March 27, 2011

സൈലന്റ് വാലി ഒരു കാടുമാത്രമല്ല.



സസ്യശാസ്ത്രജ്ഞനും കൂടിയായിരുന്ന ബ്രിട്ടീഷ് സർജൻ റോബർട്ട് വൈറ്റാണ് സൈരന്ധ്രിവനം എന്ന സൈലന്റ് വാലിയുടെ സസ്യ-ജൈവ സമ്പത്തിനെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ചത്. നീലഗിരി ജൈവമണ്ഡലത്തിലെ സസ്യജാലങ്ങളെപ്പറ്റി രേഖാചിത്രങ്ങളുടെ അകമ്പടിയോടെ ആറുവാല്യത്തിൽ അദ്ദേഹം പുറത്തിറക്കിയ പഠനവും നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ആ മേഖലയെപ്പറ്റിയുള്ള ആദ്യത്തെ ആധികാരിക രേഖയായി ഇന്നും ശാസ്ത്രലോകം പരിഗണിച്ചുപോരുന്നത് വൈറ്റിന്റെ പഠനങ്ങളെയാണ്. തുടർന്നാണ് റിച്ചാർഡ് ഹെൻട്രിയും ജെയിംസ് സെക്ക്സ് ഗാംബിളും ഡോ. നോർമൻ ബോറും സൈലന്റ് വാലിയിൽ പഠനങ്ങൾക്ക് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ സ്വാതന്ത്ര്യാനന്തരം വരെ ഇവിടെ അന്വേഷണങ്ങൾ നടത്തിയ ഗവേഷകർ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് തലമുറകൾക്ക് കൈമാറിയത്. പുഷ്പിത സസ്യങ്ങൾ ആയിരത്തിലധികം ഇനങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. പുഷ്പിക്കാത്തവയും അത്ര തന്നെയുണ്ട്. സൂക്ഷ്മസസ്യങ്ങൾ വേറെ. മറ്റെങ്ങുമില്ലാത്ത ഓർക്കിഡുകളുടെ കലവറയാണ് സൈരന്ധ്രിവനം. ‘ഇപ്സിയ മലബാറിക്ക’ എന്ന ഓർക്കിഡും ‘സൈലന്റു‌വാലി നായരി’ എന്ന പുൽച്ചെടിയും ‘കാസ്റ്റിൻ കേദാരനാഥി’ എന്ന പുതിയതരം സ്പീഷിസിൽ‌പ്പെട്ട വന്മരവും ‘സൈരന്ധ്രി തുമ്പി’ എന്ന അറിയപ്പെടുന്ന ‘ഡാവിഡിയോയിഡസ് മാർട്ടിനി’ യും പിൽക്കാലത്ത് അന്വേഷണകുതുകികളെ ആവേശം കൊള്ളിച്ച കണ്ടെത്തലുകളാണ്. അത്യപൂർവമായ പക്ഷിമൃഗാദികളുടെകൂട്ടത്തിൽ പ്രാക്കുരുവിയും ചെറുതേൻ‌കിളിയും നീലത്തത്തയും ചെഞ്ചിലപ്പനും സിംഹവാലൻ കുരങ്ങനും കരിംകുരങ്ങുകളും ഉണ്ട്. സൂ-ജ്യോഗ്രഫിക് പരിണാമത്തിൽ മത്സ്യങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെട്ടു എന്നതിനു സജീവമായ തെളിവായി കാരി വിഭാഗത്തിൽ‌പ്പെടുന്ന രണ്ട് അപൂർവ മത്സ്യങ്ങളെയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെറുജീവികളുടെ വലിയ ലോകം കൂടിയാണ് ഈ നിത്യഹരിതമഴക്കാട്. 128 ഇനം ചിത്രശലഭങ്ങൾ ഇതിനകം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 225 ഇനം കീടങ്ങളെയും. 168 ഇനം തവളകളിൽ നാലെണ്ണം ശാസ്ത്രലോകത്തിനു തന്നെ പുതിയതായിരുന്നു. റോമുലസ് വിറ്റേക്കറും ജെറാർഡ് മാർട്ടിനും കൂടിച്ചേർന്ന് നടത്തിയ പഠനത്തിൽ 25 ഇനം ഇഴജന്തുക്കളെ വർഗീകരിച്ചിട്ടുണ്ട്.

