
ഒലീവുമലയിലെ ഒരു ദേവാലയമുറ്റത്തു വച്ച് ഒരിക്കല്‍ അതിരാവിലെ ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന യേശുവിന്റെ മുന്നില്‍ ഫരിയേസരും നിയമജ്ഞരും കൂടി ഒരു സ്ത്രീയെ കൊണ്ടു വന്നു നിര്‍ത്തിയിട്ട് പാപവൃത്തിയുടെ പേരില്‍ അവളെ കല്ലെറിഞ്ഞു കൊല്ലന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ ആദ്യം യേശു നിശ്ശബ്ദനായി നിലത്തിരുന്ന് എന്തോ എഴുതുകയാണ് ചെയ്തത്. തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു ശേഷമാണ് ആ പ്രസിദ്ധമായ വാക്യം - “പാപം ചെയ്യാത്തവന് ആദ്യം ഇവളെ കല്ലെറിയട്ടേ”- ഉച്ചരിക്കപ്പെട്ടത്. അതു കഴിഞ്ഞ് പിന്നെയും യേശു നിലത്തെഴുത്ത് തുടരുകയായിരുന്നു എന്ന് യോഹന്നാന് എഴുതിയ സുവിശേഷം പറയുന്നു. യേശു എന്തായിരുന്നു ആ നിര്‍ണ്ണായക നിമിഷത്തില്‍ എഴുതിക്കൊണ്ടിരുന്നത് എന്നതിനെപ്പറ്റി ഒരു ആദ്ധ്യാത്മികമായ വ്യാഖ്യാനമുണ്ട്. അത്, അവിടെ വ്യഭിചാരിണിയുടെ ചോരയ്ക്കായി ആര്‍ത്തു നിന്നവര്‍ ചെയ്തുകൂട്ടിയിട്ടുള്ള പാപങ്ങളുടെ കണക്കെഴുതുകയായിരുന്നു എന്നതാണ്. കൂട്ടമെല്ലാം ഒഴിഞ്ഞ് തനിച്ചായപ്പോള്‍ സ്ത്രീയോട് ഇനി തെറ്റു ചെയ്യരുതെന്ന് ഉപദേശിച്ചു വിടുകയാണ് അദ്ദേഹം ചെയ്തത്. ‘വ്യഭിചാരം ചെയ്യരുതെന്ന് ’യേശു ഉപദേശിച്ചതായി മത്തായി പറയുന്നു. (മറ്റു സുവിശേഷങ്ങളില്‍ അതില്ല.) ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കവേ, 12 വര്‍ഷമായി രക്തസ്രാവം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അസുഖത്തില്‍ നിന്നുള്ള മുക്തി ആഗ്രഹിച്ച് തന്നെ സ്പര്‍ശിച്ചത് യേശു അറിഞ്ഞിരുന്നു. നിലവില്‍ അത്തരമൊരു സ്പര്‍ശം പാടുള്ളതല്ല. അതാണ് അവള് അനുഭവിക്കുന്ന കുറ്റബോധത്തിന്റെ ഹേതു. അതില്‍ നിന്നും കൂടി രക്ഷിച്ചാണ് യേശു അവളെ പറഞ്ഞയച്ചത്. ബഥനിയായില്‍ വച്ച് ഫരിയേസനെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് സുഗന്ധതൈലം കൊണ്ട് അഭിഷേകം ചെയ്യാന്‍ ഒരു സ്ത്രീയ്ക്ക് അനുമതി നല്കിയതും അവളെ പുകഴ്ത്തിയതും അവള് പാപിനിയാണെന്ന് അറിയാതെയല്ല. ലൈംഗികസമീപനത്തില് യേശു കര്ക്കശനിലപാടുകാരനായിരുന്നില്ല എന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം.
