October 11, 2008
സംഘം ശരണം
ഹയര്‍സെക്കണ്ടറി വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കാന്‍ യു പി/ ഹൈസ്കൂള്‍ അദ്ധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വീണ്ടും പത്രത്തില്‍ കണ്ടു. ഒരു ഡിപാര്‍ട്ട്മെന്റിലേയ്ക്ക് സര്‍വീസിലുള്ളവരെ പരിഗണിക്കുന്നതിന് ചില അനുപാതങ്ങളൊക്കെയുണ്ട്. അതിത്രയേ പാടുള്ളൂ എന്ന് കോടതി വിധിയുണ്ട്. സര്‍വീസ് സംഘടനകളുടെ ഇടപെടല്‍ കാരണമായി കൃത്യമായ അനുപാതം ഒരിക്കലും മിക്ക ഡിപ്പാര്‍ട്ടുമെന്റുകളിലും പാലിക്കാറില്ല. എന്നല്ല ചിലപ്പോഴൊക്കെ എല്ലാ അതിരുകളും ഭേദിക്കാറുമുണ്ട്. മുറയ്ക്ക് വരിപ്പണം കെട്ടുന്ന അംഗങ്ങളുടെ താത്പര്യമാണ് സംഘടനയ്ക്ക് പ്രധാനം. അല്ലാതെ സമൂഹത്തിന്റെ പുരോഗതിയോ തൊഴിലില്ലാതെ അലയുന്ന ലക്ഷങ്ങളുടെ മുറവിളിയോ അല്ല. ഹയര്‍ സെക്കണ്ടറിയിലെ കാര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. കേരളത്തിലെ തൊഴില്‍കാലാവസ്ഥ പരിഗണിക്കുമ്പോള്‍ താരതമ്യേന ഭേദപ്പെട്ട ശമ്പളമാണ് അവിടെ. അതു വളരെ കൂടുതാണെന്ന് ജനസാമാന്യം ധരിച്ചു വശായിട്ടുണ്ട്. (ബിരുദാനന്തര ബിരുദം, ബി എഡ്, നെറ്റ്/സെറ്റ് ഇത്രയും വേണം ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ക്ക്. അടിസ്ഥാനയോഗ്യത ഇത്രയുമായിട്ടുള്ള ഒരു ജോലിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വേതനമാണ് ഇവര്‍ക്കുള്ളത് എന്ന കാര്യം ബോധപൂര്‍വം മറച്ചു വച്ചിരിക്കുകയാണ്. താരതമ്യത്തിന് പോളിടെക്നിക് അദ്ധ്യാപകരുടെ ശമ്പളസ്കെയില്‍ എടുത്താല്‍ മതി) ഒപ്പം സര്‍ക്കാര്‍ സര്‍വീസിലെ 16 എഫ് കാറ്റഗറിയായതുകൊണ്ട് പച്ചമഷികൊണ്ട് ഒപ്പിടാം. സ്വന്തം ശമ്പളം ആരുടെ മുന്നിലും നിന്നു തല ചൊറിയാതെ എഴുതി എടുക്കാം. ഗസറ്റഡ് ആണ് പോസ്റ്റ്.
ഇതു കണ്ട് മുഖം ചുളിക്കുന്ന ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയാണ്, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഏറ്റുപിടിച്ച ഏറ്റവും വലിയ ശാപം. സംഘടനകളുടെ ഫാസിസ്റ്റു സ്വഭാവം ഈ മനോഭാവങ്ങള്‍ക്ക് കിന്നരികൂടി വച്ചുകൊടുക്കാന്‍ പ്രതിജ്ഞാബദ്ധമായതോടെ വളരെ പ്രതീക്ഷയോടെ ഉയര്‍ന്നു വന്ന ഒരു പൊതുമേഖല കൂടി തകര്‍ന്നു തുടങ്ങി. 1990-ലാണ് കോളേജുകളില്‍ നിന്ന് ഹയര്‍ സെക്കണ്ടറി വേര്‍പ്പെടുത്തി തുടങ്ങുന്നത്. ഏതാണ്ട് പതിനഞ്ചുവര്‍ഷത്തോളം എടുത്തു, വേര്‍പെടുത്തല്‍ പ്രക്രിയ പൂര്‍ത്തിയാവാന്‍. ഇവിടെ ചരിത്രത്തിലേയ്ക്കൊന്നു തിരിയുക. പ്രീഡിഗ്രിബോര്‍ഡു സമരവും അതിന്റെ തിക്തഫലങ്ങളും കുറച്ചുപേര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവും. കലാപോന്മുഖമായ ഒരു വര്‍ഷം എല്ലാ അര്‍ത്ഥത്തിലും. വിദ്യാര്‍ത്ഥികളുടെ പേപ്പറുകള്‍ സര്‍വകലാശാല ടോയിലെറ്റുകളില്‍ നിന്നു വരെ കണ്ടെടുത്തു. പോലീസ് കോണ്‍സ്റ്റബിള്‍ മാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പരീക്ഷാപേപ്പറുകള്‍ നോക്കി മാര്‍ക്കിട്ടു. ആ വര്‍ഷത്തെ റീവാല്വേഷള്ള അപേക്ഷകള്‍ സര്‍വകാല റിക്കോഡാണ്. പേപ്പറുണ്ടായിട്ടു വേണ്ടേ പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍. ഇപ്പോള്‍ ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ പറയുന്നത്, അശാസ്ത്രീയമായിരുന്ന പ്രീഡിഗ്രി സമ്പ്രദായത്തെ കോളേജില്‍ നിന്നു വേര്‍പ്പെടുത്തിയത് അവരുടെ ഗവണ്മെന്റാണെന്നാണ്. ചരിത്രത്തിന്റെ ഒരു തമാശനോക്കണേ.!
