August 26, 2009
ഗം ഗണപതിയേ*
ബാലിശത്വവും ആകൃതിയും കുസൃതിയും വച്ചു നോക്കിയാല്‍ പേഗന്‍ ദൈവങ്ങളുടെ മുഖ്യധാരയില്‍ വരാന്‍ ഗണപതിയ്ക്ക് ശേഷിയില്ല. അര്‍ദ്ധ/ഉപദൈവങ്ങളുടെ പ്രത്യേകതകളാണ് മേല്‍പ്പറഞ്ഞവ. നാരദന്റെ ഏഷണിവാസനകൊണ്ട് കുട്ടിച്ചാത്തന്റെ ഗണത്തില്‍പ്പെടുന്നതുപോലെ. വിഘ്നങ്ങള്‍ സൃഷ്ടിക്കുന്ന അസുരനായിട്ടാണ് ആദ്യകാല കൃതികള്‍ ഈ ദൈവത്തെ വിശേഷിപ്പിച്ചിരുന്നത്. പ്രധാന പുരാണ- ഉപപുരാണങ്ങളിലൊന്നുപോലും ഗണപതിയുടെ പേരിലില്ല. ഗണപതികഥകള്‍ പ്രധാനമായും ലഭിക്കുന്നത് ഉത്തരരാമായണത്തില്‍ നിന്നും മഹാഭാരതത്തിന്റെ ആദ്യഭാഗത്തു നിന്നും പദ്മപുരാണത്തില്‍ നിന്നും സ്കന്ദപുരാണത്തില്‍ നിന്നുമാണ്. ഗണേശോപനിഷത്തിന്റെ പഴക്കത്തെക്കുറിച്ച് അത്ര പ്രതീക്ഷ വേണ്ട. ഗണപതിയെക്കുറിച്ച് പുസ്തകമെഴുതിയ (The Book of Ganesha) റോയിന ഗ്രെവാള്‍ പറയുന്നത് ഗുപ്തചക്രവര്‍ത്തിമാരുടെ പ്രതാപകാലത്താണ് ഗണപതിയും ആത്മീയപൊതുധാരയില്‍ എത്തുന്നത് എന്നാണ്. അതായത് ഏ ഡി അഞ്ചാം നൂറ്റാണ്ടോടെ. ദക്ഷിണഭാരത ചരിത്രമെഴുതിയ കെ ഏ നീലകണ്ഠശാസ്ത്രി ബുദ്ധമതം സുസ്ഥാപിതമായി തീര്‍ന്ന മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഹിന്ദുമതക്കാര്‍ക്കിടയിലെ മുഖ്യദൈവങ്ങളിലൊരാളായി ഗണേശനും ഇടം പിടിച്ചിരുന്നു എന്ന് ഉറപ്പിച്ചു പറയുന്നു. പക്ഷേ വേദങ്ങളിലും പുരാണകൃതികളിലുമൊക്കെ കാണുന്ന ‘ഗണേശ്വരന്‍’ നാം കരുതിവരുന്ന ആനത്തയുള്ള ദൈവമല്ലെന്നതാണ് സത്യം. അതു ഗോത്രങ്ങളെ നയിച്ചിരുന്ന സേനാനായകരാണ്. രുദ്രനും ബൃഹസ്പതിയും ഗണേശ്വരന്മാരാണ് അവയില്‍ .
ഗണപതിയെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ഏറിയക്കൂറും ഇപ്പറഞ്ഞ കാലത്തിനു ശേഷം ഗണപതേയന്മാരാല്‍ രചിക്കപ്പെട്ടതാവാനാണു സാധ്യത. ഇടത്തേക്കൊമ്പൊടിച്ച് മഹാഭാരതകഥ (ആദിപര്‍വം) അസാധാരണമായ വേഗത്തില്‍ എഴുതിതീര്‍ത്ത നിലയ്ക്ക് നമ്മള് പരിചയപ്പെടുന്ന ഗണപതി പില്ക്കാലത്തുള്ള കൂട്ടിച്ചേര്‍പ്പാണെന്ന് ഏതാണ്ട് ഉറപ്പിക്കാം. കാരണം മഹാഭാരതത്തില്‍ മറ്റൊരിടത്തും ഗണപതിയ്ക്ക് വിശേഷപ്പെട്ട പങ്കില്ല. പുരാതനചൈനയില്‍ ആനത്തലയുള്ള രൂപത്തെ നിഷേധാത്മകമായ ശക്തിയായിട്ടാണ് ഗണിച്ചിരുന്നത്. ബുദ്ധമതസങ്കല്‍പ്പപ്രകാരം വിനാശകാരകനും പ്രതിബന്ധകാരകനുമാണ് ഇദ്ദേഹം. വിഘ്നകാരിയായി ഗണപതിയെ കണക്കാക്കുന്നതില്‍ ഒരു ആസുരത്വം ഒളിഞ്ഞിരിപ്പുണ്ട്. ഭാരതത്തില്‍ പ്രചാരമുള്ള മറ്റൊരു കഥ, ഗണപതി ഉണ്ടാക്കുന്ന വിഘ്നങ്ങള്‍ സ്വന്തം സൃഷ്ടി അല്ലെന്നതാണ്. വിഘ്നാസുരന്‍ എന്ന ഒരു സത്വത്തിന്റെ മേല്‍ക്കോയ്മ ഗണപതിയ്ക്കായതുകൊണ്ട് അയാളെ അഴിച്ചുവിട്ടും പറഞ്ഞയച്ചുമാണ് അദ്ദേഹം പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് അതു പറയുന്നു. ഇതിലൊരു സമന്വയ ചരിത്രമുണ്ട്. ഒരു പക്ഷേ പ്രതിപക്ഷത്തുണ്ടായിരുന്ന ഒരു ദൈവത്തെ തങ്ങളുടെ അധീശതയില്‍ കൊണ്ടു വന്ന ഗോത്രത്തിന്റെ കാവ്യത്മകമായ ആവിഷ്കരണമാകാമിത്. വ്യത്യസ്ത കുലചിഹ്നങ്ങളുള്ള ഗോത്രങ്ങള്‍ കലഹിച്ചോ വിവാഹബന്ധങ്ങളിലൂടെയോ ഒന്നായപ്പോഴുണ്ടായ മാറ്റങ്ങളെയാണ് മിക്കവാറും ഹിന്ദുദൈവങ്ങളുടെ വാഹനങ്ങള്‍ (എലി, മയില്‍ , പൂവന് കോഴി, കാള, പരുന്ത്...) അര്‍ത്ഥമാക്കുന്നത്. അതതു ചിഹ്നങ്ങളുള്ള ഗോത്രങ്ങളുടെ കീഴടക്കല്‍ തന്നെയാണ് വാഹനങ്ങളായി പരിണമിക്കുന്ന കഥകളിലുള്ളത്. വൈരുദ്ധ്യങ്ങളുടെ സമന്വയം എന്നതിനേക്കാള്‍ രണ്ടു വ്യത്യസ്ത ഗോത്രങ്ങളുടെ ഒന്നാകല്‍ എന്ന ചരിത്രപരമായ സത്യത്തിനാണ് ഗണപതി കഥയില്‍ സാധുതയുള്ളത്. ഒരു നേപ്പാളി കഥയില്‍ ബുദ്ധമത മൂര്‍ത്തിയായ വിഘ്നാന്തകനാല്‍ പരാജിതനായി ബുദ്ധമത അനുയായി ആയിത്തീര്‍ന്ന വ്യക്തിയാണ് ഗണേശന്. ജൈനര്‍ ദ്വാരപാലകന്റെ സ്ഥാനമാണ് ആനത്തലയുള്ള മൂര്‍ത്തിയ്ക്ക് നല്‍കിയിരിക്കുന്നത്.