ആദ്ധ്യാത്മികമായ അര്‍ത്ഥം ഒഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുതത്തിലെ യേശുവിന്റെ ഈ നിലത്തെഴുത്ത് ഉദാസീനതയുടെ പ്രകടസാക്ഷ്യമാണ്. അറിവിന്റെ കനി തിന്ന ആദികാലം മുതല്‍ മനുഷ്യനില്‍ കടന്നുകൂടിയ അതിഭീകരമായ പാപബോധത്തെ യേശു അഭിസംബോധന ചെയ്തരീതിയാണത്. ഓര്‍ത്താല്‍ അത്ര നിസ്സാരമല്ല ഇക്കാര്യം. ബാഹ്യമായ അശുദ്ധി. അതൊരു വലിയ കാര്യമല്ലെന്നല്ലേ യേശു പറഞ്ഞതിന്റെ മൊത്തത്തിലുള്ള പൊരുള്‍ ? അതുകൊണ്ട് കല്ലെറിയാന്‍ വന്ന ‘പുണ്യവാളന്മാരെ’ ആന്തരികമായി ശുചിയായി വന്ന് ബലി നിര്‍വഹിക്കാന്‍ പറഞ്ഞു വിട്ടു. ഈ ഉദാഹരണങ്ങള്‍ എടുത്തെഴുതാന്‍ കാരണമുണ്ട്. കാലവിലംഘിയാണ് യേശുവിന്റെ കാഴ്ചപ്പാട്. പഴയനിയമത്തിലെ ലേവ്യരില്‍ അശുദ്ധിയെ-പ്രത്യേകിച്ച് ലൈംഗികാശുദ്ധിയെ സംബന്ധിക്കുന്ന കര്‍ക്കശ നിലപാടുകളുണ്ട്. ശുക്ലമൊഴുകുന്നതും ആര്‍ത്തവ രക്തമൊഴുകുന്നതും അശുദ്ധിയാണ്. അങ്ങനെയുള്ളവരുടെ കിടക്കയും ഇരിക്കുന്നിടവും അവര്‍ തൊട്ട പാത്രങ്ങളും എല്ലാം അതോടെ ശുദ്ധം മാറിയതാവും. തൊട്ടത് മണ്‍പാത്രമാണെങ്കില്‍ അതുടന്‍ ഉടക്കണമെന്നാണ്. അവരെ തൊട്ടവനു(വള്‍ക്കും)മുണ്ട് അയിത്തം. കുളിച്ചാലും സൂര്യനസ്തമിക്കുന്നതുവരെ അയിത്തം നിലനില്ക്കും. സ്ത്രീയ്ക്ക് ഋതുവായാല്‍ 7 ദിവസത്തേയ്ക്കാണ് അശുദ്ധി. ഋതുകാലത്തെന്നപോലെ എപ്പോള്‍ രക്തസ്രാവമുണ്ടായാലും അയിത്തത്തിന്റെ തോതിനു വ്യത്യാസമില്ല. ഈ അസ്പൃശ്യതാനിയമത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നുകൊണ്ടാണ് യേശുവിന്റെ ശുദ്ധിസങ്കല്പത്തെ നോക്കാന്‍. യേശു ആന്തരികമായ ജീവിതത്തിലായിരുന്നു ഊന്നല്‍ കൊടുത്തത് . പുറമേ നിന്ന് മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധപ്പെടുത്താന് സാദ്ധ്യമല്ലെന്നും ഒരുവന്റെ ഉള്ളില്‍ നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നതെന്നും