July 12, 2009

കൊക്കാമന്തി കോനാനിറച്ചി



എ പി അനില്‍കുമാറിന്റെ സബ്മിഷനു മറുപടിയായി വിദ്യാഭ്യാസമന്ത്രി എം എ ബേബി സഭയില്‍ പറഞ്ഞത് ഇക്കൊല്ലം -ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പ് കഴിഞ്ഞപ്പോള്‍ - 3011 കുട്ടികളുടെ കുറവ് അണ്‍-എയിഡഡ് മേഖലയിലെ സ്കൂളുകളില്‍ ഉണ്ടായിട്ടുണ്ടെന്നാണ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയവുമായി ഒത്തുനോക്കിയാല്‍ ഗുണപരമായ ഒരു മാറ്റമാണെന്ന് വ്യാഖ്യാനിക്കാവുന്ന വസ്തുതയാണിത്. സത്യം എന്തായാലും ഔദ്യോഗികമായി തരം താണവരും അയിത്തക്കാരും ആണ് ഈ അണ്‍ എയിഡഡ് സ്കൂളുകാര്‍. ഒരു വര്‍ഷം മുന്‍പ് പട്ടം സെന്റ് മേരീസില്‍ വച്ചു നടന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ -ആനുകൂല്യങ്ങള്‍ പറ്റാനല്ല- നാലുക്കൊപ്പം പങ്കെടുക്കാന്‍ വന്നിരുന്ന അണ്‍- എയിഡഡ് അദ്ധ്യാപകരെ അക്ഷരാര്‍ത്ഥത്തില്‍ ചവിട്ടിപ്പുറത്താക്കി ഒരു അദ്ധ്യാപക സംഘടനയുടെ വിശുദ്ധ കാവല്‍ഭടന്മാര്‍ വാര്‍ത്തയില്‍ സ്ഥാനം പിടിച്ചത് മറക്കാറായിട്ടില്ല. അതിനും മുന്നത്തെ വര്‍ഷത്തിലെ ആദ്യയോഗത്തിലും ചില കശപിശയൊക്കെ ഉണ്ടായിരുന്നു. അതു പക്ഷേ വാര്‍ത്തയായില്ല. അദ്ധ്യാപികയുടെ കൈപിടിച്ചു വലിച്ചതുകൊണ്ട് പിന്നെയത് സ്ത്രീപീഡനവും കിടുപിടിയുമൊക്കെയായി അവസാനം അദ്ധ്യാപകസംഘടനതന്നെ മുന്‍‌കൈയെടുത്ത് ഒരു വിധം തേച്ചുമായ്ച്ചു മുഖം വെടിപ്പാക്കി. അദ്ധ്യാപക പരിശീലനമുള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടികള്‍ക്ക് എത്തുന്ന ഈ മേഖലയിലുള്ള അദ്ധ്യാപകര്‍ക്ക്, മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന വിഹിതം ലഭിക്കില്ല. അണ്‍ എയിഡഡുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്ന സര്‍ക്കാര്‍ നയമനുസരിച്ചാണത്. ഉപദ്രവങ്ങള്‍ പലതും പലപ്പോഴും ഏറ്റു വാങ്ങുന്നത് പാവം അദ്ധ്യാപകരും. പരിശീലനം കഴിഞ്ഞ് ഒരിളിഞ്ഞ ചിരിയും വാങ്ങി അവര്‍ വീട്ടില്‍ പോണം. എന്നിട്ടോ വര്‍ഷാ വര്‍ഷം സംസ്ഥാനപരീക്ഷയായാലും ദേശീയപാഠ്യക്രമമായാലും എല്ലാ വിഷയത്തിനും എ+ വാങ്ങി അണിനിരക്കുന്ന കുട്ടികളുടെ ഫോട്ടോകളാവട്ടേ, ഈ വിദ്യാലയങ്ങളില്‍ നിന്നും. അണ്‍ എയിഡഡ് മേഖലയില്‍ ചെന്നു ചേരുന്ന കുട്ടികളുടെ എണ്ണം കൂടുകയല്ലാതെ കുറയാത്തത് അതുകൊണ്ടാണ്. കാര്യങ്ങളറിയാന്‍ മുക്കണ്ണു വേണോ. പല അനംഗീകൃതസ്കൂളിലെയും ഡിവിഷനുകള്‍ ഇസഡും കഴിഞ്ഞ് ഒന്നേന്ന് തുടങ്ങുകയാണ്. മികവുറ്റ വിദ്യാഭ്യാസത്തിനു നാള്‍ക്കുനാള്‍ പ്രതിജ്ഞ പുതുക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലോ? ഒരു ഡിവിഷനുപോലും ആവശ്യത്തിനു കുട്ടികളില്ല. ആവശ്യത്തിനു അദ്ധ്യാപകരില്ല. (‘ഒന്‍പതു വര്‍ഷമായി സര്‍ക്കാര്‍ മേഖലയില്‍ പുതിയ അധ്യാപക തസ്തികയില്ല’- എം പി സൂര്യദാസിന്റെ റിപ്പോര്‍ട്ട്, മാതൃഭൂമി, ഡിസംബര്‍ 7, 2008)

