‘കാബൂളിലെ പുസ്തകവിൽപ്പനക്കാരൻ’ എന്ന നോവലിന്റെ തുടക്കം നോർവീജിയൻ പത്രപ്രവർത്തകയായ അസ്നേ സീയർസ്റ്റാഡ് കുറിച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാനിലെ
ഒരു ചായക്കടയുടെ ചുവരിൽ കണ്ട ഒരു വാക്യത്തോടെയാണ് ‘മിഗോ സരാദ് ’- ‘കാലം കടന്നു പോകുന്നു’- എന്ന്. ആരുടെയൊക്കെയോ ഉച്ചിഷ്ടങ്ങൾ
മലിനമാക്കിക്കൊണ്ടിരിക്കുന്ന സ്വന്തം അന്തസ്സും സ്വാതന്ത്ര്യവും നോക്കി ഏതോ വിവേകിയായ
മനുഷ്യൻ നിസ്സഹായനായി വിളിച്ചുകൂവിയ വരിയാണത്. മുജാഹിദീനുകളും താലിബാനുകളും കമ്മ്യൂണിസ്റ്റുകളും
ഊഴം വച്ച് ചുട്ടെരിച്ചിട്ടും പീഡിപ്പിച്ചിട്ടും ജയിലിലടച്ചിട്ടും പുസ്തകവിൽപ്പനയിൽനിന്നു പിന്തിരിയാത്ത സുൽത്താൻ ഖാൻ എന്ന മനുഷ്യന്റെ വിചിത്രമായ കഥയാണ്
പുസ്തകത്തിൽ. അയാൾ പുസ്തകങ്ങളുടെ സംരക്ഷകനാണെങ്കിലും അവ നൽകുന്ന
വെളിച്ചം അയാളുടെ ജീവിതത്തിനു ലഭിച്ചിട്ടില്ല. പുസ്തകങ്ങൾ സൂക്ഷിക്കുകയും അതേസമയം
ജീവിക്കുന്ന സമൂഹത്തിന്റെ എല്ലാ അധാർമ്മികതയെയും ഉള്ളിൽ ശേഖരിക്കുകയും ചെയ്തുകൊണ്ട് പുറത്തും അകത്തും
അയാൾ പരസ്പരവിരുദ്ധമായ രണ്ടു ഘടകങ്ങളുടെ കാവൽക്കാരനായി നിൽക്കുന്നു. പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന ഒരു രൂപകമാണ് സുൽത്താൻ ഖാൻ എന്ന കഥാപാത്രം.
പാരമ്പര്യത്തിന്റെ പേരിൽ അഭിമാനിക്കുന്നവർതന്നെ അതേ പാരമ്പര്യത്തെപ്പറ്റി
കഠിനമായ അജ്ഞത വച്ചു പുലർത്തിക്കൊണ്ട് കലി തുള്ളുന്ന സമകാലിക കാഴ്ചകൾ നമ്മുടെ മുന്നിൽ
വയ്ക്കുന്ന വിചിത്രമായ വാസ്തവങ്ങളുണ്ട്. കാലം ചിലടത്തെങ്കിലും
സ്തംഭനാവസ്ഥയിലാണെന്ന് നാം തിരിച്ചറിയുന്നത് ചരിത്രം നൽകിയ പ്രകാശങ്ങളൊന്നും ഉൾക്കൊള്ളാതെ
ചില പ്രവൃത്തികൾ പെട്ടെന്ന് വിചിത്രരൂപം കൈയാളുമ്പോഴാണ്. അപ്പോഴാണ്
‘കാലം കടന്നുപോകുന്നു’ എന്നത് നമ്മുടേതുംകൂടിയായ
നിലവിളിയാണെന്ന് തിരിച്ചറിയുന്നത്.
വായന ന്യൂനപക്ഷത്തിനു മാത്രമാണ് സ്വന്തം. അതിൽതന്നെ ചിന്താശേഷിയെ പോഷിപ്പിക്കാനുള്ള തരം വായനയുടെ ഗൌരവം സ്വായത്തമാക്കിയവർ പിന്നെയും ചുരുങ്ങും. എന്നിട്ടും പുസ്തകം മനുഷ്യനെ വിറളിപിടിപ്പിക്കുന്നതിന് ചരിത്രം പലഘട്ടങ്ങളിലും സാക്ഷി നിന്നിട്ടുണ്ട്. പ്രകൃതിയെ അപേക്ഷിക്കാതെ മനുഷ്യൻ കൃത്രിമമായി നിർമ്മിച്ചിട്ടുള്ള വൃത്തിയായതിനാൽ വായനയുടെയും എഴുത്തിന്റെയും അസ്വാഭാവികതയെ ച്ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യകാലത്തെ അധിക്ഷേപങ്ങളെങ്കിൽ പിന്നീട് അവയ്ക്കു പ്രസരിപ്പിക്കാൻ കഴിയുന്ന ആശയസംഘർഷങ്ങളെച്ചൊല്ലിയായി ആക്രോശങ്ങൾ. അതിന്നും നിലനിൽക്കുന്നു; പൂർവാധികം ശക്തിയോടെ വളരുന്നു. പുസ്തകങ്ങളിലെ സങ്കൽപ്പങ്ങളും സത്യവും ആലോചനകളും ആസൂത്രണങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ സങ്കീർണ്ണതകൾ വിചിത്രമാണ്. നാസികൾ പുസ്തകവിരോധികളായിരുന്നു എന്നു പ്രസിദ്ധം. ഗീബത്സിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ പുസ്തകങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും അതിനുശേഷം തീപ്രഭാഷണം (ഫയർ സ്പീച്ച്) നടത്തുകയും ചെയ്യുന്നത് അവർ ഔദ്യോഗിക ചടങ്ങാക്കിയിരുന്നു. അതു കണ്ട് സിഗ്മണ്ട് ഫ്രോയിഡ് ചോദിച്ചത്രേ : ‘ഇന്ന് നമ്മുടെ പുസ്തകങ്ങൾ. നാളെ നമ്മൾ?’ (ആനന്ദ്: പുസ്തകം മുതൽ യുദ്ധം വരെ)പിന്നീട് ചരിത്രം ആ ചോദ്യത്തെ വാസ്തവമാക്കി.
2
നിരോധനത്തിന്റെ അങ്ങേയറ്റമായിട്ടാണ് കൊലയെ ബർണാഡ് ഷാ കണ്ടത്. നിരന്തരമായ ഭീഷണികൾക്കുശേഷം മതേതര എഴുത്തുകാരനായ അവിജിത് റോയി ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത് മനുഷ്യത്വത്തെ മതത്തിനും മേലെ ഉയർത്തിപ്പിടിക്കുന്ന രചനകളുടെ പേരിലാണ്. സംസ്കരണമാണ് പുസ്തകങ്ങൾ കത്തിക്കാനും നിരോധിക്കാനുമുള്ള ആക്രോശങ്ങൾക്കു പിന്നിൽ. അവരവർക്കു സ്വച്ഛം എന്നും ശുദ്ധം എന്നും തോന്നുന്ന ഒരു ‘ദേശീയത’യുടെ കലർപ്പില്ലാത്ത നിർമ്മാണത്തിനുവേണ്ടിയാണ് ഈ മുറവിളി. അത്തരമൊരു റിപ്പബ്ലിക്കാവട്ടെ തികച്ചും വീണ്ടുവിചാരമില്ലാത്ത ഭാവനയിൽ മാത്രം സാധ്യമായ കാര്യമാണ്. നിരോധിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് അന്വേഷണങ്ങൾ നടത്തിയിട്ടുള്ള അമേരിക്കക്കാരിയായ മാർഗരറ്റ് ബാൾഡ് അവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തിറക്കിയത് നാലുവാല്യങ്ങളായിട്ടാണ്. മതത്തിന്റെ പേരിൽ, സംസ്കാരത്തിന്റെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ, രാഷ്ട്രസുരക്ഷയുടെ പേരിൽ, വ്യക്തിമഹത്വത്തിന്റെ പേരിൽ …. അവിടെയൊന്നും തീരാതെ നിരോധനങ്ങളുടെ പട്ടിക പിന്നെയും വളർന്നുകൊണ്ടിരിക്കുന്നു.