ചെറിയൊരു വ്യത്യാസമുണ്ട്. ജേക്കബ് മന്ത്രി വിഭാവന ചെയ്തത് ഒരു സ്വതന്ത്ര ബോഡാണ്. അതങ്ങൈനെ തന്നെയായിരുന്നു ഇത്ര കാലവും. കെ സി എഫ് -2007, 11, 12 ക്ലാസുകള്‍ സ്കൂളിന്റെ അഭേദ്യഭാഗമാക്കാന്‍ വേണ്ടികൂടി പടച്ചതാണ്, കാരണമെന്തായാലും.7+3+2 എന്നിങ്ങനെ. SUCI ഒഴിച്ചുള്ള ഇടതുസംഘടനകളുടെ നയം ഇതു തന്നെ. കൂട്ടത്തില്‍ പറയട്ടേ ചുവന്ന ബംഗാളില്‍ ഈ വക കണക്കുക്കൂട്ടലുകളൊന്നുമില്ല. അവിടെ ഹയര്‍ സെക്കണ്ടറി സ്വതന്ത്രമായ ഡയറക്ടറേറ്റിന്റെ കീഴിലാണ്. ‘ഉച്ച മാദ്ധ്യമിക്.‘ അവിടെ അങ്ങനെ. ഇവിടെ ഇങ്ങനെ. സത്യത്തില്‍ സര്‍ക്കാര്‍ വക സ്കൂളുകള്‍ക്ക് പുതിയൊരുണര്‍വുണ്ടാക്കിയത് ഹയര്‍ സെക്കണ്ടറിയുടെ വരവാണ്. ഉയര്‍ന്ന ബിരുദമുള്ള ചെറുപ്പക്കാരുടെ ഒരു വലിയ നിര 2005-ല്‍ പി എസ് സി വഴി ഹയര്‍ സെക്കണ്ടറിയിലേയ്ക്കു വന്നതോടെ എയിഡഡ്, അണ് എയിഡഡ് സ്ഥാപനങ്ങള്‍ക്കൊപ്പം തലയുയര്‍ത്തിപ്പിടിച്ചു നില്ക്കാവുന്ന ഒരു നിലയിലായി, സൌകര്യങ്ങളൊന്നുമില്ലെങ്കില്‍ കൂടി സര്‍ക്കാര്‍ സ്കൂളുകള്‍. അത്രയ്ക്കായിരുന്നു പ്രവെശനത്തിനുള്ള തിരക്ക്. പരിമിതികള്‍ക്കുള്ളിലാണെങ്കിലും ഒരു ജനാധിപത്യവ്യവസ്ഥ അവിടെ നിലനിന്നു. ഹയര്‍ സെക്കണ്ടറിയ്ക്ക് പ്രത്യേക പ്രിന്‍സിപ്പാള്‍ ഇല്ല. ചാര്‍ജുള്ളയാള്‍ പഠിപ്പിക്കുകയും വേണം. ഓഫീസ് അസിസ്റ്റന്റ്, ക്ലാര്‍ക്ക്, പ്യൂണ്‍ ഒന്നുമില്ല. അദ്ധ്യാപകര്‍ തന്നെയാണ് എല്ലാത്തിന്റെയും ചുമതലക്കാര്‍. ശനിയാഴ്ചയും പ്രവൃത്തിദിവസമാണ്. 9.30 മുതല്‍ 4.30 വരെയാണ് പ്രവൃത്തിസമയം. (പ്രാദേശികമായി വ്യത്യാസപ്പെടും. എങ്കിലും സമയ ദൈര്‍ഘ്യം ഇത്രയും) വളരെ ചുരുങ്ങിയ കാലം ബ്യൂറോക്രസിയുടെ കെട്ടുപാടുകളില്‍ നിന്ന് ഈ വിഭാഗത്തെ ഒഴിച്ചു നിര്‍ത്താന്‍ സഹായിച്ചത് പരിമിതിയാണെങ്കില്‍ പോലും നില നിന്ന ഈ പ്രത്യേകതകളാണ്. പക്ഷേ അപ്പോഴും വേണ്ടത്ര സൌകര്യങ്ങളില്ലാത്ത സ്കൂള്‍ കെട്ടിടങ്ങളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അനുഭവിച്ച ഏറ്റവും വലിയ പ്രശ്നം ഹൈസ്കൂള്‍ യു പി വിഭാഗം സഹപ്രവര്‍ത്തകരില്‍ നിന്നാണ്. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിച്ചുപോന്ന സൌകര്യങ്ങള്‍ ഇപ്പോള്‍ മേല്‍ വിഭാഗമായി വന്നു ചേര്‍ന്നിരിക്കുന്ന ‘ഗസറ്റഡ്’ അദ്ധ്യാപകര്‍ക്ക് വിട്ടു കൊടുക്കാനുള്ള മനസ്സില്ലായ്മ. ചാര്‍ജുള്ള പ്രിന്‍സിപ്പാള്‍മാര്‍ ഉള്‍പ്പടെ അദ്ധ്യാപകര്‍ ഇരിക്കാന്‍ പോലുമുള്ള സൌകര്യമില്ലാതെ സ്കൂളുകളില്‍ വരാന്തയിരുന്നു വെയിലു കൊണ്ടിട്ടുണ്ട്. എന്നിട്ടും പുതിയ വിഭാഗം അദ്ധ്യാപകരുടെ ജാടയെപ്പറ്റി പത്രങ്ങളില്‍ വരെ ഗോസിപ്പുകള്‍ നിറഞ്ഞു. (സ്റ്റാഫ് റൂമുകളിലിരുന്ന് വായിക്കുന്നതും റഫറ് ചെയ്യുന്നതുമൊക്കെയാണ് ജാട) സംഘര്‍ഷം പലപ്പോഴും പുറത്തു വന്ന് അരമനരഹസ്യമല്ലാതായി. പി ടി എ തുകകള്‍ വകമാറ്റി ചെലവാക്കുന്നതിലും സ്കൂള്‍ പരിപാടികളില്‍ വേണ്ടത്ര പ്രാതിനിധ്യം കൊടുക്കാതിരിക്കുന്നതിലും സ്ഥലം നല്‍കാതിരിക്കുന്നതിലും എന്നുവേണ്ട കുട്ടികളുടെ വെള്ളം കുടി മുട്ടിക്കുന്നതില്‍ വരെ എത്തി മത്സരത്തിന്റെ തോത്.