ഒരിക്കല്‍ ശിഷ്യന്മാര്ക്ക് യേശു വിശദീകരിച്ചു കൊടുക്കുന്നു. (ചരിത്രം ആവര്‍ത്തിക്കും എന്നു പറഞ്ഞതുപോലെ പില്ക്കാലത്ത് കാര്യങ്ങള്‍ പിന്നെയും വഷളായി തകിടം മറിഞ്ഞു. It is well for a man not to touch a woman - എന്നായിരുന്നു, യേശുശിഷ്യന് സെന്റ് പോളിന്റെ അരുളപ്പാട്) ലേവ്യാപുസ്തകം ലൈംഗികമായ വിശുദ്ധി സംബന്ധമായി വിലക്കുന്നതെല്ലാം പാടില്ലാത്ത (അഗമ്യ) ഗമനത്തെയാണ്. ചാര്‍ച്ചക്കാരില്‍ , മാതാവ്, പിതാവിന്റെ ഭാര്യമാര്‍ , സഹോദരി, പിതൃ-മാതൃസഹോദരിമാര്‍ , മരുമകള്‍ , സഹോദരഭാര്യ തുടങ്ങി വിപുലമായ ബന്ധങ്ങളോടുള്ള വിലക്കിനൊപ്പം ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്നവളുടെ നഗ്നത നീ അനാവൃതമാക്കരുത് എന്നുണ്ട് അതില്‍ . അയല്ക്കാരന്റെ ഭാര്യയെയും മൃഗങ്ങളെയും ആണുങ്ങള് ആണുങ്ങളെയും മൈഥുനത്തിന് ഉപയോഗിക്കുന്നത് മ്ലേച്ഛമാണ്. ലേവ്യാ പുസ്തകം സ്ത്രീകളുടെ വൈകൃതത്തെക്കുറിച്ച് അദ്ഭുതകരമായ രീതിയില്‍ മൌനത്തിലാണ്. പിന്നീട് പുതിയ സുവിശേഷങ്ങളിലും വീക്ഷണപരമായി അതു തന്നെ കാണുന്നു. ലൈംഗിക വിലക്കുകളും ശുദ്ധി സങ്കല്‍പ്പവും ആണുങ്ങള് ആണുങ്ങളുടെ സൌകര്യാര്‍ത്ഥം നിര്മ്മിച്ചിരിക്കുന്നതാണെന്നതാണ് ഇവിടങ്ങളില്‍ . അശുദ്ധി നീങ്ങാന്‍ ലേവ്യപുസ്തകത്തിലെ പരിഹാരമാര്ഗങ്ങളില് രണ്ടു പ്രാവിന് കുഞ്ഞുങ്ങളുടെ അല്ലെങ്കില്‍ ചങ്ങാലിപ്പക്ഷികളുടെ ബലി ആവശ്യമാണെന്നിടത്തു നിന്ന് ആര്‍ത്തവത്തിന്റെ രക്തമൊഴുക്കുമായി ബലികള്‍ക്കുള്ള ഒരു വിദൂരമായബന്ധം നമുക്ക് വ്യാഖ്യാനിച്ചെടുക്കാം. ലൈംഗികവൃത്തിയോട് സാമാന്യമായും അഗമ്യബന്ധങ്ങളോട് വിശേഷിച്ചും വല്ലാത്തൊരു ഭയം പ്രാചീനജനതയുടെ സൈക്കില്‍ കിടന്നു പരിഹാസ്യമാംവിധം വട്ടം ചുറ്റിയിരുന്നു എന്നതിന് ഒന്നാന്തരം തളിവാണ് ലേവ്യര്‍ . ഇതു പാടില്ലെന്ന് കര്‍ശനമായി വിലക്കണമെങ്കില്‍ ഇതെല്ലാം ഉണ്ടായിരുന്നിരിക്കണമല്ലോ.