ചൈനയിലെയും ജപ്പാനിലെയും ചില ബുദ്ധമതക്കാര്‍ ബഹുമാനത്തോടെയും ആനത്തലയുള്ള ദൈവത്തെ നോക്കിക്കണ്ടിട്ടുണ്ട്. വലിപ്പമാണ് തായ്ലന്റ്, കമ്പോഡിയ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ ബുദ്ധപ്രതിമകള്‍ക്കുള്ള പ്രത്യേകത. മെക്സിക്കോയിലും ആരാധ്യമൂര്‍ത്തിയായി ഒരു ഗജമുഖദേവന്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. പ്രകൃത്യാതീതശക്തിയുടെ പ്രഭവവും സമൃദ്ധിയുമാണ് വലിപ്പക്കൂടുതലോടെ വിഗ്രഹങ്ങള്‍ പണിയുന്നതിനു പിന്നിലെ മാനസികപ്രേരണ. ജപ്പനിലെ ഷിങ്കന്‍ ബുദ്ധമതക്കാര്‍ ലൈംഗികാഭീഷ്ടസിദ്ധിയാണ് ഗണപതി ആരാധനയിലൂടെ പ്രതീക്ഷിക്കുന്നത്. ബ്രൂസ്ലിയുടെ കുപ്പായത്തിലെ തലവാലുകള്‍ ഒട്ടിയ മത്സ്യരൂപങ്ങളും ഹിറ്റ്ലറുടെ സ്വസ്തികയും നിലം ഉഴുന്ന കലപ്പയും ജനപ്രിയമാവുന്നത് ചിഹ്നശാസ്ത്രമനുസരിച്ച് അവയുടെ ലൈംഗികസൂചകത്വത്തിലൂടെയാണെങ്കില്‍ ഗണപതിയുടെ തുമ്പിക്കൈയ്ക്കും അതേ അബോധവിവക്ഷ അവകാശപ്പെടാം. ശിവന്റേതായ പലപ്രത്യേകതകളും ഗണപതിയ്ക്കുമുണ്ട്. അമ്മയായ പാര്‍വതിയെപ്പോലൊരുവളെ വിവാഹം കഴിക്കാനാഗ്രഹിച്ചതുകൊണ്ടാണ് ഗണപതിയുടെ വിവാഹം നടക്കാത്തത് എന്ന് പറയപ്പെടുന്നു. (അമ്മയെപ്പോലെ ഒരുവളെ കണ്ടു പിടിക്കാനാണ് ഗണപതി വഴിവക്കുകളില്‍ ഇരിക്കുന്നത്.) ശിവനെപ്പോലെ പാമ്പിനെ ആഭരണമായി ഗണപതിയും അണിയുന്നുണ്ട്. ഗണപതേയന്മാര്‍ ഇക്കാര്യങ്ങളെ ശിവാംശസംഭവനെന്ന സങ്കല്പ്പത്തിന് ഊന്നല്‍ നല്‍കാനായിട്ടാണ് വിനിയോഗിച്ചത്. എങ്കിലും ലിംഗാരാധനയുമായി ബന്ധപ്പെട്ട് ഗണപതിയുടെ രൂപത്തെ അപനിര്‍മ്മിക്കാന്‍ ഇവ സഹായിക്കും. ഓരോ യുഗത്തിലും ഓരോ നിറമാണ് ഗണപതിയ്ക്ക്. സൌവര്‍ണ്ണം, ശ്വേതം, കുങ്കുമം എന്നിങ്ങനെ. കുറുകിയതും തടിച്ചതും കുടവയറുള്ളതും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും ആയ ഗണപതിയുടെ രൂപവും കുട്ടിത്തവും സ്ത്രീകള്‍ക്ക് പഥ്യമാവാന്‍ ഇടയില്ല എന്ന സങ്കല്പം വച്ച് ബംഗാളില്‍ ഗണേശന് ഒരു വാഴയെ കല്യാണം കഴിച്ചുകൊടുക്കുന്ന ചടങ്ങുണ്ട്. വാഴയാവുമ്പോള്‍ കുണുങ്ങിക്കൊണ്ടു നിന്നോളും പരാതി പറയില്ലെന്ന്. താന്ത്രികാചാരങ്ങളിലെ ഗണേശസങ്കല്പം ഇതിനു വിരുദ്ധമാണ്. അവിടെ ഗണപതിയുടെ പത്നി നഗ്നരൂപത്തിലാണ്. പൂജകഴിക്കുന്ന ആള് , നഗ്നനായി, വായില്‍ ഭക്ഷണപദാര്‍ത്ഥങ്ങളോടെ നിന്നു വേണം അതു ചെയ്യാന്‍. ഉച്ഛിഷ്ടഗണപതി എന്നാണ് വാമപക്ഷതാന്ത്രികാചാരം അനുഷ്ഠിക്കേണ്ടുന്ന ഈ മൂര്‍ത്തിയുടെ പേര്. സിദ്ധിയെന്നും ബുദ്ധിയെന്നും രണ്ടു ഭാര്യമാര്‍ ഗണപതിയ്ക്ക് ബ്രഹ്മാവ് നല്‍കിയെന്നും ഒരു കഥ പദ്മ പുരാണത്തില്‍ കാണാനുണ്ട്. ഇവരിലൊരാള്‍ കിണ്ണത്തില്‍ മോദകങ്ങളുമായി ഗണപതിയുടെ ഇടം തുടയിലിരിക്കുകയും ഗണപതി തുമ്പിക്കൈ നീട്ടി മോദകം ഭക്ഷിക്കുകയും ചെയ്യുന്നമട്ടിലാണ് ശില്പം. ശാസ്ത്രപ്രകാരം മോദകം, ലഡ്ഢു തുടങ്ങിയുള്ള മധുരഭക്ഷണവസ്തുക്കള്‍ ആനന്ദാനുഭൂതിയുടെ പ്രതിബിംബങ്ങളാണ്. ലൌകികാനന്ദത്തെ ചൂണ്ടിയാണ് പണ്ടുള്ളവര്‍ ബ്രഹ്മാനന്ദത്തെ നിര്‍വചിച്ചിരുന്നത്. അപ്പോള്‍ വിചാരിക്കുന്നതു പോലെ പെണ്ണുങ്ങളെയും നോക്കി വഴിയിലിരിക്കുന്ന, കല്യാണം കഴിക്കാത്ത അഭിനവആണ്‍ യുവത്വവുമായി ഒത്തുപോകാന്‍ സാധ്യമല്ലാത്തതരം ഗണപതിസങ്കല്‍പ്പവും ഇന്ത്യയിലുണ്ടായിരുന്നു.
പക്ഷേ പ്രകട ലൈംഗികത അത്ര പഥ്യമല്ലാത്തതിനാല്‍ അയ്യപ്പനെപ്പോലെ, ഹനുമാനെപ്പോലെ, ബ്രഹ്മചാരിയായ ദൈവത്തെയാണ് മലയാളി കൂടുതല്‍ പരിഗണിക്കുക. കേരളത്തില്‍ ഗണപതി ഉപാസനാ മൂര്‍ത്തിയായ കുടുംബങ്ങളുണ്ടായിരുന്നു. (ചാത്തന്/ഹനുമാന്/ശാസ്താ സേവപോലെതന്നെ) ‘ഈശ്വരന്റെ രൂപകല്‍പ്പനയിലെ ചമത്കാരം’ എന്ന പുസ്തകത്തില്‍ചിന്മയാനന്ദന്‍ എഴുതുന്നത്, ശരിയായ വിദ്യാര്‍ത്ഥിയുടെ പ്രതീകമാണ് വിനായകന് എന്നാണ്. ആനത്തല അപാരമായ ബുദ്ധിയുടെ പ്രഭവമാണ്. വലിയ ചെവികള്‍ കേള്ക്കുന്നതെന്തും ഉള്‍ക്കൊള്ളാനുള്ള ശേഷിയുടെ ചിഹ്നങ്ങള്‍. മൊട്ടുസൂചിയും മരങ്ങളും ഒന്നുപോലെ എടുക്കാന്‍ കെല്പ്പുറ്റ തുമ്പിക്കൈ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാത്തിനെയും പിടിച്ചെടുക്കാനുള്ള കഴിവിനെയും പ്രതിനിധീകരിക്കുന്നു. വിദ്യാര്‍ത്ഥി ബ്രഹ്മചാരിയുമായിരിക്കണം. അങ്ങനെ കൃത്യമായി ഗണേശനില്‍ എല്ലാം ഒത്തുപോകുന്നു. ഗണപതിയ്ക്ക്, പിള്ളയാര്‍ക്ക് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് സ്വാധീനമുണ്ട്. ഈ സ്വാധീനം നമ്മുടെ മഹാരാഷ്ട്രബന്ധത്തിന്റെ ഫലമാണെന്ന സിദ്ധാന്തത്തെ നീലകണ്ഠശാസ്ത്രി എതിര്‍ക്കുന്നത് സാതവാഹകന്മാര്‍ (മൂന്നാം നൂറ്റാണ്ട്) ആരാധിച്ചിരുന്ന ഗണപതി വിഗ്രഹങ്ങളെ ചൂണ്ടിക്കാട്ടിയാണ്. ഈ വാദത്തെ “സംഘകാലഭരണസംവിധാനം ‘ എന്ന കനപ്പെട്ട ഗ്രന്ഥം തയ്യാറാക്കിയ എന്‍ സുബ്രഹ്മണ്യനും എതിര്‍ത്തിട്ടുണ്ട്.
