക്കവുമായി ചെറിയൊരു മൽപ്പിടിത്തം ഉണ്ട്. ‘മാത് അഥവാ സ്ത്രീ
ഒരു ഭാഗമായി ഉള്ളവൻ’ എന്നാണ് തലക്കെട്ടിന്റെ വാച്യാർത്ഥം. ശരീരത്തിൽ പകുതി
സ്ത്രീയ്ക്കായി നൽകിയ ശിവനാണ് വിവക്ഷിതം. അമൈയപ്പൻ, മങ്കൈഭംഗൻ എന്നൊക്കെ തമിഴിൽ
ശരീരം പകുതി സ്ത്രീയ്ക്കു നൽകിയ പുരുഷ ദൈവത്തിനു പേരുകളുണ്ട്. പുരുഷന്റെ ഉദാരതയായി
വേണമെങ്കിൽ വായിക്കാം ഈ ശരീരം പകുത്തുനൽകുന്നതിനെ എന്നിടത്തു തുടങ്ങുന്നു ഐറണി. സാധാരണ
നോവലെഴുതിയതിനു ശേഷം മാത്രം പേരുകൊടുക്കാറുള്ള തന്നെ നോവലെഴുതുന്നതിനു മുൻപുതന്നെ
ഈ പേര് വേട്ടയാടിയതിനെക്കുറിച്ച് നോവലിന്റെ അനുബന്ധത്തിൽ പെരുമാൾ മുരുകൻ ഒരു ചെറിയ
കുറിപ്പു എഴുതി വച്ചിട്ടുണ്ട്. പക്ഷേ അത് ശീർഷകത്തെ സാധൂകരിക്കാൻ
ഉദ്ദേശിച്ചുള്ളതല്ല. സർഗപ്രക്രിയയുടെ അബോധപ്രേരണകളുമായി ബന്ധപ്പെട്ടുള്ള
അനുഭവവിവരണം മാത്രമാണ്. തമിഴ് നാട്ടിലെ
ഈറോഡ് എന്ന സ്ഥലത്തുനിന്നും ഏതാണ്ട് പത്തു പതിനഞ്ചു കിലോമീറ്റർ അകലെയുള്ള
താഴ്വാരപ്രദേശമായ തിരുച്ചെങ്കോടത്തെ മുഖ്യദേവതയാണ് ശരീരം പകുതി സ്ത്രീയായിട്ടുള്ള
ശിവൻ. പ്രത്യക്ഷത്തിലത് ലിംഗസമത്വത്തിലധിഷ്ഠിതമായ ഒരു സങ്കല്പത്തിന്റെ
ചിത്രീകരണമാണ്. പെരുമാൾ മുരുകന്റെ ‘മാതോരു പാകൻ’ എന്ന വിവാദനോവലാകട്ടെ ലിംഗസമത്വം എന്ന ആശയത്തെതന്നെ
പ്രകോപനപരമായ സംശയത്തോടെ നോക്കിക്കാണുകയാണ്. അവിടെയാണ് നേരത്തേ പറഞ്ഞ
മൽപ്പിടിത്തം.
ആശയവിനിമയത്തിൽ
സംഭവിക്കുന്ന പൊരുത്തക്കേടിൽപ്പെട്ട് ഒരു ആത്മഹത്യ നടക്കാൻ പോകുന്നു എന്ന്
വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് ‘മാതൊരുപാകൻ’ അവസാനിക്കുന്നത്. ചാരുനിവേദിതയെപ്പോലുള്ള
ആധുനിക തമിഴെഴുത്തുകാരെ ഒട്ടും ആകർഷിക്കാത്തതും തൊലിപ്പുറത്തെ മാത്രം
സ്പർശിക്കുന്ന വികാരങ്ങളുടെ ആഖ്യാനമെന്ന്
അപഹസിക്കപ്പെട്ടതുമായ രചനയാണിത്. അതേ സമയം യാഥാസ്ഥിതികരായ ജനക്കൂട്ടത്തെ വേണ്ടത്ര
തെരുപ്പിടിപ്പിക്കാൻ തുനിഞ്ഞ ആഖ്യാന മാതൃകയുമാണിത്. ഈ വൈരുദ്ധ്യം ആലോചിക്കേണ്ടതാണ്.