വെറുതെ ഒരന്വേഷണം ചുറ്റുപാടുമുള്ള സ്കൂളുകളില്‍ നടത്തി നോക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കുട്ടികള്‍ ഭൂരിപക്ഷവും അണ്‍-എയിഡഡ് സ്കൂളുകളിലാണ്. നഗരത്തിലെ ആറു സ്കൂളുകളിലെ ആകെ രണ്ടദ്ധ്യാപകരുടെ കുട്ടികള്‍ മാത്രമാണ് അവരവര്‍ പഠിപ്പിക്കുന്ന സ്കൂളുകളില്‍ തന്നെയുള്ളത്. അതിലൊരാള്‍ കുട്ടിയെ മാറ്റാനാഗ്രഹിക്കുന്നുണ്ട്. മറ്റൊരാള്‍ കുടുംബപ്രശ്നം കൊണ്ട് ഇങ്ങനെ തുടരുകയാണ്. അതായത് സ്വന്തം സ്കൂളുകളില്‍ എന്തു നടക്കുന്നു എന്നറിയാവുന്ന അദ്ധ്യാപകര്‍ ‘പഠിപ്പിക്കാതിരിക്കാന്‍’ അവര്‍ക്കു കിട്ടുന്ന ശമ്പളം ഉപയോഗിച്ച് കുടുംബഭാവി ഭദ്രമാക്കുന്നു എന്നല്ലേ ഇതിനര്‍ത്ഥം? സര്‍ക്കാര്‍ സ്കൂളില്‍ നടക്കുന്ന അദ്ധ്യാപകരക്ഷാകര്‍ത്തൃ യോഗത്തില്‍ അദ്ധ്യാപകര്‍ ഒന്നടങ്കം പറഞ്ഞത് തങ്ങള്‍ക്ക് കിട്ടുന്നത് ‘മണ്ണു്’ പിള്ളേരാണെന്ന്. അതുകൊണ്ടാണ് ഈ ആള്‍പ്രമോഷന്റെ സമയത്തും റിസല്‍റ്റ് കഴിഞ്ഞതവണത്തേതിലും താപ്പോട്ട് പോകുന്നതെന്ന്. ഓട്ടോ റിക്ഷാ ഓടിക്കുകയും കൂലിപ്പണി ചെയ്യുകയും ചെയ്യുന്ന പാവങ്ങള്‍ കുറ്റബോധത്തോടെ വായും തുറന്നിരുന്ന് തങ്ങളുടെ കുട്ടികള്‍ക്കു നേരെയുള്ള ആ അവജ്ഞയുടെ ഗീര്‍വാണം കേട്ടു. ഒരു പ്രതികരണവുമില്ലാതെ. കുട്ടികള്‍ മോശമാണെന്നു സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്. ‘ഇവിടത്തെ പിള്ളേര്‍ക്ക് ഇത്രയൊക്കെ മതി’ എന്നത് ചില അദ്ധ്യാപകരുടെ സ്ഥിരം പല്ലവിയാണ്. പണി നന്നാവാത്തതിന് ഉപകരണങ്ങളെ കുറ്റം പറയുക എന്ന അതിപ്രാചീനമായ നമ്പര്‍. ഈ മന്ദബുദ്ധികളെയാണ് സംഘടനകള്‍ റാഞ്ചുന്നത്. പണപ്പിരിവിനും നയം പ്രചരിപ്പിക്കാനും പിന്നെ രാഷ്ട്രീയലാക്കിനും. സ്കൂളില്‍ വല്ലപ്പോഴും വന്നു പോകുന്ന ഒരു അദ്ധ്യാപകന് പി റ്റി എ യുടെ നിര്‍ദ്ദേശത്തോടെ ഹെഡ് താക്കീതു കൊടുത്തപ്പോള്‍ മാന്യദേഹം അറിയിച്ചത് താന്‍, തങ്ങളുടെ സംഘടനയുടെ സംസ്ഥാനഭാരവാഹിയാണെന്നും ഇങ്ങനെയൊക്കെയേ പറ്റൂ എന്നും ചുണയുണ്ടെങ്കില്‍ ആക്ഷനെടുക്കാനുമാണ്. ശമ്പളം ലഭിക്കുന്നത് സംഘടനയുടെ പ്രവര്‍ത്തനത്തിനല്ല, പിള്ളാരെ പഠിപ്പിക്കാനാണെന്ന സാമാന്യബോധം പോലുമില്ലാത്തവരാണ് സംഘടനയുടെ തലപ്പത്ത് എന്നു വരുന്നതാണ് സര്‍ക്കാര്‍ സ്കൂളുകളുടെ ശാപം. ഒരു പാട് പരിമിതികളില്‍ കിടന്നു കറങ്ങിയപ്പോഴും ഒരുകുടക്കീഴിന്റെ തമ്മില്‍ തല്ലില്‍പ്പെട്ട് സ്കൂള്‍ പ്രവര്‍ത്തനം നിലയ്ക്കും എന്ന ഘട്ടം വന്നപ്പോഴും തിരിഞ്ഞു നോക്കാതിരുന്ന സംഘടനാപ്രവര്‍ത്തകര്‍, തീരദേശത്തുള്ള ഒരു സ്കൂളില്‍ സന്ധി സംഭാഷണത്തിനായെത്തിയത് ഒരു അദ്ധ്യാപികയ്ക്ക് ചില സൌജന്യങ്ങള്‍ അനുവദിക്കണമെന്ന് ആക്രോശിക്കാനാണ്. ഭീഷണി തന്നെ. കുട്ടികളെ ക്ലാസിലിരുത്തിയിട്ട് അവര്‍ക്ക് വീട്ടിലേയ്ക്ക് പോകാന്‍ അനുവാദം നല്‍കണം. രാവിലെ മറ്റുള്ളവരെ പോലെയല്ല വൈകിയേ എത്തൂ. അതുകണ്ട് കണ്ണടയ്ക്കണം. സ്കൂളുമായി ബന്ധപ്പെട്ട ജോലികളൊന്നും അവര്‍ ചെയ്യില്ല. കാരണം അവര്‍ക്കറിയില്ല.

നഗരത്തിലെ ഒരു സ്കൂളില്‍ നിന്ന് കുട്ടികളെ കൂട്ടത്തോടെ റിയാലിറ്റി ഷോയ്ക്കയച്ചത് വിവാദമായിട്ട് അധിക ദിവസമായിട്ടില്ല. (സര്‍ക്കാര്‍ സ്കൂളില്‍ നിന്നു തന്നെ) സംഭവം എതിര്‍ത്ത അദ്ധ്യാപകനാണ് കൂട്ടത്തോടെയുള്ള വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നത്. പഠിക്കാന്‍ വന്ന കുട്ടികളെ ആരുടെയും അനുവാദമില്ലാതെ സ്വകാര്യചാനല്‍ അയച്ചുകൊടുത്ത വണ്ടിയില്‍ കയറ്റി കൊണ്ടുപോയ അദ്ധ്യാപകര്‍ പഠനപ്രക്രിയയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയായിരുന്നു അത്രേ! നടപടികളില്‍ നിന്ന് സംഘടന, അദ്ധ്യാപകരെ ഒഴിവാക്കിക്കൊടുത്തു. പത്രവാര്‍ത്തകളില്‍ നിറയുന്ന സ്കൂളുകള്‍ ശ്രദ്ധിക്കപ്പെടും എന്നതാണ് നമ്മുടെ പതിവ്. വേണ്ടത്ര ക്ലാസ് മുറികളില്ലാത്ത, മരസാമഗ്രികളില്ലാത്ത, ഏകജാലകം എന്ന തട്ടുപൊളിപ്പന്‍ പരിപാടിയുടെ കാലത്തും ടെലഫോണ്‍ സൌകര്യമോ നെറ്റ് കണക്ഷനോ സുഗമമായ വിദ്യുച്ഛക്തിയോ ഇല്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ട്, നഗരങ്ങളില്‍ തന്നെ. പരിമിതിയും ഉദാസീനതയും രണ്ടാണ്. ഏകജാലകവുമായി ബന്ധപ്പെട്ട് 40 പ്രിന്‍സിപ്പാള്‍മാരോടാണ് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 4 പേരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനമായി. കാര്യക്ഷമത എന്തു ഗംഭീരം. രാത്രി പന്ത്രണ്ടു മണിക്കൊക്കെ ഉണര്‍ന്നിരുന്നാണ് ആവശ്യമായ വിവരങ്ങള്‍ അദ്ധ്യാപകര്‍ അപ് ലോഡ് ചെയ്തുകൊണ്ടിരുന്നത്. സൈറ്റ് പലപ്പോഴും ഡൌണ്‍. (ഇത്രയധികം വിവരങ്ങള്‍ ഒരു കുട്ടുവത്തിലിട്ട് കുലുക്കിയെടുക്കുമ്പോള്‍ സ്വാഭാവികമായ കാര്യം) കഴിഞ്ഞതവണ നോഡല്‍ സെന്ററുകളില്‍ വച്ചായിരുന്നു അപ്‌ലോഡുകള്‍. ഇത്തവണ അതുമാറ്റി ഓരോ സ്കൂളില്‍ നിന്നും ഓരോ HITC (ഹയര്‍ സെക്കണ്ടറി ഐ ടി കോഡിനേറ്റര്‍) മാരെ നിര്‍ബന്ധിച്ച് തെരെഞ്ഞെടുപ്പിച്ചിട്ടുണ്ട്. അവരുടെ തലയിലാണ് എല്ലാം. സ്കൂള്‍ കാര്യം സ്വന്തം കാര്യമായി എടുക്കുന്ന അദ്ധ്യാപകരുള്ളിടത്ത് കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടന്നുപോകും. അല്ലാത്തിടത്തോ?