അദ്ധ്യാപകസംഘടനകളില്‍ യു പി/ ഹൈസ്കൂള്‍ ടീച്ചേഴ്സിനാണ് മേല്‍ക്കൈ. സ്വാഭാവികമായും ആരുടെ താത്പര്യങ്ങളായിരിക്കും അവയില്‍ പ്രതിഫലിക്കുക എന്നൂഹിക്കാന്‍ പ്രയാസമൊന്നുമില്ല. അതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. നിസ്സാരമായ ചുവന്ന വരമുതല്‍ സംസ്ഥാനതലത്തിലുള്ള നയപരിപാടികളുടെ രൂപീകരണം വരെ. ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള അദ്ധ്യാപകര്‍ ഒരു കൊടിക്കീഴില്‍ സംഘടിച്ചാല്‍, അച്ചടക്കത്തെക്കുറിച്ച് ഏറെ വാചാലമാവാറുള്ള ഒരു സംഘടനയ്ക്ക് പലനേട്ടങ്ങളുമുണ്ട്. ഇടതായാലും വലതായാലും. കേരളത്തിലെ ആളെണ്ണം കൂടിയ സര്‍വീസ് സംഘടനകളുടെ ഫാസിസ്റ്റു സ്വഭാവം ഇതിനകം കുപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. സ്ഥലം മാറ്റമാണ് പ്രധാനഭീഷണിയും അച്ചടക്കയുധവും. കാക്കത്തൊള്ളായിരം ധര്‍ണ്ണകള്‍ക്കും പ്രകടനങ്ങള്‍ക്കും പോയേ തീരൂ, എഴുതി വയ്ക്കുന്ന ആവശ്യങ്ങളില്‍ ഒന്നും പോലും ആവശ്യമുള്ളതല്ല എന്നു തോന്നിയാലും. അത്യന്തികമായി നേതാക്കളുടെ വാചകമടി തങ്ങള്‍ക്കെതിരെയാണെന്നു തിരിച്ചറിഞ്ഞാലും പോകണം. പണിമുടക്കുകളെ വന്‍ വിജയമാക്കിതീര്‍ക്കുന്നതിലും സംസ്ഥാനത്തിന്റെ കടക്കെണി വര്‍ദ്ധിപ്പിക്കുന്നതിലും ഈ വിഭാഗക്കാര്‍ക്കുള്ള പങ്ക് സുതരാം വ്യക്തം. പക്ഷേ തനി മദ്ധ്യവര്‍ഗ്ഗ സ്വാര്‍ത്ഥതയെ അലങ്കാരം പോലെ കൊണ്ടു നടക്കുന്ന ഇവരെ തൃപ്തിപ്പെടുത്താതെ ഒരു ഭരണ നേതൃത്വത്തിനും നിലനില്‍പ്പില്ല. അതാണു പ്രശ്നം. മറ്റു സംഘടനകളെ വച്ചു പൊറുപ്പിക്കില്ലെന്നതാണ് ഇവകളുടെ മറ്റൊരു ദുര്‍മുഖം. ഭരണസംവിധാനവുമായി നേരിട്ടുള്ള ഇടപാടുകള്‍ ഉള്ളതിനാല്‍ സംഘടനാ (ഫലത്തില്‍ വ്യക്തികളുടെ) താത്പര്യങ്ങള്‍ക്ക് ചെക്കു വരും എന്നതാണ് ഈ അസഹിഷ്ണുതയുടെ കാരണം. വകുപ്പു മന്ത്രിമാര്‍ വിളിച്ചുകൂട്ടുന്ന ചര്‍ച്ചകളിലെ സംഘടനാപ്രതിനിധികളുടെ പ്രകടനം ഇക്കാര്യം നന്നായി സാധൂകരിക്കും. എമ്പ്ലോയ്മെന്റില്‍ നിന്ന് നടത്തിയ നിയമനദിവസം മുതല്‍ സീനിയോരിറ്റി കണക്കാക്കാന്‍ വേണ്ടി ചില വ്യക്തികള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ കോടതിയില്‍ പോയ ഒരു സംഘടനയുടെ നേതാവ് ഓരോരുത്തരില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് കേസ് പിന്‍വലിച്ചു കൊടുത്തത്. താത്വികന്യായങ്ങള്‍ ആരെ രക്ഷിക്കാന്‍? അതു തത്തമ്മേ പൂച്ച പൂച്ചയെന്ന മട്ടില്‍ ഉരുവിട്ടു നടക്കുന്നവര്‍ ആരെ രക്ഷിക്കുന്നവര്‍?