ജനപ്രിയമായ വകകളെയാണ് നാം പൈങ്കിളിയെന്ന ഓമനപ്പേരിൽ താലോലിച്ചു വരുന്നത്. വെറും
വികാരത്തെ ഒന്നുണർത്തി ലയം കൊള്ളിക്കുന്നതിനപ്പുറം അവയ്ക്കു ഭാരിച്ച ധർമ്മങ്ങൾ
ഏറ്റെടുക്കാനുള്ള ത്രാണി കഷ്ടിയാണ്. ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും അതിരുകളെ
ഫാസിസ്റ്റു പ്രത്യയശാസ്ത്രങ്ങൾ സ്വന്തം ചൂണ്ടുവിരലിനുമുന്നിൽ നിർത്തി വിചാരണ ചെയ്ത
പുസ്തകമാണ്, പെരുമാൾ മുരുകന്റെ ‘മാതൊരുപാകൻ’. പെരുമാൾ മുരുകനെന്ന എഴുത്തുകാരൻ അതോടെ നിശ്ശബ്ദനായി. ദൈവാനുഗ്രഹത്താൽ
ലഭിക്കുന്ന ‘സ്വാമി പിള്ളൈകൾ’ ( സ്വാമി കുഴന്തൈകൾ) മന്ത്രത്താൽ
വീഴുന്ന മാങ്ങയല്ലെന്ന യുക്തിയാണ് മുരുകൻ നോവലിൽ അവതരിപ്പിച്ചത്. ഭൂതം
കളങ്കമില്ലാത്ത സനാതനകാലവും, ഭാവി സ്വച്ഛ സുന്ദരമായ സ്വർഗഭൂമിയുമാണെന്നു
സന്ദേഹമില്ലാതെ വിശ്വസിക്കുന്ന പാവം ആസ്തിക മനസ്സുകളെ വല്ലാതെ കശക്കുന്ന
സങ്കല്പമായതിനാലാണ് വെറുമൊരു കഥാപുസ്തകമായിട്ടുകൂടി അതു കൂട്ടിയിട്ട് കത്തിക്കുന്നതിലേയ്ക്ക്
ആൾക്കൂട്ടത്തെ ഒരുക്കിക്കെട്ടി പറഞ്ഞയച്ചത്.
നോവലിലെ പ്രധാന
കഥാപാത്രങ്ങളായ കാളിയുടെയും പൊന്നയുടെയും ദാമ്പത്യം സ്നേഹശൂന്യമായിരുന്നു എന്ന്
പെരുമാൾ മുരുകൻ പറയുന്നില്ല. പക്ഷേ കുട്ടികളില്ലാത്ത ദാമ്പത്യത്തിന്റെ അർത്ഥം
സാമൂഹികമായ നിഘണ്ടുവാണ് നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. സുധീർ
കാക്കറെപോലുള്ള സാമൂഹിക മനഃശാസ്ത്രജ്ഞന്മാർ ഇന്ത്യയിൽ സ്ത്രീയ്ക്ക് കുട്ടി, എങ്ങനെ,
എന്തുമാത്രം പ്രധാനപ്പെട്ടതാകുന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട്. (ഇന്ത്യൻജനത ഒരു ഛായാചിത്രം) ഇന്ത്യൻ
സാഹചര്യത്തിൽ പല തരത്തിലുള്ള സാമൂഹിക സമ്മർദ്ദങ്ങളിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീ
അഭയവും ആശ്രയവും കണ്ടെത്തുന്നത് തന്റെ ആദ്യത്തെ (ആൺ) സന്താനത്തിലാണെന്നും ‘അതൊരു’ സ്വകാര്യ
സ്വത്തായതിനാൽ ജീവിതാന്ത്യം വരെ തന്റെ മകനിലുള്ള അധികാരം നിലനിർത്താനുള്ള
പെടാപ്പാടുകളാണ് ശരാശരി ഇന്ത്യൻ സ്ത്രീ ജീവിതത്തെ നിർവചിക്കുന്നതെന്നും പറഞ്ഞാൽ ഇക്കാര്യം
പൂർത്തിയാകും. കുട്ടികളില്ലാത്തതിനാൽ സ്വന്തം കുടുംബത്തിലും സമൂഹത്തിലും കാളിയും
പൊന്നയും അനുഭവിക്കുന്ന സന്ത്രാസങ്ങളെ സൂക്ഷ്മമായി നോവലിസ്റ്റ്
വരഞ്ഞിട്ടിട്ടുണ്ട്. പൂക്കാത്ത ദാമ്പത്യങ്ങളിൽ സാധാരണയായി പുരുഷൻ മറ്റൊരു വിവാഹം
കഴിക്കുക എന്ന പതിവിനു വിരുദ്ധമായാണ്, ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് ഇവിടെ പൊന്ന
മറ്റൊരു പുരുഷനെ തേടുന്നത്. അവളൊറ്റയ്ക്കല്ല. ഇരുവീട്ടുകാരുടെയും സ്വന്തം സഹോദരനായ
മുത്തുവിന്റെയും സമ്മതമുണ്ട്. അവരിൽ കാളിയുടെയും പൊന്നയുടെയും അമ്മമാരുടെ
സമ്മതം സ്ത്രൈണമായ പ്രായോഗികതയുടെ വേറിട്ട
വഴിയാണ്. ‘വാരിശാ’യി കുട്ടി വേണമെന്ന സമ്മർദ്ദത്തിനു പുറത്ത് മുന്നോട്ടു
പോകാൻ സന്നദ്ധയാവുന്ന പൊന്നയും അത് ഒരു യാഥാർത്ഥ്യമായി സ്വീകരിക്കാൻ കഴിയാത്ത
കാളിയുമാണ് നോവലിലെ സംഘർഷത്തിന്റെ കാതൽ. സാമൂഹിക സമ്മർദ്ദത്തെ പശ്ചാത്തലമാക്കി
നിർത്തിക്കൊണ്ട് വ്യക്തികളുടെ ഉള്ളിലേക്ക് യാത്രയാവുകയാണ് പെരുമാൾ മുരുകൻ ചെയ്തത്.