കെടുകാര്യസ്ഥത ആഭരണമായി അണിയുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസരംഗം. (ഇതും കൂടി നോക്കുക) ഈ വര്‍ഷം തലയെണ്ണിക്കഴിഞ്ഞപ്പോള്‍ 85000 കുട്ടികളുടെ കുറവാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍. കഴിഞ്ഞ മെയ് മാസം സംസ്ഥാന പാഠ്യപദ്ധതിയോട് രക്ഷാകര്‍ത്താക്കള്‍ക്ക് താത്പര്യം കുറയുന്നതിനെപ്പറ്റി മാതൃഭൂമി തുടരന്‍ എഴുതിയിരുന്നു. 96-97 കാലയളവില്‍ കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ എണ്ണം 5534224 ആയിരുന്നു എങ്കില്‍ 2008-09 കാലയളവില്‍ അത് 4546402 ആയി കുറയുകയാണുണ്ടായത്. (ഇതു മാതൃഭൂമി പത്രത്തിന്റെ തരികിടയായി വിവരിച്ചുകൊണ്ടുള്ള ഔദ്യോഗിക വിശദീകരണങ്ങളാണ് പിന്നീട് കേട്ടത്. അപ്പോഴും കണക്കുകളെ എന്തു ചെയ്യും? ഇതേ മാതൃഭൂമി തന്നെയാണ് 2006-ല്‍ ‘സര്‍ക്കാര്‍ സ്കൂളുകള്‍ മുന്നേറുന്നു’ എന്ന മുഖപ്രസംഗം എഴുതിയതും എന്നോര്‍ക്കുക. സി പി ഐയുടെ അദ്ധ്യാപകസംഘടനാനേതാവ് എന്‍ ശ്രീകുമാര്‍ നമ്മുടെ ജനസംഖ്യാനിരക്കിന്റെ കുറവുമായി ബന്ധപ്പെടുത്തിയാണ് ഇക്കാര്യത്തെ സാധൂകരിച്ചത്. പിന്നെ വിദ്യാഭ്യാസത്തിന്റെ ഗുണപരതയെപ്പറ്റിയുള്ള മധ്യവര്‍ഗത്തിന്റെ തെറ്റായ കാഴ്ചപ്പാടും. (ജനയുഗം 2009 മെയ് 31) നഗരത്തിലെ സ്കൂളുകളില്‍ നിന്നാണ് -തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്- കൂടുതലും കുട്ടികള്‍ കൂട്ടത്തോടെ CBSE, ICSE പോലുള്ള സിലബസ്സുകളിലേയ്ക്ക് കൂടു മാറുന്നത്. 12/7/2009-ലെ ഹിന്ദു ദിനപ്പത്രത്തില്‍ കൊല്ലം നഗരത്തിലെ സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതിനെപ്പറ്റി ഇഗ്നേഷ്യസ് പെരേര എഴുതിയ റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനസിലബസ്സിന്റെ നിലവാരത്തകര്‍ച്ചയിലാണ് ഊന്നല്‍. അദ്ധ്യാപകസംഘടനകളുടെ ആശാസ്യമല്ലാത്ത ഇടപെടലും ഒരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വശിക്ഷാ അഭിയാന്റെ പ്രധാന അജണ്ടകളിലൊന്ന് -കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണെന്ന് -എല്ലാ സ്കൂളിലും ആ ഫണ്ടു ഉപയോഗിച്ചു തന്നെ വെണ്ടക്കയില്‍ എഴുതി വച്ചിട്ടുണ്ട്. അഭിയാനം വ്യാപകമായപ്പോള്‍ കൊഴിഞ്ഞുപോക്കിന്റെ തോതു കൂടി. വ്യത്യസ്തമായ നിലയില്‍ എന്നേയുള്ളൂ.