സംസ്കാരവും രാഷ്ട്രീയവും മതവും എന്നപോലെ സദാചാരവിചാരങ്ങളും കച്ചവട താത്പര്യങ്ങളും പുസ്തകങ്ങളുടെ വഴിക്ക് കുറുകേ നിന്നിട്ടുണ്ട്. ആശയസ്വാതന്ത്ര്യത്തെപ്പറ്റി എല്ലാ സമൂഹത്തിനും സ്വീകാര്യമായ സങ്കല്പം നിലവിലില്ല. ഏകാധിപതികൾക്ക് അവരുടെ അധികാരസംരക്ഷണത്തിന് വിശകലനാത്മക രചനകളെ അകലത്തിൽ നിറുത്തേണ്ടതുണ്ടായിരുന്നു.. ഉപദേശീയ സമൂഹങ്ങളിൽ അസ്വാരസ്യം വിതയ്ക്കുമെന്നതുകൊണ്ട് വെറുപ്പുഭാഷണങ്ങൾ (ഹേറ്റ് സ്പീച്ച്) പല ആധുനിക സമൂഹങ്ങളും നിരോധിച്ചിരിക്കുന്നു. ഒരു കാലത്ത് പുറത്ത് അച്ചടിക്കുന്ന കൃതികൾ, രാജ്യതാത്പര്യത്തെ സംശയാസ്പദമാക്കുന്നുവെന്ന നിലയിൽ റഷ്യ വിലക്കിയിരുന്നു. അടിമത്തം പോലെയുള്ള സമ്പ്രദായങ്ങളെ വിമർശിക്കുന്ന കൃതികളെ മാറ്റി നിർത്തിയിരുന്ന അമേരിക്ക മാറിയ കാലത്തിൽ കുട്ടികളുടെ ലൈംഗിക വിവരണങ്ങൾക്കാണ് പ്രധാനമായി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സൈനിക രഹസ്യങ്ങളെ പുറത്തിടുന്ന കൃതികൾക്കു
ഒട്ടുമിക്ക രാജ്യങ്ങളിലും വിലക്കേർപ്പെടുത്തിയിരിക്കുന്നു. മതം, മറ്റു പല ആവിഷ്കാരങ്ങളിലുമെന്നപോലെ അക്ഷരങ്ങളുടെ നിരോധനകാര്യത്തിലും കൂടുതൽ സ്വാധീനവും കരുത്തും ചരിത്രത്തിലുടനീളം കാണിച്ചിട്ടുണ്ട്. മതവിദ്വേഷങ്ങൾ മാത്രമല്ല, അന്യമതങ്ങളെ സഹിക്കാനുള്ള കഴിവില്ലായ്മയും അവഹേളനവും വിമർശനവും മറ്റൊരു മതത്തിന്റെ മഹത്വാഘോഷവും ഒക്കെ വിലക്കിനു കാരണമായിട്ടുണ്ട്. വിശുദ്ധഗ്രന്ഥങ്ങളായി കണക്കാക്കിവരുന്ന ബൈബിളും ഖുറാനും അന്യസമൂഹങ്ങളിൽ വിലക്കിൽപ്പെടുന്ന കൃതികളാണ്. ചരിത്രാഖ്യാനങ്ങളും അനുഭവവിവരണങ്ങളും സമൂഹങ്ങളെ വിറളി പിടിപ്പിച്ചതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. ഭൂതകാലത്തോടുള്ള കാൽപ്പനികമായ അഭിരതി തകർന്നു വീണുപോകുന്നതിന്റെ വേദനയാലാണ് ചരിത്രപുനർവായനകളെ ഒരു വിഭാഗം ഭയക്കുന്നത്. മനുഷ്യസമൂഹങ്ങളുടെ പരിണാമ ചരിത്രം ഒരു പാട് നാഴികകൾ താണ്ടിയിട്ടും, ഇനിയും പ്രായപൂർത്തിയാവാത്ത സമൂഹങ്ങൾ, അല്ലെങ്കിൽ പ്രായപൂർത്തിയാവാൻ സമ്മതിക്കാതെ രക്ഷാകർത്താക്കൾ നിറഞ്ഞാടുന്ന സമൂഹങ്ങൾ പിന്നെയും കാലത്തെ കടന്നു കാണാനുള്ള മനുഷ്യന്റെ ആവിഷ്കാരങ്ങളെ വിലക്കിയും ഗളച്ഛേദം ചെയ്തും മുന്നോട്ടു പോകുകതന്നെ ചെയ്യുമായിരിക്കും. സംശയിക്കുന്നതെന്തിന്?
3
യുവാക്കളെ വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്ന കാരണത്താൽ ജർമ്മനി ഉഡോ വാലന്റിയുടെ ‘ട്രൂത്ത് ഫോർ ജർമനി’ (The truth for Germany – The
question of Guilt for the Second World War)
നിരോധിച്ചു. (നീണ്ട നിയമയുദ്ധത്തിനൊടുവിൽ നിരോധനം 1994-ൽ നീക്കി.) ഇസ്രയേലിനെയും സിയോണിസത്തെയും അനുഭാവപൂർവം പരിഗണിക്കാൻ സ്വന്തം ജനങ്ങളെ സഹായിക്കുമെന്ന വിചാരത്താലാണ് ലബനൺ, ‘ആനിഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ നിരോധിച്ചത്. പല രാജ്യങ്ങളിലും പാഠപുസ്തകമായ കൃതിയാണത്. ഹാരിയറ്റ് ബീച്ചറ്റ് സ്റ്റോവിന്റെ ‘ടോം അങ്കിളിന്റെ ചാളയും’ (Uncle Tom’s Cabin) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള നദീൻ ഗോഡിമറുടെ ‘ജൂലിയുടെ ആളുകളും’ (July’s
People) വംശവെറിയുടെ നാളുകളിൽ എതിർപ്പുകൾ ക്ഷണിച്ചു വരുത്തുകയും മാറിയ കാലത്തിൽ സ്കൂൾ കരിക്കുലത്തിന്റെ ഭാഗമാവുകയും ചെയ്ത രചനകളാണ് എന്നുകൂടി ഓർമ്മിക്കാം. ‘ടോം അങ്കിളിന്റെ ചാള’ (1852) ഒരു കാലത്ത് റഷ്യയിൽ നിരോധിച്ചിരുന്നത്, സമത്വത്തെക്കുറിച്ചുള്ള ആശയം പങ്കുവയ്ക്കുന്നതുകൊണ്ടും മതമൂല്യങ്ങളെ താഴ്ത്തിക്കെട്ടുന്നതുകൊണ്ടുമായിരുന്നു ! സമത്വം എന്ന ആശയം തന്നെ ദൈവ സങ്കല്പത്തിനെതിരാണെന്ന വിരോധാഭാസത്തിന്
ഇന്ത്യൻ അവസ്ഥയുമായുള്ള സാമ്യം നോക്കുക.