ഹയര്‍സെക്കണ്ടറിയിലെ ഒന്നാം വര്‍ഷ പരീക്ഷ പൊതുപരീക്ഷയായി നടത്താന്‍ തീരുമാനിച്ചയോഗത്തില്‍ ഒരാളുപോലും ഹയര്‍സെക്കണ്ടറിയെ പ്രതിനിധീകരിച്ചില്ലായിരുന്നു എന്നതു നിസ്സാരകാര്യമല്ല. ‘ഒരു കുടക്കീഴ്’ എന്ന ആലങ്കാരിക പ്രയോഗം നടത്തിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യങ്ങളില്ല. ഇതു തന്നെയാണ് കലോത്സവങ്ങള്‍ ഒന്നിപ്പിക്കാനും ഏകജാലകം നടപ്പിലാക്കാനുമൊക്കെയുള്ള തീരുമാനങ്ങള്‍ക്കു പിന്നില്‍ നടന്നതും. കൂട്ടത്തില്‍ പറയട്ടേ, വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ കണ്ണില്‍ കരടായ സംഗതികളാണ് പ്ലസ് വണ്‍ അഡ്മിഷനും ഹയര്‍ സെക്കണ്ടറി യുവജനോത്സവത്തിന്റെ നടത്തിപ്പും. ഹയര്‍സെക്കണ്ടറിക്കാരുടെ ‘സ്വകാര്യ’മാവുന്ന അതില്‍ ബഹുഭൂരിപക്ഷം വരുന്ന സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഇറങ്ങി നില്ക്കാന് പഴുതില്ലെന്നുള്ളതാണു കാരണം. പരസ്യമായ വെല്ലുവിളികള്‍ ഇക്കാര്യത്തില്‍ പലടത്തു വച്ചും നടന്നിട്ടുണ്ട്. മേയ് 13-ന് ഈ വര്‍ഷം പത്താം ക്ലാസ് റിസള്‍ട്ടു വന്നു. ഇപ്പോള്‍ ഇതെഴുതുന്ന സമയവും ഏകജാലകം മുഖേനയുള്ള അഡ്മിഷന് അവസാനിച്ചിട്ടില്ല പലസ്കൂളിലും. ഇനിയും സ്കൂളുമാറാം. നഗരത്തിലെ ഒരു സ്കൂളില്‍ ഒരു ബാച്ചു തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ്. 43 കുട്ടികളുടെ കുറവ്. എങ്കിലും ഏകജാലകത്തെപ്പറ്റിയുള്ള പ്രശംസാധോരണികള്‍ അവസാനിച്ചിട്ടില്ല. ഒരു ക്ലാസില്‍ നിന്ന് മറ്റൊരു ക്ലാസിലേയ്ക്കുള്ള അഡ്മിഷന് (ഒരു കുടയും അതിന്റെ കീഴുമല്ലേ ?) ഇങ്ങനെ നീണ്ടുപോകുന്നതിനും കുളമാകുന്നതിനും ചരിത്രത്തില്‍ തന്നെ സമാനതകള്‍ കാണില്ല. അപ്പോള്‍ ഇതിനൊരു ബദലുവേണമല്ലോ, പ്ലസ് വണ്‍ പ്രവേശനം, കേരളത്തില്‍ മറ്റൊരു മേഖലയിലുമില്ലാത്ത അഴിമതി നിലനില്‍ക്കുന്ന ഫീല്‍ഡായതു (?) കൊണ്ട്. പറയാം. ഡി എച്ച് എസ് ഇ 2007 എന്നൊരു നല്ല സൊഫ്ട്വെയര്‍ ഉണ്ടായിരുന്നു. അതതു സ്കൂളുകളില്‍ കിട്ടുന്ന മുഴുവന്‍ ഡേറ്റയും അതില്‍ യോഗ്യതയനുസരിച്ച് തരം തിരിച്ചു വരും. മാത്രമല്ല ഒരു കുട്ടിയ്ക്ക് സ്വന്തം പോയിന്റ് എത്രയെന്നു കണക്കുകൂട്ടാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്താനും സൌകര്യമുണ്ട്. ഒരാഴ്ചകൊണ്ട് തീരുന്ന പ്രൊസസ്സ്. ലിസ്റ്റിടാനും അഭിമുഖത്തിനും മുന്‍പത്തെ പതിവു വിട്ട് മൂന്നോ നാലോ ദിവസം കൊടുത്താല്‍ പോലും ഇത്രയും മാസം നീളില്ല പ്രവേശനം. അതിന്റെ ജോലി ഇപ്പോഴുള്ളപോലെ മലകയറ്റമാവില്ല. (ഇതുമായി ബന്ധപ്പെട്ടു നിന്ന അദ്ധ്യാപകരുടെ സ്കൂളുകളിലെ പാഠഭാഗങ്ങള്‍ ആരെടുക്കും? ഇതെല്ലാം സര്‍ക്കാര്‍ സ്കൂളിനെ മാത്രമെ ബാധിക്കൂ എന്നോര്‍ക്കുക) ആകെ അപേക്ഷിച്ച കുട്ടികളുടെ ഡേറ്റയും എടുത്ത കുട്ടികളുടെ വിശദവിവരവും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്റ്റും നോക്കാന്‍ ഡയറക്ടറേറ്റില്‍ ഒരു മോണിടറിംഗ് സമിതിയുണ്ടായാല്‍ കാര്യങ്ങള്‍ അതിന്റെ വഴിയ്ക്ക് പോകും. ഒരു അശ്വതിയും വിവരങ്ങളറിയാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ല. കുട്ടികള്‍ ഇന്റെന്നെറ്റ് കണക്ഷനെടുക്കേണ്ടി വരില്ല. കഫേ കളില്‍ ചെന്ന് ക്യൂ നില്‍ക്കണ്ട. കടക്കാരന്റെ മാത്രമല്ല സ്കൂളധികൃതരുടെ പോലും ചൂഷണത്തിനു വിധേയരാവില്ല. പറഞ്ഞിട്ടു കാര്യമില്ല. കോടികളാണ് ചെലവാക്കാനുള്ളത്. (ഏകജാലക ചെലവ് മൂന്നുകോടി..) സൌകര്യമല്ല പ്രധാനം! അറിയാവുന്നവരല്ല നയങ്ങളുണ്ടാക്കുന്നത്.
