November 15, 2012

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിയ്ക്കുള്ള സാമഗ്രിയും...


ആകാശത്തിന്റെ അനന്ത വിശാലതയിൽ, മലകളുടെ മഹൌന്നത്യത്തിൽ കാറ്റിന്റെ നിലയ്ക്കാത്ത ശബ്ദപ്രവാഹത്തിൽ സാഗരങ്ങളുടെ നിതാന്തമായ ആന്തരിക ചൈതന്യത്തിൽ മുഗ്ദ്ധയായി, അവയുടെ മുന്നിൽ നിന്നുകൊണ്ട് നിസ്സാരയായൊരു പുൽക്കൊടി അഭിമാനത്താൽ വിജൃംഭിതയാവുന്ന ഭാവത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു കവിത ജി ശങ്കരക്കുറുപ്പ് എഴുതിയിട്ടുണ്ട്. കുമാരനാശാൻ എഴുതിയതുപോലെ (ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ, ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം!) ഈ മഹാസൃഷ്ടികൾക്ക് പിന്നിലെ കരവിരുതു തന്നെയല്ലേ തന്റെ സൃഷ്ടിരഹസ്യവുമെന്ന ‘ആത്മൈ’ക്യമാണ് അഭിവാദനത്തിനു ഹേതു. പ്രപഞ്ചമനസ്സുമായുള്ള താദാത്മ്യത്തിനുള്ള ആഗ്രഹങ്ങൾ ആവിഷ്കൃതമാവുന്നതിനെ മലയാളത്തിൽ നമ്മൾ ‘നിഗൂഢാത്മകത’യെന്നാണ് വിളിച്ചു വന്നത്. എവിടെയോ മറഞ്ഞിരിക്കുന്ന ദൈവം എന്ന ഉടയോനുമായി ഒരു കമ്പിയില്ലാകമ്പി. റൂമിയുടെയും ടാഗോറിന്റേയും സ്വാധീനങ്ങൾക്കപ്പുറം ശങ്കരക്കുറുപ്പിൽ മിസ്റ്റിക് അവസ്ഥയുടെ ലാഞ്ഛനയെങ്കിലും ഉണ്ടായിരുന്നോ? അഴിക്കോട് പറയുന്നത് ജി കവിത, അനുകരണാത്മകതയുടെയും വാചാലതയുടെയും കറക്കുകമ്പനിയിൽ‌പ്പെട്ട് കാൽ‌പ്പനികതയുടെ തന്നെ ഇറക്കത്തിലായിരുന്നുവെന്നാണ്. കൊള്ളാവുന്നവർ പറഞ്ഞത് ഫീലൊന്നുമില്ലാതെ വേഷം മാറ്റി മലയാളത്തിൽ അവതരിപ്പിച്ച് കൈയടി വാങ്ങിക്കുകയായിരുന്നു എന്ന്. പലപ്പോഴും എം എ ക്ലാസുകളിൽ നാരായണഗുരുവിന്റെ ‘ആടു പാമ്പേ പുനം തേടുപാമ്പേ..’  മലയാളത്തിലെ എടുത്തുപറയാവുന്ന മിസ്റ്റിക് കവിതയായി ഉദ്ധരിക്കുന്നതു കേട്ടിട്ടുണ്ട്. എന്നുവച്ചാൽ പൂർവമാതൃകകളുടെ വെളിച്ചത്തിലല്ല അതിന്റെ സഞ്ചാരം. ശുദ്ധകവിതകൾക്ക് വ്യാഖ്യാനങ്ങൾക്ക് വഴങ്ങാത്ത സ്വന്തമായൊരു വഴിയുണ്ട്.  പൂർത്തിയായതും പൂർത്തിയായിക്കൊണ്ടിരിക്കുന്നതുമായ നിർമ്മാണവസ്തുക്കൾ ചിതറിക്കിടക്കുന്നതുമായ ഒരു പണിയാലയിൽ ഏകാകിയും ബദ്ധശ്രദ്ധനുമായിരുന്ന് സൃഷ്ടിപ്രവർത്തനങ്ങളിലേർപ്പെടുന്ന ദൈവത്തിൽ വീണു കിടക്കുന്ന നിഴൽ, ഒരു വ്യവസായാനന്തരകാലത്തിന്റേതാണെന്ന് ‘ദൈവത്തെ മാറ്റിയെഴുതുമ്പോൾ’ എന്ന ലേഖനത്തിൽ പി എൻ ഗോപീകൃഷ്ണൻ, ‘ദൈവദശക’ത്തിലെ ദൈവസങ്കല്പത്തെ വിശദീകരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുരുവെന്ന ആധുനികനായ എഴുത്തുകാരൻ, സർവാതിശായിയായ തന്റെ പൂർവമാതൃകയെ ആധുനികമട്ടിൽ പുനസൃഷ്ടിക്കുകയായിരുന്നു എന്നർത്ഥം. അതാണ് സമകാലികതയെ വെല്ലുവിളിക്കുന്ന സംവേദനത്വത്തിന്റെ ഉൾപ്പൊരുൾ.