പുസ്തകങ്ങളുടെ നിരോധനത്തിനുള്ള കാരണങ്ങൾ വിചിത്രവും തമാശ നിറഞ്ഞതുതാണ് പലപ്പോഴും. കുട്ടികളുടെ പുസ്തകം എന്നു പ്രസിദ്ധമായ ലെവിസ് കരോളിന്റെ ‘ആലീസിന്റെ അദ്ഭുതലോകം’ മുപ്പതുകളിൽ ചൈനയിലെ ഹുനാൻ പ്രവിശ്യ നിരോധിച്ചത് മനുഷ്യരെപോലെ സംസാരിക്കുന്ന ജന്തുക്കൾ ആ നോവലിലുള്ളതുകൊണ്ടാണ്. മനുഷ്യഭാഷ സംസാരിക്കുന്ന ജന്തുക്കൾ കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നായിരുന്നു സെൻസർമാരുടെ കണ്ടെത്തൽ. അതു മനുഷ്യരാശിയ്ക്ക് അപമാനമാണ്. മാത്രമല്ല മനുഷ്യരെയും ജന്തുക്കളെയും തുല്യനിലയിൽ കാണാൻ കുട്ടികളെ പ്രേരിപ്പിക്കും. അത് അപകടമാണ്! മേരിഷെല്ലിയുടെ ക്ലാസിക്കായ കൃതി ‘ഫ്രാങ്കെൻസ്റ്റൈൻ’ വംശവെറിയുടെ നാളുകളിൽ ദക്ഷിണാഫ്രിക്ക നിരോധിച്ചത് മാന്യമല്ലാത്ത ‘ഉള്ളടക്കം’ ഉള്ളതിനാലാണ്. മറ്റൊരു ക്ലാസിക്, മദാം ബോവറി എഴുതിയ ഗുസ്താവ് ഫ്ലാബർട്ട് പൊതുസദാചാരത്തെ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായ വ്യക്തിയാണ്. പുസ്തകം വിലക്കപ്പെട്ടു. ആധുനിക ക്ലാസിക്കായ ജയിംസ് ജോയ്സിന്റെ ‘യുലീസസ്സ്’, ആസ്ട്രേലിയയിൽ
1953 വരെ 18 വയസ്സു കഴിഞ്ഞവർക്കു മാത്രം വായിക്കാൻ അനുവദിച്ചിട്ടുള്ള പുസ്തകമായിരുന്നു. ബ്രിട്ടണിലും അമേരിക്കയിലും ആ പുസ്തകം നേരിട്ട നിരോധനം വേറെ. മാർക് ട്വൈനിന്റെ ‘ഹക്കിൾബെറിഫിന്നിന്റെ സാഹസിക യാത്രകൾ’ ‘ചേരിയിലെ ജനങ്ങൾക്ക് മാത്രം വായിക്കാൻ പറ്റിയ ചവറായി’ കണക്കാക്കിയിരുന്നു. ജാക് ലണ്ടന്റെ കാടിന്റെ വിളി യൂഗോസ്ലാവിയയും ഇറ്റലിയും നിരോധിച്ചിരുന്നത് അതിന്റെ പ്രമേയം നിഷേധാത്മകമായതുകൊണ്ടായിരുന്നു. പൌലോ കൊയ്ലോയുടെ എല്ലാ പുസ്തകങ്ങൾക്കും ഇറാനിൽ വിലക്ക് നിലവിലുണ്ട്.
4
ദേശീയ സുരക്ഷയെ മുൻ നിർത്തി ഡച്ച് സേന നിരോധിക്കാൻ ശ്രമിച്ച പുസ്തകമാണ് തോമസ് റത് സാക്കിന്റെ ആത്മകഥ. (Jaeger- I krig med eliten) ഇന്റെർനെറ്റിലൂടെ പുസ്തകം അതിനിടയ്ക്ക് പുറത്തുവന്നതിനാൽ സേനയുടെ നിരോധന ശ്രമം പാളി. അമേരിക്കൻ സേനയിലെ ലഫ്റ്റനന്റ് കേണലായിരുന്ന അന്റണി ഷാഫോർ എഴുതിയ ഓർമ്മക്കുറിപ്പ് ‘ഓപ്പറേഷൻ ഡാർക്ക് ഹെഡ്’ (2010) അമേരിക്കൻ പ്രതിരോധ വകുപ്പിനെ ചെറിയ രീതിയിലൊന്നുമല്ല പരിഭ്രാന്തരാക്കിയത്. ദേശീയസുരക്ഷയുടെ ഉത്തമതാത്പര്യങ്ങളെ ഹനിക്കുന്നു എന്ന പേരിൽ ആദ്യപ്പതിപ്പിന്റെ 9500 പ്രതികൾ സൈന്യം നശിപ്പിച്ചു. പ്രസാധകരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം രണ്ടാം പതിപ്പ് കർശനമായ സെൻസറിംഗിനു വിധേയമാക്കി. വാക്കുകളും വരികളും ഖണ്ഡികകളും കറുപ്പിച്ച് ജനത്തിനു ലഭ്യമാക്കി. ആശയസ്വാതന്ത്ര്യത്തെ തൊട്ടു കളിക്കുന്നില്ലെന്ന വ്യാജേന അമേരിക്കൻ സൈന്യം ജനങ്ങളോട് പറഞ്ഞത് ഇതാണ്. - നിങ്ങളിത് വായിക്കരുത്!
രാജ്യതാത്പര്യത്തിന്റെയും ദേശീയസുരക്ഷയുടെയും പേരുപറഞ്ഞ് അധികാരികൾ വിരൽചൂണ്ടിയ, സൈനികവിവരങ്ങൾ പുറത്തുകൊണ്ടുവരുന്ന പുസ്തകങ്ങൾ വേറെയുമുണ്ട്. ഈ പേരിൽ ഇന്ത്യയിൽ വായിച്ചുകൂടാത്ത പുസ്തകങ്ങളുടെ എണ്ണം തീരെ ചെറുതല്ല. 1962-ലെ സിനോ ഇന്ത്യൻ യുദ്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉള്ളതിനാൽ ബട്രന്റ് റസ്സലിന്റെ ‘ആയുധമില്ലാത്ത വിജയം’ ഇവിടെ നിരോധിക്കപ്പെട്ടു. അൽ സാഫിയും അൽ മഹദീയും ചേർന്നെഴുതിയ ‘ദ ട്രൂ ഫർഖാൻ’ (1999) മതപരമായ കാര്യങ്ങളാണ് പറയുന്നതെങ്കിലും ദേശീയ സുരക്ഷയെ മുൻനിർത്തി നിരോധിച്ചിരിക്കുകയാണ്. മതങ്ങളുടെ ഇഷ്ടതോഴനാണ് പുസ്തകനിരോധനകാര്യത്തിൽ ദേശസുരക്ഷ! മൌലാന മുഹമ്മദ് സാദിക്കും ഹുസൈൻ സഹാബ് സാദിക്കും ചേർന്നെഴുതിയ ഉർദ്ദു പുസ്തകം മർക്കാ- ഇ- സോമനാഥ് ഇന്ത്യ വിലക്കിയിട്ടുണ്ട്. സമൂഹങ്ങൾ തമ്മിലുള്ള ശത്രുതയെ പ്രോത്സാഹിപ്പിക്കും എന്നു കണ്ട് മഹാരാഷ്ടയിൽ നിരോധിച്ച പുസ്തകമാണ്, ജെയിംസ് ലെയിനിന്റെ ‘ശിവജി- ഇസ്ലാമിക ഇന്ത്യയിലെ ഹിന്ദുരാജാവ്.’ സുഹൈർ കാശ്മീരിയും ബ്രിയൻ മാക് ആൻഡ്രൂവും എഴുതിയ അന്വേഷണാത്മക റിപ്പോർട്ട് ‘സോഫ്ട് ടാർജെറ്റ്’ (1989) ഇന്ത്യൻ ഇന്റെലിജെൻസ് സർവീസ് കാനഡയിൽ ഒളിഞ്ഞു കയറി പ്രവർത്തിച്ചതിനെ കുറിച്ചു വിവരിക്കുന്ന കൃതിയാണ്. ബുദ്ധസാമ്രാജ്യമായിരുന്ന സിക്കിമിനെ ഇന്ദിരാഗാന്ധിയുടെ കാലത്ത് പിടിച്ചെടുത്ത് ഇന്ത്യൻ യൂണിയനിലേക്ക് ചേർത്ത കഥ വിവരിക്കുന്ന ‘സ്മാഷ് ആൻഡ് ഗ്രാബ്’ (1984) ആണ് ഈ വിഷയത്തിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്ന മറ്റൊരു പുസ്തകം.