അതെന്തായാലും ഒന്‍പതാം ശതകത്തില്‍ ശങ്കരാചാര്യരാണ് ഗണപതി പൂജയ്ക്ക് പുതിയ ഉണര്‍വ് നല്‍കിയതെന്ന് റൊയിനാ ഗ്രെവാള്‍ പറയുന്നു. ഗണപതിപൂജക്കാരുടെ സമൂഹം പത്താം നൂറ്റാണ്ടോടെ ശക്തിപ്പെട്ടു. 17-ന്റെ അവസാനം മോറയഗോസ്വാമിയുടെ ശ്രമഫലമായി ഇതൊരു പ്രസ്ഥാനമായി. തുടര്‍ന്നാണ് ഗണപതി സ്തോത്രങ്ങളുടെയും പുരാണങ്ങളുടെയും ഒഴുക്കുണ്ടായത്. ജനങ്ങലെ ഒരുമിപ്പിക്കുവാന്‍ ഉത്സവങ്ങള്‍ക്കുള്ള പ്രാധാന്യം കണ്ടറിഞ്ഞ ബാലഗംഗാധരതിലകനാണ് ഗണേശോത്സവത്തിന് മാഹാരാഷ്ട്രയില്‍ തുടക്കം കുറിച്ചത്. സവര്‍ണ്ണര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്ന ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹത്തെ പുറത്തിറക്കാനും സാധാരണജനങ്ങള്‍ക്ക് ആരതിയുഴിയാനും മഹാരാഷ്ട്രയിലെ ഗണേശോത്സവം അവസരം കൊടുത്തു. അതിന്റെ വമ്പിച്ച ജനപ്രീതിയുടെ കാരണവും അതു തന്നെ. സംഭാവനകളിലൂടെ സ്വരൂപിച്ച പണം കൊണ്ട് കൂറ്റന്‍ വിഗ്രഹങ്ങളുണ്ടാക്കുന്നതിലും അവയെ എഴുന്നള്ളിച്ച് സമുദ്രത്തില്‍ നിമ്മജ്ജനം ചെയ്യിക്കാനായി ആളുകൂട്ടുന്നതിലും തിലകന് പ്രവര്‍ത്തിപ്പിച്ചത് ആത്മീയരാഷ്ട്രീയമാണ്. ഭൌതികശരീരം അപാരചൈതന്യത്തില്‍ ലയിക്കുന്നതിന്റെ പ്രതീകാത്മക ആചാരമാണ് ഗണപതി വിഗ്രഹങ്ങളുടെ സമുദ്രലയനം. ആധ്യാത്മികമാണെങ്കിലും ഈ വിശദീകരണത്തിന്റെ വിഡ്ഢിത്തത്തെപ്പറ്റി ആലോചിച്ചു നോക്കുക. ജാതിഭേദങ്ങള്‍ക്കൊണ്ട് കലഹിച്ചുനിന്ന ഹൈന്ദവമനസ്സുകളുടെ ഏകീകരണമായിരുന്നു തിലകന്റെ ഉദ്ദേശ്യം. സ്വാതന്ത്ര്യം എന്ന ലക്ഷ്യവും അന്ന് ജ്വലിച്ചുകൊണ്ട് മുന്നിലുണ്ട്. തിലകന്റെ മരണത്തോടെ നിന്നുപോയ ഘോഷയാത്ര ശിവസേനയുടെ ഉദയത്തോടെയാണ് തിരിച്ചു വരുന്നത്. എന്നുവച്ചാല്‍ അതിന്റെ രാഷ്ട്രീയവശം കൃത്യമായി മനസ്സിലാക്കാനും പ്രയോഗതലത്തില്‍ കൊണ്ടുവരാനും സമകാലത്ത് സാധിച്ചത് താക്കറെയുടെ ശിവസേനയ്ക്കായിരുന്നു എന്ന്. മണ്ണിന്റെ മക്കള്‍ വാദം ഉന്നയിച്ച് അധികാരത്തിന്റെ രുചിയറിഞ്ഞ മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഭൌതികശരീരത്തിന് ഭീമാകാരത്വം ഉറപ്പിച്ചുകൊടുത്ത അതേ ഉത്സവത്തെ മലയാളികള്‍ സ്വന്തമാക്കിയതെന്തിനാണെന്നാണ് ഇനി വിചാരിക്കാനുള്ളത്. പഴയ സിദ്ധാന്തങ്ങള്‍ വിടാം, നാം അക്ഷരം എഴുതി പഠിച്ചതെങ്ങനെയായാലും, വര്‍ണ്ണ ശബളിതനായ ഈ പുതിയ ഗണപതി മഹാരാഷ്ട്ര വഴി തന്നെയാണ് കേരളത്തില്‍ അണഞ്ഞിരിക്കുന്നത്. ഈ വര്‍ഷത്തെ ഗണേശ നിമ്മജ്ജനത്തിനായി തിരുവനന്തപുരത്ത് ശിവസേന ഒരുക്കിയിരിക്കുന്ന വഴിയോരകൂടാരങ്ങള്‍ 1008. ഇവിടങ്ങളിലെല്ലാം പൂജകളുണ്ട്, അനുബന്ധ പണപ്പിരിവുകളുണ്ട്. രാപകലില്ലാതെ ഗണേശസ്തോത്രങ്ങള്‍ ഉച്ചത്തില്‍ ഉച്ചഭാഷിണികള്‍ അലറുന്നുണ്ട്. വിഗ്രഹങ്ങള്‍ കടലിലൊഴുക്കല്‍ പരിപാടിയ്ക്ക് കഴിഞ്ഞതവണ സുരേഷ്ഗോപിയായിരുന്നു മുഖ്യാതിഥിയെങ്കില്‍ ഇത്തവണ സാക്ഷാല്‍ ചിയാന്‍ വിക്രമാണ്. കൂടിക്കളിക്കാനും രോമാഞ്ചം കൊള്ളാനും ഭക്തിയില്‍ മുഴുകാനും തലയില്ലാത്ത ജനത്തിന് ഇനിയെന്തു വേണം?
അദ്ഭുതകരമാണ് ഗണേശോത്സവത്തിന്റെ കേരളത്തിലെ വളര്‍ച്ച. അതിനു പിന്നിലുള്ള കാരണം എന്തായാലും. ആത്യന്തികമായി എന്താണ് ഈ പുതിയ ഉത്സവം, റോഡടച്ചുള്ള ഘോഷയാത്ര, 1008 കൂറ്റന്‍ ഗണപതികളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ പാഴ്ച്ചെലവ്, വിഗ്രഹങ്ങള്‍ (അവയിലൊന്നും ഇപ്പോള്‍ കളിമണ്ണല്ല) കടലിലൊരിടത്ത് ലയിക്കുന്നതുകൊണ്ടുണ്ടാവുന്ന പരിസ്ഥിതിപ്രശ്നം (കഴിഞ്ഞതവണ ഗണേശോത്സവം കഴിഞ്ഞയുടന്‍ മുംബായ് കടലില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയിരുന്നു.) , ശബ്ദമലിനീകരണം എല്ലാം കൂടി തലസ്ഥാനത്തെ പ്രബുദ്ധജനതയ്ക്ക് നേടിക്കൊടുക്കുന്നത്? ഫലത്തിലിത് അതു നടത്തുന്ന സംഘത്തിനല്ലാതെ മറ്റാര്‍ക്കും പ്രയോജനം ചെയ്യുന്നില്ലെന്നതാണ് വാസ്തവം. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ , ഈ ഘോഷയാത്രയ്ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. അധികാരത്തെ തെഴുപ്പിക്കല്‍ . അതറിയാതെയാണ് ജനം ഭക്തിയില്‍ രമിക്കുന്നത്. കുറ്റബോധങ്ങളെ ഇറക്കി വയ്ക്കുന്നത്. വഴിവക്കിലെ താത്കാലിക ടെന്റിലെ ആരതികളില്‍ തൊട്ട് കണ്ണില്‍ വയ്ക്കുന്നത്. വിഘ്നേശ്വരോത്സവം പല നിലയ്ക്കും സാമൂഹികമായ വിഘ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും കുടിയിരുത്തുകയുമാണ്. പൂജിക്കുന്നത് ആരുടെ ദൈവത്തെ, എന്തിനുള്ള ദൈവത്തെ എന്നതിനെപ്പറ്റി കൂടി ചിന്തയുണ്ടാവണം ആചാരങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക്. സമൂഹത്തിന്റെ ഗതിവിഗതികള്‍ അവിടെ കിടക്കുന്നു എന്നതിനാല്‍ . ഭക്തിയുടെ ബാഹ്യതലത്തില്‍ അതിരുവിട്ട് രമിക്കുന്ന സ്വഭാവമുള്ളതുകൊണ്ടും തിരിച്ചറിവുകള്‍ പല നില്യ്ക്കും സംഭവിക്കാതെ സ്തംഭിച്ചു നില്ക്കുന്നതുകൊണ്ടും ജനക്കൂട്ടം എന്ന നിലയില്‍ മലയാളിക്ക് അത് മനസ്സിലാക്കുന്നതിനു പ്രയാസമുണ്ട്. ഗണപതി എന്ന ദൈവം അതിന്റെ ആദിസ്വരൂപമായ അസുരാവസ്ഥയിലേയ്ക്ക് പോവുകയാണ് ഗണേശോത്സവങ്ങളില്‍ എന്നു സംശയിക്കാന്‍ ഒരുപാട് ന്യായങ്ങളുണ്ട് എന്നു മാത്രം ഇപ്പോള്‍ പറയാം.
ചിത്രം. ദ ഹിന്ദു ബ്ലോഗ്
*സംസ്കൃതരീതിയനുസരിച്ച് ഗണപതയേ, ഗണപതേ (രണ്ടിനും അര്‍ത്ഥവ്യത്യാസമുണ്ട്) എന്നൊക്കെയാണു വേണ്ടത്. ഇതു മലയാളരീതി !
Labels:
പലവക,
മതം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
26 comments:
വൌ...