 സാഹിത്യത്തിന്റെ നാൾ വഴി ചരിത്രത്തിൽ എഴുത്തുകാർ ദൈവത്തെ തലയ്ക്കു മുകളിൽ വച്ചു. ഇതിനൊരു കാരണം ഉണ്ട്. ആകൃതിയില്ലാത്തതുകൾക്ക് രൂപം നൽകുന്ന പ്രവൃത്തിയ്ക്ക് കവിതയുടെ പൂർവഗാമി ഈശ്വരാന്വേഷണങ്ങളാണെന്ന് ഒരു യുക്തി ഇവിടെ യോജിക്കും.  മറ്റു വ്യവഹാരരൂപങ്ങളെ അപേക്ഷിച്ച് കവിതയ്ക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന വൈകാരിക മൂർച്ഛ അല്പം കൂടുതലാണ്. നിഷേധിക്കാനായാലും കൂടെ കൂട്ടാനായാലും ദൈവത്തിന്റെ പ്രാമാണിത്തത്തെ തരക്കേടില്ലാതെ പരിപാലിക്കുകയായിരുന്നു അവയുടെ സ്വരൂപം.  പേരെടുത്തു പറഞ്ഞ് പരിചയപ്പെടുത്തിയാലും ഇല്ലെങ്കിലും എഴുത്തുകാർ കൂടെ ദൈവത്തെയും നടത്തി.  ഭക്തിപ്രസ്ഥാനത്തിൽ‌പ്പെട്ടു ദേഹമാസകലം ദൈവം കുറിപൂശി. നിയോക്ലാസിസ്റ്റുകൾ അവിടങ്ങിളിലേയ്ക്കും ഒളിഞ്ഞും എത്തി വലിഞ്ഞും നോക്കി വാപൊത്തി.  ചിലർ കലഹിച്ചും വാശി പിടിച്ചും പരിഭവം പറഞ്ഞും കൂടെയിരുത്തി. മറ്റു ചിലർ ഗരിമകൾ എടുത്തുകാട്ടി കൂട്ടത്തിലുള്ളവരെ പ്രബോധിതരാക്കാൻ നോക്കി.  കാലത്തിന്റെ സ്വാധീനത്തിനനുസരിച്ച് ദൈവഭാവങ്ങളുടെ നിറവും ആകൃതിയും സാഹചര്യങ്ങളും മാറി മാറിക്കൊണ്ടിരിക്കുന്നു.  മിസ്റ്റിക് കവിതകളിലെ ദൈവം ഇതൊന്നുമായിരുന്നില്ല. റൂമി ഒരു കവിതയിലെഴുതി, ദൈവം പ്രണയം പോലെയാണെന്ന്. ദിവ്യപ്രണയത്തിന്റെ ആനന്ദാവസ്ഥകളിൽ ആത്യന്തികസത്തയുമായി ആത്മബന്ധം സ്ഥാപിക്കുകയും ആ കിട്ടിയ ബന്ധത്തിന്റെ അസാധാരണതയിൽ ഉന്മാദത്തിൽ മുഴുകുകയും ചെയ്യുക എന്ന അവസ്ഥയാണ് ഈ പ്രസ്താവം. മിസ്റ്റിക്കിന് അതാണ് ദൈവം. നാം പരിചയിച്ച ഭക്തിമാർഗത്തിലുള്ള സ്തുതിപരമായ കീർത്തനങ്ങൾക്ക് ഈ അവസ്ഥ കിട്ടാക്കനിയാണ്. അതുകൊണ്ടു തന്നെ സൂഫികൾ പറയും പോലെ ദിവ്യപ്രണയം ഒരു മാനസികാവസ്ഥയാണ്. പ്രകാശമാണ് അതിന്റെ രൂപകം. വെളിച്ചം തിരിച്ചറിയുന്ന തരം ഉൾക്കാഴ്ചയാൽ ഒറ്റപ്പെട്ട അവസ്ഥയിൽ ഒരാൾ പറയുന്നത് പിച്ചും പേയുമാവും എന്നൊരു അപകടമുണ്ട്.

