
മലയാളിയുടെ സാഹിത്യാസ്വാദനശേഷിയെ ഉയര്‍ത്തുകയോ വിപുലപ്പെടുത്തുകയോ ഒക്കെ ചെയ്ത കൃതികളെ ഇടയ്ക്കൊക്കെ ഒന്നു പൊടിതട്ടിയെടുത്ത് പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ സാംസ്കാരിക മൂലധനത്തിന്റെ മഹത്തായ ഈടുവയ്പ്പുകളായി മച്ചകത്തിനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളവയെ, ചിലതിനെയെങ്കിലും. മാറിയ കാലത്തില്‍ അവയ്ക്ക് നമ്മോട് പറയാനുള്ളത് എന്തായിരിക്കും? മറ്റൊരാവശ്യത്തിനായി ‘രമണനെ’ എടുത്ത് മറിച്ചുനോക്കിയപ്പോഴാണ്, മലയാളി ഇപ്പോഴും ആ കൃതിയില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് എന്താണ് എന്നൊരു ചിന്തയുണ്ടായത്. കഥയും ആഖ്യാനവും ഘടനയും എല്ലാം പുരുഷകേന്ദ്രിതമാണതില്‍. 1945-ല്‍ തന്നെ രമണന് ഒരു പെണ് വായനയുണ്ടായിട്ടുണ്ട്. ബി സരസ്വതിയമ്മ എഴുതിയ ‘രമണി’ എന്ന കഥയുടെ രൂപത്തില്‍. (ഗീത ഈ കഥയെക്കുറിച്ച് എഴുതിയിട്ടുണ്ട്, ‘പെണ് വായന എഴുത്തായപ്പോള്‍’) ‘നേരിടാനൊരു തുച്ഛമാകും/ നേരമ്പോക്കാണോ വിവാഹകാര്യം?’ എന്നും ‘തുച്ഛനാമെന്നെ നീ സ്വീകരിച്ചാ/ലച്ഛനുമമ്മയ്ക്കുമെന്തു തോന്നും?’എന്നും ചന്ദ്രികയോടു ചോദിക്കുന്ന ആളാണ് രമണന്. ‘നമ്മള് കാണുന്ന സങ്കല്പലോകമല്ലീയുലകം’ എന്നയാള്‍ തന്റെടുത്ത് പ്രണയാഭ്യര്‍ത്ഥനയുമായി വന്ന പെണ്ണിനെ പഠിപ്പിക്കുന്നുമുണ്ട്. പക്ഷേ ചന്ദ്രികയുടെ വിവാഹത്തിന്റന്ന് - അന്നു തന്നെ- തന്റെ ഉപദേശങ്ങളെ സൌകര്യപൂര്‍വം വിഴുങ്ങിക്കൊണ്ട് കെട്ടി തൂങ്ങി ചത്തു. വിവാഹം നേരമ്പോക്കല്ലെന്നും, സങ്കല്‍പ്പമല്ല ഈ ഉലകമെന്നും അപ്പോള്‍ അയാള്‍ക്ക് അറിയില്ലായിരുന്നോ? ഇതു മാത്രമല്ല. അവരുടെ സമാഗമങ്ങള്‍ മുഴുവന്‍ ചന്ദ്രികയുടെ സ്വച്ഛന്ദമായ വികാരപ്രവാഹത്താലും രമണന്റെ സൌജന്യ ഉപദേശങ്ങളാലും സമുദായ ഭയത്താലും വാചാലമാണ്. ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ മലര്‍ത്തോപ്പില്‍ തനിച്ചിരുന്നിട്ടും രമണന് ചന്ദ്രികയെ തൊട്ട് ‘അശുദ്ധ’മാക്കിയില്ല. ഈ മാന്യതയാണ് മൂല്യവാദികളെക്കൊണ്ട് ചന്ദ്രികയെ ചീത്ത വിളിപ്പിക്കുന്നത്. രമണന് ഒരിക്കലും വര്‍ത്തമാന(കാല)ത്തില്‍ ജീവിച്ചതേയില്ല. ചന്ദ്രിക അത് വ്യക്തമാക്കുന്നുണ്ട്. ‘ദൂരത്തില്‍ അവ്യക്തമായി മൂളിക്കൊണ്ടിരിക്കുന്ന ഭാവിയെ പേര്‍ത്തും പേര്‍ത്തും ഓര്‍ത്ത് ഓരോ നവം നവമായ വിഷാദത്തിന് എന്തിനാണ് മനസ്സിനെ വിധേയമാക്കുന്ന’തെന്ന് ചോദിച്ച്. ‘നവം നവം’ എന്ന പ്രയോഗത്തിന് പ്രത്യേക ചാരുതയുണ്ട്. ഓരോ കാര്യം പറഞ്ഞ് ചിണുങ്ങിക്കൊണ്ടേയിരിക്കുക. അതാണ് രമണന് ചെയ്യുന്നതെന്ന്. രമണന് എന്ന പിന്‍വാങ്ങല്‍ വിദഗ്ധന്‍ അത് മനസ്സിലാവുമോ?