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി :)
വാലന്റൈൻസ് ഡെയും ഫ്രണ്ട്ഷിപ്പ് ഡേയും നമ്മളാഘോഷിച്ചാൽ അത് പാശ്ചാത്യരുടെ സാംസ്കാരിക അധിനിവേശം. രജപുത്രരുടെ രക്ഷാബന്ധനവും മറാഠികളുടെ ഗണേശോത്സവവും കേരളത്തിൽ ആഘോഷിക്കുന്നത് ആർഷഭാരതസംസ്കാരം!. ഈ ഇരട്ടത്താപ്പ് എന്നു പറയണ സാധനം ഇതു തന്നെയാവും അല്ലേ? :)
ഒരു സംശയം:
[ഓരോ യുഗത്തിലും ഓരോ നിറമാണ് ഗണപതിയ്ക്ക്. സൌവര്‍ണ്ണം, ശ്വേതം, കുങ്കുമം എന്നിങ്ങനെ. ]
ഇതു മനസിലായില്ല. യുഗം എന്നാൽ കലി, ദ്വാപര ആ ഐറ്റം ആണോ? നിറം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അക്കാലത്ത് നിലവിലുണ്ടായിരുന്ന രൂപത്തിന്റെ നിറം. അതോ എന്തെങ്കിലും പ്രതീകാത്മകമായ നിറം?
ഒന്നും മനസിലായില്ല
പാര്‍വതി കുളിക്കുമ്പോള്‍ കാവല്‍ നിന്നിരുന്ന ഗണപതി തന്നെ കടത്തിവിടാത്തതിലുള്ള കോപത്താലാണല്ലോ ശിവന് ഗണപതിയുടെ തലയറുക്കുന്നതും പിന്നീടു ആനത്തലവച്ചുകൊടുക്കുകയും ചെയ്യുന്നത്. അമ്മയെ പോലെ ഒരാളെ വിവാഹം കഴിക്കുവാന്‍ ഗണപതി ആഗ്രഹിക്കുന്നതുകൊണ്ടാണ് വഴിവക്കിലിരിക്കുന്നതു് എന്നു വായിച്ചപ്പോള്‍ മേല്പറഞ്ഞ കഥ ഓര്‍മ്മവന്നു. നമ്മള് ഒരു ഈഡിപ്പസിനെ നഷ്ടപ്പെടുത്തിയോ?
ഒരു സംശ്യം കൂടി
[ഇടത്തേക്കൊമ്പൊടിച്ച് മഹാഭാരതകഥ (ആദിപര്‍വം) അസാധാരണമായ വേഗത്തില്‍ എഴുതിതീര്‍ത്ത നിലയ്ക്ക് നമ്മള് പരിചയപ്പെടുന്ന ഗണപതി പില്ക്കാലത്തുള്ള കൂട്ടിച്ചേര്‍പ്പാണെന്ന് ഏതാണ്ട് ഉറപ്പിക്കാം. കാരണം മഹാഭാരതത്തില്‍ മറ്റൊരിടത്തും ഗണപതിയ്ക്ക് വിശേഷപ്പെട്ട പങ്കില്ല.]
ഗണപതി ആയിരുന്നില്ലേ വ്യാസമഹാമുനിയുടെ ടൈപ്പിസ്റ്റ്? അതിലും വിശേഷപ്പെട്ട പങ്ക് വേറെ എന്ത്? :) അപ്പോ അതെങ്ങനെ ഫിറ്റ് ഇൻ ആവും.. ആ ടൈപ്പിസ്റ്റ് കഥ അപ്പോൾ എപ്പോൾ കൂട്ടിച്ചേർത്തത്?
മലയാളികളെ മുംബൈയില്‍ നിന്ന് അടിച്ചോടിക്കാന്‍ പാടുപെട്ടിരുന്ന/പെടുന്ന ശിവസേനക്ക് കേരളത്തില്‍ അനുയായികള്‍ ഉണ്ടാകുന്നതിലും തിരിച്ചറിവില്ലായ്മയുണ്ട്.
സെബിന്റെ ഈ പോസ്റ്റിൽ അല്‍പ്പം വരട്ടുചരിത്രം എന്ന ഭാഗത്ത് മുംബൈയിലെ ഗണേശോത്സവത്തിന്റെ ചരിത്രത്തെക്കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു.
ഇതിപ്പോൾ തിരുവനന്തപുരത്തും തുടങ്ങിയോ?
‘നമ്മൾ ഹിന്ദിയല്ല’ എന്ന് എന്തേ ആളുകൾ മനസ്സിലാക്കുന്നില്ല.. ?
വെള്ളെഴുത്തേ,
ഈ വിഷയം കഴിഞ്ഞ ദിവസം ഞങ്ങൾ ഇവിടെ ചെന്നൈയിൽ ചർച്ച ചെയ്തതേ ഉള്ളൂ.1991 ൽ മുംബൈ യൂണിവേർസിറ്റിയിൽ പഠനത്തിനായി പോകുന്നതു വരെ ഇത്തരം ഒരു ഉത്സവത്തെ ക്കുറിച്ച് ഞാൻ കേരളത്തിൽ വച്ച് അറിഞ്ഞിട്ടേ ഇല്ലായിരുന്നു.ഗണേഷ് ചതുർത്ഥിക്കും ഗണേശോത്സവത്തിനും മഹാരാഷ്ട്രക്കാരുടെ ജീവിതത്തിലുള്ള പ്രാധാന്യം അപ്പോളാണ് അറിയുന്നത്.പ്രത്യേകിച്ച് എന്തും ആഘോഷിക്കാനും, ഡാൻസ് ചെയ്യാനുമുള്ള ഒരവസരമായി കാണുന്ന മുംബൈ നഗരവാസികൾക്കിടയിൽ.ഏതാണ്ട് അതേ കാലത്താണു മോഹൻലാൽ അഭിനയിച്ച “അഭിമന്യു” എന്ന ചിത്രം മുംബൈയിൽ ചിത്രീകരിക്കപ്പെട്ടത്.അതിൽ ഗണേശോത്സവത്തിന്റെ യഥാതഥമായ രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
വെള്ളെഴുത്തു പറഞ്ഞതു പോലെ മുംബൈക്ക് വെളിയിൽ പോലും അധിക പ്രാധാന്യം ഇല്ലാതിരുന്ന ഈ ആഘോഷം ഇപ്പോൾ ചെന്നൈ നഗരത്തിനേയും ആക്രമിച്ചു കീഴടക്കിയിരുന്നു.ഒരു പക്ഷേ കേരളത്തിനേക്കാളേറെ ദ്രാവിഡ സംസ്കാരത്തിൽ ഊറ്റം കൊള്ളുകയും, ഭാഷ അടക്കമുള്ള ആര്യ സംസ്കാര ചിഹ്നങ്ങളെ നിഷേധിക്കുകയും എക്കാലത്തും എതിർത്തും പോന്നിരുന്ന തമിഴന്റെ മനസ്സിലും ഉത്തരേന്ത്യൻ ഗണപതി എത്തിച്ചേർന്നിരിക്കുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ തള്ളിക്കയറ്റം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഭൂരിപക്ഷം ഇതൊക്കെ ഇന്നു ചെന്നൈയിലും ഒരു യാഥാർത്ഥ്യമാണ്.അതുകൊണ്ടാവാം ഇവിടുത്തെ പല കടകളിലും കച്ചവടക്കാർ “മുറിഹിന്ദി” പറഞ്ഞു തുടങ്ങിയിരിക്കുന്നത്.
ഇത് ആത്യന്തികമായി എന്തിലേക്കാണു പോകുന്നത് എന്നാണു ചിന്തിക്കേണ്ടത്.വെള്ളെഴുത്ത് പറയുന്നതുപോലെ “ഭക്തിയുടെ ബാഹ്യതലത്തിൽ അതിരു വിട്ട് രമിക്കുന്ന” സ്വഭാവം മലയാളിക്കും തമിഴനുമുണ്ട്.അതിന്റെ ചൂഷണത്തിന്റെ മറ്റൊരു മുഖമാണിത്.അതുവഴി ഒരു സാംസ്കാരിക അധിനിവേശവും....
നന്ദി ഈ പോസ്റ്റിന് !
According to you Ganesh Nimajjan procession causes road blocks,wasteful expenditure ,sound pollution etc.
Whatabout the road blocks ,wasteful expenditure ,sound pollution etc caused by our left and right wing politicians daily?
Ganesh Nimajjan is at least once in a year only . But we have to suffer the niuscences of politicians everyday.Why nobody is bothered about that?
It has become a fashion of our so called malayali geniuses to mock at every symbol of Hindu culture.
I am wondering why are these investigative skills not employed on symbols of other religions like Islam . Hindu culture has become a drum any Tom ,Dick and Harry can beat at their will.
വെള്ളെഴുത്തെ, ഗണേശനെ കുറിച്ച് നന്നായി ഇതെല്ലാം പുതിയ അറിവുകളാണ്, എന്റെ കുട്ടിക്കാലത്തൊന്നും ഗണേശോത്സവം എന്ന് കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല. വലുതായപ്പോള്‍ എന്നോ വായിച്ചറിഞ്ഞു.. ഇന്നതു മൂലം ഉണ്ടാകുന്ന പാഴ്ചെലവിനെക്കാള്, പ്രാകൃതിയില്‍ അതുണ്ടാക്കുന്ന ദുരന്തങ്ങളാണ് മോശം, അതോടൊപ്പം കുറച്ച് രാഷ്ട്രീയവും കൂടികലരുമ്പോള്‍ അത്യന്തം അപകടകരവുമാകുന്നില്ലേ... നാം നല്ലതുകളെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുമ്പോഴും, ഇത്തരം ആചാരങ്ങളോടുള്ള ആരാധന കൂടി വരുന്നുണ്ട്
ബുദ്ധനിലേക്ക് തന്നെ ആണ് പോകേണ്ടതെന്ന് തോന്നുന്നു. പ്രത്യേകിച്ച് ഹിന്ദു ദൈവവും, വൈരി ബ്രാഹ്മണനും കൂടെ മുറിപ്പെറ്റുത്തി പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ അവസ്ഥയിലാണല്ലോ നമുക്ക് ഗണപതിയെ ലഭിച്ചിരിക്കുന്നത്.