എനിക്കൊരു വലിയ പ്രശ്നമുണ്ട്, ദൈവമേ അതു തീർത്തുതരണേയെന്നു പ്രാർത്ഥിച്ച പുരോഹിതന്റെ മുന്നിലിരുന്ന് ഒരു സൂഫി പ്രശ്നമേ നീയെത്ര വലുതായാലും എനിക്കതൊരു പ്രശ്നമല്ല, കാരണം എനിക്ക് അതിലും വലുതായ ദൈവമുണ്ടല്ലോ എന്ന് പ്രാർത്ഥിച്ച ഒരു കഥയുണ്ട്. അത് പക്ഷേ അതീതലോകത്തിലിരിക്കുന്ന നിയന്താവല്ലെന്ന് ജലാലുദ്ദീൻ റൂമി പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു : 

“സൂഫികൾ
പനിനീർ പൂവുകളിൽ
ദൈവത്തെ വരച്ചു വച്ചിരിക്കുന്നു
മുഖങ്ങളിൽ
ദൈവത്തെ തേടുന്നു.
കുഞ്ഞുങ്ങളിൽ
ദൈവത്തെ കാണുന്നു”.

മറ്റൊരു കവിതയിൽ മേഘപാളികൾക്കിടയിലൂടെ മുഖം കാണിക്കുന്ന കുഞ്ഞു നക്ഷത്രമാണ് ദൈവം. 

“എന്റെ ദൈവമേ എന്റെ ദൈവമേ എന്നു വിളിക്കും മുൻപ്
ആകാശത്തേയ്ക്ക് നോക്കൂ
മേഘപാളികൾക്കിടയിൽ നിന്ന്
ഒരു കുഞ്ഞു നക്ഷത്രം
നിങ്ങളുടെ പ്രാർത്ഥന കേട്ടിരിക്കുന്നു.
ഇനി നിങ്ങൾ വിളിക്കുക,
എന്റെ കുഞ്ഞു നക്ഷത്രമേ
എന്റെ കുഞ്ഞു നക്ഷത്രമേ..”