അമ്പരപ്പിക്കുന്ന ജൈവവൈവിദ്ധ്യം കൊണ്ട് അങ്ങേയറ്റം സമ്പന്നമായ ഈ ഭൂഭാഗമാണ്, ഇരുട്ടിലും ജാഗരൂകരായിരുന്ന പരിസ്ഥിതിസ്നേഹികളുടെ ആത്മാർത്ഥതകൊണ്ട് സർവനാശത്തിന്റെ വക്കിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. സൈലന്റ്‌വാലി ഇന്നൊരു പാഠപുസ്തകമാണ്. ഭൂമിയുമായുള്ള പൊക്കിൾക്കൊടി ബന്ധം നിശ്ശേഷം അറുക്കുന്ന രീതിയിലുള്ള വികസനം വികസനമല്ലെന്ന അറിവിലേയ്ക്ക് ഉണരാൻ നമ്മെ പിന്തുണച്ചത് സൈലന്റു‌വാലി പദ്ധതിയെ എതിർത്തുകൊണ്ടു നടന്ന സമരങ്ങളാണെന്നു പറയാം.. ഭൂമിയോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിച്ചും കൊണ്ടു കൂടിയാണ് മലയാളിയുടെ എഴുപതുകൾ അവബോധത്തിന്റെ ദശകമായി പരിണമിക്കുന്നത്. 1975 -ലാണ് 50 മെഗാവാട്ട് വൈദ്യുതിയുടെയും മൂവായിരം പേർക്കുള്ള തൊഴിലിന്റെയും പ്രലോഭനവുമായി കുന്തിപ്പുഴയ്ക്കു കുറുകേ അണകെട്ടാനുള്ള പദ്ധതി വരുന്നത്. ബ്രിട്ടീഷുകാരുടെ ഭരണസമയത്തു തന്നെ അണകെട്ടിനുള്ള ആലോചനകൾ നടന്നിരുന്നു. പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയ പദ്ധതി വീണ്ടും എഴുപതിന്റെ മദ്ധ്യത്തോടെ സജീവമാകുന്നു. മലബാറിൽ നിലവിലുണ്ടായിരുന്ന വൈദ്യുതിക്കമ്മി ആലോചനകൾ ത്വരിതപ്പെടുത്താൻ നിമിത്തമാവുകയും ചെയ്തു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജൈവവൈവിദ്ധ്യത്തെ ജലസമാധിയിലേയ്ക്ക് തള്ളിവിടുന്ന ഒരു കൂറ്റൻ അണക്കെട്ടു നിർമ്മാണപദ്ധതി ആലോചനകൾ, സൈലന്റ് വാലിയുടെ പരിഗണനകളിലേയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു. സഫർ ഫത്തേഹള്ളിയുടെ നേതൃത്വത്തിൽ നടന്ന എൻ സി ഇ പി സി പഠന റിപ്പോർട്ട് അണക്കെട്ട് ഉണ്ടാക്കാൻ പോകുന്ന നാശങ്ങളെ സമഗ്രമായി തന്നെ അവലോകനം ചെയ്തു. വനനശീകരണത്തിനെതിരെ അങ്ങും ഇങ്ങും ഉയർന്നിരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ഇത് കൂടുതൽ ജാഗ്രതയുള്ളതാക്കി. ഡോ. വി എസ് വിജയനും ഡോ എം ബാലകൃഷ്ണനും ചേർന്ന്, പദ്ധതി നടപ്പായാൽ സൈരന്ധ്രി വനത്തിനുണ്ടാകുന്ന ജൈവസമ്പദ്നാശം എത്രയെന്നു കണക്കുകൂട്ടി. ഡോ. എം കെ പ്രസാദ് ‘ശാസ്ത്രഗതിയിൽ’ സൈലന്റുവാലിയെ രക്ഷപ്പെടുത്തുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ലേഖനമെഴുതി. പയ്യന്നൂർ സർക്കാർ കോളേജിലെ സുവോളജി അദ്ധ്യാപകനായിരുന്ന ജോൺ സി ജേക്കബാണ് സൈലന്റുവാലി പ്രശ്നത്തെ തെരുവിലേയ്ക്ക് കൊണ്ടുവന്നത്. പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രക്ലബ് പത്രമായിരുന്ന മൈനയും അതു സീക്ക് എന്ന സംഘടനയായപ്പോൾ മുഖപത്രമായിരുന്ന സൂചീമുഖിയും ഗൌരവമുള്ള വിഷയമായി സൈലന്റുവാലിയെ നിലനിർത്തിന്നതിൽ വഹിച്ച പങ്ക് നിസ്സാരമല്ല. ശാസ്ത്രസാഹിത്യപരിഷത്ത് പ്രശ്നം ഏറ്റെടുക്കുന്നതോടെ സമരം കൂടുതൽ വ്യാപകമായി തീർന്നു. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകുകയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി ചർച്ചകളും പ്രതിഷേധങ്ങളും നിയമയുദ്ധങ്ങളും നടക്കുകയും ചെയ്തതാണ് തുടർന്നു നാം കാണുന്നത്. ക്യാമ്പസ്സുകൾ പുതിയ വെളിച്ചങ്ങളിൽ പ്രതിബദ്ധമായതോടെ പ്രക്ഷോഭണങ്ങളുടെ ഭാവരൂപങ്ങൾ മാറി. ഇതിനിടയിൽ വ്യക്തിഗതമായ ആത്മാർത്ഥകളുടെ ഒറ്റയാൾ പോരാട്ടങ്ങൾ വഹിച്ച പങ്കും ചില്ലറയല്ല. കവികൾ കൂടി രംഗത്തെത്തിയതോടെ സാംസ്കാരികരംഗം കൂടി സമരത്തിൽ അണിചേർന്നു.