ശിവന് - ആദ്യം അമ്മയുടെ കുളിസീന്‍ തടഞ്ഞതിന് പിതാവ് ആയ ഹിന്ദു (ഗോത്ര)ദൈവം തലയറുക്കുന്നു. അവിടെ ആനത്തല വെച്ച് പിടിപ്പിക്കുന്നു. (വാട്ട് ആന ഐഡിയ സാര്ജ്ജി!)
പരശുരാമന് -
അശങ്കമാമാനി വൃശാങ്ക ശിഷ്യന്
അമര്‍ഷ വേഗത്തിന്നധീതനായി
അച്ഛന് കൊടുത്തൊരു കൊടും കുഠാരം
മകന്റെ നേര്ക്കക്ഷണമാഞ്ഞു വിട്ടാര്
ഹിന്ദു ദൈവം കൊടുത്ത ആയുധം കൊണ്ട് തന്നെയാണ് ഗണപതിയുടെ കൊമ്പ് മുറിയുന്നതും. കൊമ്പ് അഹങ്കാര രൂപകം ആണെങ്കില്‍ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് ശേഷമുള്ള ശേഷിച്ച അഹങ്കാരവും അറുത്ത് മാറ്റുന്നത് ബാഹ്മണനായ ഭാര്ഗ്ഗവരാമന്.
ദേ ഇത് പോലെ ഇരിക്കുന്ന Fengshui ബുദ്ധനെ കണ്ടാല്‍ തന്നെ ഒറ്റനോട്ടത്തില്‍ ചെവിയരിഞ്ഞ ബുദ്ധനല്ലേ? :)
ബുദ്ധിയും, സിദ്ധിയും ഗണപതി ഭാര്യമാരാണെന്നും അല്ലെന്നും കേള്‍ക്കുന്നു. പരമശിവന്റെ ആണ്മക്കള്ക്കൊക്കെ രണ്ട് ഭാര്യമാരുടെ കണക്ക് ശരിയാണെങ്കില്‍ പുള്ളിയും രണ്ട് കെട്ടിയിരിക്കണം
മുരുകന് (മറ്റൊരു സേനാനായകന്) -Thevanai & Valli
അയ്യപ്പന്/ശാസ്താവ് (വേറൊരു മെറ്റാമൊര്ഫോസിസ്) - Poorna and Pushkala
അതൊക്കെ പോട്ടെ പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഗണപതി തന്തയ്ക്ക് പിറക്കാത്തവനാണ്. ച്ചാല്‍ തള്ളയ്ക്ക് മാത്രം പിറന്നവന്. സ്വന്തം വിയര്‍പ്പും, മണ്ണും ചേര്‍ത്ത് പാര്‍വ്വതി ഉണ്ടാക്കുന്ന സ്വയം സംരക്ഷണ രൂപമാണ് ഗണപതി. ശിവന്റെ ഭൂതഗണങ്ങളെല്ലാം ഉടയോനായ ശിവനെ തടയാത്തതിനാല്‍ തന്റെ കുളിപ്പുരയ്ക്ക് കാവലിനായ സ്വയം സൃഷ്ടിച്ച കാവല്രൂപം. സോ... സ്വന്തം നഗ്നതയ്ക്ക് മുകളില്‍ അധിനിവേശം നടത്തുന്നതിരെതിരെ ചെറുത്തു നില്ക്കുന്ന ഒരു തന്തയില്ലായ്മയുടെ ഫെമിനിസ്റ്റ് വിപ്ലവം കൂടെ അതിലില്ലേ?
- തല്ക്കാലം ഇത്രമതി. ഇതു തന്നെ ആ വേലായുധന് പണിക്കശേരി കണ്ടാല്‍ പുസ്തകമാക്കി കളയും. (ക്ലിയോപാട്ര നായരാണെങ്കില്‍ ഗനപതിക്ക് ന്തൊക്കെയാകാം ന്റെ ഗണപതീ!)
.
ഞാന്‍ വീണ്ടും (മിത്തു വിട്ട് അല്‍പ്പം കൂടെ പൊളിറ്റിക്കലായിട്ട്..ചുമ്മാ)
ഭിന്നിച്ച് നിന്ന ഹിന്ദുക്കളെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാനായി ബാല ഗംഗാധരതിലകന്റെ ഒരുവക മാസ്റ്റര്‍പ്ലാനായിരുന്നു മുംബൈ ഗണേശോത്സവം എന്നത് നേരാണോ?
അല്ല ഇപ്പം അസം ഗണപരിഷത് [ http://www.asomganaparishad.in/flag.asp ] കൊടിയടയാളമായ ആനെ വിളിച്ച് പറയുന്നത് “ഹാത്തീ നഹിം ഗണേഷ് ഹെ” എന്നാണ്.
Smell anything fishy? sorry i got cold ... :)
വെള്ളെഴുത്തെ മാഷെ സംഭവം പതിവ് പോലെ തന്നെ ഒരു പാട് വിവരങ്ങള്‍ തന്നു ..
ഗണേശന് ആനത്തല കിട്ടിയതിന് വേറൊരു കഥ കൂടി കേട്ടിരിക്കുന്നു , സ്വന്തം മകന്റെ സൌന്ദര്യത്തില്‍ അതീവ ശ്രദ്ധ കൊടുത്ത പാര്‍വ്വതി നോക്കാനായി ശനിയെ ഏല്‍പ്പിച്ചെന്നാണ് , ശനി നോക്കിയാല്‍ പിന്നെ പറയേണ്ടല്ലോ ..
ബാല ഗംഗാധര തിലകന്റെ ഒരു കിടിലന്‍ രാഷ്ട്രീയ ടാറ്റിക്സായിരുന്നു ഗണേശോത്സവത്തെ ജനകീയമാക്കി
ജന സാമാന്യത്തെ സംഘടിപ്പിക്കുക എന്നത് , ഹിന്ദുക്കള്‍ മാത്രമായിരുന്നില്ല ഒരു പറ്റം മുസ്ലീങ്ങള്‍ കൂടി സജീവമായി പങ്കെടുത്തെന്നും അതില്‍ വിറളി പിടിച്ച ബ്രിട്ടീഷ്കാര് തിലകനെ ഹിന്ദു തീവ്രവാദിയാക്കാന്‍ ശ്രമിച്ചെന്നും “ അസ്വസ്ഥതകളുടെ ഇന്‍ഡ്യന്‍ പിതാവ് “ എന്ന് വിശെഷിപ്പിച്ചെന്നും ചരിത്രം പറയുന്നു.......ശരിയാവുമായിരിക്കും
ഗണപതിയെക്കുറിച്ച് പറയുമ്പോള്‍ പണ്ടെങ്ങോ ഒരു മാങ്ങക്ക് വേണ്ടി ഊടായ്പ്പ് കാണിച്ച കാര്യമാണ് ഓര്‍മ്മ വരുന്നത്, മാങ്ങ വേണോങ്കി ലോകം ചുറ്റി വരാന്‍ പറഞ്ഞപ്പോള്‍ സുബ്രമുണ്യന് 100 സി സി മയിലെടുത്ത് ഒരു വിടലായിരുന്നല്ലോ ,എന്തോ എലിക്ക് മയിലിന്റെ അത്ര സ്പീഡില്ലാതിരുന്നതിനാലോ , ലോകപര്യടനത്തില്‍ താല്പര്യമില്ലാതിരുന്നതിനാലോ ഗണപതി ശിവപാര്‍വ്വതിമാരെ ചുറ്റി “ ഇതാണെന്റെ ലോകം “ എന്ന് സോപ്പിട്ട് മാങ്ങ വാങ്ങിയെന്നും , ഫീലിയാസ് ഫോഗിനെക്കാള് വേഗത്തില്‍ ഈരേഴ് പതിനാല് ലോകവും കറങ്ങി വന്ന സുബ്രമുണ്യന് മാംഗോ കിട്ടാതെ ഇളിഭ്യനായെന്നുമല്ലേ കഥ ,
ഒരു തവണ ചെന്നെയില്‍ വെച്ച് ഗണേശോത്സവത്തിന് സാക്ഷിയായിട്ടുണ്ട് , സംഭവം അവര്‍ ആറ്റന്‍ ദ്രാവിഡന്മാരാണെങ്കിലും പിള്ളയാറപ്പനെ [പിള്ളേരടപ്പനല്ല ]കടലിലൊഴുക്കുന്നത് നോര്ത്തിന്ത്യനാക്കി തള്ളിക്കളയാന്‍ യാതൊരു സാധ്യതയുമില്ല , പിന്നെ ഹിന്ദുക്കള്‍ മാത്രമായിരുന്നില്ല ഒരു പാട് മുസ്ലീംസും അതില്‍ പങ്കെടുത്തതായി കണ്ടു , നല്ല കാര്യം റോഡ് ബ്ലോക്ക് ചെയ്തിട്ടെങ്കിലും മത സൌഹാര്ദ്ദമുണ്ടായല്ലോ :)
ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്‍ഡ്യയിലെയും വിദേശത്തെയും ഗണപതിമാര്ക്ക് പാലിനോടൊരു ആക്രാന്തം തോന്നിയത് , ആദ്യം ഒന്നോ രണ്ടോ സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു , പിന്നെ ഒരു പകര്‍ച്ചയായിരുന്നു മൊത്തം ഗണപതിമാരും പാല് കുടിച്ച് തുടങ്ങി, പബ്ലിക്കായി ഗണേശ വിഗ്രഹം പാലു കുടിക്കുന്നത് കണ്ട ഗംഭീരന്‍ പത്രക്കാരും ടീ വിക്കാരുമെല്ലാം അല്‍ഭുത പരതന്ത്രരായിപ്പോയെത്രേ , എന്തായാലും യുക്തിവാദികള്‍ വന്ന് അത് ശക്തിയല്ല,, മന്ത്രമല്ല കാപില്ലറി ആക്ഷനാനെന്ന് പറഞ്ഞിട്ടും പിന്നെയും കുറെ കാലം ഭക്തന്മാര് പാലു കൊടുത്തു ഗണപതി പാലു കുടിച്ചൂ ..അവസാനം ഭക്തന്മാര്ക്കോ ഗണപതിക്കോ മടുത്തപ്പോള്‍ പാലു കുടി നിന്നു , അതിന് ശേഷം കുടി കുറവാണ് ...