2007-ലെ എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ സര്‍വേ അനുസരിച്ച് സംസ്ഥാനം മൊത്തം 2646 അംഗീകാരമില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (ഏറ്റവും കുറവ് വയനാട്ടില്‍, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്) ഇവയ്ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായി രക്ഷാകര്‍ത്താക്കള്‍ക്കുണ്ടായ ആശങ്ക നേരിയ തോതില്‍ പ്രതിഫലിച്ചതാണ് ഈ വര്‍ഷം അണ്‍ എയിഡഡില്‍ വന്ന കുറവായി നാം ആദ്യം കണ്ടത്. അല്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളോടുള്ള ജനപ്രീതി വര്‍ദ്ധിച്ചതല്ല. പക്ഷേ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഇക്കാര്യത്തില്‍ എത്രത്തോളമുണ്ടെന്ന് ആലോചിച്ചാല്‍ ഒരന്തവും കിട്ടിയെന്നു വരില്ല. വേലിയും മതിലുമൊക്കെ കെട്ടിയാലും വൃക്ഷങ്ങള്‍ മണ്ണിനടിയിലൂടെ വേരുകള്‍ കൊണ്ട് കൈകോര്‍ത്തു പിടിക്കും എന്ന മട്ടിലാണ് കാര്യങ്ങള്‍. ഒന്നാമത് അണ്‍ എയിഡഡ് സ്ഥാപനങ്ങളോടുള്ള വിരോധം തികച്ചും ഔപചാരികമാണ്. കോടതി ചോദിച്ചത് അംഗീകാരം കൊടുക്കുക സര്‍ക്കാരിന്റെ ചുമതലയായതുകൊണ്ട് അതു കൊടുക്കാതെ ഇവര്‍ക്ക് അംഗീകാരമില്ലെന്ന് ആര്‍ക്കുന്നത് എന്തു ന്യായം വച്ചാണെന്നാണ്. സര്‍ക്കാര്‍ വേതനം പറ്റുന്ന വക്കീലന്മാര്‍ കമാ എന്നൊരക്ഷരം മിണ്ടിയില്ല. ഭൂരിപക്ഷം സ്കൂളുകളും ജാതി - മത സംഘടനയ്ക്കുള്ള ഉപഹാരങ്ങളായതുകൊണ്ട് അവയ്ക്കെതിരെ ചിലതൊക്കെ ചെയ്യുന്നു എന്നു വരുത്തുകയല്ലാതെ ചെയ്താല്‍ വോട്ടില്‍ അതു പ്രതിഫലിക്കില്ലേ എന്ന ഉള്‍ഭയം മറ്റാരെക്കാളും രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാവും. ഒറ്റയ്ക്കും തെറ്റയ്ക്കും അണ്‍ എയിഡഡുകളുടെ അംഗീകാരം റദ്ദാക്കല്‍ പരിപാടി മുന്‍പും നടന്നിട്ടുണ്ട്. ചന്ദ്രശേഖരന്‍ മന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ പ്രശസ്തമായ പെണ്‍ പള്ളിക്കൂടം ഹോളി ഏഞ്ചത്സിന്റെ അംഗീകാരം ഇല്ലാതാക്കാന്‍ നോക്കിയതാണ് ഒന്ന്. ഒന്നും സംഭവിച്ചില്ല. കാര്‍മല്‍ ഗേള്‍സ് സ്കൂളില്‍ 9-ലെ ഒരു കുട്ടിയെ മനഃപൂര്‍വം തോത്പ്പിച്ചതിന്റെ പേരില്‍ അതിന്റെ അമ്മ ആത്മഹത്യ ചെയ്തിരുന്നു. കുറേ വിവാദങ്ങളുണ്ടായി. അത്രതന്നെ. ഇന്നിപ്പോള്‍ കാര്‍മലാണ് തിരുവനന്തപുരത്തെ മികച്ച മാതൃകാവിദ്യാലയം. ഐ എ എസ്സുകാരന്റെ മകളെ ശിക്ഷിച്ചു എന്ന പേരില്‍ പത്രവാര്‍ത്തയൊക്കെ വന്ന സെന്റ് തോമസിനും ഒന്നും സംഭവിച്ചില്ല. പത്തു തോറ്റ കുട്ടിയ്ക്ക് +1 അഡ്മിഷന്‍ നല്‍കി ഒരു വര്‍ഷം പഠിപ്പിച്ച് മാതൃക കാട്ടിയിരുന്നു, നെല്ലിമൂടുള്ള ഒരു സ്കൂള്‍. സര്‍ക്കാര്‍ ഉത്തരവൊന്നും ബാധകമാവാത്ത സ്കൂളുകളുണ്ട്. തല്ലും പിടിം കഠിനശിക്ഷകളും ചൂഷണങ്ങളുമൊക്കെ ആരെയും പേടിക്കാതെ കൊണ്ടു നടക്കുന്ന സ്ഥാപനങ്ങള്‍. അല്ലെങ്കില്‍ തന്നെ ആരെ പേടിക്കാന്‍? ഈ തെക്കന്‍ വീരഗാഥകളുടെ അവസാന ഏടുകളാണ് പാറശ്ശാല ഇവാന്‍സിന്റെ +1, +2 കോഴ്സുകള്‍ക്കുള്ള അംഗീകാരം ഡയറക്ടര്‍ റദ്ദാക്കുന്നതും ഒരു കുട്ടി തല്ലുകൊള്ളുന്നതും വര്‍ഗബോധമുള്ള വിദ്യാര്‍ത്ഥി സംഘടന തള്ളിക്കയറുന്നതും രണ്ടു പെണ്‍കുട്ടികള്‍ ആശുപത്രിയിലാവുന്നതും തള്ളിക്കയറ്റത്തെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് സംഘടനാ നേതാക്കള്‍ തന്നെ ആവശ്യപ്പെടുന്നതും മറ്റും മറ്റുമായി നാം വായിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഇവാന്‍സില്‍ ഈ ഏകജാലകത്തിന്റെ കാലത്തും ക്ലാസുകള്‍ കൃത്യമായി ആരംഭിക്കും. +1 ന് ഇഷ്ടം പോലെ ബാച്ചുകള്‍. അധ്യാപകര്‍ ക്ലസ്റ്ററിനു പോകുമ്പോള്‍ പോലും അവധിയില്ല. മോണിറ്ററിംഗ് എന്തു കുന്തമാണെന്ന് അറിയേണ്ടതില്ല. ഒരു കണ്‍ഫ്യൂഷനുമില്ല. എല്ലാ അണ്‍ എയിഡഡ് സ്കൂളുകളിലും ഏറെക്കുറെ സ്ഥിതി ഇതാണ്. ഏകജാലകത്തിന്റെ സ്കൂളുമാറിയുള്ള കസേരകളിയുടെ ടെന്‍ഷനൊന്നും അവിടങ്ങളില്‍ ചേരുന്ന കുട്ടികള്‍ അനുഭവിക്കേണ്ടതില്ല. കൃത്യമായി ക്ലാസുകള്‍ തുടങ്ങും, തുടരും. സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശന ദിവസങ്ങളില്‍ അവധി, സേ പരീക്ഷയ്ക്ക് അവധി, അദ്ധ്യാപകര്‍ പേപ്പര്‍ നോക്കന്‍ പോകുമ്പോള്‍ അവധി, ഇമ്പ്രൂവ്മെന്റിന് അവധി. അവധിയൊഴിഞ്ഞൊരു നേരവുമില്ല... സ്വന്തം കുട്ടികളെ എവിടെ അയയ്ക്കും നിങ്ങള്‍?

രക്ഷാകര്‍ത്താക്കള്‍ക്കു വേണ്ട, കുട്ടികള്‍ക്കു വേണ്ട, അദ്ധ്യാപകര്‍ക്കു വേണ്ട, മാനേജുമെന്റുകള്‍ക്കു പണ്ടേ വേണ്ട, പിന്നെ ആര്‍ക്കുവേണ്ടിയാണ് നമ്മുടെ (ആത്മാര്‍ത്ഥതയില്ലാത്ത) പരിഷ്കാരങ്ങളെല്ലാം? ഈ ഒഴുക്കുന്ന പണമെല്ലാം? ലാവ്‌ലിന്‍ കേരളീയരെ ഓരോരുത്തരെയും ശരാശരി 100 രൂപാ വച്ച് കടക്കാരാക്കിയെന്ന് സി ആര്‍ നീലകണ്ഠന്‍. ആര്‍ക്കും വേണ്ടാത്ത, ഒട്ടും ഏശാത്ത വിദ്യാഭ്യാസപരിഷ്കാരമെന്ന മട്ടില്‍ ഒഴുക്കി വിടുന്ന കോടികളോ? അതു നമ്മെ കടക്കാരാക്കുക മാത്രമാണോ ചെയ്തുകൊണ്ടിരിക്കുന്നത്?