രമണന് ഓടി ഒളിക്കുകയായിരുന്നു. പ്രണയത്തില്‍ നിന്ന്, രതിയില്‍ നിന്ന്, ദാമ്പത്യത്തില്‍ നിന്ന്, തന്നില്‍ തന്നെ നിന്ന്. ‘കാനനഛായയില്‍ ആടുമേയ്ക്കാന്‍ തന്നെയും കൊണ്ടു പോണ’മെന്ന പ്രണയിനിയുടെ അര്‍ത്ഥനയ്ക്ക് ഒരു ജീവിതത്തോളം നീളമുണ്ടെന്ന് കാല്പ്പനികനായ അയാള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതെന്ത്? കാട്ടിലേയ്ക്കു കൊണ്ടു പോകാനായിരുന്നോ ജീവിതത്തിലേയ്ക്ക് കൂട്ടാനോ അവള് ആവശ്യപ്പെട്ടത്? അയാള്‍ക്ക് ജന്മം നല്കിയ കവി, പെണ്‍ചതി, ചാപല്യം എന്നൊക്കെയാവര്‍ത്തിക്കുകയും എല്ലാ കൈനാട്ടികളും ചന്ദ്രികയ്ക്കു നേരെ തിരിച്ചു വയ്ക്കുകയും ചെയ്തിട്ടും ചന്ദ്രികയെപ്പറ്റി എതിര്‍പ്പിന്റെ ഒരക്ഷരം പോലും അയാളില്‍ നിന്നുയരുന്നില്ല. അയാളുടെ നിലയ്ക്ക് അയാള്‍ കുറ്റപ്പെടുത്തേണ്ടത് ചന്ദ്രികയെയാണ്. പക്ഷേ ചീത്ത വിളിക്കുന്നതു മുഴുവന്‍ ലോകത്തെയും സമൂഹത്തെയും പ്രപഞ്ചത്തെയുമൊക്കെയാണ്. ( "ഘോരമേ, കുടില സര്‍പ്പമേ, കുടലുമാലയണിഞ്ഞ കങ്കാളമേ"....... ചന്ദ്രികയല്ല. ഹൃദയശൂന്യപ്രപഞ്ചത്തിനാണ് തെറി വിളി മുഴുവന്‍ !) വികാരത്തോടു പോലും സത്യസന്ധനാവാതെ തന്നില്‍ നിന്നും പിന്‍വാങ്ങിക്കളിച്ചു, അയാള്‍. പ്രണയിനി വിവാഹിതയാവുന്ന ദിവസം തന്നെ ആത്മഹത്യ ചെയ്തതില്‍ അവളുടെ ശരീരത്തെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാനാകായ്കയുമുണ്ട്. രമണന് കാട്ടിക്കൂട്ടിയതുപോലെ അത്ര പാവനവും പരിശുദ്ധവുമായിരുന്നു അയാളുടെ പ്രേമമെങ്കില്‍ അയാള്‍ ഉപദേശിച്ചതുമാത്രമേ ചന്ദ്രിക ചെയ്തിട്ടുള്ളൂ. അവള്‍ക്ക് നല്ലൊരു ജീവിതം ലഭിക്കുന്നതില്‍ സന്തോഷിക്കേണ്ട, മാംസനിബദ്ധമല്ലാത്ത പ്രേമത്തിന്റെ ഉടമ, പിന്നെന്തിനാണ് കയറെടുത്ത്, കിലുകിലാ വിറച്ചുകൊണ്ട് വൃക്ഷശാഖയില്‍ ദൃഢമായി ബന്ധിച്ചത്? പി ബാലചന്ദ്രന്റെ ഒരു നാടകത്തില്‍ -മദ്ധ്യവേനല്‍ പ്രണയക്കിനാവ്- രമണന് എന്ന കഥാപാത്രം പറയുന്നതുപോലെ ‘ഞാന്‍ പ്രേമിച്ചത് ചന്ദ്രികയെയല്ല, ആത്മഹത്യയെയാണ്. എന്തു വന്നാലും എനിക്കു മരിക്കണം.’
