May 10, 2009
കൊടി, കുടയായും തഴയായും
സത്യന് അന്തിക്കാടിന്റെ ‘ഭാഗ്യദേവതയ്ക്കും’ ടി വി ചന്ദ്രന്റെ ‘ഭൂമിമലയാളത്തിനും’ ആശയപരമായി ചില സമാനതകള്‍ പ്രത്യക്ഷത്തില്‍ തന്നെയുണ്ട്. ലക്ഷ്യവും ആവിഷ്കാരരീതിയും വ്യത്യസ്തമാണെങ്കിലും. സ്ത്രീപ്രശ്നങ്ങളാണ് രണ്ടിലും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെന്ന അവകാശവാദമാണ് അവയില്‍ പ്രധാനം. ഭാഗ്യദേവതയില്‍ സ്ത്രീയുടെ സാമ്പത്തികമായ ഉയര്‍ച്ച/ വരലബ്ധി, കുടുംബം എന്ന ചട്ടക്കൂടിനുള്ളില്‍ അവളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമാവുന്നതെങ്ങനെ എന്നാണ് പറയുന്നതെങ്കില്‍ ഭൂമിമലയാളം അതേപ്രശ്നത്തെ സാമൂഹികമായ ഒരു സ്വീകാര്യതയ്ക്കായി ചൂണ്ടുന്നു. ലോംഗ് ജമ്പില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരേണ്ട ആനി, സാധാരണവീട്ടമ്മയായി ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും വച്ചുവിളമ്പാന്‍ മാത്രമുള്ള അടുക്കള ഉപകരണമായി കര്‍മ്മണിപ്പെട്ടുപോകാനുള്ള കാരണം പണത്തിന്റെ അഭാവമാണ്. ഡെയ്സിയ്ക്ക് ലോട്ടറി കിട്ടിയ തുകയുടെ അത്ര കാല്‍പ്പനികതയില്ലെങ്കിലും സ്പോര്‍ട്സ് കൌണ്‍സിലിന്റെ സ്കോളര്‍ഷിപ്പ് കിട്ടുന്നതാണ് അവളെ കുടുംബത്തില്‍ നിന്ന് പുറത്തു ചാടിച്ച് ആയിരങ്ങള്‍ ആര്‍ത്തു വിളിക്കുന്ന സ്റ്റേഡിയത്തിലെത്തിക്കുന്നത്. വയനാട്ടിലെ ഒരു കര്‍ഷക കുടുംബത്തില്‍പ്പെട്ട അവളെ ഭര്‍ത്താവ് വിവാഹം കഴിക്കുന്നത്, പണം നല്കി കടബാധ്യതയില്‍ നിന്ന് കുടുംബത്തെ മോചിപ്പിച്ചുകൊണ്ടാണെന്ന പരാമര്‍ശം സിനിമയിലുണ്ട്. മാധ്യമപ്രവര്‍ത്തകയായ ഫൌസിയയ്ക്ക് വേണ്ടത് ഒരു ഡിവിക്യാമാണ്. അതിനു ഭര്‍ത്താവ് കനിയുന്നതും കാത്തിരിക്കുകയാണവള്‍. കുടുംബസ്ഥയായ സ്ത്രീ പുറത്ത് പോയി ജോലിചെയ്യരുതെന്ന ഭര്‍ത്തൃപിതാവിന്റെ ആഗ്രഹത്തെ വകവയ്ക്കാത്തതുകൊണ്ട് വിദേശത്തു ജോലിയുള്ള ഭര്‍ത്താവില്‍ നിന്നു ക്യാമറ അവള്‍ക്ക് ലഭിക്കുന്നില്ല. എന്നല്ല ദാമ്പത്യം തന്നെ പ്രശ്നത്തിലുമാവുന്നു. പക്ഷേ സിനിമയുടെ അവസാനം ക്യാമറയുപയോഗിച്ച് ആനിയെ ചിത്രീകരിക്കുന്ന ഫൌസിയയെ നാം കാണുന്നു. അവളത് ആരെയും ആശ്രയിക്കാതെ സ്വന്തം നിലക്ക് കൈവശമാക്കിയതാവണം. അങ്ങനെ കുടുംബത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചിതകളാവുന്ന സ്ത്രീസ്വത്വങ്ങളുടെ വിജയത്തിലും അങ്ങനെ മോചിതരാവാന്‍ കഴിയാത്തവരുടെ പരാജയത്തിലും ആണ് സിനിമ ഊന്നുന്നതെന്ന് സാമാന്യേന പറയാം.
രാഷ്ട്രീയമാണ് മറ്റൊരു പ്രശ്നം. ഭാഗ്യദേവതയില്‍ കൃഷിയിറക്കാന്‍ ആളെക്കിട്ടാത്ത വയലുകള്‍, വില്‍ക്കാനോ നികത്താനോ തെങ്ങു നടാനോ സമ്മതിക്കാത്ത ഒരു കൂട്ടം രാഷ്ട്രീയക്കാരെ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് സ്വന്തം നിലയില്‍ ബോട്ടു വാങ്ങി പണക്കാരനാവാനോ സഹോദരിയുടെ വിവാഹം സമയത്തിനു നടത്താനോ ബെന്നിയ്ക്കു കഴിയാതെ വരുന്നത്. സാധാരണക്കാരുടെ ജീവിതത്തെ താറുമാറാക്കുന്ന ഒന്നായി കക്ഷിരാഷ്ട്രീയത്തിന്റെ സാന്ദര്‍ഭിക പരാമര്‍ശങ്ങള്‍ ജനപ്രിയസിനിമകളില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ട് കൈയടി നേടാറുണ്ട്. (ഇടയ്ക്ക് പറയട്ടെ, മാടമ്പിയില്‍ പണപ്പിരിവിനു മുടന്തന്‍ ന്യായവുമായി വരുന്ന ഇതുപോലൊരു പ്രാദേശിക നേതാവിനെ ശല്യക്കാരനായി ചിത്രീകരിച്ച് നായകനെക്കൊണ്ട് നെഞ്ചത്തു ചവിട്ടി അകറ്റിയ സംവിധായകന് ബി ഉണ്ണിക്കൃഷ്ണനാണ് ഫെഫ്കയുടെ നേതാവായി പിണറായി വിജയനെ കാണാന്‍ ഈ അടുത്തകാലത്ത് പോയത്. സിനിമയിലൊന്ന്, ജീവിതത്തില്‍ മറ്റൊന്ന് !) ഭൂമിമലയാളത്തിലെ രാഷ്ട്രീയം ഇതിനു നേരെ വിപരീതധ്രുവത്തിലാണ്. 1930 -കളിലും 40 -കളിലും ഇടപ്രഭുക്കന്മാരുടെയും ജന്മികളുടെയും കാല്ക്കീഴില് ഞെരിഞ്ഞമരുകയായിരുന്നു കേരളസമൂഹത്തിന് പോരാട്ടത്തിന്റെയും വിമോചനത്തിന്റെയും വഴിതെളിച്ചുകൊടുത്തത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ നിര്‍ഭയരായ സഖാക്കളായിരുന്നു (അവരുടെ ചോരയായിരുന്നു ) എന്ന് സിനിമ വ്യക്തമായി തന്നെ പറയുന്നുണ്ട്. 