10 comments:

Haree said...

ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുണ്ടാവുക എന്ന മിനിമം യോഗ്യത ഇല്ലാത്തതാണ് സര്‍ക്കാര്‍ സ്കുളുകളിലെ അധ്യാപകരുടെ കുഴപ്പം (മറ്റു പല മേഖലകളിലേയും പോലെ...). അണ്‍‌-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാവട്ടെ, നന്നായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇതിനെന്താണ് ഒരു പരിഹാരം? ഗവണ്മെന്റിന് എന്തു ചെയ്യുവാനാവും? ഇപ്പോള്‍ അണ്‍‌-എയ്ഡഡിനും പ്രത്യേക അധ്യാപക സംഘടന ഉണ്ട്, അല്ലേ? അധ്യാപകര്‍ സ്വയം തന്നെ വിചാരിച്ച് നന്നാവുക, അതിനു വേണ്ടി സംഘടനകള്‍ പ്രവര്‍ത്തിക്കുക; ഇതൊക്കെ നടക്കുമോ?

പഠനനിലവാരം താഴുന്നതിന് കുട്ടികളെ കുറ്റം പറയുന്നതാണ് ഏറ്റവും ചെറ്റത്തരം. x-(
--

Rajeeve Chelanat said...

“ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുണ്ടാവുക എന്ന മിനിമം യോഗ്യത ഇല്ലാത്തതാണ് സര്‍ക്കാര്‍ സ്കുളുകളിലെ അധ്യാപകരുടെ കുഴപ്പം “ - കുഴപ്പം ഇതൊന്നുമല്ല ഹരീ. സ്കൂളുകള്‍-വിദ്യാഭ്യാസം, ആശുപത്രികള്‍-പൊതുജനാരോഗ്യം തുടങ്ങി, പരമപ്രധാനമായ സാമൂഹികാവശ്യങ്ങളെക്കുറിച്ച് ഒരു ബോധവുമില്ലാത്ത പു***** മന്ത്രിമാരെയും, രാഷ്ട്രീയകക്ഷികളെയുമാണ് ആദ്യത്തെ മന്ത്രിസഭക്കുശേഷം, കേരളത്തിന് ഇന്നോളം കിട്ടിക്കൊണ്ടിരിക്കുന്നതും ഇപ്പോഴുമുള്ളതും. നോബഡി ഈസ് കണ്‍സേണ്‍‌ഡ്. തിക്കോടിയന്റെ ആത്മകഥയില്‍ എഴുതിയപോലെ, പഠിപ്പിക്കില്ലെന്ന് അദ്ധ്യാപകര്‍, പഠിക്കില്ലെന്ന് കുട്ടികള്‍, പഠിപ്പിക്കുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍, പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് നാട്ടുകാരും. വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളില്‍ മാതൃകയായി വാഴ്ത്തപ്പെടുന്ന ഒരു സംസ്ഥാനത്തിന്റെ ഗതിയാണിത് എന്നുകൂടി ഓര്‍മ്മയില്‍ വെക്കുക.

വെള്ളെഴുത്തേ - സ്വകാര്യവിദ്യാഭ്യാസത്തെ അവസാനിപ്പിക്കുക എന്നതുതന്നെയാവണം ലക്ഷ്യം. വിദ്യാഭ്യാസത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്ത്വത്തില്‍ കൊണ്ടുവരിക. ഇന്നത്തെ ഈ ഏയ്‌ഡ‌ഡ്-നോണ്‍ ഏയ്‌ഡഡ് ആഭാസങ്ങള്‍ നിര്‍ത്തുക. പക്ഷേ അതൊക്കെ നടക്കണമെങ്കില്‍ ആദ്യം പറഞ്ഞതു വേണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനെയെങ്കിലും ഗൌരവമായി കാണുന്ന ഒരു സര്‍ക്കാര്‍. അതില്ലെങ്കില്‍ ഈ തെമ്മാടിത്തരമൊക്കെ ഇങ്ങനെത്തന്നെ നടന്നുകൊണ്ടിരിക്കും.

അഭിവാദ്യങ്ങളോടെ

സു | Su said...

സ്കൂളിലെ പോസ്റ്റ്/ജോലി പോകുമോന്ന് വിചാരിച്ച് കൂടുതൽ കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ സർക്കാർ ഇതര സ്കൂളിലെ അദ്ധ്യാപകർ തയ്യാറാവുന്നുണ്ട്. അവർ കുട്ടികളെ ആകർഷിക്കാൻ പല തന്ത്രങ്ങളും പയറ്റണം. പക്ഷേ, പല സ്കൂളുകളിലും, അങ്ങനെ തന്ത്രങ്ങളൊന്നും ഇല്ലാതെ തന്നെ കുട്ടികൾ ചേരുന്നുണ്ട്. സർക്കാർ സ്കൂളിലെ പഠിപ്പ് ശരിയല്ലെന്ന് തോന്നുന്നതുകൊണ്ടാണോന്ന് അറിയില്ല. സർക്കാർ സ്കൂളിലെ അദ്ധ്യാപകർ തന്നെ, മക്കളെയൊക്കെ വേറെ സ്കൂളിൽ ചേർക്കുന്നുണ്ടെന്ന് പറയുമ്പോൾ അതിലെന്തോ കാര്യമില്ലേ? താൻ പഠിച്ചപോലെ സർക്കാർ സ്കൂളിലെ പഠിപ്പു മതി തന്റെ കുട്ടിയ്ക്ക് എന്നുവിചാരിക്കുന്ന, ഉയർന്ന പഠിപ്പുള്ള, സർക്കാർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ എത്രയാളുണ്ട് കേരളത്തിൽ? ഫീസും സൗകര്യവും ഒക്കെ നോക്കുമ്പോൾ സർക്കാർ സ്കൂളിലേ പഠിപ്പ് ശരിയാവൂ എന്നു വിചാരിക്കുന്നവരേ അങ്ങോട്ട് കുട്ടികളെ അയക്കുന്നുണ്ടാവൂ എന്നു തോന്നുന്നു. കുട്ടികൾ കുറവാണ്, നിലവാരം കുറവാണ്. അംഗീകാരമുള്ളതും അല്ലാത്തതുമായ സ്കൂളുകൾ വർദ്ധിച്ചുവരുന്നു, അവരുടെ അടുത്ത് വിജയശതമാനം കൂടുന്നു എന്നൊക്കെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോയെന്തോ!