തുടങ്ങിയ ഇടത്തേയ്ക്ക് തിരിച്ചുപോകാം. കേരളത്തിലുള്ള ആകെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ് ടു വിഭാഗത്തിലെ ആകെ ഭാഷാ അദ്ധ്യാപകരുടെ എണ്ണം എടുത്തിട്ട് അതില്‍ എത്രപേര്‍ പി എസ് സി വഴി വന്നവരാണെന്ന് നോക്കിയാല്‍, ഹൈസ്ക്കൂള് / യു പി വിഭാഗത്തില്‍ നിന്നുള്ള അദ്ധ്യാപകരുടെ നിയമനം എല്ലാ ക്രമവും വിട്ടുള്ളതാണെന്ന് മനസ്സിലാവും. വിധി അനുസരിച്ച് 30-ല്‍ താഴെ നില്‍ക്കേണ്ട ഈ അനുപാതം 60-ലും മേലെ ആയിട്ടുണ്ട് ഇപ്പോള്‍ തന്നെ. (അത്രയ്ക്ക് പുതിയ തൊഴില്‍ സാദ്ധ്യത ഈ മേഖലയില്‍ കുറയുകയാണ്) ഇവര്‍ക്ക് പ്രവൃത്തി പരിചയം വച്ച് യോഗ്യതയില്‍ ഇളവുണ്ട്. നെറ്റി( National Eligibility Test) നെതിരെ അദ്ധ്യാപകര്‍ കുറെക്കാലം മുന്‍പ് സമരം ചെയ്തതോര്‍ത്തു പോവുകയാണ്. അദ്ധ്യാപനം പോലുള്ള ‘വിദഗ്ദ്ധത്തൊഴിലിനും അറിവ്, യോഗ്യത’ ഇതൊന്നും സാധകമാക്കേണ്ടതില്ലെന്നു പറയുന്നത് അദ്ധ്യാപക സംഘടനകള്‍ തന്നെയാണ്. ഒരാള്‍ സംഘടനയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നറിയാന്‍ ഒരു മാര്‍ഗമേയുള്ളൂ. ഡ്യൂട്ടികളൊന്നും അയാള്‍ക്ക് ഉണ്ടാവില്ല. അതൊരു അന്തസ്സാണ് അയാളെ സംബന്ധിച്ചിടത്തോളം.തോന്നുമ്പോള്‍ വരാം. തോന്നുമ്പോള്‍ പോകാം. സര്‍ക്കാര്‍ സ്കൂളുകളെ നശിപ്പിക്കുന്നതില്‍ നമ്മുടെ സംഘടനകള്‍ വഹിച്ച പങ്ക് പ്രത്യേകം പഠിക്കേണ്ട വിഷയമാണ്. സി ഡി എസ് ആ വഴിക്കൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും സര്‍വീസ് മാനദണ്ഡങ്ങള്‍ രണ്ടാണ്. ജില്ലാടിസ്ഥാനത്തിലാണ് നിയമനമെന്നതിനാല്‍ സ്ഥലമാറ്റമില്ല ഹൈസ്കൂള്‍/യു പി അദ്ധ്യാപകര്‍ക്ക്. എന്നാല്‍ കോളേജ് അദ്ധ്യാപകരെപ്പോലെ സംസ്ഥാനമൊട്ടുക്ക് ഓടാന്‍ ബാദ്ധ്യസ്ഥനാണ് ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍. മൂന്നു വര്‍ഷം ഒരു സ്കൂളില്‍ എന്നൊരു നിയമം സംഘടന ഇടപെട്ട് രൂപപ്പെടുത്തിയെടുത്തതിന് കേരളത്തിലെ നാളിതുവരെയുള്ള സര്‍വീസ് സംഘടനാ ചരിത്രം മറിച്ചു നോക്കിയവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം, ഭീഷണിയുടെ അര്‍ത്ഥം കൂടിയുണ്ട് എന്ന്. വിമതനെ കേരളം മുഴുവന്‍ ഇട്ടോടിക്കാനുള്ള ചക്രായുധമാണിത്. ആശ്രിതനോ സ്വന്തം ഭൂഭാഗത്ത് സസുഖം ആയുഷ്കാല വാസം.!
ഒന്നു കൂടി പറയാതെ ഇതു പൂര്‍ത്തിയാവില്ല. ഹൈസ്കൂളില്‍ പത്തുവര്‍ഷം തികച്ച് ഹയര്‍ സെക്കണ്ടറിയിലേയ്ക്ക് കടന്നു വരുന്ന ഒരു അദ്ധ്യാപകന്/പികയ്ക്ക് മറ്റൊരു സൌകര്യം കൂടിയുണ്ട്. ലോകത്തൊരിടത്തും ഇല്ലാത്ത സൌകര്യം. അയാള്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രവേശിച്ച ദിനം തൊട്ടല്ല അയാളുടെ സര്‍വീസ് കണക്കാക്കുക, മറിച്ച് യു പി/ഹൈസ്കൂളില്‍ ചേര്‍ന്നതു മുതലാണ്. അതുകൊണ്ട് H S S-ല്‍ ചേര്‍ന്നതിന്റെ പിറ്റേ ദിവസം ചീഫ് എക്സാമിനറാവാം. പിറ്റേ വര്‍ഷം പ്രിന്‍സിപ്പാളോ ആര് ഡി ഡിയോ ആവാം. എന്തും സാദ്ധ്യം. ഒരു കോണ്‍സ്റ്റബില്‍ എസ് ഐ ആയാല്‍ അയാള്‍ എസ് ഐ ആയ ദിവസം തൊട്ടുള്ള സര്‍വീസാണ് അടുത്ത പ്രമോഷനു പരിഗണിക്കുക. മൊത്തം സര്‍വീസല്ല. ഹയര്‍ സെക്കണ്ടറി തലത്തില്‍ മാത്രം നിയമം വേറെയാണ്. സ്കൂള്‍ മേധാവിയായ ഹെഡ്മാസ്റ്റര്/മിസ്ട്രസ്സിന് നേരെ പ്രിന്‍സിപ്പാളാവാം എന്നൊരു സാദ്ധ്യതയും നിലനില്ക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗത്തിന്റെ സൂപ്പര്‍ വൈസര്‍ പദവിയില്‍ ആ വിഭാഗത്തില്‍ ഒരു ദിവസം പോലും പ്രവൃത്തിപരിചയമില്ലാത്തയാള്‍ വരുമെന്ന വിരോധാഭാസത്തിനും നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസ രംഗം സാക്ഷ്യം വഹിക്കുന്നു. പി എസ് സി വഴി കൃത്യം യോഗ്യതയുമായി ചേര്‍ന്ന ഒരാള്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനായി തന്നെ വിരമിക്കണം. അയാള്‍ക്ക് വേറെ പ്രമോഷനില്ല. ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലെ ഉയര്‍ന്ന പദവികളെല്ലാം ( ഡയറക്ടര്‍, ജൊയിന്റ്, അഡീഷണല്‍ ഡയറക്ടര്‍മാര്‍, വിവിധ RDD -മാര്‍....) കോളേജ് അദ്ധ്യാപകര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. (ഇതൊരു പ്രതികാര നടപടിയാണെന്നത് പരസ്യമായ രഹസ്യം. സംഘടനകളുമായി ഇടഞ്ഞു നിന്നാല്‍ നഷ്ടപ്പെടാന്‍ ഒരു പാടുണ്ട് സാറേ..) നോക്കണേ കോളേജുമായി പറ്റിച്ചേര്‍ന്നിരുന്ന ഒരു വിഭാഗത്തെ സ്കൂളിനോടു ചേര്‍ത്തുകെട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് വന്നു പെട്ട പരിക്ക് ! വീട്ടില്‍ നിന്നെറങ്ങി അമ്മാത്തെത്തില്ല എന്നല്ല, തെരുവില്‍ തന്നെ കഴിഞ്ഞോളണം എന്നും.