60 വര്‍ഷങ്ങള്‍ കൊണ്ട് കേരളം ബഹുദൂരം മുന്നേറിയെങ്കിലും ചില കാര്യങ്ങളില്‍ ഇന്നും സ്ഥിതിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. 1948-ല്‍ വേട്ടയാടപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 2008-ലും അതേ തീവ്രതയോടെ വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുന്നു എന്ന സത്യമാണ് നിരന്തരമായ രാഷ്ട്രീയകൊലപാതകങ്ങള്‍ ബോധിപ്പിക്കുന്ന സത്യം എന്നാണ് സിനിമയ്ക്ക് പറയാനുള്ളത്. ഈ കൊലപാതകങ്ങളുടെ ഇരകളാണ് സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍. അമ്മയും സഹോദരിയും കാമുകിയും ഭാര്യയുമൊക്കെയായി അനാഥത്വത്തിന്റെ വേദനയനുഭവിക്കുന്നു എന്നതു മാത്രമല്ല, ലൈംഗികമായ ആക്രമണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ഒളിഞ്ഞുനോട്ടങ്ങളുടെയും ഇരയായി നിരന്തരം തീ തിന്ന് കഴിയാനാണ് പാറശ്ശാലമുതല്‍ കാസര്കോഡുവരെയുള്ള ഭൂമിമലയാളത്തിലെ സ്ത്രീസ്വത്വങ്ങള്‍ക്ക് വിധി. ഇതിലേയ്ക്ക് കക്ഷിരാഷ്ട്രീയത്തെ ഇഴച്ചേര്‍ത്തുകൊണ്ടാണ് ടി വി ചന്ദ്രന്, വേട്ടയാടപ്പെടുന്നത് സ്ത്രീത്വം മാത്രമല്ല, കമ്മ്യൂണിസ്റ്റു പാര്‍ട്ടി കൂടിയാണെന്ന കാര്യം സാധിച്ചെടുക്കുന്നത്.
ഈ കാഴ്ചയെയാണ് ജി പി രാമചന്ദ്രന്, ചരിത്ര-യാഥാര്‍ത്ഥ്യബോധ്യങ്ങളോടെ എടുത്ത സത്യസന്ധമായ ആവിഷ്കാരം എന്നു വിളിക്കുന്നത്. ഒരു മുസ്ലീം സ്ത്രീയുടെ ഭര്‍ത്തൃകുടുംബത്തെ അപ്രധാനീകരിച്ചുകൊണ്ട് പിന്നില്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ ടി വി ചന്ദ്രന്റെ ഇതഃപര്യന്തമുള്ള സിനിമകളേക്കാള്‍ മുന്‍പന്തിയിലാണിതിന്റെ സ്ഥാനമെന്നും. കലാമൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന നമ്മുടെ സിനിമകള്‍ സമീപകാലത്ത് ചെന്നു കയറുന്ന ഒരു മണ്ഡലമാണ് തൊട്ടടുത്തഭൂതകാലം. (നിഴല്‍ക്കുത്ത്, നാലുപെണ്ണുങ്ങള്‍, തലപ്പാവ്, ഏ കെ ജി, അടയാളങ്ങള്‍....) സ്വാതന്ത്ര്യപൂര്‍വകാലഘട്ടവും സ്വാതന്ത്ര്യാനന്തര വിഹ്വലതകളും. ഒരു സമൂഹത്തിനു നല്കിയ പുതിയൊരു ആവേശതള്ളിച്ചയില്‍ പുതിയകാലത്തെ സ്വപ്നം കണ്ടു തുടങ്ങിയ കാലമാണത്. കേരളീയ സമൂഹം അങ്ങേയറ്റം ചലനാത്മകമായിരുന്ന കാലം. അതു നിരന്തരമായി ആവിഷ്കരിക്കപ്പെടുന്നതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമല്ലോ. പക്ഷേ നമ്മുടെ രാഷ്ട്രീയസിനിമകളില്‍ അവ ആവര്‍ത്തിക്കുന്ന ശൈലിയെക്കുറിച്ച് സംശയമുണ്ടാവുന്നതു എന്തുകൊണ്ടും നല്ലതാണ്. പക്ഷപാതപരവും ഏകശിലാമുഖവുമാണ് ഏറിയകൂറും അവയിലെ ചരിത്രം. എഴുത്തുകാരന്റെയോ സംവിധായകന്റെയോ മാനസിക ചായ്വുകള് ചരിത്രത്തെ അപ്പാടെ ഹൈജാക്ക് ചെയ്യുന്ന സ്ഥിതിവിശേഷമാണിതുകൊണ്ടുണ്ടാവുന്നത്. മുപ്പതുകളിലെ രാഷ്ട്രീയസ്ഥിതി തന്നെയാണ് ഇന്നും നിലനില്‍ക്കുന്നതെന്ന് സ്ഥാപിക്കാന്‍ ‘ഭൂമിമലയാളത്തില്’ സംവിധായകന് ചെയ്യുന്നത് ഇടപ്രഭുക്കന്മാരുടെയും ജന്മിയുടെയും സ്ഥാനത്ത് വലതുപക്ഷ തീവ്ര-മിത (ആര് എസ് എസ് - കോണ്‍ഗ്രസ്സ്) രാഷ്ട്രീയത്തെ ഒരേ കള്ളിയില്‍പ്പെടുത്തി പ്രതിഷ്ഠിക്കുക എന്ന അതിലളിതമായ ഉപാധിയാണ്. കേരളത്തിന്റെ സമകാലിക സ്ഥിതി ഇത്രയും ലഘുവായ അറകളില്‍ കാലുമടക്കി കിടക്കാന്‍ മാത്രം ഋജുഘടനയുള്ളതല്ലെന്ന് മനസ്സിലാക്കാന്‍ കണ്ണു തുറന്നു ചുറ്റുപാടും നോക്കുകയേ വേണ്ടൂ. ഇടയലിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മയെ അധികാരത്തിന്റെ കാലുകളുറപ്പിക്കാനായി വലിച്ചുകൊണ്ടുവന്നിടുന്നതില്‍ തരക്കേടുണ്ട്. ഇതിനാണോ നമുക്ക് ഓര്‍മ്മകളുണ്ടായിരിക്കേണ്ടത്? പക്ഷേ ഉപരിപ്ലവമായ ഇത്തരം ചരിത്രവ്യാഖ്യാനത്തിന്റെ ചെലവിലാണ് നമ്മുടെ കലാമൂല്യമുള്ള (?) സിനിമകളുടെയും അവയുടെ വ്യാഖ്യാനമെഴുത്തുകളുടെയും പിറവി എന്നതാണു ദുരന്തം.