വെള്ളെഴുത്ത് said...

ഹയര്‍സെക്കണ്ടറി വ്യാപകമായ കാലത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രത്യേക ഉണര്‍വ് കൈവന്നതാണ്..ഒരു കുടക്കീഴില്‍ എന്ന ആശയം മറ്റു പലതുമായി പരിണമിക്കാന്‍ തുടങ്ങിയതോടെ പതുക്കെ പതുക്കെ അതും നിലയ്ക്കുകയാണ്..ഒരു ബാച്ചില്‍ 60 കുട്ടികളും നിറഞ്ഞു കഴിഞിട്ട് സീറ്റു വര്‍ദ്ധിപ്പിക്കാന്‍ അപേക്ഷയെഴുതിയ സ്കൂളുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി 45-55 നിടയ്ക്ക് കുട്ടികളെ വച്ചു പഠിപ്പിക്കേണ്ട ഗതികേടിലാണ്..പെട്ടെന്ന് പറഞ്ഞാല്‍ തിരിയില്ലെങ്കിലും ഏകജാലകം പരോക്ഷമായി സഹായിച്ചുകൊണ്ടിരിക്കുന്നത് എയിഡഡ്-അണെയിഡഡ് സ്കൂളുകളെയാണ്. ഇന്നത്തെ വാര്‍ത്ത 10% സീറ്റുകള്‍ ഹയര്‍ സെക്കണ്ടറിയില്‍ ഒഴിഞ്ഞു കിടക്കുന്നു എന്നാണ്.. 5-മത്തെ അലോട്ടുമെന്റും കഴിഞ്ഞ് സ്കൂളുകളില്‍ അഡ്മിഷന്‍ സ്ഥിരപ്പെടുത്താനുള്ള നിര്‍ദ്ദേശം കുട്ടികള്‍ക്ക് നല്‍കി കഴിഞ്ഞിട്ടുള്ള സ്ഥിതിയാണിത്. എവിടെപ്പോയി പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍? കഴിഞ്ഞ തവണ മാനേജുമെന്റുകള്‍ക്കും കൂടിയുള്ള ഫോമുകള്‍ സര്‍ക്കാരാണടിച്ചു നല്‍കിയത് 10 രൂപയ്ക്ക്. ഈ വര്‍ഷം ഇഷ്ടമുള്ള തുകയ്ക്ക് മാനേജുമെന്റുകള്‍ക്ക് സ്വന്തം ഫോമ്മടിച്ചു നല്‍കാമെന്നായി..അപ്പോള്‍ ആരുടെ അഴിമതി ഇല്ലാതാക്കി സുതാര്യമാക്കാനായിരുന്നു ഏകജാലകം?

ഗൗരിനാഥന്‍ said...

പ്രസക്തമായ പോസ്റ്റ്.. എങ്കിലും ഗവണ്മെന്റ് സ്കൂളുകളും മാറുന്നുണ്ട്...വ്യക്തമായ വിഷന്‍ ഉള്ള ഒരു രാഷ്ട്രീയക്കാരനെങ്കിലും ആ പ്രദേശത്തുണ്ടെങ്കില്‍ അത് നടക്കും...എന്റെ നാട്ടില്‍ നടന്ന ചില കാതലായ മാറ്റാത്തിനു കാരണം അത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ ആയിരുന്നു.അധികാരത്തെ അത്തരത്തിലും ഉപയോഗീക്കാന്‍ പറ്റണം..

myexperimentsandme said...

ബ്ലോഗില്‍ പണ്ടും ചര്‍ച്ചകള്‍ സര്‍ക്കാര്‍ സ്കൂളുകളെ എങ്ങിനെയൊക്കെ നന്നാക്കാം എന്ന് നടന്നിരുന്നു.

ശരിക്കും സര്‍ക്കാര്‍ സ്കൂള്‍ നന്നാവാത്തതല്ല, നമ്മള്‍ നാട്ടുകാര്‍ നന്നാവാത്തത് തന്നെയാണ് കാര്യം. സര്‍ക്കാര്‍ സ്കൂള്‍ കൊള്ളില്ല എന്ന ബോധപൂര്‍വ്വമായ ഒരു പ്രചരണം
എയ്ഡഡ്-അണ്ണെയ്‌ഡഡ് സ്കൂളുകള്‍ കാലങ്ങളായി നടത്തുന്നുണ്ട്- അവര്‍ക്ക് അതിന് വലിയ അദ്ധ്വാനമൊന്നും വേണ്ട താനും, സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകരും നാട്ടുകാരും
സഹായിക്കുന്നത് കാരണം.

സര്‍ക്കാര്‍ സ്കൂളുകളെ പുനരുജ്ജീവിപ്പിക്കല്‍ ഒറ്റ രാത്രികൊണ്ടൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ശ്രമിച്ചാല്‍ പറ്റുകയും ചെയ്യും. നാട്ടില്‍ “കൊള്ളാവുന്ന”
കുറെപ്പേരുടെ കുട്ടികളെ മനഃപൂര്‍വ്വം തന്നെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കണം. നാടോടുമ്പോള്‍ ബാക്കിയുള്ളവരും നടുവെ ഓടിക്കൊള്ളും.

പിന്നെ വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഒന്നുകില്‍ സമരം എല്ലാ സ്കൂളുകളിലും നടത്തണം-അല്ലെങ്കില്‍
ഒരിടത്തും നടത്തരുത്. സമരം മൂലം ക്ലാസ്സുകള്‍ നഷ്ടമാവുന്നത് ഇനി മുതല്‍ ഒരിക്കലും സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമാവരുത്.

പോക്രിത്തരം കാണിക്കുന്ന എയ്‌ഡഡ്-അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശനമായ നടപടി എടുക്കണം. അവരെ എല്ലാ തരത്തിലും
എക്സ്‌പോസ് ചെയ്യിക്കണം. ഏത് പ്രതിപക്ഷമോ ഏത് മതപക്ഷമോ ബഹളമുണ്ടാക്കിയാലും കുലുങ്ങരുത്. നടപടിയിലെ വിവേചനമാണ് പലപ്പോഴും ആള്‍ക്കാരെ
പല തട്ടില്‍ നിര്‍ത്തുന്നത്. ആ വിവേചനം ഇല്ലാതായാല്‍ സാധാരണക്കാരായ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ സര്‍ക്കാരിനുണ്ടാവും.