ദൈവാനുഭവത്തെ റൂമി വ്യക്തമായി വരച്ചു : ‘പുലർകാല മഞ്ഞു പോലെ, ഇളം കാറ്റുപോലെ, സായാഹ്നകാന്തിപോലെ, ശ്വേതപുഷ്പങ്ങൾ പോലെ, പ്രണയം പോലെ’ എന്ന്. (ഒരു പുഞ്ചിരി പോലെ, ഒരു മഞ്ഞല പോലെ, ഒരു വാൾത്തലപോലെ എന്ന് മരണാനുഭൂതിയെ പറ്റി ബാലാമണിയമ്മ ) ആറ്റിക്കുറുക്കിയാൽ കിട്ടുന്നത് ദൈവം പ്രകാശവും മേഘത്തുണ്ടുകളെപോലെ അലിഞ്ഞില്ലാതാകുന്ന കനരഹിതമായ അനുഭവവുമാണെന്നതാണ്. സത്തയുടെ ലാഘവത്വം അസഹനീയമല്ലെന്ന്.  നിരന്തരം പ്രാർത്ഥനാനിരതമാവുകയാണ് ആ അനുഭവത്തിനുള്ള പോംവഴി. പ്രാർത്ഥന ആനന്ദമാണെന്ന് റൂമിയ്ക്ക് അഭിപ്രായമുണ്ടായിരുന്നു. പ്രാർത്ഥിച്ചു കഴിയുമ്പോൾ ആനന്ദത്തിനു പുറത്തായി പോവുന്നു. ‘അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം’ എന്ന് ബഷീർ പറഞ്ഞതിനെ ജീവിതദുരന്തവുമായി ചേർത്തു വച്ചു വായിച്ചവർ റൂമിയെ കൂടി ഒന്നു കേട്ടിട്ടു പോകുമോ? ഒരാളിന്റെ പ്രാർത്ഥനയെന്നൊന്നില്ല, എല്ലാവരുടെയും പ്രാർത്ഥന; അതാണ് അറിവിന്റെ ആദ്യപാഠം എന്നു പറഞ്ഞ റൂമിയാണ് ഒറ്റയ്ക്കിരിക്കുമ്പോൾ അടുത്തു വരാറുണ്ടായിരുന്ന വിശുദ്ധമായ ഒരു പ്രാർത്ഥനയെക്കുറിച്ചും പറയുന്നത്. ആൾക്കൂട്ടങ്ങൾ പൊതിഞ്ഞതോടെ ആ അനുഗ്രഹം തീർന്നു. ‘ഏകാന്തതയിൽ ആൾക്കൂട്ടത്തെയും ആൾക്കൂട്ടങ്ങളിൽ ഏകാന്തതയെയും’ മിസ്റ്റിക്കുകൾ അനുഭവിച്ചു. ആ മാനസിക ഭാവത്തെ പ്രണയം എന്നും അവർ വിളിച്ചു. ഒരിക്കൽ ദൈവം റൂമിയെ ഉദ്യാനത്തിലേയ്ക്ക് കൂട്ടി. അവിടമാകെ കൂർത്ത കല്ലുകൾ, പൂവുകളെല്ലാം ആരോ മോഷ്ടിച്ചിരിക്കുന്നു. ഉഴുതിട്ട മണ്ണിൽ നിന്നും വേരുകൾ നിലവിളിക്കുന്നു. കവി നിശ്ശബ്ദം കല്ലുകൾ പെറുക്കി മാറ്റി, പൂവുകളെ തിരിച്ചു കൊണ്ടു വന്നു, മണ്ണ് നിരപ്പാക്കി വേരുകളെ സാന്ത്വനിപ്പിച്ചു. പൂന്തോട്ടം പഴയ നിലയിലായതിനാൽ ദൈവം പുഞ്ചിരി തൂകി. എന്നിട്ട് കവിയെ ഉദ്യാനത്തിൽ നിന്ന് പുറത്താക്കി.