ഇതിനിടക്ക് വാര്‍പ്പു മാതൃകളായ മുതലാളിമാരുമുണ്ട്. കശുവണ്ടി മുതലാളി. കറിമസാല മുതലാളി. ഇവിടങ്ങളിലെല്ലാം തുച്ഛമായ വേതനത്തിനു പണിയെടുക്കുന്ന സ്ത്രീകള്‍ ചൂഷിതരാണ് എന്നാണു സൂചന. (താരതമ്യത്തിനു വേണ്ടി പറയാം, ഭാഗ്യദേവതയിലെ മുതലാളി സ്ത്രീയാണ്. ബെന്നിയുടെ സഹോദരിക്ക് ജോലി നല്‍കുന്നതവരാണ്) വടിവൊത്ത കുപ്പയമണിഞ്ഞ് മധുരവാക്കുകളുമായി ഇരട്ടമുഖവുമായി നടക്കുന്ന അവരുടെ രാഷ്ട്രീയം വ്യക്തം. അവരിലൊരാളാണ് നിര്‍മ്മലയെ കെട്ടിയിട്ട് പീഡിപ്പിക്കുന്നത്. സഹോദരന് കൊലപാതകരാഷ്ട്രീയത്തിന്റെ ഇര. മകന്റെ കൊല നേരില്‍ കണ്ട അമ്മ മാനസികരോഗിയായി. അതിനു പുറമേയാണ് നിര്‍മ്മലയ്ക്ക് ഈ ദ്രോഹവും ഏറ്റു വാങ്ങേണ്ടി വരുന്നത് . പോലീസുകാര്‍ എറിഞ്ഞുകൊന്ന യുവാവിന്റെ സഹോദരി സതിയെ വിവാഹം കഴിക്കാനിരുന്ന പട്ടാളക്കാരനാണ് പഞ്ചാബില്‍ വെള്ളത്തില്‍ വീണു മരിക്കുന്നത്. മണ്ണെടുത്ത് പിളര്‍ന്നുപോയ ചെങ്കല്‍ തരിശുകളില്‍ നിന്ന് ഒട്ടൊരു മെലോഡ്രാമയുടെ ഛായയില്‍ നിലവിളിക്കുന്ന സ്ത്രീകളെ ഇടയ്ക്കിടയ്ക്ക് കാട്ടിക്കൊണ്ടാണ് ‘ഭൂമിമലയാളത്തിന്റെ’ ഇങ്ങനെ ദുസ്സഹമാവുന്ന വേദനകളുടെ നിസ്സഹായതയെ ടി വി ചന്ദ്രന് ആവിഷ്കരിക്കുന്നത്. ഇതും പാറശ്ശാലയിലെ കടത്തിണ്ണകളില്‍ കയറി നിന്ന് പഴയ തെരുവുനാടകം ശൈലിയില്‍ ‘ട്രഷറി പൂട്ടി, മുഖ്യമന്ത്രി സ്ഥലത്തില്ലാ..’ എന്നിങ്ങനെ ആവര്‍ത്തിക്കുന്ന ജനങ്ങളെയും പിന്നെ ഭര്‍ത്താവിന്റെയും കൂട്ടുകാരുടെയും മുകളിലൂടെ ചാടി സ്റ്റേഡിയത്തില്‍ ചെന്നു വീഴുന്ന ആനിയുടെ സീനിനെയും സര് റിയലിസ്റ്റ് ആഖ്യാനരീതിയുടെ ചെലവിലാണ് സംവിധായകന് എഴുതിയിടുന്നതെന്നു തോന്നുന്നു. സ്വാഭാവികമായ ആഖ്യാനം വഴിമുട്ടുമ്പോള്‍ എടുക്കുന്ന തന്ത്രപരമായ ഒളിച്ചോട്ടങ്ങളില്ലാതെ യഥാതഥാവിഷ്കാരങ്ങള്‍ക്ക് ( ആ നിലയ്ക്കുള്ള അവകാശവാദമുള്ള സിനിമകള്‍ക്ക് ) സെല്ലുലോയിഡുകളില്‍ സ്ഥാനം പിടിക്കാന്‍ പറ്റത്തതെത്ര കഷ്ടമാണ്! തുടര്‍ന്നു വന്ന ‘വസ്തുവിനെ’ വിട്ട് മറ്റൊന്നിനോടൊപ്പം ക്യാമറ പോകുന്ന ‘ഫാന്റം ഓഫ് ലിബെര്‍ട്ടി’യുടെ ആഖ്യാനരീതികള്‍ ഇപ്പോഴും വലിയ കാര്യമായി ആവിഷ്കാരം നേടുന്നത് മലയാളസിനിമയ്ക്കൊരു ഭൂഷണമോ ദൂഷണമോ?