രാജീവ് പറഞ്ഞതുപോലെ വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ ഗൌരവമായിത്തന്നെ കാണണം. സര്‍ക്കാരിന്റെ ആ ഗൌരവമായുള്ള കാഴ്ചയ്ക്ക് നാട്ടുകാര്‍ എല്ലാവിധ പിന്തുണയും
കൊടുക്കണം. ആരെങ്കിലും അതിന്റെ പേരില്‍ ബഹളമുണ്ടാക്കിയാല്‍ അവരെ ഒറ്റപ്പെടുത്തണം.

സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടോ, സര്‍ക്കാര്‍ സ്കൂളുകളെ ഒന്നാന്തരം സ്കൂളുകളാക്കി മാറ്റാം. കേരളത്തില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പിന്തുണ സര്‍ക്കാരിന്
തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഉണ്ടാവും.

സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതക്കുറവും ആര്‍ജ്ജവക്കുറവും തന്നെയാണ് ഇക്കാര്യത്തിലെ ഒരു പ്രധാന പ്രശ്നം.

Anonymous said...

നിലവാര തകര്‍ച്ച സര്‍കാര്‍ മേഖലയില്‍ മാത്രമല്ല .... ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുള്ള അണ്‍ ഐടെദ്‌ മേഖലയിലും ഉണ്ട് .വേതനം കുറയുമ്പോള്‍ അര്പന മനോഭാവവും കുറയുന്നതായി കാണുന്നു .ഈയടുത്ത കാലത്തായി കൂണ് പോലെ പോട്ടിവിരിഞ്ഞ മിക്ക അണ്‍ അയ്ടെദ്‌ വിദ്യാലയങ്ങളിലും അവസ്ഥ ഇത് തന്നെയാണ് .ഇംഗ്ലീഷ് മീഡിയം ആയതു കൊണ്ട് മാത്രം നിലവാരം ഉയരുന്നില്ല ,
ചുരുക്കത്തില്‍ പറഞ്ഞാല്‍ നഷ്ടം സാധാരണക്കാരന് മാത്രം .
സര്‍ക്കാര്‍ സ്കൂളില്‍ പഠനം മോശം ... ഇല്ലാത്ത കാശുണ്ടാക്കി അണ്‍ ഐടെടില്‍ വിട്ടാലോ അവിടെയും തഥൈവ ....
സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാം മോശമാണെന്ന അഭിപ്രായം ശരിയല്ല ,പ്രശസ്ത മായ നിലയില്‍ പ്രവര്‍ത്തിക്കു ധാരാളം സ്കൂളുകള്‍ ഉണ്ട് .

വെള്ളെഴുത്ത് said...

ഇന്ന് എബി വിപിയുടെ വിദ്യാഭ്യാസബന്ദ്. നാലു പിള്ളേര്‍ വന്ന് മുദ്രാവാക്യം വിളിക്കും മുന്‍പ് സര്‍ക്കാര്‍ സ്കൂളുകള്‍ വിട്ടു.എന്നാല്‍ എല്ലാ സ്കൂളും വിട്ടുമില്ല. രാഷ്ട്രീയകാര്യമായതുകൊണ്ട് വരാന്‍ പറ്റില്ലെന്ന് പോലീസ്...നഗരത്തിലെ ഒരു അണ്‍ എയിഡഡ് സ്കൂളും വിട്ടതായി തോന്നുന്നില്ല.
ഗൌരി പറഞ്ഞതിനകത്ത് ഒരപകടം പതിയിരിക്കുന്നുണ്ട്.. പ്രാദേശികരാഷ്ട്രീയക്കാരന്‍ കണ്ണുരുട്ടിക്കാണിച്ചും ഭീഷണിപ്പെടുത്തിയും മെച്ചപ്പെടുത്തിയ (?) സ്കൂളുകളുടെ കഥകള്‍ ധാരാളം കേള്‍ക്കാനുണ്ട്..രജിസ്റ്റര്‍ വരെ വന്നു പരിശോധിച്ച് വക്കാണത്തിനു പോയവരെ പ്പറ്റി വാര്‍ത്തകള്‍ വന്നിരുന്നു. അയാള്‍ക്കതു പറ്റും. അപ്പോള്‍ എന്തിനാണ് സ്കൂളില്‍ ഹെഡും മറ്റും? അധികാരപ്രയോഗത്തിനാര്‍ക്കാണു താത്പര്യമില്ലാത്തത്? മാനേജര്‍ മാരില്‍ നിന്ന് അയാള്‍ക്കു വലിയ വ്യത്യാസമൊന്നുമില്ല. തൊലിപ്പുറത്തുള്ള ആ പരിഷ്കാരമല്ല ആത്യന്തികമായി ഉണ്ടാവേണ്ടത്. പ്രവൃത്തിയെടുക്കുന്ന സ്ഥലം നന്നാക്കുക എന്ന ആന്തരികബോധത്തിന്റെ വളര്‍ച്ചയാണ്..അതാണില്ലാതെ പോകുന്നത്.
വക്കാരി പറഞ്ഞതു ശരിയാണ് പക്ഷേ പലപ്പോഴും സര്‍ക്കാര്‍ സ്കൂളുകളെ ന്യായീകരിച്ചുകൊണ്ടെഴുതുന്ന ലേഖനങ്ങളില്‍ കാണുന്ന വാക്യം - സര്‍ക്കാര്‍ സ്കൂളുകള്‍ മോശമാണെന്ന പ്രചരണം എയിഡഡ് അണ്‍ എയിഡഡ് സ്കൂളുകള്‍ നടത്തുന്നു- എവിടെയാണ് സംഭവിക്കുന്നത്? തത്ത്വത്തിനതു സമ്മതിച്ചുകൊടുത്താല്‍ ഈ എഴുത്തുള്‍പ്പടെ അവരുടെ അജണ്ടയുടെ ഭാഗമാവും. എന്നു വച്ചാല്‍ സര്‍ക്കാര്‍ സ്കൂളുകളെ വിമര്‍ശിക്കേണ്ടതില്ലെന്നും അവിടെ താരതമ്യേന സ്വര്‍ഗമാണെന്നും..
അണ്‍ എയിഡഡുകളില്‍ കുഴപ്പമില്ലെന്ന് ആരു പറയുന്നു അനോനീ..മാനസികപ്രശ്നങ്ങളാല്‍ തന്നെ സന്ദര്‍ശിക്കുന്ന 7 മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഒരു സൈക്കോളജിസ്റ്റ് രണ്ടു ദിവസം മുന്‍പ് പറഞ്ഞതേയുള്ളൂ.. മിക്കപേരും നഗരത്തിലെ പ്രസിദ്ധമായ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍.. സ്കൂള്‍ അന്തരീക്ഷവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ അധികവും. അധികൃതരെ തിരുത്തുക എളുപ്പവുമല്ല. എതിര്‍വാദം ഉന്നയിക്കാവുന്നത് സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന കുട്ടികളായതുകൊണ്ടാണിവരുടെ പ്രശ്നങ്ങള്‍ രേഖപ്പെടുത്തപ്പെട്റ്റത് എന്നാണ്.. ഇതേ പ്രശ്നവുമായി സര്‍ക്കാര്‍ സ്കൂളില്‍ ചടഞ്ഞു കൂടുന്ന ഒരു പാവത്തെ ആരു ശ്രദ്ധിക്കാനാണ്.. ഒരു മാസത്തിനുമുന്‍പ് തീരദേശത്തെ സ്കൂളില്‍ ഒരു കുട്ടി ആതമഹത്യ ചെയ്തിരുന്നു. +2 വിദ്യാര്‍ത്ഥിനി. പരീക്ഷയിലെ പരാജയവുമായി ബന്ധപ്പെട്ടാണ്..വാര്‍ത്തകൂടി ആയില്ല അത്.