പ്രകൃതിയെയും വികസനത്തെയും രണ്ടു തട്ടിൽ നിർത്തിയുള്ള ബൌദ്ധികവ്യായാമങ്ങൾക്ക് സൈലന്റുവാലി ഒരുക്കിയ പാത ഇന്നും ഏറെക്കുറെ സജീവമാണെന്ന് പറയാം. സൈലന്റുവാലി പ്രക്ഷോഭത്തിനുണ്ടായിരുന്നത് ഒരു ചെറിയ തുടക്കമാണ്. അത് പല രീതിയിൽ പടർന്നു പന്തലിച്ചു. ഇന്റർ നാഷണൽ കൺസെർവേഷൻ ഓഫ് നേച്ചറും വേൾഡ് വൈൽഡ് ലൈഫ് ഫണ്ടും ഇടപെടണമെങ്കിൽ അതിനു കിട്ടിയ വ്യാപകമായ ജനശ്രദ്ധ മനസ്സിലാക്കാവുന്നതാണല്ലോ. വികസനത്തെ അനുകൂലിക്കുന്നവരുടെ പിന്തുണയും ശക്തിയും സ്വാധീനവും ഒട്ടും കുറവല്ലാതിരുന്നിട്ടും മുഖ്യധാരാ മാധ്യമങ്ങൾ ഇരുപക്ഷത്തെയും സംവാദങ്ങളെ ചൂടോടെ നിലനിർത്തിയിട്ടും നിരന്തരമായ പഠനങ്ങളിലൂടെ തങ്ങളുടെ വാദമുഖങ്ങളുടെ മൂർച്ചയും ആത്മാർത്ഥതയും സത്യസന്ധതയും നിലനിർത്താൻ പരിസ്ഥിതിസ്നേഹികൾ രാപകൽ പരിശ്രമിച്ചതിന്റെ ഫലമായാണ് 1983 നവംബറിൽ പദ്ധതി നിർത്തിവയ്ക്കാൻ കേന്ദ്രം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 1985 സെപ്തംബറിൽ സൈലന്റുവാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പത്തുകൊല്ലത്തോളം നീണ്ട ഒരു സമരം അതിന്റെ ചൂരും ചൂടും ചുനയും കൈക്കൊണ്ടത് മനുഷ്യത്വത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളിലാണ്. അവനായി മാത്രം ഈ ഭൂമി എന്ന നിലയിൽ നിന്ന് അവൻ കൂടി ഉൾപ്പെട്ട ഒരു ആവാസവ്യവസ്ഥയുടെ സംരക്ഷകനാണ് അവൻ എന്ന നിലയിലേയ്ക്ക് പരിണമിച്ചതാണതിന്റെ നന്മ. പക്ഷേ ഇന്നും സൈലന്റുവാലി ഒരു പ്രതീകമോ സൂചകമോ ഒക്കെയായി നമ്മുടെ മുന്നിലുണ്ട്. പരിസ്ഥിതിപ്രക്ഷോഭങ്ങളുടെ ഊർജ്ജമായി. സൈലന്റുവാലി പ്രസ്ഥാനം ശരിയായിരുന്നോ എന്ന ചർച്ച ഇന്നും അവസാനിച്ചിട്ടില്ലെന്നു കാണുക. കാടും നാടും മുടിക്കുന്ന പദ്ധതികൾ വേഷപ്രച്ഛന്നരായി വീണ്ടും വീണ്ടും സജീവമാകുന്ന കാലത്ത് സൈലന്റുവാലി പച്ച പിടിച്ച ഒരു തുടർക്കണിയായി നിലനിൽക്കേണ്ടതുണ്ട്.