രമണനില്‍ ഒരു പാട് കുഴമാന്തങ്ങള്‍ കിടന്ന് വട്ടം കറങ്ങുന്നുണ്ട്. ലോകാപവാദത്തെ പേടിക്കാത്ത ചന്ദ്രിക അച്ഛനമ്മമാരെ അനുസരിച്ച് വിവാഹിതയായി. നാഴികയ്ക്കു നാല്‍പ്പതു വട്ടം ലോകം, സമുദായം, സമൂഹം എന്നൊക്കെ പേടിച്ചു മാന്യനാവാന്‍ നോക്കിയ രമണന് പ്രാണവിലംഘിയായ തീരുമാനമെടുത്ത് മൊത്തം കാര്യങ്ങളെ സമൂഹത്തിന് അലക്കാനിട്ടുകൊടുത്തു. ചന്ദ്രികയുടെ ബാക്കി ജീവിതമോ, അതയാള്‍ക്ക് അപ്പോള്‍ പ്രശ്നമല്ലേ? അതായിരുന്നില്ലല്ലോ അയാളുടെ നാട്യം, ജീവിച്ചിരുന്നപ്പോള്‍! അതിനേക്കാള്‍ പ്രധാനമായി തോന്നുന്നത് പെണ്‍ശരീരത്തെ ഭയക്കുന്ന ഒരാണ് മനസ്സിന് ആദര്‍ശാത്മകതയുടെ പേരില്‍ ലഭിച്ചിരിക്കുന്ന പ്രാധാന്യമാണ്. രമണന് രണ്ടാം ഭാഗത്തിലെ മൂന്നാം രംഗത്തില്‍ കഠാരയും പിടിച്ച് ധര്‍മ്മസങ്കടത്തില്‍ ഉഴലുന്ന ചന്ദ്രികയുടെ ചിത്രമുണ്ട്. to be or not to be? അതോ ഇതോ? എന്നിട്ട് കുഠാരം താഴെ എറിഞ്ഞിട്ടാണ്, ‘എന്തു വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലെയുള്ളൊരീ ജീവിതം’ എന്നവള്‍ തീരുമാനത്തിലെത്തുന്നത്. ഇതും അവസാനരംഗത്തിലെ മദനന്റെ ദീര്‍ഘദീര്‍ഘമായ പ്രലാപവും കുത്തുവാക്കുകളും ചേര്‍ന്നാണ് ചന്ദ്രികയെ ആണ്‍രക്തം കുടിക്കുന്ന യക്ഷിയുടെ വിദൂരചാര്‍ച്ചകാരിയാക്കി രമണവായനക്കാരുടെ ഹൃദയത്തില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചത്. രമണന് ഒരു യക്ഷിക്കഥയാണ്. ലൈംഗികോദയഘട്ടത്തിലെ ഒരു കൌമാരഭയത്തെ, താരുണ്യത്തിലേയ്ക്ക് നീട്ടിയെടുത്ത് സാമാന്യബോധത്തിനു സമ്മതമായ ഒരു കാഴ്ചപ്പാടാക്കി, ഭദ്രമായി അവതരിപ്പിച്ചു. അതാണ് രമണന്റെ വിജയം. പെണ്ണുങ്ങളെല്ലാം അങ്ങനെയാണെന്ന ധാരണയില്‍ ഗൃഹാതുരത്വത്തോടെ ചെന്നു തൊടാന്‍ കാലാകാലം അതു അവസരമൊരുക്കിക്കൊണ്ടിരിക്കുന്നു.
വെറുതേ ഇറങ്ങിയൊന്ന് നടന്നു നോക്കുക, കുറച്ച് പഴക്കമുള്ള നമ്മുടെ സാംസ്കാരികമായ ഊടുവഴികളിലൂടെ.