5
ആശയപരമായ വിലക്കുകളെ അപലപിക്കുമ്പോൾ പോലും ചില പ്രത്യേക കൃതികൾ വിലക്കപ്പെടുന്നതിൽ കാര്യമുണ്ടെന്നു വിശ്വസിക്കുന്നവരുണ്ട്. സാഹചര്യം ആവശ്യപ്പെടുന്ന വിലക്കുകളാണെന്ന് അവർ വാദിക്കുന്നു. നാസിസത്തിന്റെ തിരിച്ചുവരവിനെ പേടിക്കുന്നതുകൊണ്ടു മാത്രമല്ല, ഭൂതകാലം തന്നെ ഒരു ദുഃസ്വപ്നമായതുകൊണ്ടാണ് ജർമ്മനി, ഒരു കാലത്ത് അവരുടെ വേദഗ്രന്ഥമായിരുന്ന, ഹിറ്റ്ലറുടെ ആത്മകഥ നിരോധിച്ചിരിക്കുന്നത്. ആസ്ട്രിയയും ഡെന്മാർക്കും സ്വീഡനും തുർക്കിയും പോർച്ചുഗലും ഉൾപ്പടെ അനേകം രാജ്യങ്ങൾ ഈ പുസ്തകം നിരോധിച്ചു. 2007 -ൽ പുറത്തിറങ്ങിയ, ഫിലിപ് നിറ്റ്ഷ്കെയും ഫ്ലോനാ സ്റ്റുവെർട്ടും കൂടി എഴുതിയ ‘ദ പീസ്‌ഫുൾ പിൽ ഹാൻഡ് ബുക്ക്’ ദയാവധം എങ്ങനെയെല്ലാം ആകാം എന്നു വിവരിച്ചുകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ന്യൂസിലാന്റ് നിരോധിച്ചു. ആസ്ട്രേലിയയിലും നിരോധനം നിലവിലുണ്ട്. എഡിറ്റു ചെയ്ത രണ്ടാം പതിപ്പ് പൊതിഞ്ഞുകെട്ടി മാത്രമേ പുസ്തകശാലകളിൽ പ്രദർശിപ്പിക്കാവൂ എന്നും നിരോധനത്തെപ്പറ്റിയുള്ള വിവരണം പുറത്ത് വായിക്കാവുന്ന നിലയിൽ കൊടുക്കണമെന്നുമുള്ള ഉറപ്പോടെ പ്രസാധനത്തിനു പിന്നീട് അനുവാദം കിട്ടിയെങ്കിലും ആദ്യപതിപ്പിന്റെ നിരോധനം നിലനിൽക്കുന്നു. ക്ലോഡ് ഗുല്ലിയന്റെ ‘ആത്മഹത്യാ പുസ്തകം’ (Suicide mode d’emploi) ഫ്രാൻസ് നിരോധിച്ചതിന്റെ കാരണം ആത്മഹത്യയ്ക്കു വേണ്ടിയുള്ള പ്രചരണവും പ്രോത്സാഹനവും നൽകുന്നു എന്നു മനസ്സിലാക്കിക്കൊണ്ടാണ്.
6
ലൈംഗികതയാണ് കാലാകാലങ്ങളിൽ സമൂഹത്തിന്റെ ഭീതിയ്ക്ക് ഇഴപാകിയിട്ടുള്ള ന്ന ഏറ്റവും ബലമുള്ള ചരട്. പ്രണയം, ലൈംഗികത, വ്യതിയാനങ്ങൾ, കുടുംബവ്യവസ്ഥ, തുടങ്ങിയവയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറി മറിയുമെന്ന സത്യം തിരിച്ചറിയാതെ, നിലനിൽക്കുന്നത് ശാശ്വതമായ എതോ ആദർശവ്യവസ്ഥയാണെന്ന മട്ടിലാണ് പലപ്പോഴും സദാചാരമേലാളന്മാർ ഈ വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. മാന്യമല്ലാത്ത ഉള്ളടക്കങ്ങളുടെയും അസഭ്യതയുടെയും അശ്ലീലത്തിന്റെയുമൊക്കെ പേരു പറഞ്ഞ് കിണറ്റിലെറിയപ്പെട്ട പുസ്തകങ്ങളുടെ പട്ടിക ചെറുതല്ല. ദേശീയ സുരക്ഷയ്ക്കെന്നപോലെ മതവും മതപരമൂല്യങ്ങളും – അതിനു സാർവകാലികതയോ സാർവ ദേശീയതയോ ഒന്നും ഇല്ല – ചെപ്പും പന്തുമായി മിക്കപ്പോഴും നിരോധനത്തിനു പിന്നിൽ കൂടിയിട്ടുമുണ്ട്. ചോസറുടെ കാന്റർബെറി കഥകളും ബൊക്കാച്ചിയോയുടെ ഡെക്കമറൺ കഥകളും വോൾട്ടയറുടെ കാൻഡിഡും ഡി എച്ച് ലോറൻസിന്റെ ‘ചാറ്റർലി പ്രഭ്വിയുടെ കാമുകനും’ റാഡ്ക്ലിഫ് ഹാളിന്റെ ‘ഏകാന്തതയുടെ കിണറും’ ബഷീറിന്റെ ‘ശബ്ദങ്ങളും’ തുടങ്ങി ഈ പേരിൽ പുതിയ കാലത്തും വിലക്കുകൾ എറ്റുവാങ്ങുന്ന പുസ്തകങ്ങൾ പെരുമാൾ മുരുകന്റെ ‘മാതൊരുപാകൻ‘ വരെ നീളുന്ന വലിയ പട്ടികയുമായി നിൽക്കുന്നു. അലൻ ഗിൻസ്ബെർഗിന്റെ ‘ഓരിയിടൽ’ (Howl)
എന്ന കവിതാസമാഹാരത്തിന്റെ ആദ്യപതിപ്പ് അശ്ലീലതയെ ചൂണ്ടിയാണ് സാൻഫ്രാൻസിസ്കോ പിടിച്ചു വച്ചത്. എഡ്നാ ഒബ്രിയാന്റെ ഗ്രാമീണപെൺകുട്ടികളും (The Country Girls) ജോൺ മക്ഗ്രഹാമിന്റെ ഇരുട്ടും (The Dark) അയർലന്റിൽ സഭ്യതയും വിമതലൈംഗികതയുമൊക്കെ കാരണം വിലക്കിയിരുന്ന നോവലുകളാണ്. നബക്കോവിന്റെ ‘ലോലിത’യെപ്പോലെ ബ്രെൻഡൻ ബെഹാന്റെ ‘ബോർസ്റ്റൽ ബോയി’യും കൌമാര ലൈംഗികതയെ പ്രമേയമാക്കിയതിന്റെ പേരിൽ പല സമൂഹങ്ങളുടെയും മുഖം ചുളിപ്പിച്ചു. അടുത്തകാലത്ത് പ്രിൻസ് ജോൺ എഴുതിയ ‘കുട്ടികളുടെ കോടതി’ എന്ന കവിത മലയാളത്തിൽ വിവാദം വലിച്ചു വച്ചത് കുട്ടികളെ പ്രമേയമാക്കി വന്ന അശ്ലീലതയുടെ പേരിലാണ്. (ഫെയിസ് ബുക്കിൽ പ്രസിദ്ധീകരിച്ച ഈ കവിത പിന്നീട് ‘സദാചാര കവിതകൾ’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്) മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ നിരോധിക്കപ്പെട്ടില്ല, പക്ഷേ വിവാദങ്ങൾ ഏറ്റുവാങ്ങി, അരുന്ധതി റോയിയുടെ ‘ചെറുതുകളുടെ തമ്പുരാൻ’ അശ്ലീലത്തിന്റെ പേരിൽ കോടതി കയറി. തസ്ലീമ നസ്രീന്റെ ലജ്ജയും ദ്വിഖണ്ഡിതയും എന്നീ ആത്മകഥാഭാഗങ്ങൾ നിരോധിക്കപ്പെട്ടതിന്റെ പിന്നിലും അശ്ലീലത്തെപ്പറ്റിയുള്ള ധാരണകളുമുണ്ട്. സർഗാത്മകൃതികൾ ഏറെയും ഏറ്റുവാങ്ങിയ കല്ല് സദാചാരത്തിന്റേതാവുന്നതിൽ കാവ്യാത്മകമായ യുക്തിയുണ്ട്. എഴുത്തുകാർ വരും കാലത്തേയ്ക്ക് സാംസ്കാരിക സംഹിത നിർമ്മിക്കുന്നു. സമകാലത്തിന്റെ നിയമങ്ങളുപയോഗിച്ച് സമൂഹം അവ ചുട്ടെരിക്കുന്നു!