ഈ കഥ പ്രാർത്ഥനയുടെ രൂപകമാണ്. ഹൃദയങ്ങളിൽ ചങ്ങലകൾ വലിഞ്ഞു മുറുകുമ്പോൾ, ശരീരത്തിനു തീ പിടിക്കുമ്പോൾ, ആത്മാവ് കുരിയാറ്റയെ പോലെ വിലപിക്കുമ്പോൾ നമുക്ക് ചിറകുകൾ ലഭിക്കുകയും ആകാശത്തിലേയ്ക്ക് പറന്നു പൊങ്ങുകയും ചെയ്യുന്നു റൂമി എഴുതുന്നത് ആ ഓർമ്മയിലാണ്. പ്രശ്നങ്ങൾ അവസാനിക്കുന്ന നിമിഷം പ്രാർത്ഥനയുടെ വിശുദ്ധസ്വർഗത്തിൽ നിന്നും പുറത്തായി പോകുന്നു. ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ മൂന്നാമത്തെ കവിതാസമാഹാരം - ഒരു പക്ഷേ മൂന്നുഭാഷകളിൽ അച്ചടിക്കപ്പെട്ട മലയാളത്തിലെ ആദ്യസമാഹാരം- ‘ അജ്ഞതയുടെ കണ്ണുകൾ’ - അലൌകികമായ ദൈവാനുഭവത്തെ പങ്കുവയ്ക്കാൻ ശ്രമിക്കുന്ന വിധമാണ് റൂമിയുടെ കവിതകളെ കുറിച്ചോർക്കാൻ നിമിത്തമായത്. ‘അജ്ഞതയുടെ കണ്ണുകളി’ലെ കവിതകൾക്ക് റൂമി ഉൾപ്പടെയുള്ള മിസ്റ്റിക് കവികളിലേയ്ക്ക് ഒരു പാലമുണ്ട്. തീർത്തും ഭൂമിയിൽ കാലൂന്നി നിന്നുകൊണ്ട് അഭൌമികമായ വാസ്തവങ്ങളെ എത്തിപ്പിടിക്കാനായി ആയുന്നതിന്റെ ഉൾപ്പൊരുൾ യഥാർത്ഥത്തിൽ മിസ്റ്റിക് കവിതകളുടെ  ഇതളുപൊളിക്കാൻ വേണ്ട ശ്രമം പോലും ആവശ്യപ്പെടുന്നില്ല എന്നു പറയാൻ തുടങ്ങുകയായിരുന്നു. ശിഹാബിന്റെ ഒരു കവിതയിൽ കഴിഞ്ഞ ജന്മത്തിൽ സ്നേഹത്തിനായി അലഞ്ഞ ഒരു നായയുണ്ട്. അന്ന് കിട്ടിയതൊക്കെയും കല്ലുകളായിരുന്നു. പക്ഷേ അവ വന്നു കൊള്ളുന്നത് ഈ ജന്മത്തിലാണെന്നുള്ള ഒരു നൊമ്പരപ്പാട്ടാണ് ആ കവിത. പൂർവജന്മത്തിന്റെ അസാംഗത്യത്തെ ശീലമാറ്റി നോക്കിയാൽ ഒരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതത്തിന്റെ അടരുകൾക്കുള്ള രൂപകമായി വായിച്ചെടുക്കാം. പൂർവാശ്രമം. ഉത്തരാശ്രമം... ഇപ്പോഴും താൻ ശിക്ഷിക്കപ്പെടുന്നു എന്നുള്ള വിതുമ്പൽ പ്രത്യക്ഷത്തിൽ മിസ്റ്റിക് മൂടുപടമിട്ട കാൽ‌പ്പനിക വേദനയാണ്. സ്വന്തം ഭാര്യയ്ക്ക് വസൂരി വന്നതിനെക്കുറിച്ച് വാതുറന്ന് പാടിയിട്ട് ‘വേദനവേദന ലഹരി പിടിക്കും വേദന’ യെന്ന് ചങ്ങമ്പുഴ പറഞ്ഞപ്പോൾ അതേറ്റെടുത്ത് അതെയെന്നു തലയാട്ടിക്കൊടുത്ത അതേ രുഗ്‌ണമായ ഭാവം. ‘തന്നെ ഉമ്മ വയ്ക്കാതെ പ്രപഞ്ചങ്ങൾ നിർമ്മിക്കാൻ പോയ ഒരു ദൈവത്തോടുള്ള പിണക്ക’മാണ് മറ്റൊരു കവിത. കുട്ടിയെ ലാളിക്കുക എന്ന പാരമ്പര്യമൂല്യത്തെ മറന്ന് അവനെ ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കുന്ന ബഹുകാര്യവ്യഗ്രയും ആധുനികയുമായ പരിഷ്കാരി അമ്മയാണ് ഈ ദൈവത്തിന്റെ പൂർവമാതൃക. പ്രപഞ്ചത്തേക്കാൾ ‘വലിയ കാര്യമായ’ ഒരു ‘ഞാൻ’ ഈ കുറച്ചു വരികൾക്കകത്തുണ്ട്. വാതിലും ജനാലകളും പുറത്തു പൂച്ചെടിയും ഇല്ലാത്ത ദേവാലയത്തിന്റെ മുറ്റത്തെ മുള്ളുമരത്തിൽ കെട്ടിയിട്ടിരിക്കുന്ന ഒരു കഴുതയാണ് താൻ എന്ന് ‘ദേവാലയം’ എന്ന കവിതയിൽ കവി എഴുതുന്നു. ദൈവം കുട്ടിക്കാലത്ത് - അതായത്  ബോധം വേണ്ടത്ര വികസിക്കാത്ത കാലത്ത് വരച്ച ചിത്രമാണ്. അങ്ങനെ അത് അപക്വമായി പോയി. ദൈവത്തിന്റെ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തിയ്ക്ക് ആയുഷ്കാല പീഡനം ഏറ്റു വാങ്ങുന്ന നിസ്സഹായനായ മനുഷ്യൻ. ഇതിനു താൻ സൌ‌മ്യമായി പകരം ചോദിക്കുമെന്ന് മറ്റൊരു ദൈവകവിതയിൽ ശിഹാബുദ്ദീൻ എഴുതുന്നു. ‘എന്നെയും കൂട്ടേണമേ’ ദൈവം ഒളിച്ചിരിക്കുന്ന സ്ഥലകാലങ്ങളൊരിക്കൽ താൻ കണ്ടു പിടിക്കും എന്നും അന്ന് എന്തു കോപ്പിനായിരുന്നു ഇതൊക്കെ എന്ന് ചോദിക്കുമെന്നും താത്കാലികമായ സമാശ്വാസങ്ങൾക്ക് വശപ്പെടാതെ ഉത്തരം കിട്ടുവോളം താൻ ദൈവത്തെ അലോസരപ്പെടുത്തും എന്നുമാണതിൽ പറയുന്നത്.