സൈലന്റ് വാലി ഒരു കാടുമാത്രമല്ല, ലോകത്തിൽ തന്നെ സമാനതകളില്ലാത്ത പരിസ്ഥിതിസമരത്തിന്റെ ഓർമ്മകൂടിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് ആ സമരത്തിന്റെ നാൾവഴിചരിത്രമാണ്. ആ ദൌത്യമാണ് സജി ജെയിംസ് രചിച്ച ‘സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം’ എന്ന പുസ്തകം നിർവഹിക്കുന്നത്.


സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം

ചരിത്രപഠനം
സജി ജെയിംസ്
ഡിസി ബുക്സ്
വില : 120 രൂപ

4 comments:

ശ്രീനാഥന്‍ said...

നല്ലൊരു ആമുഖം!

SHANAVAS said...

വളരെ കാലിക പ്രസക്തിയുള്ള പോസ്റ്റ്‌.ഒപ്പം,സൈലന്റ് വാലിയെ ഈ തരത്തില്‍ നിലനിര്‍ത്താന്‍ വിയര്‍പ്പു ഒഴുക്കിയ വികസവിരോധികള്‍ എന്ന് പഴി വേണ്ടുവോളം കേട്ട പ്രകൃതി സ്നേഹികള്‍ക്ക് മുന്‍പില്‍ ശിരസ്സ്‌ നമിക്കുന്നു.

IndianSatan said...

ചരിത്ര സ്മാരകങ്ങള്‍ വെറും കെട്ടിടങ്ങളും അവശിഷ്ടങ്ങളും മാത്രം ആയിക്കാണുന്നവര്‍ക്ക് സൈലന്റ് വാലി വെറും 'കാട് മാത്രം' അല്ലേ ആവൂ.......!

ദീര്‍ഘദെര്‍ശനമോ കാഴ്ചപ്പാടോ ഇല്ലാത്തവര്‍ നേതാക്കന്മാര്‍ ആയാല്‍ ഇതില്‍ കൂടുതല്‍ എന്ത് എങ്കിലും പ്രതീക്ഷിക്കാന്‍ പറ്റുമോ.........!!?

Unknown said...

ശിവാ,വളരെക്കാലങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്ന് ഈ ബ്ലോഗിലൂടെ കടന്നു പോയി. നീ ഒരു വലിയ ജോലിയാണു ചെയ്യുന്നത്.നമ്മുടെ കാലത്തെ സാംസ്ക്കാരിക വിമര്‍ശനത്തിന്റെ ഉജ്ജ്വലമായ ഒരു മുഖമാണിത്. ഒരിക്കലും ക്ഷീണിക്കാതെ.ഒരിക്കല്‍ പോലും വെള്ളം ചേര്‍ക്കാതെ..my great salute to u..