7
ചരിത്രത്തെ സാമുദായികമോ രാഷ്ട്രീയമോ ആയ ആവശ്യത്തിനു വേണ്ടി വളച്ചൊടിക്കുന്ന കൃതികളെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ അനുഭാവപൂർവം പരിഗണിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം നിലനിൽക്കുന്നുണ്ട്. അക്ഷരവിരോധികളുടെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് മേൽപ്പറഞ്ഞ ചോദ്യം. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അതിരെത്രയെന്നത് ഇടയ്ക്കിടയ്ക്ക് യാഥാസ്ഥിതികമനസ്സുകളെ കരുണയില്ലാതെ കുഴക്കുന്ന യാഥാർത്ഥ്യമാണ്. ധാരണയിലുള്ള അളവുകോലും മുന്നിലുള്ള വാസ്തവവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ എന്തുചെയ്യും? വി എസ് നയ്പാളിന്റെ ‘ഏൻ ഏരിയ ഓഫ് ഡാർക് നെസ്സ്’(1964) എന്ന യാത്രാവിവരണം, ഇന്ത്യയെയും ഇന്ത്യക്കാരെയും കരിവാരിപൂശുന്നതിന്റെ പേരിലാണ് ഇന്ത്യയിൽ ലഭ്യമല്ലാതിരിക്കുന്നത്. വെൻഡി ഡോണിഗറുടെ ‘ഹിന്ദുയിസം – ഒരു ബദൽ ചരിത്രം’ (2014) പ്രസാധകർ പിൻ വലിച്ചത് അടുത്തകാലത്തെ ചരിത്രം. ഇന്ത്യയിലിത് ഇന്നലെ തുടങ്ങിയ പ്രവണതയല്ല. കാതറിൻ മേയോയുടെ ‘ദ ഫെയിസ് ഓഫ് മദർ ഇന്ത്യ’, (1936) ആർതർ മൈലിന്റെ ‘ദ ലാൻഡ് ഓഫ് ലിംഗം’ (1937) മോകി സിങിന്റെ ‘മിസ്റ്റീരിയസ് ഇന്ത്യ,’ (1940) ഒബ്രിമേനോന്റെ നാടകം ‘രാമാ റീറ്റോൾഡ്’(1955) അലെക്സാണ്ടർ കാമ്പെല്ലിന്റെ ‘ദ ഹാർട്ട് ഓഫ് ഇന്ത്യ’ (1958)…. അഭിമാനകരം എന്ന് ഒരടിസ്ഥാനവുമില്ലാതെ വിശ്വസിച്ചുപോരുന്ന ഭാവനയിലെ ഒരു ഭൂതകാലത്തെ കളങ്കിതമാക്കുന്നുവെന്ന ആരോപണത്തിൽകുടുങ്ങി ഇപ്പോഴും ഇന്ത്യയിൽ നിയമപരമായി ലഭ്യമല്ലാത്ത പുസ്തകങ്ങളാണ്. വ്യക്തികളുടെ ബദൽചരിത്രം ചികയുന്ന പുസ്തകങ്ങൾക്കും ഇതേ ഗതിയാണ് എന്നുകൂടി മനസ്സിലാക്കുമ്പോൾ പുസ്തകങ്ങൾക്കെതിരെയുള്ള ആക്രോശങ്ങൾക്കു പിന്നിലുള്ളത് ഭൂതകാലാഭിരതിയും വീരാരാധനയും ആക്രമണസ്വഭാവവുമുള്ള കാൽപ്പനിക ചിന്തകളാണെന്ന് തെളിയും. മറ്റൊന്ന് അധികാരവും സ്വാധീനവും ഭാവി ഉച്ചരിക്കുന്ന തകരാറുപിടിച്ച നാവുകളെ എന്തു വിലകൊടുത്തും പണയപ്പെടുത്തുന്ന നിലയാണ്. ശിവസേനാ നേതാവ് താക്കറെയ്ക്ക് സദൃശനായ കഥാപാത്രമുള്ള, സൽമാൻ റഷ്ദിയുടെ ‘ദ മൂർസ് ലാസ്റ്റ് സൈ’ (1995) ജസ്വന്ത് സിങിന്റെ ‘ജിന്നാ : ഇന്ത്യ, പാർട്ടീഷൻ, ഇൻഡിപെൻഡൻസ്’ (2009) ജോസഫ് ലെലിവെൽഡിന്റെ ഗാന്ധിയുടെ ജീവചരിത്രം ‘ദ ഗ്രേറ്റ് സോൾ ; മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ’(2011) ഹാമിഷ് മക് ഡൊണാൾഡിന്റെ അംബാനിയുടെ കഥ ‘ദ പോളിസ്റ്റർ പ്രിൻസ്’(1998)
പീറ്റർ ഹീസിന്റെ അരബിന്ദോ ചരിത്രം ‘ദി ലൈവ്സ് ഓഫ് ശ്രീ അരബിന്ദോ’(2008) ജാവിയർ മൊറൊയുടെ സോണിയാഗാന്ധിയെ കേന്ദ്രകഥാപാത്രമാക്കുന്ന നോവൽ ‘ദ റെഡ് സാരി’ (2010) തമാൽ ബന്ദോപാദ്ധ്യായ, വ്യവസായ കുടുംബമായ സഹാറയെക്കുറിച്ചെഴുതിയ ‘സഹാറ : അൺ ടോൾഡ് സ്റ്റോറി’(2014) മുൻ ഏവിയേഷൻ മന്ത്രി പ്രഫുൽ പട്ടേലിനെ അപകീർത്തിപ്പെടുത്തുന്നു എന്ന പേരിൽ പിൻവലിക്കുകയും പ്രസാധകന് മാപ്പപേക്ഷിക്കുകയും ചെയ്യേണ്ടിവന്ന ജിതേന്ദ്ര ഭാർഗവയുടെ ‘ദ ഡീസന്റ് എയർ ഇന്ത്യ’ (2014) അങ്ങനെ സമീപകാലത്ത് തന്നെ സ്തുതികൾക്കല്ലാതെ മറ്റൊന്നിനും ഇടം കിട്ടാത്തതരത്തിൽ വിഗ്രഹങ്ങളെ അകളങ്കിതമായി സൂക്ഷിക്കാൻ വെമ്പുന്ന ഒരു കൂട്ടത്തിന്റെ വ്യഗ്രത നിരോധനങ്ങളിലും പുസ്തകപ്രസാധനത്തെ തുടർന്നുള്ള സംഘർഷങ്ങളിലും വിവാദങ്ങളിലും നിയമയുദ്ധങ്ങളിലുംകൂടി തുടരുന്നതു കാണാം.