പത്രത്തില്‍ ഹയര്‍ സെക്കണ്ടറിയിലേയ്ക്ക് തൊഴിലുള്ളവരില്‍ നിന്നു തന്നെ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വാര്‍ത്ത കണ്ടാണ് ഇത്രയൊക്കെ ചിന്തിച്ചു പോയത്. പണമുള്ളവന്റെ കൂടെയാണ് രാഷ്ട്രീയം. സംഘടനാ പിരിവുകള്‍ അതിരുകള്‍ ലംഘിക്കുന്നതു കാണാം പലപ്പോഴും. ജോലിയുള്ളവനു തന്നെ വീണ്ടും വീണ്ടും ജോലിയും കിമ്പളവും വീതം വയ്ക്കുന്ന ഈ കലാപരിപാടികള്‍ മറ്റാരും കണ്ടില്ലെങ്കിലും ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്ന മുദ്രാവാക്യവുമായി ജയില്‍ നിറയ്ക്കല്‍ സമരം നടത്തി കേരളത്തിന്റെ തൊഴിലില്ലായ്മയുടെ ഭീഷണാവസ്ഥയിലേയ്ക്ക് ചിലപ്പോള്‍ മാത്രം ശ്രദ്ധ ക്ഷണിക്കുന്ന നമ്മുടെ യുവജനസംഘടനകള്‍ കാണാതെ പൊയ്ക്കൂടാ. പക്ഷേ അവര്‍ സ്വന്തം കുടുംബത്തിലെ സര്‍വീസ് സംഘടനകള്‍ നടത്തുന്ന തരവഴികള്‍ കാണുകയില്ല. ആവശ്യത്തിനു അടച്ചു പിടിക്കാനുള്ളതാണല്ലോ കണ്പോളകള്.
Subscribe to:
Post Comments (Atom)
11 comments:
thank you for your participation. this post is being categorised
ഇത് ഏതെങ്കിലും ആനുകാലികത്തിനു അയച്ചുകൊടുക്കൂ മാഷേ. ഇവിടത്തെ ഇടതന്മാര് ഇതൊക്കെ വായിച്ച് മിണ്ടാതെ പോവുകയേ ഉള്ളൂ.
വെള്ളെഴുത്തേ..
ഹയര്‍സെക്കണ്ടറി ടീച്ചര്‍മാര്‍ക്കുള്ള എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞിരിയ്കുന്ന ശ്രീമതിയ്ക്ക്, പി.എസ്സ്.സി.യില്‍ നിന്നും കിട്ടിയ അനൌദ്യോദിക വിശദീകരണം ,“ നിലവിലുള്ള താല്‍ക്കാലിക മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ നിയമനം സ്ഥിരമാക്കിയതിനുശേഷം മാത്രമേ, തുടര്‍ നിയമനങ്ങള്‍ നടത്തൂ“
സംഘടിത ശക്തി കൊണ്ട് എന്തൊക്കെ മറ്റുള്ളവര്‍ക്ക് നിഷേധിക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് ഹയര്‍ സെക്കന്ററി രംഗം. വെറുതെയല്ല ഭീഷണിയുണ്ടായിട്ടും ആളുകള്‍ കെ.എസ്.ടി.എ വിട്ട് എച്ച്.എസ്.ടി.എ യില്‍ ചേക്കേറുന്നത്. ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഇതേ പ്രശ്നം അഭിമുഖീകരിക്കുകയാണ്. സെക്രട്ടറിയേറ്റിനു മുന്നിലെ അവരുടെ സമരം തീര്‍ന്നോ ആവോ?
നന്നായി വെള്ളെഴുത്തേ. ഇവിടുത്ത കമന്റുകളുടെ നിശബ്ദത വലിയൊരു ഗിൽറ്റിഫീലിങ്ങിൽ നിന്നു ഉടലെടുക്കുന്നുതാണ്. ഒരു വരിയിൽ പോലും ഒരു തെറ്റ് പറയാനാവാത്ത അവസ്ഥ. ഒരു വരിയിലെങ്കിലും വെള്ളെഴുത്തിനു തെറ്റ് പറ്റിയിരുന്നെങ്കിൽ ഇവിടെ താങ്കളെ കുന്തമുനയിൽ നിറുത്തിയേനെ. അതോ എല്ലാവരും സിപിഐ ഓഫീസ് തകർക്കാനും പാലം വലിക്കാനും പോയോ ആവോ? വിദ്യാഭ്യാസ രംഗം മുഴുവൻ നന്നാക്കാൻ തീരുമാനിച്ചിരുന്ന ഒരു കൂട്ട ബ്ലോഗ് ടീം ആളുകൾ എവിടെ പോയി മറഞ്ഞു ആവോ?