റൂമിയുടെ കവിതകളിലെ നനുത്ത ദൈവാനുഭവത്തെ, ആനന്ദത്തെ, ആധുനികനായ ഒരു എഴുത്തുകാരൻ വീണ്ടും അനുഭവിക്കാനായി ഒരുമ്പെടുമ്പോൾ വരുന്ന പരിണാമമാണ് ഇവിടത്തെ കൌതുകകരമായ ഭാഗം. ആ ദൈവവുമായി ഒരു ചാർച്ചയുമില്ല ശിഹാബിന്റെ ദൈവത്തിന്. ശരീരവലിപ്പത്തിനും ഇരട്ടിയായ ഭാരങ്ങളെ കടിച്ചു വലിച്ച് ഉറുമ്പ് തന്റെ വഴിത്താരകൾ പിന്നിടും പോലെ നോവുകൾ കുടിച്ചുവറ്റിച്ചുള്ള ഒരു ജീവിതം  ആത്മാവിന്റെ അതിലഘുവായ ഭാരമില്ലായ്മയെ ദൈവാനുഭവമായി എങ്ങനെ അവതരിപ്പിക്കാനാണ്?  കവിതയുടെ മിസ്റ്റിക് നാട്യം അതങ്ങനെയല്ലേ എന്ന് നമ്മെ സംശയിക്കാൻ വിട്ടതാണ്. ഈ ലോക യാഥാർത്ഥ്യത്തിനിടയിൽ ശിഹാബ് അതാര്യമായ ഒരു  വിഭജനഭിത്തിയെ കൊണ്ടു വന്നു നിർത്തി. തന്റെ നോവുകൾക്ക് അതിനപ്പുറത്തു നിന്നും ഒരുക്കങ്ങളുണ്ടാവുന്നതിനെപ്പറ്റിയായി അയാളുടെ വേവലാതികളിൽ ഏറിയ കൂറും. ബോധത്തിന്റെ ചുഴിമലരികളിൽ നിന്ന് ഉൾവലിഞ്ഞ് തന്നിലെ ഏകാന്തതീരങ്ങളിലേയ്ക്കുള്ള യാത്ര കറുപ്പുതീറ്റിക്കാരന്റെ ശിരസ്സിലെ ചന്ദ്രോദയമാണ് ഈ വിഭ്രാന്തി ഒറ്റനോട്ടത്തിൽ.  ‘ചുറ്റിക കൊണ്ട് അടിച്ചുകൊല്ലാൻ പുറകിൽ  ആരോ ഓങ്ങി നിൽക്കുന്നെന്നും തിരിഞ്ഞു നോക്കുമ്പോൾ നിഴൽ പോലുമില്ലാതെ കാണാതാവുന്നെന്നും അയാൾ ആശങ്കപ്പെടുന്നു (ശത്രു) കണ്ണീരായി കണ്ണുകൾ ഉരുക്കിയിറ്റിക്കുന്ന പാറക്കഷ്ണങ്ങൾ ആരോ വലിച്ചെറിഞ്ഞതാണെന്ന് അയാൾ പിന്നെയും വിതുമ്പുന്നു. (കണ്ണുനീർതുള്ളികൾ). തന്നെ തിരിച്ചെടുക്കുന്ന ഒരു ദിനമുണ്ടെന്ന്  ‘ഒരു ദിവസം’ എന്ന കവിതയിൽ. (അതു തന്റെ ഇച്ഛയിലല്ലാ..)  ഐഹികത്തിൽ കൈയും കാലും കെട്ടിയിടപ്പെട്ടതിലുള്ള തിക്കുമുട്ടലിനിടയിൽ തന്റെ ശിരസ്സിനു മുകളിൽ ഉപജാപങ്ങളും മർമ്മരങ്ങളുമായി നില നിൽക്കുന്ന ഇരുണ്ട ഏകാന്തലോകം ഉണ്ടെന്ന് അയാൾ സങ്കൽ‌പ്പിച്ചു. അവിടെ ഉദാസീനനായ ദൈവം ഉണ്ട്, അയാൾ സൃഷ്ടിച്ച പിശാചും ഉണ്ട്. തനിക്കെതിരെയുള്ള ഗൂഢാലോചനകൾ തകൃതിയായി അവിടെ നടന്നു വരുന്നു. എഴുത്തുകാരൻ കെട്ടഴിച്ചുവിട്ട വ്യാകരണബദ്ധമല്ലാത്ത പിശാചുജീവിതം പോലും ഭിത്തിയ്ക്കപ്പുറത്തെ ആലോചനകളിൽ നിന്ന് പുറപ്പെട്ടു വരുന്നതിനാൽ ആരാധനയുടെ മണിയൊച്ചകളിൽ നിന്ന് അയാൾക്ക് താത്കാലികമായെങ്കിലും മോചനം നേടുന്നു, ബോധത്തിന്റെ ഭൂഖണ്ഡങ്ങൾക്കിടയിലെ ഏകാന്തതയിൽ അയാൾ തിരയെയും കാർക്കോളുകളെയും വമ്പൻ സ്രാവുകളെയും പണിയുന്നു. അപ്പോൾ ഒരു കാര്യം വ്യക്തമാവുന്നു. പിന്നിലെ ദുരൂഹമായ ലോകത്തെക്കുറിച്ചുള്ള വേവലാതിയാണ് ‘കണ്ണുകളിലെ അജ്ഞത’യുടെ യഥാർത്ഥ ഉറവിടം. അല്ലാതെ ദൈവാസ്തിത്വത്തെക്കുറിച്ചുള്ള അവബോധമോ നിഗൂഢതയോ ഒന്നും അല്ല.