കൊലപാതകങ്ങളെയും ആത്മഹത്യകളെയും പറ്റിയുള്ള സ്കോര്‍ബോഡെഴുത്തുകള്‍ (ബോഡുകള്‍ ഇടയ്ക്ക് ഇടക്ക് കാണാം സിനിമയില്‍) മീഡിയകളോടുള്ള പരിഹാസമാണ്. മരണവും പീഡനങ്ങളും വെറും വിവരം മാത്രമാവുന്നതിലുള്ള പ്രതിഷേധമാവാം ഇത്. അതോടൊപ്പം സിനിമ പുലര്‍ത്തുന്ന പക്ഷപാതപരമായ നിലപാട് വച്ച് ആലോചിക്കുമ്പോള്‍ കൊലപാതകങ്ങളെ ഒരേ കള്ളിയില്‍പ്പെടുത്തിയതിലുള്ള സംവിധായകന്റെ അമര്‍ഷമായിട്ടാണ് തോന്നുക. കാരണം അടിച്ചമര്‍ത്തലിനും ഉന്മൂലനത്തിനും ചെറുത്തു നില്പ്പിനും ഒരേ സ്കോര്‍ ബോഡ് എന്തായാലും നീതിയാവില്ലല്ലോ. വീക്ഷണക്കോണ് മാറുമ്പോള്‍ പോലും ക്യാമറയുടെ സ്ഥിരമായിരിക്കുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഇതില്‍ ചില ധ്വനികള്‍ വായിക്കാന്‍ പാടില്ലേ? ഫൌസിയയും അരുണും കണ്ണാടി വാതിലിനപ്പുറം നിന്നു സംസാരിക്കുന്നതു കാണിക്കുന്നതു ഒരു ഉദാഹരണം. അവരുടെ സംസാരം കേള്‍ക്കാതിരിക്കുമ്പോഴും (കൂട്ടുകാരിയുടെ കാഴ്ചവട്ടത്തിലൂടെ) കേള്‍ക്കാന്‍ കഴിയുമ്പോഴും ക്യാമറ ഒരിടത്തു തന്നെ. (കഥാവശേഷനിലും ഇതേ പ്രശ്നം കണ്ടിട്ടുണ്ട്. എന്നാല്‍ ആംഗിളുകളാണെല്ലാം എന്ന് ബ്രസ്സണ്‍) ഇതിനൊക്കെ അപ്പുറത്ത്, സിനിമ അവസാനിക്കുന്നത് രണ്ടു സ്ത്രീകളുടെ ഫൌസിയയുടെയും ആനിയുടെയും സന്തോഷങ്ങളെ സ്റ്റേഡിയത്തിലെ കൈയടികളുടെ അകമ്പടിയോടെ അവതരിപ്പിച്ചുകൊണ്ടാണല്ലോ. മറ്റുസ്ത്രീകള്‍ക്ക് - സതി, നിര്‍മ്മല..- എന്തു പറ്റിയെന്ന കാര്യം സിനിമ പറയുന്നില്ല. പോട്ടെ, ഒരു സിനിമയ്ക്കുള്ളില്‍ എല്ലാം പറയുക സാധ്യമല്ല എന്നു വയ്ക്കുക. അവരെ അവരവരുടെ ചലച്ചിത്രനീതിയ്ക്കു വിടുക. എന്നാല്‍ (സ്ഥാലീപുലാകന്യായേണ - ചോറുവെന്തോ എന്നറിയാന്‍ ഒരെണ്ണം എടുത്തു ഞെക്കിനോക്കുക എന്ന ന്യായം വച്ച്..) ആദ്യം പറഞ്ഞ രണ്ടുപേര്‍ കുടുംബത്തിന്റെ പീഡനവൃത്തത്തില്‍ നിന്ന് എത്തിപ്പെട്ട് സാഫല്യമടയുന്നതായി കാണിക്കുന്ന മണ്ഡലം തീര്‍ത്തും ഉത്പാദനപരമല്ലാത്ത ഒന്നിലാണെന്നത് ആകസ്മികമായി സംഭവിച്ച കാര്യമാണോ എന്ന കാര്യത്തില്‍ സംശയിക്കണം. കായികവിനോദത്തിന്റെയും അതിനെ പകര്‍ത്തുന്നതിന്റെയും (അതും വിനോദമാണ്) കാഴ്ചയെ സ്ത്രീവിമോചനത്തിന്റെ മൂലകമായി എടുത്തുകാണിക്കുന്നതിലൂടെ വിനോദ-സേവനമേഖലയ്ക്ക് കൈവന്നിട്ടുള്ള വിശിഷ്ടതയുമായി ഒരൊത്തുതീര്‍പ്പ് സിനിമ നടത്തുന്നുണ്ട്. ലോട്ടറി കിട്ടുന്നതും റിയാലിറ്റി ഷോയില്‍ സമ്മാനം നേടുന്നതും ഇതും തമ്മില്‍ വലിയ ദൂരമില്ല. ആഖ്യാനത്തില്‍ വരുന്ന മന്ദതാളത്തില്‍ മാത്രമേയുള്ളൂ വ്യത്യാസം. വിനോദവ്യവസായങ്ങളിലെ മുതലിറക്കുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടുകളുമായി പെട്ടെന്ന് സമീകരിക്കാവുന്ന ഒരു പ്രശ്നം ഇതിനകത്തുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ സിനിമ പൂര്‍ത്തിയായി.
സാമാന്യബോധങ്ങളുമായി രാജിയാവുക എന്നതല്ല, ഉറച്ചുപോയ ബോധ്യങ്ങളെ പുതുക്കാനെങ്കിലും എന്തെങ്കിലും ചെയ്യുക എന്നതാണ് കലാമൂല്യമുള്ളതെന്നു നാം വിശ്വസിക്കുന്ന സിനിമകള്‍ നിര്‍വഹിക്കേണ്ട ദൌത്യം. പരിചിതമായ കാഴ്ചകള്‍ക്കപ്പുറത്ത് ആഴത്തില്‍ മുങ്ങിത്തപ്പിയാല് മാത്രം കിട്ടുന്ന മുത്താണത്. പുരോഗമനപരമായ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള സാമാന്യധാരണയ്ക്കപ്പുറം പോവുക എന്നത് കലാകാരന്റെ ബാധ്യതയല്ലാതാവുന്നതിന്റെ ഉദാഹരണങ്ങളാണ് പക്ഷേ ഇത്തരം സിനിമകള്‍. ഫലത്തിലവ ജനപ്രിയ സിനിമകളുടെ ചെയ്തികളെ കപടമായ ഗൌരവവുമായി അനുവര്‍ത്തിക്കുകതന്നെയാണ്. ജനങ്ങളെ ആള്‍ക്കൂട്ടങ്ങളായി കാണുന്ന രീതിയാണ് (റെയ്മണ്ട് വില്യംസ്) ഫലത്തില്‍ കലാമൂല്യമുള്ളതെന്നു പുറമേയ്ക്കു നടിക്കുന്ന സിനിമകളിലും ഉളളത്. യാഥാര്‍ത്ഥ്യത്തിന്റെ ഉപരിതലത്തില്‍ മാത്രം രമിക്കുന്നതരം ബോധവും വഴക്കമില്ലാത്ത തരം നിലപാടും അധികാരവുമായി നീക്കുപോക്കുള്ള പക്ഷപാതങ്ങളുമായി ഒരിഞ്ചു മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്നതിനുദാഹരണമാണ് ഭൂമിമലയാളം. ഇത്രയൊക്കെ മതിയെന്നാണെങ്കില്‍ അതു കുറച്ചുകൂടി നന്നായി ചെയ്യാന്‍ ഇവിടെ ജനപ്രിയ സിനിമകളുണ്ട്. അവയുടെ സംവിധായകരുണ്ട്. അതുപോരേ?