ഇതാണ് ബ്ലോഗ്. ഇദാണ് ബ്ലോഗിങ്ങ്. ഈ ശബ്ദങ്ങൾ ഉയരട്ടെ. ഈ വാക്കുകൾ വഴി തെളിക്കട്ടെ, ഇനി വരുന്ന തലമുറയ്ക്കെങ്കിലും തെറ്റുകൾ പറ്റാതെയിരിക്കുവാൻ!
കളഞ്ഞുകിട്ടിയ ഒരു കഥാപുസ്തകം പോലെ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു.......കാരണം ഇതറിയാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു......നന്ദി...ഒരുപാടു നന്ദി.. ഇരുട്ടില്‍ തപ്പുന്ന ആര്‍ക്കെങ്കിലുമൊക്കെ ഈ വെള്ളെഴുത്തിന്റെ വെളിച്ചത്തില്‍ വെട്ടം കിട്ടാതിരിക്കുമോ?
വെള്ളെഴുത്തെ,
ചെറിയ ചില കെ.എസ്.റ്റി.എ വിരോധം മാറ്റി നിര്‍ത്തിയാല്‍ വസ്തുനിഷ്ഠമെന്നു പറയാം. അനോണി പറഞ്ഞതുപോലെ കുറ്റബോധം കൊണ്ടല്ല ഇതില്‍ കമന്റു വീഴാത്തത്. ഈ വിഷയമായി ബന്ധപ്പെട്ടു കിടക്കുന്നവര്‍ക്കു മാത്രമേ ഇതില്‍ പറഞ്ഞത് മനസ്സിലാകൂ.
പ്രീഡിഗ്രീ ബോഡ് സമരം, സമാന കാല പോളി സമരം തുടങ്ങിയവ പ്രമാണിച്ചു കുറേ റോഡില്‍ കിടന്നവനാണ് ഞാന്‍. ജേക്കബിന്റെ ബോഡല്ല പ്ലസ് ടു എന്നത് താങ്കളും സമ്മതിക്കുന്നല്ലോ.
പ്ലസ് ടു മേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്ക്കുന്നു, പ്രശ്നങ്ങളേ ഉള്ളൂ. പ്രിന്‍സിപ്പാള്‍ പദവി, അതോടൊപ്പം നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കേണ്ട മണിക്കൂറുകള്‍, ഓഫ്ഫീസ് സ്റ്റാഫ് ഇല്ലായ്മ്, തുടങ്ങി ഒട്ടനവധി.
ഈ വിഷയങ്ങള്‍ അധികരിച്ചു എച്ച്.എസ്.എസ്.ടി ക്ക് പ്രത്യേക സംഘടന തന്നെ രൂപികരിച്ചുട്ടെന്തായി? മുഖ്യധാരാ സംഘടനകളില്‍ നിന്നും ആളുകളെ അകറ്റാന്‍ മാത്രമേ അതുപകരിച്ചുള്ളൂ.(ഗസറ്റഡ് മേഖലയിലെ സംഘടനകളെ). ഫലമോ, കെ.എസ്.ടി.എ. എന്ന സംഘടന വേരുറപ്പിച്ചു. ഈ സംഘടനയാകട്ടെ, സര്‍ക്കാര്‍ ,എയിഡഡ് എന്നീ രണ്ടു വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു, എല്‍ പി. മുതല്‍. സാമാന്യമായും ഹയര്‍ സെക്കന്ററി പ്രാധിനിധ്യം കുറയും.താല്‍പ്പര്യങ്ങളും ഹയര്‍ സെക്കന്ററിക്ക് അനുകൂലമാകണം എന്നില്ല. അതിനാലാണ് താങ്കള്‍ പറഞ്ഞ പ്രമോഷന് പ്രശ്നത്തില്‍ ഡയറക്റ്റ് റിക്രൂട്ടീസ് തഴയപ്പെട്ടുപോയത്.
താങ്കള്‍ പറഞ്ഞകാര്യങ്ങള്‍ തന്നെയാണ് ഇതെല്ലാം,ഒന്നു കൂടി വ്യക്തമാക്കിയെന്നു മാത്രം. ഹയര്‍സെക്കന്ററി മേഖലയില്‍ ഇനിയും വരുന്ന പരിഷ്കാരങ്ങള്‍ എല്ലാം തന്നെ സ്കൂള്‍ ടീച്ചര്‍മാര്‍ക്ക് അനുകൂലമായിരിക്കും എന്നകാര്യത്തില്‍ അര്‍ക്കും സംശയം വേണ്ട. അയിഡഡ് സ്കൂള്‍ ടീച്ചര്‍മാരുടെ രാഷ്ട്രീയപ്രവര്‍ത്തനം നിയന്ത്രിച്ചാല്‍ അല്പം മെച്ചം വന്നേക്കാം.