ഈജിപ്തിലെ മലനിരകൾക്കിടയിലൂടെ മിന്നലും ഗന്ധകവും വർഷിച്ച് ആക്രോശിച്ചുകൊണ്ട് നടന്നിരുന്ന പഴയ ഏകാകിയായ ആൺ ദൈവം അല്ല കവിതകളിൽ. ഭയവിഹ്വലരാക്കി അനുസരിപ്പിച്ചുകൊണ്ട് തനിക്കുള്ള സ്ത്രോത്രങ്ങൾ പങ്കു പറ്റി ജീവിച്ചയാളിനു പകരം കുടുംബത്തിലെ തന്നെ അംഗമെന്നോണം അടുപ്പമുള്ള ഒരാളാണ്.  അതേ സമയം അയാളെ ദൈവമാക്കി നിലനിർത്തുന്ന ഘടകം ദുരൂഹതയുമാണ്. കുടികൊള്ളുന്ന ഇടത്തെപ്പറ്റിയും അവിടത്തെ തച്ചുകളെപ്പറ്റിയുമുള്ള ആശങ്കയോളം എത്തുന്ന കനത്ത അറിവിലായ്മ. കവിയ്ക്ക് ‘അന്നവസ്ത്രാദികൾ മുട്ടാതെ എത്തിച്ചു നൽകി കാത്തുരക്ഷിച്ചു ധന്യനാക്കുക’ എന്ന വലിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുത്തിട്ടുള്ള ആളല്ല ഈ ദൈവം. കവിതകളിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാൽ കാണുന്നത് കവി ജീവിതത്തെ ഒരു ‘കോപ്പാ’ക്കി മാറ്റിയതിൽ നല്ലൊരു പങ്ക് ഈ പറയുന്ന ദൈവത്തിനുണ്ടെന്നാണ്. ഇങ്ങനെ ഇയാളുടെ ജീവിതത്തെ നാനാവിധമാക്കുകയും തൊടാനാവാതെ മറഞ്ഞിരിക്കുകയും തികച്ചും ഉദാസീനനായിരിക്കുകയും ചെയ്യുന്ന ദൈവത്തോട് ഇത്രയേറെ ഇഴയടുപ്പവും കൂട്ടും കവിയ്ക്ക് എങ്ങനെയുണ്ടായെന്നതാണ് അദ്ഭുതപ്പെടുത്തുന്ന വസ്തുത.  കഥകളിനടനായ ഗോപിയാശാനെ നാട്ടാരു മുഴുവൻ അറിയും എന്നാൽ കഥകളി ഭ്രാന്തനായ പാവം അപ്പൂട്ടനെ ഗോപിയാശാൻ അറിയാൻ ഒരു വഴിയുമില്ലെന്ന ജനകീയതയുടെ ന്യായബുദ്ധികൊണ്ടാവാം അത്. ദൈവം ചിരപരിചിതമായ ഒരു പൊതുമാർഗമാണല്ലോ. എന്നാൽ അതിലേറെ വിശ്വസനീയം കവിതയ്ക്കായി കവി ദൈവത്തിന്റെ ഒരു റെപ്ലിക്ക നിർമ്മിക്കുന്നു എന്നതാണ്. വിശ്വാസത്തിന്റെ ആലക്തികപ്രഭയിൽ വിരാജിക്കുന്ന ദൈവമല്ല അത്, ആവും വിധം ഉടയ്ക്കുകയും വാർക്കുകയും ചെയ്യാവുന്ന ഒരു 'പേഴ്സണൽ ഗോഡാ'ണ്.  