8
സ്വന്തം നിലനിൽപ്പിനെ അപകടപ്പെടുത്തുന്നതല്ലെങ്കിൽ സമൂഹത്തിന്റെ നല്ലതിനുവേണ്ടി എന്നൊരു നാട്യം നിരോധനങ്ങളുടെ കാര്യത്തിൽ ‘അധികൃതർ’ കൈയാളുന്നത് സ്വാഭാവികമാണ്. സങ്കുചിതമായ ഈ ഇരട്ടത്താപ്പ് താത്കാലിക പരിഹാരമാർഗമെന്ന നിലയിൽ കൊണ്ടാടപ്പെടുമ്പോഴും ജനായത്ത സമൂഹത്തിന്റെ മൂല്യങ്ങളെ വരുംകാലത്തിൽ കൂടുതൽ പരിമിതപ്പെടുത്താനാണ് സഹായിക്കുക. കാലം മാറുമ്പോൾ സ്വാഭാവികമായും നിരോധങ്ങൾ അപഹാസ്യമാവുന്നതിന്റെ കാരണം അതാണ്. മതവും വയറ്റുപ്പിഴപ്പു-അധികാര-രാഷ്ട്രീയങ്ങളും സാമുദായികതാത്പര്യങ്ങളും ചേർന്നു രൂപപ്പെടുത്തുന്ന പൊതുബോധത്തിനപ്പുറത്ത് നിന്നാണ് കനമുള്ള ആത്മാവിഷ്കാരങ്ങൾ സ്രോതസ്സുകൾ കണ്ടെടുക്കുന്നത്. ക്രാന്തദർശിത്വം – കടന്നു കാണുക എന്നത് - വെറുമൊരു വാക്കല്ല. സാമാന്യബോധം നിലവിലുള്ള വ്യവസ്ഥകളെയും സമ്പ്രദായങ്ങളെയും പരിക്കുപറ്റാതെ സംരക്ഷിച്ചെടുക്കാൻ വ്യഗ്രമാവുമ്പോൾ ഒറ്റപ്പെട്ട കൃതികൾ സമൂഹത്തിന് അലോസരമാകും. സ്റ്റാൻലി വോൾപ്പർട്ടിന്റെ ‘രാമനിലേക്ക് 9 മണിക്കൂറുകൾ’ നിരോധിക്കുമ്പോൾ നെഹ്രു പറഞ്ഞ വാചകം, ആ പുസ്തകത്തിലെ ആശയത്തെ ഉൾക്കൊള്ളത്തക്കവിധത്തിൽ ഇന്ത്യൻ സമൂഹം വളർന്നിട്ടില്ലെന്നാണ്. ഗാന്ധിജിയുടെ കൊലയെ മറ്റൊരു വീക്ഷണക്കോണിലൂടെ നോക്കിക്കാണുന്നതിനോടൊപ്പം അന്നത്തെ സുരക്ഷാ പാളിച്ചയിലേക്കും അത് എത്തിനോക്കുന്നുണ്ട്. യഥാർത്ഥത്തിൽ സമൂഹത്തിനല്ല്ല, രാഷ്ട്രീയ നേതാക്കൾക്കാണ് പക്വത കൈവരാത്തതെന്ന് രാജാജി തിരിച്ചടിച്ചു. പുസ്തകനിരോധനത്തിനു പിന്നിൽ ആർത്തിപിടിക്കുന്നത് പലപ്പോഴും സാധാരണ ജനങ്ങളല്ല, അവയെ വ്യാഖ്യാനിച്ചും വിശദീകരിച്ചും വികൃതമാക്കിക്കൊണ്ട് നേതാക്കളാണെന്നതാണ് സത്യം. കലകളെയും സാഹിത്യത്തെയും മുൻ നിർത്തി സംഘർഷങ്ങളും കലാപങ്ങളും പ്രത്യേകിച്ച്, ഇന്ത്യയിൽ, കൃത്യമായി ആസൂത്രണം ചെയ്ത നടപ്പാക്കിയവയാണെന്നു കാണാൻ വലിയ കണ്ണടയൊന്നും ധരിക്കേണ്ട കാര്യമില്ല. പലപ്പോഴും അവയ്ക്കുള്ളിലെ ആശയം എന്താണെന്നു പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവരാണ്, പുസ്തകങ്ങളുടെ കാര്യത്തിൽ
അവ വായിക്കാൻ പോലും കഴിയാത്തവരാണ് അവയ്ക്കെതിരെ വാദിക്കാനായി കൂട്ടംകൂടുന്നതും പലപ്പോഴും സംഘർഷങ്ങളുടെ സൃഷ്ടികർത്താക്കളായി സ്വയം അവരോധിക്കുന്നതും.
സ്വതന്ത്രസമുദായം
എന്ന ഇ മാധവന്റെ പുസ്തകത്തെ തിരുവിതാംകൂറിലെ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യർ,
തിരുവിതാംകൂർ, കൊച്ചി, മലബാർ മൂന്നു പ്രദേശത്തും വിലക്കി. ഹിന്ദുമത വിമർശനം
ഉൾപ്പെടുന്നു എന്നതായിരുന്നു പുസ്തകത്തിനെതിരെയുള്ള ആരോപണം. എസ് എൻ ഡി പി
സെക്രട്ടറിയായിരുന്ന മാധവൻ, 1934-ൽ പട്ടണക്കാടു വച്ചു നടത്തിയ പ്രസംഗത്തിന്റെ വിശദീകരിച്ച
രൂപമാണ് പുസ്തകം. ബുദ്ധമത്തിലുള്ള വേരുകൾ ചൂണ്ടിക്കാട്ടി ‘ഈഴവർ ഹിന്ദുക്കളാണോ’ എന്നു ചോദിച്ച് ബ്രാഹ്മണമേധാവിത്തതെ
അലോസരപ്പെടുത്തിയതാണ് പുസ്തക നിരോധനത്തിന്റെ പിന്നിലെ ചരിത്രം. ടി കെ വർഗീസ് വൈദ്യന്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച ‘5 ചീത്തകഥകൾ’ (1946) അവയിലെ അശ്ലീലപ്രമേയത്തെ ആസ്പദമാക്കി തിരുവിതാംകൂറിൽ നിരോധിച്ചിരുന്നു. എസ് കെ പൊറ്റെക്കാട്ടും, തകഴിയും, പൊൻകുന്നം വർക്കിയും കേശവദേവും ബഷീറുമായിരുന്നു അഞ്ച് ചീത്തകഥകളുടെ രചയിതാക്കൾ. നാഗവള്ളി ആർ എസ് കുറുപ്പിന്റെ ‘തോട്ടി’എന്ന കഥ, കുട്ടനാട് രാമകൃഷ്ണപിള്ളയുടെ പതാക, പ്രതിമ എന്നീ നാടകങ്ങൾ പൊൻകുന്നം വർക്കിയുടെ ‘മന്ത്രിക്കെട്ട്’, ‘മോഡൽ’ എന്നീ കഥകൾ, അധികൃതരുടെ ഭാഗത്തുനിന്നും കണ്ടുകെട്ടുകയും നിരോധിക്കുകയും ചെയ്ത രചനകൾ മലയാളത്തിലും കുറവായിരുന്നില്ല. ‘ദ ന്യൂ ക്ലാസ്’ എന്ന പുസ്തകമെഴുതിയതിന്റെ പേരിൽ 13 വർഷമാണ് മിലോവൻ ജിലാസ് തടവിൽ കിടന്നത്. കഥയെഴുതിയതിന് പൊൻ കുന്നം വർക്കിക്ക് ജയിലിൽ കിടക്കേണ്ടിവന്നത്, ആറുമാസം. ജിലാസ് ഭരണവർഗത്തെ വിശകലനം ചെയ്യുകയായിരുന്നു, വർക്കി കളിയാക്കുകയും.