കുമാരനാശാന്റെ നായകന്മാരെല്ലാം സ്ത്രീയില്‍ നിന്ന് പലതരത്തില്‍ ഒളിച്ചോടുന്നവരാണല്ലോ. ആകെ ഒന്നിച്ചുച്ചേരാന്‍ തീരുമാനമെടുക്കുന്ന ഒരേയൊരു കൃതി ‘ദുരവസ്ഥയി’ല്‍ സാവിത്രി- ചാത്തന്മാരുടെ സംഗമനിമിഷത്തിലെ ഒരു സ്വഭാവോക്തിവര്‍ണ്ണന (‘ഊതി കുളിര്കാറ്റു, മങ്ങിക്കനല്‍ മിന്നും/ ‘ജാതവേദസ്സു’ മിഴിയടച്ചു’) അത്ര നിരുപദ്രവകരമല്ലെന്ന് വി ടി ഗോപാലകൃഷ്ണന് പണ്ടേ പരാതി പറഞ്ഞിരുന്നു. (‘മാംസനിബദ്ധമല്ല രാഗം’ എന്ന പുസ്തകം) കാത്തുകാത്തിരുന്ന് ഒടുവില്‍ ആണും-പെണ്ണും ഒന്നിക്കുന്ന രാത്രിയില്‍ തീ ‘മിഴിയട’യ്ക്കുകയാണോ ആളിക്കത്തുകയാണോ ചെയ്യേണ്ടത്? മൊത്തത്തില്‍ ഒരു ശൈത്യം സംശയകരമായ രീതിയില്‍ പടര്‍ന്നുകിടക്കുകയാണെന്ന് അര്‍ത്ഥം. വെളിച്ചം, കുമാരനാശാന് ഒഴിയാബാധയായ ഭാവചിഹ്നമായിരുന്നു. എന്നിട്ടും യുഗസംക്രമത്തിന്റെ ഗരിമയുള്ള ഒരു സമാഗമത്തിന് പശ്ചാത്തലം ആകെയുള്ള തീയും കെട്ട ഇരുട്ട്! ആശാന്റെ സ്വാതന്ത്ര്യഗാഥകള്‍ക്ക് അത്ര ഗോചരമല്ലാത്ത അതിരുകള്‍ ഉണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്. ആന്തരികമായി അതു ചില അതിരുകളില്‍ ചെന്നു നിന്നു കിതയ്ക്കുന്നുണ്ട്! അത്രയും തിരിച്ചറിയാന്‍ കഴിയാതിരുന്നത് ശരീരങ്ങളെ (അവനവന്റെയും പെണ്ണിന്റെയും) മലയാളി വല്ലാതെ ഭയന്നതുകൊണ്ടാണ്. ജീവിതകാലം മുഴുവന്‍ ഭഗ്നപ്രണയത്തില്‍ മനസ്സു വെന്തു പാട്ടു പാടി നടന്ന ചെമ്മീനിലെ പരീക്കുട്ടി, കറുത്തമ്മയുമായി ശാരീരികമായി ഒന്നിച്ചുച്ചേരാന്‍ സ്വന്തം ജീവനാണ് വിലകൊടുത്തത്. അതിനു മുന്‍പു വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല, കണ്ണീരിനു സ്വല്പം ഉപ്പുകൂടിയിരുന്നതല്ലാതെ. ദുരൂഹമായ പ്രപഞ്ചനീതി (ഘോരസമുദായമൊന്നുമല്ല) പാപത്തിനെതിരെ മരണത്തെ ഇറക്കിക്കളിച്ചു, രണ്ടു ജീവിതമാണ് ഒപ്പം പൊലിഞ്ഞത്. പളനിയുടെയും കറുത്തമ്മയുടെയും. പാപത്തിന് ‘ഭയങ്കരമായ’വില തന്നെ! അപ്പോള്‍ ലൈംഗികത പാടില്ല. ഈ പരിസരത്തില്‍ നിന്നൊക്കെ എടുത്തണിഞ്ഞതാണ് നമ്മുടെ ആണ്‍സ്വത്വങ്ങളുടെ കിന്നരികള്. ആവിഷ്കാരം മുരടിച്ച രതിചോദനകളും കുറ്റബോധവും മരണാഭിമുഖ്യവും ചേര്‍ന്നു ചുരമാന്തുന്ന മനസ്സിന്റെ ഇരുട്ടുമൂലകള്‍ വെളിപ്പെട്ടു കിട്ടാന്‍ ചിലപ്പോള്‍ സമൂഹം നെഞ്ചേറ്റി ലാളിക്കുന്ന കൃതികളിലേയ്ക്ക് നോക്കിയാല്‍ മതി.
രമണനു വയസ്സ് എഴുപതു കഴിഞ്ഞു. (1936-ലാണ് രമണന്റെ ആദ്യപതിപ്പിറങ്ങിയത്) ആണെഴുതുന്ന വാക്യങ്ങളില്‍ പെണ് ചാപല്യങ്ങള്‍ക്ക് ഇപ്പോഴും അങ്കുശമില്ല. തരം താഴ്ത്തപ്പെട്ട എതിര്‍ലിംഗത്തില്‍ നിന്നും പ്രണയം എന്താണെന്ന് മലയാളി പുരുഷന് അറിയാന്‍ പോകുന്നില്ല. കിട്ടാത്തത് കൊടുക്കാന്‍ കഴിയുമോ? ‘മാംസനിബദ്ധമല്ലാത്ത രാഗ’ത്തിന്റെ രാജപാതകള്‍ ജീവശാസ്ത്രപരമോ വൈകാരികമോ മാനസികമോ ആയ കാരണങ്ങളാല്‍ അവലംബിക്കാന്‍ അവനു സാദ്ധ്യവുമല്ല. അപ്പോള്‍ ഊടുവഴികളേ ശരണമ്പൊന്നയ്യപ്പാ !
ചിത്രം : എന്‍ ബി എസ് രമണന് പതിപ്പിന്റെ മുഖചിത്രം. സി എന്‍ കരുണാകരന്റെ പെയിന്റിംഗ്.