എന്തും ഗണപതിക്ക് വെച്ച് തുടങ്ങണമെന്നൊരു പ്രമാണം കൂടിയുണ്ടല്ലോ ..
കൊല്ലങ്ങള്‍ ആയി ഇന്ത്യയിലെ പല ഭാഗത്തും ഇത് നടക്കുന്നു. (സാമ്പിള്‍ : കര്‍ണാടക) ഈ ആഘോഷം നടകുന്നു. ഇതു മഹാരാഷ്ട്രയിലെ ചേട്ടന്മാരുടെ മാത്രം ആണെന്ന് തോനുന്നില്ല.
പിന്നെ, എല്ലാവരും ഒരുമിച്ചു ഒരു ആഘോഷം.....ഒരു സന്തോഷാവസരം. അതിനു എന്തിനാ കണകുണ എന്ന് പറയുനെ? നമ്മുടെ നേതാക്കള്‍ കേരള റാലി, പ്രകടനം, ബന്ദ് തുടങിയ ആഘോഷം നടകുന്നു. അവര്‍ ചെയുന്ന ശബ്ദ മലിനീകരണം എല്ലാ ദിവസം കേള്‍ക്കാം. നമുക്ക് ആദിയം ലവന്മാരെ വരയ്കു നിര്‍ത്താം. പിന്നെ സാദാരണകാരെ പരിഗണിക്കാം. പോരെ ?
പിന്നെ നമുടെ ഫാക്ടറികള്‍ പുറം തള്ളുന്ന അത്ര മാലിന്യനം ഈ പ്രതിമകള്‍ ചെയുന്നോ ? പക്ഷെ, എല്ലാ പ്രതിമയും കളിമണ്ണില്‍ നിര്‍മിക്കാന്‍ ഒരു ഉത്തരവ്ന് വന്നാല്‍ കൂടുതല്‍ നന്നായിരുന്നു.
ot:ചുമ്മാ....for argument sake :
അല്ല, അങ്ങ് ഇന്ത്യക്ക് പുറത് നടന്ന ക്രിസ്തുമസ്, ബ്രകീത് എല്ലാം നമുക്ക് നടത്താം എങ്കില്‍ ഇതിനു എന്താ ഡോ ഒരു വിഷമം ?ഇനി എന്നെ ഹിന്ദു വാദി എന്ന് വിളിക്കലെ... അമ്പലം കണ്ട കാലം മറന്ന ഒരു മലയാളി
മനുഷ്യന് സന്തോഷം നല്‍കാനായി ആഘോഷങ്ങള്‍ തീര്‍ച്ചയായും ആകാം - ശിവ സേനയുടെ ഗണേശോല്സവമോ ആര് എസ് എസ്-ന്റെ കൃഷ്ണാഷ്ടമിയോ ഭാജപായുടെ രാമോത്സവമോ സര്‍ക്കാര്‍വക ഓണം വാരാഘോഷമോ പ്രാദേശിക ഉത്സവങ്ങളോ എന്തായാലും കുറച്ചു ജനങ്ങള്‍ക്ക് സന്തോഷിക്കാം.
മതങ്ങള്‍ അധിനിവേശം നടത്തി ഭാരതത്തില്‍ വന്നു, എന്നിട്ട് എല്ലാവരും സുഖമായി ജീവിക്കുന്നു. അപ്പോള്‍ പിന്നെ, ഒരു മുംബൈ ഗണപതി അധിനിവേഷം നടത്തിയാല്‍ ഇലാതാവുന്ന സംസ്കാരമൊന്നും അല്ലല്ലോ മലയാളികളുടെത്. സംസ്കാരം എന്ന് പറയുന്നത് എന്നും ഒരേ പോലെ നില്‍ക്കില്ല. ആചാരങ്ങളും ആഘോഷങ്ങളും വരും, പോകും. അതില്‍ ചിലപ്പോള്‍ കടന്നു കയറ്റങ്ങളും ഉണ്ടാകാം.
ആഘോഷങ്ങളോടൊപ്പം, ദേവിയായി ഭാരതീയര്‍ ആരാധിക്കുന്ന പ്രകൃതിയെ നശിപ്പിക്കാതെ ആകാമായിരുന്നു. പച്ചമണ്ണുകൊണ്ട് ഗണപതി വിഗ്രഹങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ അത് കടലില്‍ തന്നെ ലയിച്ചു ചേര്‍ന്നേനെ. എല്ലാ ഉണ്ണിക്കുടവയറന്മാരും ഒരിക്കല്‍ ഭൂമിയിലോ വെള്ളത്തിലോ ലയിച്ചു ചേരണമല്ലോ :-)
ഇവിടെ കുറച്ചു ട്രാഫിക് ബ്ലോക്ക് ആകുന്നതു കൊണ്ട് ആഘോഷം പാടില്ല എന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ആഘോഷം നടത്തുന്നവര്‍ മര്യാദപാലിക്കണം, അതനുസരിച്ച് പോലീസ് സൗകര്യം ചെയ്തു കൊടുക്കുകയും വേണം. പക്ഷെ ആഘോഷങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാകുമ്പോള്‍ ചിന്തിക്കുക, ജാഗ്രത പാലിക്കുക.
ഇപ്പരിപാടിപ്പം ഇങ്ങു കോഴിക്കോട്ടും എത്തി...!! സ്വന്തം മാതാ-പിതാക്കളുടെ ജന്മദിനം ആഘോഷിക്കാന്‍ 'കായില്ലാത്തോന്‍' വെറും കഥാപാത്രങ്ങളായ ദൈവങ്ങള്‍ക്കു വേണ്ടി ഇങ്ങനെ എന്തല്ലാം..!! മതങ്ങളുടെ കരിങ്കുപ്പായങ്ങളില് നിന്നെപ്പോഴാണു ദൈവമേ മാനവന്നു മോചനം..!!
മുറിവാല്:- നിഷ്കളരായ ജനത ഉള്ളിടത്തോളം കാലം മതങ്ങള്‍ ഭൂമിയില്‍ ആധിപത്യം തുടരും..!! എല്ലാ മനുഷ്യേന്മാരും മതഗ്രന്ഥങ്ങള്‍ (വിശുദ്ധ ?) സാമാന്യബുദ്ധിയോടെ വായിച്ച് ബോധം വയ്ക്കും വരേ..!!
കാല്വിന്, യുഗം, ത്രേതാ, ദ്വാപര -സംഭവം തന്നെ. ഗണപതി പ്രാചീനദൈവങ്ങളുടെ കൂട്ടത്തില്‍ വരുമെന്ന് ഗണപതേയന്മാര്‍ പില്ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാവണം ഈ നിറസങ്കല്പ്പങ്ങള് . ഗണപതി സങ്കല്‍പ്പത്തില്‍ ഒരു പാട് വൈരുദ്ധ്യങ്ങളുണ്ട്..നിറത്തിന്റെ കാര്യത്തിലും! മഹാഭാരതകഥ പ്രധാനമായും വാമൊഴിയിലധിഷ്ഠിതമാണ്. അതിനിടയ്ക്ക് അതു കുറിച്ചു വയ്ക്കാന്‍ ഒരു ദേവന് വരുന്നു എന്നു പറയുന്നതു തന്നെ ഒരു പില്ക്കാല കൂട്ടിച്ചേര്‍പ്പാണെന്ന് വരുന്നു. അതാണു വാദവും. കഥയുടെ സമാഹര്‍ത്താവായ വ്യാസന് മറ്റു പലേടത്തും കഥയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗണപതി ഭക്തിയ്ക്ക് പ്രാമുഖ്യം കിട്ടിയ കാലത്ത് കൂട്ടിച്ചേര്‍ത്തതാണ് ആദിപര്‍വത്തിലെ ആ എഴുത്തു കഥ. പുരാണങ്ങളിലെല്ലാം ഇത്തരം കൂട്ടിച്ചേര്പ്പുകളുണ്ട്. രാജ്, പാര്‍വതിയുടെ മാത്രമല്ല, ശിവന് പാര്‍വതി സഹായം കൂടാതെ സൃഷ്ടിച്ച മകനാണ് ഗണപതി എന്നും കഥയുണ്ട്. ഗണപതിതന്നെ ലിംഗരൂപിയാണെന്നതാണ് വാദിക്കാന്‍ ശ്രമിച്ചത്.