ബഷീറിന്റെ പ്രേമലേഖനത്തെ 1944 -ൽ നിരോധിച്ചത്, തിരുവിതാംകൂറെന്ന ഹൈന്ദവരാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരായി, വ്യത്യസ്തമതത്തിൽപ്പെടുന്നവർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്ന കഥ പറഞ്ഞതുകൊണ്ടാണ്. അധികാരസ്ഥാപനങ്ങൾക്കു പുറത്ത് ജനക്കൂട്ടങ്ങൾ സ്വന്തം ഭാവനാലോകത്തെ മാത്രം ആസ്പദമാക്കി കലാസൃഷ്ടികൾക്കുനേരെ തിരിയുന്ന പതിവും കരുത്താർജ്ജിക്കുകയാണ്. ഭണ്ഡാർക്കർ റിസർച്ച് സെന്ററിനും പൂനയിലെ കലാപ്രദർശനത്തിനും ഹുസ്സൈന്റെ ചിത്രങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങൾക്ക് ജനക്കൂട്ടങ്ങളുടെ താത്പര്യത്തിനു മേൽക്കൈയുണ്ട്. ചരിത്രത്തിന്റെ നിർമ്മാണസാമഗ്രികളെ റദ്ദു ചെയ്യുന്ന വിധത്തിൽ ഭാവനയ്ക്ക് മേൽക്കൈവേണമെന്ന ആക്രോശമുണ്ട്, സുമിത് സർക്കാരും കെ എൻ പണിക്കരും ചേർന്നെഴുതിയ ‘സ്വാതന്ത്ര്യത്തിലേയ്ക്ക് ’ (2000) പുസ്തകപ്രോജക്ടിനെതിരെ നടന്ന വിവാദങ്ങൾക്ക്. ഹിന്ദുമഹാസഭയെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ആരോപണം. അധികാരസ്ഥാനത്തുള്ളവർ പുസ്തകങ്ങളുടെ കഴുത്തറുക്കാൻ ശ്രമിക്കുന്ന കഥകൾക്കൊപ്പം മതമൌലികവാദികളും സാമുദായിക നേതാക്കളും ചേർന്ന് നിർമ്മിക്കുന്ന സമ്മർദ്ദം യഥാർത്ഥത്തിൽ ബാധിക്കുന്നത് സമൂഹത്തിന്റെ വിശകലനശേഷിയെയും യുക്തിബോധത്തെയുമൊക്കെയാണ്. മനുഷ്യൻ അവന്റെ പരിണാമചരിത്രത്തിൽ സ്വായത്തമാക്കിയ നിരവധി ബൌദ്ധിക ഈടുവയ്പ്പുകളെ ഒറ്റ നിമിഷംകൊണ്ടു കത്തിച്ചുകളയാൻ വീണ്ടുവിചാരമില്ലാത്ത ഭൂതകാലാരാധനകൾക്കു സാധിക്കുന്നു. പെരിയാർ ഇ വി രാമസ്വാമിയുടെ ‘രാമായണം : യഥാർത്ഥ വായന’(1949) എന്ന രാമായണ വിമർശനത്തിന്റെ വില്പന സുപ്രീം കോടതിവിധിക്കു വിരുദ്ധമായി 1995 വരെയും ഹിന്ദി പ്രദേശങ്ങളിൽ തടഞ്ഞിരുന്നു. പെരിയാർ രാമായണ ഭാഗങ്ങളിലെ ദലിത് വിഭാഗങ്ങളുടെ അവസ്ഥയെ ചൂണ്ടിക്കാട്ടുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. സാമുദായിക സ്പർദ്ധയുണ്ടാക്കുമെന്ന കാരണം ചൂണ്ടിക്കാണിച്ച് സമീപകാലത്ത് തമിഴ് നാട്ടിൽ നിരോധിച്ച ചരിത്ര പുസ്തകമാണ് ‘മീണ്ടെഴും പാണ്ഡ്യർ വരലാറ്’. 2013 –ലായിരുന്നു നിരോധനം. പല്ലാർ എന്ന ദളിത് വിഭാഗം പാണ്ഡ്യസാമ്രാജ്യത്തിൽ രാജാക്കന്മാരായിരുന്നു എന്ന വാദമാണ് മറ്റു സമുദായങ്ങളെ ചൊടിപ്പിച്ചത്. അതേ വർഷം ‘ദുണ്ഡി’ എന്ന കന്നഡ നോവലെഴുതിയ യോഗേഷ് മാസ്റ്റർ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഗണപതിയെപ്പറ്റി അധിക്ഷേപാർഹമായ പരാമർശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകൾ പ്രക്ഷോഭം ഉണ്ടാക്കിയതിന്റെ അനന്തരഫലമായിരുന്നു അറസ്റ്റ്. കരുത്താർജ്ജിച്ചു വരുന്ന തുടർപ്രക്രിയയാണിത്. പെരുമാൾ മുരുകനെതിരെയുയർന്ന വിമർശനങ്ങളെത്തുടർന്ന് പുലിയൂർ മുരുകേശൻ എന്ന തമിഴ് എഴുത്തുകാരന്റെ ‘ ബാലചന്ദ്രൻ എന്ട്ര പേയരും എനക്കുണ്ട്’‘ എന്ന രചനയ്ക്കു നേരെയും ആക്രോശങ്ങളുയർന്നിരുന്നു. അമൃതാനന്ദമയിയെക്കുറിച്ച് വിദേശിയായ ഒരു പൂർവശിഷ്യ നടത്തിയ വെളിപ്പെടുത്തലിന്റെ മലയാളം പതിപ്പ് ‘വിശുദ്ധ നരകം’ നിരോധിക്കപ്പെട്ടു. അവരുമായി നടത്തിയ ടെലിവിഷൻ അഭിമുഖത്തിന്റെ പുസ്തകപ്പതിപ്പും കണ്ടുകെട്ടി. ഇവ രണ്ടും നമ്മുടെ നാട്ടിൽ യാതൊരുവിധ അലോസരങ്ങളുമില്ലാതെ കടന്നുപോയ നിരോധനങ്ങൾക്ക് സമീപകാലത്തെ ഉദാഹരണങ്ങൾ. പുറംമോടികൾക്കു മാത്രം പ്രാധാന്യം നൽകിക്കൊണ്ട് സമൂഹത്തെ അലോരസങ്ങളില്ലാതെ സംരക്ഷിക്കുക, വിശകലനാത്മകവും അന്വേഷണാത്മകവുമായ ഏത് പ്രവർത്തനങ്ങൾക്കെതിരെയും സംശയാലുക്കളാവുക തുടങ്ങിയ പ്രതിലോമകരമായ പ്രക്രിയകളുടെ തുടർച്ചയാണ് പെരുമാൾ മുരുകന്റെയും ‘മാതൊരുപാകന്റെ’യും പേരിലുണ്ടായ വിവാദങ്ങളും.