Labels:
സിനിമ
Subscribe to:
Post Comments (Atom)
17 comments:
ഞാന്‍ ഭാഗ്യദേവത കണ്ടായിരുന്നു.പക്ഷേ അതിനെ ഇങ്ങനെ താരതമ്യപ്പെടുത്താന്‍ ഞാന്‍ പോരാ
രണ്ടു സിനിമകളും കാണാന്‍ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് പോസ്റ്റ് വായിച്ച് ആകെ കണ്‍ഫ്യൂഷനിലായി. ഒന്നുകില്‍ ഞാന്‍ രണ്ടു സിനിമകളും കണ്ടതിനു ശേഷം പോസ്റ്റ് ഒന്നു കൂടെ വായിക്കണം. അല്ലെങ്കില്‍ വെള്ളെഴുത്ത് സിനിമകാണത്തവര്ക്കു കൂടിമനസ്സിലാവുന്ന തരത്തില്‍ പോസ്റ്റ് തിരുത്തി എഴുതണം.രണ്ടാമത്തെ വികല്പം വെള്ളെഴുത്തിനോടുള്ള മര്യാദകേടായിപ്പൊകുമെന്നുള്ളതു കൊണ്ട്, രണ്ടു സിനിമയും കണ്ടിട്ടു ഒന്നുകൂടെ വരാം.:(
പ്രതികരണശേഷിയുള്ള മലയാളിയുടെ പ്രിയസംവിധായകന് ടി.വി. ചന്ദ്രന്റെ ഒരു സിനിമയോടൊപ്പം അരാഷ്ട്രീയകാല്പനികാവാദത്തിന്റെ അപ്പോസ്തലന് അന്തിക്കാടിന്റെ സിനിമയെപ്പറ്റി സംസാരിക്കുന്നത് ചരിത്രബോധമില്ലായ്മയുടെ പ്രതീകമാണ്. ഗുജറാത്ത് കലാപത്തിലെ ഫാസിസ്റ്റ് വിഷക്കൂട്ടുകളുടെ തുണിയഴിച്ച കഥാവശേഷന് എന്ന ഒരൊറ്റ സിനിമ മതി വര്‍ഗ്ഗബോധമുള്ള മലയാളിക്ക് ടി.വി. ചന്ദ്രനെ മനസ്സിലാക്കാന്‍. വരുന്ന വര്‍ഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഭൂമിമലയാളം എന്ന ചിത്രത്തിന്റെ കാതല്‍ മനസ്സിലാവൂ. അതുവരെ കാത്തിരിക്കുക.
"പുരോഗമനപരമായ കാഴ്ചപ്പാടുകളെറിച്ചുള്ള സാമാന്യധാരണയ്ക്കപ്പുറം പോവുക എന്നത് കലാകാരന്റെ ബാധ്യതയല്ലാതാവുന്നതിന്റെ ഉദാഹരണങ്ങളാണ് പക്ഷേ ഇത്തരം സിനിമകള്‍."
ഈ നിരീക്ഷണത്തിനു ചുവട്ടില്‍ ഒരു ഒപ്പ്.
ഫ്രഞ്ച്/യൂറോപ്യന്‍ സിനിമാ സങ്കേതങ്ങളെ വികലമായിട്ടാണെങ്കിലും അനുവര്‍ത്തിക്കുന്നതിന്റെ ഫ്രെഷ്നസ് (മലയാളത്തില്‍ അങ്ങനെ വേറാരും ചെയ്യാത്തതു കൊണ്ടുള്ള പുതുമ) ഒഴിച്ചാല്‍ ടി വി ചന്ദ്രന് ചിത്രങ്ങള്‍ അധികവും അതിലളിതവല്കൃതമായ രാഷ്ട്രീയ നിലപാടുകളുടെ കപടഗൗരവം പേറുന്ന ചരക്കുകളാണ്.പൊന്തന്മാടയോ സൂസന്നയോ പോലെ ചില്ലറ അപവാദങ്ങളുണ്ടെങ്കിലും.
പ്രതികരണശേഷിയുള്ള മലയാളിയുടെ പ്രിയസംവിധായകന് ടി.വി. ചന്ദ്രന്റെ ഒരു സിനിമയോടൊപ്പം അരാഷ്ട്രീയകാല്പനികാവാദത്തിന്റെ അപ്പോസ്തലന് അന്തിക്കാടിന്റെ സിനിമയെപ്പറ്റി സംസാരിക്കുന്നത് ചരിത്രബോധമില്ലായ്മയുടെ പ്രതീകമാണ്. ഗുജറാത്ത് കലാപത്തിലെ ഫാസിസ്റ്റ് വിഷക്കൂട്ടുകളുടെ തുണിയഴിച്ച കഥാവശേഷന് എന്ന ഒരൊറ്റ സിനിമ മതി വര്‍ഗ്ഗബോധമുള്ള മലയാളിക്ക് ടി.വി. ചന്ദ്രനെ മനസ്സിലാക്കാന്‍.-ഇത്രയും എന്നെ തിരുത്തുന്നതിന്റെ ഭാഗമായി തന്നെ സമ്മതിച്ചു തരാം പക്ഷേ അവാര്‍ഡുകളാണ് സിനിമയെ മനസ്സിലാക്കാനുള്ള ഉപാധി എന്നു പറയരുത്. പ്രത്യേകിച്ചും നമ്മുടെ അവാര്‍ഡുകള്‍. കഥാവശേഷനിലെ നായകന് ആതമഹത്യ ചെയ്യുകയാണ്..വര്‍ഗബോധവുമായി ഏതെങ്കിലും തരത്തില്‍ സന്ധിചെയ്യുന്ന ഒരു പരിണതിയാണോ അത്? അതോ ഗാന്ധിയന്‍ സമരമാര്ഗമോ?
പൊന്തന്മാട പോലെ ഒരു സിനിമ പിന്നീട് ടി.വി ചന്ദ്രന്റേതായി വന്നില്ല.
കഥാവശേഷന് എക്സിക്യൂഷനില്‍ വന്‍ പാളിച്ച പറ്റിയ സിനിമയാണ്.
പക്ഷേ അവസാനം കഥാനായകന് ആത്മഹത്യ ചെയ്യുന്നത്- എനിക്കു തോന്നിയത് ആത്മഹത്യ ചെയ്തത് മലായാളിയുടെ മനസ്സാക്ഷി ആണെന്നാണ്.
സത്യന് അന്തിക്കാട് തിരക്കഥയെഴുതിത്തുടങ്ങിയ ശേഷമുള്ള സിനിമകള്‍ എല്ലാം 'ശൂന്യം'
ഭാഗ്യദേവത കണ്ടില്ല
വെള്ളെഴുത്തേ, താങ്കളെ തിരുത്താന്‍ ഞാനാളല്ല. പക്ഷെ നാമൊന്ന് തിരിഞ്ഞുനോക്കിയേ തീരൂ. കുത്തകമാദ്ധ്യമങ്ങള്‍ കുത്തിനിറച്ചുവെച്ച അരാഷ്ട്രീയത മലയാളിയെ വര്‍ഗ്ഗബോധമുള്ള സിനിമകള്‍ ആസ്വദിക്കുന്നതില്‍നിന്നും എന്നും മാറ്റിനിര്‍ത്തിയിട്ടേയുള്ളൂ. സിനിമകളിലെ സാമൂഹികബോധത്തെയും ഫാഷിസ്റ്റ് വെല്ലുവിളികളേയും മലയാളിക്ക് കാട്ടിത്തന്നുപോന്നത് എന്നും സംസ്ഥാന അവാര്‍ഡ് കമ്മിറ്റികള്‍ (വിശിഷ്യാ ഇടതുഭരണകാലങ്ങളിലുള്ളവ) ആണ്. ദുഷിച്ചുനാറിയ വലതുപക്ഷരാഷ്ട്രീയത്തിന്റെ കിരാതരൂപങ്ങളെ അരാഷ്ട്രീയതയുടെ കണ്ണീര്‍ക്കടലില്‍ മുക്കിക്കളഞ്ഞ കപടപിറവികളെ അവയര്ഹിക്കുന്നതുപോലെ അവഗണിച്ച്, വിപ്ലവത്തിന്റെ തൂവല്പക്ഷികളെ അംഗീകരിക്കാന്‍ നമ്മുടെ അവാര്‍ഡ് കമ്മിറ്റികളേ ഉണ്ടായുള്ളൂ. ആത്മീയതയില്‍ പൊതിഞ്ഞ ചാതുര്വര്ണ്ണ്യങ്ങള്ക്ക് നാടുവിട്ട് ദേശാടനം നടത്തേണ്ടിവന്നത് വര്‍ഗ്ഗബോധമുള്ള ഒരവാര്‍ഡ് കമ്മിറ്റി നമുക്കുണ്ടായതുകൊണ്ടാണ്
ഈ ലേഖനത്തിനു നന്ദി വെള്ളെഴുത്തേ. ഈ സിനിമ കാണാൻ പറ്റുന്ന സാഹചര്യമല്ല, എങ്കിലും ആകാംക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു. (ആകാംക്ഷയോടെ നോക്കിയിരിക്കാൻ നമുക്ക് അധികം പേരില്ലല്ലോ!)