ഇദ്ദേഹത്തെപ്പറ്റിയുള്ള പരസ്പരം പോരടിക്കുന്ന ഒരു പാട് കഥകള്‍ റൊയിനയുടെ പുസ്തകത്തിലുണ്ട്. പേഗന്‍ മതത്തിന്റെ ഒരു ഗുണമതാണ്. അതുകൊണ്ട് അതിതാണ് എന്ന തീര്‍പ്പിലെത്താന്‍ ഒരു കുഞ്ഞനും കഴിയില്ല എന്നതാണ് പ്രത്യേകത. മറുപടികളെല്ലാം മറ്റു കമന്റുകളിലുണ്ട്. ചിലതിനൊന്നും മറുപടി ഇല്ലതാനും. എജിപിയുടെയും സ്മോക്കിംഗ് തോട്സിന്റെയും അഭിപ്രായങ്ങള്‍ക്ക് പോസ്റ്റു തന്നെ വേണം. കമന്റു പോരാ..ഒന്ന് ആലോചിക്കാനുള്ളത് മതം എന്തിനുള്ളതാണ് എന്നാണ്. മന്ത്രങ്ങള്‍ എന്തുകൊണ്ടാണ് ഒച്ചകളായി മാറുന്നത്? ഒരു പാട് ഗോത്രസംസ്കൃതികളെ ഉള്ളിലടക്കുന്ന അതിപ്രാചീനമായ മതസങ്കല്‍പ്പം,(അതുകൊണ്ട് തന്നെ പാരിസ്ഥിതികമായ വിവേകം വലിയൊരളവില്‍ പുലര്‍ത്തിയിരുന്ന) താരതമ്യേന ആധുനികമായ സെമിറ്റിക് രൂപത്തിലേയ്ക്ക് (കേന്ദ്രീകൃതവും ആണത്താധികാരസ്ഥാപനവും ലക്ഷ്യമാക്കുന്ന തരത്തില്‍) പരിണമിപ്പിക്കാന്‍ വാശി പിടിക്കുന്നവരുടെ ഉദ്ദേശ്യം എന്തായിരിക്കും? അവര്‍ ശരിക്കും മതത്തിന്റെ സത്ത മനസ്സിലാക്കിയവര്‍ തന്നെയാണോ? നാം ആരെയാണ് ന്യായീകരിക്കുന്നതും പിന്തുടരാന് ആഗ്രഹിക്കുന്നതും -മതത്തിന്റെ സൂക്ഷ്മമായ ആത്മീയധാരകളെയോ തിരിച്ചറിവില്ലാതെ ഒരു കൂട്ടം കാട്ടിക്കൂട്ടുന്ന പൊള്ളയായ, ഒരു തരത്തിലും ന്യായീകരണങ്ങളില്ല്ലാത്ത ആചാരങ്ങളെയോ? പിന്നെ മറ്റുള്ളവര്‍ ചെയ്യുന്നില്ലേ എന്ന ചോദ്യം മുന്നിലുള്ള ഒരു തെറ്റിനെ സാധൂകരിക്കാനുള്ള കാരണം ആവുന്നില്ല. തെറ്റു ചെയ്യുന്ന ചെറിയ കുട്ടികളുടെ തന്ത്രമാണത്. അത്രയും മാനസിക വളര്‍ച്ച മതിയോ നമുക്ക്. ശരികള്‍ കൊണ്ടാണ് തെറ്റുകള്‍ തിരുത്തേണ്ടത്, രാഷ്ട്രീയത്തിലായാലും മതത്തിലായാലും. അല്ലാതെ മറ്റൊരാളിന്റെ പിഴവ്, എന്റെ പിഴവിനെ ന്യായീകരിക്കാനുള്ള കാരണമാവേണ്ടതില്ലെന്നാണ് എന്റെ വാദം.
എം.ഗോവിന്ദന് ബംഗാളിലെ കാളീപൂജയേയും നക്സലിസത്തേയും ബന്ധിപ്പിച്ച് ഒരു ലേഖനം പണ്ട് എഴുതിയിരുന്നു.വിശ്വാസം,മിത്ത്,സമകാലീന അധികാരത്വരകള് തുടങ്ങിയവയെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഇടങ്ങളിലേക്കുള്ള നോട്ടങ്ങള്‍ക്ക് വലിയ പ്രസക്തിയൂണ്ട്.പ്രത്യേകിച്ചും ആര് എസ് എസിനെതിരേ കണ്ണൂര്‍ മോഡല്‍ പ്രതിരോധം മാത്രമാണ് ശരി എന്നു വിശ്വസിക്കുന്നവര്‍ ധാരാളമുള്ള കേരളത്തില്‍.ചരിത്രവല്ക്കരിക്കുക,വീണ്ടും വീണ്ടും ചരിത്രവല്ക്കരിക്കുക.വേഗമാകട്ടെ
ഓഫ് :
“അതെന്തായാലും ഒന്‍പതാം ശതകത്തില്‍ ശങ്കരാചാര്യരാണ് ഗണപതി പൂജയ്ക്ക് പുതിയ ഉണര്‍വ് നല്‍കിയതെന്ന് റൊയിനാ ഗ്രെവാള്‍ പറയുന്നു.”
വെള്ളേ.. വല്യ ചത്യായി പോയീട്ടാ. അപ്പം “അദ്വൈതം” കളിച്ച ശങ്കരന് ബിംബങ്ങളെ പ്രമോട്ടു ചെയ്യുന്ന സൈഡ് വിസിനസ്സും ഒണ്ടേറ്ന്നാ ? തള്ളേ ! അദ്വൈതത്തില്‍ പാര്‍ട്ടിക്കിള്‍ ഫിസിക്സ് റീസേര്‍ച്ച് നടത്തണ പൈതൃകക്കാരന് ഇനി വ്യാഖ്യാനിക്കാന്‍ കൊറേയൊണ്ടാവൂല്ലോ. സാറിപ്പവരും.
ഓണ്‍ :
ശിവന്റെ ഫാമിലിയേ പേഗന്‍ ദൈവങ്ങളുടെ ഒരു കൂട്ടുസെറ്റപ്പാണ്. ഇതിനെയെല്ലാംകൂടി പിടിച്ച അപ്പനും അമ്മേം മോനും ഒക്കെയാക്കിയെടുത്ത കാവ്യഭാവനകള്‍ക്ക് മുന്നില്‍ നമസ്കാരം !
റെഫറന്‍സായി ഗോപിനാഥ റാവൂന്റെ Elements of Hindu Iconography കൂടി വയ്ക്കണ് വെള്ളേ. ഗണപതിയെപ്പറ്റി പറയുന്നത് ഒന്നാം വാല്യത്തില്‍. അയ്യനും സുബ്രുവണ്ണനുമൊക്കെ രണ്ടാം വാള്യത്തില്‍. (വെള്ളേട റഫറന്‍സും ഇതന്നല്ലേ?)
പണ്ടേ തപ്പി നടന്നതാണ്. ഇതുവരെ തടഞ്ഞിട്ടില്ല. റൊമിലാ ഥാപ്പറുടെ ‘സാരനാഥം‘ നോക്കിയിരുന്നപ്പോള്‍ അതില്‍ ഒന്നുരണ്ടിടത്ത് കയറി വരുന്നുണ്ട് ‘elements Of ഐക്കണോഗ്രാഫി ’ . അപ്പോള്‍ ഇനി ലൈബ്രറിയില്‍ പോകുമ്പോല്‍ എന്നു കുറിച്ചു വച്ചതാണ്. വായിച്ചിട്ടില്ല, ഉദ്ധരണികള്‍ ധാരാളം കണ്ടിട്ടുണ്ടെങ്കിലും. ഇനി അതു വായിച്ചിട്ടു തന്നെ കാര്യം.