വ്യക്തിഗതമായ സംഘർഷങ്ങളുടെ തച്ച് സൂക്ഷ്മമാണ്. അതുകൊണ്ട് കാളിയുടെ ഒറ്റപ്പെടലിന്
അതിവൈകാരികതയുടെ താങ്ങില്ല. സമൂഹത്തിന്റെ ഇംഗിതങ്ങൾക്കു മുന്നിൽ കുഴഞ്ഞു
വീണുപോകുന്ന മനുഷ്യനാണ് ‘മാതൊരുപാകനി’ലെയും വിഷയം. പാരമ്പര്യത്തെ പ്രമാണമാക്കുന്ന ഒരു സമൂഹത്തിൽ
വ്യക്തിഗതമായ താത്പര്യങ്ങൾക്ക് പ്രസക്തിയും നിറവും കുറയും എന്ന് നോവലിസ്റ്റ്
പറയുന്നു. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ കാരണം മലമുകളിലെ ക്ഷേത്രത്തിന്റെ തൊട്ടടുത്തുനിന്ന്
താഴത്തേയ്ക്ക് തുഞ്ചെത്തി നോക്കുന്ന ഭീതിദമായ വരടിപ്പാറയിൽനിന്ന് ചാടി ചാവുന്ന സ്ത്രീകൾ
സമീപകാലത്തുകൂടി തിരുച്ചെങ്കോടിന്റെ കണ്ണീരായിരുന്നു എന്ന് സ്ഥലവാസികൾ
സാക്ഷ്യപ്പെടുത്തുന്നുണ്ട്, ഇപ്പോഴും. ഇത്തരം തർക്കൊലകളെ തടയാൻ പഴയ ബ്രിട്ടീഷ് സർക്കാർ
അവടെ കമ്പി വേലി കെട്ടിയിരുന്നു. ദുരന്തത്തിന്റെ ഗർഭത്തിൽ മുളപൊട്ടുന്ന, മനുഷ്യന്റെ
മരണാഭിരതികൾക്കുമുന്നിൽ കമ്പിവേലികൾക്ക് എന്തു ശക്തിയാണുള്ളത്? മരണത്തെക്കുറിച്ച്
പലപ്രാവശ്യം നോവലിൽ പൊന്ന ചിന്തിക്കുന്നുണ്ട്. അതേ സമയം അവൾ ജീവിതത്തിലേക്കാണ് എടുത്തു
ചാടുന്നത്. സദാചാരപരമല്ലെന്ന് പിൽക്കാലത്ത് വിധിക്കപ്പെടുന്ന ഒരു ആചാരം – രഥോൽസവ സമയത്ത് ദൈവാനുമതിയോടെയെന്ന
വിശ്വാസത്തിൽ ഒരാണുമായുള്ള ഒരു ദിവസത്തെ വേഴ്ച - അവളെയാണ് സത്യത്തിൽ
ജീവിതത്തിലേയ്ക്ക് മുളപ്പിക്കുന്നത്. മരണത്തെക്കുറിച്ച് ഒട്ടും ചിന്തിക്കാതിരുന്ന
കാളി, അവൻ തന്നെ നട്ട പൂവരശിന്റെ കൊമ്പിൽ ശാപവും ആത്മനിന്ദയുമായി കയറുമായി വലിഞ്ഞുകയറുകയും
ചെയ്യുന്നു. അയാളാവട്ടെ ഒരിക്കലും നോവലിൽ മരണത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല.
നോവലിനുള്ളിൽ പെരുമാൾ
മുരുകൻ ചേർത്തുവച്ച വൈരുദ്ധ്യങ്ങൾ മാത്രമല്ല, സനാതന മൂല്യങ്ങളുടെ പേരിൽ പുറത്ത്, നോവലിന്റെ
പേരിലുണ്ടായ വിവാദങ്ങളും ചേർത്തു വച്ച് ആലോചിക്കുമ്പോഴാണ് നിരവധി നിറമുള്ള വളയങ്ങൾ
ചേർന്നു തീർക്കുന്ന മറ്റൊരു വലിയ ഒരു ചക്രം പൂർത്തിയാവുന്നത്. വ്യക്തി - സമൂഹം
എന്ന ദ്വന്ദ്വത്തെ കഥയ്ക്കു പുറത്ത് ബലപ്പെടുത്തുന്നത് മറ്റു പല ദ്വന്ദ്വങ്ങളെയും
ചേർത്ത് നിറമണച്ചുകൊണ്ടാണ്. ഭൂതം – വർത്തമാനം, മരണം – ജനനം, സ്ത്രീ- പുരുഷൻ, യാഥാർത്ഥ്യം – സങ്കല്പം, വൈകാരികത
– പ്രായോഗികത, അറുതി – തുടർച്ച, സ്വത്വം –പാരമ്പര്യം..
അങ്ങനെ. അങ്ങനെ.
1 comment:
നല്ല പരിചയപ്പെടുത്തൽ
Post a Comment