ടി.വി.ചന്ദ്രന് പറയാൻ എന്നും കേരളത്തിന്റെ (കമ്യൂണിസ്റ്റ്)രാഷ്ട്രീയ ചരിത്രം, സ്ത്രീയവസ്ഥ, പൊതുബോധത്തിൽ വളരുന്ന നിസംഗത, കുടുംബം എന്ന സാമൂഹികഘടനയുടെ നിഷേധം എന്നിങ്ങനെ വളരെക്കുറച്ച് കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.(ഇത്രയെങ്കിലും ഉണ്ടായല്ലോ!) വെള്ളെഴുത്തിന്റെ അഭിപ്രായം കേട്ടിട്ട് ഭൂമിമലയാളവും ഏറെയൊന്നും മുന്നോട്ടു പോകുന്നില്ല എന്നു തോന്നുന്നു. കൂടെ ദുർബലമായ തിരക്കഥയും ഉണ്ടെന്ന്. ഈ സിനിമ എനിക്ക് മനസ്സിൽ കാണാൻ കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധയോടെ തന്നെ പിന്തുടരാൻ ശ്രമിക്കുന്ന എനിക്ക് ഇതിൽ കൂടുതൽ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.
ലേഖനത്തിൽ ഇടയ്ക്ക് ചില വാക്കുകൾ വിട്ടു പോയതു പോലെ. വെള്ള തന്നെ ഒന്നു വായിച്ചു നോക്കുമോ?
ഡാനിയ്ക്കു ശേഷം ടി.വി.ചന്ദ്രന്റെ സിനിമ വന്നിട്ടുണ്ടോ? പിന്നെ വന്നതൊക്കെ ആര്യാടൻ ഷൗക്കത്തിന്റെയും മറ്റും സിനിമകളായിരുന്നില്ലേ?
ഫ്രഞ്ച്/യൂറോപ്യന്‍ സിനിമാ സങ്കേതങ്ങളെ വികലമായിട്ടാണെങ്കിലും അനുവര്‍ത്തിക്കുന്നതിന്റെ ഫ്രെഷ്നസ് സൂരജെ, ഒന്നു വിശദീകരിക്കാമോ? ഉദാഹരണമെങ്കിലും?
• "പക്ഷേ സിനിമയുടെ അവസാനം ക്യാമറയുപയോഗിച്ച് ആനിയെ ചിത്രീകരിക്കുന്ന ഫൌസിയയെ നാം കാണുന്നു. അവളത് ആരെയും ആശ്രയിക്കാതെ സ്വന്തം നിലക്ക് കൈവശമാക്കിയതാവണം." - ഒരു വിഷ്വല്‍ മീഡിയ പ്രവര്‍ത്തകയായ ഫൌസിയ ആദ്യം മുതല്ക്കു തന്നെ വീഡിയോ ക്യാമറയുമായി രംഗത്തുണ്ട്. അവസാന രംഗത്തിലും ഒരു വീഡിയോ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയാണവള്‍. അപ്പോള്‍ പിന്നെ സ്വന്തം നിലക്ക് കൈവശമാക്കി എന്നെങ്ങിനെ മനസിലാക്കും? വീഡിയോ ഷൂട്ട് ചെയ്തതിനു ശേഷം ഒരു ഡിജി ക്യാമെടുത്ത് ഫോട്ടോയെടുക്കുന്നതായി കാണിച്ചിരുന്നെങ്കില്‍ അങ്ങിനെ മനസിലാക്കാമായിരുന്നു.
• നെല്‍വയല്‍ നികത്തരുത് എന്നതിന്റെ ഭാഗമായാണല്ലോ ‘ഭാഗ്യദേവത’യില്‍ കൊടിപിടിക്കുന്നത്. കഥാപാത്രത്തിന്റെ ഭാഗത്തു നിന്നു സിനിമകാണുമ്പോള്‍ അന്യായമാണെന്നു തോന്നാമെങ്കിലും വിശാലാര്‍ത്ഥത്തില്‍ അതിലൊരു നന്മയുമില്ലേ? (പാര്‍ട്ടി സ്വന്തക്കാര്ക്കിത് ബാധകമല്ല, നെല്‍കൃഷി നടത്തുവാനുള്ള സാഹചര്യമില്ല, ഭൂമി വെറുതേയിടുന്നതിലും നന്ന് മറ്റു കൃഷികളാണ് ഇങ്ങിനെകുറേ ന്യായങ്ങള്‍ ഇതിനെതിരായുമുണ്ട്.) ഈ കൈയ്യടി നേടുന്നതിനു പകരം ഈ അവസ്ഥയ്ക്കൊരു പരിഹാരം പറഞ്ഞു കൈയ്യടി നേടാന്‍ ഒരു സിനിമയ്ക്കും കഴിയുന്നില്ല!
• “ തുടര്‍ന്നു വന്ന ‘വസ്തുവിനെ’ വിട്ട് മറ്റൊന്നിനോടൊപ്പം ക്യാമറ പോകുന്ന ‘ഫാന്റം ഓഫ് ലിബെര്‍ട്ടി’യുടെ ആഖ്യാനരീതികള്‍ ഇപ്പോഴും വലിയ കാര്യമായി...” - മലയാളത്തില്‍ ഈ സങ്കേതം നന്നായി ഇതുവരെ ഉപയോഗിച്ചിട്ടുണ്ടോ?