അമ്മയെ കെട്ടിയ ഈഡിപ്പസ്സിന്റെ കാര്യമാണ് നാം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭയം. ഗ്രീക്കു പുരാണത്തില്‍ ആഫ്രോഡൈറ്റിയുടെ മകനും ഭര്‍ത്താവുമായിരുന്നു, ബാക്കസ്. മെസപ്പൊട്ടേമിയയിലെ ഏന്നായുടെ കാമുകനും മകനുമായിരുന്നു ദുമുസി. ബാബിലോണിയായിലെ ഇസ്താര്‍ സ്വന്തം മകനായ താമൂസിനെയാണ് കാമുകനായി കൊണ്ടു നടന്നത്. ഈജിപ്തിലെ ഈഡിസിന്റെ കാമുകന് സഹോദരനായ സിറിസായിരുന്നു. ആകാശദേവനായ സ്യൂസ് ഭാര്യയാക്കിയത് സ്വന്തം സഹോദരി ഹേരയെ. ബ്രഹ്മാവിന്റെ തല ശിവന് നുള്ളിയെടുത്തത് മകളായ സരസ്വതിയെ കാമിച്ചു കൂടിയതിനാണ്. ഇന്ദ്രന്റെ സഹോദരിയാണ് വേദസങ്കല്പമനുസരിച്ച് ഭാര്യയായ ഇന്ദ്രാണി. സീത രാമന്റെ സഹോദരിയും ആണ് എന്ന് ഒരു രാമകഥ. ഭാര്യയ്ക്ക് പര്യായമായി ഉപയോഗിക്കാറുള്ള ഒരു പദം ‘ജായ’യാണ്. അതിന്റെ നിരുക്തം ‘ഭര്‍ത്താവ് ഇവളില്‍ ജനിക്കുന്നു’ എന്നാണ്. (ജായതേ പതിഃ അസ്യാം ഇതി ജായാ) മാതൃസംഗമേച്ഛ അബോധരൂപത്തില്‍ ആ പദരൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാചീനഗോത്രങ്ങള്ക്കിടയില് ഏറ്റവും ശക്തമായി നിലനിന്ന വിലക്കുകളിലൊന്ന് അമ്മായിയമ്മ( ഭാര്യയുടെ അമ്മ)യുമായുള്ള ലൈംഗികബന്ധമാണെന്ന് ‘കുലചിഹ്നങ്ങളും വിലക്കുകളും’ എന്ന പുസ്തകത്തില്‍ സിഗ്മണ്ട് ഫ്രോയിഡ് എഴുതുന്നു. ഭാര്യയുമായി സാമ്യമുള്ളതുകൊണ്ടും ‘അമ്മ’ ആയതുകൊണ്ടും ഏറ്റവും സംഭാവ്യവും എന്നാല്‍ അങ്ങേയറ്റം നികൃഷ്ടവുമായ അഗമ്യ (ഇന്സെസ്റ്റ്) ഗമനമായി അതിനെ പ്രാചീനജനത കണ്ടതില്‍ അദ്ഭുതമൊന്നുമില്ല.
അമ്മയുമായുള്ള വിലക്കപ്പെട്ട ബന്ധം രൂപം നല്‍കിയതാണ് വേശ്യാസംഗമത്വര എന്നൊരു സിദ്ധാന്തം തന്നെയുണ്ട്. മാതൃരതിയാണ് വേശ്യാഗമനമായി പരിണമിക്കുന്നതത്രേ. മാഡം, മിസ്സ്, മിസിസ്സ്, നണ് , ക്യൂന്‍, അക്കാദമീഷ്യന് , മദര്‍ തുടങ്ങിയ പദങ്ങള്‍ക്കെല്ലാം വേശ്യാര്ത്ഥ സൂചനയുണ്ട് എന്ന് ഫെമിനിസ്റ്റ് ക്രിട്ടിക്ക് ഓഫ് ലാന്‍ഗ്വേജ് എന്ന പുസ്തകത്തില്‍ പറയുന്നു. ആര്‍ത്തവം എന്ന സംസ്കൃതവാക്കിന് ശ്ലീലമല്ലാത്ത നിരുക്തിയല്ല ഉള്ളത്. അശുദ്ധിയുമില്ല. ഋതുവില്‍ പ്രാപ്തമായത് (ഋതൌ പ്രാപ്താഃ ആര്ത്തവഃ) എന്നാണ് യാതൊരു അമാന്യതയും തീണ്ടാത്ത അതിന്റെ ആശയം. പക്ഷേ വേശ്യ വാരസ്ത്രീയും ഗണികയുമായി പരിണമിച്ചതില്‍ ലൈംഗികപരമായി മാറിമറിഞ്ഞ കാഴ്ചപ്പാടിന്റെ ഒരു ചരിത്രം ഒടിഞ്ഞുമടങ്ങി ഇരിപ്പുണ്ട്. ‘കാമുകന്മാര് ഇവളുടെ ഗൃഹത്തില്‍ പ്രവേശിക്കുന്നതിനാലാണ്’ വേശ്യയെന്ന പേര് ലഭിച്ചത്. (വിശന്തി കാമുകാഃ അത്ര ഇതി വേശ്യാ) വാരസ്ത്രീയെന്നാല് സര്‍വജനങ്ങള്‍ക്കും ഒന്നുപോലെ സ്വാധീനയായവള് എന്നാണ് അര്‍ത്ഥം. വാരാ എന്ന വാക്കിന് പ്രയോജനമില്ലാത്തത് എന്നും കൂടി അര്‍ത്ഥമുണ്ട് (വാരാനിലം) ഭര്‍ത്താവായി ഒരു സമൂഹം തന്നെ ഉള്ളവളാണ് ഗണിക. സമൂഹത്തിന് ഗണഃ എന്ന പേരുകിട്ടിയത് എത്രയെന്ന് എണ്ണി തിട്ടപ്പെടുത്താന്‍ പറ്റായ്കയാലാണ്. ഇന്നത്തെ നമ്മുടെ സദാചാര മാനദണ്ഡം അനുവദിക്കാത്തതുകൊണ്ടാവാം ഈ പദങ്ങളുടെ അര്‍ത്ഥത്തിനു അപകൃഷ്ടം തോന്നുന്നത്. ഭര്‍ത്താവിന്റെ വീടുകളില്‍ കൊണ്ടു വന്ന് ഭാര്യമാരെ പാര്‍പ്പിക്കുന്ന പരിപാടി കേരളാചാരത്തിനു യോജിച്ചതല്ലെന്ന് കൊച്ചീരാജ്യചരിത്രത്തിലുണ്ട്. സംബന്ധക്കാര് പെണ്ണിനെ അന്വേഷിച്ചു അവളുടെ വീട്ടില്‍ പോകുന്ന പരിപാടിയെ ‘വേശ്യാവൃത്തി’യായാണ് വിദേശികള്‍ കണ്ടത്. ഇപ്പോള്‍ അത്തരമൊരു ഭൂതകാലം പൊതുവേ അല്ലെങ്കില്‍ പോലും നമുക്കുണ്ടായിരുന്നെന്നു ചിന്തിച്ചാല്‍ മതി. അച്ചാലും മുച്ചാലും നമ്മള് ഞെട്ടും. സ്ത്രീയുടെ തന്നിഷ്ടപ്രകാരമുള്ള ലൈംഗികബന്ധത്തെ താങ്ങുന്ന മാതൃദായക്രമം, സ്ത്രീയെ സ്വകാര്യസ്വത്താക്കുകയും ലൈംഗികഭീതിയാല്‍ വിലക്കുകള്‍ക്കുള്ളില്‍ തളയ്ക്കുകയും സ്വന്തം ഉപയോഗത്തിനു മാത്രമായി നിലനിര്‍ത്തുകയും ചെയ്യുന്ന പിതൃദായക്രമക്കാരുടെ കണ്ണില്‍ കരടായി തീര്‍ന്നതിന്റെ പാര്‍ശ്വഫലമാണ് നമ്മുടെ ഇന്നത്തെ സദാചാര-സന്മാര്‍ഗസംഹിതകള്‍ . ഒരു തെളിവു കൂടി. famulus എന്ന വാക്കില്‍ നിന്നാണ് ‘ഫാമിലി’ ഉണ്ടായത്. വാക്കിന്റെ അര്‍ത്ഥം എന്താണെന്നോ, ‘വീട്ടടിമ’ എന്നും. ‘കുടുംബം ഒരു സ്വര്‍ഗം ഭാര്യ (ഭരിക്കപ്പെടേണ്ടവള്‍ ) ഒരു ദേവത’ എന്ന പരസ്യപ്പലകയ്ക്കു പിന്നില്‍ കാലം നിന്ന് അശുദ്ധം മാറാന്‍ അഭ്യംഗസ്നാനം നടത്തുന്ന കാഴ്ച കണ്ടാല്‍ എത്രപേര്‍ക്കു രോമാഞ്ചം വരുമോ എന്തോ? അപ്പോള്‍ അതാണ് !
എങ്കിലെന്ത്? തലകുത്തി നിന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയെയും നമ്മള് നേരെ കാണുന്ന കാഴ്ചയെന്നേ വിചാരിക്കൂ..
പുസ്തകം : അമ്മദൈവവും സംസ്കാരവും - പി സോമന്