thanks for that reference to gopinath rao, suraj :)
ചരിത്രവല്‍ക്കരണം ഉത്സവങ്ങളുടെ രാഷ്ടീയ നിറത്തിന്റെ കടുപ്പം കുറയ്ക്കുമെന്ന് തോന്നുന്നില്ല. ഇവിടെ (മുംബൈ) തിരക്കുപിടിച്ച നിരത്തുകളില്‍ “പണ്ഡാലില്”കൂക്കിയാര്‍ത്ത് നിറഞ്ഞുകൂടുന്നവര്ക്കോ, “നമുക്കും ഒരു ഗണപതിയെ വക്കാം” എന്നു പറഞ്ഞുവരുന്ന എന്റെ സന്താനങ്ങള്‍ക്കോ ഈ ചരിത്രമൊക്കെ പുല്ലാണ്. അവര്‍ക്ക് ആഘോഷങ്ങളെ വേണ്ടു. പത്തുദിവസം പൂജിച്ച് വയ്ക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരിസ് ദൈവത്തെ ആര്റ്റിഫിഷ്യല് റ്റാങ്ക് ഉണ്ടാക്കി മുക്കി ബുള്‍ഡോസര്‍ വച്ച് അടിച്ചുകൂട്ടി ബയോ ഡീഗ്രേടബിള് അല്ലാത്ത വിസര്‍ജ്ജം ( ദൈവവും ചിലപ്പോള്‍ ഇത്തരത്തില്‍ നിര്ജ്ജീവമാവാം എന്നാവുമോ ) ചവറുമലകള്ക്ക് മേലെ കൊണ്ടു വന്നു കൂട്ടുന്നതില്‍ എന്തു ദൈവം, എന്തു ഭക്തി? ചരിത്രത്തിനു പകരം നമുക്ക് ഭാവിയേക്കുറിച്ച് സംസാരിച്ചു കൂടെ? അതിനു പകരം “my friend ganesha" യുടെ കാര്‍റ്റൂണ്‍ സി ഡി കണ്ടോളാന്‍ പറഞ്ഞു ഞാന്‍ മക്കളോട്. ഗണനായകനല്ലെ, മറ്റൊരു സൂപ്പര്‍ഹീറോ ആയി പ്രായത്തിനൊപ്പം ഒഴുകിപോട്ടെ എന്നു പ്രാര്‍ത്ഥിക്കാം. പരിണാമ ചക്രത്തില്‍ , ഗോത്രം/മതം/ദൈവം/വിഗ്രഹം അടുത്ത ശ്രേണി എന്താണെന്ന് എന്നറിയണമെങ്കില്‍ കാര്‍റ്റൂണ്‍ കാണൂ...ബാലഹനുമാന് , കൃഷ്ണാ, ലെജെന്‍ഡ് ഓഫ് പ്രിന്‍സ് രാം, ബുദ്ധാ...കോമിക്കുകളില്നിന്നും അമര്‍ച്ചിത്രകഥയുടെ നിറപ്പകിട്ടില്‍ നിന്നും ദൈവങ്ങള്‍ കാര്റ്റൂണിലെത്തുമ്പോള് ഉള്ള പരിണാമം സത്യത്തില്‍ വകയില്ലാത്ത ഒരു പ്രതീക്ഷ തരുന്നു..അങ്ങിനെയങ്ങു പോട്ടെ...അജൈവമായി അടിഞ്ഞു കൂടാതെ.
വേദിക് ദൈവങ്ങൾക്കിടയിൽ ഗണേശൻ സ്ഥനം നേടിയത് പിൽക്കാലത്താണ്.ഋഗ്വേദത്തിൽ ബ്ര്ഹസ്പതിയെ ഗണപതി എന്നു വിളിയ്ക്കുന്നുണ്ട്. മറ്റൊരിടത്ത് ഇന്ദ്രനേയും.
ആനയെ ആരാധനപാത്രമാക്കിയ കാർഷിക ദൈവമായിരുന്നു. ഗണപതി. ധാന്യനശീകരണം ചെയ്യുന്ന എലിയെ അമർച്ച ചെയ്യുന്നവൻ. കയ്യിൽ കരിമ്പും അതിൽ നിന്നുണ്ടാക്കിയ മധുരവുമായി വിളയാടുന്നവൻ ആദ്യ്കാല ഗണപതി വിഗ്രഹങ്ങൾ ഡെക്കാൻ പ്രദേശങ്ങളിൽ നിന്നാണ് ലഭിച്ചത്. ഊർവ്വരതാബിംബങ്ങളായ സപ്തമാതൃക്കളോടൊപ്പം. കാശ്മീരിലും ഹിമാലയൻ താഴ്വാരങ്ങളിലുമുള്ള ഗണപതി വിഗ്രഹങ്ങളിൽ എലി ഇല്ല.
വടക്ക് ഗണപതിയ്ക്ക് പ്രചാരമേറുന്നത് കുശാനകാലഘട്ടത്തിൽ. പ്രതിമകൾ മുൻ-ഗുപ്ത-ഗുപ്ത കാലങ്ങളിൽ കൂടുതൽ കണ്ടു തുടങ്ങി.അവൈദികരായ നാഗന്മാരുടെ സർപ്പാരാധനയുമായി യോജിച്ച് ആനമുഖന്റെ ആരാധന വേറൊരു വഴിയെ നില നിന്നിരുന്നു. യാഞ്ജവൽക്യ സ്മൃതിയിലെ വിനായകൻ വിഘ്നരാജനായിരുന്നു-പിന്നീട് വിഘ്നേശ്വരനായി. ഹിന്ദുദൈവങ്ങൾക്കിടയിൽ സ്ഥനവും പിടിച്ചു തുടങ്ങി. മഹായാന ബൌദ്ധരും ഗണപതിയെ ആരാധിച്ചിരുന്നു. ഏകദേശം ഒൻപതാം നൂറ്റാണ്ടോടെ മാത്രമേ ശിവ-പാർവതിമാരുടെ മകനായി ഗണപതിയെ കണ്ടു തുടങ്ങിയുള്ളു. ചാലൂക്യ കാലഘട്ടങ്ങളിൽ.
ആദ്യകാല ആാനമുഖശിൽപ്പങ്ങളിൽ തൂവൽ കാണപ്പെടുന്നതു കൊണ്ട് എഴുത്തിന്റെ ദേവതയായും ഗണപതിയെ വീക്ഷിച്ചിട്ടുണ്ട്. പക്ഷെ മഹാഭാരതം “എഴുതിയ” കാലത്തു സംസ്കൃതത്തിനു ലിപി ഉണ്ടായിരുന്നോ എന്നു സംശയം. വാമൊഴി തന്നെ ആശ്രയം. രാമായണത്തിൽ എഴുതുന്ന കാര്യമേ പരാമർശിയ്ക്കുന്നില്ല.
ഇത് സംബന്ധിച്ച് എന്റെ ഒരു പ്രതികരണം അല്പം നീണ്ടതിനാല്‍ വേറെ പോസ്റ്റായി കൊടുക്കുന്നു
W Donigar എഴുതിയ The Origins of Evil in Hindu Mythology യില്‍ , ചില ദേവാലയങ്ങളില്‍ ഫലസന്ദായകത്വം കൂടുന്നത് സ്വര്‍ഗത്തിലെ ആള്‍ക്കൂട്ടം വര്‍ദ്ധിപ്പിക്കുമെന്നും അവിടെ സ്ഥലം കുറവായതിനാല്‍ ആളുകള്‍ തങ്ങളുടെ കൈകള്‍ പൊക്കിപ്പിടിച്ച് നില്‍ക്കാനുള്ള ഇടയുണ്ടാക്കും എന്നും യമന്‍ പരാതിപ്പെടുന്ന പുരാണപരാമര്ശത്തെക്കുറിച്ചു പറയുന്നുണ്ടെന്ന് റൊമിലാഥാപ്പര്‍ എഴുതുന്നു. ആളുകള്‍ ഇങ്ങനെ സംശുദ്ധരാവുന്നതിനെ (പാപികളല്ലാതാവുന്നതിനെ) തടയാനാണ് ഗണേശന്. ധര്‍മ്മത്തെ എതിര്‍ക്കാനും ആളുകളെ സ്വര്‍ഗത്തിനു പുറത്തു സൂക്ഷിക്കാനും ഗണേശനു കഴിയും എന്നതിനാല്‍ ശിവനെ പൂജിക്കുന്നതില്‍ നിന്ന് മനുഷ്യനെ വഴിതിരിച്ചുവിടാന്‍ വേണ്ടി പാര്‍വതി ഗണപതിയെ സൃഷ്ടിച്ചു എന്നതില്‍ പറയുന്നു. ഗണപതിയിലുള്ള അസുരഭാവത്തിന് ഒരു തെളിവുകൂടിയാണ് ഇത്.
Really good, especially in graphically charting the cultural evolution of the god / deity under reference. Let me strike a note of dissidence. You said the festivities orchestrated by Thilak were aimed at consolidating the conflicting caste groups within Hinduism. Or was the very IDEA of Hinduism was being formed through such celebrations? Is it necessary and reasonable to presuppose Hinduism? That is, did Hinduism, as understand it now, exist then? Would not it be more logical and accurate to say that the construct of Hinduism was in the making because of census operations and missionary discourse?
താങ്കള്‍ പറയുന്നതായിരിക്കാം കൂടുതല്‍ ശരിയെന്നു തോന്നുന്നു. തിലകന്റെ ഇടപെറ്റലിനെക്കുറിച്ച് ഗ്രേവാളും ആനന്ദും എഴുതിയതാണ് വായിച്ചത്. ‘രാഷ്ട്രീയ ഹിന്ദുത്വം‘ പാകപ്പെട്ടു വന്നത് തിലകന് രൂപപ്പെടുത്തിയതുപോലുള്ള മത-ഉത്സവ പരിഷ്കരണങ്ങളിലൂടെയായിരിക്കാം. മതം എന്ന നിലയ്ക്കുള്ള കണ്സോളിഡേഷന് അതിനും മുന്‍പ് അതിനു സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് വിശ്വസിക്കേണ്ടത്.
Post a Comment