വെള്ളെഴുത്തേ,
അദ്ധ്യാപകസംഘടനകള്‍ പ്രൊഫഷണല്‍ മാഫിയകളായി മാറിക്കഴിഞ്ഞിട്ട് കുറച്ചുകാലമായി. അതുകൊണ്ടുതന്നെ ഇതൊന്നും പുതിയ വാര്ത്തയല്ല്ലാതായിക്കഴിഞ്ഞു. അംഗത്വബലത്തില് ഇടതുസംഘടനകള്‍ മറ്റാരേക്കാളും മുന്നിലുമാണ്. അതുകൊണ്ടുതന്നെ, തികച്ചും സ്വേച്ഛാധിപത്യപരമായ നയങ്ങളും സിന്ഡിക്കേറ്റീസവും അവരുടെയും പ്രവര്‍ത്തനരീതിയായി മാറിയിരിക്കുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിലും അവര്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. സര്‍ക്കാര്‍ സിലബസ്സില്നിന്നുള്ള കൊഴിഞ്ഞുപോക്കിനെക്കുറിച്ചും ഈയടുത്തകാലത്ത് വായിച്ചതോര്‍ക്കുന്നു. സ്വകാര്യവിദ്യാഭ്യാസക്കച്ചവടക്കാരുമായിട്ടാണ് അവരുടെ ബാന്ധവം.
സിമി, ഇത് ഇടതിനു മാത്രം ബാധകമായ കാര്യമല്ല. സ്വകാര്യവിദ്യാഭ്യാസത്തിന്റെ മറപിടിച്ച്, പൊതുവിദ്യാഭ്യാസത്തിനെ കൊല്ലാന്‍ വലതുപക്ഷ അദ്ധ്യാപകസംഘടനകളും സമുദായ മാനേജുമെന്റുകളും ഒരുപോലെ മത്സരിക്കുകയാണ്. ഇടതുപക്ഷത്തിന് അല്പം ചില മറയൊക്കെയുണ്ട്. പേരിനെങ്കിലും. നായന്മാരുടെയും ഈഴവരുടെയും സഭകളുടെയും മുസ്ലിം സമുദായത്തിന്റെയും സ്കൂളുകള്‍ക്ക് അതുപോലുമില്ല.
പൊതുവിദ്യാഭ്യാസത്തെ അവര്‍ക്കും അലര്‍ജിയാണ്.
ആ വലിയ ഇഷ്യുവിന്റെ ഒരു ഭാഗം മാത്രമാണ് വെള്ളെഴുത്ത് ഇവിടെ സൂചിപ്പിച്ച ഈ സത്യാവസ്ഥകള്‍.
അഭിവാദ്യങ്ങളോടെ
ആവശ്യാനുസരണം അടച്ചു പിടിക്കാനുള്ളതാണ് കണ്പീലികള്
പ്രശ്നം തീരുന്നില്ല. സ്ത്രീകള്‍ക്ക് ‘സ്വാതന്ത്ര്യം കൊടുക്കാം’ എന്നു പുരുഷകേസരികള്‍ തീരുമാനിക്കും പോലെയൊരു തീരുമാനം രണ്ടുദിവസം മുന്‍പ് പത്രത്തില്‍ കണ്ടു. ഹയര്‍ സെക്കണ്ടറി കലോത്സവത്തിന് (ഇനിയിപ്പോള്‍ യു പി ഹൈസ്കൂള്‍ സംസ്കൃത അറബിക് ഹയര്‍സെക്കണ്ടറി കലോത്സവ മാമാങ്കം ഒന്നിച്ചാണ് ) ഹയര്‍സെക്കണ്ടറി അദ്ധ്യാപകര്‍ക്കും മതിയായ പങ്കാളിത്തം നല്‍കാമെന്ന്. സ്ഥലം മാറ്റ മാനദണ്ഡം പുതുക്കിക്കൊണ്ടുള്ള ശുപാര്‍ശയാണ് അടുത്തത്. മൂന്നുവര്‍ഷം കഴിഞ്ഞു അദ്ധ്യാപകര്‍ ഒരു സ്കൂളില്‍ നിന്നു മാറണമെന്നത് മാറ്റാന്‍ തീരുമാനമായി. ഹൈസ്കൂള്‍ അദ്ധ്യാപക നിയമനം ജില്ലാടിസ്ഥാനത്തിലാണ്, ഹയര്സെക്കണ്ടറിയിലാവട്ടേ, കോളേജിലെ നിയമനം പോലെ സംസ്ഥാനാടിസ്ഥാനത്തിലും. സ്കൂളില്‍ നിന്നു പ്രമോഷനായി വരുന്ന അദ്ധ്യാപകന് എവിടെ ജീവിക്കും? ജില്ലാടിസ്ഥാനത്തിലോ സംസ്ഥാനാടിസ്ഥാനത്തിലോ? കരയിലോ വെള്ളത്തിലോ? തന്റെ ജില്ല എന്ന സൌകര്യം പ്രമോഷനുവേണ്ടി ഭൂരിഭാഗം വേണ്ടെന്നു വയ്ക്കില്ല. പി എസ് സി കാരനെ/കാരിയെ ഒരു ജില്ലയില്‍ തന്നെ പിടിച്ചിരുത്താന്‍ നിയമന നിയമം അനുസരിച്ച് കഴിയുകയുമില്ല. ആളുകള്‍ കേസിനു പോകുമെന്നുറപ്പ്. ഇനി രണ്ടു തരം നിയമനങ്ങള്‍ക്ക് രണ്ടു തരം നിയമവും സാധുവാക്കുമോ, ഒരേ മേഖലയില്‍? എന്തു ചെയ്യും? :)
നല്ല നിരീക്ഷണങ്ങള്‍. പക്ഷെ രാഷ്ട്രീയമായി ചില കാണായ്കകള്...
ഒളിച്ചുവെക്കലുകല്.. ഇവയുടെ അതിപ്രസരം ബാധിച്ചിട്ടുണ്ട്.
ട്രാന്‍സ്ഫറുകളെക്കുറിച്ച്.. ഏകജാലകത്തെക്കുറിച്ച്...കുറച്ച് അതിശയോക്തി. നേരത്തെ കാറ്റഗറി
സംഘടനകള്‍ ഡയരക്റ്റ്റേറ്റിനെ സ്വാധീനിച്ച് കളിച്ചിരുന്ന കളികള്‍ കാണായ്ക..
Post a Comment