9
ചങ്ങലയ്ക്കിക്കിട്ട പുസ്തകങ്ങളുടെ വിപുലമായ പട്ടികയിൽ അങ്ങിങ്ങുനിന്ന് കുറേ ഉദാഹരണങ്ങൾ
നിരത്തിയത് ഈ നിരോധനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വിചാരങ്ങൾ എത്രമാത്രം മൌഢ്യമായിരുന്നു
എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിന് അടിവരയിടാനുംകൂടിയാണ്. എന്നാലും കൂടുതൽ ആക്രോശങ്ങൾ കൂടുതൽ ഉയരുന്നതല്ലാതെ
ബലഹീനമായി പോകുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് ‘കാലം കടന്നുപോകുന്നു’ എന്ന നിലവിളിയുടെ സാന്ദ്രത
ബോധ്യമാവുന്നത്. കാലത്തിനുമേലുള്ള മനുഷ്യന്റെ പ്രതീക്ഷയെക്കൂടി
അപ്രസക്തമാക്കുംവിധം ഭൂതകാലവിശ്വാസങ്ങളുടെ ഉച്ചിഷ്ടങ്ങൾ വന്നു പതിച്ചുകൊണ്ടിരിക്കുന്ന
പരിണതിയിൽ മനുഷ്യനും ആവിഷ്കാരങ്ങളും അവയുടെ അന്തസ്സു വീണ്ടെടുക്കാൻ എത്ര ഉച്ചത്തിൽ
ഒച്ച വച്ചാലും അത് അധികമാവുകയില്ല. ദൈവങ്ങളെയും പ്രവാചകന്മാരെയും മതനേതാക്കളെയും അധിക്ഷേപാർഹമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള ആക്രോശങ്ങളിൽനിന്ന് രാഷ്ട്രീയമായി വ്യത്യാസം അധികം ഇല്ല, ഒരു സമുദായത്തിന്റെ താത്പര്യം സംരക്ഷിക്കാനായി തുനിഞ്ഞിറങ്ങുന്ന വ്യഗ്രതയ്ക്കും. ബഹുഭർതൃത്വവും ബഹുഭാര്യാത്വവും പല തലങ്ങളിൽ പല കാലങ്ങളിൽ (ആധുനിക കാലത്തുപോലും) നിലനിന്നിരുന്ന സമൂഹങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. പീഡാകരമായ അടിമവ്യവസ്ഥയും പലതരത്തിലുള്ള വിധേയത്വവും കട്ടിപ്പിടിച്ചു കിടക്കുന്ന സമൂഹമനസ്സിലെ രക്ഷാസ്വപ്നമാണ് കുട്ടി. പ്രത്യേകിച്ചും ആൺകുട്ടി. പും എന്ന നരകത്തിൽ നിന്നുള്ള ത്രാണനം തുടങ്ങിയ സങ്കല്പങ്ങളൊക്കെ അതിനനുസരിച്ച് രൂപപ്പെടുത്തിയതാണ്. ശാസ്ത്രീയമായി എത്ര വികലമായ സങ്കല്പമാണെങ്കിലും ആൺകുട്ടിയെ കുടുംബത്തിന് പ്രസവിച്ചു നൽകാത്ത സ്ത്രീയുടെ നരകയാതനകളെക്കുറിച്ചുള്ള കഥകൾ എത്രവേണമെങ്കിലും പ്രാദേശിക സാഹിത്യങ്ങളിലുണ്ട്. സുധീർ കാക്കറിനെപോലെയുള്ളവർ അതിന്റെ മനഃശാസ്ത്രത്തെ അപഗ്രഥിച്ചിട്ടുമുണ്ട്. (ഇന്ത്യൻജനത ഒരു
ഛായാചിത്രം- സുധീർ കാക്കർ) ഇന്ത്യയുടെ മാത്രം കഥയല്ലിത്. പല അവികസിത സമൂഹങ്ങളിലും നിലനിൽക്കുന്ന ഇത്തരം വിശ്വാസങ്ങൾ സ്ത്രീജീവിതത്തെ ദുരന്തമയമാക്കുന്നതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഉണ്ട്. അനന്തരാവകാശി എന്ന സങ്കല്പത്തെ മുൻനിർത്തി, അഗമ്യഗമനമുൾപ്പടെയുള്ള വഴികളിലൂടെ സന്തതിയുത്പാദനം നടത്തി കാലാകാലങ്ങളിലായി പരലോകത്ത് മോക്ഷം നേടിപ്പോന്ന ഒരു സമൂഹം, തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ-മത പ്രത്യയശാസ്ത്രങ്ങളെക്കൂടി കൂട്ടുപിടിച്ച് ഒരു വ്യാജ‘സാംസ്കാരികദേശീയതാ നിർമ്മാണം’ എന്ന കള്ളിക്കകത്താക്കുന്നതിന്റെ വിചിത്രമായ വഴി ‘മാതൊരുപാകനെതിരെ’ ഉപജാപങ്ങളിൽ തെളിഞ്ഞു വരുന്നതുകാണാം. കുന്തിയുടെയും പാഞ്ചാലിയുടെയും അംബ അംബാലികമാരുടെയും ദശരഥപത്നിമാരുടെയും കഥകൾ, വാമൊഴികളായെങ്കിലും പരിചയമുള്ള ഒരു സംസ്കാരം, ദൈവത്തിന്റെ അനുഗ്രഹത്തോടെയും കുടുംബത്തിന്റെയും അനുവാദത്തോടെയും നടത്തിയിരുന്ന, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തികച്ചും ആധുനികം എന്നു പോലും പറയാവുന്ന ഒരു ചടങ്ങിനെ പിന്തിരിപ്പനും അവഹേളനപരവുമാക്കി അവതരിപ്പിച്ച് അതിനെതിരെ അഭിപ്രായങ്ങൾ സ്വരുക്കൂട്ടിയ ധാരണകളാണ് തികച്ചും പ്രതിലോമകരം. ഒരു പുസ്തകത്തിന്റെ നാവരിയാനുള്ള കേവലമായ ശ്രമം മാത്രമല്ല, അതും കടന്ന് നീളുന്ന അപകടകരമായ മത രാഷ്ട്രീയത്തിന്റെ ചരിത്രപരമായ അജ്ഞതയ്ക്ക് ഒളിവും മറയുമില്ലാതെ തിമിർത്താടാനുള്ള വേദി നിർമ്മിക്കുകകൂടിയാണ് ഇത്. മുരുകന്റെ മൌനവും എഴുത്തുകാരൻ എന്ന നിലയിൽ നിന്നുള്ള പിൻവാങ്ങലും ഉറവിടത്തിൽതന്നെ കുറ്റബോധം നിർമ്മിക്കാനുള്ള അസാധാരണമായ സമ്മർദ്ദ തന്ത്രത്തിന്റെ ശക്തിയെത്രയെന്നു വിളിച്ചു പറയുന്നു. വിത്തിനെ തുലയ്ക്കുന്നത് ചില്ല ഒടിക്കും പോലെയല്ല. നാവരിയുമ്പോലെയല്ല ആലോചനകളെ ചങ്ങലയ്ക്കിടുന്നത്. ‘എഴുത്തെന്റെ ജീവനാണ് ’എന്നു പറഞ്ഞ ഒരാൾ
നമ്മുടെ അയല്പക്കത്ത് എഴുത്തു നിർത്താൻ നിർബന്ധിതനായിതീരുമ്പോൾ അതും ‘സംസ്കാര’ത്തിന്റെ പേരിലാണെന്നു വരുമ്പോൾ ‘ജീവനോടെ അടക്കം ചെയ്യുക’ എന്ന രൂപകത്തിന്റെ ധ്വനനശേഷി പ്രായോഗികമാവുകയാണ്. ഒരാളെ ഒറ്റയ്ക്കും, ഒരു സമൂഹത്തെ അപ്പാടെയും ഭയപ്പെടുത്തിക്കൊണ്ട് ഇനിയും നമ്മുടെ നാട്ടിൽ ജീവനോടെയുള്ള സംസ്കരണങ്ങൾ നടപ്പിലാക്കപ്പെട്ടേയ്ക്കുമെന്ന് പെരുമാൾ മുരുകന്റെ കഥ നമുക്കു പറഞ്ഞു തരുന്നു.
No comments:
Post a Comment