കവിയുടെ ആമന്ത്രണങ്ങൾ നിവേദനങ്ങളും ആവലാതികളുമായി പരിണമിക്കുന്നത് തന്നോടുള്ള ഏറ്റു പറച്ചിൽ കൊണ്ടാണ്. വാക്കിന്റെ പേശീബലത്തെക്കുറിച്ചറിയാവുന്നവർക്ക് അറിയാം, ഏതക്ഷരത്തിനും മന്ത്രമാവാം എന്ന്. ഈ ദൈവസൃഷ്ടിയ്ക്കുള്ള മണ്ണ് ശിഹാബുദ്ദീൻ കുഴിച്ചത് മനസ്സെന്ന നിലത്തിലാണ്. മനസ്സ് നിർമ്മിക്കപ്പെട്ട അതേ പദാർത്ഥം കൊണ്ടാണ് ‘അജ്ഞതയുടെ കണ്ണുകൾ’ എന്ന ധ്യാനകവിതകളിലെ ദൈവത്തെയും  സൃഷ്ടിച്ചിരിക്കുന്നത്. കണ്ണാടിയുടെ അപ്പുറവും ഇപ്പുറവും നിന്ന് ബിംബപ്രതിബിംബങ്ങൾ ഒരേ പദാർത്ഥസൃഷ്ടിയാൽ ചിരപരിചിതരും അപരിചിതരുമായിരിക്കുന്നതുപോലെയാണത്. കണ്ണാടിയുടെ അതിരുവക്കിൽ നിന്ന് തന്നെ ഉറ്റുനോക്കുകയും മൌനിയായിരിക്കുകയും ഛായയ്ക്കപ്പുറത്ത് നിഗൂഢതകളുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന താൻ തന്നെയായ ഒരു ദൈവമാണവിടെ. ഇവിടെ പദാർത്ഥങ്ങൾ വ്യത്യസ്തമാവുന്നില്ലെന്ന വ്യത്യാസമേ ഉള്ളൂ.   നാരായണഗുരുവിന്റെ  ദൈവദശകം എന്ന കീർത്തനത്തിലെ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിയ്ക്കുള്ള സാമഗ്രിയും അദ്ഭുതകരമായി ഒന്നായി തീരുന്ന ദൈവക്കാഴ്ച അങ്ങനെ മറ്റൊരു തരത്തിൽ ഈ കവിതകളിലും വന്ന് തീ കൊടുക്കുന്നു എന്നു പറഞ്ഞാൽ ഏതാണ്ട് ശരിയാവും.  

 

1 comment:

rameshkamyakam said...

പേഴ്സണൽ ഗോഡ് കൺസെപ്റ്റ് കൊള്ളാം.പിന്നെ അഴീക്കോട്.ആരേയും കണ്ണടച്ചുവിശ്വസിക്കാതെ അവനവന്റെ ശരികളിലേക്കുപോകാൻ വായനക്കാരന് അറിയാമെന്നതാണ് ചരിത്രം.ഭക്തിക്കാരുടേയും നാരായണഗുരുവിന്റേയും മിസ്റ്റിസിസം ആവശ്യത്തിൽ നിന്നുണ്ടായതാണ്.പൊയ്ത്തും കടവും ആധുനിക കാലത്തിന്റെ ആവശ്യമാകാം.വായക്കാരൻ ഒന്നിലും കെട്ടപ്പെട്ടവനാകരുത്.ലേഖനം നിലവാരം പുലർത്തി.