• “വിനോദവ്യവസായങ്ങളിലെ മുതലിറക്കുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടുകളുമായി പെട്ടെന്ന് സമീകരിക്കാവുന്ന ഒരു പ്രശ്നം ഇതിനകത്തുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ സിനിമ പൂര്‍ത്തിയായി.” - :-)
@ പാത്തുമ്മയുടെ ആട്,
പക്ഷെ, “വരുന്ന വര്‍ഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഭൂമിമലയാളം എന്ന ചിത്രത്തിന്റെ കാതല്‍ മനസ്സിലാവൂ.” - സംസ്ഥാന അവാര്‍ഡ് കിട്ടുവാന്‍ മാത്രം നന്നാണിതെന്ന് മനസിലാക്കാം, അതിലപ്പുറം സിനിമയുടെ കാതല്‍ എങ്ങിനെ മനസിലാക്കുവാന്‍! അവാര്‍ഡ് കിട്ടിക്കഴിയുമ്പോള്‍ സിനിമയ്ക്ക് മാറ്റമൊന്നും ഉണ്ടാവുന്നില്ലല്ലോ, അല്ലേ?
--
ഇപ്പറഞ്ഞ സിനിമകള്‍ കണ്ടിട്ടില്ലാത്തതിനാല്‍ ആധികാരികമായി പറയാന്‍ ആളല്ല..
നിരീക്ഷണങ്ങള്‍ നിലവാരമുള്ളതാണ്...
ഒരു സംശയം: കഥാവശേഷനിലെ ആത്മഹത്യ അത്ര വല്യ സമസ്യയാണോ? സിനിമ തുടങ്ങുന്നത് തന്നെ റെബല്‍ ഉദ്ധരിച്ചുകൊണ്ടല്ലേ? (ആ സിനിമയുടെ ഒരു റിവ്യൂ നീട്ടിവലിച്ചെഴുതാന് ഞാനൊരിക്കല്‍ നിര്‍ബന്ധിതനായിരുന്നു, അതുകൊണ്ട് പറഞ്ഞുപോയതാണ്.) വര്‍ഗബോധം - എനിക്കറീല്ല.
ക്ഷമിക്കുക: രണ്ട് സിനിമയും കണ്ടിട്ടില്ല. ഭാഗ്യദേവത കാണാന്‍ ഉദ്ദേശ്യമില്ല; ഭൂമിമലയാളം കാണാന്‍ സാഹചര്യമില്ല.
കാല്വിന്, ഫ്രിവോ, കഥാവശേഷനിലെ ആത്മഹത്യ. അതൊരു സമസ്യയാണ്.പലപ്രാവശ്യം ടി വി ചന്ദ്രനോട് ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യമാണിത്.. ഓപ്പണ്‍ ഫോറത്തില്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞ മറുപടി ഗാന്ധിജിയുടെ മേല്‍ വസ്ത്ര നിരാകരണവുമായി ബന്ധപ്പെട്ടാണ്.. പാതുമയുടെ ചരിത്രബോധമില്ലയ്മ, വര്ഗബോധസമസ്യ ഇതുരണ്ടുമായി ബന്ധപ്പെട്ട് അറിയാന്‍ പെട്ടെന്ന് ഉയര്‍ന്നു വന്ന മറുപടിയായി പറഞ്ഞതാണ്.. അത് മലയാളിയുടെ മനസ്സാക്ഷിയാണെങ്കിലും അങ്ങനെ ആത്മഹത്യ ചെയ്യാന്‍ പാടുണ്ടോ? അതിനുള്ളിലുള്ളത് ലൈംഗികമായ ഒരു തരം കുറ്റബോധമാണെന്നാണ് എന്റെ തോന്നല്‍. വിശദീകരണം മറ്റൊരിക്കലാവട്ടേ..
ഹരീ, അതുവരെ മറ്റൊരാളെക്കൊണ്ട് ക്യാമറ ഉപയോഗിക്കുന്ന രീതിയിലാണ് നാം പത്മപ്രിയയെ (ഫൌസിയയെ) കാണുന്നത്. അവസാനം അവര്‍ സ്വന്തം നിലയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുന്നതായും..ഇതെന്റെ നോട്ടപ്പിശകാണോ.. അതങ്ങനെയല്ലെങ്കില്‍ മറ്റൊരു ലേഖനം തന്നെ എഴുതേണ്ടി വരും!!ഡിജിക്യാം എന്ന് ഫൌസിയ തന്നെ പലേടത്തും പറയുന്നതായാണ് ശ്രദ്ധിച്ചത്. (വിഡിയോ ക്യാം എന്നാണ് അര്‍ത്ഥമാക്കിയത്) അത് ഡി വി ക്യാം ആണോ? എങ്കില്‍ അതു തിരുത്താം. ‘ഫാന്റം’ മെത്തേഡ് ഒരു ലേഖനത്തില്‍ വലിയൊരുകാര്യമായി എടുത്തു പറഞ്ഞതുകൊണ്ടാണ് ആ വാക്യം എഴുതിയത്. തമിഴിലൊക്കെ കഥാഗതിയുമായി ഇണങ്ങുന്നമട്ടില്‍ കൃത്യമായി ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്, വാണിജ്യസിനിമകളില്‍ തന്നെ. ഇല്ലേ? ഭൂമിമലയാളത്തിന്റെ മികവിന്റെ ഉദാഹരണമായി ഇത്ത്രമൊരു കാര്യം എടുത്തുപറയേണ്ടതില്ലെന്നു തോന്നി. ഫാന്റം ഇറങ്ങിയ കാലം 1974.
പാത്തു..ജനപ്രിയകലാരൂപങ്ങളെ കുറിച്ചൂള്ള പഠനശാസ്ത്രം കുറേയേറെ മുന്നോട്ട് പോയിട്ടുണ്ട് ഇപ്പോള്‍. മികച്ച സാമൂഹികപഠനോപാധി കൃത്യമായ ചിട്ടവട്ടങ്ങളോടെ ആവിഷ്കരിക്കുന്ന ഗരവതരമായ കലാരൂപങ്ങളല്ല, മറിച്ച് പരക്കെ സ്വീകാര്യമാവുന്ന ജനപ്രിയരൂപങ്ങളാണെന്ന് ഇപ്പോള്‍ അംഗീകൃതമാണ്..രാഷ്ട്രീയാബോധങ്ങളെക്കുറിച്ചൊക്കെയുള്ള ധാരണകള്‍ വ്യാപകമായ സ്ഥിതിക്ക് നമ്മുക്കിപ്പോള്‍ ഇതുമാത്രമാണ് ശരിയെന്ന തീര്‍പ്പിലെത്താന്‍ കഴിയാത്തിടത്തോളം സങ്കീര്‍ണ്ണമായിട്ടുണ്ട് കാര്യങ്ങള്‍.അവാര്‍ഡുകളെക്കുറിച്ച് അത്തരമൊരു ധാരണ ശരിയല്ല. 1969ലാണ് ആദ്യസംസ്ഥാന അവാര്‍ഡ് സിനിമ കുമാരസംഭവം. മുഖ്യമന്ത്രി ആരായിരുന്നെന്ന് അറിയാമല്ലോ? വാദത്തിനുവേണ്ടി പറഞ്ഞതാണ് അവാര്‍ഡുകള്‍ പോലുള്ള സംഗതികളില്‍ ഭരണകൂടംഇടപെടല് പാടില്ലെന്നത് ഒരു ജനാധിപത്യവിശ്വാസമാണ്. അതു വെറും വിശ്വാസമാണെങ്കിലും.