പ്രേമന്‍ മാഷ്‌ said...

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കുട്ടികള്‍ ഭൂരിപക്ഷവും അണ്‍-എയിഡഡ് സ്കൂളുകളിലാണ്....

നഗരത്തിലെ എന്നല്ല ഗ്രാമത്തിലെയും മിക്ക അധ്യാപകരുടെയും മനോഭാവം ഇതാണ്. അണ് എയിഡഡിലേക്ക് മാറാന് അല്പം നാണമുള്ള ചിലരാകട്ടെ കേന്ദ്രീയ വിദ്യാലയത്തിലേക്ക് മക്കളെ ആരുടെ കാലുപിടിച്ചായാലും എത്തിക്കും. അധ്യാപകരുടെ ഈ മനോഭാവം തന്നെയാണ് സര്ക്കാര് വിദ്യലയത്തോടുള്ള പൊതുജനങ്ങളുടെ മനസ്സിനെ ഇങ്ങനെ ആക്കിയത്.
കുട്ടികള്‍ മോശമാണെന്നു സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്. ‘ഇവിടത്തെ പിള്ളേര്‍ക്ക് ഇത്രയൊക്കെ മതി’ എന്നത് ചില അദ്ധ്യാപകരുടെ സ്ഥിരം പല്ലവിയാണ്.....

കുട്ടികളെ കുറ്റം പറഞ്ഞു സ്കൂളുകളില് വല്ലതും ഒപ്പിക്കുന്നവര് സ്വകാര്യ ട്യുഷനായി ഓടുന്നത് പതിവ് കാഴ്ചയാണ്.

എകജാലകത്തിനു പരിമിതികള് ഏറെ ഉണ്ടെങ്കിലും വിദ്യാര്ഥികള്, അധ്യാപകര്, രക്ഷിതാക്കള് എന്നിവരെ സംബന്ധിച്ചിടത്തോളം പഴയ സ്ഥിതിയില് നിന്ന് കുറെ മോചനമുണ്ട്. പതിനഞ്ചു സ്കൂളുകളില് നിന്ന് ഫോറം വാങ്ങി പുരിപ്പിച്ചു നല്കല്, ഇന്റര് വ്യുവിനു ഓരോയിടത്തും വാടകയ്ക്ക് ആളുകളെ നിര്ത്തല് തുടങ്ങിയ പെടാപ്പാടുകള്ക്ക് അറുതിയായി. sslc കഴിഞ്ഞു പോകുമ്പോള് പോകുമ്പോള് തന്നെ option അടക്കം ഓണ് ലൈനില് വാങ്ങിച്ചു വെച്ചാല് ( അത് ഹൈസ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില് ചെയ്യവുന്നതെയുള്ളൂ ) sslc ഫലം വന്നു (അതെത്രനാള്? ഇത് കൂടി നോക്കുക http://premanmash.blogspot.com/2009/07/blog-post_14.html) ഒരാഴ്ചക്കകം പ്ലസ് വണ്‍ പ്രവേശനം പുര്ത്തിയാക്കാവുന്നതെയുള്ളൂ.

അംഗീകാരമില്ലാത്ത സ്കൂളുകള്ക്കെതിരെയുള്ള 'നടപടി' എവിടെയാണ് എത്തിയത് . എല്ലാ നടപടിയും നിര്ത്തിവെച്ചു എന്നുമാത്രമല്ല ആവശ്യമുള്ളവര് ക്കെല്ലാം അംഗീകാരം കൊടുക്കാം എന്ന് തീരുമാനവുമായി. ഇതിനു വേണ്ടി ആയിരുന്നോ 'നടപടി'?

വെള്ളെഴുത്ത് said...

എകജാലകത്തിനു പരിമിതികള് ഏറെ ഉണ്ടെങ്കിലും വിദ്യാര്ഥികള്, അധ്യാപകര്, രക്ഷിതാക്കള് എന്നിവരെ സംബന്ധിച്ചിടത്തോളം പഴയ സ്ഥിതിയില് നിന്ന് കുറെ മോചനമുണ്ട്. പതിനഞ്ചു സ്കൂളുകളില് നിന്ന് ഫോറം വാങ്ങി പുരിപ്പിച്ചു നല്കല്, ഇന്റര് വ്യുവിനു ഓരോയിടത്തും വാടകയ്ക്ക് ആളുകളെ നിര്ത്തല് തുടങ്ങിയ പെടാപ്പാടുകള്ക്ക് അറുതിയായി.
ഇതൊരു തെറ്റായ ധാരണയാണ്. ഇപ്പോഴാണ് ശരിക്കും നെട്ടോട്ടം. ഭൂരിപക്ഷം അദ്ധ്യാപര്‍ക്കും എന്താണ് നടക്കുന്നതെന്നറിയില്ല. അവസാനത്തെ അലോട്ട്മെന്റും കഴിഞ്ഞ് സ്ഥിരപ്പെടുത്താന്‍ പേപ്പറില്‍ ഇണ്ടാസുവന്നിട്ട് പിന്നെയും കുട്ടികള്‍ക്ക് വെള്ളപ്പേപ്പറില്‍ എഴുതി കൊടുത്ത് സ്കൂളും ഓപ്ഷനും മാറാം. ഇപ്പൊഴും തീര്‍ന്നിട്ടില്ല പിള്ളാരുടെ സന്ത്രാസം..(യൂണിഫോം വാങ്ങിച്ച ഒരു കുട്ടി അതു പകുതി വിലയ്ക്ക് വില്‍ക്കാന്‍ നടക്കുന്നതു കണ്ടു ഇന്ന്) ഓട്ടം..സ്കൂളുകളില്‍ ഒഴിവുള്ള സീറ്റുകളുടെ എണ്ണം HSCAP സൈറ്റിലുണ്ട്.. ചില സ്കൂളുകളീല്‍ 40മേല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു..കസേരകളി തീരുന്നില്ല..