റോബീ എന്റെ സംശയങ്ങളാണ് പങ്കുവച്ചതെന്നു മനസ്സിലാവുമല്ലോ..
തീര്‍പ്പുകള്‍ ഒന്നിലുമില്ല..അതുകൊണ്ട് ഹരിത്, പാത്തുമ്മ തിരുത്താന്‍ ഒട്ടും മടിക്കേണ്ടതുമില്ല.
ചന്ദ്രനോട് എന്തിന്ന് ആ ചോദ്യം ചോദിച്ചു എന്ന് തന്നെ എനിക്കറിയില്ല. എന്റെ കാഴചയില്‍ പ്രായേണെ ലളിതമായിരുന്നു അത്. ഡോ.റ്യൂക്സാവാന് ശ്രമിച്ച് പാതിവഴിയില്‍ എത്തിയവസാനിക്കുന്നു ആ സിനിമയിലെ കഥാപാത്രം. എനിക്ക് തെറ്റുപറ്റിയതുമാവാം. അത്തരമൊരു കഥാന്ത്യം ശുഭാപ്തിവിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നില്ലേ എന്ന് ചോദ്യമാവാം. അതിന് പക്ഷെ സാധുതയില്ല്ല - ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ പരിസരത്തില്‍..
-----
വിഷയസംബന്ധിയല്ലാത്ത കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചതിന്ന് മാപ്പ്, എല്ലാവരോടും.
ഹരിയുടെ "അവാര്‍ഡ് കിട്ടിക്കഴിയുമ്പോള്‍ സിനിമയ്ക്ക് മാറ്റമൊന്നും ഉണ്ടാവുന്നില്ലല്ലോ, അല്ലേ?" എന്ന ചോദ്യത്തിന് താഴെ ഒരൊപ്പ്. സിനിമ വിമര്‍ശനവും , സാഹിത്യ വിമര്‍ശനവും ഒക്കെ അവനവന്റെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയെ നടക്കാവൂ എന്ന നിലപാടാണ് ചിലര്‍ക്ക്. എന്നാല്‍ അത്തരം സമയങ്ങളില്‍ കാണിയ്കേണ്ട സത്യസന്ധത ഒട്ടില്ല താനും.
എനിയ്ക്ക് ചന്ദ്രന്റെ അടുത്തിറങ്ങിയ ഒരു പടവും നന്നായി തോന്നിയില്ല. "മാട" തന്നെ അയാളുടെ ലാസ്റ്റ് "പടം". ബാകിയൊക്കെ ഒരു മാതിരി എച്ച് കൂട്ടിയ പോലത്തെ പടങ്ങള്‍. സൂരജ് പറഞ്ഞ അത്രേക്കെണ്ടോ (അത്രയ്കെങ്ങിലും എന്ന് തിരുത്ത് ) ചന്ദ്രന്? ഫ്രഞ്ച് ? ഹ ഹ ! ( La Haine ഒക്കെ ഓര്‍ത്തു പോവുന്നു ) ..
റോബീ,
പെട്ടെന്ന് ഓര്‍മ്മവരുന്ന ഒരുദാഹരണം പറയാം:
ഒരു ചരിത്ര സംഭവവും ട്രിവിയല്‍ എന്ന് തോന്നാവുന്ന മറ്റൊരു സംഭവവും ചേര്‍ത്തു പറയുന്ന ഒരു (തമാശ?)നമ്പര്‍ - അമീലി(ഫ്രെഞ്ച് പടം)യില്‍ കഥാനായികയുടെ ജനനത്തെ സംബന്ധിച്ച ഒരു വോയ്സോവറും ഡാനിയിലെ തുടക്കത്തിലെ വോയ്സോവറില്‍ പറയുന്നതും ശ്രദ്ധിക്കുക. (“ഡാനിയുടെ അച്ഛന്റെ തേങ്ങാ തലയില്‍ വീണുള്ള മരണം” അങ്ങനെയെന്തോ ആണ് എന്നാണോര്‍മ്മ).
അതുപോലെ ഓര്‍മ്മകളുണ്ടായിരിക്കണമെന്ന ചിത്രത്തിലെ പ്രഫസറുടെ ജഡം അവസാനം എഴുന്നേറ്റ് “ലോകാവസാനമാ” എന്നോ മറ്റോ പറയുന്ന രംഗം. അതും വേറൊരിടത്ത് കണ്ടിട്ടുണ്ട് (ഏതോ ഫ്രെഞ്ച് പടം തന്നെയാണെന്നാണ് ഓര്‍മ്മ)
സൂരജ്,
അമേലി വരുന്നത് 2001 ഫാളിലല്ലേ? അപ്പോഴേക്കും ഡാനിയുടെ വർക്ക് കഴിഞ്ഞിരുന്നു കാണില്ലേ? 2001 ഡിസംബറിലെ IFFKയിൽ ഡാനി ഉണ്ടായിരുന്നില്ലേ?
ടി.വി.ചന്ദ്രന്റെ വർക്കുകൾക്ക് പിന്നെയും കുറച്ചു കൂടി സാമ്യം തോന്നിയിട്ടുള്ളത് latin american, eastern european tradition-നുമായാണ്. ഡാനിയുമായി അപകടകരമായ സാമ്യമുള്ള മറ്റൊരു ലാറ്റിനമേരിക്കൻ ഫിലിമുണ്ട്. പക്ഷേ അതു വന്നതും 2001-ലായിരുന്നു എന്നാണോർമ്മ.
മറ്റേ ഫ്രെഞ്ചു പടം ഏതാണെന്ന് ഓർമ്മ വന്നാൽ പറയണേ.
ടി വി ചന്ദ്രന്റെ അവസാനകാല ചിത്രങ്ങളുടെ വലിയ പരിമിതിയായി തോന്നിയത് അച്ചടക്കമില്ലായ്മയാണ്. ദൃശ്യങ്ങളിലെ പ്രകടനപരത അസഹനീയമാണ്. കല്ലുവെട്ടു കുഴിയിലെ അഭ്യാസങ്ങള്‍ പേടിപ്പെടുത്തുന്നതാണ് . 'ആടുംകൂത്ത് ' ( തമിഴ് ) അവസാനമെത്തുമ്പോള്‍ നന്നായ ചിത്രമാണ്. 'വിലാപങ്ങള്‍ക്ക് ശേഷം ' പരമബോറും. 'ഭൂമിമലയാളം ' തീരെ കൈവിട്ടുപോയ ഒരു സിനിമയായാണ് എനിക്ക് തോന്നിയത് .
Post a Comment